ആത്മാഹുതി ചെയ്യുന്ന ഇസ്രയേല്‍
സെപ്റ്റംബര്‍ അവസാന വാരം മൂന്ന് ഇസ്രയേലി സൈനികര്‍ അടുത്തടുത്ത ദിവസങ്ങളിലായി ആത്മഹത്യ ചെയ്യുകയുണ്ടായി. അവര്‍ കഴിഞ്ഞ ജൂലൈ 8 മുതല്‍ ആഗസ്റ്റ് 26 വരെ 50 ദിവസം നീണ്ട ഗസ്സ ആക്രമണത്തില്‍ പങ്കെടുത്തവരായിരുന്നു. 'ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്' എന്ന് ഔദ്യോഗികമായി ഇസ്രയേല്‍ നാമകരണം നല്‍കി ആരംഭിച്ച ഈ യുദ്ധത്തില്‍ ആത്മഹത്യ ചെയ്ത ഈ മൂന്ന് സൈനികരും ഗിവാത്തി ബ്രിഗേഡില്‍ പെട്ടവരും ഗസ്സക്കെതിരെയുള്ള കരയാക്രമണത്തില്‍ പങ്കെടുത്തവരുമായിരുന്നു. ഇസ്രയേല്‍ സൈനിക നിരയിലെ ഏറ്റവും വരേണ്യ മിലിട്ടറി യൂനിറ്റുകളില്‍ ഒന്നായി അറിയപ്പെടുന്ന സൈനിക ബ്രിഗേഡ് ആണ് ഗിവാത്തി ബ്രിഗേഡ്. ഇസ്രയേല്‍ പത്രങ്ങള്‍ പറയുന്നത് പ്രകാരം മൂന്നു പേരുടെ മൃതദേഹത്തോടൊപ്പവും അവരവരുടെ ഡ്യൂട്ടി സമയത്തെ തോക്കുകള്‍ ഉണ്ടായിരുന്നു എന്നാണ്. ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) യുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ (സി.ഐ.ഡി) അന്വേഷണം ഏറ്റെടുത്തിരിക്കയാണ്. അന്വേഷണത്തിന്റെ പ്രഥമ ഘട്ടം പരിശോധിക്കുന്നത് സൈനികര്‍ യുദ്ധം മൂലം വൈകാരികമായ മാനസിക സംഘര്‍ഷത്തില്‍ പെട്ടിരുന്നോ, അങ്ങനെ യുദ്ധത്തിന്റെ അനന്തര ഫലമെന്നോണം ആത്മഹത്യ ചെയ്തതാണോ എന്നാണ്. ഇസ്രയേലിലെ മാരിവ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്, 51 ദിവസത്തെ 'എടുത്തെറിയപ്പെട്ട' ആക്രമണത്തിനുശേഷം സെനികര്‍ കടുത്ത മാനസിക വിഭ്രാന്തിയും വിഷാദവും അനുഭവിച്ചിരുന്നു എന്നാണ്. 2011 മുതല്‍ക്ക് പുതിയ സൈനിക നിയമങ്ങള്‍ വരികയും സൈനികര്‍ക്ക് അവരവരുടെ വീടുകളിലേക്ക് സുരക്ഷക്കെന്നോണം തോക്കുകള്‍ കൊണ്ടുപോകാനുള്ള മുമ്പത്തെ അനുമതി ഇല്ലാതാക്കുകയും ചെയ്തിരുന്നു. ഇതവരുടെ സുരക്ഷയെ ബാധിച്ചു. തോക്കുകള്‍ സൈനികര്‍ക്ക് കൊടുത്ത് വിടുന്നതും സുരക്ഷയെ ബാധിക്കുമായിരുന്നു. കാരണം ഹമാസിന്റെ തുരങ്കങ്ങളും ഒളിപ്പോരാളികളും സൈനികരെ തട്ടിക്കൊണ്ട് പോവുകയോ അവരുടെ അത്യന്താധുനിക സംവിധാനമുള്ള ആയുധങ്ങള്‍ കൈവശപ്പെടുത്തുകയോ ചെയ്യുമോ എന്ന ഭയവും അവരെ അലട്ടിയിരുന്നു. പിന്നെ ട്രെയ്‌നിംഗ് ക്യാമ്പുകളില്‍ അനുഭവിച്ചിരുന്ന സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും സൈനികരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിരുന്നു എന്നാണ് മാരിവ് റിപ്പോര്‍ട്ട്.
പ്രമുഖ ഓവര്‍സീസ് പ്രസ് ക്ലബ് ഓഫ് അമേരിക്ക അവാര്‍ഡ് കോ-വിന്നറും ആസ്‌ത്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ടൈംസ് ഇന്റര്‍നാഷ്‌നല്‍ പത്രത്തിന്റെ വിദേശ കറസ്‌പോണ്ടന്റും കൂടിയായ സീസര്‍ ശെലാല (Cesar Chelala) തന്റെ 'Israeli Soldiers' Suicides: The Untold Story' (ഇസ്രയേല്‍ സൈനികരുടെ ആത്മഹത്യകള്‍: പറയപ്പെടാത്ത കഥകള്‍) എന്ന ലേഖനത്തില്‍ ഇപ്രകാരം പറയുന്നുണ്ട്:
''കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) യിലെ 237ല്‍ പരം സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്തവര്‍ അധികവും ഫലസ്ത്വീന്‍ അധിനിവേശത്തിലും അക്രമ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിട്ടുള്ളവരാണ്. അതായത് ഓരോ വര്‍ഷവും 24 സൈനികര്‍ വീതം ആത്മഹത്യ ചെയ്യുന്നു. ഐ.ഡി.എഫ് തന്നെ ശേഖരിച്ച ഈ കണക്കുകള്‍ 'ഈഷ്‌തോന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ആണ് പുറത്തുവിട്ടത്. 'മനുഷ്യന്‍' എന്നു 'പത്രം' എന്നും അര്‍ഥമുള്ള രണ്ട് ഹീബ്രു പദങ്ങള്‍ ചേര്‍ന്നാണ് 'ഈഷ്‌തോന്‍' രൂപപ്പെട്ടത്. ഈഷ്‌തോന്‍ ഈ ആത്മഹത്യാ കണക്കുകള്‍ തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ട ഉടനെ ഐ.ഡി.എഫും ഇസ്രയേല്‍ പോലീസും അയാളെ ചോദ്യം ചെയ്തു. എത്ര പേര്‍ ആത്മഹത്യ ചെയ്തു എന്ന യഥാര്‍ഥ കണക്കുകള്‍ മാത്രമായിരുന്നില്ല. മറിച്ച് ഇത്രയും യുവസൈനികരെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെടുമോ എന്നതായിരുന്നു അയാളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കാരണം ബ്ലോഗര്‍ വിശ്വസിച്ചിരുന്നു ഐ.ഡി.എഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട 'ഔദ്യോഗിക' കണക്കും യഥാര്‍ഥ ആത്മഹത്യാ കണക്കുകളും തമ്മില്‍ വളരെ വ്യക്തമായ വ്യത്യാസം ഉണ്ടെന്ന്. 'യിസ്‌കോര്‍' (Yizkor) എന്ന പേരില്‍ അറിയപ്പെടുന്ന, മരണപ്പെട്ടവരെ അനുസ്മരിക്കുന്ന ഇസ്രയേലി വെബ്‌സൈറ്റില്‍ 'റിമെമ്പറന്‍സ് പേജില്‍' കൊടുത്ത കണക്കുകള്‍ ഔദ്യോഗിക കണക്കുകളില്‍ നിന്നും വളരെ വ്യത്യാസമുള്ളതായിരുന്നു. വെളിപ്പെടുത്തപ്പെട്ടതിനെക്കാളും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തതായി പിന്നീട് കണ്ടെത്തുകയും ചെയ്തു.''
''തങ്ങളുടെ പ്രിയപ്പെട്ടവരെ ആത്മഹത്യ ചെയ്തവരുടെ ഗണത്തില്‍ പെടുത്തണം എന്ന് പലപ്പോഴും ആത്മഹത്യ ചെയ്ത സൈനികരുടെ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ പല സൈനിക ആത്മഹത്യകളെയും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം സ്വാഭാവിക മരണങ്ങളായോ അപകട മരണങ്ങളായോ ഒക്കെയാണ് കണക്കില്‍ പെടുത്തിയത്. ഇത് ഐ.ഡി.എഫുകാര്‍ തന്നെ സമ്മതിച്ച കാര്യവുമാണ്. അതാണ് യഥാര്‍ഥ കണക്കുകള്‍ സൈനികര്‍ തന്നെ പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണവും. ഔദ്യോഗിക കണക്കുകളും അല്ലാത്തവയും തമ്മില്‍ വളരെ വ്യത്യാസം വരാന്‍ കാരണം ഇതായിരുന്നു. പ്രസിദ്ധീകരിച്ച കണക്കുകളില്‍ തന്നെ ആത്മഹത്യാ സാഹചര്യങ്ങള്‍ മനഃപൂര്‍വം അവര്‍ ചേര്‍ക്കാതിരിക്കുകയും ചെയ്തിരുന്നു.''
ഇസ്രയേലി പത്രമായ 'ഹാരെറ്റ്‌സ്' (Haretz) ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഒരു സൈക്യാട്രിസ്റ്റ് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരുന്നു: ''മറ്റുള്ളവരുടെ ആത്മഹത്യാ കണക്കുകള്‍ നോക്കിയാലും സൈനികരുടെ ആത്മഹത്യയില്‍ വളരെ പ്രകടമായ ചില വ്യത്യാസങ്ങള്‍ കണ്ടിരുന്നു. ഒറ്റപ്പെടലോ വിഷാദമോ ബാധിച്ച സിവിലിയന്‍സിനെയാണ് മറ്റുള്ളവര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ സൈനികരില്‍ അധികവും മാനസികവും ശാരീരികവുമായി നല്ല ആരോഗ്യകരമായ ജീവിതം നയിക്കുന്നവര്‍ തന്നെയായിരുന്നു. പക്ഷേ ഇത്തരം പ്രശ്‌നങ്ങളെക്കാളും സന്തോഷപ്രദമായതോ സ്വാഗതാര്‍ഹമായതോ ആയ ഒരു ജീവിത ചുറ്റുപാട് അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണം.''
ബ്ലോഗര്‍ ഈഷ്‌തോന്‍ പറയുന്നത് ആത്മഹത്യ ചെയ്യുന്ന സൈനികരുടെ തത്തുല്യ പ്രായത്തിലുള്ള, എന്നാല്‍ സൈനിക സേവനം അനുഷ്ഠിക്കാത്ത ഇസ്രയേലി യുവാക്കളുടെ ആത്മഹത്യാ നിരക്ക് സൈനികരെ അപേക്ഷിച്ച് വളരെ കുറവാണ് എന്നാണ്. അതായത് സമപ്രായക്കാരായ ഇസ്രയേലി യുവാക്കളില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന യുവാക്കളാണ് ആത്മഹത്യയില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ ഉള്ളത് എന്നര്‍ഥം. ഇസ്രയേലി സൈനികരുടെ ആത്മഹത്യ പല രീതിയിലാണ് വിശദീകരിക്കപ്പെടുന്നത്. സൈനികര്‍ തങ്ങളുടെ മനഃസ്സാക്ഷിക്കും ധാര്‍മികതക്കും നിരക്കാത്ത പല കാര്യങ്ങളും നിര്‍ബന്ധിതമായി ചെയ്യേണ്ടി വരുമ്പോള്‍ അതവരെ കടുത്ത മാനസിക, ധാര്‍മിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു എന്നാണ് ആത്മഹത്യാ തുടര്‍ച്ചകളുടെ ഒരു പ്രധാന കാരണമായി പറയപ്പെടുന്നത്.
2008 ഡിസംബര്‍ 27 മുതല്‍ 2009 ജനുവരി 18 വരെ മൂന്നാഴ്ചയോളം ഇസ്രയേല്‍ നടത്തിയ ഗസ്സ ആക്രമണത്തിന് 'ഓപറേഷന്‍ കാസ്റ്റ് ലീഡ്' എന്നാണ് പേര് നല്‍കപ്പെട്ടത്. 2004-ല്‍ രൂപം നല്‍കപ്പെട്ട Breaking the Silence [http:/www.breakingthesilence.org.il/]എന്ന സംഘടന 2009-ല്‍ മേല്‍പ്പറഞ്ഞ യുദ്ധവുമായി ബന്ധപ്പെട്ട വളരെ വിവാദപരമായ ഒരു റിപ്പോര്‍ട്ട് തെളിവുകള്‍ സഹിതം പുറത്തുകൊണ്ടു വരികയുണ്ടായി. ഉടനെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം സ്‌പെയിന്‍, നെതര്‍ലാണ്ട്‌സ് തുടങ്ങിയ വിദേശ രാജ്യങ്ങളോട് ഈ സംഘടനക്ക് നല്‍കിക്കൊണ്ടിരുന്ന ഫണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ സംഘടന പട്ടാളക്കാരുടെ പക്കല്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച് 'Our Harsh Logic: Israeli Soldiers' Testimonies From the Occupied Territories, 2000-2010' എന്ന പേരില്‍ ഒരു പുസ്തകം ഇറക്കുകയുണ്ടായി. അതില്‍ ഇസ്രയേലി എന്‍.ജി.ഒകള്‍ നടത്തിയ ഏകദേശം 145ഓളം വരുന്ന അഭിമുഖങ്ങളാണ് ഉണ്ടായിരുന്നത്. എങ്ങനെയാണ് അധിനിവേശം ഇസ്രയേലി സൈനികര്‍ക്ക് വൈകാരിക സംഘര്‍ഷം തീര്‍ക്കുന്നതെന്നും ഫലസ്ത്വീന്‍ പ്രതിപക്ഷത്തെ എങ്ങനെയെല്ലാമാണ് അവര്‍ അമര്‍ച്ച ചെയ്യുന്നതെന്നും ആ തെളിവുകള്‍ വ്യക്തമായും പറഞ്ഞുതരുന്നുണ്ട്.
അതില്‍ ഒരു തെളിവ് ഇങ്ങനെയാണ്. ഹെബ്രോനിലെ നെഹാല്‍ ബ്രിഗേഡില്‍ പെട്ട, പോലീസ് ഇന്‍സ്‌പെക്ടര്‍ പദവിക്ക് താഴെയുള്ള ഒരു ഉദ്യോഗസ്ഥന്‍ രണ്ട് സ്‌കൂള്‍ കുട്ടികളെ കൈകാര്യം ചെയ്ത വിധം വിവരിക്കുന്നുണ്ട്. കുട്ടികള്‍ അവരുടെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കുള്ള വഴിയെ പടക്കം കത്തിച്ചു പൊട്ടിച്ചു രസിച്ചാണ് പോയിരുന്നത്. ഈ സ്റ്റാഫിനോട് ഇന്റര്‍വ്യൂവിനിടയില്‍ ചോദിച്ചു: ''കുട്ടികള്‍ പടക്കം കത്തിക്കുന്നതും പൊട്ടിക്കുന്നതും നിങ്ങള്‍ കണ്ടിരുന്നോ? അവരുടെ പ്രായം എത്രവരും?'' ഉടനെ അയാള്‍ മറുപടി നല്‍കി: ''ഇല്ല ഇല്ല. അവര്‍ പടക്കം കത്തിക്കുന്നതോ പൊട്ടിക്കുന്നതോ ഒന്നും ഞങ്ങള്‍ കണ്ടിരുന്നില്ല. അവര്‍ ഞങ്ങളുടെ മുമ്പിലൂടെ നടന്നുപോവുകയാണുണ്ടായത്. ഒരുപക്ഷേ അവര്‍ ഓടുകയായിരുന്നിരിക്കണം. അതെനിക്ക് കൃത്യമായി ഓര്‍മയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. ഞങ്ങള്‍ അവരെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനായി അവരെ ഞങ്ങള്‍ തടഞ്ഞുനിര്‍ത്തി. രണ്ടു കുട്ടികളില്‍ ഒരാള്‍ തീരെ ചെറിയ കുട്ടിയായിരുന്നു. ഒന്നുകില്‍ ഒരു നാലോ അഞ്ചോ വയസ് കാണും. തന്റെ സഹോദരനോടൊപ്പമുള്ള ആ ഇളയ കുട്ടി ചിലപ്പോള്‍ കിന്റര്‍ ഗാര്‍ട്ടനിലോ ഫസ്റ്റ് ഗ്രേഡിലോ ആകാനേ സാധ്യതയുള്ളൂ. അവരെയാണ് ഞങ്ങള്‍ പരിശോധന എന്ന പേരില്‍ തടഞ്ഞുനിര്‍ത്തിയത്!!!''
''സാധാരണയായി അവരെ പേടിപ്പിക്കാന്‍ ചെയ്യുന്നത് പോലെ അവരുടെ തലക്കു നേരെ ഞങ്ങള്‍ ഞങ്ങളുടെ തോക്കുകള്‍ ചൂണ്ടിയിട്ടില്ലായിരുന്നു. എന്നാല്‍ പോലും ഇത് എന്നെ സംബന്ധിച്ചും ഹെബ്രോനിനെ സംബന്ധിച്ചും വളരെ വിഷമകരമായ ഒരു പ്രശ്‌നം തന്നെയായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് ചെന്നിട്ട് ഒരു ഇളംപൈതലിനെ പരിശോധിക്കുകയാണ്. അവിശ്വസനീയമാണത്. ഞാന്‍ പരിശോധിച്ചു. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. എനിക്ക് ആ സമയത്ത് എന്നെക്കുറിച്ച് തന്നെ വളരെ മനുഷ്യത്വമില്ലാത്തവനും അധാര്‍മികനുമെന്ന് തോന്നാന്‍ തുടങ്ങി. ശരിയാണ് ഞങ്ങള്‍ ആയുധം അവര്‍ക്ക് നേരെ ചൂണ്ടിയിട്ടില്ല. ഞങ്ങള്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ അവരോട് ഒച്ചവെക്കുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ അവരെ പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാലും ഇതൊക്കെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമോ? എനിക്കറിയില്ല. എന്റെ മനസ്സ് വേദനിക്കുകയാണ്. ഞാന്‍ മുമ്പും പറഞ്ഞല്ലോ ഞാന്‍ വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. ഞാന്‍ ട്യൂട്ടര്‍ ആയിരുന്നു. ഞാനും കുട്ടികളുമായും യുവാക്കളുമായും ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍മിയില്‍ ചേരുംമുമ്പ് ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ഥികളോടൊപ്പം ചേര്‍ന്ന് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയൊന്നാലോചിച്ചു നോക്കൂ, അങ്ങനെ അനുഭവ പരിചയമുള്ള ഈ ഞാന്‍ അത്തരം ചെറുപ്രായവും പൊക്കവും മാത്രമുള്ള ഒരു ഇളംപൈതലിനെ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി പരിശോധിക്കുക എന്ന് പറഞ്ഞാല്‍ എത്രമാത്രം മനുഷ്യത്വരഹിതം ആണത്!!''
ഇക്കഴിഞ്ഞ 'ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്' എന്ന ഗസ്സ ആക്രമണ സമയത്ത് നൂറിലധികം സൈനികരെ മാനസികാരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു എന്ന് ഇസ്രയേലിലെ പ്രമുഖ പത്രമായ ഹാരെട്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധം അവസാനിക്കുമ്പോഴേക്ക് അതിന് വിധേയരായ സൈനികരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിരുന്നുവത്രെ. സൈക്കോളജിക്കല്‍ സഹായം ആവശ്യമുള്ള സൈനികര്‍ ബന്ധപ്പെടണം എന്ന നിര്‍ദേശവും ഐ.ഡി.എഫ് മാനസികാരോഗ്യ വിഭാഗം നിരന്തരമായി നല്‍കിയിരുന്നു. അതിനുവേണ്ടി സൈനിക ഡോക്ടര്‍മാരെ കൂടാതെ സിവിലിയന്‍ ഡോക്ടര്‍മാരുടെ സേവനം കൂടി ഉറപ്പുവരുത്തിയിരുന്നു. 51 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിനിടയില്‍ സൈനികര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിരവധി ടെക്സ്റ്റ് മെസേജുകളും അയച്ചിരുന്നു.
മറച്ചുവെക്കപ്പെടുന്ന ആത്മഹത്യാ കണക്കുകള്‍
ഐ.ഡി.എഫ് കണക്ക് പ്രകാരം 2013-ല്‍ യുവസൈനികരാണ് ആത്മഹത്യ ചെയ്തത്. അതില്‍ ആറ് പേര്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിക്കുന്നവര്‍ ആയിരുന്നു. ഒരാള്‍ സൈനിക മേജറാണ്. എന്നിട്ടും ഐ.ഡി.എഫിലെ ഉന്നത ഡയറക്ടര്‍ പറഞ്ഞത് നിര്‍ബന്ധിത സൈനിക സേവനവും ആത്മഹത്യയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്നതിനു യാതൊരു തെളിവും തന്നെയില്ല എന്നാണ്.
മറ്റു കണക്കുകള്‍ പ്രകാരം 1990-2000 ത്തിനിടയില്‍ ഓരോ വര്‍ഷവും 40 ഓളം സൈനികര്‍ ആത്മഹത്യ ചെയ്തിരുന്നു എന്നാണ്. അങ്ങനെ പത്തു വര്‍ഷത്തിനിടക്ക് ഏകദേശം 237 ഓളം പേര്‍ ആത്മഹത്യ ചെയ്തു. ഓരോ വര്‍ഷവും 24 സൈനിക ട്രൂപ്പുകളെങ്കിലും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു എന്നാണു രഹസ്യമായി വെളിവാക്കപ്പെട്ട സൈനിക റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. 2003-ല്‍ ഇസ്രയേലി പത്രമായ മാരിവ് (www.maariv.co.il) ല്‍ വന്ന ലേഖനത്തില്‍ ഇസ്രയേലി സൈനികരുടെ മരണത്തിന്റെ ഒരു പ്രധാന ഭാഗം ആത്മഹത്യയാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്രയേലി യുദ്ധകാര്യ മന്ത്രാലയം ഈയടുത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലും, യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടിയ നിരക്കിലാണ് ആത്മഹത്യയിലൂടെ സൈനികര്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് എന്ന് വെളിപ്പെടുത്തുകയുണ്ടായി. അതായത് ഓരോ രണ്ട് ആഴ്ചയിലും ഒരു സൈനികന്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നര്‍ഥം. റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം 2005 ന്റെ തുടക്കത്തില്‍ ഏകദേശം 16 ഓളം സൈനികര്‍ ആത്മഹത്യ ചെയ്തിരുന്നു എന്നാണ്. സൈനിക ഓപ്പറേഷനുകള്‍, ട്രാഫിക് അപകടങ്ങള്‍, ട്രെയ്‌നിംഗ് മൂലം സംഭവിക്കുന്ന മരണങ്ങള്‍ എന്നിവയെക്കാളും അധിക നിരക്കിലാണ് സൈനിക ആത്മഹത്യാ നിരക്ക്. International Middle East Media Centre (IMEMC) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലേഖകന്‍ സഈദ് ബിന്‍ നൂറ 1980 മുതല്‍ 2005 വരെയുള്ള സൈനികാത്മഹത്യാ കണക്കുകള്‍ കൊടുത്തിട്ടുണ്ട്. അതിപ്രകാരമാണ്. 1980 (35), 1981 (20), 1982 (31), 1983 (19), 1984 (36), 1985 (86), 1986 (15), 1987 (29), 1988 (30), 1989 (41), 1990 (35), 1991 (41), 1992 (37), 1993 (38), 1994(43), 1995 (43), 1996 (29), 1997 (32), 1998 (37), 1999 (30), 2000 (24), 2001 (38), 2002 (26), 2003 (37), 2004 (25). 2005-ല്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്ന ജൂണ്‍ 18 വരെയും 16 ഓളം സൈനികര്‍ ആത്മഹത്യ ചെയ്തതായാണ് 'ആത്മഹത്യ ഇസ്രയേല്‍ സൈന്യത്തിന്റെ ഒന്നാം നമ്പര്‍ കൊലയാളി' എന്ന ലേഖനത്തിലൂടെ ലേഖകന്‍ സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈനിക ആത്മഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. പകരം ഹമാസിന്റെ 'ആത്മഹത്യാ ബോംബുകളെ' കുറിച്ചുള്ള നൂറുകണക്കിന് വിവരങ്ങള്‍ അതില്‍നിന്ന് ലഭ്യമാവുകയും ചെയ്യുന്നു.
കുടിയേറ്റക്കാരുടെ നാട്
ഇസ്രയേല്‍ എന്നത് പലതരം കുടിയേറ്റക്കാരുടെ കേവലം ഒരു സംഗമഭൂമി മാത്രമാണ്. ഇന്ത്യയെയോ അറബ് രാഷ്ട്രങ്ങളെയോ പോലെ മഹത്തായ നദീതട സംസ്‌കാരങ്ങളോ ചരിത്രം രേഖപ്പെടുത്തിയ സാംസ്‌കാരിക ഭൂമികയോ അതിനില്ല. ഉള്ളത് മുഴുവന്‍ ഫലസ്ത്വീന്റെ ഭൂമികയിലും ജെറൂസലമിന്റെയോ ബെത്‌ലഹേമിന്റെയോ പേരിലുമാണ്. ഇസ്രയേല്‍ എന്ന പേരിലല്ല. അതായത് ഇസ്രയേല്‍ എന്നത് ഒരു കൃത്രിമ രാഷ്ട്രമാണ്. അത് നിലനില്‍ക്കുന്നത് അവരുടെ പ്രാചീന സംസ്‌കാരം കൊണ്ടോ, വെറും സാമ്പത്തിക ശേഷിയാലോ, ഇതര രാഷ്ട്രങ്ങളുമായുള്ള ചരിത്രപരമായ സാംസ്‌കാരിക-വാണിജ്യ-ക്രയവിക്രയങ്ങള്‍ കൊണ്ടോ അല്ല. കേവലം സൈനിക ശേഷി കൊണ്ട് മാത്രമാണ്. ആ സൈനിക ശേഷിയുടെ ഏറ്റവും വലിയ നിശബ്ദ കൊലയാളിയായി ആത്മഹത്യാ നിരക്ക് കുതിച്ചുകയറുമ്പോള്‍ തീര്‍ച്ചയായും അത് മേല്‍പ്പറഞ്ഞ ചരിത്ര നാഗരികതയോ പ്രാചീന സംസ്‌കാരമോ അവകാശപ്പെടാനില്ലാത്ത ഒരു 'സങ്കരയിനം ആള്‍ക്കൂട്ടത്തെ' സംബന്ധിച്ച് നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമായി മാറും.
ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം മുമ്പേ അവരുടെ അസ്തിത്വവും ഇപ്പോള്‍ അവരുടെ സൈനികമായ ശക്തിയും ദിനം പ്രതിയെന്നോണം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സത്യസന്ധവും സമാധാനപൂര്‍ണവുമായ നിലയില്‍, മറ്റ് സെമിറ്റിക് മതസമൂഹങ്ങളുമായി പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതിന് പകരം, ഇനിയും സൈനികമായ ഉത്തരം തേടാന്‍ തന്നെയാണ് അവര്‍ ശ്രമിക്കുന്നതെങ്കില്‍ പശ്ചിമേഷ്യയുടെ മണ്ണില്‍നിന്നും മെഡിറ്ററേനിയന്‍ തീരത്തുനിന്നും ക്രമേണ ഇല്ലാതാകാനുള്ള എളുപ്പവഴിയാണ് അവര്‍ തെരഞ്ഞെടുക്കുന്നതെന്ന് പഠനങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്.
ഇപ്പോള്‍ തന്നെ പലരും നിര്‍ഭയ ജീവിതത്തിനായി യൂറോപ്പിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ന്യൂജനറേഷന്‍ ദമ്പതികളും കുടുംബങ്ങളും. ഉപരി പഠനങ്ങള്‍ക്ക് ഇസ്രയേല്‍ വിട്ടുപോകുന്നവര്‍, പഠനവും ജോലിയും തുടരുന്ന അതതു രാജ്യങ്ങളില്‍ തന്നെ പൗരത്വം എടുത്ത് സ്ഥിരമായി തങ്ങുന്നുമുണ്ട്. ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍ പോലുള്ള, പൂര്‍വികരായ ജൂതസമൂഹങ്ങള്‍ ജീവിച്ചിരുന്ന കാക്കസസ് മേഖലകളിലേക്ക് മടങ്ങിപ്പോകുന്നവരും ഇപ്പോള്‍ കൂടുതലാണ്. ഇസ്രയേല്‍ ആരോഗ്യ മന്ത്രി തന്നെ പറഞ്ഞത് ഈ മേഖലകളില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ജൂതരിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കണ്ടുവരുന്നത് എന്നാണ്.
ഇറാഖിലെ 'ഇസ്‌ലാമിക് സ്റ്റേറ്റ്' ഭീകരവാദവും ഇസ്രയേല്‍ ഭീകരവാദവും ഒരേപോലെ എതിര്‍ക്കപ്പേടേണ്ടതാണെന്ന് തുറന്നുപറയാന്‍ ഇസ്രയേല്‍ പാര്‍ലമെന്റ് എം.പിമാരും അക്കാദമിക് വിദഗ്ധരും ഇപ്പോള്‍ തയാറാവുന്നുണ്ട്. ലോകാടിസ്ഥാനത്തില്‍ തന്നെ സര്‍വകലാശാലകളിലും അക്കാദമിക രംഗങ്ങളിലും മുമ്പെന്നത്തേക്കാളും കടുത്ത ഇസ്രയേല്‍ വിരുദ്ധ നീക്കങ്ങളും പഠനങ്ങളും ആണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വീഡനും നോര്‍വെയും റഷ്യയും അയര്‍ലണ്ടും പോലുള്ള രാഷ്ട്രങ്ങള്‍ പരസ്യമായി ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുവാനുള്ള പ്രമേയങ്ങളും പ്രഖ്യാപനങ്ങളും നടത്തിക്കഴിഞ്ഞു. അറബ് വസന്താനന്തര നവജാഗരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള ഇസ്രയേലിന്റെ യൂറോപ്യന്‍ സാമന്ത രാഷ്ട്രങ്ങള്‍ പോലും ഫലസ്ത്വീന്‍ രാഷ്ട്രരൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഒരിക്കല്‍ ആട്ടിപ്പായിക്കപ്പെട്ട ജൂതജനത ഇനിയും വീണ്ടും തിരിച്ച് യൂറോപ്പിലേക്ക് തന്നെ വരുന്നത് യൂറോപ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ദ്വിരാഷ്ട്ര രൂപീകരണം മാത്രമേ ഇനി അവര്‍ക്ക് മുന്നിലും പോംവഴിയുള്ളൂ. അതായത് പശ്ചിമേഷ്യന്‍ ഭൂപടത്തില്‍ നിന്ന് ഫലസ്ത്വീന്‍ എന്ന പേര് പോലും അവശേഷിപ്പിക്കാതെ, വംശീയാടിസ്ഥാനത്തിലുള്ള ഒരു ജൂത രാഷ്ട്ര നിര്‍മാണം എന്ന ഇസ്രയേല്‍ സ്വപ്നം കേവലം സങ്കല്‍പമായും മിഥ്യയായും മാറിക്കഴിഞ്ഞു. ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാവുകയാണ്. അധിനിവേശവും അക്രമവും ആത്മഹത്യകളും ആഭ്യന്തരമായി ഇസ്രയേലിന് അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തനതായ അസ്തിത്വമില്ലാത്ത, ജീവിക്കാന്‍ ഏറെ കൊതിക്കുന്ന, മരണത്തെ അങ്ങേയറ്റം ഭയക്കുന്ന, ചരിത്ര പാരമ്പര്യമില്ലാത്ത ഒരു സങ്കരയിനം ജനതക്ക് മരണഭയമില്ലാത്ത, മഹത്തായ സാംസ്‌കാരിക പാരമ്പര്യം കൈവശമുള്ള ഒരു സമൂഹത്തോട് ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.
(ലേഖകന്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗത്തില്‍ രണ്ടാം വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ്).
Comments