Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

പരിണാമ വാദ വിവാദം <br>ഡാര്‍വിനോ ഇഖ്‌വാനുസ്വഫായോ?

വി.എ കബീര്‍ /കവര്‍‌സ്റ്റോറി

         കഴിഞ്ഞ മാസം വത്തിക്കാനിലെ ശാസ്ത്ര പഠനകേന്ദ്രമായ പോണ്‍ടിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ 'പ്രപഞ്ചത്തെക്കുറിച്ച വികസിത സങ്കല്‍പങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കവെ ജീവോല്‍പത്തി വിശദീകരിക്കുന്ന ഡാര്‍വിന്റെ പരിണാമ വാദത്തെയും പ്രപഞ്ചോല്‍പത്തിയെക്കുറിച്ച ആധുനിക ശാസ്ത്ര സിദ്ധാന്തമായ 'മഹാ വിസ്‌ഫോടന'(ബിഗ്ബാങ് തിയറി) സിദ്ധാന്തത്തെയും ശരിവെച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രസ്താവന മതവൃത്തങ്ങളിലും ശാസ്ത്ര വേദികളിലും വ്യാപകമായ ചര്‍ച്ചക്ക് ഇടം നല്‍കുകയുണ്ടായി. ഇതിന് മുമ്പ് പോപ്പ് പയസ് പന്ത്രണ്ടാമനും (1939-1958) ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേതിന് ഏതാണ്ട് സമാനമായ നിലപാട് സ്വീകരിച്ചത് അക്കാലത്ത് വിവാദമായിരുന്നു. 1850-കളുടെ അവസാനം ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഈ സിദ്ധാന്തത്തിനെതിരായിരുന്നു സഭയുടെ നിലപാട്. 1860-ല്‍ ബിഷപ്പ് സാമുവല്‍ വില്‍ബര്‍ ഫോര്‍സ് പ്രസിദ്ധ ബ്രിട്ടീഷ് ജൈവശാസ്ത്രജ്ഞനായ തോമസ് ഹക്‌സലിയുമായി നടത്തിയ സംവാദം സുവിദിതമാണ്. അന്ന് ഹക്‌സലിയോട് ബിഷപ്പ് ഒരു കുസൃതി ചോദ്യം ഉന്നയിക്കുകയുണ്ടായി. 'താങ്കള്‍ക്ക് മുത്തഛന്‍ വഴിയാണോ മുത്തശ്ശി വഴിയാണോ കുരങ്ങിന്റെ പാരമ്പര്യം' എന്നായിരുന്നു ആ ചോദ്യം.

ഡാര്‍വിന്റെ പരിണാമവാദത്തിനെതിരെ ശാസ്ത്ര വേദികളില്‍ നിന്ന് തന്നെ സന്ദേഹങ്ങളും ചോദ്യചിഹ്നങ്ങളും ഉയര്‍ന്നിരുന്നു. ശാസ്ത്രീയ സൃഷ്ടിവാദവും ഇന്റലിജന്റ് ഡിസൈന്‍ തിയറിയും പോലെ പല സിദ്ധാന്തങ്ങളും പരിണാമ വാദത്തിനെതിരെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകളായിരുന്നു അവയുടെ ഏറ്റവും വലിയ പ്രചാരകര്‍ . പരിണാമവാദം സിലബസ്സുകളില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പാശ്ചാത്യ നാടുകളില്‍ മതവൃത്തങ്ങളില്‍നിന്ന് എതിര്‍പ്പുകളുമുണ്ടായിട്ടുണ്ട്. സഭയോട് ബന്ധപ്പെട്ടവരുമായിരുന്നു അതിന്റെ മുന്‍പന്തിയില്‍. '60കളുടെ അവസാനം ലോകത്തിന്റെ നാനാഭാഗത്തും സൗജന്യമായി തപാലില്‍ അയച്ചുകൊണ്ടിരുന്ന ആംസ്‌ട്രോംഗിന്റെ (ബഹിരാകാശചാരി നീല്‍ ആംസ്‌ട്രോംഗ് അല്ല) പത്രാധിപത്യത്തിലുള്ള പ്ലെയിന്‍ ട്രൂത്ത് മാസികയും പുസ്തകങ്ങളും ഓര്‍മവരുന്നു. ആകര്‍ഷകമായ കെട്ടിലും മട്ടിലും പുറത്തിറക്കിയിരുന്ന മാസികയുടെയും പുസ്തകങ്ങളുടെയും മുഖ്യ ഉള്ളടക്കം പരിണാമവാദത്തെ ഖണ്ഡിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ വാദഗതികളായിരുന്നു. ബൈബിളിലെ സൃഷ്ടി വാദത്തിന് ഉപോദ്ബലകമായാണ് ഈ വാദഗതികള്‍ അവതരിപ്പിച്ചിരുന്നത്.

പരിണാമവാദത്തിന് ക്രിസ്ത്യാനികളില്‍നിന്ന് മാത്രമല്ല എല്ലാ മതവിഭാഗങ്ങളില്‍നിന്നും വ്യാപകമായ എതിര്‍പ്പുണ്ടാകാനുള്ള ഒരു കാരണം ദൈവാസ്തിത്വത്തെ നിഷേധിക്കാന്‍ യുക്തിവാദികള്‍ അതിനെ ഉപയോഗപ്പെടുത്തിയതാണ്. എന്നാല്‍ ഡാര്‍വിന് അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ഡാര്‍വിന്‍ ദൈവവിശ്വാസിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ പരിണാമവാദത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പരിണാമവാദം സൃഷ്ടിയുടെ കാരണത്തെ ഇല്ലാതാക്കുന്നില്ല എന്നാണ് പറയുന്നത്: ''ആധുനിക ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്ത പരിണാമ സിദ്ധാന്തത്തിലും മഹാ വിസ്‌ഫോടനത്തിലും തെറ്റായി ഒന്നും തന്നെയില്ല. അത് ദൈവത്തെയും സൃഷ്ടിവാദത്തെയും നിരാകരിക്കുന്നില്ല. ദൈവസങ്കല്‍പത്തെ വിശദീകരിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അതേസമയം പാരമ്പര്യമായി തുടരുന്ന ദൈവസങ്കല്‍പവും മാറേണ്ടതുണ്ട്. ഉല്‍പത്തി പുസ്തകം വായിക്കുമ്പോള്‍ നമുക്ക് തോന്നുക, ദൈവം ഒരു മാന്ത്രികനാണെന്നാണ്. അങ്ങനെയല്ല. ദൈവം ജീവജാലങ്ങളെ സൃഷ്ടിച്ചു. പിന്നീട് അവയെ പ്രകൃതിയുടെ നിയമമനുസരിച്ച് വളര്‍ത്തി. ഇത് തന്നെയാണ് പരിണാമ സിദ്ധാന്തത്തിന്റെയും കാതല്‍. അതുകൊണ്ടുതന്നെ സൃഷ്ടിയുടെ കാരണത്തെ പരിണാമവാദം ഇല്ലാതാക്കുന്നില്ല''- ഇതാണ് പോപ്പിന്റെ വിശദീകരണം.

പരിണാമവാദവും മുസ്‌ലിം പണ്ഡിതന്മാരും

സൃഷ്ടിവാദത്തിന്റെ വക്താക്കളായ എല്ലാ മതവിഭാഗങ്ങളും പൊതുവെ പരിണാമ വാദത്തിനെതിരാണ്. മുസ്‌ലിംകളും അതില്‍ നിന്നൊഴിവല്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെപ്പോലെ പരിണാമവാദം സൃഷ്ടിവാദത്തെ നിരാകരിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടവരും മുസ്‌ലിം പണ്ഡിതന്മാരിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്ഷ്യന്‍ ബുദ്ധിജീവിയും ഇസ്‌ലാമിക സര്‍വ വിജ്ഞാനകോശമായ ദാഇറത്തുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യയുടെ കര്‍ത്താവുമായ ഫരീദ് വിജ്ദി (1878-1954) ഇക്കൂട്ടത്തില്‍ പെടുന്നു. കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരിലുമുണ്ടായിരുന്നു ഈ വാദഗതിക്കാര്‍. ഭക്തനും ഫാറൂഖ് കോളേജിലെ അറബിഭാഷാ വിഭാഗം തലവനുമായിരുന്ന, പരേതനായ പ്രഫ. വി. മുഹമ്മദ് സാഹിബ് ഈ വീക്ഷാഗതിക്കാരനായിരുന്നു. 60-കളില്‍ വ്യാപകമായിരുന്ന വിദ്യാര്‍ഥി സമ്മര്‍ ക്യാമ്പുകളിലെ ക്ലാസ്സുകളില്‍ വി. മുഹമ്മദ് സാഹിബ് ഈ വിഷയം അവതരിപ്പിച്ചു സംസാരിക്കുമ്പോള്‍ ഈ ലേഖകനും ഒരു ശ്രോതാവായിരുന്നു. മുസ്‌ലിം ഗവേഷണ ബുദ്ധികളില്‍ ചിരസ്മരണീയനായ ടി. മുഹമ്മദ് സാഹിബ് തന്റെ ഒരു കൃതിയില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തെ ഖുര്‍ആന്റെ വെളിച്ചത്തില്‍ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരലോക വിശ്വാസം സ്ഥാപിക്കുന്നതായിരുന്നു പ്രസ്തുത കൃതി. ജീവപരിണാമ പ്രക്രിയയിലൂടെയാണ് ഗ്രന്ഥകാരന്‍ പാരത്രിക ജീവിതത്തിന്റെ സാധ്യതയെ സമര്‍ഥിക്കുന്നത്. പരിണാമ വാദത്തെ സാധൂകരിക്കാന്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, അവയുടെ അര്‍ഥകല്‍പന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ വാദഗതിയെ പിന്തുണക്കുന്നതാണെന്ന് പറഞ്ഞുകൂടാ. ഉദാഹരണത്തിന് ഖുര്‍ആന്‍ 71:17 'വല്ലാഹു അന്‍ബതകും മിനല്‍ അര്‍ദി നബാത' എന്ന വാക്യം ജൈവപരിണാമ ശൃംഖലയിലെ സസ്യഘട്ടത്തെ സൂചിപ്പിക്കുന്നുവെന്നാണ് വാദം. സൂക്ഷ്മതലത്തില്‍ അതൊരു അതിവാദമാണെന്ന എതിര്‍വാദം ഉന്നയിക്കപ്പെടാം. കാരണം കന്യാമറിയം വളര്‍ത്തപ്പെട്ടതിനെ കുറിച്ചും ഇതേ പദപ്രയോഗമാണ് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത് (ഖുര്‍ആന്‍ 3:37); 'വ അന്‍ബതഹാ നബാതന്‍ ഹസന' എന്ന്. അവളെ നന്നായി വളര്‍ത്തി എന്നല്ലാതെ നല്ലൊരു സസ്യമായി മുളപ്പിച്ചു എന്ന് ഈ വാക്യത്തിന് ആരും അര്‍ഥം കല്‍പിക്കാറില്ലല്ലോ. രണ്ടിടത്തും വളര്‍ത്തി എന്ന് തന്നെയാണ് മൂലത്തിലെ 'അന്‍ബത' എന്ന പദത്തിനര്‍ഥം.

ഡാര്‍വിനു മുമ്പേ 'ഇഖ്‌വാനുസ്വഫാ'

പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി ഡാര്‍വിനാണ് അറിയപ്പെടുന്നത്. അതൊരു യൂറോകേന്ദ്രീകൃത വിവരമാണ്. യഥാര്‍ഥത്തില്‍ ഡാര്‍വിനെ അത്തരമൊരു വാദത്തിലേക്ക് നയിച്ചത് തന്നെ ചില മുസ്‌ലിം തത്ത്വജ്ഞാനികളാണെന്നാണ് ഹൈദരാബാദിന്റെ ഗവേഷണ പ്രതിഭയായ ഡോ. ഹമീദുല്ല പറയുന്നത്. ഹമീദുല്ലയുടെ പ്രസിദ്ധമായ ബഹാവല്‍ പൂര്‍ പ്രഭാഷണങ്ങളിലാണ് തദ്‌സംബന്ധമായ പരാമര്‍ശങ്ങള്‍ ഉള്ളത്. മുമ്പ് ശീഈ-സുന്നി വിഭജനത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ (പ്രബോധനം ലക്കം 2860) സൂചിപ്പിച്ചപോലെ പ്രഭാഷണത്തിന്റെ ഒടുവില്‍ ശ്രോതാക്കളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഈ വിഷയത്തിന്റെ പരാമര്‍ശം വരുന്നത് ('ഇസ്‌ലാം സംസ്‌കാരം നാഗരികത' എന്ന ശീര്‍ഷകത്തില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ബഹാവല്‍പൂര്‍ പ്രഭാഷണങ്ങളുടെ പരിഭാഷയില്‍ ഈ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെടുന്നില്ല). 'എന്താണ് മതം' എന്ന വിഷയകമായ പ്രഭാഷണം അവസാനിച്ചപ്പോള്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിലൊന്ന് 'ഡാര്‍വിന്‍ സിദ്ധാന്തം ശാസ്ത്രീയമായി ശരിയാണെങ്കില്‍ ഇസ്‌ലാമും ശാസ്ത്രവും തമ്മില്‍ വൈരുധ്യമുണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്' എന്നായിരുന്നു. അതിന് ഹമീദുല്ലയുടെ പ്രതികരണം:

''ഡാര്‍വിന്‍ സിദ്ധാന്തത്തെ ഇസ്‌ലാം തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ആദ്യമേ താങ്കള്‍ സങ്കല്‍പിച്ചിരിക്കുകയാണ്. താങ്കളത് തെളിയിക്കേണ്ടതുണ്ട്. എന്നിട്ടു വേണം ഇസ്‌ലാമുമായി അത് പൊരുത്തപ്പെടുന്നുണ്ടോ ഇല്ലേ എന്ന് പരിശോധിക്കാന്‍. ഡാര്‍വിന്‍ ദൈവനിഷേധിയാണെന്നാണ് നമ്മുടെ ധാരണ. അതുകൊണ്ടാണ് ഡാര്‍വിന്‍ സിദ്ധാന്തം നമുക്ക് ഒരു സങ്കീര്‍ണ പ്രശ്‌നമായി തോന്നുന്നത് എന്നാണ് ഞാന്‍ പറയുക. എന്നാല്‍, ഡാര്‍വിന്റെ ജീവചരിത്രം വായിക്കുകയാണെങ്കില്‍ അദ്ദേഹം ദൈവവിശ്വാസിയായിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അദ്ദേഹം തന്റെ കുലത്തൊഴിലായ വൈദ്യകലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഭിഷഗ്വരനായതോടെയാണ് പെട്ടെന്നദ്ദേഹത്തില്‍ മാറ്റമുണ്ടാകുന്നത്. അദ്ദേഹത്തിന് ഭൗതിക വിരക്തി ഉണ്ടാവുകയും ദൈവത്തിലേക്ക് തിരിയുകയും ചെയ്തു. അങ്ങനെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ മതതാരതമ്യപഠനത്തിന് കൂടി സൗകര്യമുള്ള ദൈവശാസ്ത്ര വിഭാഗത്തില്‍ ചേര്‍ന്ന് ഡാര്‍വിന്‍ ക്രിസ്തുമത പഠനം നടത്തി. അവിടെ വെച്ച് ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ നേടിയെടുക്കാന്‍ അറബി ഭാഷ കൂടി പഠിക്കുകയുണ്ടായി അദ്ദേഹം. പ്രസിദ്ധീകരിക്കപ്പെട്ട ഡാര്‍വിന്റെ എഴുത്ത്കുത്തുകളുടെ സമാഹാരത്തില്‍ തന്റെ അറബി അധ്യാപകന്നയച്ച ധാരാളം കത്തുകളുമുണ്ട്. അങ്ങേയറ്റം ആദരവോടെയും ഉപചാരത്തോടെയുമാണ് ഈ അധ്യാപകനെ കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നത്. അക്കാലത്ത് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ കരിക്കുലത്തില്‍ ഇഖ്‌വാനുസ്വഫായുടെ നിബന്ധങ്ങളില്‍ നിന്നുള്ള ഭാഗങ്ങളോ, ഇബ്‌നു മസ്‌കവൈഹിയുടെ അല്‍ഫൗസുല്‍ അസ്വ്ഗറില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങളോ ഉണ്ടായിരുന്നിരിക്കണമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രണ്ട് പുസ്തകങ്ങളിലും പരിണാമ സിദ്ധാന്തം വിശദീകരിച്ചിട്ടുണ്ട്. ഈ രണ്ട് മുസ്‌ലിം ഗ്രന്ഥകാരന്മാരെ ആരും വിമര്‍ശിക്കുകയോ അവിശ്വാസികളായി മുദ്രകുത്തുകയോ ചെയ്തിട്ടില്ലെന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഇഖ്‌വാനുസ്വഫായുടെ രിസാലകളും(നിബന്ധങ്ങള്‍) ഇബ്‌നു മസ്‌കവൈഹിയുടെ 'അല്‍ ഫൗസുല്‍ അസ്വ്ഗറും' ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട കൃതികളാണ്. ദൈവം ആദ്യം പദാര്‍ഥത്തെ സൃഷ്ടിച്ചു, എന്നിട്ട് അതില്‍ പുരോഗതിയിലേക്ക് പരിണമിക്കാനുള്ള ശക്തി പ്രദാനം ചെയ്തു എന്നാണ് രണ്ട് കൃതികളിലും എഴുതിയിരിക്കുന്നത്. അതിനാല്‍ പദാര്‍ഥം ആദ്യം ധൂമാകൃതി സ്വീകരിച്ച് പിന്നെ ജലരൂപം ധരിക്കുന്നു. അവിടെ നിന്നും പുരോഗമിച്ചു അചേതന പദാര്‍ഥങ്ങളായി പരിണമിക്കുന്നു. പിന്നെയും പുരോഗമിച്ചു വിവിധതരം ശിലകളായി മാറുന്നു. അവസാനം രത്‌നങ്ങളായി രൂപാന്തരപ്പെടുന്നു. ശിലകളില്‍ നിന്ന് മരങ്ങളുടേത് പോലുള്ള ശാഖകള്‍ കിളിര്‍ക്കുന്നു. നിര്‍ജീവ പദാര്‍ഥങ്ങളില്‍ നിന്ന് പിന്നെ സസ്യങ്ങളുടെ പരമ്പരകള്‍ ജന്മമെടുക്കുന്നു. വൃക്ഷങ്ങള്‍ പുരോഗമിച്ചു പുരോഗമിച്ചു അവസാനം ജീവികളുടെ സവിശേഷതകളോടു സാമ്യമുള്ള ഒരു വൃക്ഷം ഉണ്ടാവുകയായി. അതാണ് ഈത്തപ്പന. ഇതര മരങ്ങളില്‍ നിന്ന് ഭിന്നമായി ഈത്തപ്പനയുടെ എല്ലാ ശാഖകളും മുറിച്ചാലും ആ മരം നശിക്കുന്നില്ല. എന്നാല്‍, തലയറുത്താല്‍ പിന്നെ അതിന് നിലനില്‍പില്ല. അതിനാല്‍ ഈത്തപ്പനയെ മേത്തരം വൃക്ഷവും താഴ്ന്ന പടിയിലുള്ള ജീവിയുമായാണ് പരിഗണിക്കപ്പെടുന്നത്. രണ്ടിനോടും അതിന് സാദൃശ്യമുണ്ട്. പിന്നീട് താഴ്ന്ന പടിയിലുള്ള ജീവികള്‍ പരിണമിച്ചുണ്ടായി എവിടെ എത്തുന്നുവെന്നോ? ഇബ്‌നു മസ്‌കവൈഹിയും അതുപോലെ തന്നെ ഇഖ്‌വാനുസ്വഫായും  പറയുന്നത് ഒടുവിലവ കുരങ്ങിന്റെ രൂപത്തിലെത്തുന്നുവെന്നാണ്. ഇത് ഡാര്‍വിന്റെ വിവരണമല്ല. മുസ്‌ലിം തത്ത്വജ്ഞാനികളുടെ വിവരണമാണ്. അങ്ങനെ അവിടെ നിന്ന് പുരോഗമിച്ച് താഴ്ന്ന പടിയിലുള്ള മനുഷ്യനും അവിടന്ന് പ്രാകൃത മനുഷ്യനും പിന്നെ ഉയര്‍ന്ന മനുഷ്യനുമായിത്തീരുന്നു. മനുഷ്യനില്‍നിന്നുള്ള പ്രയാണം സിദ്ധനി(വലിയ്യ്)ലേക്കും അവിടന്ന് പ്രവാചകനിലേക്കും തുടര്‍ന്ന് മാലാഖയിലേക്കുമാണ്. സ്രഷ്ടാവായ ദൈവത്തിലെത്തുന്നതാണ് ഈ ശ്രേണി. അങ്ങനെ എല്ലാ വസ്തുവും ദൈവത്തില്‍നിന്ന് തുടങ്ങി ദൈവത്തില്‍ തന്നെ തിരിച്ചെത്തുന്നു. ഇതാണ് നമ്മുടെ തത്ത്വജ്ഞാനികളുടെ  വിവരണം. ഈ സംഗതികള്‍ മുസ്‌ലിം തത്ത്വജ്ഞാനികള്‍ വിശദീകരിക്കുകയും മുസ്‌ലിം നിയമജ്ഞര്‍ (ഫുഖഹാ) ആരും അവര്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ക്കെതിരെ കുഫ്ര്‍ ഫത്‌വകള്‍ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനെ ഇസ്‌ലാം വിരുദ്ധമായി മുദ്രകുത്തുന്നത് ചിന്തിക്കേണ്ട സംഗതിയാണ്. ഇനി കുറച്ചുകൂടി മുന്നോട്ട് പോകാം. ആദമിന്റെ സൃഷ്ടി മണ്ണില്‍നിന്നാണെന്ന് തീര്‍ച്ചയായും ഖുര്‍ആന്‍ പറയുന്നുണ്ട്. ദൈവം ഒരു കുംഭാരനെപ്പോലെ ഒരു പിടി മണ്ണെടുത്ത് ഒരു മൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ജീവന്‍ ഊതി അങ്ങനെ ആദം ഉണ്ടായി എന്നാണ് നാം സങ്കല്‍പിക്കുന്നത്. അങ്ങനെ ആയികൂടായ്കയൊന്നുമില്ല. ഞാനത് നിഷേധിക്കുന്നില്ല. എന്നാല്‍ ദൈവം മനുഷ്യനെ മണ്ണില്‍നിന്നും പിന്നീട് രേതസ്‌കണത്തില്‍നിന്നും സൃഷ്ടിച്ചു എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങളെ (18:37, 22:5, 35:11, 40:67) നിങ്ങള്‍ എന്തു ചെയ്യും? മണ്ണില്‍ നിന്ന് രേതസ്‌കണമുണ്ടാകുന്നില്ലെന്ന് വ്യക്തം. ജന്തുക്കളില്‍ നിന്നും മനുഷ്യനില്‍ നിന്നുമാണ് അതുണ്ടാകുന്നത്. മധ്യേയുള്ള ഇതര ഘട്ടങ്ങളെല്ലാം ദൈവം ഇവിടെ വിട്ടുകളഞ്ഞു എന്നാണ് അതിന്റെ അര്‍ഥം. എന്നിട്ട് മണ്ണാണ് നിങ്ങളുടെ അടിസ്ഥാന ഉത്ഭവ കേന്ദ്രം എന്ന് പറഞ്ഞിരിക്കുകയാണ്; നിങ്ങളുടെ ജന്മത്തിന്റെ അന്തിമ മാധ്യമം നിങ്ങളുടെ പിതാവിന്റെ രേതസ്‌കണവും നിങ്ങളുടെ മാതാവിന്റെ ഗര്‍ഭപാത്രവുമാണെന്നും. അങ്ങനെയാണ് നിങ്ങള്‍ ജനിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ്. 'നിങ്ങളെ ഘട്ടം ഘട്ടമായി സൃഷ്ടിച്ചു' എന്ന ഖുര്‍ആന്‍ സൂക്തം (71:14) കൂടി പരിശോധിക്കുക. മൂലത്തിലെ 'ത്വൗര്‍' എന്ന പദത്തില്‍ നിന്നാണ് പരിണാമം എന്നര്‍ഥമുള്ള 'തത്വവ്വുര്‍' എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ദൈവം മനുഷ്യനെ ഘട്ടം ഘട്ടമായി സൃഷ്ടിച്ചു; എന്നാല്‍ ആദ്യം അചേതന വസ്തുക്കളും പിന്നീട് അതില്‍ നിന്ന് പുരോഗമിച്ച് സസ്യങ്ങളും പിന്നീട് ജന്തുവുമായി എന്നര്‍ഥമാകാം. അതില്‍ വൈരുധ്യമൊന്നുമില്ലെന്ന് ചുരുക്കം. നിങ്ങളുടെ അറിവിനായി ഒരു കാര്യം കൂടി ഇവിടെ പറയട്ടെ. നിങ്ങളുടെ യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ 'ഖല്‍ഖുല്‍ കാഇനാത്ത് വ തത്വവ്വുറുല്‍ അന്‍വാഅ് ഹസ്ബ ആറാഇല്‍ മുഫക്കിറീനല്‍ മുസ്‌ലിമീന്‍' (പ്രപഞ്ചോല്‍പത്തിയും വര്‍ഗങ്ങളുടെ പരിണാമവും മുസ്‌ലിം ചിന്തകന്മാരുടെ അഭിപ്രായങ്ങള്‍) എന്ന ശീര്‍ഷകത്തില്‍ ചെറിയൊരു ലേഖനം കാണാം. അതില്‍ നിന്ന് ഈ വിഷയം വിശദമായി നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. മുസ്‌ലിം പണ്ഡിതന്മാരുടെയും സൂഫികളുടെയും വിവരണങ്ങളുടെ സമാഹാരമാണ് ഈ ലേഖനം. ലേഖനം ആദ്യം അച്ചടിച്ചത് തുര്‍ക്കിയിലെ ഒരു യൂനിവേഴ്‌സിറ്റിയാണ്. അത് പുനഃപരിശോധിച്ച് പിന്നീട് 'അല്‍ മസ്വാദിറുല്‍ ഇസ്‌ലാമിയ്യ ലി ദാര്‍വിന്‍ ഫീ നള്‌റിയത്തില്‍ ഉസ്വൂലില്‍ അന്‍വാഅ്' (ജീവോല്‍പത്തി സിദ്ധാന്തത്തില്‍ ഡാര്‍വിന്റെ ഇസ്‌ലാമിക സ്രോതസ്സുകള്‍) എന്ന ശീര്‍ഷകത്തില്‍ ഇസ്‌ലാമാബാദിലെ 'അദ്ദിറാസാത്തുല്‍ ഇസ്‌ലാമിയ്യ' ജേര്‍ണലില്‍ 1951-ല്‍ അച്ചടിക്കപ്പെട്ടു.''

ക്രി. ഒമ്പത്-പത്ത് നൂറ്റാണ്ടുകളില്‍ അബ്ബാസി കാലഘട്ടത്തില്‍ ഉയിരെടുത്ത ഒരു ഗൂഢസംഘമാണ് 'ഇഖ്‌വാനുസ്വഫാ' (പവിത്ര ഭ്രാതൃസംഘം). അന്നത്തെ ഭരണകൂടത്തിനെതിരെ രഹസ്യ നീക്കം നടത്തിയിരുന്ന ഇസ്മാഈലിയ്യ ശീഈകളില്‍ പെട്ടവരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. ആ സംഘത്തില്‍ അംഗമായിരുന്നില്ലെങ്കിലും അവരുമായി സംവാദം നടത്തിയിരുന്ന അബൂഹയ്യാന്‍ അത്തൗഹീദി(923-1023)യുടെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചു പേരാണവര്‍. അബൂ സുലൈമാന്‍ മുഹമ്മദുബ്‌നു മഅ്ശര്‍ അല്‍ മഖ്ദിസി, അബുല്‍ ഹസന്‍ അസ്സന്‍ജാനി, അബൂ അഹ്മദ് അല്‍ മഹര്‍ജാനി, അബുല്‍ ഹസന്‍ അല്‍ ഔഫി, സൈദുബ്‌നു റിഫാഅ എന്നിവരാണവര്‍. വ്യത്യസ്ത കലാശാസ്ത്രങ്ങളില്‍ നിപുണരായ അവര്‍ എഴുതിയ 51 പ്രബന്ധങ്ങളുടെ സമാഹാരമാണ് ഡോ. ഹമീദുല്ല സൂചിപ്പിക്കുന്ന 'റസാഇലു ഇഖ്‌വാനിസ്വഫാ'. പ്ലാറ്റോവിന്റെ തത്ത്വശാസ്ത്രത്തിന്റെ സ്വാധീനം ഇവരുടെ രചനകളില്‍ പ്രകടമാണെന്ന് ഓറിയന്റലിസ്റ്റ് പണ്ഡിതനായ ഗോള്‍ഡ് ഴൈ്വര്‍ അഭിപ്രായപ്പെടുന്നു.

ഇസ്‌ലാമിന്റെ സാമൂഹിക ചരിത്രം വിശകലനം ചെയ്യുന്ന അഹ്മദ് അമീന്റെ 'ഫജ്‌റുല്‍ ഇസ്‌ലാം' ഗ്രന്ഥ പരമ്പരകളില്‍ നിന്നാണ് ഈ ലേഖകന്‍ 'ഇഖ്‌വാനുസ്വഫാ'യെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ബഹുഭാഷാ വിദഗ്ധനും മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയുമായ രാഹുല്‍ സാന്‍കൃത്യായന്റെ 'വിശ്വദര്‍ശനങ്ങളിലും' (പി.കെ ബ്രദേഴ്‌സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷ) ഈ സംഘത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച വിശകലനങ്ങള്‍ വായിക്കുകയുണ്ടായി. അന്ന് മുതല്‍ക്കേ ഇവരുടെ പ്രബന്ധസമാഹാരം തേടി നടക്കുകയായിരുന്നു ഈ ലേഖകന്‍. ദോഹ പുസ്തകമേളയില്‍ ഒരിക്കല്‍ അത് കണ്ടെത്തുകയും ചെയ്തു. താങ്ങാനാവാത്ത വിലയായതിനാലും താല്‍പര്യമുള്ള പുസ്തകങ്ങള്‍ വാങ്ങി കൈയിരിപ്പ് ശുഷ്‌കമായതിനാലും അപ്പോഴത് വാങ്ങാന്‍ പറ്റിയില്ല. പിന്നീടൊരിക്കല്‍ അത് വാങ്ങാന്‍ മാത്രമായി മേളയിലെത്തിയപ്പോഴേക്ക് ലഭ്യമായ കോപ്പികള്‍ തീര്‍ന്നുപോയി.

പരിണാമവാദത്തിന്റെ ശാസ്ത്രീയത വിശകലനം ചെയ്യുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യപരിധിയില്‍ വരുന്നില്ല. അതൊരു ഹൈപോത്തസിസ് ആണെന്നാണ് ഇപ്പോഴും ലേഖകന്റെ വിശ്വാസം. ഡാര്‍വിന്‍ അനുകൂലികള്‍ക്ക് തന്നെ 'കാണാതായ കണ്ണി' പ്രഹേളികയായി തുടരുകയാണ്. ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്തവരില്‍ നിരവധി ശാസ്ത്രകാരന്മാരുമുണ്ട്. മതവൃത്തങ്ങളില്‍ നിന്ന് മറുവാദമുയര്‍ത്തിയവരില്‍ ശ്രദ്ധേയനാണ് തുര്‍ക്കി പണ്ഡിതനായ ഹാറൂന്‍ യഹ്‌യ. ശാസ്ത്രജ്ഞന്മാരുടെ വിശകലനങ്ങളെ അവലംബിച്ചു ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ മറുവശം സമര്‍ഥിക്കുന്ന മികച്ച രണ്ട് കൃതികളാണ് എന്‍.എം ഹുസൈന്റെ 'സൃഷ്ടിവാദവും പരിണാമവാദികളും', 'പരിണാമവാദം: പുതിയ പ്രതിസന്ധികള്‍', ഫൈസി ദോഹയുടെ 'ജൈവ വര്‍ഗോല്‍പത്തി: വിമര്‍ശന പഠനം' എന്നീ കൃതികള്‍ (വിതരണം ഇസ്‌ലാമിക് പബ്ലിംഷിംഗ് ഹൗസ് കോഴിക്കോട്). ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് പ്രസ്തുത കൃതികള്‍ ഉപകരിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍