പള്ളിക്കമ്മിറ്റിയില്‍ പെണ്ണ് കയറുമ്പോള്‍
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകള്‍ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് വാചാലമാവുന്ന സന്ദര്‍ഭത്തിലാണ്, തികച്ചും അപ്രതീക്ഷിതമായി മഹല്ല് കമ്മിറ്റിയെന്ന പ്രാദേശിക മുസ്‌ലിം അധികാരകേന്ദ്രത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച ചര്‍ച്ചക്ക് മുസ്‌ലിം നവോത്ഥാന സംഘടനകള്‍ മുന്നോട്ടു വന്നിരിക്കുന്നത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീ നടന്നടുക്കുമ്പോഴും, നടത്തപ്പെടുമ്പോഴും ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ പല മേഖലകളിലും സ്ത്രീക്ക് വേണ്ടി വാതിലുകള്‍ തുറക്കപ്പെട്ടിരുന്നു. അവിടങ്ങളിലെല്ലാം അവളുടെ മിടുക്ക് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മത ആത്മീയ അധികാരയിടങ്ങളില്‍ സ്ത്രീക്ക് അവസരം നല്‍കണമെന്ന് വാദിക്കുന്ന മതനേതൃത്വം മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പുരുഷാധിപത്യ മതമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന (തെറ്റിദ്ധരിക്കപ്പെടുന്ന)ഒരു മതത്തില്‍ നിന്ന് പുരുഷന്മാര്‍ മാത്രം വാണുകൊണ്ടിരിക്കുന്ന പള്ളി മഹല്ല് കമ്മിറ്റികളില്‍ പ്രതിനിധിയാവാന്‍ സ്ത്രീ ക്ഷണിക്കപ്പെട്ടുവെന്നത് ഒരുപാട് പ്രതീക്ഷ തരുന്ന വാര്‍ത്ത തന്നെയാണ്. എന്നാല്‍ പ്രതീക്ഷയോടൊപ്പം തന്നെ ഒരുപാട് ആശങ്കകള്‍ക്കും ഈ തീരുമാനം വഴിവെക്കുന്നുണ്ട്.
നിലവിലുള്ള പള്ളിക്കമ്മിറ്റികളുടെ ഘടനയും അത് നിര്‍വഹിക്കുന്ന കാര്യങ്ങളും അറിഞ്ഞാലേ ഈ നീക്കം പുരോഗമനപരമാണോ അല്ലയോ എന്ന് വിലയിരുത്താന്‍ കഴിയൂ. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മുസ്‌ലിംകളുടെ പ്രാദേശിക കൂട്ടായ്മയാണ് മഹല്ല്. പ്രവാചകന്റെ കാലത്ത് പള്ളികള്‍ കൂടിച്ചേരലിന്റെ പ്രധാന ഇടമായിരുന്നു. പ്രാര്‍ഥനാ കേന്ദ്രം എന്നതിലുപരിയായി വൈജ്ഞാനിക-സാംസ്‌കാരിക കേന്ദ്രവും ചര്‍ച്ചാ വേദിയുമൊക്കെയായിരുന്നു പള്ളി. ഒരു പ്രദേശത്തെ ഒരുമിച്ചുനിര്‍ത്തുന്നതില്‍ നബിയുടെ കാലത്ത് പള്ളികളുടെ പങ്ക് വളരെ വലുതായിരുന്നു. ആ ചരിത്രം പിന്തുടരുകയാണെങ്കില്‍ പള്ളികള്‍ ഒരു പ്രദേശത്തിന്റെ കമ്യൂണിറ്റി കേന്ദ്രങ്ങള്‍ ആയിരിക്കണം. ആ പ്രദേശത്തെ ജനജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രാദേശിക ഭരണകൂടത്തിന്റെ പൂര്‍വമാതൃകകള്‍ പള്ളികളായിരുന്നുവെന്ന് പറയാം.
എന്നാലിന്ന് വിവാഹം, വിവാഹ മോചനം, സംഭാവന പിരിക്കല്‍, ചിലപ്പോള്‍ ഊരുവിലക്കല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മഹല്ല് കമ്മിറ്റികളുടെ സാന്നിധ്യം അനുഭവപ്പെടുക. വിവാഹം നടത്തിക്കൊടുക്കല്‍, വിവാഹത്തില്‍ നിന്ന് ആണിനെ (അപൂര്‍വമായി പെണ്ണിനെയും) മോചിപ്പിക്കല്‍, വിവാഹ- കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടല്‍, ചിലപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കല്‍, ഏകീകൃത സകാത്ത് സമ്പ്രദായമുണ്ടെങ്കില്‍ സകാത്ത് വിതരണം, പെരുന്നാളിന് ബലിയറുക്കല്‍, പള്ളി പുതുക്കി പണിയാനും മോടി കൂട്ടാനും ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കാനും പിന്നെ ചിലപ്പോള്‍ പൊളിച്ചു പണിയാനും സംഭാവന പിരിക്കല്‍, നോമ്പുകാലത്ത് ആളുകളെ ശുദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഖുര്‍ആന്‍ ക്ലാസുകള്‍ (പ്രത്യേകിച്ചും സ്ത്രീകള്‍ക്കായി) സംഘടിപ്പിക്കല്‍ തുടങ്ങിയവയാണ് പതിവ് പ്രവര്‍ത്തനങ്ങള്‍ (വ്യത്യസ്തത പുലര്‍ത്തുന്ന ചുരുക്കം പള്ളിക്കമ്മിറ്റികള്‍ ഉണ്ടെന്ന സത്യം നിരാകരിക്കുന്നില്ല).
ഇതില്‍ ചുരുങ്ങേണ്ടതാണോ മഹല്ല് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍? എന്തുകൊണ്ടാണ് ഈ കമ്മിറ്റികള്‍ക്ക് ജനപ്രിയത ഉണ്ടാവാത്തത്? എങ്ങനെയാണ് മഹല്ല് കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്? ജനപ്രാതിനിധ്യം ഉറപ്പുവരുത്തുന്ന കൃത്യമായ ജനാധിപത്യ സംവിധാനത്തിലൂടെയല്ല പലപ്പോഴും മഹല്ല് കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടാറുള്ളത്. മഹല്ല് അംഗങ്ങളായ കുടുംബങ്ങളിലെ എല്ലാവരും അറിഞ്ഞുപോലുമല്ല പലപ്പോഴും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അപ്രഖ്യാപിത അധികാരകേന്ദ്രങ്ങളായി ജന്മിത്വത്തിന്റെ തുടര്‍ച്ച പേറുന്ന നാട്ടിലെ അഭിജാത കുലത്തില്‍പെട്ടവരോ തറവാടികള്‍ എന്ന് അറിയപ്പെടുന്നവരോ സമ്പത്ത് മാത്രം മാനദണ്ഡമായവരോ കായിക ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്നവരോ (പച്ചക്ക് പറഞ്ഞാല്‍ എതിരഭിപ്രായങ്ങളെ അടിച്ചുനിരത്താന്‍ കഴിവുള്ളവര്‍), രാഷ്ട്രീയ പാര്‍ട്ടികളില്‍ നേടിയ പ്രാമാണ്യത പള്ളികളിലേക്കും കൂടി വ്യാപിപ്പിക്കുന്നവരോ ആയിരിക്കും നേതൃസ്ഥാനങ്ങളില്‍ വരിക.
ഇസ്‌ലാമിക വിജ്ഞാനീയത്തിലെ അവഗാഹമോ ആത്മീയ ഭൗതിക വിഷയങ്ങളിലെ അറിവോ നീതിനിര്‍വഹണം ഉറപ്പുവരുത്താനുള്ള സന്നദ്ധതയോ ഒന്നും പലപ്പോഴും മഹല്ല് ഭരണം കൈയാളുന്നതില്‍ പരിഗണനാ വിഷയമേ ആകാറില്ല എന്ന് കേരളത്തിലെ പരശ്ശതം മഹല്ലുകളിലെ കമ്മിറ്റിയംഗങ്ങളെ പരിശോധിച്ചാല്‍ ബോധ്യമാവും. മഹല്ലിലെ ഉസ്താദ് ഈ കമ്മിറ്റിക്കാരുടെ ആജ്ഞാനുവര്‍ത്തിയായില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചതുതന്നെ. ഇസ്‌ലാമിക താല്‍പര്യങ്ങളെക്കാള്‍ വ്യക്തി താല്‍പര്യങ്ങളായിരിക്കും മിക്ക മഹല്ലുകളിലും നടപ്പിലാവുക. സാമൂഹിക ജീവിതത്തിന്റെ ആന്തരികതലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പകരം എളുപ്പത്തില്‍ സാധിക്കുന്ന, പള്ളി മിമ്പറിന്റെ മേനികൂട്ടലിലും പള്ളി മിനാരങ്ങളുടെ ഉയരം കൂട്ടലിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു.’ഇത്തരം പള്ളിക്കമ്മിറ്റികള്‍ക്ക് പ്രദേശത്തെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് അറിയാന്‍ കഴിയാറില്ല. പള്ളിയെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്കാനോ, ക്രിയാത്മക ചര്‍ച്ചാ വേദികളാക്കാനോ ഈ കമ്മിറ്റികള്‍ക്ക് കഴിയാറുമില്ല. ഒരു പ്രദേശത്തെ കൂട്ടിയിണക്കാന്‍ പോലും ഈ കമ്മിറ്റികള്‍ക്കാവുന്നില്ല.
ഇത്തരമൊരു മഹല്ല് സംവിധാനത്തിലേക്കാണോ സ്ത്രീകള്‍ അവരുടെ പ്രാതിനിധ്യവുമായി കടന്നുചെല്ലേണ്ടത്? പള്ളി കമ്മിറ്റികളില്‍ സ്ത്രീക്ക് സ്ഥാനം കൊടുക്കുമെന്ന് കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം സംഘടന പറയുമ്പോള്‍, സ്ത്രീകള്‍ പള്ളിയില്‍ പോവുന്നത് പോലും തെറ്റാണെന്ന് പറയുന്ന മറ്റൊരു സംഘടന ആ തീരുമാനത്തെ എതിര്‍ത്തില്ലെങ്കിലാണ് അത്ഭുതം.
പ്രാതിനിധ്യം എന്ന വാക്കിനെ പല തരത്തില്‍ നിര്‍വചിക്കാനാവും. പള്ളിക്കമ്മിറ്റികളില്‍ ഒന്നോ രണ്ടോ പെണ്‍നാമങ്ങള്‍ ഉറപ്പു വരുത്തുക എന്നതും പ്രാതിനിധ്യമാണ്. തുല്യതയോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും സ്ഥാനമാനങ്ങള്‍ വഹിക്കാനും അവസരം നല്‍കുന്നതും പ്രാതിനിധ്യമാണ്. ഇതില്‍ ഏത് നിര്‍വചനമാണ് സ്വീകരിക്കാന്‍ പോകുന്നതെന്നതിലാണ് കാര്യം. എന്നാല്‍, പ്രസ്താവനകളിലും തീരുമാനങ്ങളിലും കൃത്യമായ വിവരണങ്ങളുടെ അഭാവം കാണാം. ഈ അഭാവമാണ് ആശങ്കകള്‍ക്ക് വഴിവെക്കുന്നത്. പുതുതായി ഒരു തീരുമാനം എടുക്കുമ്പോള്‍ ആ തീരുമാനം എങ്ങനെ, ഏതു രീതിയില്‍, എവിടെ, എപ്പോള്‍ നടപ്പാക്കും എന്ന വ്യക്തമായ രൂപരേഖ ഇല്ലെങ്കില്‍ അത് പരാജയപ്പെട്ടുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ വ്യക്തതയാണ് ഇവിടെ ഇല്ലാതെ പോയതും.
ആശങ്കകള്‍ അവിടെയും അവസാനിക്കുന്നില്ല. ഈ കമ്മിറ്റികളില്‍ സ്ത്രീകളുടെ സ്ഥാനം എവിടെയെന്നതും, എന്തെന്നെതും നിര്‍ണായകമാണ്. രാഷ്ട്രീയ മത സംഘടനകള്‍ക്കടക്കം വനിതാ പ്രതിനിധികളും വനിതാ വിഭാഗവുമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷേ, സ്ത്രീകളുടെ വിഷയത്തില്‍ ഈ സംഘടനകള്‍ സ്വീകരിച്ചുപോന്നിട്ടുള്ള നിലപാടുകള്‍ അത്യന്തം സ്ത്രീവിരുദ്ധവും സ്ത്രീ എന്ന അവസ്ഥയെ പരിഗണിക്കാത്തതുമാണ് എന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
മൂത്രമൊഴിക്കാനും ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും സ്ത്രീകള്‍ സമരം ചെയ്യേണ്ടിവരുന്ന 'പുരോഗമന' കേരളത്തിലാണ് നമ്മള്‍ വര്‍ത്തമാനം പറയുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും സ്ത്രീ പ്രതിനിധികള്‍ മന്ത്രിമാര്‍ വരെ ആവുകയും ചെയ്തിട്ടും സ്ത്രീ പ്രാഥമികാവശ്യത്തിനായി പോലും സമരം ചെയ്യേണ്ടിവരുന്നത്, സ്ത്രീ സമൂഹത്തെ അടക്കിഭരിക്കുന്ന പുരുഷ താല്‍പര്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.
സാധാരണ കേരളത്തില്‍ കാണാറുള്ളതുപോലെ, സംഘടനകളിലെ വനിതാ പ്രാതിനിധ്യം സ്വന്തമായി ശബ്ദമില്ലാതെ, മുന്‍നിരയില്‍ ഒരു പാവയായി മാത്രം ഇരിക്കാന്‍ ആണെങ്കില്‍ അതുകൊണ്ട് ഒരു കാര്യവുമില്ല. രണ്ടു മൂന്നു വനിതാ പേരുകള്‍, നിര്‍ബന്ധമാണെങ്കില്‍ ഒരു ജോയിന്റ് സെക്രട്ടറി അല്ലെങ്കില്‍ ഒരു വൈസ് പ്രസിഡന്റ് എന്ന രീതിയിലുള്ള പ്രാതിനിധ്യമാണോ നടപ്പിലാക്കാന്‍ പോവുന്നത്? ഈ സ്ഥാനങ്ങള്‍ ആര് നിശ്ചയിക്കും? ഈ പ്രതിനിധികളെ ആര്, എന്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും? എന്തായിരിക്കും ഈ പ്രതിനിധികളുടെ ജോലി/പങ്ക്? പിന്‍ബെഞ്ചില്‍/കസേരയില്‍ ചെന്നിരുന്നു മറ്റുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നല്ല കുട്ടിയായി അംഗീകരിച്ചു ഒപ്പിട്ടു, ചായയും കുടിച്ച് തിരിച്ചുപോരാനാണോ? അതോ ശക്തമായി ഇടപെട്ട്, ശബ്ദമുയര്‍ത്തി തന്റെ അഭിപ്രായങ്ങള്‍ അംഗീകരിപ്പിക്കാന്‍ അവള്‍ക്ക് കഴിയുമോ? അതിനുള്ള അവസരങ്ങള്‍ അവള്‍ക്ക് ഉണ്ടാവുമോ?
ഇനി സ്ത്രീകള്‍ക്ക് ഈ കമ്മിറ്റികളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതാണ് വിഷയം. സുന്നി വിഭാഗം അവകാശപ്പെടുന്നത് പോലെ, അവരുടെ സ്ത്രീകള്‍ സമ്പൂര്‍ണ അവകാശങ്ങള്‍ ആസ്വദിക്കുന്നവരാണോ എന്നറിയാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല. ചുറ്റുഭാഗവും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ മാനുഷികമായ ഇടപെടലുകള്‍ ആവശ്യമുള്ള പ്രശ്‌നങ്ങള്‍ ദിവസേന കൂടിക്കൊണ്ടിരിക്കുകയും അതില്‍ ഒരു നല്ല വിഭാഗം ഇരകളും സ്ത്രീകള്‍ ആണെന്നുമിരിക്കെ സമ്പൂര്‍ണ അവകാശം ആര് ആസ്വദിക്കുന്നു എന്നാണ് ഈ വിഭാഗം പറയുന്നത്?
മറ്റൊരു പ്രധാന വിഷയം കമ്മിറ്റികള്‍ക്കുള്ളില്‍ തന്നെ വനിതകളുടെ സ്വീകാര്യതയാണ്. സ്ത്രീകള്‍ക്ക് ഇതിനൊന്നുമാവില്ല എന്ന ചിന്തയും മനോഭാവവും ഉള്ള ആണുങ്ങള്‍ക്ക് ക്ഷാമമില്ലാത്ത നാടാണിത്. ഇത്തരം ആളുകള്‍ നിറഞ്ഞുനില്‍ക്കുന്ന കമ്മിറ്റികളില്‍ സ്വീകാര്യത നേടുക എന്നത് തന്നെയായിരിക്കും സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളിയില്‍ വിജയിക്കാനായാല്‍ പകുതി വിജയിച്ചു എന്ന് പറയാം.
ഇതൊക്കെ പറയുമ്പോഴും ഈ കാല്‍വെപ്പിനെ എതിര്‍ക്കുന്ന ചിലരുണ്ട്. ചെരുപ്പിനനുസരിച്ചു കാലു മുറിക്കുകയാണെന്നും, അല്ലെങ്കില്‍ തന്നെ ഇവരെ കൊണ്ട് തോറ്റിരിക്കുകയാണെന്നും, പെണ്ണുങ്ങള്‍ അവര്‍ക്ക് പറഞ്ഞ പണി ചെയ്താല്‍ പോരേയെന്നും ഒരു വിഭാഗം വിദ്യാസമ്പന്നരായ യുവാക്കള്‍ പോലും ചോദിക്കുന്നു. മറ്റൊരു വിഭാഗം മത നേതാക്കള്‍ക്ക് പേടി, തങ്ങളുടെ ഇസ്‌ലാമിന്റെ പാരമ്പര്യം ഇതിനാല്‍ തകര്‍ക്കപ്പെടുമോ എന്നതാണ്. സത്യത്തില്‍ എല്ലാവരുടെയും ഭയം ഒന്നുതന്നെയാണ്. അധികാരം നഷ്ടപെട്ടുപോവുകയോ പങ്കിട്ടെടുക്കേണ്ടിവരികയോ ചെയ്യുമെന്ന ഭയത്തില്‍ നിന്ന് വരുന്ന അരക്ഷിതാവസ്ഥയും നിരാശാബോധവുമാണ് ഈ മനോഭാവങ്ങളില്‍ പ്രതിഫലിക്കുന്നത്.
ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തിനുമേല്‍ ശക്തികൊണ്ട് മേല്‍ക്കൈ നേടുകയും ആധിപത്യം പുലര്‍ത്തുകയും അവരെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയും ചെയ്യുന്ന പാരമ്പര്യമല്ല ഖുര്‍ആനിന്റേത്. ആണിനെയും പെണ്ണിനെയും തുല്യ മനോഭാവത്തോടെ കാണുന്ന, സമാധാനം ആഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇത്തരം ആധിപത്യ മനോഭാവം വെച്ചുപുലര്‍ത്താന്‍ കഴിയുന്നത്? ഈ ആധിപത്യ മനോഭാവത്തിന്റെ ഉറവിടം ഇസ്‌ലാമോ മറ്റേതെങ്കിലും മതമോ ആണെന്ന് തോന്നുന്നില്ല.
ഇസ്‌ലാം വിഭാവന ചെയ്യുന്നത് രണ്ടു വര്‍ഗങ്ങള്‍ തമ്മിലുള്ള ശത്രുതയല്ല, മറിച്ച് സാഹോദര്യവും സഹിഷ്ണുതയുമാണ്. വര്‍ഗഭേദമെന്യേ വായിക്കാനും പഠിക്കാനും ചിന്തിക്കാനും പറഞ്ഞ ഖുര്‍ആനെ അനുധാവനം ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ഒരു വര്‍ഗത്തെ അവരുടെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മുന്‍ നിരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയുന്നത്? അങ്ങനെ മാറ്റിനിര്‍ത്തുന്നവര്‍ ആരെയാണ് പേടിക്കുന്നത്? മതം മതത്തിനെതിരാവുകയാണിവിടെ.
(കാസര്‍കോട് സെന്ററല്‍ യൂനിവേഴ്‌സിറ്റി കേരളയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്‌സ് അസിസ്റ്റന്റ് ലക്ചറര്‍ ആണ് ലേഖിക)
Comments