വായിക്കേണ്ടതുപോലെ വായിക്കപ്പെടാത്ത ഗ്രന്ഥം
ഖുര്‍ആന്‍ എന്നാല്‍ വായിക്കപ്പെടുന്നത് എന്നാണര്‍ഥം. വായനയുടെ മഹത്വത്തെയും പ്രാധാന്യത്തെയും പ്രസക്തിയെയും വിളംബരം ചെയ്യുന്നതാണ് ഖുര്‍ആനിലെ ആദ്യാവതീര്‍ണ സൂക്തങ്ങള്‍. എഴുത്തും വായനയും അറിയാത്ത ഒരാളുടെ നാവിലൂടെ വായനയുടെയും അതിനനുസൃതമായ ജീവിതം രൂപപ്പെടുത്തുന്നതിന്റെയും പൊരുള്‍ തിരിച്ചറിഞ്ഞ സമൂഹം ചരിത്രത്തിലെ ഏറ്റവും ആദരണീയ സമൂഹമായി മാറി; ചരിത്രം മാറ്റിയെഴുതിയ ധീരാത്മാക്കളായി.
ആ മഹാത്മാക്കളുടെ പിന്‍ഗാമികളെന്നവകാശപ്പെടുന്നവരാണ് ഇന്നത്തെ മുസ്‌ലിംകള്‍. രണ്ടു കൂട്ടരുടെയും ജീവിതം ചേര്‍ത്തുവച്ചാല്‍ പട്ടുനൂലും വാഴനാരും തമ്മിലുള്ള വ്യത്യാസം കാണാം. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന് ആരും അത്ഭുതപ്പെട്ടുപോകും. അല്ലാഹുവിന്റെയും നബിയുടെയും നിര്‍ദേശങ്ങള്‍ എപ്പോഴെല്ലാം പാലിക്കാതിരുന്നുവോ അപ്പോഴെല്ലാം മുസ്‌ലിംകള്‍ പരാജയപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: ''ഒരു കാലം വരും. അന്ന് സുപ്രയിലെ ഭക്ഷണമെന്ന പോലെ മുസ്‌ലിംകളെ നാനാഭാഗത്തുനിന്നും ശത്രുക്കള്‍ ആക്രമിക്കുന്ന അവസ്ഥ വരും'' അനുചരന്മാര്‍ ചോദിച്ചു: ''ദൈവദൂതരേ, അന്ന് മുസ്‌ലിംകള്‍ എണ്ണത്തില്‍ കുറവാകുന്നതുകൊണ്ടാണോ അങ്ങനെ സംഭവിക്കുക?'' നബി പറഞ്ഞു: ''അല്ല. എണ്ണത്തില്‍ ഏറെയുണ്ടാകും. പക്ഷേ, മലവെള്ളത്തിലെ ചണ്ടിപോലെ ദുര്‍ബലരായിരിക്കും.''
ഉഹ്ദ് മലയില്‍ നബി കാവല്‍ നിര്‍ത്തിയ ഭടന്മാരില്‍ ഒരു വിഭാഗം നബിയുടെ അനുവാദം കിട്ടുംമുമ്പേ താഴേക്ക് ഓടിയിറങ്ങി. ശത്രുക്കള്‍ വിട്ടേച്ചുപോയ സമ്പത്ത് വാരിക്കൂട്ടാനുള്ള ത്വരയായിരുന്നു പ്രേരണ. ഈ തക്കം നോക്കി ശത്രുക്കള്‍ കടന്നാക്രമിക്കുകയും മുസ്‌ലിംകള്‍ യുദ്ധത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഭൗതിക സമ്പത്തിനേക്കാള്‍ അല്ലാഹുവിന്റെ തൃപ്തിയും പരലോക മോക്ഷവുമാണ് വലുത് എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തിയിരുന്നു. പക്ഷേ, ഒരു ദുര്‍ബല നിമിഷത്തില്‍ ഹൃദയം ശൂന്യമായിപ്പോയി. പരലോകത്തിനു പകരം ദുനിയാവ് അവരെ ഭ്രമിപ്പിച്ചു. പക്ഷേ, ഈ തിന്മയുടെ ഗര്‍ത്തത്തില്‍നിന്ന് അവര്‍ വളരെ വേഗം കരകയറി. ഈമാനിന്റെ കൊടുമുടികള്‍ കീഴടക്കി. ഭൗതിക സമ്പത്ത് വാരിക്കൂട്ടാന്‍ ഈമാനിന്റെ കുന്നിറങ്ങിയ ആധുനിക മുസ്‌ലിം, പക്ഷേ, മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. ത്യാഗത്തിന്റെ മലമ്പാതകള്‍ താണ്ടാന്‍ തയാറായില്ല. പൂര്‍വസൂരികളുടെ പശ്ചാത്താപ ബോധമാണ് ആധുനിക മുസ്‌ലിമിന് ഇല്ലാതെ പോയത്.
'വിശ്വാസികളാണെങ്കില്‍ നിങ്ങളാണ് ഉന്നതര്‍' എന്ന അല്ലാഹുവിന്റെ വാഗ്ദാനം പുലര്‍ന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷി. ഇന്ന് മുസ്‌ലിം രാജ്യങ്ങള്‍ ഏറെയുണ്ട്. എന്നിട്ടും ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ് മുസ്‌ലിംകള്‍. ആക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്നവര്‍. നിന്ദിതരുടെയും പീഡിതരുടെയും വര്‍ഗം. എന്തുകൊണ്ടിങ്ങനെ എന്ന് അല്ലാഹുവിനോട് തന്നെ ഇഖ്ബാല്‍ ചോദിച്ചിട്ടുണ്ട് (ശിഖ്‌വ). അല്ലാഹുവിന്റെ മറുപടിയും അദ്ദേഹം തന്നെ കുറിച്ചിട്ടുണ്ട് (ജവാബെ ശിഖ്‌വ). ചിന്തോദ്ദീപകമായ ആ മറുപടിയുടെ രത്‌നച്ചുരുക്കം ഇങ്ങനെ: 'ഇന്ന് ബാങ്കുവിളി കേള്‍ക്കാനുണ്ട്. പക്ഷേ, അതില്‍ ബിലാലിന്റെ ആത്മാവില്ല. നംറൂദിന്റെ അഗ്നികുണ്ഠങ്ങളുണ്ട്. പക്ഷേ, ഇബ്‌റാഹീമില്ല.'
'അബുജഹ്‌ലിനെ കഅ്ബക്ക് കാവല്‍ നിര്‍ത്തി അറബികള്‍ അബാബീല്‍ പക്ഷികളെ വേട്ടയാടാന്‍ പോയി' എന്ന് ഇഖ്ബാല്‍ വിലപിക്കുകയുണ്ടായി. മുസ്‌ലിം ലോകം സമ്പത്ത് വാരിക്കൂട്ടിയിട്ടുണ്ട്. സ്വര്‍ണവും വെള്ളിയും കൂമ്പാരമാക്കി വെച്ചിട്ടുണ്ട്. കൊട്ടാരങ്ങളും മണിമാളികകളും കെട്ടിപ്പൊക്കിയിട്ടുണ്ട്. ആകാശം ചുംബിക്കുന്ന പള്ളികള്‍ പണിതിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവിട്ട് ഹജ്ജിന് പലതവണ പോകുന്നുണ്ട്. എല്ലാം ചടങ്ങുകള്‍! ഫലശൂന്യമായ കാട്ടിക്കൂട്ടലുകള്‍. ബാഹ്യമായ പളപളപ്പാണെങ്ങും. ഹൃദയത്തില്‍ ആദര്‍ശത്തിന്റെ തീജ്വാലയില്ല.
ഉദാത്തമായ ഒരു സംസ്‌കൃതിയുടെ ഉടമകള്‍ക്ക് ഇടയനില്ലാതെ ഉഴറി നടക്കുന്ന അവസ്ഥ വന്നതിന്റെ യഥാര്‍ഥ കാരണം ഖുര്‍ആനും സുന്നത്തും പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞതാണെന്നതില്‍ സംശയമില്ല. ''രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടുപോകുന്നു; അല്ലാഹുവിന്റെ വചനവും അവന്റെ ദൂതന്റെ ചര്യയും. അവ മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴക്കുകയില്ല.'' പ്രവാചകന്‍ പറഞ്ഞ ആ 'നിങ്ങളെ'വിടെ. ദുന്‍യാവ് മുറുക്കിപ്പിടിച്ചപ്പോള്‍ അല്ലാഹുവിന്റെ പാശം കൈവിട്ടുപോയി. 'ഞങ്ങള്‍' എന്ന വിനയത്തിന്റെയും കൂട്ടായ്മയുടെയും രാജരഥ്യ വിട്ട് ഞാനെന്ന അഹന്തയുടെ പിന്നാലെ പാഞ്ഞു.
പ്രകാശമാനമായ ദീപം പോലെ ചുറ്റും പ്രവാചകന്‍ പ്രകാശം പരത്തിയപ്പോള്‍ അതു കാണാന്‍ കൂട്ടാക്കാതെ ഇരുട്ടിലകപ്പെട്ട ജനതയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. മുസ്‌ലിംകളുടെ അവസ്ഥ അതിനെക്കാള്‍ പരിതാപകരമാണ്. വിളക്ക് കൈയില്‍ വെച്ചുകൊണ്ട് അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. 'ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍' എന്നാണ് തൗറാത്തിനനുസരിച്ച് നടക്കാന്‍ വിസമ്മതിച്ച ജുതരെക്കുറിച്ച് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
കുളത്തിനുചുറ്റും പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നതുകണ്ട് കുളത്തിലെ തവളകള്‍ ചോദിച്ചു: ''നിങ്ങളെന്താണിവിടെ ചുറ്റിക്കറങ്ങുന്നത്.'' പൂമ്പാറ്റകള്‍ പറഞ്ഞു: ''കുളക്കരയില്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതു കണ്ടോ. അതിലെ തേന്‍ നുകരാനാണ് ഞങ്ങള്‍ വന്നത്.'' ഖുര്‍ആന്റെ മാധുര്യമാസ്വദിച്ച് പുറത്തുള്ളവര്‍ പലരും ആദര്‍ശമാറ്റത്തിനു തയാറാകുമ്പോഴും കുളത്തിലെ തവളകളെപ്പോലെ ആശ്ചര്യം കൂറുകയാണ് പാരമ്പര്യ മുസ്‌ലിംകള്‍.
ഖുര്‍ആനില്‍ അതിന്റെ അക്ഷരങ്ങള്‍ മാത്രം അവശേഷിക്കുന്ന കാലംവരും എന്ന് നബി പ്രവചിച്ചിട്ടുണ്ട്. മനോഹരമായി അച്ചടിച്ച ഖുര്‍ആന്റെ കോപ്പികള്‍ ലോകമെങ്ങും സൂക്ഷിച്ചിട്ടുണ്ട്, അലമാരകളില്‍. ഹൃദയത്തിന്റെ ഉള്ളറകള്‍ പക്ഷേ ശൂന്യം. വായിക്കേണ്ടതുപോലെ വായിക്കപ്പെടാത്ത ഗ്രന്ഥമാണ് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍, നബിയുടെ കാലത്ത് നേരെ വിപരീതമായിരുന്നു സ്ഥിതി. ഖുര്‍ആന്റെ മനോഹരമായ കോപ്പികള്‍ അന്ന് ഇല്ലായിരുന്നു, പക്ഷേ സ്വഹാബികളുടെ ഹൃദയങ്ങള്‍ ഖുര്‍ആന്റെ ആശയങ്ങളാല്‍ അലംകൃതവും പ്രശോഭിതവുമായിരുന്നു. നബി ഒരു സൂക്തം ഓതിക്കേള്‍പ്പിക്കേണ്ട താമസം അത് ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ മത്സരിച്ചിരുന്നു. ഒരാജ്ഞ മതിയായിരുന്നു നിഷിദ്ധതയുടെ പളുങ്കു പാത്രങ്ങള്‍ തച്ചുടക്കാന്‍. ഒരു വാഗ്ദാനം മതിയായിരുന്നു പ്രലോഭനത്തിന്റെ പഴം വലിച്ചെറിഞ്ഞ് രണാങ്കണത്തിലേക്കു കുതിക്കാന്‍. അതായിരുന്നു മുസ്‌ലിംകളുടെ ഭൂതകാലം. ഇന്നോ?
Comments