Prabodhanm Weekly

Pages

Search

2014 മെയ്‌ 30

സുഗതകുമാരിയുടെ കവിതയും റുബീന നിവാസിന്റെ കെട്ടുകഥയും

ജിബ്രാന്‍ /റീഡിംഗ് റൂം

         മലയാള ആനുകാലികങ്ങളിലെ സ്ഥിരം വിഭവങ്ങളാണ് കഥയും കവിതയും. ആദ്യവരിയില്‍ നിന്ന് ഒരു വിധം ഇഴഞ്ഞ് അവസാനവരിയിലെത്തിയിട്ടും കവി ഉദേശിച്ചതെന്തെന്ന് പിടിത്തം കിട്ടാത്തതാണ് മഷിപുരളുന്ന ചില കവിതകളെങ്കിലും. അതിനിടയില്‍ പലയാവര്‍ത്തി വായിച്ചിട്ടും മതിവരാതെ പിന്നെയും വായിക്കാന്‍ ഡയറിയില്‍ പകര്‍ത്തിയെഴുതുന്ന കവിതകളുമുണ്ട്. അത്തരം രചനകളിലൊന്നായിരുന്നു മെയ് 11-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച സുഗതകുമാരിയുടെ 'പശ്ചിമഘട്ടം' എന്ന കവിത. പശ്ചിമഘട്ട മലനിരകളെയും അതിലെ സൂക്ഷ്മജീവജാലങ്ങള്‍ മുതല്‍ സസ്യലതാദികളെവരെ വര്‍ണിക്കുകയും മനുഷ്യന്റെ പ്രാകൃത ഇടപെടല്‍ ആ പ്രകൃതിസൗന്ദര്യ താളത്തെ നശിപ്പിക്കുന്നതിലെ വേദനകള്‍ പങ്കുവെക്കുകയുമാണ് കവിതയില്‍.

ഹേ തുംഗസഹ്യഗിരിശൃംഗങ്ങളേ, മേഘ
ദുന്ദുഭികളേ, വിയദ്ഗംഗയെ
വിളിച്ചുമാറോടണച്ചായിരം
പുഞ്ചിരിച്ചോലകളായൊരുക്കീടുന്ന 
മംഗല ശ്യാമ മഹാവിപിനങ്ങളേ
പൂത്തുലഞ്ഞാടുന്ന വല്ലികളേ, ചില
ച്ചാര്‍ത്തുപൊങ്ങും കിളിക്കൂട്ടങ്ങളേ, കാട്ടുപൂക്കളേ, പൊന്തകള്‍ക്കുള്ളില്‍ തെളിയുന്ന
ദീപ്തമാം മഞ്ഞക്കറുപ്പുവരകളേ

ഹേ നീലഗിരിശൃംഗങ്ങളേ, ഹരിത
ഹസ്തങ്ങളായിരമുയര്‍ത്തിപ്പരത്തി ജല
മേഘങ്ങളെ കുതറിയോടാതെ വാരി
ത്തടഞ്ഞുനിര്‍ത്തിപ്പുല്‍കി
യലിയിച്ചിടുന്ന മഹാസുകൃതങ്ങളേ

         ഇങ്ങനെ ഒട്ടനേകം വരികള്‍ കൊണ്ട് പശ്ചിമഘട്ടത്തെ വര്‍ണിക്കുന്ന കവയത്രി വനം വെട്ടിയും കുന്നിടിച്ചും നാം നടത്തുന്ന പ്രകൃതിവിരുദ്ധതക്ക് വൈകാതെ മറുപടി കിട്ടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

മലയിടിക്കുന്ന തീയെറിയുന്ന കൈകളേ
വളരെ വൈകിപ്പോയി കാലം!
അറിയുവിന്‍, മുറിവേറ്റ ശൈലങ്ങള്‍ നമ്മള്‍ക്കു
വറുതിയും മൃതിയും വിധിക്കുമല്ലോ!
ചൂടുപൊറാഞ്ഞു പൊരിയുമല്ലോ, യിറ്റു
ദാഹജലത്തിനായ് കേഴുമല്ലോ
അല്ലായ്കില്‍ ഭാവം പകര്‍ന്നീ ഗിരിനിര
കല്ലും മരവും പ്രളയവുമായ്
അന്ത്യപ്രഹരമായാര്‍ത്തിറങ്ങീടവേ
നൊന്തുപായുന്നതെങ്ങോട്ടു നമ്മള്‍?..

         ആദ്യ എട്ട് പേജുകളിലായി കെ. ഷരീഫിന്റെ വരകള്‍ക്കൊപ്പം ഈ വരികളെ മനോഹരമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നു.  ഉയര്‍ന്ന ക്ലാസുകളിലെ പാഠപുസ്തകത്തില്‍ 'പശ്ചിമഘട്ടം' വൈകാതെ സ്ഥാനം പിടിച്ചേക്കും.

         മെയ് 12-ലെ മാധ്യമം ആഴ്ചപ്പതിപ്പിലെ 'ഒരു കെട്ടുകഥ'യെന്ന റുബീന നിവാസിന്റെ കഥയാണ് മറ്റൊരു സാഹിത്യാസ്വാദനം. ഒരു മെട്രോനഗരത്തിന്റെ കണ്ണായ സ്ഥലത്തെ ചേരിയിലെ താമസക്കാരെ കുടിയൊഴിപ്പിക്കാന്‍ ഭരണകൂടവും രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് കഥയുടെ ഇതിവൃത്തം. ചോരയൊന്നും ചിന്താതെ, ഒരു പ്രതിഷേധവുമുയരാതെ ചേരിനിവാസികളെ ഒഴിപ്പിക്കാന്‍ അവരിലെ ഏറ്റവും വിദ്യാഭ്യാസം ഉള്ളവനും പരിഷ്‌കാരിയുമായ ചെറുപ്പക്കാരനെ പണവും പദവിയും നല്‍കി അവര്‍ വശത്താക്കുന്നു. ചേരിക്കുപകരം മറ്റൊരു സ്വപ്നഭൂമിയും അവിടെ കൂരകെട്ടാന്‍ ആവശ്യമായ സംഖ്യ രേഖപ്പെടുത്തിയ ചെക്കുബുക്കുമായി അവര്‍ ചേരിനിവാസികളെ സന്തോഷപൂര്‍വം കപ്പലില്‍ കയറ്റുന്നു. നടുകടലില്‍ കപ്പല്‍ തകര്‍ത്ത് ആ 'നശിച്ച ഉപദ്രവകാരികളെ' എന്നന്നേക്കും നശിപ്പിക്കാനുള്ള ദൗത്യവും ചേരിയിലെ 'വിദ്യാസമ്പന്നനായ' ആ ചെറുപ്പക്കാരന്‍ ഏറ്റെടുക്കുന്നു. വിശ്വസിച്ച സമൂഹത്തെ ഒറ്റുകൊടുക്കുന്നവന്റെ അന്ത്യം ഒറ്റുകാരാല്‍ തന്നെ ഒടുങ്ങുമെന്ന പാഠം പകര്‍ത്തിയെഴുതി ചെറുപ്പക്കാരന്‍ കൂടി കൊല്ലപ്പെടുന്നിടത്ത് കഥയവസാനിക്കുന്നു. ഒരു പക്ഷേ, ആനുകാലികങ്ങളിലെ മിക്ക കഥകളും ഭാവനയില്‍ കെട്ടിമറിയുന്ന കെട്ടുകഥകളാവുമ്പോള്‍ റൂബീനയുടെ 'കെട്ടുകഥ'വെറുമൊരു കഥയായി വായിച്ചുതള്ളാനാവുന്നതല്ല. ഇന്ത്യയിലും ലോകത്തുടനീളവും ഓരോ ദിവസവും അപ്രത്യക്ഷമാകുന്ന ചേരികള്‍ക്ക്  പിന്നില്‍ ഈ കെട്ടുകഥയേക്കാള്‍ ദുര്‍ഗ്രാഹ്യമായ ഭരണകൂട ഗൂഢാലോചനകളുണ്ട്. ഇതേ ലക്കം മാധ്യമം വാരികയില്‍, 'അലക്കിയ വസ്ത്രങ്ങള്‍ അത്ര വൃത്തിയുള്ളതല്ല' എന്ന ഒരു പാരഗ്രാഫിലൊതുങ്ങുന്ന പൗലോകൊയ്‌ലോയുടെ ചെറുകഥയുണ്ട്. സിറാജുദ്ദീന്‍ നദ്‌വി വിവര്‍ത്തനം ചെയ്ത ആ കഥ ഇവിടെ പകര്‍ത്തിയെഴുതുന്നു

         യുവദമ്പതികള്‍ പുതിയ അയല്‍പക്ക ജീവിതത്തിലേക്ക് മാറിത്താമസിച്ചു. പിറ്റേ ദിവസം പ്രഭാതത്തില്‍ അയല്‍ക്കാരി അലക്കിയ വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നത് യുവതി കണ്ടു.

         ''ആ അലക്കിയ വസ്ത്രങ്ങള്‍ അത്ര വൃത്തിയുള്ളതല്ല. നന്നായി അലക്കേണ്ട രീതി അവള്‍ക്കറിയില്ലായിരിക്കാം. ഒരു പക്ഷേ, അവള്‍ക്ക് നല്ലയിനം അലക്കുസോപ്പ് ആവശ്യമുണ്ടാവണം.'' 

         ഇതെല്ലാം നിശ്ശബ്ദമായി വീക്ഷിക്കുകയായിരുന്നു അവളുടെ ഭര്‍ത്താവ്. അയല്‍വാസിയായ യുവതി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ഇതുപോലെ വിമര്‍ശിച്ചുകൊണ്ടേയിരുന്നു അവള്‍. ഒരു മാസത്തിന് ശേഷം അയലില്‍ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: 'നോക്കൂ, എങ്ങനെ നന്നായി അലക്കാമെന്ന് അവള്‍ പഠിച്ചു. എനിക്ക് അത്ഭുതം തോന്നുന്നു. ആരാണ് ഇത് അവളെ പഠിപ്പിച്ചത്?'

         ഭര്‍ത്താവ് പറഞ്ഞു: 'ഇന്ന് രാവിലെ ഞാന്‍ നേരത്തെ എണീറ്റ് നമ്മുടെ ജനല്‍ ചില്ലുകള്‍ വൃത്തിയാക്കി.'

         ഇതാണ് ജീവിതവും. മറ്റുള്ളവരെ നാം കാണുന്നത് നമ്മുടെ ജനല്‍പാളിയുടെ തെളിമയെ ആശ്രയിച്ചാണ്. (മാധ്യമം ആഴ്ചപ്പതിപ്പ് 2014 മെയ് 12)

         ഈ കഥയിവിടെ പകര്‍ത്തിയെഴുതാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെക്കുറിച്ച് മെയ് 14-ന്റെ സുന്നിഅഫ്കാറിലും (മൗദൂദിയും ജമാഅത്തിന്റെ ഇസ്‌ലാമും-കെ. മുഹമ്മദ് ജദീര്‍), ഏപ്രില്‍ 30-ലെ രിസാല വാരികയിലും (മൗദൂദിയുടെ പരിണാമഘട്ടങ്ങള്‍; മൗദൂദികളുടെയും-സ്വാലിഹ് പുതുപൊന്നാനി) വന്ന ലേഖനങ്ങളുടെ ഉള്ളടക്കമാണത്. മൗദൂദിയെ സുന്നി അഫ്കാര്‍ ലേഖകന്‍ ഈമാന്‍ കാര്യം എത്രയെന്നു പോലുമറിയാത്ത വിവരം കെട്ട മൗലവിയായി ചിത്രീകരിക്കുമ്പോള്‍ രിസാല ലേഖകന്‍ മതവിഷയങ്ങള്‍ക്കൊപ്പം ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, മാര്‍ക്‌സിസം, ആധുനികത എന്നിവയും പഠിച്ച ശേഷം അവയും ഇസ്‌ലാമും കൂട്ടിക്കെട്ടിയ മത-രാഷ്ട്രീയ ദാര്‍ശനികനായി പരിചയപ്പെടുത്തുന്നു. നമ്മുടെ പല മത പ്രസിദ്ധീകരണ എഴുത്തുകാരും സ്വന്തം കണ്ണടച്ചില്ലുകള്‍ തുടച്ച് മിനുക്കാന്‍ തയാറാവുന്നത് വരെ പൗലോകൊയ്‌ലോയുടെ കഥയിലെ ഭാര്യയുടെ കാഴ്ചപോലെ അവരുടെ കാഴ്ചപ്പാടുകളും എഴുത്തുകളും വൈരൂധ്യങ്ങളുടെ മൂടല്‍ മഞ്ഞില്‍ മുങ്ങിക്കൊണ്ടേയിരിക്കും.

         കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയെ സ്മരിച്ച് വിചിന്തനം, ശബാബ്, പ്രബോധനം, തേജസ് എന്നിവയില്‍ വന്ന പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കളുടെ എഴുത്തുകളാണ് എടുത്ത് പറയേണ്ട മറ്റൊരു വായനാവിശേഷം. ശബാബില്‍ രണ്ട് ലക്കങ്ങളിലായി സി.പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്, എ. അസ്ഗറലി എന്നിവരാണ് (ശബാബ് വാരിക 2014 മെയ് 9, മെയ് 16) അനുസ്മരണമെഴുതിയിരിക്കുന്നത്. തേജസ് ദൈ്വവാരികയില്‍ ഇ. അബൂബക്കറാണ് അരീക്കോട് സുല്ലമുസ്സലാമില്‍ തന്റെ പ്രിയഗുരുനാഥന്‍ കൂടിയായിരുന്ന എ.പിയെക്കുറിച്ചുള്ള ഓര്‍മകള്‍ പകര്‍ത്തുന്നത്. താന്‍ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ശ്രദ്ധേയമായ ചുവടുവെപ്പുകളില്‍ തന്റെ ഗുരുനാഥനുമായി വ്യക്തിപരമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ലേഖകന്‍ പങ്കുവെക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനവും അടുത്തിടപഴകി ഒരുമിച്ച് മുന്നോട്ടുപോയ 1970-'72 കാലത്തെ സൗഹൃദചിത്രങ്ങളും പിന്നീട് പരസ്പരം അകലാനുണ്ടായ കാരണങ്ങളും അദ്ദേഹം തുറന്നെഴുതുന്നതിങ്ങനെ:

         ''ജമാഅത്തെ ഇസ്‌ലാമി നൂതനമായ അതിന്റെ പ്രവര്‍ത്തനശൈലിയുമായിവന്നു മുസ്‌ലിംയുവാക്കളെ ആകര്‍ഷിക്കുന്ന കാലമായിരുന്നു അത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ചെറുപ്പക്കാരും ക്രമേണയായി ജമാഅത്തിന്റെ പ്രവര്‍ത്തനരീതിയോടും അതിലൂടെ അതിന്റെ ആശയങ്ങളോടും ആഭിമുഖ്യം പുലര്‍ത്താന്‍ തുടങ്ങി. അന്നത്തെ കെ.എന്‍.എം സെക്രട്ടറിയായിരുന്ന എ.കെ അബ്ദുല്ലത്വീഫ് മൗലവിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മുജാഹിദ് നേതാക്കള്‍ ജമാഅത്തുമായി പാരസ്പര്യം ആഗ്രഹിച്ചവരായിരുന്നു. മലബാറില്‍ പലയിടത്തും സംയുക്തസംരംഭമായി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പൊതുപരിപാടികളും പ്രഭാഷണപരമ്പരകളും നടന്നിരുന്നു. ക്രമേണ മുജാഹിദ് പ്രസ്ഥാനവും ജമാഅത്തും തമ്മിലുള്ള ആശയപരമായ അതിരുകള്‍ നേര്‍ത്തുവരുന്നത് മുജാഹിദ് യുവാക്കളെ പരിഭ്രമിപ്പിച്ചു.

         കെ. ഉമര്‍ മൗലവി ഈ ഘട്ടത്തിലാണ് ജമാഅത്ത് വിമര്‍ശനവുമായി വരുന്നത്. മൗലവിയുടെ വിമര്‍ശനം മാര്‍ദവമില്ലാത്തതായിരുന്നുവെങ്കിലും യുവമുജാഹിദുകളെ ഉത്തേജിപ്പിക്കുന്നതില്‍ വിജയിച്ചു... മുജാഹിദ് പ്രസ്ഥാനത്തിന് ആശയപരമായ സ്ഫുടീകരണവും ജമാഅത്ത്-മുജാഹിദ് അതിരുകളുടെ ദൃഢീകരണവും സാധ്യമാവേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. (തേജസ് ദൈ്വവാരിക 2014 മെയ് 16-31, എ.പി: അദ്ദേഹം എന്റെ ഗുരുനാഥനായിരുന്നു-ഇ.അബൂബക്കര്‍ പേജ്.43-47)

         ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് സംഘടനയും ഒരുമിച്ച് നടത്തിയ കാമ്പയില്‍ കാലത്തെ സൗഹൃദാനുഭവങ്ങള്‍ പങ്കുവെക്കുന്നതായിരുന്നു പ്രബോധനം വാരിക(2014 മെയ് 16)യിലെ അനുസ്മരണങ്ങളുടെയും പ്രസക്തഭാഗങ്ങള്‍. അക്കാലത്ത് എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയുമായി പ്രഭാഷണവേദികള്‍ പങ്കിട്ടിരുന്ന ടി.കെ അബ്ദുല്ല സാഹിബും മുഹമ്മദ് സലീം മൗലവിയുമാണ് ആ ഓര്‍മകള്‍ പ്രബോധനത്തില്‍ പങ്കുവെക്കുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍