Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

<I>സ്വാതന്ത്ര്യ സമരം, വിഭജനവാദം <br> മൗലാനാ മൗദൂദിയുടെ നിലപാടുകള്‍-2</I> <br>മൗദൂദിയും ലീഗും

ബിന്‍ അലി പള്ളത്ത് /പഠനം

         മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശിന്റെ രണ്ടാം വാള്യത്തില്‍  മൗദൂദി നടത്തിയ കോണ്‍ഗ്രസ് വിമര്‍ശനം സര്‍വേന്ത്യാ മുസ്‌ലിംലീഗിനെ ആഹ്ലാദചിത്തരാക്കുകയും മൗദൂദിയുടെ വാദങ്ങള്‍ തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു. മുജാഹിദിന്റെയും സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെയും നേതാവായ കെ.എം.മൗലവി അല്‍മുര്‍ശിദില്‍ മൗദൂദിയുടെ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് ഈ ഉദ്ദേശ്യത്തോടെയാണ്. മൗദൂദിയെ 'തങ്ങളുടെ സ്വന്തം അബുല്‍കലാം ആസാദായി' ലീഗ് വിശേഷിപ്പിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.(20) ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന പാക്കിസ്താന് വേണ്ടിയുള്ള 'ഇസ്‌ലാമിക' ഭരണഘടനയെക്കുറിച്ച് ആലോചിക്കാന്‍ 1940ല്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിംലീഗ് നേതാക്കള്‍ രൂപം കൊടുത്ത ശരീഅത്ത് വിദഗ്ധരുടെയും പണ്ഡിതരുടെയും വേദിയില്‍ മൗദൂദിയേയും ഉള്‍പ്പെടുത്തിയിരുന്നു. 'പാകിസ്താന്‍ വാദം ഊര്‍ജം വലിച്ചെടുത്തത് പ്രധാനമായും മൗദൂദിയില്‍ നിന്നാണെന്ന്' അഭിപ്രായപ്പെടുന്ന എം.എന്‍ കാരശ്ശേരി, തന്റെ വാദം സമര്‍ഥിക്കാന്‍ ടി. മുഹമ്മദിന്റെയും, സയ്യിദ് അസ്അദ് ജീലാനിയുടെയും കൃതികളില്‍ നിന്ന് ഉദ്ധരിക്കുന്നവയില്‍ അധികവും മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശിന്റെ ആദ്യ രണ്ടു ഭാഗങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ നടത്തിയ നിരീക്ഷണങ്ങളാണ്.

എന്നാല്‍ ലീഗിന്റെ മൗദൂദി പ്രേമം അധികകാലം നീണ്ടുനിന്നില്ല. ഇസ്‌ലാമിക ഭരണകൂടവും സാമുദായികവര്‍ണത്തിലുള്ള മുസ്‌ലിം സ്റ്റേറ്റും തമ്മില്‍ തത്ത്വത്തിലും പ്രയോഗത്തിലുമുള്ള അന്തരം വിശകലനം ചെയ്യുകയും ലീഗിന്റെ സാമുദായികവാദത്തെ വിമര്‍ശിക്കുകയും ചെയ്യുന്ന കശ്മകശിന്റെ മൂന്നാം വാള്യത്തിന്റെ പ്രസിദ്ധീകരണത്തോടെ ലീഗ് മൗദൂദിക്കെതിരായി.

'മുസ്‌ലിംകളുടെ ഭൗതികമായ സാമൂഹിക സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ലീഗ് ഇസ്‌ലാമികമല്ലെ'ന്ന് (21) മൗദൂദി അഭിപ്രായപ്പെട്ടു. ലീഗിന് നേതൃത്വം നല്‍കുന്ന മുഹമ്മദലി ജിന്ന, ലിയാഖത്ത് അലിഖാന്‍ തുടങ്ങിയവരുടെ, മതത്തോടുള്ള ആഭിമുഖ്യക്കുറവും പ്രായോഗികജീവിതത്തില്‍ ഇസ്‌ലാമിന് സ്ഥാനം നല്‍കാത്തവരാണ് ലീഗെന്ന ബോധ്യവും അദ്ദേഹത്തിന്റെ ലീഗിനോടുള്ള വൈമുഖ്യത്തിന് കാരണമാണ്. 'ലീഗിലെ ഖാഇദെ അഅ്‌സം മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെയുള്ളവരില്‍ ഇസ്‌ലാമിക വീക്ഷണമോ, കാര്യങ്ങളെ ഇസ്‌ലാമിക വീക്ഷണകോണിലൂടെ കാണുന്നവരോ ആയി ഒരാള്‍ പോലും ഇല്ലാത്തത് ദുഃഖകരമാണ്. മുസ്‌ലിം ആയിരിക്കുന്നതിനെക്കുറിച്ചോ അവരുടെ പ്രത്യേക അവസ്ഥയെക്കുറിച്ചോ ഇക്കൂട്ടര്‍ക്ക് ഒന്നുമറിയില്ല'(22) എന്നായിരുന്നു മൗദൂദിയുടെ വിലയിരുത്തല്‍. മുസ്‌ലിംലീഗുകാരെ 'ഭൂമിശാസ്ത്ര മുസ്‌ലിംകള്‍' എന്ന് വിശേഷിപ്പിച്ച മൗദൂദി(23) 'ഒരു നാരങ്ങാ മരത്തില്‍ നിന്ന് ഒരിക്കലും മാങ്ങ ലഭിക്കില്ല. അതുപോലെ ജിന്നയെപ്പോലെ പാശ്ചാത്യവല്‍ക്കരിച്ച മുസ്‌ലിംകള്‍ക്ക് ഒരു ഇസ്‌ലാമിക സ്റ്റേറ്റുണ്ടാക്കാനും കഴിയില്ല' എന്നും ചൂണ്ടിക്കാട്ടി.(24)

''മുസ്‌ലിംലീഗും ജിന്നയും മുന്നോട്ടുവെച്ച പാകിസ്താന്‍ ഒരു പ്രാകൃത രാജ്യമാണ്. അതിന്റെ ഭരണാധികാരികള്‍ ഇസ്‌ലാമികമായിരിക്കില്ല. അവര്‍ ഫറോവമാരും നംറൂദുമാരുമാണ്. പാകിസ്താനെ ഒരു ഇസ്‌ലാമിക രാഷ്ട്രമെന്ന് പറയുന്നത് അജ്ഞതയുടെ സ്ഥാപനത്തെ മുസ്‌ലിം സര്‍വകലാശാലയെന്നും (അലീഗഢ് സര്‍വകലാശാലയെയാണ് ഉദ്ദേശ്യം), പുതിയ രാജ്യത്തെ ബാങ്കിനെ ഇസ്‌ലാമിക ബാങ്ക് എന്നും, പ്രാകൃതരൂപത്തില്‍ രൂപപ്പെടുത്തിയ സമൂഹത്തെ ഇസ്‌ലാമിക സമൂഹമെന്നും പറയും പോലെയാണ്.''(25) ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. 'മുസ്‌ലിം രാജ്യം എന്നു വിളിക്കുന്ന ലക്ഷ്യത്തിനു വേണ്ടി നാമെന്തിനാണ് ബുദ്ധിശൂന്യമായി സമയവും ഊര്‍ജവും പാഴാക്കുന്നത്; പ്രത്യേകിച്ച് അത് നമ്മുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ചേടത്തോളം പ്രയോജനകരമല്ലെന്ന് മാത്രമല്ല, നമ്മുടെ പാതയില്‍ തടസ്സം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരിക്കെ' എന്നും മൗദൂദി ചോദിച്ചു.(26) 1941 മുതല്‍ 1946 വരെ മൗദൂദി തന്റെ ഊര്‍ജം വിനിയോഗിച്ചത് ലീഗിന്റെ ഇസ്‌ലാമിക വിരുദ്ധത തുറന്നുകാട്ടാനായിരുന്നുവെന്ന് ജമാഅത്തിനെ വിമര്‍ശനബുദ്ധിയോടെ സമീപിച്ച ഇര്‍ഫാന്‍ അഹ്മദ് ചൂണ്ടിക്കാട്ടുന്നു.(27)

മൗദൂദിയുടെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ലീഗ് വിമര്‍ശനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങള്‍ കണ്ടെത്താനാവും:

1. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന ആശയങ്ങളെ സംബന്ധിച്ചേടത്തോളം പാകിസ്താന്‍ പ്രയോജനകരമല്ലെന്ന് മാത്രമല്ല, തടസ്സവുമാണ് എന്ന തോന്നല്‍.

2. മതത്തിന്റെ പേരില്‍ രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ മതാഭിമുഖ്യമുള്ളവരും പ്രായോഗികജീവിതത്തില്‍ ഇസ്‌ലാമിന് സ്ഥാനം നല്‍കുന്നവരും കുറവാണ് എന്ന ബോധ്യം.

3. പാകിസ്താന്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംകളുടെ സുരക്ഷിതത്വവും ഇസ്‌ലാമികാടിസ്ഥാനത്തിലുള്ള അവരുടെ പുരോഗതിയും അപകടത്തിലാവും എന്ന ആശങ്ക. ഇന്ത്യാവിഭജനത്തിന് തൊട്ടുമുമ്പ് മദിരാശിയില്‍ നടന്ന സമ്മേളനത്തില്‍ മൗദൂദി നടത്തിയ പ്രസംഗത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 

എന്നാല്‍, പാക് ചരിത്രകാരനായ സഈദ് സുല്‍ഖര്‍നൈന്‍ സഈദി മൗദൂദിയുടെ ലീഗ് വിമര്‍ശനത്തിന് കണ്ടെത്തുന്ന കാരണം കൗതുകകരമാണ്: ''ഗാന്ധിയെ ആദരവോടെയാണ് മൗദൂദി കണ്ടത്. എന്നാല്‍ ജിന്നയാകട്ടെ ഗാന്ധിയുടെ രാഷ്ട്രീയ അസംബന്ധങ്ങളോട് വലിയ താല്‍പര്യമൊന്നും പ്രകടിപ്പിച്ചില്ല. മൗദൂദിക്ക് ഗാന്ധിയോടുള്ള ഈ ബന്ധമാകാം അദ്ദേഹം ഖാഇദെ അഅ്‌സമിനെ (ജിന്നയെ) ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്. പല അവസരങ്ങളിലും മൗദൂദി ജിന്നയെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും ജിന്ന അതൊരിക്കലും കാര്യമായെടുക്കുകയോ എവിടെയെങ്കിലും മൗദൂദിയുടെ പേര് പരാമര്‍ശിക്കുകയോ ചെയ്തില്ല.''(28) ഈ വിലയിരുത്തലില്‍ സത്യത്തിന്റെ അംശമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. ലീഗിന്റെ വിഭജനവാദത്തോട് മൗലാനാ മൗദൂദിക്ക് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല എന്നതാണത്. 

മൗദൂദിയും സ്വാതന്ത്ര്യസമരവും

സ്വാതന്ത്ര്യസമരത്തോട് നിഷേധാത്മക സമീപനമാണ് മൗദൂദി കൈക്കൊണ്ടതെന്ന് ശംസുല്‍ ഇസ്‌ലാം ആരോപിച്ചത് ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ചിരുന്നു. ബ്രിട്ടീഷ് വാഴ്ചയെക്കുറിച്ചുള്ള മൗദൂദിയുടെ വീക്ഷണങ്ങള്‍ നാം ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. മൗദൂദിയാല്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ട നിരവധിപേര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കുകൊണ്ടിരുന്നു എന്നതാണത്. 1942-ല്‍ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കെ പ്രശസ്ത സോഷ്യലിസ്റ്റ് നേതാവ് യൂസഫ് മെഹര്‍അലി (1903-1950) എഴുതിയ ഡയറിക്കുറിപ്പില്‍ ഇത്തരമൊരാളെക്കുറിച്ച് പരാമര്‍ശമുണ്ട്. മെഹര്‍അലി(29) എഴുതുന്നു: ''ഒരു ചെറിയ ഇടവേളയില്‍ ഞങ്ങളുടെ അങ്കണത്തിലേക്ക് മറ്റൊരു സമരയോദ്ധാവ് കടന്നുവന്നു. മഹാ ത്യാഗശാലിയും ധീരനുമായിരുന്ന മൗലാനാ മുഹമ്മദ് ഹുസൈനായിരുന്നു അത്. പല രാജ്യങ്ങളിലെയും പ്രത്യേകിച്ച് സമീപ മധ്യപൗരസ്ത്യ ഇസ്‌ലാമിക രാജ്യങ്ങളിലെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളില്‍ പരിചിതനായിരുന്ന അദ്ദേഹത്തിന് സുവ്യക്ത സ്മരണകളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്നു. അദ്ദേഹം സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളില്‍ പലതും സുഹൃത്തായ അബുല്‍ അഅ്‌ലാ മൗദൂദിയുടേതായിരുന്നു. നവീനവും അതിവശ്യവുമായ ഒരു ദൈവശാസ്ത്രത്തിന്റെ ഉന്നത പുരോഹിതനായിരുന്നു മൗദൂദി. ആ ഗ്രന്ഥങ്ങളാകട്ടെ മാരിവില്ലിന്റെ നിറക്കൂട്ടുകള്‍ ചേര്‍ന്നവയും പുനരുജ്ജീവിപ്പിക്കപ്പെട്ട ഇസ്‌ലാമിലേക്ക് തിരികെചെല്ലാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നവയുമായിരുന്നു. ഭിന്നരാഷ്ട്രീയക്കാരനെങ്കിലും മുഹമ്മദ് ഹുസൈന്‍ അവയുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട ആളുകളില്‍ ഒരുവനായിരുന്നു.''(30)

ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസിനോടും, മൗലാനാ മൗദൂദിയെ എം.എസ് ഗോള്‍വള്‍ക്കറോടും താരതമ്യം ചെയ്യുന്ന ചില വിമര്‍ശകരുണ്ട്. സി.പി.എം നേതാവ് സീതാറാം യെച്ചൂരി വാട്ട് ഈസ് ദിസ്  ഹിന്ദുരാഷ്ട്ര എന്ന ഗ്രന്ഥത്തിലും ഹമീദ് ചേന്ദമംഗല്ലൂര്‍ നിരവധി കൃതികളിലും ഈ താരതമ്യം നടത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ''ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തരമാണ്; ഫര്‍ളും (നിര്‍ബന്ധം) ആണ്'' (മൗദൂദി, മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്) എന്നഭിപ്രായപ്പെട്ട മൗദൂദിയെ താഴെ ചേര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തിയ ഗോള്‍വാള്‍ക്കറോട് ഒരിക്കലും തുലനം ചെയ്യാനാവില്ല. ''നമ്മുടെ സത്യപ്രതിജ്ഞയില്‍ മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലൂടെ രാജ്യത്തിന്റെ മോചനത്തെക്കുറിച്ച് നാം പറഞ്ഞിട്ടുണ്ട് എന്ന കാര്യം നാം ഓര്‍മിക്കേണ്ടതാണ്. ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുന്നതിനെക്കുറിച്ച് അതില്‍ പരാമര്‍ശിച്ചിട്ടില്ല.''(31) ''ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്‌നേഹത്തോടും ദേശീയവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവന്‍ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങളുളവാക്കി.''(32) ബ്രിട്ടീഷ് ഭരണത്തിന് അന്ത്യംകുറിക്കല്‍ ആര്‍.എസ്.എസിന്റെ അജണ്ടയിലുണ്ടായിരുന്നില്ലെന്നാണ് ഗോള്‍വാള്‍ക്കറുടെ ഈ വാക്കുകള്‍ തെളിയിക്കുന്നത്. 'ഞങ്ങളുടെയും (മുസ്‌ലിംകളുടെയും) അവരുടെയും (ഹിന്ദുക്കളുടെയും) ഭാവിതലമുറക്ക് പരസ്പരം കണ്‍കുളിര്‍പ്പിക്കുന്ന ബന്ധമുണ്ടാകണമെന്നാണ് ഞങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. എന്നാലേ ഹിന്ദുസ്ഥാന്റെ ക്ഷേമത്തിനു വേണ്ടി അവര്‍ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാവൂ'(33) എന്ന മൗദൂദിയുടെ വാക്കുകളും 'ഹിന്ദു-മുസ്‌ലിം ഐക്യമില്ലാതെ സ്വരാജില്ല എന്നു പ്രഖ്യാപിച്ചവര്‍ നമ്മുടെ സമാജത്തിനു നേരെ ഏറ്റവും വലിയ അക്രമമാണ് പ്രവര്‍ത്തിച്ചതെന്ന' ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ പരാമര്‍ശവും ഇരുവരുടെയും വീക്ഷണങ്ങള്‍ ഏറെ വിഭിന്നമാണെന്ന യാഥാര്‍ഥ്യത്തിന് സാക്ഷ്യം വഹിക്കുന്നു.

അതുപോലെ ആര്‍.എസ്.എസിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധിജി ഇരു സംഘടനകളെക്കുറിച്ചും നടത്തിയ അഭിപ്രായപ്രകടനങ്ങളും താരതമ്യം ചെയ്യാവുന്നതാണ്. അഭയാര്‍ഥികള്‍ക്കായി ആര്‍.എസ്.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അവരുടെ 'അച്ചടക്ക'ത്തെയും 'ധൈര്യ'ത്തെയും പ്രശംസിച്ചയാളെ ഗാന്ധിജി ഓര്‍മിപ്പിച്ചത് 'ഹിറ്റ്‌ലറുടെ കീഴില്‍ നാസികളും മുസ്സോളിനിക്ക് കീഴില്‍ ഫാഷിസ്റ്റുകളും അങ്ങനെയായിരുന്നു' എന്നാണ്. ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലാണ് ഈ സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത്.(34) ആര്‍.എസ്.എസിനെക്കുറിച്ച് ഗാന്ധിജിക്ക് വേറെയും വിമര്‍ശനങ്ങളുണ്ടായിരുന്നു.(35)

എന്നാല്‍, 1947 ഏപ്രിലില്‍ പാറ്റ്‌നയില്‍ ചേര്‍ന്ന ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഗാന്ധിജി അഭിപ്രായപ്പെട്ടത് കാണുക: ''ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും, നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദമില്ല; സന്തോഷമേയുള്ളൂ. അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും.''(36)

1947 ഏപ്രില്‍ 25, 26 തീയതികളില്‍ മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ പാറ്റ്‌നയില്‍ ചേര്‍ന്ന ജമാഅത്തിന്റെ പൂര്‍വമേഖലാ സമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത്. യു.പി, ബിഹാര്‍, ഒറീസ, ബംഗാള്‍, അസം എന്നീ ഹല്‍ഖകളിലുള്ളവരുടേതായിരുന്നു സമ്മേളനം. ഏപ്രില്‍ 26-ന്  പാറ്റ്‌നയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ നിന്നാണ് ഗാന്ധിജി സമ്മേളനത്തിനെത്തിയത്. ആ പ്രാര്‍ഥനാ യോഗത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുകയും ചെയ്തു: ''മുസ്‌ലിംസഹോദരന്മാരെ സന്ദര്‍ശിക്കാനുള്ളതിനാല്‍ ഇന്നത്തെ മുഴുവന്‍ സമയവും നിങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ മൗലാനാ ശാഫിഈ ദാവൂദിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഞാന്‍ ആദ്യമായി ബിഹാറില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അറിയാനിടയായത്. പിന്നീട് ഞാനദ്ദേഹത്തിന്റെ വീട്ടിലും പോയി. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യോഗത്തില്‍ സംബന്ധിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് നേരത്തേ തന്നെ ഇവിടം വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''(37)

ഗാന്ധിജി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങള്‍ പാറ്റ്‌നയില്‍ നിന്നിറങ്ങുന്ന കോണ്‍ഗ്രസ് അനുകൂല പത്രമായ സര്‍ച്ച്‌ലൈറ്റില്‍ അച്ചടിച്ചുവന്നപ്പോള്‍ ധാരാളം അബദ്ധങ്ങളും അതില്‍ കടന്നുകൂടി. ജമാഅത്തിനെ കോണ്‍ഗ്രസ് അനുകൂല സംഘടനയായി ചിത്രീകരിച്ചതുള്‍പ്പെടെ ധാരാളം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജമാഅത്ത് പ്രസ്താവനയിറക്കിയെങ്കിലും അവക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരെയും നിരവധി സംഘടനാ നേതാക്കളെയും സമ്മേളനത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചിരുന്നു. ഇത്തരമൊരു ക്ഷണം സ്വീകരിച്ചാണ് ഗാന്ധിജി പങ്കെടുത്തത്. എന്നാല്‍, ഗാന്ധിജി ജമാഅത്ത് സമ്മേളനത്തില്‍ സംബന്ധിച്ചത് ലീഗിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമായി. ലാഹോറില്‍ നിന്നിറങ്ങുന്ന ലീഗ് അനുകൂല പത്രമായ നവായെ വക്ത് ഏപ്രില്‍ 30-ന് ജമാഅത്തിനെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ തന്നെ എഴുതി. പാറ്റ്‌നയില്‍ ജമാഅത്ത് സമ്മേളനം നടന്ന അതേ ദിവസങ്ങളില്‍ തന്നെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകരുടെ സമ്മേളനം മദിരാശിയില്‍ നടന്നിരുന്നു. സംഘടനയുടെ അമീറെന്ന നിലയില്‍ മൗദൂദി ചെയ്ത പ്രസംഗത്തില്‍ ഭാവി ഇന്ത്യയില്‍ മുസ്‌ലിംകള്‍, പ്രത്യേകിച്ച് ജമാഅത്ത് പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുള്ള നിര്‍ദേശമായിരുന്നു. ഈ പ്രസംഗമാണ് പിന്നീട് ഇന്ത്യന്‍ യൂനിയനും ഇസ്‌ലാമിക പ്രസ്ഥാനവും എന്ന പേരില്‍ 1947-ല്‍ പുറത്തിറങ്ങിയത്. ഇന്ത്യ സ്വതന്ത്ര്യയാകുന്നതിന്, അഥവാ വിഭജിക്കപ്പെടുന്നതിന് ഏതാണ്ട് നാല് മാസം മുമ്പ് നടത്തിയ ആ പ്രസംഗത്തിലും വിവിധ സാമുദായികവാദത്തിലെ അപകടത്തെക്കുറിച്ചും അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും മൗദൂദി വിശദീകരിക്കുന്നുണ്ട്: ''സാമുദായികവാദമാകുന്ന ഭ്രാന്ത് മൂത്ത് മൂത്ത് മൃഗങ്ങള്‍ കൂടി അപമാനമായി കരുതിപ്പോകുമാറുള്ള ദുഷ്ടവൃത്തികള്‍ അവരില്‍ നിന്ന് ഉണ്ടാകാന്‍ തുടങ്ങിയിരിക്കുന്നു. സാമുദായിക വടംവലി യുദ്ധത്തിന്റെയും യുദ്ധം കാട്ടാളത്തത്തിന്റെയും മൃഗീയതയുടെയും രൂപം കൈക്കൊണ്ടിരിക്കുകയാണ്. മുമ്പാണെങ്കില്‍ ഓരോ സമുദായവും ഇതരസമുദായങ്ങള്‍ക്കുപരിയായി തങ്ങളുടെ വാദങ്ങളും എതിര്‍വാദങ്ങളും പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും അതിനെ തുടര്‍ന്ന് അരോചകമായ സംസാരപരമ്പര നടന്നുകൊണ്ടിരിക്കുകയും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴാകട്ടെ ആ വിഭിന്ന സമുദായങ്ങളില്‍ ഓരോന്നും മറ്റേതിന്റെ പേരും കുറിയും കൂടി മായ്ച്ചുകളയാന്‍ അണിനിരന്നിരിക്കുകയാണ്..''(38) ....... ഏതൊരു സാമുദായികവാദത്തില്‍ മുസ്‌ലിംകള്‍ തങ്ങളുടെ സാമൂഹികനയത്തിന്റെ അടിത്തറവെച്ചിരുന്നുവോ അത് അവരെ ചുടലയില്‍ കൊണ്ടുപോയി തള്ളി വിട്ടിരിക്കുന്നുവെന്നും, ആവേശവികാരങ്ങളോടെ ചിന്താവിഹീനരായി നടത്തിയിരുന്ന സാമുദായിക പോരാട്ടം തങ്ങള്‍ക്ക് നാശമല്ലാതെ മറ്റു യാതൊന്നും അടങ്ങിയിട്ടില്ലാത്ത ഒരു അനന്തരഫലത്തിലാണ് ചെന്നവസാനിച്ചിട്ടുള്ളതെന്നും അടുത്ത ഭാവിയില്‍ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ മനസ്സിലാക്കിത്തുടങ്ങുന്നതാണ്.''(39) മൗലാനാ ആസാദ് കഴിഞ്ഞാല്‍ പാകിസ്താന്‍ പ്രസ്ഥാനത്തിനെതിരെ വിഭജനത്തിന്റെ ആസന്ന നാളുകളില്‍ ഉയര്‍ന്ന മറ്റൊരു ശക്തമായ ശബ്ദം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ മൗലാനാ മൗദൂദിയുടേതായിരുന്നുവെന്ന വിലയിരുത്താന്‍ ഡോ. റഫീഖ് സക്കരിയ്യയെ പ്രേരിപ്പിച്ചത് മൗദൂദിയുടെ മദിരാശി പ്രസംഗമാണ്.(40)             (അവസാനിച്ചു)

 

കുറിപ്പുകള്‍:

20. Syed Vali Reza Nasr, The Vanguard of Islamic Revolution: The  Jamaat-e-Islami of Pakistan, University of California Press, Berkeley, 1994, p: 105 Quoted by Irfan Ahmad, Islamism and Democracy in India: The Transformation of Jamaat-e-Islami,Permanent Black, 2010, p:61

21. മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്, വാള്യം 3, പേജ് 6-7, Aziz Ahmed, Islamic Modernism in India and Pakistan 1857–1964., Oxford University Press, London, 1967, p:214

22. മൗലാനാ മൗദൂദി, മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്, വാള്യം 3, മക്തബ ജമാഅത്തെ ഇസ്‌ലാമി, പഠാന്‍കോട്ട്, 1942, പേജ് 30,  Quoted by Irfan Ahmad, Islamism and Democracy in India: The Transformation of Jamaat-e-Islami,Permanent Black, 2010, p:62

23. M.A Karandikar, Islam in India's Transition to Modernity, Orient Longmans, Delhi, 1968, p:232

24. M.A Karandikar, Ibid, p:162

25. Aziz Ahmed, Islamic Modernism in India and Pakistan 1857–1964, Oxford University Press, London, 1967, p:214

26. Maulana Maududi,The Process of Islamic Revolution, 2nd edition, Lahore 1955, p-37, Quoted by Abdus Sattar Ghazali, Islamic Pakistan: Illusions and Reality, National Book Club, Islamabad, 2001

27. Irfan Ahmad, Islamism and Democracy in India: The Transformation of Jamaat-e-Islami, Permanent Black, 2010, p:62

28. Syed M Zulqurnain Zaidi , The Emergence of Ulema in the Politics of India and Pakistan 1918-1949: A Historical Perspective, p:89

29. 1934 മെയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച യൂസഫ് മെഹര്‍അലി കോഴിക്കോട് വെച്ച് സിവില്‍ നിയമലംഘനത്തിന്റെ പേരില്‍  അറസ്റ്റിലായി കണ്ണൂര്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞിട്ടുണ്ട്. ഇ.എം.എസിന്റെ അത്മകഥയിലെ ഒരു അധ്യായത്തിന്റെ തലക്കെട്ട് 'മെഹറാലി' എന്നാണ്. മെഹര്‍ അലി കേരളത്തിലെത്തിയപ്പോഴുണ്ടായ സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ക്വിറ്റ് ഇന്ത്യ എന്ന പേര് അദ്ദേഹത്തിന്റെ സംഭാവനയാണ്.  രാഷ്ട്രവിഭജനത്തെ ശക്തിയുക്തം എതിര്‍ത്ത മെഹര്‍ അലി 1942ല്‍ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കെ 'പാക്കിസ്ഥാനിലേക്ക് ഒരു യാത്ര' (A Trip to Pakistan, Padma Publications limited, 1944) എന്ന പേരില്‍ ആക്ഷേപഹാസ്യം എഴുതിയിട്ടുണ്ട്. 

30. ഉദ്ധരണം, മധു ദണ്ഡവതെ, യൂസഫ് മെഹറലി-നവചക്രവാളങ്ങള്‍ക്കുള്ള അന്വേഷണം (വിവ: എം.പി.ബാലകൃഷ്ണന്‍), നാഷണല്‍ ബുക് ട്രസ്റ്റ് ഇന്ത്യ, ന്യൂഡല്‍ഹി, 1993, പേജ്: 84-85

31. Shri Guruji Samagra Darshan, Bharatiya Vichar Sadhna, , Vo.4, Nagpur, 1975, p:2, ഉദ്ധരണം, ശംസുല്‍ ഇസ്‌ലാം, ഇന്ത്യയെ തകര്‍ക്കാന്‍ ആര്‍.എസ്.എസ് പദ്ധതി, (വിവ: എ.എന്‍.സത്യദാസ്), ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2007, പേജ് 23

32. എം.എസ്.ഗോള്‍വാള്‍ക്കര്‍, ബഞ്ച് ഓഫ് തോട്ട്‌സ്, സാഹിത്യസിന്ധു, ബാംഗ്ലൂര്‍, 1996, പേജ് 138, ഉദ്ധരണം, ശംസുല്‍ ഇസ്‌ലാം, ഇന്ത്യയെ തകര്‍ക്കാന്‍ ആര്‍.എസ്.എസ് പദ്ധതി, പേജ് 25

33. 11-ാം കുറിപ്പ് കാണുക

34. Pyarelal, Mahatma Gandhi -The Last Phase, Vol.2, Navajivan Publishing House, Ahmedabad, 1958, p:439-40

35. വിശദാംശങ്ങള്‍ക്ക് കാണുക: A.G. Noorani, R.S.S and the B.J.P, Leftword books, New Delhi, 2001, Chapter 4, The RSS and Gandhi

36. ഗാന്ധിജി, സര്‍ച്ച്‌ലൈറ്റ്, പറ്റ്‌ന, 1946 ഏപ്രില്‍ 27

37. ഗാന്ധിജികെ ദുഖെ ദില്‍കി പുകാര്‍ iii പേജ് 44, collected work of Mahatma Gandhi pdf.vol. 94 p 394.

38. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി, ഇന്ത്യന്‍ യൂനിയനും ഇസ്‌ലാമിക പ്രസ്ഥാനവും (വിവ: കെ.സി അബ്ദുല്ലാഹ്), ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, എടയൂര്‍, 1947, പേജ്: 5

39. അതേ കൃതി, പേജ്: 11

40. Rafiq Zakaria, Indian Muslims Where have they gone wrong?, Popular Prakashan & Bharatiya Vidya Bhavan, Bombay,  2004, Introduction, p:xxxi


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍