Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

ചാപ്പിള്ളയെ സംബന്ധിച്ച വിധികള്‍

ഇല്‍യാസ് മൗലവി

ചാപ്പിള്ളയെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്ത് നമസ്‌കരിക്കുക തുടങ്ങിയവുമായി ബന്ധപ്പെട്ട വിധികള്‍ എന്തൊക്കെയാണ്?

മരണപ്പെട്ട ഏത് മുസ്‌ലിമിന്റെ പേരിലും അത് കുട്ടിയോ വലിയവനോ, ആണോ പെണ്ണോ ആകട്ടെ ജനാസ നമസ്‌കരിക്കുക എന്നത് മുസ്‌ലിംകള്‍ക്ക് വാജിബായ കാര്യമാണ്. സാമൂഹിക ബാധ്യതയാണിത് (ഫര്‍ദ് കിഫായ). എന്നുവെച്ചാല്‍ സമൂഹത്തിലെ ഏതാനും പേര്‍ ചെയ്താല്‍ ബാക്കിയുള്ളവര്‍ കുറ്റത്തില്‍നിന്ന് രക്ഷപ്പെടും. എന്നാല്‍ ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും ഒന്നടങ്കം കുറ്റക്കാരുമാകും. പരമാവധി എല്ലാവരും നമസ്‌കരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. വളരെ പ്രതിഫലാര്‍ഹമായ കാര്യമാണിത്.

ശിശുക്കള്‍ മരണപ്പെട്ടാല്‍

ഇതിന് രണ്ട് അവസ്ഥകളുണ്ട്. ഒന്ന്: നാല് മാസം പോലും തികയുന്നതിന് മുമ്പ് പുറത്ത് വരുന്ന ചാപ്പിള്ളക്ക്-അത് സ്വമേധയാ പുറത്ത് വരുന്നതോ, ഇനി സര്‍ജറി വഴിയോ, മെഡിസിന്‍ നല്‍കി പുറത്തെടുക്കുന്നതോ ആയാലും ശരി-വേണ്ടി നമസ്‌കരിക്കേണ്ടതില്ലെന്ന കാര്യത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ (5/258) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''നാല് മാസം തികയും മുമ്പ് പ്രസവിക്കപ്പെടുന്നതിനെ കുളിപ്പിക്കുകയോ അതിനുവേണ്ടി നമസ്‌കരിക്കുകയോ ചെയ്യേണ്ടതില്ല. പ്രത്യുത അത് ഒരു തുണിയില്‍ പൊതിഞ്ഞ് മറവു ചെയ്താല്‍ മതിയാകും. ഇതിലാര്‍ക്കെങ്കിലും എതിരഭിപ്രായം ഉള്ളതായി അറിവില്ല'' (അല്‍മുഗ്‌നി 389).

രണ്ട്: നാല് മാസം തികഞ്ഞ ശേഷം പുറത്തുവരുന്ന  ചാപ്പിള്ളകള്‍. അവയ്ക്ക് വേണ്ടി നമസ്‌കരിക്കേണ്ടതാണ്. അതിന്മുമ്പ് കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും വേണം. 'ചാപ്പിള്ളയുടെ മേല്‍ നമസ്‌കരിക്കേണ്ടതാണ്' എന്ന ഇമാം അബൂ ദാവൂദ് ഉദ്ധരിച്ച ഹദീസാണ് ഇതിന് തെളിവ്. ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് ശൈഖ് അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട് (അഹ്കാമുല്‍ ജനാഇസ് 80). തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ചാപ്പിള്ളകള്‍ക്ക് വേണ്ടി നമസ്‌കരിക്കേണ്ടത് തന്നെയാണെന്നാണ് ബോധ്യമാകുന്നത്. നാല് മാസം തികയുകയും ആത്മാവ് ഊതപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലാണിത്. എന്നാല്‍ നാല് മാസം മുമ്പ് മൃതാവസ്ഥയില്‍ പുറത്ത് വരുന്നത് മയ്യിത്തല്ലാത്തതിനാല്‍ നമസ്‌കരിക്കേണ്ടതുമില്ല (അഹ്കാമുല്‍ ജനാഇസ് 81). നാല് മാസം തികയും മുമ്പ് റൂഹ് ഊതപ്പെടാത്തതിനാല്‍ അത്തരം ഭ്രൂണാവസ്ഥയിലുള്ളവയെ മരിച്ചു എന്ന് പറയില്ല (നൈലുല്‍ ഔത്വാര്‍ 4/53). ശാഫിഈ മദ്ഹബിന്റെ വീക്ഷണവും ഇതു തന്നെയാണ്.

പരേതന്റെ പാപമോചനത്തിന് വേണ്ടിയാണ് മയ്യിത്ത് നമസ്‌കാരം എന്നത് ശരിയാണെങ്കിലും ആ ഒരു ലക്ഷ്യം മാത്രമല്ല അതിനുള്ളത്. അങ്ങനെയെങ്കില്‍ ഭ്രാന്തന് വേണ്ടി നമസ്‌കരിക്കേണ്ടതില്ല എന്ന് വരും. എന്നാല്‍ അങ്ങനെയാരും പറയുന്നില്ല (അല്‍ ഹാവി, ഇമാം മാവര്‍ദി: 3/68, മുസ്‌നദ് ഇമാം അഹ്മദ്: 18181). അതുകൊണ്ടായിരിക്കണം മയ്യിത്ത് ശിശുക്കളുടേതാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്ക് പാപമോചനവും (മഗ്ഫിറത്ത്) അല്ലാഹുവിന്റെ കാരുണ്യവും (റഹ്മത്ത്) സൗഖ്യവും (ആഫിയത്ത്) ലഭിക്കാനായി പ്രാര്‍ഥിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചത്. ഇമാം അഹ്മദും അബൂദാവൂദുമെല്ലാം ഉദ്ധരിച്ച സ്വഹീഹായ ഹദീസുകള്‍ ഇതുസംബന്ധമായി കാണാം (മുസ്‌നദ്: 18181, അബൂ ദാവൂദ്: 3180).

ഛേദിക്കപ്പെട്ട അവയവങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കേണ്ടതുണ്ടോ? രോഗികളുടെ ശരീരത്തില്‍നിന്ന് രോഗം ബാധിച്ച അവയവങ്ങള്‍ മുറിച്ച് മാറ്റുന്ന സംഭവങ്ങള്‍ ഇന്ന് വര്‍ധിച്ചിരിക്കുന്നു. ഇങ്ങനെ മുറിച്ചു മാറ്റുന്ന അവയവങ്ങള്‍ സംസ്‌കരിക്കുന്നതിന് ഇസ്‌ലാമികമായി വല്ല വിധികളുമുണ്ടോ?

മുസ്‌ലിമായ ഒരാള്‍ മരിച്ചാല്‍ കുളിപ്പിക്കലും കഫന്‍ ചെയ്യലും മയ്യിത്ത് നമസ്‌കരിക്കലും മറ്റുള്ളവരുടെ മേല്‍ നിര്‍ബന്ധമാണ്. അതൊന്നും ചെയ്യാതെയാണ് മറവു ചെയ്യപ്പെട്ടതെന്ന് അറിഞ്ഞാല്‍ മയ്യിത്ത് പുറത്തെടുത്ത് അതെല്ലാം നിര്‍വഹിച്ച ശേഷം വേണം വീണ്ടും മറമാടാന്‍ എന്നതാണ് ഇസ്‌ലാമിന്റെ വിധി. മൃതദേഹം ലഭ്യമാണെങ്കിലാണിത്.

എന്നാല്‍, അപകടത്തിലോ ദുരന്തത്തിലോ പെട്ട് മൃതദേഹം ലഭ്യമാകാതെ വരികയും, ഏതെങ്കിലും ഒരു അവയവം മാത്രം ലഭിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍, പ്രസ്തുത അവയവം മൃതദേഹം പോലെ പരിഗണിച്ച് നേരത്തെ പറഞ്ഞ നാല് കാര്യങ്ങളും ചെയ്യേണ്ടതാണ്. ഇമാം ശാഫിഈ ഉദ്ധരിക്കുന്നു: ജമല്‍ യുദ്ധം നടന്നപ്പോള്‍ ഒരു പക്ഷി ഒരാളുടെ ഛേദിക്കപ്പെട്ട കൈ കൊണ്ടുവന്ന് ആളുകളുടെ ഇടയില്‍ ഇട്ടു. പരിശോധിച്ചു നോക്കിയപ്പോള്‍ കൈയില്‍ ഒരു മോതിരം കണ്ടു. കൊല്ലപ്പെട്ട അബ്ദുര്‍റഹ്മാനു ബിന്‍ ഇതാബിന്റെ കരമാണതെന്ന് സ്വഹാബികള്‍ തിരിച്ചറിഞ്ഞു. മക്കക്കാര്‍ അത് വെച്ചുകൊണ്ട് മയ്യിത്ത് നമസ്‌കരിച്ചു. ഈയടിസ്ഥാനത്തില്‍, ഒരാളുടെ മൃതദേഹം പൂര്‍ണമായും ലഭിക്കാതിരിക്കുകയും എന്നാല്‍ ഏതെങ്കിലും അവയവങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കിട്ടിയ അവയവങ്ങള്‍ കഴുകി കഫന്‍ ചെയ്ത് നമസ്‌കരിക്കണമെന്ന് ഫുഖഹാക്കള്‍ അഭിപ്രായപ്പെടുന്നു (അല്‍ മജ്മൂഅ്, ഇമാം നവവി: 5/253, അല്‍ മുഗ്‌നി: 2/401, 402).

എന്നാല്‍, ജീവിച്ചിരിക്കുന്ന ഒരാളുടെ മുറിച്ചു മാറ്റപ്പെട്ട അവയവങ്ങള്‍ മാന്യമായി ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞ് മറവു ചെയ്യുകയാണ് വേണ്ടത്. മറ്റു ചടങ്ങുകളോ വിധികളോ ഇത്തരം സന്ദര്‍ഭത്തില്‍ ഇല്ല. ഇമാം നവവി പറയുന്നു: ''മരിച്ചു എന്ന് ഉറപ്പായ ഒരാളുടെ അവയവങ്ങള്‍ക്കാണ് നാം നമസ്‌കരിക്കേണ്ടത്, എന്നാല്‍ ജീവിച്ചിരിക്കുന്നയാളുടെ മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍ക്ക് വേണ്ടി നമസ്‌കാരമില്ല. ഛേദിക്കപ്പെട്ട മോഷ്ടാവിന്റെ കൈക്ക് വേണ്ടിയോ, മരിച്ചോ ഇല്ലയോ എന്ന് സംശയിക്കപ്പെടുന്നവരുടെ അവയവങ്ങള്‍ക്ക് വേണ്ടിയോ നാം നമസ്‌കരിക്കേണ്ടതില്ല. ഇതാണ് ശരിയായ വീക്ഷണം'' (ശറഫുല്‍ മുഹദ്ദബ് 5/254). ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞ് മറമാടിയാല്‍ മതി.

മയ്യിത്ത് നമസ്‌കാരത്തിന്റെ അവസാനം സലാം വീട്ടല്‍ ഒന്നോ അതോ രണ്ടോ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സലഫി സുഹൃത്തും ഒരു സുന്നി സുഹൃത്തും തമ്മില്‍ തര്‍ക്കമുണ്ടായി. സമയമോ സന്ദര്‍ഭമോ അത്തരമൊരു തര്‍ക്കത്തിന് യോജിച്ചതായിരുന്നില്ലെങ്കിലും അത് സംഭവിച്ചു. വിവരമില്ലാത്തതിനാല്‍ തര്‍ക്കത്തിലിടപെട്ട് വല്ലതും പറയാന്‍ ഞാനശക്തനായിരുന്നു. ഇത്ര വാശിപിടിക്കാന്‍ മാത്രം ഉണ്ടോ ഈ വിഷയം? മയ്യിത്ത് നമസ്‌കാരത്തിലെ സലാം ഒന്നോ രണ്ടോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു?

ഇത്തരം ശാഖാപരമായ വിഷയങ്ങളില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം വളരെ വിശാലമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ആദ്യമേ അറിയുക. ഒരു വീക്ഷണക്കാരന് മറുവീക്ഷണം പുലര്‍ത്തുന്നവരെ ആക്ഷേപിക്കാന്‍ വകുപ്പില്ലെന്നും കര്‍മശാസ്ത്ര പഠനത്തിലൂടെ കണ്ടെത്താവുന്നതാണ്. 

ഖണ്ഡിതമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതും വ്യാഖ്യാനത്തിനോ വ്യത്യസ്ത വീക്ഷണങ്ങള്‍ക്കോ പഴുതില്ലാത്തതുമായ വിഷയങ്ങളിലാണ് കണിശത പുലര്‍ത്തേണ്ടത്.

സലഫി സഹോദരനും സുന്നി സഹോദരനും ഈ വിഷയത്തില്‍ അല്‍പം സംയമനം പാലിക്കേണ്ടിയിരുന്നു. മയ്യിത്ത് നമസ്‌കാരത്തിന്റെ സന്ദര്‍ഭം ഇത്തരം തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വേദിയാകാന്‍ ഒരിക്കലും പാടുള്ളതല്ല; വിശിഷ്യ രണ്ട് വീക്ഷണത്തിനും പഴുതുള്ള ഇത്തരം വിഷയങ്ങളില്‍. ഇവിടെ രണ്ടുപേരുടെ വീക്ഷണവും ശരിയാണ്. രണ്ടിനും ആധികാരികതയും വ്യക്തമായ തെളിവുമുണ്ട്. ഇസ്‌ലാമിക ലോകത്തെ എക്കാലത്തെയും പണ്ഡിതന്മാരും ഇമാമുകളും ഇത് അംഗീകരിച്ചതുമാണ്. 

സലഫി പണ്ഡിതന്മാര്‍ എന്തുപറയുന്നു?

മയ്യിത്ത് നമസ്‌കാരത്തില്‍ ഒരു സലാമേയുള്ളൂ എന്ന് വാശിപിടിച്ച സലഫി സുഹൃത്തിന്റെ ശ്രദ്ധ ആധുനിക സലഫി പണ്ഡിതന്മാരിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന, തഖ്‌ലീദ് വിരുദ്ധ നിലപാട് സ്വീകരിച്ചവരില്‍ ഏറ്റവും പ്രമുഖനുമായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയുടെ ഈ വിഷയത്തിലുള്ള നിലപാടിലേക്ക് ക്ഷണിക്കട്ടെ. തന്റെ 'അഹ്കാമുല്‍ ജനാഇസ്' എന്ന ഗ്രന്ഥത്തില്‍ ജനാസ സംസ്‌കരണ നിയമങ്ങള്‍ നമ്പറിട്ട് പറയുന്ന കൂട്ടത്തില്‍ 83-ാം നമ്പറില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു:

''... തുടര്‍ന്ന് ഫര്‍ദ് നമസ്‌കാരങ്ങളിലെന്ന പോലെ, വലത്തോട്ടും ഇടത്തോട്ടുമായി ഉരുവിടുന്ന രണ്ട് സലാം അബ്ദുല്ലാഹിബിനു മസ്ഊദിന്റെ ഹദീസിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറഞ്ഞു: ''മൂന്ന് കാര്യങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍ ചെയ്തിരുന്നത് ആളുകള്‍ ഒഴിവാക്കിക്കളഞ്ഞിരിക്കുന്നു. അതിലൊന്ന് ഇതര നമസ്‌കാരങ്ങളില്‍ സലാം വീട്ടുന്നതുപോലെ ജനാസ നമസ്‌കാരത്തിലും സലാം വീട്ടുക എന്നതാണ്.'' ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അല്‍ബാനി തുടരുന്നു: ''സ്വഹീഹു മുസ്‌ലിമിലും മറ്റും, അബ്ദുല്ലാഹിബ്‌നു മസ്ഊദ് നമസ്‌കാരത്തില്‍ രണ്ട് സലാം വീട്ടിയിരുന്നു എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. നേരത്തെ പറഞ്ഞ ഹദീസില്‍ സാധാരണ പരിചയമുള്ള രൂപത്തില്‍ രണ്ടു സലാം വീട്ടുക എന്നാണദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളതെന്ന് അത് വ്യക്തമാക്കുന്നുണ്ട്. ഇതര നമസ്‌കാരങ്ങളിലും ഒരു സലാം വീട്ടുക എന്നതായിരുന്നു തിരുചര്യ എന്ന് കണക്കാക്കി ജനാസ നമസ്‌കാരത്തിലും ഒരു സലാമേ വീട്ടിയിരുന്നുള്ളൂ എന്നും ആകാവുന്നതാണ്. അതായത് അവിടുന്ന് ചിലപ്പോള്‍ രണ്ടു സലാം വീട്ടിയിരുന്നു, മറ്റു ചിലപ്പോള്‍ ഒരു സലാമായിരുന്നു വീട്ടിയിരുന്നത്.''

പക്ഷേ ഈ സാധ്യത വിദൂരമാണ്, കാരണം തിരുമേനി ഒരു സലാമായിരുന്നു വീട്ടിയിരുന്നത് എന്ന് സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിലും ഇബ്‌നുമസ്ഊദ് അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ആ വിഭാവന 'സാധാരണ നമസ്‌കാരങ്ങളിലെ സലാം വീട്ടുന്നത് പോലെ' എന്ന പ്രസ്താവനയില്‍ പെടുകയുമില്ല.

രണ്ടു സലാം വീട്ടലാണ് പ്രബലം എന്ന ഇബ്‌നു മസ്ഊദിന്റെ ഹദീസിന് മറ്റൊരു തെളിവ് കൂടി ശൈഖ് അല്‍ബാനി ഉദ്ധരിക്കുന്നുണ്ട്. അതെല്ലാം സമര്‍ഥിച്ച ശേഷം 85-ാം നമ്പറില്‍ അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്ത, 'നബി(സ) ഒരു ജനാസക്ക് വേണ്ടി നമസ്‌കരിച്ചു. അങ്ങനെ നാലു തക്ബീറുകള്‍ ചൊല്ലുകയും ഒരു സലാം വീട്ടുകയും ചെയ്തു' എന്ന ഹദീസുദ്ധരിച്ചു കൊണ്ട്, ഒരു സലാമില്‍ ഒതുക്കുന്നതും അനുവദനീയമാകും എന്ന് വ്യക്തമാക്കിയിരിക്കുന്നു. 'ഒരു സലാം വീട്ടിയാലും മതിയാകും' എന്ന പ്രയോഗം ശ്രദ്ധിക്കുക. ഒരു വലിയ സലഫി പണ്ഡിതനാണ് ഇത് പറയുന്നത്. വസ്തുത ഇതായിരിക്കെ എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ വാശിപിടിക്കുന്നത്? 

ശാഫിഈ മദ്ഹബ് എന്തുപറയുന്നു?

മയ്യിത്ത് നമസ്‌കാരത്തില്‍ രണ്ട് സലാം വീട്ടുക തന്നെ വേണമെന്ന് വാശിപിടിച്ച സുന്നി സഹോദരനോട് പറയാനുള്ളതും, ഇത്തരം സന്ദര്‍ഭങ്ങളില്‍ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്നാണ്. സന്ദര്‍ഭത്തിന്റെ തേട്ടം പരിഗണിച്ച് അല്‍പം വിട്ടുവീഴ്ചയാകുന്നത് താങ്കളംഗീകരിക്കുന്ന മഹാനായ ശാഫിഈ(റ) തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ച മാതൃകയാണ്. അത് കൊണ്ടാണല്ലോ ഇമാം അബൂ ഹനീഫ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശത്ത് ചെന്നപ്പോള്‍ ഖുനൂത്ത് ഓതാതെ അദ്ദേഹം സുബ്ഹി നമസ്‌കരിച്ചത്. കാരണം തിരക്കിയ ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞ മറുപടി, 'ഈ ഖബ്‌റില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനോടുള്ള ആദരവ് കൊണ്ട്' എന്നായിരുന്നു.

ശാഫിഈ മദ്ഹബിലെ ഉന്നത ശീര്‍ഷനായ ഇമാം ഗസ്സാലി തന്റെ അല്‍വസീത്വ് എന്ന ഗ്രന്ഥത്തില്‍, മയ്യിത്ത് നമസ്‌കാരത്തില്‍ സലാം ഒന്ന് മതി എന്നതിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത് (അല്‍വസീത്വ്: 2/384).

ഈ വിഷയത്തില്‍ ഇമാം ശാഫിഈയുടെ അഭിപ്രായം ഒരു സലാമാണുള്ളതെന്നും വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാണത് വീട്ടേണ്ടതെന്നും ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ് 5/240). നമ്മുടെ മദ്ഹബനുസരിച്ച് രണ്ട് സലാമാണെന്നും എന്നാല്‍ ഉലമാക്കളില്‍ അധിക പേരുടെയും വീക്ഷണം ഒരു സലാമേയുള്ളൂ എന്നുമാണെന്നും അലി, ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ്, ജാബിര്‍, അനസ്, അബൂഹുറയ്‌റ തുടങ്ങിയ മഹാന്മാരായ സ്വഹാബിമാരുടെയും ഇമാം ഹസന്‍ ബസ്വരി, ഇബ്‌നു സീരീല്‍ തുടങ്ങിയ താബിഉകളുടെയും വീക്ഷണവും അതാണെന്നും ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ് 5/244). ഇമാം ശാഫിഈ പറയുന്നു: ''ഒരു സലാം വീട്ടുകയും അത് അടുത്തുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യുക, ഇനി വേണമെങ്കില്‍ രണ്ട് സലാമും ആകാവുന്നതാണ്'' (കിതാബുല്‍ ഉമ്മ് 1/271).

രണ്ട് പേരുടെയും അറിവിലേക്കായി പറയട്ടെ: ഇത്തരം വിഷയങ്ങളില്‍ ഏതെങ്കിലും ഒരു ഗ്രന്ഥം വായിച്ചതിന്റെ അടിസ്ഥാനത്തിലോ, ഒരു പ്രഭാഷണമോ ക്ലാസ്സോ മാത്രം കേട്ടതിന്റെ അടിസ്ഥാനത്തിലോ, സമൂഹത്തില്‍ പണ്ഡിതന്മാരുള്‍പ്പെടെയുള്ളവര്‍ ചെയ്തുവരുന്ന കാര്യങ്ങളെ ഒറ്റയടിക്ക് നിഷേധിക്കാനോ തള്ളിപ്പറയാനോ, അവരെ പിഴച്ചവരെന്ന് മുദ്ര കുത്താനോ മുതിരരുത്. ശാഖാപരമായതും അഭിപ്രായ വ്യത്യാസത്തിന് പഴുതുള്ളതുമായ വിഷയത്തിലാണിപ്പറഞ്ഞത്. സമൂഹത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിക്കാനും ഛിദ്രതയും വഴക്കും ഇല്ലാതാക്കാനും ശാഖാപരമായ വിഷയങ്ങളില്‍ ചിലപ്പോഴൊക്കെ താന്‍ മനസ്സിലാക്കിയതിനും തനിക്ക് ശരിയാണെന്ന് ബോധ്യമുള്ളതിനും എതിരായതുപോലും ചെയ്യുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക എന്നതായിരുന്നു സച്ചരിതരായ സ്വഹാബിമാരുടെയും സലഫുസ്സ്വാലിഹുകളുടെയും ഇമാമുമാരുടെയും മാതൃക. ഈദൃശമായി പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഇമാം അബൂദാവൂദ് ഉദ്ധരിച്ച ഒരെണ്ണം മാത്രം ഇവിടെ സൂചിപ്പിക്കുന്നു.

മിനായില്‍ വെച്ച് ഉസ്മാനുബ്‌നു അഫ്ഫാന്‍ നാല് റക്അത്ത് നമസ്‌കരിച്ചു.–ഹജ്ജിന് മിനയിലെത്തിയാല്‍ നാല് റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കി നമസ്‌കരിക്കുക എന്നതാണ് പതിവ്. വിവരമറിഞ്ഞപ്പോള്‍ ഇബ്‌നുമസ്ഊദ് പറഞ്ഞു: ഞാന്‍ തിരുമേനിയോടൊപ്പം രണ്ട് റക്അത്താണ് നമസ്‌കരിച്ചത്, അബൂബക്‌റിനോടും ഉമറിനോടുമൊപ്പവും രണ്ട് റക്അത്ത് തന്നെയാണ് നമസ്‌കരിച്ചത്. പിന്നീട് ഇബ്‌നു മസ്ഊദ് നാല് നമസ്‌കരിച്ചപ്പോള്‍ ആളുകള്‍ ചോദിച്ചു: ''ഉസ്മാന്‍ നാല് റക്അത്ത് നമസ്‌കരിച്ചപ്പോള്‍ താങ്കള്‍ കുറ്റം പറഞ്ഞു, എന്നിട്ടിപ്പോള്‍ താങ്കള്‍ തന്നെ നാല് റക്അത്ത് നമസ്‌കരിച്ചിരിക്കുന്നു.'' അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഭിന്നിപ്പ് നാശമാണ്'' (അബൂദാവൂദ്: 1962, മിനായിലെ നമസ്‌കാരം). 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍