Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം

ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി /ലേഖനം

         ഏറ്റവും പുതിയ ആഗോള പ്രവണതകളിലൊന്നാണ് വളരെ പെട്ടെന്ന് വികസിച്ചുവരുന്ന ബഹുസ്വര സമൂഹങ്ങള്‍. എന്നാല്‍, ബഹുസ്വരത എന്നത് ആധുനിക സമൂഹങ്ങളുടെ മാത്രം പ്രത്യേകതയാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. മുന്‍കാലങ്ങളിലും ബഹുസ്വര സമൂഹങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, മറ്റൊന്നിനെയും അനുവദിക്കാത്ത ഏകശിലാ സംസ്‌കാരങ്ങളുടെ മേധാവിത്വം കാരണം ബഹുസ്വരത വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല എന്നു മാത്രം.

മുന്‍കാലങ്ങളിലെ ഏകശിലാത്മക സമൂഹങ്ങള്‍ക്ക് നിയതമായ രീതിയില്‍ തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്താനും ബാഹ്യ സംസ്‌കാരങ്ങളുടെ സ്വാധീനമില്ലാതെ സ്വന്തമായി സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞിരുന്നു. ഈ സമൂഹങ്ങളില്‍ സാംസ്‌കാരിക, വംശീയ വൈജാത്യങ്ങള്‍ തീരെ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. സാംസ്‌കാരികമായി പൂര്‍ണമായും ഒറ്റപ്പെട്ട തുരുത്തുകളായിരുന്നില്ല അവയൊന്നും. അധീശത്വം വാഴുന്ന സംസ്‌കാരങ്ങള്‍ക്ക് ചാരെ സാംസ്‌കാരിക-വംശീയ ന്യൂനപക്ഷങ്ങള്‍ വസിച്ചുവന്നിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും. പിന്നെ അക്കാലങ്ങളില്‍ വ്യാപാരം വഴിയുള്ള അന്താരാഷ്ട്ര ബന്ധങ്ങളും - അവയുടെ വൃത്തം വളരെ പരിമിതമായിരുന്നെന്നും ഇടക്കിടെ മാത്രമേ അത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നുള്ളൂവെന്നും സമ്മതിച്ചുകൊണ്ടുതന്നെ- വിവിധ സംസ്‌കാരങ്ങളെ പരസ്പരം അടുപ്പിക്കാന്‍ ഉപകരിച്ചു. സൈനിക വിജയങ്ങള്‍, പലായനം, ഭക്ഷ്യ വിഭവങ്ങളിലുണ്ടായിരുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയെല്ലാം മുന്‍കാലങ്ങളില്‍ ജനവിഭാഗങ്ങള്‍ക്ക് തനതായ രാഷ്ട്രീയ, സാംസ്‌കാരിക അതിര്‍ത്തികള്‍ മുറിച്ച് കടക്കാന്‍ നിമിത്തമായിട്ടുണ്ട്.

ഇതും ഇതുപോലുള്ള ഒട്ടനവധി ജീവിത യാഥാര്‍ഥ്യങ്ങളും ഒറ്റ സംസ്‌കാരത്തിന്റെ തീവ്രതകളെ കുറച്ച് കൊണ്ടുവരാന്‍ സഹായകമായി. ഏകശിലാ സംസ്‌കാരങ്ങളില്‍ വരെ അത് മാറ്റത്തിന്റെ ശക്തികളെ തുറന്നുവിട്ടു. ബഹു സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഈ കൊള്ളക്കൊടുക്കകള്‍ എക്കാലത്തെയും സാമൂഹിക ജീവിതത്തിന്റെ  അന്തര്‍ധാരയായിരുന്നു. ആ പ്രവാഹം അപ്രതിരോധ്യവുമായിരുന്നു. അത് അധീശത്വം പുലര്‍ത്തുന്ന സംസ്‌കാരത്തെയും ന്യൂനപക്ഷ-വംശീയ സംസ്‌കാരത്തെയും ഒരുപോലെ മാറ്റിമറിച്ചു. പക്ഷേ, പഴയകാലങ്ങളില്‍ പൊതുവെ ന്യൂനപക്ഷ സാംസ്‌കാരികതകള്‍ തഴയപ്പെട്ടതുകൊണ്ട് അവക്ക് രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനായില്ലെന്ന് മാത്രം.

ബഹുസ്വരതയും മുസ്‌ലിംകളും

മുന്‍കാല മുസ്‌ലിംസമൂഹങ്ങളുടെ പ്രത്യേകതയായിരുന്നു ബഹുസ്വരത. മദീനയിലെ ആദ്യകാല ഇസ്‌ലാമിക സമൂഹത്തില്‍ പേര്‍ഷ്യന്‍, അബ്‌സീനിയന്‍ പോലുള്ള വ്യത്യസ്ത വംശീയതകളുണ്ടായിരുന്നു. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ വിവിധ മതവിഭാഗക്കാരും മുസ്‌ലിംകള്‍ക്കൊപ്പം ഒരുമിച്ച് ജീവിച്ചു. ഉമയ്യ-അബ്ബാസി ഭരണകാലങ്ങളില്‍ സാംസ്‌കാരിക, മത വൈവിധ്യങ്ങള്‍ മുസ്‌ലിം രാജ്യഘടനയുടെ സുപ്രധാന സവിശേഷതയായിരുന്നു. ഉസ്മാനികളുടെ ഭരണകാലത്ത് മധ്യ പൗരസ്ത്യങ്ങളിലും യൂറോപ്പിലുമെല്ലാം സമൂഹത്തിന്റെ ബഹുസ്വര സ്വഭാവം വളരെ പ്രകടമായിരുന്നു. ഉസ്മാനികള്‍ക്ക് കീഴില്‍ ബാള്‍ക്കന്‍ സംസ്ഥാനങ്ങളിലെ ഓര്‍ത്തഡോക്‌സ് ഗ്രീക്കുകാരും അര്‍മീനിയന്‍ ജോര്‍ജിയക്കാരും ജൂതന്മാരും മതകീയ സ്വയംഭരണാവകാശമുള്ള സമൂഹങ്ങളായിരുന്നു. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ മുസ്‌ലിം ഭരണാധികാരികള്‍ വളരെയേറെ ശ്രദ്ധ ചെലുത്തി. പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയിലെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക് സമ്പൂര്‍ണ സ്വയം ഭരണാധികാരം ഉണ്ടായിരുന്നു.

മറ്റു സമൂഹങ്ങളില്‍ നിന്ന് അഭികാമ്യവും പ്രയോജനകരവുമായ കാര്യങ്ങള്‍ പകര്‍ത്തുന്നതില്‍ മുസ്‌ലിംകള്‍ എക്കാലത്തും വളരെ ഉദാരമനസ്‌കരായിരുന്നു. ഉഹുദ് യുദ്ധവേളയില്‍ തന്നെ അവര്‍ കിടങ്ങ് കുഴിച്ചുള്ള യുദ്ധതന്ത്രം പേര്‍ഷ്യക്കാരില്‍ നിന്ന് സ്വായത്തമാക്കി; ഗ്രീക്കുകാരില്‍ നിന്ന് അവരുടെ വൈദ്യശാസ്ത്ര രീതികള്‍ പഠിക്കുകയും സമ്പദ്‌സമൃദ്ധി നേടിയ രാജ്യങ്ങളുടെ കറന്‍സി സംവിധാനം കടമെടുക്കുകയും ചെയ്തു. ബൈസാന്റിയക്കാരില്‍ നിന്ന് ഹിജാബ് പോലുള്ള വസ്ത്രധാരണ രീതികളും മറ്റു നാഗരികതകളില്‍ നിന്ന് ശാസ്ത്ര വൈജ്ഞാനിക പൈതൃകങ്ങളും സ്വന്തമാക്കി. ഇന്നത്തെ പാശ്ചാത്യ നാഗരികതയില്‍ നിന്ന് ഭിന്നമായി, ഇതര പൈതൃകങ്ങളോടുള്ള കടപ്പാട് രേഖപ്പെടുത്താന്‍ അവരൊരിക്കലും വിമുഖരായിരുന്നില്ല.1 അതിനാല്‍ വിവിധ സംസ്‌കാരങ്ങളുമായി തൊട്ടുരുമ്മി ജീവിക്കുകയെന്നത് മുസ്‌ലിം ലോകത്തെ സംബന്ധിച്ചേടത്തോളം ഒരുകാലത്തും അന്യമായ ഒന്നായിരുന്നില്ല. മുസ്‌ലിം സമൂഹം ഇതര സംസ്‌കാരങ്ങളോട് സഹിഷ്ണുതയോടെ ഇടപഴകിയെന്ന് മാത്രമല്ല, മത-വംശീയ ന്യൂനപക്ഷങ്ങളുടെ സുരക്ഷക്കും അഭിവൃദ്ധിക്കും വേണ്ടി നിര്‍മാണാത്മകമായ നടപടികള്‍ കൈകൊള്ളുകയും ചെയ്തു.

പക്ഷേ, ഇപ്പറഞ്ഞ മുസ്‌ലിം സമൂഹങ്ങളൊക്കെ തന്നെയും രാഷ്ട്രീയമായി മേധാവിത്വം പുലര്‍ത്തിയിരുന്നു. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും മൊത്തം സ്വഭാവം നിര്‍ണയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ചിലപ്പോള്‍, അവരുടേതല്ലാത്ത കാരണങ്ങളാല്‍ അവരുടെ റോള്‍ തലകീഴായി മറിയുകയും ചെയ്തിട്ടുണ്ട്. അതായത് ക്ഷതം പറ്റിയിട്ടുണ്ടാവുക അവര്‍ക്കായിരിക്കും. ഉദാഹരണത്തിന്, ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യമെടുക്കാം. ബ്രിട്ടീഷ് ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ അവര്‍ ഒരു പ്രബല സമുദായമായിരുന്നെങ്കിലും, കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അവര്‍ക്ക് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ബഹുസ്വര സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ രണ്ട് ആത്യന്തികതകള്‍ ആണ് നമുക്ക് കാണാന്‍ കഴിയുക.

നവീന ബഹുസ്വരതയുടെ സവിശേഷതകള്‍

തീര്‍ത്തും വ്യത്യസ്തമായ ഒരു പാറ്റേണിലാണ് ആധുനിക ബഹുസ്വര സമൂഹങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രധാന മേഖലകളിലെങ്കിലും ആ വ്യത്യസ്തത വളരെ പ്രകടമാണ്. ഒന്ന്, നവീന ബഹുസ്വരത എല്ലാവര്‍ക്കും തുല്യമായി രാഷ്ട്രീയ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നു. മിക്ക ബഹുസ്വര സമൂഹങ്ങളും രാഷ്ട്രീയ ജനാധിപത്യത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രത്തിന്റെ നടത്തിപ്പില്‍ എല്ലാവര്‍ക്കും പങ്കുണ്ടാകുമെന്ന് അത് ഉറപ്പ് വരുത്തുന്നു. രണ്ട്, ആധുനിക ബഹുസ്വരത പൊതുവെ സ്ഥാപിതമായിരിക്കുന്നത് മതമുക്ത, സെക്യുലര്‍ അടിത്തറയിലാണ്. ഓരോ സമൂഹത്തിന്റെയും താത്ത്വിക അടിത്തറകള്‍ എന്തു തന്നെയായിരുന്നാലും, സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളാണ്, ഉയര്‍ന്നുവരുന്ന ഈ സമൂഹങ്ങളുടെ സ്വഭാവത്തെയും വൈവിധ്യത്തെയും സാമൂഹിക ഇടപെടലിനെയും നിര്‍ണയിക്കുന്നത് എന്ന് ഉറപ്പിച്ച് പറയാനാവും.

ആധുനിക ബഹുസ്വരതയുടെ ഈ പ്രകൃതം മുസ്‌ലിംകളെ തീര്‍ത്തും മറ്റൊരു സ്ഥിതിവിശേഷത്തിലാണ് കൊണ്ട് നിര്‍ത്തുന്നത്. സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ സ്വത്വത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത ഒരു വെല്ലുവിളി ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. ആധുനിക ബഹുസ്വരതയാകട്ടെ ഏറക്കുറെ അദൃശ്യമായി വളരെയധികം പുഷ്ടിപ്പെടുകയും കുറെക്കാലമത് നിലനില്‍ക്കാന്‍ പോവുകയാണെന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ വളര്‍ച്ചയുടെ പ്രകൃതവും പ്രാധാന്യവും സൂക്ഷ്മ വായനക്ക് വിധേയമാക്കുക എന്നതാണ് മുസ്‌ലിം സമൂഹം ഇക്കാര്യത്തില്‍ അഭിമുഖീകരിക്കുന്ന ഊരാക്കുടുക്ക് അഴിക്കാനുള്ള ആദ്യ ചുവട്‌വെപ്പ്.

വളര്‍ച്ചയുടെ കാരണങ്ങള്‍

ആധുനിക ബഹുസ്വര സമൂഹങ്ങളുടെ വളര്‍ച്ചക്ക് ശക്തമായ ഒട്ടേറെ ഘടകങ്ങള്‍ രാസത്വരകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. ആ ഘടകങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും ശക്തമായി തുടരുകയും ചെയ്യുന്നു. അതിലൊന്നാമത്തേത് തീര്‍ച്ചയായും, കഴിഞ്ഞ ഏതാനും ദശകങ്ങളിലായി സംഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാ-ഗതാഗത സാങ്കേതിക വിദ്യയുടെ അമ്പരപ്പിക്കുന്ന, അഭൂതപൂര്‍വമായ വളര്‍ച്ചയാണ്. സൂപ്പര്‍ സോണിക് വേഗതയില്‍ പറക്കുന്ന ജംബോ ജെറ്റുകള്‍ ഭൂമിയുടെ ഏതറ്റത്തേക്കുമുള്ള യാത്ര ഏതാനും മണിക്കൂറുകളാക്കി ചുരുക്കിയിരിക്കുന്നു. ആഴ്ചകളും മാസങ്ങളും നീളുന്ന ക്ലേശകരമായ യാത്രകളുടെ കാലം കഴിഞ്ഞിരിക്കുന്നു. യാത്രയും ഗതാഗതവുമെല്ലാം വളരെ ചിട്ടയാര്‍ന്നതും വ്യവസ്ഥാപിതവുമാണിപ്പോള്‍. യാത്രാ നിയമങ്ങളും വ്യവസ്ഥകളും കൂടിയിട്ടുണ്ടെങ്കിലും ഭൂമുഖത്ത് ഏതൊരു സ്ഥലവും കണ്ടുപിടിക്കുക എന്നത് ഇന്നൊരു വിഷയമേ അല്ലാതായിരിക്കുന്നു.

യാത്രയുടെ ഈ ഗതിവേഗവും സൗകര്യങ്ങളും ബിസിനസ്സുകാര്‍ക്കും തൊഴിലന്വേഷകര്‍ക്കും തങ്ങളുടെ ദേശീയ അതിര്‍ത്തികള്‍ക്ക് പുറത്തുള്ള പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ അന്വേഷിക്കാന്‍ പ്രേരണയായി. ഭൂഗോളത്തിന്റെ സ്ഥല വിസ്തൃതി ഒരു 'ഗ്രാമ'ത്തിലേക്ക് ചുരുങ്ങിയ കാലത്താണല്ലോ നമ്മുടെ ജീവിതം. അസാധ്യമായിരുന്നതൊക്കെ സാധ്യമാണെന്ന് വന്നിരിക്കുന്നു. പല വംശക്കാരും വിവിധ പൈതൃകങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഉടമകളുമായ സ്ത്രീ പുരുഷന്മാര്‍-അവരില്‍ വിവിധ വര്‍ണങ്ങളുള്ളവരും പലതരം ഭാഷകള്‍ സംസാരിക്കുന്നവരുമുണ്ട്- ദരിദ്ര രാഷ്ട്രങ്ങളില്‍ നിന്ന് സമ്പന്ന വ്യാവസായിക രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നു; നല്ല ജോലിയും മെച്ചപ്പെട്ട ജീവിത നിലവാരവും തേടി. യാത്രയുടെ വേഗതയും എളുപ്പവും ലോക മൂലധനത്തിന്റെയും തൊഴില്‍ കമ്പോളങ്ങളുടെയും ഏകീകരണത്തില്‍ കലാശിച്ചിരിക്കുന്നു. കുടിയേറാന്‍ ഉദ്ദേശ്യമില്ലാതെ അന്യനാടുകളില്‍ എത്തിപ്പെടുന്ന പലരും പിന്നീട് മനസ്സ് മാറുകയും തങ്ങള്‍ ജോലി ചെയ്യുന്ന നാടുകളില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. വികസിത നാടുകളിലെ തൊഴിലവസരങ്ങള്‍ കണ്ട് പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാത്ത വിദ്യാര്‍ഥികളെയും ധാരാളമായി കാണാം.

യാത്രയിലുണ്ടായ ഈ മാറ്റത്തിനൊപ്പം തന്നെയാണ് വിവര-വിനിയമ സാങ്കേതിക വിദ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവിശ്വസനീയമായ കുതിപ്പുകളെയും കാണേണ്ടത്. ഭൂലോകത്തിന്റെ ഏത് ഭാഗത്തുള്ള ബന്ധുക്കളുമായും ഉറ്റവരുമായും എപ്പോള്‍ വേണമെങ്കിലും ആശയ വിനിമയം നടത്താം എന്നു വന്നതോടെ മറ്റൊരു നാട്ടില്‍ സ്ഥിരതാമസമാക്കുന്നതില്‍ മുമ്പുണ്ടായിരുന്ന വൈകാരിക തടസ്സങ്ങളും നീങ്ങി. ജന്മനാടുമായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ അറുത്ത് മാറ്റാതെ തന്നെ ഒരാള്‍ക്ക് മറ്റൊരു നാട്ടില്‍ സാറ്റലൈറ്റ് നെറ്റ് വര്‍ക്കിന്റെയും മറ്റും സഹായത്തോടെ സ്ഥിര താമസമാക്കാം എന്ന് വന്നതോടെ കുടിയേറ്റത്തിനും അതുവഴി ബഹുസ്വര സമൂഹങ്ങളുടെ നിര്‍മിതിക്കും അത് വലിയ അളവില്‍ കാരണമായി. ഇങ്ങനെ ടെക്‌നോളജിയും സാമ്പത്തിക രംഗവും കൈകോര്‍ത്ത് പിടിച്ച് പുതിയൊരു സാമൂഹിക ബഹുസ്വരതക്ക് ജന്മം നല്‍കിയിരിക്കുകയാണ്.

ഇതോടൊപ്പം ചേര്‍ത്ത് പറയാവുന്ന മറ്റൊരു കാരണം, പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റുമുണ്ടായിരുന്ന അക്രമോത്സുക ദേശീയത ദുര്‍ബലപ്പെട്ടതാണ്. അക്രമോത്സുക ദേശീയത കാരണം അക്കാലങ്ങളില്‍ ചെറിയ സാംസ്‌കാരിക കൂട്ടായ്മകളും സമൂഹങ്ങളുമൊക്കെ മുങ്ങിപ്പോയിരുന്നു. ദേശീയ താല്‍പര്യത്തിന്റെ പേരില്‍ അത്തരം ചെറു ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുകയായിരുന്നു പതിവ്. എന്നാല്‍, ആഗോളീകരണത്തിന്റെ വരവ് ദേശീയ പരമാധികാരത്തെ വലിയൊരളവില്‍ ദുര്‍ബലമാക്കി കഴിഞ്ഞിട്ടുണ്ട്. തല്‍ഫലമായി വിവിധ വംശീയ-സാംസ്‌കാരിക ഗ്രൂപ്പുകള്‍ അവയുടെ സ്വത്വ സംരക്ഷണത്തിന് വേണ്ടി ശക്തമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. മുന്‍ യൂഗോസ്ലാവിയയിലെ സ്ലാവുകളും സെര്‍ബുകളും, മുന്‍ സോവിയറ്റ് യൂനിയനിലെ വിവിധ വംശീയ വിഭാഗങ്ങള്‍, ഇംഗ്ലണ്ടിലെ ഐറിഷ് വിഭാഗം തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങള്‍ നാം കാണുന്നുണ്ട്. അവയില്‍ പലതും തമ്മില്‍ കനത്ത വംശീയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനജീവിതം മെച്ചപ്പെടുത്തുന്നതില്‍ ശാസ്ത്ര-ഭൗതിക ദര്‍ശനങ്ങളുടെ പരാജയം (പ്രത്യേകിച്ച് നീതിയും സമത്വവും പ്രദാനം ചെയ്യുന്നതിലും ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലും) മതകീയ വേരുകള്‍ അന്വേഷിച്ചുപോകാന്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് പ്രചോദനമായി.

ഈ മതകീയ ഉണര്‍വ് ഏഷ്യയുടെ ചില ഭാഗങ്ങളില്‍ പരിമിതമല്ല. യൂറോപ്പിലും അമേരിക്കയിലും ചൈനയിലും അത് കണ്ട് വരുന്നുണ്ട്. ഈ സംഭവവികാസങ്ങള്‍ നേരത്തെ കൃത്രിമമായി പടച്ചുണ്ടാക്കിയ പല ദേശീയതകളെയും പിച്ചിച്ചീന്തിക്കളഞ്ഞു. അത്തരം രാഷ്ട്രങ്ങള്‍ ചിന്നഭിന്നമായി. അങ്ങനെ സമൂഹത്തിലും ബഹുസ്വരത വേര് പിടിക്കാന്‍ തുടങ്ങി.

(തുടരും)

1. ബഞ്ചമിന്‍ ബ്രാന്‍ഡെയും ബെര്‍നാഡ് ലൂയിസും എഴുതിയ 'Introduction' in Christian and Jews in the Ottaman Empire. The Functioning of a Plural Society (N.y. London, 1982) കാണുക.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍