Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

മുസ്‌ലിംകളും ഇസ്‌ലാമിന്റെ ജീവിത സമീപനവും

പ്രഫ. ഖുര്‍ശിദ് അഹ്മദ് /പഠനം

ആഗോള മുതലാളിത്തം ഇസ്‌ലാമിക വായന-5

         മനുഷ്യകുലത്തിന്റെ അഞ്ചിലൊന്ന് മുസ്‌ലിംകളാണ്. 2001 അവസാനത്തിലുള്ള കണക്ക് പ്രകാരം, ലോകത്ത് 1.3 ബില്യന്‍ മുസ്‌ലിംകളുണ്ട്. ഇതില്‍ 900 മില്യന്‍ 57 മുസ്‌ലിം രാഷ്ട്രങ്ങളിലും 400 മില്യന്‍ ലോകത്തിലെ മറ്റു നൂറ് രാഷ്ട്രങ്ങളിലുമായി ജീവിക്കുന്നു. ഇതില്‍ മധ്യേഷ്യ, വടക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്കയുടെ വലിയൊരു ഭാഗം എന്നീ മേഖലകളില്‍ വലിയ തോതില്‍ മുസ്‌ലിം ജനസംഖ്യ കേന്ദ്രീകരിച്ച് നില്‍ക്കുന്നതായി കാണാം. ജനസംഖ്യാ ഭൂപടത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുക ഏതര്‍ഥത്തിലും അസാധ്യമാണ്. യൂറോപ്പില്‍ 30 മില്യനും വടക്കേ അമേരിക്കയില്‍ 7 മില്യനും മുസ്‌ലിം ജനസംഖ്യയുണ്ട്. ഈ രണ്ട് ഭൂവിഭാഗങ്ങളില്‍ രണ്ടാമത്തെ മതവും ഇസ്‌ലാമാണ്. നാല്‍പത്തിയേഴ് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഭൂലോക വിസ്തൃതിയുടെ 23 ശതമാനം സ്വന്തമാക്കി വെച്ചിരിക്കുന്നു. തന്ത്രപ്രധാനമായ ഒട്ടേറെ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളും അവരുടെ ഭൂപരിധിക്ക് അകത്താണുള്ളത്. മുസ്‌ലിം ലോകം ഇതര ലോക രാഷ്ട്രങ്ങളുമായി ആഴത്തില്‍ പരസ്പരാശ്രിതമായി നിലകൊള്ളുകയും ചെയ്യുന്നു.

മുസ്‌ലിം രാഷ്ട്രങ്ങള്‍ വിഭവ സമ്പന്നമാണെങ്കിലും, സാമ്പത്തിക-വ്യാവസായിക കഴിവുകളുടെ കാര്യത്തില്‍ അവ വളരെ പിന്നിലാണ് നില്‍ക്കുന്നത്. കനത്ത സാമ്പത്തിക സ്രോതസ്സുകളുണ്ട്; പക്ഷേ, സാങ്കേതിക വിദ്യയിലും കാര്യനിര്‍വഹണത്തിലും അത്യാധുനിക ഉല്‍പാദന രീതികള്‍ വികസിപ്പിച്ചെടുക്കുന്നതിലും ആ രാഷ്ട്രങ്ങള്‍ കഴിവുകെട്ടവയായി നിലകൊള്ളുന്നു. മുസ്‌ലിം രാഷ്ട്രങ്ങളുടെ വ്യാപാരത്തിന്റെ 13 ശതമാനം തമ്മില്‍ തമ്മില്‍ തന്നെയാണ്; 87 ശതമാനം പുറം രാജ്യങ്ങളുമായും. ആഗോള സാമ്പത്തിക ഘടനയുമായി അവര്‍ക്കുള്ള കരുത്തുറ്റ ബന്ധത്തെയാണ് ഇത് കാണിക്കുന്നത്. ഈ രാഷ്ട്രങ്ങളിലധികവും 'വികസ്വരം' എന്ന ഇനത്തില്‍ പെടുന്നവയാണ്. അഞ്ച് രാഷ്ട്രങ്ങള്‍ ഉയര്‍ന്ന മനുഷ്യ വിഭവശേഷി വികാസമുള്ള ഗണത്തില്‍ ഉള്‍പ്പെടും; 25 രാഷ്ട്രങ്ങളില്‍ മനുഷ്യ വിഭവശേഷി വികാസം മധ്യനിരയിലാണ്; ബാക്കിയുള്ളവയില്‍ വളരെ താഴ്ന്ന നിലയിലും(UNDP 2000: 156-60).

നിരവധി നൂറ്റാണ്ടുകള്‍ ആഗോള സമ്പദ്ഘടനയുടെ 'വിക്കറ്റ്' കാത്തവരാണ് മുസ്‌ലിം ലോകം. പാശ്ചാത്യ ലോകത്തെ ജ്ഞാനോദയത്തിന് ശേഷമാണ് മുസ്‌ലിം ലോകത്ത് സാമ്പത്തിക മുരടിപ്പും തകര്‍ച്ചയും ആരംഭിച്ചത്. അത് 300 വര്‍ഷത്തിലധികം നീണ്ടു. മുസ്‌ലിം ലോകം ഏറെക്കുറെ കരുത്തുള്ള സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി ഇപ്പോള്‍ വളരുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും പുതിയ പ്രവണതയാണ്. മുസ്‌ലിം ലോകത്തിന് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും അലങ്കോലപ്പെട്ട് കിടക്കുന്ന ഈ ലോകത്തെ എങ്ങനെ നേരെയാക്കാം എന്നതിനെക്കുറിച്ചും ധാരാളം വിമര്‍ശനാത്മകമായ വീണ്ടുവിചാരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം ലോകത്തിന്റെ ആദര്‍ശപരവും ധാര്‍മികവുമായ അടിവേരുകളെ കണ്ടെത്തുക എന്നത് ഈ അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്.

ഇസ്‌ലാം ഒരു ആഗോള ദര്‍ശനമാണ്; മുസ്‌ലിംകള്‍ ഒരു ആഗോള സമൂഹവും. മുസ്‌ലിം സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിന്റെ സ്വഭാവവും വര്‍ണവും നിശ്ചയിക്കുന്നത് തീര്‍ച്ചയായും ഇസ്‌ലാമിക വിശ്വാസ സംഹിത തന്നെയാണ്. തൗഹീദീ (ദൈവത്തിന്റെ ഏകത്വം) ദര്‍ശനം പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഏകത്വത്തെയും സാര്‍വലൗകികമായ ഒരു നിയമസംഹിതയെയും കൂടിയാണ് മുന്നോട്ട് വെക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ, ജനസമൂഹത്തിന്റെ, വംശീയ വിഭാഗത്തിന്റെ, ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരുടെ മാത്രം മതമായിരിക്കുക എന്നത് ഇസ്‌ലാമിന് അചിന്ത്യമാണ്. പുതിയൊരു മതമാണെന്ന അവകാശവാദവും ഇസ്‌ലാമിനില്ല. ഭൂമിയില്‍ മനുഷ്യ ജീവിതം മുള പൊട്ടിയത് മുതല്‍ വിവിധ കാലങ്ങളില്‍ ലോക സ്രഷ്ടാവ് തന്റെ പ്രവാചകന്മാരിലൂടെ കൈമാറിയ ദിവ്യസന്ദേശവും മാര്‍ഗനിര്‍ദേശവുമെന്തോ, അതാണ് ഇസ്‌ലാം. ആ അര്‍ഥത്തില്‍ ഇസ്‌ലാം സകല പ്രവാചകന്മാരുടെയും അവരുടെ അനുയായികളുടെയും മതമാണ്. അതിനാല്‍ ആദം മുതല്‍ നോഹ, അബ്രഹാം, മോസസ്, യേശു തുടങ്ങി മുഹമ്മദ് (അവര്‍ക്കെല്ലാം ദൈവാനുഗ്രഹമുണ്ടാവട്ടെ) വരെയുള്ള സകല പ്രവാചകന്മാരിലും മുസ്‌ലിംകള്‍ വിശ്വസിക്കുന്നുമുണ്ട്.

ഭാഷാപരമായി 'ഇസ്‌ലാം' എന്ന വാക്കിന്റെ അര്‍ഥം 'സമാധാനം' എന്നും 'കീഴൊതുക്കം' എന്നുമാണ്. ആരാധിക്കപ്പെടാനും അനുസരിക്കപ്പെടാനുമുള്ള അര്‍ഹത ഏകദൈവത്തിന് മാത്രമേ ഉള്ളൂ എന്നത് സിദ്ധാന്തിക്കുന്നു. മനുഷ്യര്‍ പിന്തുടരേണ്ട മാതൃകയായി മുഹമ്മദ് നബി(സ)യുടെ ജീവിതത്തെയും അത് സ്ഥാനപ്പെടുത്തുന്നു. ദൈവേഛക്കൊത്ത് മാത്രമേ ജീവിക്കാവൂ എന്ന് അനുയായികളെ കര്‍ശനമായി ഉണര്‍ത്തുന്നുമുണ്ട്. ഇസ്‌ലാമിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന ജീവിത മാതൃകക്കും മൂല്യങ്ങള്‍ക്കും നിയമസംഹിതക്കും ഒന്നിച്ച് പറയുന്ന പേരാണ് ശരീഅത്ത്. 'വഴി' എന്നാണ് അറബിഭാഷയില്‍ ആ വാക്കിന്റെ അര്‍ഥം.

ഇസ്‌ലാം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. മതത്തിന്റെയോ വിശ്വാസത്തിന്റെയോ കാര്യത്തില്‍ ഒരു തരത്തിലുള്ള ബലപ്രയോഗത്തെയും അത് അനുവദിക്കുന്നില്ല. മതകീയവും സാംസ്‌കാരികവുമായ യഥാര്‍ഥ ബഹുസ്വരത നിലനില്‍ക്കണമെന്നതാണ് അതിന്റെ നിലപാട്. ആദര്‍ശപരമായ അതിര്‍ത്തി മതിലുകളെ മറികടക്കേണ്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും സംവാദത്തിനും ഇടം നല്‍കിക്കൊണ്ടാണ്. ഭിന്നതകള്‍ ഉള്ളതോടൊപ്പം തന്നെ മറ്റുള്ളവരെ സ്വീകരിക്കുകയെന്നത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷമൂല്യമാണ്. മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കാതിരിക്കാന്‍ ഇസ്‌ലാമിന് കഴിയില്ല. വിശ്വാസം, ആരാധന, സ്വഭാവ വിശേഷം, വ്യക്തി, സമൂഹം, സമ്പദ്ഘടന, ദേശീയ അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സകല തുറകളുമായും അത് കണ്ണിചേരുന്നു. എങ്കിലും പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ച അതിന്റെ കാഴ്ചപ്പാട് മൗലികമായി ധാര്‍മികതയില്‍ അധിഷ്ഠിതമാണ്. ഭൗതികതയെ ആത്മീയതയുടെ കുടച്ചുവട്ടില്‍ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുകയാണ്. ഭൗതിക മാനങ്ങളെ നിരസിക്കുന്നത് അതിന്റെ രീതിയല്ല. ഭൗതികതയെയും ആത്മീയതയെയും പോരിനായി അത് മുഖാമുഖം നിര്‍ത്തുന്നുമില്ല. ഒരു ഏകീകൃത ആധ്യാത്മിക കാഴ്ചപ്പാടില്‍ ഭൗതിക മാനങ്ങളെ കൂടി സ്വാംശീകരിക്കുകയാണ് അത് ചെയ്യുന്നത്. ആയതിനാല്‍ വിശ്വാസ, മത, വര്‍ണ, ഭാഷാ, പ്രാദേശിക വൈവിധ്യങ്ങളെയെല്ലാം മാനിച്ചുകൊണ്ടുള്ളതാണ് ഇസ്‌ലാമിന്റെ ജീവിത വീക്ഷണം. മതത്തിന്റെയും സംസ്‌കാരത്തിന്റെയും ബഹുസ്വരതക്ക് മാന്യമായ സ്ഥാനം അത് നല്‍കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ തന്നെ അകത്തുള്ള വൈവിധ്യങ്ങളെയും അത് കാണാതിരിക്കുന്നില്ല. കൃത്രിമമോ ബലം പ്രയോഗിച്ചുള്ളതോ ആയ ഐക്യത്തിലോ ഉദ്ഗ്രഥനത്തിലോ അത് വിശ്വസിക്കുന്നില്ല. സഹവര്‍ത്തിത്വത്തിനും സഹകരണത്തിനുമുള്ള ആധികാരികമായ നിലപാട് തറ ഒരുക്കുകയാണ് അത് ചെയ്യുന്നത്.

ആഗോള പ്രസക്തമായ മൂല്യങ്ങളെയാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ഒരുകാലത്തും മാറാത്ത മൂല്യ സംഹിത അതിനുണ്ടെങ്കിലും, മാറുന്ന കാലത്തിനൊത്ത് നവീകരിക്കാനുള്ള വിശാല ഇടങ്ങള്‍ അത് ഒരുക്കുന്നുമുണ്ട്. മനുഷ്യപ്രകൃതത്തെ കണക്കിലെടുത്തുകൊണ്ടുള്ളതാണ് ഇസ്‌ലാമിന്റെ മൂല്യ സംഹിത. ആഗോള യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് വിശദാംശങ്ങളില്‍ ആവശ്യമായത്ര നവീകരണങ്ങളും പരിഷ്‌കരണങ്ങളും കൊണ്ടുവരാന്‍ അതിന് ശേഷിയുണ്ട്. ബാഹ്യ ചട്ടക്കൂടുകള്‍ ഇന്ന രീതിയിലേ ആകാവൂ എന്നത് വാശിപിടിക്കുന്നില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ വ്യക്തിയാണ് സമൂഹത്തിന്റെ ആണിക്കല്ല്. ഓരോ വ്യക്തിയും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവത്തോട് സമാധാനം പറയേണ്ടിവരും എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത് അതാണ്. സമൂഹം, രാഷ്ട്രം, ദേശം എന്നതിനൊക്കെ അവയുടേതായ പ്രസക്തിയും പ്രാധാന്യവും ഉണ്ട് എന്നത് നേര് തന്നെ. എങ്കിലും, ഏറ്റവുമൊടുവില്‍ കണക്ക് പറയേണ്ടത് ഓരോ വ്യക്തിയും തന്നെയായിരിക്കും. ഇസ്‌ലാമിക സംവിധാനത്തില്‍ വ്യക്തിയുടെ കേന്ദ്ര സ്ഥാനത്തെയാണ് ഇത് അടിവരയിടുന്നത്. അതേസമയം വ്യക്തികളെ സമൂഹവുമായും അതിന്റെ സ്ഥാപനങ്ങളുമായും വളരെ സന്തുലിതമായ രീതിയില്‍ ബന്ധിപ്പിച്ച് നിര്‍ത്താനും ഇസ്‌ലാമിന് കഴിയുന്നുണ്ട്.

ഇസ്‌ലാമിന്റെ ധാര്‍മികത ജീവിത നിര്‍വഹണത്തിലാണ്, അല്ലാതെ ജീവിത നിഷേധത്തിലല്ല. ധാര്‍മിക ശിക്ഷണത്തിലൂടെ എല്ലാ ഭൗതിക പ്രവര്‍ത്തനങ്ങളെയും ആത്മീയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് അത് ചെയ്യുന്നത്. വ്യക്തിയുടെ വിശുദ്ധിയാണ് പൊതുസമൂഹത്തിന്റെ ധാര്‍മികതക്ക് അടിത്തറയായിത്തീരുന്നത്. അതാണ് പൊതു ക്ഷേമത്തെയും പുരോഗതിയെയും ത്വരിപ്പിക്കുന്നത്. ഇസ്‌ലാമില്‍ പണം ഒരു അശ്ലീല പദമല്ല. ധനനിര്‍മിതിയെ പ്രോത്സാഹിപ്പിക്കേണ്ട ലക്ഷ്യമായി തന്നെയാണ് അത് കാണുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ധാര്‍മിക പരിധികള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് മാത്രം. മനുഷ്യ യത്‌നങ്ങളുടെ ഒരു മുഖ്യ ലക്ഷ്യം 'ഹയാതുന്‍ ത്വയ്യിബ' (നല്ല ജീവിതം) യാഥാര്‍ഥ്യമാക്കുക എന്നതാണ്. ഇഹലോക ക്ഷേമവും പരലോക ക്ഷേമവും പരസ്പരാശ്രിതമായാണ് നിലകൊള്ളുന്നത്. ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണവ. ഇത്തരമൊരു സവിശേഷ സംവിധാനത്തിലേ മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടൂ. വ്യക്തിസ്വാതന്ത്ര്യം, സ്വത്തുടമാവകാശം, സംരംഭങ്ങള്‍ തുടങ്ങാനുള്ള അവകാശം, കമ്പോള മെക്കാനിസം, വിതരണ രീതി ഇവയെല്ലാം ഇസ്‌ലാമിക സമ്പദ്ഘടനയുടെ അനിവാര്യ ഘടകങ്ങളാണ്.

ധനനിര്‍മിതി ഇസ്‌ലാമിന്റെ ലക്ഷ്യമാണെന്ന് പറയുമ്പോള്‍, അതിന്റെ യഥാര്‍ഥ ഉന്നം എല്ലാവര്‍ക്കും തുല്യ നീതിയും അവസരവും ലഭ്യമാക്കുന്ന ഒരു സമൂഹ സൃഷ്ടിയാണെന്ന് മനസ്സിലാക്കണം. ദുര്‍ബലര്‍ക്കും അവശര്‍ക്കും അത്താണിയായി സമൂഹം നിലകൊണ്ടാല്‍ മാത്രമേ ഇത് സാധ്യമാകൂ. സ്വാതന്ത്ര്യത്തെ ഉത്തരവാദിത്തവുമായും, കാര്യക്ഷമതയെ നീതിയുമായും ബന്ധിപ്പിച്ചു എന്നതാണ് ഇസ്‌ലാമിക ധനതത്ത്വശാസ്ത്രത്തിന്റെ മികവ്. പ്രവാചകന്മാരെ നിയോഗിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമാണെന്ന് ഖുര്‍ആന്‍ (57:25) വ്യക്തമാക്കുന്നുണ്ട്.

സമ്പദ്ഘടനയോടുള്ള നിലപാട്

സമ്പദ്ഘടനയോടുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് ഇങ്ങനെ സംഗ്രഹിക്കാം:

* എല്ലാ വശങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ജീവിതം. ജനങ്ങളുടെ സംസ്‌കാരം പോലെ പ്രധാനമാണ് ഓരോരുത്തരുടെയും വ്യക്തിത്വവും. സാമൂഹിക ഘടനക്ക് ജൈവികമായി തന്നെ സമഗ്രതയും പൂര്‍ണതയും ഉണ്ട്്. അതിനാല്‍ സാമ്പത്തിക ജീവിതത്തെ മാത്രമെടുത്ത് മറ്റൊന്നുമായും ബന്ധപ്പെടുത്താതെ അത് ചര്‍ച്ച ചെയ്യാനാവില്ല. സ്‌പെഷ്യലൈസേഷന്‍, തൊഴില്‍ വിഭജനം പോലുള്ളവ വേണ്ടെന്നല്ല പറയുന്നത്. അതൊക്കെ ആവാം. സാമൂഹിക ജീവിതത്തിന്റെ മറ്റുവശങ്ങളെ ഒട്ടും സ്പര്‍ശിക്കാതെയാവരുത് അവ ചര്‍ച്ച ചെയ്യുന്നത് എന്നു മാത്രം. അപ്പോള്‍ വിശ്വാസ സംഹിതയിലും ലോക വീക്ഷണത്തിലും ധാര്‍മിക സാംസ്‌കാരിക ചട്ടക്കൂടുകളിലും നിലയുറപ്പിച്ചുകൊണ്ടേ ഇസ്‌ലാമില്‍ സാമ്പത്തിക കാഴ്ചപ്പാട് ഉരുത്തിരിച്ചെടുക്കാനാവൂ.

* ഇസ്‌ലാമിന്റെ ലോക വീക്ഷണത്തെ രൂപപ്പെടുത്തുന്നത് തൗഹീദും (ഏകദൈവത്വം) രിസാലത്തും (പ്രവാചകത്വം) ആഖിറത്തും (പരലോകം) ആണ്. ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം ദൈവത്തിന്റെ പ്രതിനിധി(ഖലീഫ) എന്നുള്ളതാണ്. ദൈവേഛ ഭൂമിയില്‍ നടപ്പിലാക്കുക (ഇസ്തിഖ്‌ലാഫ്) എന്നതാണ് മനുഷ്യന്റെ ജീവിത ദൗത്യം. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും നീതി നടപ്പാക്കലും പൊതു നന്മകളെ (ഇഹ്‌സാന്‍) പ്രോത്സാഹിപ്പിക്കലും അതിന്റെ ഭാഗമാണ്. ഇതെല്ലാം ഒത്തുചേരുമ്പോഴാണ് 'ഭൂമിയില്‍ നല്ല ജീവിതം' (ഹയാതുന്‍ ത്വയ്യിബ) സാധ്യമാവുന്നത്. ശരീഅത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഇമാം ഗസാലി പറഞ്ഞത് ഇങ്ങനെയാണ്: ''എല്ലാ മനുഷ്യരുടെയും ക്ഷേമമാണ് ശരീഅത്തിന്റെ പൊതു ലക്ഷ്യം. ജനങ്ങളുടെ വിശ്വാസം, അവരുടെ ജീവന്‍, അവരുടെ ബുദ്ധി, അവരുടെ തലമുറ, അവരുടെ ധനം എന്നിവ സംരക്ഷിച്ചു കൊണ്ടാണ് ഇത് സാധ്യമാവുക.''

* തഖ്‌വ(ഭയഭക്തി) കഴിഞ്ഞാല്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമുന്ന ആശയമാണ് നന്മ നിറഞ്ഞ(ഇഹ്‌സാന്‍) നീതി (അദ്ല്‍) എന്നത്. ഓരോരുത്തര്‍ക്കും അവരുടെ അവകാശം നല്‍കുന്നതിനെയാണ് ഇസ്‌ലാമില്‍ നീതി എന്ന് പറയുന്നത്. ഇസ്‌ലാമിക സാമൂഹിക ജീവിതത്തിന്റെ മുഖമുദ്ര നീതി ആയിരിക്കണമെന്ന കാര്യത്തില്‍ എല്ലാ കാലത്തെയും മുസ്‌ലിം പണ്ഡിതന്മാര്‍ അഭിപ്രായൈക്യത്തിലാണ്. ഭരണാധികാരി ഹാറൂന്‍ അല്‍ റശീദിനെ (മരണം ക്രി. 809) ഉപദേശിച്ചുകൊണ്ട് പ്രമുഖ പണ്ഡിതന്‍ അബൂയൂസുഫ് (മരണം ക്രി. 798) പറഞ്ഞത്, വികസനം ത്വരിതപ്പെടുത്താനുള്ള വഴി അനീതിക്കിരയായവര്‍ക്ക് നീതി എത്തിക്കലാണ് എന്നാണ്. പ്രമുഖ നിയമജ്ഞന്‍ അല്‍ മാവര്‍ദി (മരണം ക്രി. 1058) പറഞ്ഞു: ''സമഗ്രവും സര്‍വതല സ്പര്‍ശിയുമായ നീതിനിര്‍വഹണം ഐക്യവും ക്രമസമാധാനവും വികസനവും സമ്പത്തിന്റെ വികാസവും രാഷ്ട്ര സുരക്ഷയും തലമുറകളുടെ നിലനില്‍പും ഉറപ്പ് വരുത്തും. അനീതിയെപ്പോലെ ലോകത്തെയും ജനങ്ങളുടെ ബോധത്തെയും ഇത്ര വേഗം നശിപ്പിക്കുന്ന മറ്റൊരു തിന്മ ഇല്ല തന്നെ.''

ഇമാം ഇബ്‌നു തൈമിയ്യ (മരണം ക്രി. 1328) നീതിയെ ഏകദൈവ ദര്‍ശനത്തിന്റെ അനിവാര്യ ഫലമായി കാണുന്നു: ''എല്ലാറ്റിനോടും എല്ലാവരോടുമുള്ള നീതി ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. എല്ലാറ്റിനോടും എല്ലാവരോടുമുള്ള അനീതി കര്‍ശനമായി വിലക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇതില്‍ മുസ്‌ലിം-അമുസ്‌ലിം എന്ന യാതൊരു തരം തിരിവും പാടില്ല. അന്യായം ചെയ്തവനോട് പോലും പൂര്‍ണ നീതിയോടെ മാത്രമേ വര്‍ത്തിക്കാവൂ.'' നീതി പുലരാത്ത ഒരു ഘടനയില്‍ സാമ്പത്തിക വികസനത്തിന് വേണ്ടി യത്‌നിക്കുന്നതിനെതിരെ ഇബ്‌നുഖല്‍ദൂന്‍ (മരണം ക്രി. 1406) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ''അടിച്ചമര്‍ത്തല്‍, വികസനത്തിന് അന്ത്യം കുറിക്കും. സാമ്പത്തികമായി ക്ഷയിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അടിച്ചമര്‍ത്തലും അനീതിയുമാണ്'' (ചാപ്ര, 2001). അതിനാല്‍ ഇസ്‌ലാമിക സമ്പദ്ഘടനയുടെ ജീവാത്മാവും പരമാത്മാവുമാണ് നീതി.

* മാറ്റത്തിനും സമൂഹ പുനരുദ്ധാരണത്തിനുമുള്ള ഇസ്‌ലാമിക പാക്കേജ്, യൂറോപ്പിലെയും അമേരിക്കയിലെയും ജ്ഞാനോദയാനന്തര പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക ദര്‍ശനങ്ങളും മുന്നോട്ടുവെച്ചതില്‍ നിന്ന് തീര്‍ത്തും ഭിന്നമാണ്. നിലവിലുള്ള ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ വിശ്വസിക്കുന്നത്, സാഹചര്യങ്ങളും സാമൂഹിക സംവിധാനങ്ങളും മാറിയാല്‍ തന്നെ അടിമുടി മാറ്റമായി എന്നാണ്. അതുകൊണ്ടാണ് ബാഹ്യ ഘടനകളെ മാറ്റുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യക്തികളുടെ ആദര്‍ശം, വിശ്വാസ പ്രമാണങ്ങള്‍, പ്രചോദനങ്ങള്‍, മൂല്യങ്ങള്‍ എല്ലാം ഇവിടെ വിസ്മരിക്കപ്പെടുകയാണ്. വ്യക്തികളെ മാറ്റണമെന്ന ധാരണ പോലും ഇല്ല. മാറ്റങ്ങളൊക്കെ പുറം ലോകത്ത് മാത്രമാണ്. യഥാര്‍ഥത്തില്‍ വേണ്ടത് സമ്പൂര്‍ണ മാറ്റമാണ്. ജനങ്ങളുടെ മനസ്സും മാറണം, ജീവിക്കുന്ന സാഹചര്യങ്ങളും സാമൂഹിക ഘടനകളും മാറണം. കേവലം ഘടനാ മാറ്റം കൊണ്ട് കാര്യമില്ല; അതും ഒരര്‍ഥത്തില്‍ വളരെ പ്രധാനമാണെങ്കിലും. മാറ്റത്തിന്റെ തുടക്കം ഹൃദയത്തില്‍ നിന്നാണ്, ആത്മാവില്‍ നിന്നാണ്. ആദ്യം തന്നെ കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യന് യാഥാര്‍ഥ്യബോധത്തോടു കൂടിയ വീക്ഷണം ഉണ്ടാവണം. തന്റെ സ്ഥാനമെന്തെന്നും നിയോഗ ലക്ഷ്യമെന്തെന്നുമുള്ള ബോധം ഉണ്ടാവണം. ഈയൊരു കാഴ്ചപ്പാടില്‍ നിന്നേ യഥാര്‍ഥ മാറ്റം സംജാതമാവൂ എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍