കിഴക്കന്‍ തുര്‍ക്കിസ്താനിലെ ഉയിഗൂറുകള്‍
തുര്‍ക്കിസ്താന്‍ അശ്ശര്‍ഖിയ്യ അല്ലെങ്കില്‍ കിഴക്കന്‍ തുര്‍ക്കിസ്താന്‍ മുസ്‌ലിംകള്‍ ധാരാളമുള്ള പ്രദേശമാണ്. ഇവിടെയുള്ള മുസ്‌ലിംകള്‍ നിരവധി വംശീയ വിഭാഗങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നവരാണെങ്കിലും അവരെ പൊതുവെ ഉയിഗൂറുകള്‍ എന്നാണ് വിളിക്കാറുള്ളത്. മധ്യേഷ്യയുടെ ഒരു ഭാഗം കൂടിയാണ് ഈ പ്രദേശം. ചൈനയിലെ മഞ്ചു ഭരണാധികാരികളാണ് ഈ പ്രദേശത്തിന് സിഞ്ചിയാംഗ് (Xinjiang) എന്ന് പേരിട്ടത്. 'പുതിയ ഭൂപ്രദേശം' എന്നാണതിന് അര്‍ഥം. 1884 നവംബര്‍ 18-നാണ് മഞ്ചു ഭരണാധികാരികള്‍ ഈ മുസ്‌ലിം ഭരണപ്രദേശം കീഴടക്കിയത്. അല്‍പകാലത്തിനകം ഈ പ്രദേശത്തിന് സ്വയം ഭരണാധികാരം കൈവന്നു. 1944-ല്‍ സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ ജംഹൂരിയ്യ തുര്‍ക്കിസ്താന്‍ ശര്‍ഖിയ്യ നിലയില്‍ വരികയും ചെയ്തു.
ചൈനയിലെ ആഭ്യന്തരയുദ്ധം കമ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമായി പര്യവസാനിച്ചപ്പോള്‍, സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന് തുര്‍കിസ്താനിലെ സ്വതന്ത്ര മുസ്‌ലിം ദേശീയ ഭരണം എന്ന ആശയത്തോട് താല്‍പര്യം ഇല്ലാതായി. 1949-ല്‍ കമ്യൂണിസ്റ്റ് ചൈന തുര്‍കിസ്താന്‍ പിടിച്ചടക്കി. അതേവര്‍ഷം ആഗസ്റ്റില്‍ കമ്യൂണിസ്റ്റ് ചൈനയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ബെയ്ജിംഗിലേക്ക് പോയ കിഴക്കന്‍ തുര്‍കിസ്താന്‍ ദേശീയ നേതാക്കള്‍ തീര്‍ത്തും ദുരൂഹമായ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ അത്തരം ശ്രമങ്ങള്‍ക്കും അന്ത്യമായി. അതേസമയം ദേശീയ ചെറുത്തുനില്‍പ് തുടര്‍ന്നുകൊണ്ടിരുന്നു. തദ്ദേശവാസികളെ ഒതുക്കാന്‍ കമ്യൂണിസ്റ്റ് ചൈന പ്രയോഗിച്ച ഒരു തന്ത്രം ചൈനീസ് ഹാന്‍ വംശജരെ വന്‍തോതില്‍ ഇവിടെ കുടിയിരുത്തുക എന്നതായിരുന്നു. ഇതിന്റെ ഫലമായി, 1949-ല്‍ കേവലം ആറ് ശതമാനം മാത്രമായിരുന്ന ഹാന്‍ വംശജര്‍ 1976-ല്‍ മാവോ മരിക്കുമ്പോള്‍ 41 ശതമാനമായി കുതിച്ചുയര്‍ന്നു. 2010-ലെ ചൈനീസ് സെന്‍സസ് പ്രകാരം, കിഴക്കന്‍ തുര്‍കിസ്താനിലെ അല്ലെങ്കില്‍ സിഞ്ചിയാംഗിലെ മൊത്തം ജനസംഖ്യ 21.81 മില്യന്‍ ആണ്. ഇതില്‍ ചൈനീസ് ഹാന്‍ വംശജര്‍ 8.75 മില്യന്‍; അതായത് 40.1 ശതമാനം.
ഭൂമിശാസ്ത്ര-രാഷ്ട്രീയ പ്രാധാന്യം
കിഴക്കന്‍ തുര്‍കിസ്താന്റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ കിടപ്പ് വളരെ പ്രധാനമാണ്. അതിന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തി മംഗോളിയയാണ്. വടക്ക് ഭാഗത്ത് റഷ്യയും കാസാകിസ്താനും കിര്‍ഗിസ്താനും പടിഞ്ഞാറ് ഭാഗത്ത് താജികിസ്താനും, തെക്ക്-പടിഞ്ഞാറ് ഭാഗത്ത് അഫ്ഗാനിസ്താനും പാകിസ്താനും ഇന്ത്യയും. അതിന്റെ അതിര്‍ത്തി രേഖയുടെ നീളം 5,600 കിലോമീറ്റര്‍ വരും. കരയിലെ ചൈനാ അതിര്‍ത്തിയുടെ ഏകദേശം നാലിലൊന്ന് ദൈര്‍ഘ്യം വരുമിത്.
ഖനിജങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കിഴക്കന്‍ തുര്‍കിസ്താന്‍. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കൊണ്ട് അനുഗൃഹീതം. വിശാലമായ മരുഭൂമികള്‍, തലയെടുപ്പോടെ നില്‍ക്കുന്ന പര്‍വത നിരകള്‍, മനോഹരമായ നദികള്‍, പുല്‍മേടുകള്‍, കാടുകള്‍ എല്ലാം ഇവിടെയുണ്ട്. വലിയൊരു ഭൂവിഭാഗം മരുഭൂമിയും ചരല്‍ക്കല്ല് നിറഞ്ഞ പ്രദേശവുമാണ്. ഇവിടങ്ങളില്‍ ജനവാസമില്ല. ചൈനയെ അറബ് ലോകവുമായും മധ്യേഷ്യയുമായും ബന്ധിപ്പിക്കുന്ന പ്രദേശമാണിത്. പൗരാണിക കാലത്ത് 'സില്‍ക് പാതകള്‍' (Silk Routes) എന്നറിയപ്പെട്ടിരുന്നവ കടന്നുപോയിരുന്നത് ഇതുവഴിയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ അറബ് വ്യാപാരികളാണ് ഇവിടെ ഇസ്‌ലാം പ്രചരിപ്പിച്ചത്. തദ്ദേശീയരുടെ ഭാഷയുടെ പേര്‍ ഉയിഗൂര്‍(Uyghur). 'കിഴക്കന്‍ ടര്‍ക്കിക്' എന്നും ഈ ഭാഷക്ക് പേരുണ്ട്. അറബി ലിപിയിലാണ് ഇത് എഴുതുക.
സിഞ്ചിയാംഗിലെ തദ്ദേശീയര്‍ക്ക് ചൈനീസ് അധിനിവേശവുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ചു ഭരണാധികാരികള്‍ക്കെതിരെ തന്നെ ഇവിടെ 44 കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കലാപത്തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മാവോ ഭരിക്കുമ്പോള്‍ കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയും മതപ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മുസ്‌ലിം ദേശീയബോധം വളരുന്നത് തടയിടാനും നീക്കങ്ങളുണ്ടായി. മറ്റു വംശജരെ കുടിയിരുത്തി ജനസംഖ്യയെ തകിടം മറിക്കുകയെന്നത് അവരുടെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് അധികാരമേറ്റ സെഞ്ചിയാവോ പിംഗ് കര്‍ക്കശ നിയമങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു. അങ്ങനെ പള്ളികള്‍ വീണ്ടും തുറന്നു. ചില പള്ളികള്‍ നിര്‍മിക്കാനും അനുവാദം കിട്ടി. ഒളിവില്‍ പോയിരുന്ന സാംസ്‌കാരിക പൈതൃകങ്ങള്‍ വീണ്ടും തലകാണിച്ചു. വ്യക്തികളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും അവസരമുണ്ടായി.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നയത്തിന്റെ ഭാഗം തന്നെയായിരുന്നു. സിഞ്ചിയാംഗിലേക്ക് കുടിയേറുന്നവര്‍ക്ക് ഗവണ്‍മെന്റ് വമ്പിച്ച സാമ്പത്തിക ആനുകൂല്യങ്ങളും ഭൂമിയുടെ ഉടമാവകാശവും വാഗ്ദാനം ചെയ്തു. തൊള്ളായിരത്തി തൊണ്ണൂറുകളില്‍ പലതരം ചൈനീസ് വംശീയ വിഭാഗങ്ങള്‍ സിഞ്ചിയാംഗിലേക്ക് കുടിയേര്‍പ്പാര്‍ക്കാന്‍ ഇത് നിമിത്തമായി. ഈയിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നപോലെ, മേഖലയിലെ സാമ്പത്തിക ഉണര്‍വിന്റെ ഫലങ്ങളധികവും അടിച്ചുമാറ്റിയത് ഈ കുടിയേറ്റക്കാരായിരുന്നു. ഇത് ദേശീയരായ ഉയിഗൂര്‍ മുസ്‌ലിംകളുടെ രോഷം ക്ഷണിച്ചുവരുത്തി. ഉയിഗൂറുകളും ചൈനീസ് വംശജരും തമ്മില്‍ സാമൂഹിക സാമ്പത്തിക സൂചികകളില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ഉദാഹരണത്തിന്, ചൈനീസ് വംശജരേക്കാള്‍ പത്തു വര്‍ഷം കുറവാണ് ഉയിഗൂറുകളുടെ ശരാശരി ആയുസ്സ്. ''1990-ലെ സെന്‍സസ് പ്രകാരം, സിഞ്ചിയാംഗിലെ ദേശീയ ന്യൂനപക്ഷങ്ങളില്‍ ബാലമരണ സംഖ്യ ഹാന്‍വംശജരിലുള്ളതിനേക്കാള്‍ 3.6 ഇരട്ടി അധികമാണ്. തദ്ദേശീയരുടെ ശരാശരി ആയുസ്സ് 63.9 ആയിരിക്കുമ്പോള്‍ ഹാന്‍ വംശജരുടേത് 71.4 ആണ്.''
ഇപ്പോഴും മുസ്‌ലിംകള്‍ തന്നെയാണ് സിഞ്ചിയാംഗില്‍ ഭൂരിപക്ഷമെങ്കിലും, സമീപ ഭാവിയില്‍ ഈ ജനസംഖ്യാനുപാതം ഹാന്‍ വംശജര്‍ക്കനുകൂലമായി അട്ടിമറിക്കപ്പെടുമെന്നും ജനിച്ചു വളര്‍ന്ന നാട്ടില്‍ തങ്ങള്‍ അന്യരായിത്തീരുമെന്നും ഉയിഗൂറുകള്‍ ഭയപ്പെടുന്നു. 2005-ലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് കാണുക: ''നിത്യ ജീവിതത്തില്‍ നിരവധി കൈയേറ്റങ്ങള്‍ക്ക് ഉയിഗൂറുകള്‍ വിധേയരാകുന്നുണ്ട്. മത പ്രാധാന്യമുള്ള ദിനങ്ങളില്‍ ഒഴിവ് പ്രഖ്യാപിക്കുക, മതപാഠങ്ങള്‍ പഠിക്കുക, വസ്ത്രധാരണത്തിലും മറ്റും മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക ഇതൊക്കെയും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. മതപണ്ഡിതന്‍ ആകേണ്ടത് ആര്, ഖുര്‍ആന്‍ എതൊക്കെ ഭാഗങ്ങള്‍ പഠിപ്പിക്കാം, മതകീയമായ ഒത്തുചേരലുകള്‍ എവിടെയെല്ലാം സംഘടിപ്പിക്കാം, മതകീയ സന്ദര്‍ഭങ്ങളില്‍ എന്തൊക്കെ പറയാം ഇതെല്ലാം തീരുമാനിക്കുന്നതും ചൈനീസ് ഗവണ്‍മെന്റ് തന്നെ.''
സംഘര്‍ഷത്തിന്റെ മുഖങ്ങള്‍
മത, രാഷ്ട്രീയ, സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളത്രയും തടയപ്പെടുന്നു എന്നതാണ് ഇവിടെ സംഘര്‍ഷത്തിന് പ്രധാന നിമിത്തമായിത്തീരുന്നത്. എല്ലാ അര്‍ഥത്തിലും അന്യരായ ചൈനീസ് വംശജരെയാണ് ഇവിടെ കുടിയിരുത്തുന്നത്. ജനസംഖ്യാ അനുപാതം അട്ടിമറിക്കുക മാത്രമല്ല, ഈ മേഖലയുടെ സവിശേഷമായ സാംസ്‌കാരിക അന്തരീക്ഷം നശിപ്പിക്കുക എന്നതുകൂടി അതിന്റെ ലക്ഷ്യമാണ്. തദ്ദേശീയരായ മുസ്‌ലിംകളും ചൈനീസ് കുടിയേറ്റക്കാരും തമ്മിലുള്ള സാംസ്‌കാരികവും പരമ്പരാഗതവുമായ വ്യത്യാസങ്ങള്‍ വളരെ വലുതാണ്. ഇരുവരും സംസാരിക്കുന്ന ഭാഷകള്‍ വ്യത്യസ്തമാണ്. തങ്ങളുടെ ഭാഷയും സംസ്‌കാരവും പൈതൃകവും അപകടത്തിലാണെന്ന് ഉയിഗൂറുകള്‍ തിരിച്ചറിയുന്നു. സാമ്പത്തികമായും അവരെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു.
ഭീകരവാദവും ഉയിഗൂറുകളും
പൗരാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഇരകള്‍ക്ക് രോഷമുണ്ടാവുക സ്വാഭാവികമാണ്. അത് ചിലപ്പോള്‍ അക്രമാസക്തമായെന്നും വരും. അത്തരം അതിക്രമങ്ങള്‍ സിഞ്ചിയാംഗില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് മാധ്യമങ്ങള്‍ ഈ സംഭവങ്ങളെ വിശേഷിപ്പിക്കുക 'ഭീകരാക്രമണങ്ങള്‍' എന്നാണ്. ഇന്നുവരെയും ഭീകരത എന്താണെന്ന് ശരിയായി നിര്‍വചിക്കപ്പെട്ടിട്ടില്ല. അതിനാല്‍ വളരെ 'ഉദാരമായി' ചൈനീസ് മാധ്യമങ്ങള്‍ ഈ വാക്ക് പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. മതസ്വഭാവമുള്ളതോ രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ ഏതു സംഭവവികാസവും ഭീകരതയായി മുദ്രകുത്തപ്പെടാം. അടുത്തകാലത്തായി ഭീകരത ആരോപിച്ച് പിടികൂടപ്പെടുന്നവരുടെയും വധിക്കപ്പെടുന്നവരുടെയും എണ്ണം ഭീതിജനകമാംവിധം വര്‍ധിച്ചിരിക്കുന്നു. ഏത് സംഭവവും 'ഇസ്‌ലാമിസ്റ്റ് ഭീകരത'യായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് നോക്കുക: ''സിഞ്ചിയാംഗിലെ സായുധ ഇസ്‌ലാമിസ്റ്റുകള്‍ യഥാര്‍ഥ ഭീഷണി തന്നെയാണ്. അല്‍ഖാഇദ ബന്ധമുള്ള ഈസ്റ്റ് തുര്‍കിസ്താന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ്, മുസ്‌ലിം ഭൂരിപക്ഷമുള്ള ഉയിഗൂര്‍ സിഞ്ചിയാംഗിനെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.''
കിഴക്കന്‍ തുര്‍കിസ്താനിലെ മുസ്‌ലിംകള്‍ മിതവാദികളും പരമ്പരാഗത സുന്നി വിശ്വാസക്രമങ്ങള്‍ പിന്തുടരുന്നവരുമാണെന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ സമ്മതിക്കപ്പെട്ടിട്ടുള്ളതാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌സ് ചൂണ്ടിക്കാട്ടുന്ന പോലെ, 'തീവ്ര ആശയ'ത്തിന്റെ ലക്ഷണങ്ങള്‍ മേഖലയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ മുഴുവന്‍ സംഘര്‍ഷങ്ങളും രൂപപ്പെടുന്നത് രാഷ്ട്രീയവും സാമ്പത്തികവും വംശീയവും ഭാഷാപരവുമായ കാരണങ്ങളാലാണ്. 'മതപരം' എന്നും ഈ സംഘര്‍ഷങ്ങളെ ചിലപ്പോള്‍ വിശേഷിപ്പിക്കാറുണ്ട്. മതസ്വാതന്ത്ര്യത്തിന് ഭീഷണിയുണ്ട് എന്നതിനാല്‍ ആ അര്‍ഥത്തില്‍ സംഘര്‍ഷങ്ങളെ മതപരം എന്നും വിളിക്കാവുന്നതാണ്. മതാനുഷ്ഠാനങ്ങളുടെ നിര്‍വഹണം വരെ ഭൂതക്കണ്ണാടി വെച്ച് നോക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്. അല്ലാതെ ഇസ്‌ലാമും ബുദ്ധിസവും തമ്മില്‍ അവിടെ സംഘര്‍ഷമൊന്നുമില്ല. ബുദ്ധിസത്തിന് അതിന്റെ ആശയപ്രചാരണ ചടുലത പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. കിഴക്കന്‍ തുര്‍കിസ്താനിലെ മുസ്‌ലിംകളുടെ സ്ഥിതിയും ഇതുതന്നെ. തദ്ദേശീയര്‍ ഒന്നുകില്‍ പാരമ്പര്യ മുസ്‌ലിംകള്‍ അല്ലെങ്കില്‍ പാരമ്പര്യ ബുദ്ധമതക്കാര്‍. ഇതിലൊരു വിഭാഗം മറ്റൊരു വിഭാഗത്തിന് ഭീഷണിയാവുന്നില്ല. തദ്ദേശീയ ജനവിഭാഗങ്ങളുടെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുന്നു എന്നതും അങ്ങനെ അവര്‍ സ്വത്വപ്രതിസന്ധി നേരിടുന്നു എന്നതുമാണ് യഥാര്‍ഥ പ്രശ്‌നം.
ഭാഷാപരമായ മാനം
മാതൃഭാഷക്കെതിരെയുള്ള കടന്നുകയറ്റവും അസ്വസ്ഥതകള്‍ക്ക് കാരണമാണ്. വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ് എന്ന സംഘടന ഈയിടെ പാരീസില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. 'ചൈനയിലെ ഉയിഗൂര്‍ ഭാഷാ സ്വാതന്ത്ര്യം-പരിപ്രേക്ഷ്യങ്ങള്‍, വെല്ലുവിളികള്‍, നയങ്ങള്‍' എന്നതായിരുന്നു അജണ്ട. 'യുനസ്‌കോ'യുടെ പതിനഞ്ചാമത് അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിലായിരുന്നു ചടങ്ങ്. ഈ സമ്മേളനം സംഘര്‍ഷത്തിന്റെ ഭാഷാപരമായ മാനമാണ് ഉയര്‍ത്തിക്കാട്ടിയത്.
ഈ മേഖലയിലെ തദ്ദേശീയര്‍ സ്വയംഭരണത്തിന് മോഹിക്കുക സ്വാഭാവികം. ഇന്റര്‍നാഷ്‌നല്‍ ജേര്‍ണല്‍ ഓഫ് കോണ്‍ഫ്‌ളിക്ട്‌സ് എന്ന മാഗസിനില്‍, സിഞ്ചിയാംഗിലെ അന്തര്‍വംശീയ സംഘര്‍ഷങ്ങളെക്കുറിച്ച് ഒരു പഠനം വന്നിട്ടുണ്ട്. പ്രിന്‍സ്റ്റന്‍ യൂനിവേഴ്‌സിറ്റിയിലെ എന്‍സെ ഹാന്‍ ആണ് അത് തയാറാക്കിയത്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്: ''ഉയിഗൂര്‍, ചൈനീസ് വംശജര്‍ തമ്മില്‍ അതികര്‍ശനമായ അന്തര്‍ വംശീയ വേര്‍തിരിവുകളുണ്ട്. അത് ആ രൂപത്തില്‍ രൂപപ്പെടുത്തിയതും ബലപ്പെടുത്തിയതും തന്നെയാണ്. ഇരു വിഭാഗത്തെയും വേര്‍പിരിക്കുന്ന ഈ വ്യത്യാസങ്ങള്‍ അവര്‍ തമ്മിലെ വിശ്വാസക്കുറവിന്റെയും വിവേചനത്തിന്റെയും ആഴം വര്‍ധിപ്പിക്കുന്നു. ഇത് ആശയവിനിമയത്തിനും പരസ്പര ധാരണക്കും വിഘാതം സൃഷ്ടിക്കുന്നു. സിഞ്ചിയാംഗിലെ പോലെ ഇന്നര്‍ ഗ്രൂപ്പ് അതിര്‍ത്തികള്‍ കര്‍ക്കശമായ ഒരു സ്ഥലത്ത് വിവിധ കൂട്ടായ്മകള്‍ തമ്മിലുള്ള ഇടപഴകലുകള്‍ സംഭവിക്കുന്നില്ല. ഇത്തരം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഒഴിവാക്കാനാകില്ല.''
ഒട്ടേറെ പീഡനങ്ങള്‍ക്ക് വിധേയരാവുന്ന ഉയിഗൂര്‍ സമൂഹത്തിന് സഹായ ഹസ്തങ്ങളുമായി സ്വാതന്ത്ര്യത്തെയും സമാധാനത്തെയും സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും രംഗത്ത് വരേണ്ടിയിരിക്കുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments