Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

ഇസ്‌ലാം അനുവദിച്ച ഇടങ്ങള്‍ വിലക്കാന്‍ പൗരോഹിത്യത്തിന് എന്തവകാശം?

സഫിയ അലി /കവര്‍‌സ്റ്റോറി

         നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക - ഇതാണ് ഇസ്‌ലാമിന്റെ സാമൂഹിക ദൗത്യം. പുരുഷന്മാരുടേതെന്ന പോലെ സ്ത്രീകളുടെയും ഉത്തരവാദിത്തമാണിത്. സംശയങ്ങള്‍ക്കിടമില്ലാത്തവിധം ഖുര്‍ആനത് വ്യക്തമാക്കിയിട്ടുണ്ട്. ''സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു'' (അത്തൗബ 71). നന്മ പ്രചരിപ്പിക്കാനും തിന്മ തടയാനും സ്ത്രീകളും രംഗത്തിറങ്ങണം. അതിനു വേണ്ടിയുള്ള വേദികളില്‍ അവള്‍ക്കും അംഗത്വമുണ്ടാവണം. അത് പാടില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നില്ല. എന്നല്ല, ഖുര്‍ആന്റെ വിപ്ലവകരമായ ഈ പ്രഖ്യാപനത്തോടെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് വലിയ ഇടം നല്‍കുകയാണ് ഇസ്‌ലാം. സമൂഹത്തിലുണ്ടായിരുന്ന സകല ലിംഗ വിവേചനങ്ങളും ഖുര്‍ആന്‍ അവസാനിപ്പിച്ചു. ഓരോ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചവരെ അതത് മേഖലകളില്‍ പ്രവാചകന്‍ അംഗീകരിക്കുകയാണ് ചെയ്തത്. പെണ്ണാണ് എന്ന് പറഞ്ഞ് ഒരാളെയും നബി(സ) മാറ്റിനിര്‍ത്തിയിട്ടില്ല. ചില പ്രശ്‌നങ്ങള്‍ ഭാര്യമാരുമായി പങ്കുവെക്കുകയും നിര്‍ണായക ഘട്ടങ്ങളില്‍ പോലും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് പ്രവാചകന്‍. ഹുദൈബിയാ സന്ധിയുടെ സന്ദര്‍ഭം അതിന്റെ മികച്ച ഉദാഹരണമാണ്. സന്ധി വ്യവസ്ഥ പ്രകാരം ഉംറയില്‍ നിന്ന് വിരമിക്കാന്‍ ഹുദൈബിയയില്‍ വെച്ച് തന്നെ തല മുണ്ഡനം ചെയ്യണമെന്ന് പ്രവാചകന്‍ ആവശ്യപ്പെട്ടിട്ടും സ്വഹാബികള്‍ മടിച്ചുനിന്നു. റസൂല്‍(സ) ദുഃഖിതനായി പത്‌നി ഉമ്മു സലമയുടെ അടുത്തുവന്നു. നേതാവും അനുയായികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ അതിസങ്കീര്‍ണമായ സാഹചര്യത്തെ മറികടക്കാന്‍ ഉമ്മുസലമ(റ) ഒരു പോംവഴി നിര്‍ദേശിച്ചു. ''താങ്കള്‍ സ്വയം മുന്നോട്ടു വന്ന് ഉംറയില്‍ നിന്ന് വിമുക്തനാകൂ. അവര്‍ താങ്കളുടെ പ്രവൃത്തി അനുകരിച്ച് കൊള്ളും.'' റസൂല്‍ അങ്ങനെ ചെയ്തു. സ്വഹാബികളും അതനുകരിച്ചു. ഒരു വലിയ പ്രതിസന്ധി അതോടെ ഒഴിവായി. ഭരണാധികാരി സ്ത്രീകളുമായി കൂടിയാലോചിച്ച ഇത്തരം ഒരുപാട് ചരിത്ര സന്ദര്‍ഭങ്ങളുണ്ട്. ഉമറുബ്‌നുല്‍ ഖത്വാബിന്റെ വസ്വിയ്യത്ത് പ്രകാരം അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് അടുത്ത ഖലീഫയെ തെരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ലിസ്റ്റുണ്ടാക്കുന്നു. ഇതില്‍ നിന്നൊരാളാണ് അടുത്ത ഖലീഫയാവുക. അദ്ദേഹം മദീനയിലെ മുഴുവന്‍ ആളുകളെയും സമീപിക്കുന്നു. സ്ത്രീകള്‍ പാര്‍ക്കുന്ന കൂടാരങ്ങളില്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് കയറിച്ചെന്ന് അവരുടെ അഭിപ്രായം തേടുന്നു. ഇങ്ങനെ ഖലീഫയെ തെരഞ്ഞെടുക്കുന്നതില്‍ പോലും സ്ത്രീകളുടെ അഭിപ്രായം ആരായുകയുണ്ടായി സ്വഹാബികള്‍. യുദ്ധം പോലുള്ള നിര്‍ണായക സന്ദര്‍ഭങ്ങളിലും അവളുടെ സാന്നിധ്യമുണ്ടായിരുന്നു. നബിക്ക് പരിക്കേറ്റ ഉഹുദ് യുദ്ധത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഉമ്മു അമ്മാറ എന്ന ധീര സ്വഹാബി വനിതയും മുന്‍നിരയിലുണ്ടായിരുന്നു. റസൂല്‍(സ) അവരെക്കുറിച്ച് പറഞ്ഞത്, 'ഞാന്‍ വലത്തോട്ട് തിരിയുമ്പോള്‍ ഉമ്മു അമ്മാറ ശത്രുക്കളില്‍ നിന്ന് എന്നെ സംരക്ഷിക്കുന്നു, ഇടത്തോട്ട് തിരിയുമ്പോഴും അവര്‍ എന്നെ സംരക്ഷിക്കുന്നു' എന്നാണ്. ഉമറുബ്‌നുല്‍ ഖത്വാബിന്റെ ഭരണകാലത്ത് ശിഫാഅ് എന്ന വനിതയെ ഒരു മാര്‍ക്കറ്റിന്റെ നിയന്ത്രണം തന്നെ ഏല്‍പിച്ചിരുന്നു. ഇതെല്ലാം ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തിയതാണ്. ആഇശ(റ) അടക്കമുള്ള സ്വഹാബി വനിതകളുടെ പാണ്ഡിത്യത്തെ കുറിച്ചൊന്നും  കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സമൂഹത്തിന്റെ നേര്‍ പകുതിയായ ഒരു വിഭാഗത്തെ പൊതു ജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇസ്‌ലാമിക ന്യായങ്ങളോ ചരിത്ര പിന്‍ബലമോ ഇല്ലെന്ന് ചുരുക്കം.

മഹല്ല് ഒരു ഇസ്‌ലാമിക സാമൂഹിക സംവിധാനമാണ്. ആത്മീയ-കുടുംബ - സാമൂഹിക രംഗങ്ങളിലെ ഇസ്‌ലാമിക മര്യാദകളും നിയമങ്ങളും നടപ്പാക്കാന്‍ നേതൃത്വം നല്‍കുകയാണ് മഹല്ലിന്റെ ഉത്തരവാദിത്തം. സ്ത്രീയുടെ കൂടി വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്ന വേദിയാണത്. കുടുംബ തര്‍ക്കങ്ങള്‍, അനന്തരാവകാശ പ്രശ്‌നങ്ങള്‍, ത്വലാഖ് വിഷയങ്ങള്‍ എന്നിവകളിലെല്ലാം തന്നെ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. സ്ത്രീ-പുരുഷ തുല്യാധികാരമുള്ള മഹല്ല് സംവിധാനങ്ങള്‍ നിലവില്‍ വന്നാലേ ഈ വിഷയങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന പല അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിവരൂ.

മുഹമ്മദ് നബി(സ)യുടെ കാലത്ത് ഒരു സ്വഹാബി തന്റെ മകളെ അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. മകള്‍ പിതാവിനെതിരെ നബിക്ക് പരാതി നല്‍കി. ഇത്തരം പരാതികള്‍ക്ക് വകുപ്പുണ്ടെന്ന ബോധം പോലും നിലനില്‍ക്കാത്തതാണ് നിലവിലെ മഹല്ല് അന്തരീക്ഷം. റസൂല്‍(സ) പരാതി സ്വീകരിക്കുകയും വിവാഹം റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തു. അപ്പോള്‍ ആ മകള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അല്ലാഹുവിന്റെ റസൂലേ! ഇപ്പോള്‍ ഞാനീ വിവാഹം സ്വീകരിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക് ഈ വിഷയത്തിലുള്ള അവകാശം വ്യക്തമാകണമെന്ന് മാത്രമേ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.''

സാമൂഹിക സംസ്‌കരണമാണ് മഹല്ലിന്റെ മുഖ്യ ദൗത്യം. ഈ വിഷയത്തില്‍ വിദ്യാസമ്പന്നരും പ്രഭാഷകരും സംഘാടകരുമായ സ്ത്രീകള്‍ക്ക് മഹത്തായ പങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ചും പ്രാഥമിക മദ്‌റസകളെ സംസ്‌കരണത്തിന്റെ പ്രധാന കേന്ദ്രങ്ങളാക്കുന്ന കാര്യത്തില്‍. ഇവിടെ പുരുഷന്മാരേക്കാള്‍ വിജയിക്കുക സ്ത്രീകളാണ്. അടുത്ത കാലത്തായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല മദ്‌റസ പ്രശ്‌നങ്ങളും പുരുഷ കേന്ദ്രീകൃതമാണ്. ക്രൂരമായ ശിക്ഷ, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളില്‍ മദ്‌റസാധ്യാപകര്‍ പുറത്താക്കപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ഈയിടെയുണ്ടായി. വിദ്യാര്‍ഥികളുടെ മനഃശാസ്ത്രമറിഞ്ഞ് പെരുമാറുന്ന അധ്യാപികമാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മദ്‌റസകളെ കൂടുതല്‍ മനുഷ്യപ്പറ്റുള്ളതാക്കി മാറ്റാന്‍ കഴിയും.

കേരളത്തില്‍ മിക്ക മഹല്ലുകളിലും പുരുഷന്മാരേക്കാളധികം സ്ത്രീകളാണുള്ളത്. സ്വാഭാവികമായും പ്രശ്‌നങ്ങളധികം നേരിടുന്നതും അവരാണ്.  സ്ത്രീയുടെ പ്രശ്‌നങ്ങളും അവയുടെ പരിഹാര സാധ്യതയും കൂടുതലറിയുക സ്ത്രീകള്‍ക്ക് തന്നെയാണ്. അപ്പോള്‍ സ്ത്രീകളെ മഹല്ല് കമ്മിറ്റികളില്‍ നിന്ന് പടിക്ക് പുറത്ത് നിര്‍ത്തി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും പരിഹരിക്കാന്‍ ശ്രമിക്കുന്നതിലും അബദ്ധങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. കുടുംബ വിഷയങ്ങളിലും ദാമ്പത്യ പ്രശ്‌നങ്ങളിലും സ്ത്രീയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്. സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ സത്യസന്ധമായി തുറന്നു പറയുക സ്ത്രീകളോട് മാത്രമായിരിക്കും. അപ്പോള്‍ അധികാരവും ഉത്തരവാദിത്തവുമുള്ള സ്ത്രീകള്‍ ഇത്തരം വേദികളിലില്ലെങ്കില്‍ ഏകപക്ഷീയമായ പുരുഷാധിപത്യ പ്രവണതകളാവും ഇത്തരം വിഷയങ്ങളില്‍ മേല്‍ക്കൈ നേടുക. ദിനംപ്രതി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വിവാഹമോചന കേസുകളുടെ ആധിക്യത്തിന് ഏകപക്ഷീയമായ  പുരുഷാധിപത്യ പ്രവണതകളാണ് പലപ്പോഴും കാരണമാകുന്നത്. അതവസാനിപ്പിക്കേണ്ടത് സ്ത്രീയുടെ മാത്രമല്ല, മൊത്തം സമൂഹത്തിന്റെതന്നെ പുരോഗതിക്കാവശ്യമാണ്. അതിന് തടസ്സം നില്‍ക്കുന്നവര്‍ക്ക് ഇസ്‌ലാമിക പ്രമാണവും ചരിത്രവും മഹല്ലിന്റെ സാമൂഹിക ദൗത്യവുമൊന്നും അറിയില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് ഖത്വീബും ഇമാമുമായി ഇനി സ്ത്രീകളെ നിയമിക്കാന്‍ നവോത്ഥാന സംഘടനകള്‍ തയാറാവുമോ എന്ന ബാലിശമായ മറു ചോദ്യം ഉന്നയിക്കപ്പെടുന്നത്. ഖത്വീബിനെയും ഇമാമിനെയും നിയോഗിക്കുന്നതില്‍ ചുരുങ്ങുന്നു അവരുടെ മഹല്ല് സങ്കല്‍പം. 

മഹല്ലിന് സമൂഹത്തിന്റെ നാനാ വിധ സംസ്‌കരണത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക വളര്‍ച്ചയില്‍ അതിന് നിര്‍ണായക പങ്കുമുണ്ടാവണം. ഇതിലെല്ലാം വിദ്യാ സമ്പന്നകളും യോഗ്യരുമായ സ്ത്രീകളെയും ഉപയോഗപ്പെടുത്താന്‍ മഹല്ലിന് സാധിക്കും. അപ്പോള്‍ അത്തരം കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുകയാണ് മഹല്ല് കമ്മിറ്റികള്‍ ആദ്യം ചെയ്യേണ്ടത്. അങ്ങനെ വന്നാല്‍ മഹല്ല് കമ്മിറ്റിയില്‍ സ്ത്രീകളുടെ നേതൃത്വപരമായ പങ്കും തിരിച്ചറിയപ്പെടും. നിലവില്‍ ഏതാനും നാട്ടു പ്രമാണികളും സമ്പന്നരുമായ വ്യക്തികള്‍ക്ക് ഒരുമിച്ചിരിക്കാനുള്ള വേദി മാത്രമാണ് മിക്ക മഹല്ലുകളും. ഇസ്‌ലാമിക വിദ്യാഭ്യാസം പോലും മഹല്ല് കമ്മിറ്റിയംഗമാവാനുള്ള യോഗ്യതയാവുന്നില്ല. എങ്ങനെയെങ്കിലും പള്ളിയും മദ്‌റസയും നടത്തി കൊണ്ടുപോവുക എന്നല്ലാതെ മറ്റൊരു അജണ്ടയും ഇത്തരം  മഹല്ല് കമ്മിറ്റികള്‍ക്കുണ്ടാവുന്നില്ല.

മഹല്ല് കമ്മിറ്റികളില്‍ പേരിനൊരു പ്രാതിനിധ്യമല്ല സ്ത്രീകള്‍ക്ക് വേണ്ടത്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും എല്ലാ വിഷയങ്ങളിലും ഇടപെടാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അതല്ലാതെ പതിനഞ്ച് പേരുള്ള കമ്മിറ്റിയില്‍ രണ്ട് സ്ത്രീ പ്രതിനിധികള്‍ക്ക് മീറ്റിംഗ് നടക്കുന്ന വേദിയില്‍ രണ്ട് കസേര അനുവദിച്ചിട്ട് കാര്യമില്ല. പുരുഷ ബഹളത്തില്‍ മുങ്ങിപ്പോകുന്ന നേര്‍ത്ത ശബ്ദങ്ങളല്ല, മഹ്ര്‍ വിഷയത്തില്‍ മിമ്പറില്‍ വെച്ച് ഖലീഫ ഉമര്‍ നടത്തിയ പ്രഖ്യാപനത്തെ ധീരമായി തിരുത്താന്‍ ഇടമുണ്ടായിരുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ആവശ്യം. നവോത്ഥാന സംഘടനകള്‍ യോഗം ചേര്‍ന്ന് മഹല്ല് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്ന് പ്രമേയം പാസ്സാക്കുന്നതിലപ്പുറം ഈ സ്വതന്ത്ര ഇടം അവള്‍ക്ക് നല്‍കാന്‍ തയാറാവണം. ഇപ്പോള്‍ തന്നെ ഈ രംഗത്ത് വളരെ വൈകിയാണ്  നവോത്ഥാന സംഘടനകള്‍ കടന്നുവരുന്നത്. സ്ത്രീകള്‍ക്ക് പള്ളിയും പള്ളിക്കൂടവും അനുവദിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയ കാലത്ത് തന്നെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മഹല്ലിന്റെ നടത്തിപ്പ് സഭകളിലും അവര്‍ക്ക് ഇടം നല്‍കാമായിരുന്നു. ഇനിയെങ്കിലും മഹല്ലടക്കമുള്ള സാമൂഹിക വേദികളില്‍ അര്‍ഹമായ പങ്കാളിത്തം നല്‍കാന്‍ സംഘടനകള്‍ മുന്നോട്ടുവരണം. 

മുസ്‌ലിം സ്ത്രീകളിപ്പോള്‍ പഴയകാലത്തല്ലെന്ന് എല്ലാവരും തിരിച്ചറിയണം. സകല സാമൂഹിക രംഗങ്ങളിലും അവര്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാം നല്‍കിയ അവകാശങ്ങളെക്കുറിച്ച് മുസ്‌ലിം സ്ത്രീ ഇന്ന് ബോധവതിയാണ്. പൗരോഹിത്യം അവര്‍ക്ക് തടഞ്ഞുവെച്ച അവകാശങ്ങളെന്തെല്ലാമാണെന്ന് അവരിപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ആ സ്ത്രീയുണര്‍വുകളെ ഉള്‍ക്കൊള്ളാതെ ഒരു മുസ്‌ലിം കൂട്ടായ്മക്കും ഇനി മുന്നോട്ടുപോവുക സാധ്യമല്ല. മഹല്ല് കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാവണമെന്ന ചര്‍ച്ച ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് ഈ സ്ത്രീയുണര്‍വുകളുടെ ഭാഗമായാണ്. ഒരുകാലത്ത് പെണ്ണിന് പള്ളിക്കൂടം വിലക്കിയ പൗരോഹിത്യത്തിന് അതിലുറച്ച് നില്‍ക്കാന്‍ അധികകാലം കഴിഞ്ഞില്ല. ആ രംഗത്തെ സ്ത്രീ മുന്നേറ്റത്തെ അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. ഇന്ന് വനിതാ കോളേജുകളടക്കം നടത്തുന്നവരായി അവര്‍ മാറി. സാമൂഹിക രംഗത്ത് സ്ത്രീകള്‍ സജീവ സാന്നിധ്യമായപ്പോള്‍ പെണ്ണുങ്ങള്‍ക്ക് പള്ളി വിലക്കിയവര്‍ തന്നെ ടൗണ്‍ മസ്ജിദുകളോട് ചേര്‍ന്ന് 'യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം' ഒരുക്കേണ്ടിവന്നു. ഇനി സ്ത്രീകളടക്കമുള്ളവരുടെ സര്‍വതോമുഖമായ വളര്‍ച്ചക്ക് മഹല്ല് കമ്മിറ്റികളിലെ അവരുടെ നേതൃപരമായ പങ്കാളിത്തം വഴി സാധിച്ചാല്‍ ഇന്ന് എതിര്‍ക്കുന്നവര്‍ പിറകെ വന്നുകൊള്ളും. അതിന് പക്ഷേ, തികഞ്ഞ ആത്മാര്‍ഥതയോടെയും ആസൂത്രണ മികവോടെയും പുതിയ മഹല്ല് കമ്മിറ്റികള്‍ രൂപീകരിക്കാനും അതിന് അജണ്ടകള്‍ നിര്‍ണയിക്കാനും നവോത്ഥാന സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. 

(ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാ വിഭാഗം അധ്യക്ഷയാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍