Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

പകപോക്കല്‍ രാഷ്ട്രീയം തുടരുന്ന അവാമി ലീഗ്

അബൂസ്വാലിഹ

പകപോക്കല്‍ രാഷ്ട്രീയം
തുടരുന്ന അവാമി ലീഗ്

         ലോക രാഷ്ട്രങ്ങളുടെ മൗനസമ്മതത്തോടെ ബംഗ്ലാദേശിലെ അവാമി ലീഗ് ഭരണകൂടം ഏകാധിപത്യത്തിന്റെ സകലവിധ കുതന്ത്രങ്ങളും പയറ്റി 'ചരിത്രം' സൃഷ്ടിക്കുകയാണ്. അതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ തന്നെ ഉന്മൂലനം ചെയ്തു. ഭരണകക്ഷിക്കാരോ അവരുടെ ശിങ്കിടികളോ അല്ലാതെ മറ്റാരും ഇപ്പോള്‍ ബംഗ്ലാ പാര്‍ലമെന്റില്‍ ഇല്ല. സമാന്തരമായി മറ്റൊരു ഉന്മൂലനവും നടക്കുന്നുണ്ടായിരുന്നു. ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷ കക്ഷികളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നത നേതൃനിരയുടെ ഉന്മൂലനം. കള്ളക്കേസുകളുണ്ടാക്കി ജമാഅത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ അബ്ദുല്‍ ഖാദിര്‍ മുല്ലയെ ഹസീന വാജിദിന്റെ ഭരണകൂടം തൂക്കിലേറ്റുകയുണ്ടായി. ഒരാഴ്ചക്കുള്ളില്‍ മൂന്ന് പ്രമുഖ നേതാക്കള്‍ക്ക് കൂടി വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ടാണ് വീണ്ടും 'ചരിത്രം' സൃഷ്ടിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമി, കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ മീര്‍ ഖാസിം അലി, സീനിയര്‍ അസി. സെക്രട്ടറി ജനറല്‍ മുഹമ്മദ് ഖമറുസ്സമാന്‍ എന്നിവര്‍ക്കാണ്, ഭരണകൂടത്തിന്റെ വെറും ചട്ടുകമായ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ പുതുതായി വധശിക്ഷ വിധിച്ചിരിക്കുന്നത്. സുപ്രീം കോടതി ശിക്ഷ ശരിവെക്കുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. അവിടെയും കയറിയിരിക്കുന്നത് അവാമി ലീഗ് പക്ഷപാതികളാണല്ലോ.

കൂട്ടക്കൊല, ബലാത്സംഗം, കൊള്ള, പിടിച്ചുപറി തുടങ്ങി സകലവിധ കുറ്റകൃത്യങ്ങളും ഇവരുടെ പേരില്‍ കെട്ടിച്ചമച്ചിട്ടുണ്ട്. 1971-ലെ വിമോചന സമരകാലത്ത് നടന്നുവെന്ന് പറയപ്പെടുന്ന പതിനാറ് കുറ്റകൃത്യങ്ങളാണ് മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ പേരില്‍ ആരോപിച്ചിരുന്നത്. ഇതില്‍ വധശിക്ഷയര്‍ഹിക്കുന്ന 4 കുറ്റകൃത്യങ്ങളും ജീവപര്യന്തം ശിക്ഷയര്‍ഹിക്കുന്ന 4 കുറ്റകൃത്യങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ട്രൈബ്യൂണലിന്റെ വിധിന്യായത്തിലുള്ളത്. ഇതേ കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനമാണ് മറ്റു രണ്ട് പേരുടെയും ചാര്‍ജ് ഷീറ്റിലുള്ളത്. ഖമറുസ്സമാനെതിരെയുള്ള വിധിന്യായത്തില്‍, പ്രതിക്ക് വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അവകാശമില്ലെന്നും വേണമെങ്കില്‍ പ്രസിഡന്റിന് ദയാഹര്‍ജി കൊടുക്കാമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിധി പുനപരിശോധിക്കണമെന്നും കുറ്റാരോപിതന് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സ്വതന്ത്ര കോടതി സംവിധാനം ഉണ്ടാവണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യന്‍ ഡയറക്ടര്‍ ബ്രാഡ് ആഡംസ് വിമര്‍ശിക്കുകയുണ്ടായി. 1971-ലെ വിമോചന സമരം നടക്കുമ്പോള്‍ ഖമറുസ്സമാന്‍ 19 വയസ്സുള്ള വിദ്യാര്‍ഥിയായിരുന്നു. ആ വിദ്യാര്‍ഥി നൂറ്റിയമ്പതോളം പേരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുത്തു എന്നാണ് പറയുന്നത്! അപ്പീല്‍ സ്വീകരിച്ചാല്‍ പ്രഥമ ദൃഷ്ട്യാ തന്നെ തള്ളിപ്പോകുന്ന കേസ്. നേരത്തെ ബംഗ്ലാദേശ് ജമാഅത്തിന്റെ അസി. അമീര്‍ ദലാവര്‍ ഹുസൈന്‍ സഈദിക്കെതിരെയുള്ള വധശിക്ഷ, ജീവപര്യന്തമായി കുറക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 1971-ലെ വിമോചന സമരം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം ജമാഅത്തുമായി ബന്ധപ്പെട്ട ആളാണ് ദലാവര്‍. അദ്ദേഹത്തിന്റെ പേരില്‍ കെട്ടിച്ചമച്ചതോ 1971-ലെ യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജമാഅത്ത് നേതാവ് എന്നും! ഇങ്ങനെയാണ് വിചാരണകളുടെയും വിധിന്യായങ്ങളുടെയും പോക്ക്.

മുത്വീഉര്‍റഹ്മാന് വധശിക്ഷ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിരുന്നു ജമാഅത്ത്. ഖമറുസ്സമാന് വധശിക്ഷ പ്രഖ്യാപിച്ചതിനെതിരെയും ജനരോഷം അലയടിക്കുകയാണ്. യുദ്ധകുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് തടവിലായിരിക്കെ മരണപ്പെട്ട ജമാഅത്തിന്റെ സമുന്നത നേതാവ് ഗുലാം അഅ്‌സമിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ മക്കള്‍ക്കും മറ്റു  ബന്ധുക്കള്‍ക്കും അവാമി ഭരണകൂടം വിസ നല്‍കിയിരുന്നില്ല. ഗുലാം അഅ്‌സമിന്റെ ജനാസ ബംഗ്ലാദേശില്‍ മറമാടാന്‍ സമ്മതിക്കില്ല എന്നുവരെ ചില അവാമി ഗ്രൂപ്പുകള്‍ ഒച്ച വെച്ചിരുന്നു. അവാമി ലീഗിന്റെ അസഹിഷ്ണുതയും ഏകാധിപത്യ പ്രവണതകളും ആ ദരിദ്ര രാഷ്ട്രത്തെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തില്‍ എത്തിച്ചിരിക്കുന്നു. ബംഗ്ലാ ജമാഅത്ത് നേതാക്കള്‍ക്കെതിരിലുള്ള വധശിക്ഷാ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി കടുത്ത ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയുള്ള പ്രതികാര നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് അദ്ദേഹം അവാമി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 

മുക്കാല്‍ നൂറ്റാണ്ടിനു ശേഷവും 
'ഖുത്വ്ബാത്ത്' ബെസ്റ്റ് സെല്ലര്‍

         ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം കണ്ടെത്തുന്ന ഒരു പുസ്തകം മാസങ്ങള്‍ക്കകം ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍, മുക്കാല്‍ നൂറ്റാണ്ട് മുമ്പ് എഴുതപ്പെടുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരന്തരം എഡിഷനുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്ത ഒരു കൃതിയുടെ ഒരു ലക്ഷം കോപ്പികള്‍ പത്ത് മാസം കൊണ്ട് വിറ്റുപോകുന്നതില്‍ തീര്‍ച്ചയായും പുതുമയും കൗതുകവുമുണ്ട്. മൗലാനാ മൗദൂദിയുടെ പ്രശസ്ത കൃതികളിലൊന്നായ 'ഖുത്വ്ബാത്തി'നാണ് ഈ സൗഭാഗ്യം. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് പബ്ലിക്കേഷനാണ് ഖുത്വ്ബാത്തിന്റെ ഒരു ലക്ഷം കോപ്പികള്‍ പത്ത് മാസം കൊണ്ട് ജനങ്ങളുടെ കൈകളിലെത്തിച്ചത്. ഇതിന് വേണ്ടി പ്രത്യേകം കാമ്പയിന്‍ നടത്തിയിരുന്നതായി ഇസ്‌ലാമിക് പബ്ലിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹഫീസ് അഹ്മദ് പറഞ്ഞു. ഒരു വര്‍ഷമായിരുന്നു കാലാവധിയെങ്കിലും പത്ത് മാസം കൊണ്ട് ടാര്‍ഗറ്റ് പൂര്‍ത്തിയായി.

തൊള്ളായിരത്തി നാല്‍പതുകളില്‍ പഠാന്‍കോട്ടിലെ താമസക്കാലത്തിനിടക്ക് മൗലാനാ മൗദൂദി നടത്തിയ ജുമുഅ പ്രഭാഷണങ്ങളാണ് ഖുത്വ്ബാത്തിന്റെ ഉള്ളടക്കം. വളരെ ലളിതമായ ഉര്‍ദുവില്‍ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളുടെ പൊരുളും ചൈതന്യവുമാണ് മുഖ്യമായും അദ്ദേഹം ഈ കൃതിയില്‍ വിവരിക്കുന്നത്. മലയാളം ഉള്‍പ്പെടെ അമ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഈ കൃതി. പാകിസ്താനില്‍ തന്നെ ഇതിനകം ഖുത്വ്ബാത്തിന്റെ ഉര്‍ദു പതിപ്പ് 125 എഡിഷനുകളിലായി 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ട്. പുസ്തക കാമ്പയിന്‍ വിജയത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ സിറാജുല്‍ ഹഖ് സംബന്ധിച്ചിരുന്നു. തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് വഴികാട്ടിയത് ഖുത്വ്ബാത്ത് ആണെന്ന് പറഞ്ഞ അദ്ദേഹം, ഓരോ സാധാരണക്കാരനിലേക്കും ഈ കൃതി എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉണര്‍ത്തി. 

ഷാഹി ഇമാമിനെതിരെ ആക്രമണം
മുസ്‌ലിം നേതൃത്വത്തെ ഭയപ്പെടുത്താന്‍

         കഴിഞ്ഞ ഒക്‌ടോബര്‍ 26-ന് മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കെ ദല്‍ഹിയിലെ ശാഹി മസ്ജിദ് ഇമാം സയ്യിദ് അഹ്മദ് ബുഖാരിക്കെതിരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് മുസ്‌ലിം സംഘടനകളുടെ വിലയിരുത്തല്‍. ഇമാം പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും, മുസ്‌ലിം നേതൃത്വത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് ജംഇയ്യത്തു ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മന്‍സ്വൂര്‍ പൂരി പറയുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. മാറിയ രാഷ്ട്രീയ സാഹചര്യമാണ് അക്രമികള്‍ക്ക് ആക്രമണത്തിന് പ്രചോദനമായതെന്ന കാര്യം വ്യക്തവുമാണ്. പ്രകോപനമുണ്ടാക്കി മുസ്‌ലിംകളെ തെരുവിലിറക്കാനും അതൊരു കലാപമാക്കി മാറ്റാനും വരാന്‍ പോകുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഇത്തരം ഗൂഢപദ്ധതികളെക്കുറിച്ച് മുസ്‌ലിം സമൂഹം ജാഗരൂകരാകണമെന്നും നേതാക്കള്‍ ഉണര്‍ത്തി.

അക്രമം നടക്കുന്നത് ചരിത്ര പ്രസിദ്ധമായ ജുമാ മസ്ജിദിലാവുക, അത് നമസ്‌കാര സമയത്താവുക, അതും വലിയൊരു മുസ്‌ലിം വ്യക്തിത്വത്തിന് നേരെയാവുക-ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ കാര്യഗൗരവത്തില്‍ കാണേണ്ട സംഭവമാണിതെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ഇന്‍തിസാര്‍ നഈം, ഇമാമിനെ സന്ദര്‍ശിക്കുകയും സുഖവിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍