Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-11

മൂന്നാമത്തെ സമീകരണം

നന്തരം അവന്‍ മൂന്നാമത്തെ സമീകരണത്തിനായുള്ള പരിശ്രമത്തിലേര്‍പ്പെട്ടു. ആദ്യം അനിവാര്യാസ്തിത്വത്തിന്റെ ഗുണങ്ങളെക്കുറിച്ചാണ് വിചിന്തനം നടത്തിയത്. പ്രായോഗിക നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള സൈദ്ധാന്തികമായ അനുമാനത്തില്‍ ഒരു കാര്യം അവന് ബോധ്യപ്പെട്ടിരുന്നു: അനിവാര്യാസ്തിത്വത്തിന്റെ ഗുണങ്ങള്‍ രണ്ടുവിധമുണ്ട്. ഒന്ന്, ഭാവാത്മക ഗുണങ്ങളാണ്. ജ്ഞാനം, ശക്തി, അറിവ് തുടങ്ങിയവ. നിഷേധാത്മക ഗുണങ്ങളാണ് രണ്ടാമത്തേത്. അമൂര്‍ത്തത ഉദാഹരണം. അതായത് മൂര്‍ത്തതയില്‍ നിന്നും അതിന്റെ അനുബന്ധങ്ങളില്‍ നിന്നും അതുമായി വിദൂര ബന്ധമെങ്കിലുമുള്ള സകലതില്‍ നിന്നും മുക്തമായിരിക്കല്‍. ഇത് നിഷേധാത്മക ഗുണങ്ങള്‍ക്ക് മാത്രം ബാധകമായ നിബന്ധനയല്ല. മറിച്ച്, ഭാവാത്മക ഗുണങ്ങള്‍ക്കും ബാധകമാണ്. അതായത് ശരീരത്തിന്റേതായ എല്ലാ ഗുണങ്ങളില്‍ നിന്നും അവന്‍ മുക്തനായിരിക്കണം. ബഹുത്വം അതിലൊന്നാണ്. അഥവാ ദൈവിക സത്ത ഭാവാത്മക ഗുണങ്ങള്‍ കൊണ്ട് അനേകമാവരുത്. എല്ലാം കൂടി ഒന്നു മാത്രമേ ഉണ്ടാകൂ- അവന്റെ യഥാര്‍ഥ സത്ത മാത്രം.

ഈ രണ്ടുതരം ഗുണങ്ങളില്‍ എങ്ങനെയാണ് അവനുമായി സമീകരിക്കുക എന്ന് അവന്‍ ആലോചിച്ചു. ഭാവാത്മക ഗുണങ്ങള്‍ എന്നത് അവന്റെ യഥാര്‍ഥ സത്ത തന്നെയാണ്. അവ അനേകമാണെന്ന് ഒരു നിലക്കും പറയുക സാധ്യമല്ല. കാരണം, അനേകത്വം എന്നത് ശരീരത്തിന്റെ ഗുണമാണ്. അവന്റെ സത്തയെക്കുറിച്ച് തനിക്കുള്ള ജ്ഞാനം അവന്റെ സത്ത തന്നെയാണ്. അതിനാല്‍  താന്‍ ദൈവിക സത്തയെ അറിഞ്ഞാല്‍ ആ ജ്ഞാനം ദൈവിക സത്തയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരാശയമായിരിക്കില്ല. മറിച്ച്, അത് അവന്‍ തന്നെയായിരിക്കും. അതുകൊണ്ട് ദൈവത്തിന്റെ ഭാവാത്മക ഗുണങ്ങളുടെ കാര്യത്തില്‍ തന്നെ അവനെപ്പോലെ ആകാനുള്ള മാര്‍ഗം, ശരീരത്തിന്റെ സമസ്ത ഗുണങ്ങളില്‍ നിന്നും പൂര്‍ണ വിമുക്തമായി അവനെ മാത്രം അറിയുക എന്നതായിരിക്കുമെന്ന് അവന്‍ മനസ്സിലാക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.

നിഷേധാത്മക ഗുണങ്ങളാണ് ഇനിയുള്ളത്. അവ മുഴുവന്‍ അമൂര്‍ത്തവത്കരണത്തിന്റെ ഭാഗമാണ്. അതിനാല്‍, എല്ലാ ശാരീരിക ഗുണങ്ങളില്‍ നിന്നും സ്വയം വിമുക്തി നേടാന്‍ അവന്‍ പരിശ്രമം തുടങ്ങി. നേരത്തെ ആകാശ വസ്തുക്കളുമായി സമീകരിക്കാനുള്ള പരിശ്രമത്തിനിടയില്‍ തന്നെ ശാരീരിക ഗുണങ്ങളെ പലതും അവന്‍ ഉപേക്ഷിച്ചിരുന്നു. എങ്കിലും വട്ടം കറങ്ങുക പോലെയുള്ള കുറേയെണ്ണം പിന്നെയും അവശേഷിച്ചു. ചലനം എന്നത് ശരീരത്തിന്റെ പ്രത്യേക ഗുണങ്ങളില്‍ ഒന്നാണല്ലോ. അതുപോലെ, മൃഗങ്ങളെയും സസ്യങ്ങളെയും പരിചരിക്കല്‍, അവയോടുള്ള അനുകമ്പ, അവക്കുണ്ടാകുന്ന പ്രയാസങ്ങള്‍ നീക്കിക്കൊടുക്കല്‍ എന്നിവയും ശരീരത്തിന്റെ ഗുണങ്ങളാണ്. ഒന്നാമതായി അവയെ കാണുന്നത് തന്നെ ശാരീരികമായ ഒരു ശക്തി കൊണ്ടാണ്. പിന്നെ അവയെ സഹായിക്കാന്‍ ശ്രമിക്കുന്നതും ശാരീരികമായ ശക്തി കൊണ്ടാണ്. അതിനാല്‍, ആ സംഗതികളെല്ലാം തന്നെ തന്നില്‍ നിന്ന് ദൂരീകരിക്കാന്‍ അവന്‍ ശ്രമിച്ചു. കാരണം അവയൊന്നും തന്നെ ഇപ്പോള്‍ അവന്‍ പ്രാപിക്കാന്‍ ഉദ്ദേശിക്കുന്ന അവസ്ഥാ വിശേഷത്തിന് ചേര്‍ന്നതല്ല.

സമാധിയിലേക്ക് നയിക്കുന്ന അഭ്യാസം

അങ്ങനെ തന്റെ ഗുഹയുടെ ഉള്‍ഭാഗത്ത് തലകുമ്പിട്ട്, കണ്ണുകള്‍ അടച്ച്, എല്ലാ ഭൗതിക വസ്തുക്കളില്‍ നിന്നും ശാരീരിക ശക്തികളില്‍ നിന്നും മുഖം തിരിച്ച്, ഏകനും പങ്കാളി ഇല്ലാത്തവനുമായ അനിവാര്യാസ്തിത്വത്തെ മാത്രം ചിന്തിച്ചും ധ്യാനിച്ചും കൊണ്ട് അവന്‍ കിടന്നു. ദൈവമല്ലാത്ത മറ്റൊന്നിനെക്കുറിച്ച ചിന്തക്കും അവന്‍ ഇടം നല്‍കിയില്ല. മറ്റേതെങ്കിലും വസ്തു തന്റെ ഭാവനയിലേക്ക് കടന്നുവന്നാല്‍ ശക്തിപൂര്‍വം അതിനെ പുറന്തള്ളും. ദിവസങ്ങളോളം ഭക്ഷണം കഴിക്കുകയോ അനങ്ങുകയോ പോലും ചെയ്യാതെ അവനത് തുടര്‍ന്നു.

കഠിനമായ ഈ അഭ്യാസമുറക്കിടയില്‍ പലപ്പോഴും അവന്റെ സത്തയൊഴിച്ച് മറ്റു സത്തകളൊക്കെയും അവന്റെ ചിന്തയില്‍ നിന്നും മനസ്സില്‍ നിന്നും അപ്രത്യക്ഷമാകുമായിരുന്നു. അതേസമയം സത്യവും അനിവാര്യവുമായ ആ അസ്തിത്വത്തെക്കുറിച്ച ചിന്തയില്‍ അഗാധമായി വിലയിച്ചിരിക്കുന്ന സമയത്ത് പോലും സ്വന്തം സത്തയെക്കുറിച്ച ചിന്ത ഒഴിവാക്കാന്‍ അവന് സാധിച്ചില്ല. ഇതവനെ വല്ലാതെ സങ്കടപ്പെടുത്തി. കാരണം, അത് യഥാര്‍ഥമായ ദര്‍ശനത്തില്‍ കലര്‍പ്പു ചേരലാണെന്നും പുറത്ത് നിന്നുള്ള ഒരു വസ്തുവിന് ധ്യാനത്തില്‍ പ്രവേശം അനുവദിക്കലാണെന്നും അവന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നില്‍ നിന്ന് തന്നെ അപ്രത്യക്ഷനാകാനും ആ യഥാര്‍ഥ അസ്തിത്വത്തിന്റെ ദര്‍ശനത്തില്‍ പൂര്‍ണമായി ലയിച്ചുചേരാനും അവന്‍ പരിശ്രമിച്ചു. ഒടുവില്‍ ആ ലക്ഷ്യത്തില്‍ അവന്‍ എത്തുകതന്നെ ചെയ്തു. അതോടെ ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതൊക്കെയും, സകല ആത്മീയ രൂപങ്ങളും, ഭൗതിക ശക്തികളും, പദാര്‍ഥത്തില്‍ നിന്നും വിഛേദിക്കപ്പെട്ട സകല ശക്തികളും (അഥവാ അനിവാര്യാസ്തിത്വത്തെ അറിഞ്ഞ സത്തകള്‍), പറത്തപ്പെട്ട ധൂളികളെപ്പോലെ അപ്രത്യക്ഷമായി. അക്കൂട്ടത്തില്‍ അവന്റെ സ്വന്തം സത്തയും തിരോഭവിച്ചു. യഥാര്‍ഥവും അനിവാര്യവുമായ സ്രഷ്ടാവിന്റെ അസ്തിത്വം മാത്രം അവശേഷിച്ചു. അവന്‍ പറയുന്നു: ''ആര്‍ക്കാണ് ഇന്ന് ആധിപത്യം? ഏകനും പരമാധികാരിയുമായ അല്ലാഹുവിന് മാത്രം'' (അല്‍ഗാഫിര്‍ 16). അങ്ങനെ സ്രഷ്ടാവിന്റെ ഭാഷണം അവന്‍ മനസ്സിലാക്കി. അവന്റെ വിളി കേട്ടു. സംസാരിക്കാത്തവനും സംസാരം മനസ്സിലാക്കാത്തവനുമാണെന്നത് അവനൊരു തടസ്സമായില്ല. ആ അവസ്ഥയില്‍ നിമഗ്നനായി കൊണ്ട് 'ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതും' അവന്‍ കണ്ടു.

മനുഷ്യ ഹൃദയങ്ങള്‍ക്ക് മനസ്സിലാക്കാനാവാത്ത കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കരുത്. ഹൃദയത്തിന് മനസ്സിലാകുന്ന കാര്യങ്ങളില്‍ തന്നെ പലതും വിശദീകരിക്കാന്‍ സാധിക്കാത്തവയാണ്. അപ്പോള്‍ ഹൃദയത്തിന് മനസ്സിലാകാത്തവ എങ്ങനെയാണ് വിശദീകരിക്കുക. ഹൃദയം എന്നത് കൊണ്ട് ഞാന്‍ അര്‍ഥമാക്കുന്നത് ഹൃദയം എന്ന പിണ്ഡത്തെയല്ല. അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആത്മാവിനെയുമല്ല. മറിച്ച്, മനുഷ്യ ശരീരത്തില്‍ സ്വന്തം ശക്തി പ്രസരിപ്പിക്കുന്ന ആ ആത്മാവിന്റെ രൂപത്തെയാണ്. ചിലപ്പോള്‍ ഈ മൂന്നിനും 'ഹൃദയം' എന്ന് പറയും. എന്നാല്‍, ഞാന്‍ പറഞ്ഞ ഈ കാര്യത്തെ മനസ്സിലാക്കാന്‍ അവ മൂന്നിനും സാധിക്കുകയില്ല. ആദ്യം ഹൃദയത്തില്‍ അറിഞ്ഞ ശേഷമല്ലാതെ ഒരു കാര്യവും വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനും പറ്റുകയില്ല. അതിനാല്‍ ആ അവസ്ഥയെ വ്യാഖ്യാനിക്കാന്‍ ഉദ്ദേശിക്കുകയെന്നാല്‍ അസാധ്യമായത് ഉദ്ദേശിക്കുക എന്നാണര്‍ഥം. നിറങ്ങളുടെ രുചി അറിയാനും കറുപ്പ് മധുരമോ പുളിയോ ആയിരക്കാനും ആഗ്രഹിക്കന്നവനെപ്പോലെയാണത്.

എങ്കിലും ആ ഒരവസ്ഥയില്‍ അവന്‍ കണ്ട വിസ്മയകരമായ കാര്യങ്ങളെക്കുറിച്ച് ചില സൂചനകള്‍ ഞാന്‍ തരാം. പക്ഷേ, അത് ഉദാഹരണങ്ങള്‍ എന്ന നിലക്കാണ്; സത്യം എന്ന നിലക്കല്ല. കാരണം, ആ സ്ഥാനത്തെക്കുറിച്ച് അറിയാന്‍, അവിടേക്കു കടന്നു ചെല്ലുക എന്ന ഒറ്റ മാര്‍ഗമേയുള്ളൂ.

അതിനാല്‍ ഞാന്‍ കാണിച്ചുതരുന്ന കാര്യങ്ങളെ ഹൃദയത്തിന്റെ കാതുകള്‍ കൊണ്ട് ശ്രദ്ധയോടെ കേള്‍ക്കുകയും ഹൃദയത്തിന്റെ കണ്ണുകള്‍ കൊണ്ട് സൂക്ഷ്മമായി കാണുകയും ചെയ്യുക. ഒരുപക്ഷേ, ശരിയായ മാര്‍ഗത്തിലേക്ക് നിന്നെ നയിക്കുന്ന കുറെ കാര്യങ്ങള്‍ അതില്‍നിന്ന് കിട്ടിയേക്കാം. പക്ഷേ ഒരു നിബന്ധനയുണ്ട്. ഈ പേജുകളിലൂടെ ഞാന്‍ തരുന്നതില്‍ കൂടുതലായൊന്നും വാമൊഴിയായി വിശദീകരിക്കാന്‍ ഇപ്പോള്‍ എന്നോട് ആവശ്യപ്പെടരുത്. കാരണം വളരെ ഇടുങ്ങിയ ഒരു മേഖലയാണത്. വിശദീകരണയോഗ്യമല്ലാത്ത കാര്യങ്ങളെ വാക്കുകള്‍ കൊണ്ട് വിശദീകരിക്കുക എന്നത് അപകടകരവുമാണ്.

വിലയാവസ്ഥയിലേക്കുള്ള സൂചനകള്‍

സ്വന്തം സത്തയും മറ്റെല്ലാ സത്തകളും വിസ്മൃതമാവുകയും ഏകനായ അനിവാര്യാസ്തിത്വമല്ലാതെ മറ്റൊന്നിനെയും കാണാതിരിക്കുകയും ചെയ്ത ആ അവസ്ഥയില്‍ അവന് ചില ദര്‍ശനങ്ങളുണ്ടായി. പിന്നെ, മത്ത് പിടിച്ചതുപോലുള്ള ആ അവസ്ഥയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ദൈവത്തിന്റെ സത്തയില്‍ നിന്ന് വ്യത്യസ്തമായ ഒരു സത്ത തനിക്കില്ലെന്ന് അവന് തോന്നി. തന്റെ സത്ത യഥാര്‍ഥത്തില്‍ ദൈവത്തിന്റെ സത്ത തന്നെയാണ്; ദൈവത്തിന്റെ സത്തയില്‍ നിന്ന് വ്യത്യസ്തമായി തനിക്കുണ്ടെന്ന് ള്ള സത്തയാണെന്ന് നേരത്തെ തോന്നിയിരുന്ന സത്ത വാസ്തവത്തില്‍ ഒന്നുമായിരുന്നില്ല. എന്നല്ല, അത് ദൈവത്തിന്റെ സത്ത തന്നെയായിരുന്നു. ഖരവസ്തുക്കളില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യനെപ്പോലെയാണത്. ആ ഖരവസ്തു സൂര്യനാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തിലത് സൂര്യന്റെ പ്രകാശം മാത്രമാണല്ലോ. ആ വസ്തു അപ്രത്യക്ഷമാകുമ്പോള്‍ അതിന്റെ പ്രകാശവും അപ്രത്യക്ഷമാകുന്നു. എന്നാല്‍, സൂര്യ പ്രകാശം അപ്പോഴും അതിന്റെ പൂര്‍ണതയില്‍ നിലനില്‍ക്കുന്നുണ്ട്. ആ വസ്തു ഉണ്ടായിരുന്നപ്പോള്‍ അത് കുറയുകയോ അത് അപ്രത്യക്ഷമായപ്പോള്‍ അത് വര്‍ധിക്കുകയോ ചെയ്യുന്നില്ല. പ്രകാശം സ്വീകരിക്കാന്‍ പ്രാപ്തമായി ഒരു വസ്തു ഉണ്ടാവുകയാണെങ്കില്‍ അത് പ്രകാശത്തെ സ്വീകരിക്കും. അത്തരമൊരു വസ്തു ഇല്ലെങ്കില്‍ ആ സ്വീകരണം നടക്കുകയില്ല.

ഈ വിചാരം അവനില്‍ ശക്തിപ്പെട്ടു. കാരണം, ദൈവത്തിന്റെ സത്ത ഒരു നിലക്കും വര്‍ധിക്കുകയില്ലെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു; അവനെക്കുറിച്ച് തനിക്കുള്ള അറിവ് യഥാര്‍ഥത്തില്‍ അവന്‍ തന്നെയാണെന്നും. അതിന്റെ അടിസ്ഥാനത്തില്‍ അവന്‍ ഇപ്രകാരം സ്വയം സംവാദം നടത്തി: ''ദൈവിക സത്തയെക്കുറിച്ച് അറിഞ്ഞ ഒരുവനില്‍ ദൈവത്തിന്റെ സത്ത കുടിയിരിക്കുന്നുണ്ട്. ഞാന്‍ ആ സത്തയെ അറിഞ്ഞവനാണല്ലോ. അതിനാല്‍ എന്റെ ഉള്ളിലും ദൈവിക സത്ത കുടിയിരിക്കുന്നുണ്ട്. ആ സത്ത അതില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. അതിന്റെ ഉണ്മ അത് തന്നെയാണ്. അതിനാല്‍, ആ സത്ത ഞാന്‍ തന്നെയാണ്. ഇപ്രകാരം പദാര്‍ഥത്തില്‍ നിന്ന് ഉണ്ടായതും ആ അനിവാര്യസത്തയെ അറിഞ്ഞതുമായ മറ്റെല്ലാ സത്തകളും അവന്റെ സത്തയാണ്. മുമ്പ് അവയെ പലതായി കണ്ടിരുന്നുവെങ്കിലും, ഈ വഴിയില്‍ ചിന്തിക്കുമ്പോള്‍ അവയെല്ലാം ഒന്ന് മാത്രമാണ്.''

ദൈവത്തിന്റെ അനുഗ്രഹ കടാക്ഷം ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ചിന്ത അവനില്‍ വേരുറച്ചുപോകുമായിരുന്നു. എന്നാല്‍, ശരീരത്തിന്റെ ഇരുട്ടും പദാര്‍ഥങ്ങളുടെ കലര്‍പ്പും തന്നിലിപ്പോഴും അവശേഷിക്കുന്നത് കൊണ്ടാണ് അത്തരമൊരു ചിന്ത തന്നില്‍ ഉടലെടുത്തതെന്ന് അവന്‍ തിരിച്ചറിഞ്ഞു. കാരണം അധികം, കുറവ്, ഏകം, ഏകത്വം, സംയോജനം, യോഗം, വിയോഗം ഇവയൊക്കെയും ശരീര സംബന്ധിയായ ഗുണങ്ങളത്രെ. അതേസമയം, പദാര്‍ഥങ്ങളില്‍ നിന്ന് വിഛേദിക്കപ്പെടുകയും ദൈവത്തെ അറിയുകയും ചെയ്ത സത്തകള്‍, പദാര്‍ഥമുക്തമാണെന്നത് കൊണ്ടുതന്നെ, അവയെപ്പറ്റി അനേകമെന്നോ ഏകമെന്നോ പറയാന്‍ പറ്റുകയില്ല. കാരണം അനേകത്വം എന്നത് സത്തകള്‍ പരസ്പര ഭിന്നമായിരിക്കലാണ്. അതുപോലെ ഏകത്വം എന്നതും കൂടിച്ചേരലുകള്‍ വഴി ഉണ്ടാകുന്നതാണ്. ഇവയൊന്നും തന്നെ പദാര്‍ഥങ്ങളുടെ സംയോജനം എന്ന ആശയവുമായി ബന്ധപ്പെടുത്തിയല്ലാതെ മനസ്സിലാക്കുക സാധ്യമല്ല. എന്നാല്‍, ഇവിടെ അത് വിശദീകരിക്കാന്‍ പ്രയാസമുണ്ട്. കാരണം ഈ വിഛേദിത സത്തകളെ അനേകമെന്ന വാക്കുകൊണ്ട് അവതരിപ്പിക്കുന്നത് അവ അനേകമാണെന്ന തെറ്റിദ്ധാരണക്ക് ഇടയാക്കും. വാസ്തവത്തില്‍ അവ പൂര്‍ണമായും ബഹുത്വരഹിതമാണ്. ഇനി അവയെ ഏകമെന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചാലോ, അപ്പോള്‍ അവ ഏകമാണെന്നും തെറ്റിദ്ധരിക്കും. ഏകമായിരിക്കുക എന്നത് അവയെ സംബന്ധിച്ചേടത്തോളം അസാധ്യമത്രെ.

സൂര്യ പ്രകാശത്താല്‍ കണ്ണു കാണാതായ വവ്വാലിനെപ്പോലെ ഒരാള്‍ എന്നോട് പറയുന്നത് ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്.: ''നിന്റെ സൂക്ഷ്മ നിരീക്ഷണം എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. മനുഷ്യബുദ്ധിയെ നീ മറികടന്നിരിക്കുന്നു. യുക്തിയുടെ സകല വിധികളെയും നീ നിരാകരിച്ചിരിക്കുന്നു. ഒരു വസ്തു ഒന്നുകില്‍ അനേകമായിരിക്കണം, അല്ലെങ്കില്‍ ഒന്നായിരിക്കണം എന്നതാണല്ലോ ബുദ്ധിയുടെ വിധി.'' ഈ മനുഷ്യന്‍ തന്നെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കണം. പിന്നെ ഈ ലോകവും ഭൗതിക വസ്തുക്കളും തനിക്കു മുന്നില്‍ സൃഷ്ടിച്ചിരിക്കുന്ന മറയെപ്പറ്റിയും. എന്നിട്ട് ഹയ്യ്ബ്‌നു യഖ്ദാന്‍ ചിന്തിച്ചതുപോലെ ചിന്തിച്ചുനോക്കണം. അവന്‍ ഒരു വിധത്തില്‍ ചിന്തിച്ചപ്പോള്‍ ലോകത്ത് വമ്പിച്ച ബഹുത്വത്തെയാണ് കണ്ടത്. പിന്നെ, മറ്റൊരു വിധത്തില്‍ ചിന്തിച്ചപ്പോള്‍ അത് ഒറ്റ ഒന്ന് മാത്രമാണെന്നും കണ്ടു. അങ്ങനെ ഏതെങ്കിലും ഒരു തീരുമാനത്തില്‍ എത്താനാവാതെ അവന്‍ ആടിയുലഞ്ഞു.

ഈ ലോകം ഏകത്വത്തിന്റെയും ബഹുത്വത്തിന്റെയും ഒരു കൂടാരമാണ്. ഇവിടെ വസ്തുക്കളുടെ യഥാര്‍ഥ പ്രകൃതം മനസ്സിലാക്കാനാവുന്നതാണ്. യോഗവും വിയോഗവും സാമാന്യതയും സവിശേഷതയും യോജിപ്പും വിയോജിപ്പും സുഗ്രാഹ്യമാണിവിടെ. അങ്ങനെയുള്ള ഈ ലോകം പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെങ്കില്‍ ദൈവികലോകത്തിന്റെ സ്ഥിതിയെപ്പറ്റി എന്താണ് പറയുക. അതിനെക്കുറിച്ച് 'എല്ലാം' എന്നോ 'ചിലത്' എന്നോ പറയാന്‍ പറ്റുകയില്ല. നമ്മുടെ കാതുകള്‍ കേട്ടുശീലിച്ച ഒരു വാക്കുകൊണ്ടും അതിനെ വിശേഷിപ്പിക്കാനാവുകയില്ല. അങ്ങനെ വിശേഷിപ്പിക്കുമ്പോഴെല്ലാം അതിന്റെ നേര്‍ വിപരീതമായ ചില ആശയങ്ങള്‍ ഉയര്‍ന്നുവരും. ആത്മീയ ദര്‍ശനം സിദ്ധിച്ചവര്‍ക്ക് മാത്രമേ അതിന്റെ യഥാര്‍ഥ സത്യം മനസ്സിലാവുകയുള്ളൂ. അതിനെ സാക്ഷാത്കരിച്ചവര്‍ക്ക് മാത്രമേ അതിനെക്കുറിച്ച ഒരു സമ്പൂര്‍ണ ജ്ഞാനം ലഭിക്കുകയുള്ളൂ.

ഞാന്‍ ബുദ്ധിയുടെ അതിരുകളെ ലംഘിച്ചുവെന്നും ബുദ്ധിയുടെ വിധിയെ നിരാകരിച്ചുവെന്നുമൊക്കെ പറയുകയുണ്ടായല്ലോ. അയാളും അയാളെപ്പോലുള്ളവരും ബുദ്ധി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വിശേഷബുദ്ധിയെയാണ്. ഇന്ദ്രിയ ഗോചരമായ വസ്തുക്കളെ വിലയിരുത്തുകയും അതില്‍നിന്ന് സാമാന്യാര്‍ഥങ്ങള്‍ കണ്ടെത്തുകയുമാണ് വിശേഷബുദ്ധി ചെയ്യുന്നത്. ആ വിധത്തില്‍ ചിന്തിക്കുന്നവരെയാണ് ബുദ്ധിമാന്മാര്‍ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ, നമ്മള്‍ സംസാരിക്കുന്നത് അത്തരം കാര്യങ്ങളെക്കുറിച്ചല്ല. അതിനാല്‍ ഇന്ദ്രിയഗോചരമായ വസ്തുക്കളെ മാത്രം കാണുന്ന സകലരും അവരുടെ കണ്ണുകളും കാതുകളും അടച്ചുപിടിക്കട്ടെ. ഭൗതിക വസ്തുക്കളെ മാത്രം കാണുന്നവരുമായുള്ള സകല ബന്ധങ്ങളും അവര്‍ വിഛേദിക്കട്ടെ. നിങ്ങള്‍ ദൈവിക ലോകത്തെക്കുറിച്ചുള്ള എന്റെ വിവരണത്തിലെ സൂചനകളും അടയാളങ്ങളും കൊണ്ട് തൃപ്തിപ്പെടുന്നവരുടെ കൂട്ടത്തിലാണ് എങ്കില്‍, ഹയ്യ്ബ്‌നു യഖ്ദാന് പരമാര്‍ഥജ്ഞാനം ലഭിച്ചപ്പോള്‍ ഉണ്ടായ ദര്‍ശനങ്ങളെയും വെളിപാടുകളെയും കുറിച്ച് കൂടുതലായ ചില വിശദീകരണങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. 

(തുടരും)

വിവ: റഹ്മാന്‍ മുന്നൂര്

ചിത്രീകരണം: എം. കുഞ്ഞാപ്പ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍