പെണ്‍ സൗഹൃദ മഹല്ലിന്റെ വര്‍ത്തമാനങ്ങള്‍
സ്ത്രീകള്‍ക്ക് പള്ളിക്കമ്മിറ്റികളില്‍ അംഗത്വം നല്‍കിയതിന്റെ മഹിത മാതൃകയാണ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത ശിവപുരം, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത ശാന്തപുരം എന്നീ മഹല്ലുകള്‍ക്ക് പറയാനുള്ളത്. കേരളീയ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന്റെയും ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും ചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവെപ്പാണിത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തിലുള്ള രണ്ട് മഹല്ലുകളിലാണ്- ശിവപുരത്ത് 2010ല്‍, ശാന്തപുരത്ത് 2009ല്‍- സ്ത്രീകള്‍ക്ക് പള്ളിക്കമ്മിറ്റികളില്‍ അംഗത്വം നല്‍കിയത്.
ദീനീ തല്‍പരരും വിശാലമനസ്‌കരുമായിരുന്നു ശാന്തപുരം മഹല്ല് നിവാസികള്‍. ഇസ്‌ലാമിക ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും അത് ശിരസാവഹിക്കുകയും ചെയ്തതിന്റെ പേരില്‍ ഒരുപാട് മുള്‍പാതകള്‍ താണ്ടിയവരാണവര്‍. മഹല്ല് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്ക് ക്രിയാത്മക പ്രാതിനിധ്യം നല്‍കി ചരിത്രം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
1892-ലാണ് മുള്ള്യാകുര്‍ശ്ശി പള്ളിക്കുത്ത് പുത്തന്‍പള്ളി മഹല്ല് സ്ഥാപിതമായത്. മഹല്ലിന് ധാരാളം വഖ്ഫ് സ്വത്തുണ്ടായിരുന്നു. ഉന്നത നിലവാരത്തില്‍ ദര്‍സുകള്‍ നടത്തുകയും പ്രഗത്ഭ പണ്ഡിതന്മാരെ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുകയും ചെയ്തിരുന്നു. 1948-'49 കാലത്ത് പ്രഗത്ഭ പണ്ഡിതന്‍ വി.കെ ഇസ്സുദ്ദീന്‍ മൗലവി ഇവിടെ പ്രഭാഷണം നടത്തിയിരുന്നു. അങ്ങനെ ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളോട് ഇവിടത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് അനുഭാവമുണ്ടായി. 1951 ഒക്‌ടോബര്‍ 16-ന് ഇസ്സുദ്ദീന്‍ മൗലവി പ്രസിഡന്റായി മഹല്ല് രജിസ്റ്റര്‍ ചെയ്തു. അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായ മത വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. മദ്‌റസയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ഹാജി സാഹിബ് മുള്ള്യാകുര്‍ശ്ശി പള്ളിക്കുത്ത് പ്രദേശത്തെ ശാന്തപുരം എന്നു വിളിച്ചു. അങ്ങനെ കേരളത്തിലും പുറത്തും ഈ പ്രദേശം ശാന്തപുരം എന്നറിയപ്പെടാന്‍ തുടങ്ങി. ഇന്നിപ്പോള്‍ 1050 വീടുകളിലായി 5500-ലേറെ പേര്‍ മഹല്ലിലുണ്ട്.
സ്ത്രീകള്‍ക്ക് മഹല്ല് നേതൃത്വത്തില്‍ പങ്കാളിത്തം അനിവാര്യമാണെന്ന് ബോധ്യമായപ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ സ്ത്രീശാക്തീകരണത്തിന് ഏറെ പണിയെടുത്ത മഹല്ല് സാരഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഏറ്റവും വളക്കൂറുള്ള മഹല്ലില്‍ സ്ത്രീശാക്തീകരണത്തിന്റെ കാഹളം മുഴങ്ങി. അങ്ങനെ 2009-ല്‍ കേരളത്തിലാദ്യമായി സ്ത്രീ പ്രാതിനിധ്യമുള്ള മഹല്ലായി ശാന്തപുരം മാറി. അന്ന് മഹല്ല് കമ്മിറ്റിയിലേക്ക് ഓരോ വാര്‍ഡില്‍ നിന്ന് അഞ്ച് വനിതാ പ്രതിനിധികളെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട 50 കൗണ്‍സിലര്‍മാരും അവരില്‍നിന്ന് തെരെഞ്ഞടുക്കുന്ന 17 മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്നതാണ് മഹല്ല് ഭരണസമിതി. മുള്ള്യാകുര്‍ശ്ശി, ശാന്തപുരം, പടിഞ്ഞാറെ പള്ളിക്കുത്ത്, കിഴക്കേ പള്ളിക്കുത്ത് എന്നിങ്ങനെ നാല് വാര്‍ഡുകള്‍ ചേര്‍ന്നതാണ് മഹല്ല്.
2011-ല്‍ മഹല്ലിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുകയും പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും കൗണ്‍സിലര്‍മാരായും കമ്മിറ്റി മെമ്പറുമായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ രണ്ടാം ഘട്ടത്തില്‍ വനിതകളില്‍നിന്ന് പതിനേഴുപേരെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തു. അവരില്‍നിന്ന് കെ.കെ ഫാത്വിമ സുഹ്‌റ, യു.ടി ഫാത്വിമ, കെ.കെ ബഷീറ, കെ. റസിയ, എ. ബുഷ്‌റ, സി.എച്ച് താഹിറ എന്നീ ആറു പേര്‍ കമ്മിറ്റി അംഗങ്ങളുമായി. ഇവരില്‍ മുനീറ ഒഴികെ ആറു പേരും പഴയ ആളുകള്‍ തന്നെയാണ്. ബുഷ്‌റ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് പകരം മുനീറ തെരഞ്ഞെടുക്കപ്പെട്ടത്. ഭരണ സൗകര്യാര്‍ഥം മഹല്ല് കമ്മിറ്റിക്ക് സകാത്ത്, തര്‍ബിയത്ത്, വിദ്യാഭ്യാസം, വികസനം, കൃഷി, മധ്യസ്ഥത എന്നിവക്കായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ വനിതകള്‍ക്കായി വേറെ സമിതികള്‍ രൂപീകരിക്കപ്പെട്ടു.
മഹല്ല് ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമാണ്. ശാന്തപുരം മഹല്ലില്‍ നാലു വാര്‍ഡുകളാണ്. ഓരോ വാര്‍ഡിലും അഞ്ചു സ്ത്രീകള്‍ വീതം മെമ്പര്‍മാരായി ഉണ്ട്. ഓരോ മാസവും വാര്‍ഡ് സമിതി കൂടുകയും ഓരോരുത്തരുടെയും സാമ്പത്തികമടക്കമുള്ള പ്രയാസങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ''മഹല്ലിലെ എല്ലാ സ്ത്രീകളെ സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ ഞങ്ങളുടെ കൈകളിലുണ്ട്. സ്ത്രീകളെന്ന നിലയില്‍ എല്ലാ വീട്ടിലും കയറിച്ചെല്ലാനും അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ അറിയാനും ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ കഴിയുക. അതുകൊണ്ട് തന്നെ അവരെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളോടാണ് മഹല്ലിലെ ഉത്തരവാദപ്പെട്ടവര്‍ അന്വേഷിക്കാറ്''- വനിതാ പ്രതിനിധികള്‍ പറയുന്നു.
മഹല്ല് ഭാരവാഹികളായ സ്ത്രീകള്‍ക്ക് അവരുടെ മഹല്ലിനെ കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയാണ്. ശാന്തപുരം മഹല്ലില്‍ എല്ലാവരും വീട്, കുടിവെള്ളം എന്നിവയടക്കം അടിസ്ഥാന സൗകര്യമുള്ളവരാണ്. പ്രാദേശിക ഭരണകൂടവുമായി കൈകോര്‍ത്ത് കൊണ്ടാണ് പ്രവര്‍ത്തനം. കുടുംബവുമായി ബന്ധപ്പെട്ട വിവാഹം, വിവാഹ മോചനം, ബഹുഭാര്യാത്വം തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സ്ത്രീ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ഈ വിഷയത്തില്‍. മഹല്ലുകളില്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ ഏറെയുണ്ട്. സമ്പത്തിന്റെ, സൗന്ദര്യമില്ലായ്മയുടെ പേരില്‍ വിവാഹം മുടങ്ങുന്നത് ഒഴിവാക്കാനായിരുന്നു ആദ്യ ശ്രമം. ആരോഗ്യകരമായ കുടുംബ ജീവിതത്തിനായി പ്രീ മാരേജ് കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്താനും കുടുംബത്തെ ധാര്‍മിക-സാംസ്‌കാരിക മേഖലകളില്‍ വളര്‍ത്തിയെടുക്കാനും ശ്രമിക്കുന്നു. മഹല്ലില്‍ വിവാഹമോചനങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. അതുപോലെ ഉപാധികളോടെ മാത്രം അനുവദിച്ച ബഹുഭാര്യാത്വത്തെ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി എതിര്‍ക്കുന്ന വനിതാ മഹല്ല് പ്രവര്‍ത്തകര്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. വിധവകളുടെയും അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിനുള്ള പദ്ധതിയും കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. സ്വര്‍ണത്തിന് സകാത്ത് നല്‍കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ഇതിന്റെ സദ്ഫലങ്ങളും അവിടെ ദൃശ്യമാണ്.
ഒറ്റപ്പെട്ടവരും വിധവകളുമായവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവരാണെങ്കില്‍പോലും ആണ്‍കുട്ടികളൊന്നുമില്ലാത്ത സ്ത്രീകള്‍ക്ക് ആ പെന്‍ഷന്‍ തുക വലിയ ആശ്വാസമാണ്. സകാത്ത് ഫണ്ടുപയോഗിച്ചുകൊണ്ട് സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഓരോ വര്‍ഷവും വാര്‍ഡുതലത്തില്‍, ഓരോ വീട് വീതം വെച്ചുകൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന് അര്‍ഹരായവരെ കണ്ടെത്തുന്ന കാര്യത്തില്‍ കമ്മിറ്റിയിലെ വനിതാ അംഗങ്ങളുടെ അഭിപ്രായം ആരായുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. തദ്ദേശവാസികളായ സ്ത്രീകള്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയും തന്നെയാണ് അവരെ കാണുന്നത്. സ്ത്രീകളെന്ന നിലയില്‍ യാതൊരുവിധ പ്രയാസവും മഹല്ല് ഭാരവാഹികളില്‍ നിന്ന് ഞങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് മാത്രമല്ല തങ്ങളുടെ അഭിപ്രായം എല്ലാ വിഷയത്തിലും ആരായുകയും അതില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ടെന്നും വനിതാ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ന് സ്ത്രീ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പ്രാധാന്യം ഏറുകയാണ.് അഭ്യസ്ത വിദ്യരും തൊഴിലന്വേഷകരുമായ സ്ത്രീകള്‍ക്ക് പി.എസ്.സി പോലുള്ള പരീക്ഷകള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കാനും വനിതാ മഹല്ല് പ്രതിനിധികള്‍ക്ക് ആഗ്രഹമുണ്ട്. വീട്ടിലിരുന്ന്‌കൊണ്ടു തന്നെ അഭ്യസ്തവിദ്യരായവര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാന്‍ ട്യൂഷന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക, മദ്‌റസകളില്‍ അധ്യാപികമാരായി പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുക തുടങ്ങിയവയും രണ്ടു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അടച്ചിടുന്ന മദ്‌റസകളെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍, കമ്പ്യൂട്ടര്‍, സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നിവയും ഇവരുദ്ദേശിക്കുന്ന പദ്ധതികളാണ്. ഇതിനായി തര്‍ബിയ്യത്ത്, മാരേജ് കൗണ്‍സലിംഗ്, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ജനസേവനം എന്നീ വിവിധ കമ്മിറ്റികള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്.
പെണ്‍ പ്രാതിനിധ്യവുമായി ശിവപുരം മസ്ജിദ് ഫലാഹ്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത ശിവപുരത്ത് മസ്ജിദ് ഫലാഹ് നിര്‍മിച്ചത് 1969-ലാണ്. തുടക്കത്തില്‍ നമസ്‌കാര പള്ളി മാത്രമായായിരുന്നു. അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. 1976-ല്‍ അടിയന്തരാവസ്ഥ വേളയിലാണ് പള്ളിയില്‍ ജുമുഅ ആരംഭിച്ചത്. ഒട്ടും വൈകാതെ 1978 മുതല്‍ മഹല്ല് തെരഞ്ഞെടുപ്പില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കി ശിവപുരം മസ്ജിദ് ഫലാഹ് മാതൃക കാണിച്ചു. 2010 മുതല്‍ ശിവപുരം മഹല്ല് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇപ്പോള്‍ മൂന്ന് പേര്‍ വനിതകളാണ്. ആര്‍.സി സാബിറ, കെ.കെ റസീല, വി.പി റഹ്മത്ത് എന്നിവരാണവര്‍. മഹല്ലിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും അവര്‍ നേതൃപരമായ പങ്കുവഹിക്കുന്നതോടൊപ്പം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അതിന് പരിഹാരം കാണാനും പ്രത്യേകം ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു.
Comments