Prabodhanm Weekly

Pages

Search

2014 മെയ്‌ 30

തിരുത്ത്

ടി.കെ സാജിദ, ഊട്ടേരി

സ്വപ്നത്തിന്റെ ചരടു പൊട്ടിച്ച
അലാറത്തിന്റെ കഴുത്ത് ഞെരിച്ച്
അടുക്കളയില്‍...
കണ്ണീരും കിനാക്കളും
നോവും നൊമ്പരവും
മിക്‌സിയിലരച്ച്
ഫ്രൈപാനില്‍ ചുട്ടെടുത്ത്
ടിഫിനുകളിലാക്കി
ഭാരം മക്കളുടെ പുറത്ത് കെട്ടിവെച്ച്
കുഞ്ഞുപാദങ്ങള്‍ കാറ്റും വെളിച്ചവും തട്ടാതെ
സോക്‌സിലും ഷൂവിലും തിരുകിക്കയറ്റി
ഇരുമ്പുഗേറ്റിന് പുറത്ത്,
അലറി വിളിക്കുന്ന സ്‌കൂള്‍ വാനിലേക്ക്
അവരെ യാത്രയാക്കുമ്പോള്‍
എനിക്കോര്‍മ വന്നത്,
വെള്ളക്കുപ്പായവും പുള്ളിപ്പാവാടയുമണിഞ്ഞ്
പുല്ലെണ്ണ കണ്ണിലെഴുതി
കണക്കും മലയാളവും കലര്‍ന്ന ഒറ്റപ്പുസ്തകത്തില്‍
പൊട്ടിയ സ്ലേറ്റും ഉപ്പ്മാവ് തിന്നാന്‍
ഉപ്പിലയും മടക്കി വെച്ച്
കാക്കപ്പൂവും മഷിത്തണ്ടുമിറുത്ത്
തൊട്ടാവാടികളെ തൊട്ടുറക്കി
വരമ്പത്തെ വെള്ളം ചവുട്ടിപ്പൊടിച്ച്
അപ്പൂപ്പന്‍ താടിക്ക് പിറകെ
മഴ നനഞ്ഞ് പൊട്ടിച്ചിരിച്ച്
സ്‌കൂളിലേക്കോടിയ എന്നെയായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍