Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

ഖുര്‍ആന്‍ വേരുറപ്പിച്ച ഇസ്‌ലാമിക സംസ്‌കാരം

സി.ടി ബശീര്‍ /കുറിപ്പ്

         2001 സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു ശേഷം ഇസ്‌ലാമിനെയും ഇസ്‌ലാമിക സംസ്‌കാരത്തെയും പറ്റി പഠിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് അമേരിക്കയില്‍ നടന്നത്. യഹൂദ-ക്രൈസ്തവ-ഇസ്‌ലാമിക ചരിത്രത്തെപ്പറ്റിയുള്ള ഔദ്യോഗികാന്വേഷണങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക ചരിത്രത്തെപ്പറ്റി മൈക്കല്‍ ഹാമില്‍ടണ്‍ മൊര്‍ഗന്‍ രചിച്ച Lost History-യുടെ പതിനായിരക്കണക്കിന് പ്രതികള്‍ വേഗത്തില്‍ വിറ്റഴിഞ്ഞു. നാഷ്‌നല്‍ ജ്യോഗ്രഫി സൊസൈറ്റിയെന്ന പ്രശസ്ത പ്രസിദ്ധീകരണാലയമായിരുന്നു അതിന്റെ പ്രസിദ്ധീകരണമേറ്റെടുത്തത്. ആ പുസ്തകത്തിലെ ആമുഖത്തിലെ ഏതാനും വരികള്‍: ''പാശ്ചാത്യ സാഹിത്യങ്ങളില്‍ ക്രൈസ്തവതയും ക്രിസ്തീയ ഭരണകൂടങ്ങളും വേര്‍തിരിച്ചു കാണാമെങ്കിലും അങ്ങനെയൊരു വിഭജനം ഇസ്‌ലാം എന്ന മതത്തിന്റെയും ഇസ്‌ലാം എന്ന ആഗോള സംസ്‌കാരത്തിന്റെയും ഇടയിലില്ല. ഇസ്‌ലാം ഉയിര്‍ത്തെഴുന്നേല്‍പിച്ച ബൗദ്ധിക പാരമ്പര്യത്തെയും സാംസ്‌കാരിക മൂല്യങ്ങളെയും പറ്റി ഒരുവേള നാം മറന്നുപോകുന്നുണ്ടാകാം. എന്നാല്‍, 1400 വര്‍ഷത്തെ ചരിത്രത്തില്‍ ലോകത്തിന് ഇസ്‌ലാം സമ്മാനിച്ച കലയുടെയും സാഹിത്യത്തിന്റെയും കവിതയുടെയും തത്ത്വശാസ്ത്രത്തിന്റെയും ഔന്നത്യം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ ശിക്ഷണത്തിന്റെയും ഇസ്‌ലാമിനോടുള്ള അവരുടെ പ്രതിബദ്ധതയുടെയും പരിണിതഫലമാണത്... ക്രിസ്ത്യാനികളും യഹൂദരുമായ തത്ത്വശാസ്ത്രജ്ഞന്മാരും കവികളും സംഗീതജ്ഞരും ആധ്യാത്മിക വിശാരദന്മാര്‍ പോലും മുസ്‌ലിംകളില്‍ നിന്ന് അത്തരം നേട്ടങ്ങള്‍ പലതും സ്വായത്തമാക്കിയിട്ടുണ്ട്.''

ഖുര്‍ആന്‍ വേരുറപ്പിച്ച സംസ്‌കാരം കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും പ്രായോഗിക ജീവിതത്തിന്റെയും നിറക്കൂട്ടുള്ളതായിരുന്നു. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന ഗ്രന്ഥം (ഫുര്‍ഖാന്‍) എന്നാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഖുര്‍ആന്റെ സമ്പൂര്‍ണാവതരണം ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായി വ്യാപിച്ചുനിന്നത് തത്ത്വങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ കൊണ്ടുവരാന്‍ കൂടിയായിരുന്നു. മുസ്‌ലിംകളോട് പ്രത്യേകമായും മാനവരാശിയോട് പൊതുവേയുമുള്ള ഉദ്‌ബോധനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഉദ്‌ബോധനങ്ങളോടൊപ്പം നിയമശാസനകളും താക്കീതുകളും സാരോപദേശങ്ങളും സാന്ത്വനങ്ങളും പ്രവാചക പുംഗവന്മാരുടെ ചരിത്രവും പ്രപഞ്ചോല്‍പത്തിയെ പറ്റിയുള്ള പഠനങ്ങളും ഇടകലര്‍ന്നു വരുന്ന ഒരു വായനാ വിശേഷമാണ് ഖുര്‍ആനിലുള്ളത്. അത് നമ്മുടെ ഗ്രന്ഥസങ്കല്‍പത്തിനുമപ്പുറത്ത് ഒരു കര്‍മപദ്ധതിയായതുകൊണ്ടാണ് ഹ്രസ്വമായ ഒരു കാലഘട്ടത്തിനുള്ളില്‍ ഇസ്‌ലാമിക സംസ്‌കാരം വിടര്‍ത്തിയെടുക്കാന്‍ ഈ വേദഗ്രന്ഥത്തിന് സാധ്യമായത്. അറബികളെക്കാളധികം അനറബികള്‍ ഈ ഗ്രന്ഥത്തിന്റെ പാരായണത്തിലും പഠന-ഗവേഷണങ്ങളിലും മുഴുകിയിട്ടുണ്ട്. ഓരോ നൂറ്റാണ്ടിലും അതിന് പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ വേണ്ടിവരുന്നു. അനര്‍ഗ്ഗളമായ വായനാസുഖം പ്രദാനം ചെയ്യുന്നതുകൊണ്ട് അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു വലിയ വിഭാഗവുമുണ്ട്. അവര്‍ പ്രഭാഷണങ്ങളില്‍ നിന്നും വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്നും അതിന്റെ സാരം ഉള്‍ക്കൊള്ളുന്നു.

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സ്രഷ്ടാവു തന്നോടു നേരിട്ടു സംസാരിക്കുകയാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനാല്‍ ജീവത്തായ ഒരു യാഥാര്‍ഥ്യമാണിതെന്ന ബോധം ഉണരുന്നു. അങ്ങനെയാണ് ഒരു ജനതയെ മുഴുവന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ാധ്യമമായി ഖുര്‍ആന്‍ വര്‍ത്തിച്ചത്. അലസമായി, കര്‍ത്തവ്യരഹിതമായി, സുഖലോലുപരായി ജീവിതം നയിച്ചവരെയാണ് ഖുര്‍ആന്‍ സാംസ്‌കാരിക നായകന്മാരായി പരിവര്‍ത്തിപ്പിച്ചത്. വായനയുടെയും എഴുത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ആദ്യം അവതരിച്ച അഞ്ചു ഖുര്‍ആന്‍ വാക്യങ്ങള്‍. വിജ്ഞാന ലോകത്തിലേക്ക് പ്രവേശിക്കാനുള്ള വാതായനങ്ങളാണ് അവ തുറന്നിട്ടത്. ശ്രേഷ്ഠമായ ഒരു നാഗരികതയും നാനാരംഗത്തുമുള്ള പുരോഗതിയും കൈവരിച്ചതാണ് അതിന്റെ നേട്ടം. ഒരു കര്‍മജീവിതം കെട്ടിപ്പടുക്കുക എന്ന ദിവ്യ ദൗത്യവും ഇരുപത്തിമൂന്ന് വര്‍ഷത്തെ അവതരണവേളയില്‍ തന്നെ അത് നിര്‍വഹിച്ചു.

നിരക്ഷരനായ മുഹമ്മദില്‍ നിന്ന് കാവ്യാത്മക ഭാഷണങ്ങള്‍ വരുന്നത് സാഹിത്യകാരന്മാരെ അമ്പരപ്പിച്ചു. ഏതോ മാന്ത്രിക വിദ്യയായും ജിന്നുകളുടെ കേളിയായും അവരതിനെ മുദ്രയടിച്ചു. മുഹമ്മദ് എന്തിനുവേണ്ടിയാണ് ഈ 'ചെപ്പടി വിദ്യകള്‍' കാട്ടുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. അതുകൊണ്ട് പ്രലോഭനങ്ങളുടെ വഴിയും സ്വീകരിച്ചു നോക്കി. ആഭിചാരങ്ങള്‍ അവര്‍ക്ക് പരിചിതമായിരുന്നു. അത് മുഹമ്മദിലും ആരോപിച്ചു. വഹ്‌യ് വരുമ്പോഴുള്ള ഭാവവ്യത്യാസങ്ങളെ രോഗമായും ഒരുതരം ഭ്രാന്തായും ചിത്രീകരിച്ചു. നബിക്ക് സ്വന്തം വാക്കുകളില്‍ ഇതിനൊന്നും മറുപടി കൊടുക്കേണ്ടിവന്നില്ല. ഖുര്‍ആനാണ് അവരുടെ എല്ലാ ജല്‍പനങ്ങള്‍ക്കും, ഉള്ളിരിപ്പിനും ഉരുളക്കുപ്പേരിയായി യഥാസമയം മറുപടി നല്‍കിയത്. ഈ സംവാദം എക്കാലത്തേക്കുമുള്ള അവിശ്വാസികളുടെ സംശയങ്ങളും ചോദ്യങ്ങളും ഭയാശങ്കകളും എതിര്‍പ്പുകളുമായി ഖുര്‍ആനില്‍ സ്ഥലം പിടിച്ചിരിക്കുന്നു. യുക്തിഭദ്രമായും സത്യസന്ധമായും വെല്ലുവിളികളോടെയും ലാഘവ സ്വരത്തിലും ആവശ്യമാകുമ്പോള്‍ പരിഹാസസ്വരത്തിലുമാണ് മറുപടികള്‍. അല്ലാഹുവിന്റെ വെളിച്ചത്തെ ചുണ്ടുകള്‍ കൊണ്ട് ഊതിക്കെടുത്താനാവില്ല എന്ന ശക്തമായ മുന്നറിയിപ്പും അതിലടങ്ങിയിട്ടുണ്ട്. ഇന്നും എന്നും ഇസ്‌ലാമിനെതിരായ ആക്രമണങ്ങള്‍ വരുന്നത് ഈ പഴയ വാദങ്ങളുടെ പുതിയ മുഖങ്ങളായാണ്. ഖുര്‍ആന്‍ വേരുറപ്പിച്ചതാണ് ഇസ്‌ലാമിക സംസ്‌കാരം. അതാണ് പ്രഗത്ഭരായ മുസ്‌ലിം ഭരണാധിപന്മാരിലൂടെ അതിന്റെ പ്രഭാ പ്രസരം ചൊരിഞ്ഞത്.

ഇസ്‌ലാമിക നാഗരികതയെന്നാല്‍ ഖുര്‍ആന്‍ പ്രബോധനം ചെയ്ത നാഗരികതയെന്നാണര്‍ഥം. സാഹിത്യവും ജീവിതവും മരണവും ശാസ്ത്രവും ചരിത്രവും ഭാവിയും ഭൂതവും സംബന്ധങ്ങളായ വിഷയങ്ങളെല്ലാം ഇടകലര്‍ന്നിട്ടാണ് ഖുര്‍ആനില്‍ വരുന്നത്. അവതരണത്തിലും പാരായണത്തിലും പദവിന്യാസത്തിലും ശൈലിയിലും പുതുമ കാണാം. ഒരു സാധാരണ ഗ്രന്ഥത്തിന്റെ വായനാനുഭവത്തെ അത് മറികടക്കുന്നു. കേവലാക്ഷരങ്ങള്‍ കൊണ്ട് അധ്യായങ്ങള്‍ തുടങ്ങുന്നത് ഒരു ഉദാഹരണമാണ്. പുഴയൊഴുകും വിധമാണ് സ്വര്‍ഗത്തിന്റെ വിവരണങ്ങള്‍. കത്തിക്കാളുന്ന വാക്കുകളിലാണ് നരകത്തെ പരിചയപ്പെടുത്തുന്നത്. മനുഷ്യരിലെ നന്മ വളര്‍ത്തി അവന് ഉന്നതി വരുത്തുകയാണ് അന്തിമ ലക്ഷ്യം. മനുഷ്യന് വേണ്ടിയാണ് പ്രപഞ്ച സൃഷ്ടി. അല്ലാഹുവിന്റെ പ്രതിനിധികളാണ് ഭൂമിയിലുള്ളവരെല്ലാം. സര്‍വ ജീവജാലങ്ങളെയും അവന് കീഴ്‌പെടുത്തി കൊടുത്തിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ സുലഭത മനുഷ്യരെ കര്‍ത്തവ്യബോധത്തില്‍ നിന്ന് പിന്തിരിപ്പിച്ചുകളയുന്നുവെന്ന് വേണം വിചാരിക്കാന്‍. ''ഈ ഖുര്‍ആനെ നാം ഒരു പര്‍വതത്തിനു മേലാണ് അവതരിപ്പിച്ചതെങ്കില്‍ (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെ പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. അവര്‍ ചിന്തിക്കുന്നതിനു വേണ്ടിയാണ് നാം ഉദാഹരണങ്ങള്‍ നിരത്തുന്നത്'' (59:21). മനുഷ്യന്റെ ഭാരിച്ച ഉത്തരവാദിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ വാക്യം. ശക്തിയും ഉത്തരവാദിത്തവും ആര്‍ജിക്കുന്നതിലൂടെയാണ് ആധിപത്യം വരിക. ഭൂമിയില്‍ അല്ലാഹുവിന്റെ അംബാസഡര്‍മാര്‍ എന്ന പദവിയാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്ക് കല്‍പിക്കുന്നത്. ഉത്തമ സമുദായത്തെയാണ് ഖുര്‍ആന്‍ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചതും. അവര്‍ക്കാണ് ഖിലാഫത്ത് (പ്രാതിനിധ്യം) നല്‍കുമെന്ന് വാഗ്ദത്തം ചെയ്തതും. ഖുര്‍ആന്റെ മുന്നിലൂടെയോ പിന്നിലൂടെയോ പാര്‍ശ്വഭാഗങ്ങളിലൂടെയോ അസത്യം കടന്നുവരികയില്ലെന്നതും ഖുര്‍ആനില്‍ നാം വായിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരം സ്ഥാപിതമായ വേഗത, അത് വിളംബരം ചെയ്യുന്ന വിശ്വ മാനവികത, അത് സാക്ഷാത്കരിച്ച പ്രായോഗികത, എല്ലാ സംസ്‌കാരങ്ങളുടെ മേലുമുള്ള അതിന്റെ അജയ്യത-ഇതെല്ലാം എന്നത്തെയും ചര്‍ച്ചാ വിഷയമാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍