Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

മതം- തത്ത്വവും അനുഷ്ഠാനവും

മുഹമ്മദ് ശമീം /ലേഖനം

        മതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലും സാമുദായികാചാരങ്ങളിലും കാര്‍ക്കശ്യം വെച്ചുപുലര്‍ത്തുന്നവരെയും അപ്രകാരം തോന്നിക്കുന്ന വേഷവിധാനങ്ങളണിഞ്ഞവരെയുമൊക്കെയാണ് നാം സാധാരണഗതിയില്‍ മതാത്മകതയുള്ളവര്‍ (religious) എന്നു വിശേഷിപ്പിക്കാറുള്ളത്. യഥാര്‍ഥത്തില്‍ ഇപ്രകാരം വിശേഷിപ്പിക്കേണ്ടത് ഏത് നിലപാടു പുലര്‍ത്തുന്നവരെയാണ് എന്നതിനെപ്പറ്റി നാമൊന്നു ചിന്തിക്കേണ്ടതാണ്. 

യഥാര്‍ഥത്തില്‍ മതജീവിതം എന്നു വെച്ചാല്‍ എന്താണ്? മതജീവിതത്തെപ്പറ്റി എന്താണ് ആചാര്യന്മാര്‍ പഠിപ്പിച്ചത്? ഒരര്‍ഥത്തില്‍ ഇന്നു കാണുന്ന സ്വഭാവത്തിലുള്ള കര്‍ക്കശ സാമുദായികാചാരങ്ങളോടു കൂടിയ, അടഞ്ഞ ഒരു ജീവിതം പ്രവാചകന്മാരാരും പഠിപ്പിച്ചിട്ടില്ല. എല്ലാ പ്രവാചകന്മാര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത് ലോകത്തോടു പൊതുവിലായിരുന്നു. സമുദായത്തോടായിരുന്നില്ല. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ ചില പ്രവാചകന്മാരില്‍ നിന്ന് 'യാ ഖൗമീ' (എന്റെ സമുദായമേ) എന്ന ഒരു സംബോധന ഉദ്ധരിച്ചിട്ടുണ്ട്. ഇതിനെ ശരിയായി വിശകലനം ചെയ്താല്‍, ഒന്നാമതായും ഈ മുന്‍കാല പ്രവാചകന്മാര്‍ സംബോധന ചെയ്തത് ഒരു മുസ്‌ലിം സമുദായത്തെയോ മറ്റേതെങ്കിലും പ്രത്യേക മതസമുദായത്തെയോ ആയിരുന്നില്ല. ആകയാല്‍ത്തന്നെ നിലനില്‍ക്കുന്ന മത സാമുദായിക ഘടനയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇതിനു വലിയ കാര്യമൊന്നുമില്ല. 

രണ്ടാമതായി, ഈ പ്രവാചകന്മാര്‍ അവരുടെ പേരില്‍ രൂപപ്പെട്ട ഒരു സമുദായത്തെയല്ല അങ്ങനെ വിളിച്ചത്. മറിച്ച്, തന്നെ അംഗീകരിക്കുന്നവരും അല്ലാത്തവരുമൊക്കെയടങ്ങുന്ന വിശാല സമൂഹത്തെ നോക്കിയാണ് 'എന്റെ സമുദായമേ' എന്ന് അവര്‍ വിളിക്കുന്നത്. ഇത് യഥാര്‍ഥത്തില്‍ അവരുടെ ദര്‍ശനത്തിന്റെ സാര്‍വജനീനത്വത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നാമതായി, അവര്‍ ഉള്‍പ്പെട്ടിരുന്ന ദേശീയമോ വംശീയമോ ആയ ജനവിഭാഗമായിരുന്നു അവരുടെ അഭിസംബോധിതര്‍. ആ സമൂഹത്തിന്റെ സംസ്‌കരണമായിരുന്നു താനും അവരുടെ നിയോഗലക്ഷ്യം. അതിനാല്‍ത്തന്നെ അവര്‍ ആ ജനതയെ അഭിമുഖീകരിച്ചു. എങ്കില്‍പ്പോലും അവര്‍ ഉദ്‌ഘോഷിച്ച മൂല്യങ്ങള്‍ പൊതുവായിരുന്നു. ഈ മൂല്യങ്ങളുടെ ആധാരത്തിലാണ് അവര്‍ അവരുടെ ദര്‍ശനങ്ങളും ജീവിതരീതികളുമെല്ലാം കെട്ടിപ്പൊക്കിയത്. 

ഏത് സ്വഭാവത്തിലാണ് മതത്തിന്റെ ആത്മീയതയെ, അതിന്റെ കാമ്പിനെ വേദങ്ങള്‍ അടയാളപ്പെടുത്തിയത് എന്നതാണ് ഇവിടെ അന്വേഷണ വിഷയം. ഒപ്പം തന്നെ ഓരോ വേദവും അതിനെ പ്രതിനിധാനം ചെയ്ത പ്രവാചകനും മതബദ്ധജീവിതവുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ച ഘടന എന്തായിരുന്നു എന്നതും. 

മൂന്ന് അടരുകള്‍ (Layers) മതത്തിനുള്ളതായി കാണാം. ഏറ്റവുമുള്ളിലുള്ള മൂന്നാമത്തെ പാളിയാണ് അതിന്റെ അകക്കാമ്പ്. അതല്ലെങ്കില്‍ അതിന്റെയും അകത്താണ് മതത്തിന്റെ കാമ്പുള്ളത് എന്നും കരുതാം. 

ഏതൊക്കെയാണ് ഈ മൂന്ന് അടരുകള്‍? 

ഏറ്റവും പുറത്തേ പാളി (ഉപരിപ്ലവമായത്), അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും (rituals) പാളിയാണ്. വ്യത്യസ്ത മതങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങളുണ്ട്. പ്രാര്‍ഥനാരീതികളിലും ഉപാസനാരീതികളിലും സാമൂഹികാചാരങ്ങളിലുമെല്ലാം ഒട്ടേറെ വൈവിധ്യങ്ങള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കും. ഇത്തരം കാര്യങ്ങളിലൂടെയാണ് മതത്തെ നമ്മള്‍ സാധാരണയായി അടയാളപ്പെടുത്താറുള്ളത്. ഒരാളുടെ മതബോധത്തിന്റെ പ്രത്യക്ഷമായ തെളിവുകളാണവ. അനുഷ്ഠാനങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. അതോടൊപ്പം തന്നെ അതൊരു പുറംപാളി മാത്രവുമാണ്. 

ഒന്നു കൂടി അകത്തേക്കു പോകുമ്പോള്‍ നമ്മള്‍ എത്തുന്നത് ധാര്‍മികതയുടെ അടരിലേക്കാണ്. മതത്തിന്റെ ethical frame എന്നു പറയാം ഇതിനെ. മനുഷ്യനില്‍ സദാചാരബോധവും ധാര്‍മികഗുണങ്ങളും വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയാണ് മതം മുഖ്യമായും യത്‌നിക്കുന്നത്. വേദോല്‍ബോധനങ്ങളില്‍ ഏറ്റവും വലിയ ഭാഗം തന്നെ അതാണ്. 

സല്‍ക്കര്‍മങ്ങളെക്കൂടി ചേര്‍ത്തു കൊണ്ടല്ലാതെ ആദര്‍ശത്തെയും അവബോധത്തെയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നേയില്ല. വിശ്വാസവും ആചാരങ്ങളും കൊണ്ടു മാത്രം ഒരു മനുഷ്യാത്മാവും ശുദ്ധീകരിക്കപ്പെടുന്നില്ല. നന്മ തിന്മകളെക്കുറിച്ച സൂക്ഷ്മതയും ധര്‍മാധര്‍മവിവേചനബോധവും ഉള്‍ക്കൊണ്ടു ജീവിക്കാനുള്ള ആഹ്വാനം സ്വീകരിക്കുമ്പോഴാണ് ഏതൊരു മനുഷ്യനും പൂര്‍ണതയിലേക്കു സഞ്ചരിക്കുക. ആദര്‍ശത്തെയും സല്‍ക്കര്‍മങ്ങളെയും ചേര്‍ത്തു പറയുന്നുവെന്നു പറഞ്ഞല്ലോ? അവിടെ പരാമര്‍ശിച്ചിരിക്കുന്ന സല്‍ക്കര്‍മങ്ങളെ അനുഷ്ഠാനങ്ങളായി തെറ്റിദ്ധരിച്ചിട്ടുള്ളവരുണ്ട്. ആചാരങ്ങളില്‍ മനുഷ്യനെ കുടുക്കിയിടുകയെന്നത് പുരോഹിതാധിപത്യത്തിന്റെയും മറ്റു അധീശസ്ഥാനങ്ങളുടെയും താല്‍പര്യമാണ്. 

ഇനിയും അകത്തെത്തുമ്പോഴാണ് മതത്തിന്റെ അകക്കാമ്പിലേക്ക് നമ്മളെത്തുന്നത്. അതാണ് അതിന്റെ ആത്മീയത (spirituality). മതത്തിന്റെ ആത്മാവു തന്നെയാണത്. 

മതങ്ങള്‍ക്കിടയില്‍, അവയുടെ ആദിമവും അടിസ്ഥാനപരവുമായ പ്രമാണങ്ങള്‍ വെച്ചു കൊണ്ട് പരിശോധിക്കുമ്പോള്‍ ഈ അകക്കാമ്പില്‍ ഏറക്കുറെ സമാനത നിലനില്‍ക്കുന്നുണ്ടെന്ന് കാണാം. ഒന്നാമതായി മനുഷ്യനെ അതെല്ലാം ഒന്നായിട്ടു കാണുന്നു. ലോകത്തിന്റെ ആദിമകാരണത്തിന്റെ കാര്യത്തില്‍ ഏറക്കുറെ സമാനമായ ചിന്തകള്‍ വെച്ചു പുലര്‍ത്തുന്നു. ആദിമകാരണമായ ഈശ്വരനെ വാഴ്ത്തുന്നു. ആ ഈശ്വരനില്‍ നിന്നുള്ള കല്‍പനകള്‍ പാലിക്കേണ്ടതാണെന്ന ആശയത്തെ തത്ത്വത്തില്‍ അംഗീകരിക്കുന്നു. 

ഏറ്റവും പുറംപാളിയില്‍ മതങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അത്രയും വൈരുധ്യങ്ങള്‍ സദാചാരത്തിന്റെ പാളിയില്‍ കാണില്ല. എന്നാല്‍ അതിലുള്ള വൈരുധ്യം പോലും അകത്തെത്തുമ്പോള്‍ അപ്രത്യക്ഷമാകുന്നു. 

സത്യത്തില്‍ ഇപ്പറഞ്ഞ അകക്കാമ്പില്‍- മൂന്നാമത്തെ അടരില്‍- എത്തുമ്പോഴാണ് ഒരു മനുഷ്യന്‍ മതാവബോധമുള്ളവനായിത്തീരുന്നത്. എന്നാലോ, പുറംപാളിയില്‍ ഉറച്ചു നിലകൊള്ളുകയും അതില്‍ കൂടുതല്‍ പ്രതിബദ്ധനായിരിക്കുകയും ചെയ്യുന്നവരെയാണ് നാം സാധാരണ 'റിലീജ്യസ്' ആയി പരിഗണിക്കാറുള്ളത്. അനുഷ്ഠാനബദ്ധതയാകട്ടെ, ബോധപൂര്‍വമാവണമെന്നില്ലെങ്കിലും ചിലരിലെങ്കിലും ഒരു പ്രകടനത്വരയുടെ മാനവും കൈവരിക്കാറുണ്ട്. ഈ പ്രകടനപരതയല്ല മതം. അതില്‍ നിന്നു താഴോട്ടിറങ്ങണമെന്നതാണ് മതത്തിന്റെ കല്‍പന. 

ഈശ്വരനെക്കുറിച്ചും ധാര്‍മികജീവിതത്തെക്കുറിച്ചും മനുഷ്യനെ അടിക്കടി ഓര്‍മിപ്പിക്കുകയെന്നതാണ് അനുഷ്ഠാനങ്ങളുടെ ഉദ്ദേശ്യം. മതവുമായി ബന്ധപ്പെട്ട ആചാരങ്ങളാവട്ടെ, സാമൂഹികമായ ബന്ധങ്ങളെയും നിലപാടുകളെയും നിര്‍ണയിക്കുന്ന ഘടകങ്ങളുമാകുന്നു. മനുഷ്യനെ ഈശ്വരനുമായും വ്യക്തിയെ സമൂഹവുമായും ബന്ധിപ്പിക്കുകയെന്നതാണല്ലോ മതത്തിന്റെ പരമപ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ഇതിലൂടെ മനുഷ്യന്‍ എത്തിച്ചേരേണ്ടത് സാമൂഹികവും വൈയക്തികവുമായ നീതിയിലേക്കും നന്മയിലേക്കുമാണ്. അതില്‍ നിന്ന് ഈശ്വരന്‍ എന്ന സത്യത്തിലേക്ക്, അഥവാ ആത്മീയതയിലേക്ക്. 

എന്നാല്‍, അനുഷ്ഠാനങ്ങള്‍ തന്നെയാണ് പരമം എന്നു വിശ്വസിക്കുന്ന ആളുകള്‍ ആ തലം വിട്ടിങ്ങോട്ടിറങ്ങാന്‍ കൂട്ടാക്കുന്നില്ല. അതു തന്നെ മതിയെന്നു ധരിക്കുന്നവര്‍ അതല്ലാത്തതൊന്നും അംഗീകരിക്കാന്‍ തയാറാവുന്നുമില്ല. 

ഒരുദാഹരണം പറയാം. മുഹമ്മദ് നബി പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ആരാധനാരീതിയാണ് അഞ്ചു നേരത്തെ നമസ്‌കാരം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാവതല്ലാത്തൊരനുഷ്ഠാനമാണത്. നമസ്‌കാരം മോക്ഷത്തിന്റെ താക്കോലാണെന്നാണ് നബി(സ) പ്രസ്താവിച്ചത്. ഒരനുഷ്ഠാനമെന്ന നിലയില്‍ മതത്തിന്റെ ഒന്നാമത്തെ പാളിയിലാണ് നമസ്‌കാരം ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാരൂപങ്ങളും പെടുക. എന്നാലോ, നമസ്‌കാരം എന്നാലെന്താണെന്നു പഠിപ്പിക്കുന്നേടത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കൃത്യമായി നിര്‍വചിക്കുന്നതു കാണാന്‍ കഴിയും. 'സ്വലാത്ത്' എന്നാണ് നമസ്‌കാരത്തിന്റെ ശരിയായ പേര്. ഈ വാക്കിനെ പല അര്‍ഥങ്ങളില്‍ ഖുര്‍ആന്‍ വെച്ചു കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, സൂറഃ അല്‍ ഖിയാമയിലെ മുപ്പത്തി ഒന്ന്, മുപ്പത്തി രണ്ട് സൂക്തങ്ങള്‍ ഇങ്ങനെ വായിക്കാം: ഫലാ സ്വദ്ദഖ വലാ സ്വല്ലാ, വലാകിന്‍ കദ്ദബ വതവല്ലാ. 'അവന്‍ സത്യത്തില്‍ നില കൊണ്ടില്ല, നിസ്‌കരിച്ചുമില്ല. മറിച്ച് കളവാക്കിത്തള്ളുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു' എന്നാണ് സാധാരണഗതിയില്‍ ഇതിന് അര്‍ഥം പറയാറുള്ളത്. ഇതിലെ 'സ്വല്ലാ' എന്ന പദത്തിനാണ് നമസ്‌കരിക്കുക എന്ന അര്‍ഥമുള്ളത്. സൂക്തങ്ങള്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ഇതിലെ സ്വലാത്തിന് നമസ്‌കാരം എന്നു മാത്രമല്ല അര്‍ഥം. തുടര്‍ന്നു വരുന്ന സൂക്തത്തിലെ കദ്ദബ(കളവാക്കിത്തള്ളുക)യുടെ വിപരീതമാണ് സ്വദ്ദഖ (സത്യത്തില്‍ നില കൊള്ളുക). ന്യായമായും തവല്ലാ (പിന്തിരിഞ്ഞു കളയുക)യുടെ വിപരീതമായിരിക്കും സ്വല്ലാ എന്ന പദം. അപ്പോള്‍ അവന്‍ നമസ്‌കരിച്ചില്ല എന്നല്ല, മറിച്ച് അവന്‍ ധര്‍മത്തെ അനുധാവനം ചെയ്തില്ല എന്നായിത്തീരും അതിന്റെ അര്‍ഥം. എന്നാല്‍ സാങ്കേതികമായും പദാര്‍ഥത്തിലും നമസ്‌കരിച്ചില്ല എന്ന അര്‍ഥം ശരിയുമാണ്. സ്വാഭാവികമായും സ്വലാത്തിന് ധര്‍മാനുധാവനം എന്ന അര്‍ഥം കൂടി നേര്‍ക്കു നേരെ തന്നെ സിദ്ധമാകുന്നു. അപ്പോള്‍ സ്വലാത്ത് എന്നാല്‍ ഒരേ സമയം നിസ്‌കാരം എന്ന ആരാധനാരീതിയും ധര്‍മത്തിന്റെയും നന്മയുടെയും അനുധാവനവുമാകുന്നു. അങ്ങനെ വരുമ്പോള്‍ സ്വലാത്ത് എന്ന ആരാധനാരൂപത്തിന്റെ ഉദ്ദേശ്യം ധര്‍മാനുധാവനം എന്നതായിത്തീരും. ഇത് ഖുര്‍ആന്‍ നേര്‍ക്കു നേരെത്തന്നെ പറഞ്ഞിട്ടുണ്ട്. 'നിശ്ചയമായും സ്വലാത്ത് ഒരാളെ നീചവും പാപവുമായ കര്‍മങ്ങളില്‍ നിന്നു തടയുന്നു' എന്നതാണത്. ആകയാല്‍ ഒന്നാമത്തെ തലത്തിന്റെ ഉദ്ദേശ്യം രണ്ടാമത്തേതിലേക്കു പ്രവേശിക്കലാണ്. എന്നിരിക്കേ, ഒന്നാമത്തെ ആരാധനയുടെ തലത്തില്‍ മാത്രം നില്‍ക്കുകയും എന്നിട്ട് നമസ്‌കാരം മോക്ഷത്തിന്റെ താക്കോലാണെന്നു ധരിക്കുകയും ചെയ്യുന്നതില്‍ യാതൊരര്‍ഥവുമില്ല. 

മറ്റൊരിടത്ത് 'അല്ലാഹുവിനെ അനുസ്മരിക്കാന്‍ വേണ്ടി നമസ്‌കാരം നിലനിര്‍ത്തുക' എന്നു പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ സ്മരിക്കുക എന്നു പറഞ്ഞാല്‍ അധ്യാത്മതത്വത്തെ അറിയുക എന്നാണര്‍ഥം. സ്വാഭാവികമായും നമസ്‌കരിക്കുക എന്നത് സ്വയം ഒരു ലക്ഷ്യമല്ല, മറിച്ച് അധ്യാത്മതത്വത്തിലേക്കുള്ള മാര്‍ഗമാണെന്നു സാരം. 

നമസ്‌കരിക്കുന്നവന്‍ നരകത്തിലാണെന്നും ഖുര്‍ആനില്‍ത്തന്നെ ഒരു പ്രസ്താവമുണ്ട്. എന്തു കൊണ്ടെന്നാല്‍ അവന്‍, അനാഥനെ ആദരിക്കുന്നില്ല, അശരണന്റെ അന്നത്തിനായി ശബ്ദിക്കുന്നില്ല, ആളുകള്‍ക്ക് ഉപകാരങ്ങള്‍ തടയുകയും ചെയ്യുന്നു. ഇപ്രകാരം സാമൂഹിക സദാചാരത്തെ ഗൗനിക്കാത്തവന്‍ നമസ്‌കരിച്ചാല്‍ അവനു നാശമാണുള്ളതെന്നാണ് വേദഗ്രന്ഥത്തിന്റെ പ്രഖ്യാപനം. 

അപ്പോള്‍ അനുഷ്ഠാനങ്ങളില്‍ നിന്ന് സദാചാരത്തിലേക്കും അതില്‍ നിന്ന് അധ്യാത്മതത്വത്തിലേക്കും പ്രവേശിക്കുമ്പോള്‍ മാത്രമേ മതത്തെ അനുഭവിക്കാനും അനുധാവനം ചെയ്യാനും ഒരാള്‍ക്ക് സാധിക്കുകയുള്ളൂ. 

ശീലങ്ങള്‍ (സീലങ്ങള്‍) എന്നാണ് അനുഷ്ഠാനങ്ങള്‍ക്ക് ശ്രീബുദ്ധന്‍ പറയാറുള്ളത്. ബുദ്ധധര്‍മത്തില്‍ ശീലം എന്ന ആശയം വളരെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ മനുഷ്യനെ നിര്‍വാണപ്രാപ്തിയില്‍ നിന്ന് തടയുന്ന, ശരിയായ ആത്മീയാനുഭവം അവന് നിഷേധിക്കുന്ന മനസ്സിന്റെ പത്ത് കുടുക്കുകളെസ്സംബന്ധിച്ച്പഠിപ്പിക്കുന്നേടത്ത് അതിലൊന്നായി ബുദ്ധന്‍ പറഞ്ഞത് 'സീലബ്ബത പരാമാസ' എന്നാണ്. അതായത് ശീലങ്ങള്‍ തന്നെയാണ് എല്ലാം എന്ന മാനസികാവസ്ഥ. ഒരാളെ ശരിയായ സദാചാരത്തിലേക്കും ആത്മീയതയിലേക്കും നയിക്കുക എന്നതാണ് ശീലങ്ങളുടെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തെ വിസ്മരിച്ച് ശീലങ്ങള്‍ തന്നെയാണ് പരമം അഥവാ അനുഷ്ഠാനങ്ങള്‍ തന്നെയാണ് ലക്ഷ്യം എന്ന മാനസികാവസ്ഥ രൂപപ്പെടുക. ഇതിനെയാണ് സീലബ്ബത പരാമാസ എന്നു പറയുക. നാമിതിനെ Ritualism എന്നാണ് വിളിക്കാറുള്ളത്. ഇന്ന് മതത്തെ ശരിയായി അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതിന് ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത് ഈ റിച്വലിസമാണെന്നതാണ് യാഥാര്‍ഥ്യം. മൂല്യങ്ങളെപ്പറ്റി മനുഷ്യന്‍ ചിന്തിക്കുന്നു പോലുമില്ല. ബഹുഭൂരിഭാഗത്തിനും, പ്രവര്‍ത്തനങ്ങളും സംസ്‌കാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള മതാധ്യാപനം തന്നെ കരഗതമാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

എന്നും എന്നോടു കൂടെയായിരിക്കുകയും എന്റെ ആനന്ദത്തില്‍ അഭിനന്ദിക്കുകയും വിജയത്തില്‍ പ്രോത്സാഹനമേകുകയും സന്തോഷത്തില്‍ പങ്കുചേരുകയും സന്താപത്തില്‍ ആശ്വാസമരുളുകയും എനിക്ക് വഴി കാണിക്കുകയും തെറ്റു ചെയ്യുമ്പോള്‍ ശാസിക്കുകയും അധര്‍മം പ്രവര്‍ത്തിക്കുമ്പോള്‍ താക്കീതു ചെയ്യുകയും ശിക്ഷയിലൂടെയും ശിക്ഷണങ്ങളിലൂടെയും എന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് പ്രവാചകന്മാര്‍ പരിചയപ്പെടുത്തിയത്. ഈ ദൈവത്തില്‍ വിശ്വസിക്കുക മാത്രമല്ല, അവന്റെ സാന്നിധ്യവും സാമീപ്യവും അനുഭവിക്കുക കൂടിയാണ് വേണ്ടത്. അതിനു വേണ്ടി ഞാന്‍ ചെയ്യേണ്ടത് മതജീവിതത്തിന്റെ പുറംപാളിയില്‍ അഭിരമിക്കാതെ ഉടനെ അതിനകത്തേക്കു വരിക എന്നതാണ്. പിന്നെ അതിന്റെയും അകത്തേക്ക്. 

അധ്യാത്മതത്വത്തെ അറിയാന്‍ ലോകത്തെ ഉപേക്ഷിക്കുകയല്ല, മറിച്ച് വൈയക്തിക സാമൂഹിക സദാചാരം ശീലിക്കുകയാണു വേണ്ടതെന്നും ഇതില്‍ നിന്നു ഗ്രഹിക്കാം. 

അധ്യാത്മതത്വത്തെ അറിയുന്നവന്‍ ലോകത്തെയും മനുഷ്യനെയും ഒന്നായിക്കാണാനും ശീലിക്കും. അതാകട്ടെ അവന്റെ വീക്ഷണത്തെ വിശാലമാക്കിത്തീര്‍ക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍