Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

ബംഗ്ലാദേശിലെ കൊലാധിപത്യം

         ബംഗ്ലാദേശിലെ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണലിന്റെ മൂന്നംഗ ജഡ്ജി പാനല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 29-ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു. ജമാഅത്തിന്റെ മുന്‍ അമീറും 90 കഴിഞ്ഞ സാത്വിക വയോധികനുമായ മര്‍ഹൂം പ്രഫസര്‍ ഗുലാം അഅ്‌സമിന് ഇതിന് മുമ്പ് ഈ ട്രൈബ്യൂണല്‍ 99 വര്‍ഷം തടവു വിധിച്ചിരുന്നു. തടവിലായിരിക്കെയാണ് അദ്ദേഹം നിര്യാതനായത്. മൗലാനാ മുത്വീഉര്‍റഹ്മാന് നല്‍കിയ ശിക്ഷക്ക് മര്‍ഹൂം ഗുലാം അഅ്‌സമും അര്‍ഹനാണെന്നാണ് ട്രൈബ്യൂണലിന്റെ നിലപാട്. അദ്ദേഹത്തിന്റെ പ്രായാധിക്യവും രോഗാതുരതയും മൂലം അല്‍പം ദാക്ഷിണ്യം കാട്ടാന്‍ ട്രൈബ്യൂണല്‍ നിര്‍ബന്ധിതമായതിനാല്‍ വധശിക്ഷ 99 കൊല്ലത്തെ തടവായി ലഘൂകരിക്കുകയായിരുന്നുവത്രെ. ബംഗ്ലാദേശിലെ വധശിക്ഷാ പരമ്പര മുത്വീഉര്‍റഹ്മാനില്‍ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല. ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണല്‍ നേരത്തെ ജമാഅത്തിന്റെ സമുന്നത നേതാവായ അബ്ദുല്‍ ഖാദിര്‍ മുല്ലയെയും തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു.  ആ വിധി ഇതിനകം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ഒട്ടേറെ പേര്‍ ട്രൈബ്യൂണലിന്റെ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും  നൈതിക താല്‍പര്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്തുകഴിഞ്ഞിരിക്കുന്നുവെന്ന് ജഡ്ജിമാര്‍ പ്രസ്താവിച്ചിരിക്കുന്നു. ഇനി വിധി പറയുക മാത്രമേ ബാക്കിയുള്ളൂ. ആ വിധികള്‍ മര്‍ഹൂം ഗുലാം അഅ്‌സമിന്റെയും മൗലാനാ മുത്വീഉര്‍റഹ്മാന്റെയും വിധികളില്‍ നിന്ന് ഒട്ടും വ്യത്യസ്തമാവില്ലെന്ന് ഏതാണ്ടുറപ്പാണ്. കാരണം അതിനു വേണ്ടിയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ദാഹിക്കുന്നത്. അവരുടെ ചില വൈദേശിക സഹയാത്രികരും സുഹൃദ് രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നതും അതുതന്നെ. ബംഗ്ലാദേശിന്റെ പൊതുജീവിതത്തില്‍ ഇസ്‌ലാമിക ഘടകങ്ങളെ പൊറുപ്പിക്കാന്‍ പാടില്ല. എന്തു വില കൊടുത്തും അത് ഇനിയൊരിക്കലും മുളച്ചു പൊങ്ങാത്തവിധം വേരോടെ പിഴുതുകളയണം. അതിനു വേണ്ടി തങ്ങള്‍ മഹത്തരമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്ന ത്ത്വങ്ങളൊക്കെയും ബലി കഴിക്കേണ്ടിവന്നാലും സാരമില്ല. ഇതാണ് നിലപാട്.

ഹസീന ഗവണ്‍മെന്റ് ഏതു സാഹചര്യത്തിലാണ് ക്രൈം ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. എന്താണതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. എങ്ങനെയാണത് കേസുകളെടുക്കുന്നതും വിചാരണ ചെയ്യുന്നതും. ഇതെല്ലാം എല്ലാവര്‍ക്കും നന്നായറിയാം. ഇതു മാത്രമല്ല, കുറ്റവാളികളായി പിടികൂടപ്പെടുന്നവര്‍ എത്തരക്കാരാണ്, അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന കുറ്റങ്ങള്‍ യഥാര്‍ഥത്തില്‍ അവര്‍ ചെയ്തതാണോ, ചെയ്യാന്‍ സാധ്യതയുള്ളതാണോ എന്നറിയാത്തവരും ഉണ്ടാവില്ല. പക്ഷേ, പ്രശ്‌നം അതൊന്നുമല്ല, ഒട്ടും. ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തെ പിഴുതുകളഞ്ഞ് തന്റെ അധികാരം ഭദ്രമാക്കുകയാണ് ഹസീനാ വാജിദിന്റെ പ്രശ്‌നം. അതിനാല്‍ ട്രൈബ്യൂണലും അതിനെ നിയമിച്ചവരും അവരുടെ തീരുമാനങ്ങള്‍ പുനരാലോചനക്ക് വിധേയമാക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വിചാരണ ചെയ്യപ്പെടേണ്ടത് ആരെയൊക്കെയാണെന്നും അവര്‍ക്ക് വിധിക്കേണ്ട ശിക്ഷ എന്താണെന്നും നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. അതു പ്രകാരമാണ് നടപടികള്‍ നീങ്ങുന്നത്. ട്രൈബ്യൂണല്‍ ജഡ്ജിമാരുടെ സ്വന്തം ഇഷ്ടത്തിനു പോലും അതില്‍ സ്വാധീനമില്ല. അതിക്രമവും അനീതിയും എന്നല്ല പച്ചയായ നരമേധം തന്നെയാണ് ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും മറവില്‍ നടമാടുന്നത്. മര്‍ദിതര്‍ തീര്‍ത്തും നിരാലംബരും നിരാശ്രയരുമാണ്. നീതിയുടെ സകല വാതിലുകളും അവര്‍ക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.

ഈജിപ്തും മറ്റു ചില സ്വേഛാധിപത്യ രാജ്യങ്ങളും സഞ്ചരിക്കുന്ന ഉഛൃംഖലമായ അധികാര മുഷ്‌ക്കിന്റെ മാര്‍ഗം തന്നെയാണ് ബംഗ്ലാദേശും പിന്തുടരുന്നത്. ഇസ്‌ലാമിക സംഘടനകള്‍ പീഡിപ്പിക്കപ്പെടുന്നതിലൊതുങ്ങുന്നതല്ല ഈ വിപത്ത്. നീതിന്യായ പ്രവര്‍ത്തനത്തെ മറയാക്കി മനുഷ്യത്വവും മാനുഷിക മൂല്യങ്ങളും ചവിട്ടി മെതിക്കപ്പെടുന്നത് അതിനേക്കാള്‍ ഗുരുതരവും അടിസ്ഥാനപരവുമായ പ്രശ്‌നമാണ്. ഒരു രാജ്യത്തിന്റെ സംസ്ഥാപനത്തിനാധാരമായ, നിലനില്‍പിനും പുരോഗതിക്കും അനിവാര്യമായി പിന്തുടരപ്പെടേണ്ട തത്ത്വങ്ങളോടും മൂല്യങ്ങളോടും ഭരണകൂടത്തിന് പ്രതിബദ്ധതയില്ലാതാകുന്നതിനര്‍ഥം ആ ഭരണകൂടം പ്രസ്തുത തത്ത്വങ്ങളെയും മൂല്യങ്ങളെയും വിശ്വസിക്കുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നുമാണ്. മേധാവിത്വം എപ്പോഴും മൗലിക തത്ത്വങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കുമായിരിക്കണം, വ്യക്തികളുടെ വീക്ഷണങ്ങള്‍ക്കും തന്നിഷ്ടങ്ങള്‍ക്കുമായിക്കൂടാ. തത്ത്വങ്ങളും മൂല്യങ്ങളും വ്യക്തി സ്വേഛകള്‍ക്ക് വഴിമാറിയ ഭരണകൂടത്തിന്റെ പൗരന്മാരുടെ മുന്നില്‍ രണ്ട് മാര്‍ഗങ്ങളേയുള്ളൂ. ഒന്നുകില്‍ ആ സ്വേഛാധിപത്യത്തോട് സമരസപ്പെട്ട് മിണ്ടാതിരിക്കുക. അല്ലെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുക, സംഘടിച്ച് സമര സജ്ജരാവുക. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൂല്യം അതിനവര്‍ക്ക് അവകാശം നല്‍കുന്നുണ്ട്.ലോകത്ത് ഒരു നീതിസാരവും ധര്‍മവ്യവസ്ഥയും അതു വിലക്കുന്നില്ല. മറ്റെല്ലാ സ്വേഛാധിപത്യ രാജ്യങ്ങളിലുമെന്ന പോലെ, ഈ വഴി തേടുന്നവര്‍ ബംഗ്ലാദേശിലുമുണ്ട്. മറ്റെല്ലാ വഴികളും അടക്കപ്പെട്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് അതല്ലാതെ ഗത്യന്തരമില്ല. പ്രതിഷേധ സ്വരങ്ങള്‍ ക്രമേണ സര്‍ക്കാറിന്റെ മുമ്പില്‍ നേരിടാനാവാത്ത വെല്ലുവിളിയായി വളരുക തന്നെ ചെയ്യും. സ്വേഛാധിപത്യം പ്രകൃതിവിരുദ്ധമാണ്; അതിനാല്‍ അല്‍പായുസ്സുമാണ്. പ്രത്യേക സാഹചര്യങ്ങളില്‍ എത്ര ദൃഢവും നിഷ്ഠുരമായി കാണപ്പെട്ടാലും ഇന്നല്ലെങ്കില്‍ നാളെ അത് തകര്‍ന്നേ തീരൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍