Prabodhanm Weekly

Pages

Search

2014 നവംബര്‍ 21

അബുല്‍ ബശാഇര്‍ മുഹമ്മദലി ശര്‍ഖി

ശൈഖ് മുഹമ്മദ് കാരകുന്ന്

        അബുല്‍ ബശാഇര്‍ മുഹമ്മദലി ശര്‍ഖിയെ അവസാനമായി കണ്ടത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്. അപ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നു. അതിനു മുമ്പ് കോഴിക്കോട് ചികിത്സയിലായിരിക്കെ കണ്ടപ്പോള്‍ കടുത്ത വേദന ഉണ്ടായിരുന്നെങ്കിലും ദീര്‍ഘമായി സംസാരിച്ചു. പറഞ്ഞതിലേറെയും അറബി വ്യാകരണം വളരെ എളുപ്പത്തില്‍ പഠിക്കാനും പഠിപ്പിക്കാനും സാധിക്കുന്ന പുസ്തകത്തെ സംബന്ധിച്ചായിരുന്നു. ജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും ശ്രമവും അതിന്റെ രചനയിലായിരുന്നു. എഴുത്ത് പൂര്‍ത്തിയായെങ്കിലും ജീവിതകാലത്ത് പ്രസിദ്ധീകരിച്ചുകാണാന്‍ കഴിഞ്ഞില്ല. മക്കള്‍ ആ ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശര്‍ഖിയുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ് അറബി വ്യാകരണം. അതില്‍ അവഗാഹം നേടിയത് സ്വയം താല്‍പര്യമെടുത്ത് പഠിച്ചാണ്. അറബി വ്യാകരണം പഠിപ്പിക്കാനുള്ള സൂത്രപ്പണി വശമാക്കിയ അദ്ദേഹം ഭാഷാധ്യാപകര്‍ക്ക് അത് പകര്‍ന്നു കൊടുക്കാന്‍ അതീവ താല്‍പര്യം കാണിച്ചു. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂമില്‍ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി സംഘടിപ്പിച്ച കോളേജ് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ കോളേജുകളില്‍ അറബി വ്യാകരണമെങ്ങനെ പഠിപ്പിക്കണമെന്ന് മാര്‍ഗരേഖ സമര്‍പ്പിച്ചത് ശര്‍ഖി സാഹിബാണ്.

അറബി സാഹിത്യത്തിലും അദ്ദേഹം അതീവ തല്‍പരനായിരുന്നു. അതില്‍ അവഗാഹം നേടിയതും സ്വന്തം ശ്രമത്തിലൂടെ തന്നെ. ശര്‍ഖി സാഹിബ് അവസാനമായി പങ്കെടുത്ത പരിപാടിയും കവി സമ്മേളനമായത് യാദൃഛികമാകാം. ടി.കെ അബ്ദുല്ല സാഹിബിന്റെ നേതൃത്വത്തില്‍ ശാന്തപുരം അല്‍ ജാമിഅയില്‍ നടന്ന അറബിക്കവികളുടെ ഒത്തുചേരലിലായിരുന്നു അത്.

ശര്‍ഖി സാഹിബിനോടൊന്നിച്ച് പല പരിപാടികളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. രണ്ടു കാര്യത്തില്‍ കര്‍ക്കശവും ശക്തവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.അന്ധവിശ്വാസങ്ങളോടും സാമൂഹിക ദുരാചാരങ്ങളോടും ഒട്ടും വിട്ടുവീഴ്ചയോ മൃദുസമീപനമോ സ്വീകരിച്ചിരുന്നില്ല. ഇസ്‌ലാമിനെ കേവലം ആചാരാനുഷ്ഠാനങ്ങളില്‍ പരിമിതപ്പെടുത്തുന്നതിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

താഴെക്കോട് കിഴക്കനാട് മുഹമ്മദ് മുസ്‌ലിയാരാണ് പിതാവ്. മാതാവ് പുളിയക്കുത്ത് ഫാത്വിമയും. 1947-ലാണ് ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉന്നത മതവിദ്യാഭ്യാസം നേടിയത് ഒടമല, താഴെക്കോട്, ഏലംകുളം, പട്ടിക്കാട്, കരുവന്‍തിരുത്തി, വെള്ളേങ്ങാട് എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ നിന്നാണ്.

കാസര്‍കോട്, ചെംനാട്, പുലാമന്തോള്‍, പൊന്ന്യാകുര്‍ശി, എടവനക്കാട്, പറളി, പൊന്നാനി എന്നിവിടങ്ങളിലെ പള്ളികളില്‍ അധ്യാപകനും ഖത്വീബുമായി സേവനമനുഷ്ഠിച്ച അബുല്‍ ബശാഇര്‍ ശര്‍ഖി യാഥാസ്ഥിതികതയോട് വിടപറഞ്ഞ ശേഷം അല്‍പകാലം മുജാഹിദ്  പ്രവര്‍ത്തകനായിരുന്നു. പറളി അറബിക്കോളേജില്‍ അധ്യാപകനായിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുന്നത്. എന്നാല്‍, ആലിയ അറബിക്കോളേജ് അധ്യാപകനായിരിക്കെ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി, യു.കെ ഇബ്‌റാഹീം മൗലവി, കെ.വി അബൂബക്കര്‍ ഉമരി എന്നിവരിലൂടെയാണ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാകുന്നത്.

ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജ്, കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ആലിയ അറബി കോളേജ്, പേരാമ്പ്ര ദാറുന്നുജൂം യതീംഖാന എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ശര്‍ഖി സാഹിബിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. വിദ്യാര്‍ഥികളെ അറബി വ്യാകരണവും സാഹിത്യവും പഠിപ്പിക്കുന്നതിലും ഖുര്‍ആനുമായി ബന്ധിപ്പിക്കുന്നതിലും അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തി. അധ്യാപനത്തെ മികച്ച കലയാക്കി മാറ്റിയ ശര്‍ഖി സാഹിബിന്റെ ക്ലാസ്സുകള്‍ ഏറെ ആസ്വാദ്യകരമായിരുന്നുവെന്ന് പല ശിഷ്യന്മാരും അനുസ്മരിക്കുന്നു.

ആലത്തൂര്‍, കരിങ്കല്ലത്താണി, കണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, കര്‍ണാടകയിലെ വീരാജ്‌പേട്ട എന്നിവിടങ്ങളിലെ പള്ളികളില്‍ ഖത്വീബായി സേവനമനുഷ്ഠിച്ച ശര്‍ഖി സാഹിബിന് ധാരാളമാളുകളെ ഇസ്‌ലാമിലേക്കും ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കും അടുപ്പിക്കാന്‍ അവസരം ലഭിച്ചു.

കോളേജ് അധ്യാപകനും ഖത്വീബുമായിരിക്കെ തന്നെ പെരിന്തല്‍മണ്ണയിലെയും കരിങ്കല്ലത്താണിയിലെയും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളില്‍ സ്ഥിരമായി ക്ലാസ്സെടുത്തുകൊണ്ടിരുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുകയെന്നത് ശര്‍ഖി സാഹിബിന് എന്നും ഹരമായിരുന്നു.

നല്ല ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു അബുല്‍ ബശാഇര്‍ ശര്‍ഖി. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും. ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാണിച്ചു. പരിപാടികളില്‍ പങ്കെടുക്കാന്‍ എത്ര ദൂരം സഞ്ചരിക്കാനും ഒട്ടും മടിയുണ്ടായിരുന്നില്ല.

ശര്‍ഖി സാഹിബിന്റെ വ്യക്തി ജീവിതത്തിലെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന് തികഞ്ഞ ലാളിത്യമാണ്. പലപ്പോഴും മക്കള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച പാന്റ്‌സ് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. തന്നിലോ കുടുംബത്തിലോ ധൂര്‍ത്തിന്റെ നേരിയ അംശം പോലും ഉണ്ടാവരുതെന്നതില്‍ കണിശത പുലര്‍ത്തി. അത്രതന്നെ സാമ്രാജ്യത്വ വിരുദ്ധനുമായിരുന്നു ശര്‍ഖി. സാമ്രാജ്യത്വ വിരോധം അദ്ദേഹത്തിന് ഒരു പ്രസംഗവിഷയം മാത്രമായിരുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ പരമാവധി നിഷ്‌കര്‍ഷ പുലര്‍ത്തി. മക്കള്‍ അതുപയോഗിക്കുന്നത് വിലക്കുകയും ചെയ്തു.

താന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ - അത് കര്‍മശാസ്ത്ര പ്രശ്‌നമായാലും - വിട്ടുവീഴ്ചക്ക് ശര്‍ഖി സാഹിബ് തയാറായിരുന്നില്ല. കൃത്യനിഷ്ഠയിലും കര്‍മോത്സുകതയിലും മാതൃക കാണിച്ച അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയ ആദര്‍ശനിഷ്ഠ മരണാനന്തര കര്‍മങ്ങളിലും ഉണ്ടാവണമെന്ന് നിഷ്‌കര്‍ഷിച്ചു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വസ്വിയ്യത്തായി രേഖപ്പെടുത്തുകയും ചെയ്തു.മരണാനന്തരംഅവ പൂര്‍ണമായും പാലിക്കപ്പെടുകയുണ്ടായി.

ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ യോഗ്യരായ മക്കളെ സമ്മാനിച്ച വ്യക്തിയാണ് അബുല്‍ ബശാഇര്‍ ശര്‍ഖി. അദ്ദേഹത്തിന്റെ പന്ത്രണ്ട് മക്കളും പ്രസ്ഥാന പ്രവര്‍ത്തകരാണ്. എസ്.ഐ.ഒയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ഇപ്പോള്‍ യു.എ.ഇ ഐ.സി.സി പ്രസിഡന്റുമായ ബിഷ്‌റുദ്ദീന്‍ ശര്‍ഖി, ഐ.ആര്‍.ഡബ്ല്യു മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഇപ്പോള്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ബഷീര്‍ ശര്‍ഖി. എസ്.ഇ.ആര്‍.ടി അറബിക് ടെക്സ്റ്റ് ബുക് കമ്മിറ്റി അംഗം ബുഷൈര്‍ ശര്‍ഖി, എസ്.ഐ.ഒ മുന്‍ ശൂറാംഗം മുബശ്ശിര്‍ ശര്‍ഖി എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. ജി.ഐ.ഒയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ശബീന ശര്‍ഖിയും മുന്‍ പാലക്കാട് ജില്ലാസമിതിയംഗം നഫീസയും മരുമക്കളും.

സെപ്റ്റംബര്‍ 30-നാണ് അബുല്‍ ബശാഇര്‍ മുഹമ്മദലി ശര്‍ഖി ഈ ലോകത്തോട് വിടപറഞ്ഞത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. 

 

എം. നാസര്‍

         മാധ്യമം, പ്രബോധനം എന്നിവയുടെ ഏജന്റും തിരുവനന്തപുരം കിഴക്കനേലയില്‍ പ്രസ്ഥാന മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു നാസര്‍ സാഹിബ്. ദീര്‍ഘകാലമായി കാന്‍സറിന്റെ വേദനയിലമര്‍ന്നപ്പോഴും പ്രസ്ഥാന വഴിയില്‍ അദ്ദേഹം ഊര്‍ജസ്വലനായി, സഹജമായ നര്‍മവും ചിരിയുമായി പ്രസ്ഥാന ജിഹ്വകളുമേന്തി ആവേശത്തോടെ ഓടിനടന്നു. വേദനയും രോഗഭാരവും ശരീരത്തെ ഏറെ നോവിച്ചപ്പോഴും മാധ്യമവും പ്രബോധനവും ആരാമവും അദ്ദേഹത്തിന്റെ ആവേശമായിരുന്നു. നാസര്‍ സാഹിബിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഒരു പ്രദേശം മുഴുവന്‍ മാധ്യമത്തിന്റെ ഇഷ്ടക്കാരായി മാറിയതാണു ചരിത്രം.

ജാതിമതഭേദമന്യേ ഏവര്‍ക്കും നിസ്വാര്‍ഥ സേവനങ്ങള്‍ അര്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം. തീരാനോവും ഇല്ലായ്മയും നിറഞ്ഞതായിരുന്നു ജീവിതമെങ്കിലും ഏവരോടും മനസ്സ് തുറന്ന് ചിരിക്കാനദ്ദേഹത്തിനു കഴിഞ്ഞു. പ്രവര്‍ത്തന മേഖലയില്‍ അല്‍പം മാന്ദ്യം സംഭവിക്കുമ്പോള്‍ ഹല്‍ഖയില്‍ അദ്ദേഹം രോഷാകുലനാകും. അതുകൊണ്ടുതന്നെ ആ സാന്നിധ്യം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. പ്രസ്ഥാന കുടുംബങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനായത് തിരക്കൊഴിഞ്ഞത് കൊണ്ടല്ല, സ്വതസിദ്ധമായ ചിരിയോടെ ആരെയും സേവിക്കാനുള്ള മനസ്സുകൊണ്ട് മാത്രം. 

മനസ്സെത്ര നൊന്താലും ഏറെ കഷ്ടപ്പെട്ടാലും അതൊക്കെ മാറ്റിയൊതുക്കി അടുത്ത ബന്ധുക്കള്‍ക്കായി അദ്ദേഹം നെട്ടോട്ടമോടുന്നത് കണ്ട് അന്തിച്ച് നിന്നിട്ടുണ്ട്. ആരോഗ്യം മറന്ന് ഇങ്ങനെ ചെയ്യേണ്ടെന്ന് പ്രസ്ഥാന ബന്ധുക്കളൊക്കെ സ്‌നേഹപൂര്‍വം ശകാരിക്കുമ്പോള്‍ 'പടച്ചോന്റെ കാരുണ്യം കിട്ടണ്ടേ.' എന്നായിരുന്നു മറുപടി. ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചത് കൊണ്ടാവും വേദനിക്കുന്നവന്റെ ആഴം അദ്ദേഹം വേഗം മനസ്സിലാക്കും, പിന്നെ തന്നാലാവുന്നത് ചെയ്യാനുള്ള ഓട്ടമായി... ത്യാഗം നിയോഗ ലക്ഷ്യമാക്കിയ പോലെ.

മുഹമ്മദ് ഷാന്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /47-51
എ.വൈ.ആര്‍