Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

തങ്ങളുടെ സാത്വിക തേജസ്സിന് മുമ്പില്‍ <br> നിറകണ്ണുകളോടെ

പി.കെ ജമാല്‍

തങ്ങളുടെ സാത്വിക തേജസ്സിന് മുമ്പില്‍ 
നിറകണ്ണുകളോടെ

ബ്ദുല്‍ അഹദ് തങ്ങളുടെ മുഖത്ത് ഓളംവെട്ടിയ സാത്വിക തേജസ്സിന്റെ പ്രഭാവലയത്തില്‍ വിലയംപ്രാപിക്കുകയും ആ അനുപമ വ്യക്തി പ്രഭാവത്തിലെ സൂക്ഷ്മാംശങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്ത സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കുവെച്ച ഓര്‍മകള്‍ ഹൃദയത്തെ തരളിതമാക്കുകയും സ്മരണകളെ സംവത്സരങ്ങളുടെ പിറകിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

1977-ല്‍ അടിയന്തരാവസ്ഥ അവസാനിക്കുകയും ജമാഅത്തിന്റെ നിരോധം പിന്‍വലിക്കുകയും ചെയ്ത സന്ദര്‍ഭം. അഖിലേന്ത്യാ അമീര്‍ മര്‍ഹൂം മുഹമ്മദ് യൂസുഫ് സാഹിബിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നല്‍കിയ പൊതുസ്വീകരണത്തില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്താന്‍ തങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് നിയോഗിച്ചത് ഓര്‍ക്കുന്നു. നഗരം കണ്ട ഏറ്റവും വലിയ ഒരു സഞ്ചയത്തിന് മുന്നില്‍ അമീറിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ധൈര്യക്കുറവും കഴിവുകേടും തങ്ങളോട് കെഞ്ചി പറഞ്ഞിട്ടും തിളക്കമുള്ള ആ കണ്ണുകളിലെ സ്‌നേഹസാന്ദ്രമായ ആജ്ഞക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. പ്രബോധനം വാരികയുടെ പുനഃപ്രകാശനത്തിന് സാക്ഷ്യം വഹിച്ച ആ സമ്മേളന വേദിയില്‍, അച്ചടിച്ച മുഴുവന്‍ കോപ്പികളും സദസ്സില്‍ വിറ്റുതീര്‍ന്ന് പോയെന്ന കാര്യം മാനേജര്‍ എന്ന നിലയില്‍ തങ്ങള്‍ കണ്ഠമിടറി അഭിമാനപുരസ്സരം എളിമയാര്‍ന്ന വാക്കുകളില്‍ ആയിരങ്ങളെ അറിയിച്ചത് നനവാര്‍ന്ന കണ്ണുകളോടെ ഓര്‍ത്തുപോവുകയാണ്.

1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലി ചെയ്ത കാലം തങ്ങളുമായി ബന്ധപ്പെട്ട ഓര്‍മകളാല്‍ ധന്യമാണ്. സംഘടിപ്പിച്ച് സംസ്‌കരിക്കുകയാണ് ലീഗിന്റെ നയമെന്നും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയെന്നും സമര്‍ഥിച്ചും ജമാഅത്ത് നയങ്ങളെ വിമര്‍ശിച്ചും എ.എസ് എന്ന പേരില്‍ മര്‍ഹൂം ടി.പി കുട്ടിയാമു സാഹിബ് (അന്ന് അദ്ദേഹം ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററാണ്) ചന്ദ്രിക ദിനപത്രത്തില്‍ ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പ്രബോധനത്തില്‍ എ.ആറും ലേഖന പരമ്പരകള്‍ എഴുതിക്കൊണ്ടിരുന്നു. ധിഷണായുദ്ധത്തിന്റെ തീ പറക്കുംനാളുകള്‍. ആ സന്ദര്‍ഭത്തിലും ചന്ദ്രിക മാനേജറായ കരീം സാഹിബുമായി ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് മടിയുണ്ടായിരുന്നില്ല. ആദ്യമാദ്യം ഈയുള്ളവനായിരുന്നു മധ്യവര്‍ത്തി. ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നാളുകളിലും ന്യൂസ് പ്രിന്റ് ക്ഷാമം നേരിട്ടപ്പോഴുമെല്ലാം പ്രബോധനവും ചന്ദ്രികയും പരസ്പരം സഹായിച്ചുപോന്നു. പത്രത്താളുകളിലെ യുദ്ധം സ്‌നേഹ സൗഹൃദങ്ങള്‍ക്ക് ഉലച്ചില്‍ ഉണ്ടാക്കാതെ നോക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധാലുവായിരുന്നു. 

പത്രത്തില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കപ്പെട്ട സന്ദര്‍ഭം. ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലുമുള്ള ജോലിക്ക് പുറമെ വാരാന്ത പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായും പ്രവര്‍ത്തിച്ചു. ആ സന്ദര്‍ഭത്തില്‍ തങ്ങള്‍ പ്രബോധനത്തില്‍ ചേരാന്‍ സ്‌നേഹപൂര്‍വം ആവശ്യപ്പെടുകയുണ്ടായെങ്കിലും അത് നടന്നില്ല. ഇരുവര്‍ക്കും അതില്‍ പ്രയാസവും തോന്നിയില്ല. ഒരു ദിവസം മാനേജിംഗ് എഡിറ്റര്‍ ടി.പി കുട്ട്യാമു സാഹിബ് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുമുണ്ട് കുട്ട്യാമു സാഹിബിന്റെ ഓഫീസില്‍. ചേകനൂര്‍ പി.കെ മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ പൊളിച്ചെഴുതാന്‍ സിമ്പോസിയം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്ന് വാദമുഖങ്ങള്‍ക്ക് മറുപടി പറഞ്ഞത് ഒ. അബ്ദുര്‍റഹ്മാന്‍(എ.ആര്‍). മറുഭാഗത്ത് ജനസംഘത്തിന് കീഴിലുള്ള ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ജസ്റ്റിസ് ജാനകിയമ്മ, എന്‍.പി മുഹമ്മദ്, തായാട്ടു ശങ്കരന്‍, മൂസാ എ ബേക്കര്‍, ചേകനൂര്‍, പ്രഫ. കെ.എം ബഹാവുദ്ദീന്‍ തുടങ്ങിയ അതികായന്മാര്‍. മുസ്‌ലിംസമൂഹത്തിന്റെ പക്ഷത്ത് നിന്ന് പേഴ്‌സണല്‍ ലോ വസ്തുതകള്‍ വിശദീകരിക്കാനും വിമര്‍ശനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും ഇസ്‌ലാമിക സിവില്‍-ക്രിമിനല്‍ നിയമങ്ങളുടെ സത്യതയും സ്വഛതയും സ്ഥാപിക്കാനും എ.ആര്‍ മാത്രം. എ.ആര്‍ കത്തിജ്വലിച്ചു. ആളിപ്പടര്‍ന്നു. എതിരാളികളെ അരിഞ്ഞുവീഴ്ത്തി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു അത്. സദസ്സും സമ്മേളനവും (ആ കാലത്ത് ടൗണ്‍ഹാളും പരിസരവും കണ്ട ഏറ്റവും വലിയ സദസ്സ്) തനിക്കെതിരായി തിരിയുന്നത് കണ്ട ചേകനൂര്‍ ക്ഷുഭിതനായി. അബ്ദുര്‍റഹ്മാന്‍ വാക്കുകളാകുന്ന വേട്ടനായ്ക്കളെ വിട്ട് തങ്ങളെ വിരട്ടുകയാണെന്നും മതപരിഷ്‌കരണ -നവീകരണ സംരംഭങ്ങളെ വാക്ശരങ്ങളാല്‍ എയ്ത് വീഴ്ത്തുകയാണെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ തോല്‍ക്കുകയില്ലെന്നും ചേകനൂര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എ.ആറിന്റെ വാഗ്‌ധോരണിയില്‍ വിസ്മയം പൂണ്ട് മോഡറേറ്റര്‍ സമയം നിയന്ത്രിക്കാനും മറന്നു. ഓര്‍മവന്നപ്പോള്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ചും സാഹചര്യത്തിന്റെയും സദസ്സിന്റെയും ആവശ്യം മനസ്സിലാക്കിയും പിന്നെയും സമയം നീട്ടിക്കൊടുത്തു. ബാഫഖി തങ്ങള്‍ കുട്ട്യാമു സാഹിബിന്റെ നേരെ തിരിഞ്ഞ്: ''ഞാന്‍ ഇന്നലെ കാറിലിരുന്നു ഒരു പ്രസംഗം ശ്രവിച്ചു. ആ കുട്ടിയുടെ പ്രസംഗം വളരെ നന്നായി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് അതൊന്നു കിട്ടണം. പരിപാടിയെക്കുറിച്ച് പത്രത്തില്‍ എഴുതണം.'' 

കുട്ട്യാമു സാഹിബ്: ''ആ കുട്ടി അബ്ദുര്‍റഹ്മാനാണ്. ശാന്തപുരത്തിന്റെയും ചേന്ദമംഗല്ലൂരിന്റെയും സന്തതി.'' എ.ആര്‍ അന്ന് പ്രബോധനത്തിലാണ്. ടേപ്പ് റിക്കാര്‍ഡര്‍ അന്ന് ഒരു അപൂര്‍വ കൗതുക വസ്തുവാണ്. അധികമാരുടെയും കൈകളില്‍ അതില്ല. സമീപ പ്രദേശങ്ങളില്‍ ഉള്ള ഒരേയൊരു ടേപ്പ് റിക്കാര്‍ഡര്‍ പ്രബോധനത്തിലാണ്. അബ്ദുല്‍ അഹദ് തങ്ങളാണ് ടേപ്പ് റിക്കാര്‍ഡറിന്റെ കസ്റ്റോഡിയന്‍. ബാഫഖി തങ്ങള്‍ തന്റെ കാറില്‍ എന്നെ പ്രബോധനത്തിലേക്കയക്കുകയും അബ്ദുല്‍ അഹദ് തങ്ങളെ ഫോണ്‍ ചെയ്ത് ടേപ്പ് റിക്കാര്‍ഡര്‍ എന്നെ ഏല്‍പിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. തങ്ങള്‍ അത് ഓപ്പറേറ്റ് ചെയ്യുന്ന രീതിയും കൈകാര്യം ചെയ്യേണ്ട വിധവുമെല്ലാം എന്നെ പഠിപ്പിച്ചു. ചന്ദ്രികയില്‍ വന്ന് കാസറ്റ് തങ്ങളെ ഏല്‍പിച്ചു. ബാഫഖി തങ്ങള്‍ അത് പകര്‍ത്തി തിരിച്ചേല്‍പിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. കുട്ട്യാമു സാഹിബിന്റെ ഫോണില്‍ തങ്ങളെ മേരിക്കുന്നിലേക്ക് വിളിച്ചു: ''ആറ്റേ, കാസറ്റ് കിട്ടി. പെരുത്ത് സന്തോഷമുണ്ട്.'' 'ആറ്റേ' എന്നത് അബ്ദുല്‍ അഹദ് തങ്ങളുടെ വിളിപ്പേരായിരുന്നു. ബാഫഖി തങ്ങളുടെ സഹോദരന്റെ ഭാര്യയെയാണ് അദ്ദേഹത്തിന്റെ മരണാനന്തരം, അബ്ദുല്‍ അഹദ് തങ്ങളുടെ ഉമ്മയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവ് വിവാഹം കഴിച്ചത്. കുട്ട്യാമു സാഹിബ് ബാഫഖി തങ്ങള്‍ക്ക് നേരെ തിരിഞ്ഞ്: ''തങ്ങള്‍ക്കറിയുമോ പ്രബോധനത്തിലെ തങ്ങളെ?'' തങ്ങള്‍: ''പിന്നെ! ആറ്റയെ എനിക്കറിയാം. പണ്ടു മുതല്‍ക്കേ അറിയാം.'' ആ ഗാഢ സ്‌നേഹബന്ധത്തിന് അടിവരയിട്ടു ബാഫഖി തങ്ങളുടെ പുഞ്ചിരിയില്‍ പൊതിഞ്ഞ മറുപടി.

പ്രസ്ഥാനത്തിന്റെ മേല്‍വിലാസമായിരുന്ന തങ്ങളെക്കുറിച്ച ഓര്‍മകളിലൂടെ മനസ്സ് വീണ്ടും സഞ്ചരിച്ചു. കെ.എ സിദ്ദീഖ് ഹസനും വി.കെ അലിയും ജമാല്‍ മലപ്പുറവും ഞാനും ശാന്തപുരത്ത് സതീര്‍ഥ്യരായിരുന്ന അറുപതുകള്‍. അന്ന് അബ്ദുല്‍ അഹദ് തങ്ങള്‍ കോളേജ് മാനേജര്‍. എവറെഡി ടോര്‍ച്ച് മിന്നിച്ച് കൈയില്‍ കൊച്ചു വടിയുമേന്തി ഓരോ വാതിലിലും മുട്ടി ഒലീവ് നിറമുള്ള കശ്മീര്‍ ഷാളും പുതച്ച് കുട്ടികളെ സുബ്ഹ് നമസ്‌കാരത്തിന് വിളിച്ചെഴുന്നേല്‍പിക്കുന്ന തങ്ങള്‍. ആ മാസ്മരിക വ്യക്തിത്വം ഞങ്ങളോരോരുത്തരെയും നിര്‍മിച്ചെടുത്തു. പിന്നീട് അടുത്തിടപഴകിയത് ജമാഅത്തിന്റെ ആദ്യ ഹജ്ജ് ഗ്രൂപ്പില്‍ ഭാര്യാസമേതനായി വന്ന തങ്ങളോടൊപ്പം മക്കയില്‍ കഴിഞ്ഞ നാളുകളിലാണ്. നര്‍മ സംഭാഷണ പ്രിയയായ തന്റെ ഭാര്യയുടെ സരസ വര്‍ത്തമാനങ്ങളില്‍ പുഞ്ചിരി തൂകി പങ്ക് ചേരുകയും സ്വതസിദ്ധമായ മുഖപ്രസാദത്തോടെ എല്ലാവരുമായി ഹൃദയപൂര്‍വം ഇടപഴകുകയും ചെയ്ത തങ്ങളെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കാണുമ്പോള്‍, അദ്ദേഹത്തിന്റെ മകള്‍ സ്വഫിയ്യയുടെ വൃക്ക രോഗം ആ ജീവിതത്തില്‍ വിഷാദഛവി പടര്‍ത്തിയിരുന്നുവോ എന്ന് തോന്നി. പിന്നീടൊരിക്കല്‍ എടയൂരിലെ വീട്ടില്‍ അവരെ സന്ദര്‍ശിച്ചപ്പോള്‍ സ്‌നേഹവത്സലനായ പിതാവ് മകളെ പരിചരിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. ആയിരക്കണക്കായ ഹൃദയങ്ങളില്‍ കുടിപാര്‍ത്ത ആ സ്‌നേഹദൂതന്‍ ഇന്ന് പ്രാര്‍ഥനകളില്‍ ജീവിക്കുന്ന ഓര്‍മയാണ്.

പി.കെ ജമാല്‍

മുസ്‌ലിം സംഘടനകള്‍ വളരെ വൈകാതെ എടുക്കേണ്ടുന്ന ചുവടുകള്‍

ര്‍ഭാട വിവാഹങ്ങള്‍ക്കെതിരെയുള്ള മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ശരിക്കും സന്തോഷം നല്‍കുന്നുണ്ട്. ഇതേ താല്‍പര്യത്തോടെ സംഘടനകള്‍ ഇടപെടേണ്ടുന്ന മറ്റൊരുവിഷയം മസ്‌ലഹത്ത് കോടതിയാണ്. വിവാഹജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ഒടുവിലത് വിവാഹമോചനത്തില്‍ എത്തിപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നാട്ടില്‍ വര്‍ധിച്ചുവരികയാണ്.

പരസ്പരം പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ പല പ്രശ്‌നങ്ങളും. വ്യക്തികളുടെ താല്‍പര്യത്തിന് മുന്നില്‍ ചിലപ്പോള്‍ നിസ്സഹായരായി നിന്ന് കൊടുക്കേണ്ടിവരുന്ന വധൂവരന്മാരുണ്ട്. തെറ്റിദ്ധാരണയുടെ പേരില്‍ അകന്ന് പോവുകയും എല്ലാം അവസാനിച്ചതിന് ശേഷം യാഥാര്‍ഥ്യം മനസ്സിലാക്കുന്നവരുമുണ്ട്. ഓരോ മഹല്ലിലും കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റിയ വ്യക്തിത്വങ്ങളുണ്ടാവും. ഇക്കാര്യത്തില്‍ സമുദായ നേതൃത്വം മുന്നിട്ടിറങ്ങാന്‍ വൈകരുത്. ഇത്തരം വേദികള്‍ സജീവമാകുമ്പോള്‍ കൗണ്‍സലിംഗ് സെന്ററുകള്‍ അനിവാര്യമായി വരും. വിവാഹിതരാവുന്നതിന് മുമ്പ് നല്‍കുന്ന കൗണ്‍സലിംഗ് ക്ലാസ്സുകള്‍ വിവാഹത്തിന് ശേഷമുള്ള പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ദമ്പതികളെ ഏറെ സഹായിക്കും.

വി.എം മൊയ്തു പാലേരി

കോടികള്‍ ചെലവഴിച്ച് വിവാഹത്തിന്റെ പേരില്‍ വന്‍ ധൂര്‍ത്താണ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണാഭരണങ്ങളും അതിനു പിറകെ കൊടുക്കുന്ന ലക്ഷങ്ങളുമൊന്നും സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല. വിവാഹത്തെ സമചിത്തതയോടെ കാണുക എന്ന തത്ത്വം എല്ലാ മതവിഭാഗങ്ങളും ദീക്ഷിക്കുന്നുണ്ട്. വിവാഹധൂര്‍ത്തിനെതിരെയുള്ള പോരാട്ടത്തിന് ഇനി അമാന്തിച്ചുകൂടാ. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനം (ലക്കം 2872) കണ്ണു തുറന്ന ലോകത്തെ വെളിച്ചപ്പെടുത്തുന്നതായി.

ആചാരി തിരുവത്ര ചാവക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍