മോദിയും കോര്‍പ്പറേറ്റുകളും പിന്നെ മുസ്‌ലിം സമുദായവും
ഇന്ത്യന്‍ വോട്ടര്‍മാരെ ഏഴു പതിറ്റാണ്ടുകളായി ഭ്രമിപ്പിച്ച രണ്ടു സമസ്യകളെ തൂത്തുവാരിക്കൊണ്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒന്നാമത്തേതായിരുന്നു മതേതര വോട്ടുബാങ്ക്. രണ്ടാമത്തേത് തീര്‍ച്ചയായും മുസ്‌ലിം വോട്ടുബാങ്കാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയാവുന്ന ഈ വോട്ടുബാങ്കുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇനിയെങ്കിലും വിരാമമിടുക. ഇതില്‍ മുസ്‌ലിം വോട്ടുബാങ്ക് ഒന്നുമല്ലെന്ന് തെളിയിച്ചുതന്നത് മറ്റാരുമല്ല സാക്ഷാല്‍ അമിത് ഷാ തന്നെയാണ്. 80 സീറ്റുകളുള്ള യു.പിയില്‍ ഒറ്റ മുസ്‌ലിമിനു പോലും ഇത്തവണ ജയിക്കാനായില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ ജനാധിപത്യത്തിന് ചതുര്‍ഥിയായി മാറി. മേല്‍പ്പറഞ്ഞ രണ്ട് വോട്ടുബാങ്കുകളില്‍ ഏതെങ്കിലും ഒന്ന് സത്യമായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ. ഇനിയുമൊരു മിഥ്യ കൂടി തകര്‍ന്നടിഞ്ഞിട്ടുണ്ട്. മുസ്‌ലിം നേതൃത്വത്തെ കുറിച്ച പൊതു സങ്കല്‍പ്പങ്ങളാണത്. ദല്‍ഹി ഇമാം അഹ്മദ് ബുഖാരിയും ബറേല്‍വി ഹസറാത്ത് തൗഖീര്‍ റസയും ഒട്ടധികം ഇമാമുമാരും ഒന്നുമല്ലാതായി. 'വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ തോല്‍പ്പിക്കാന്‍ ഏറ്റവും കരുത്തനായ എതിരാളിക്ക് വോട്ടുചെയ്യുക' എന്ന മുസ്‌ലിം നേതാക്കളുടെ പതിവ് ആഹ്വാനം മാറ്റിവെച്ച് ഇക്കുറി വോട്ട് നേരെ ചൊവ്വെ കോണ്‍ഗ്രസിന് കൊടുക്കാന്‍ ദല്‍ഹി ഇമാമും ബി.എസ്.പിക്കു കൊടുക്കാന്‍ തൗഖീര്‍ റസയും 'ഫത്‌വ' നല്‍കി. എന്നിട്ടും ഇമാമിന്റെ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ചാന്ദ്‌നി ചൗക്കിലും തെക്കു ഭാഗത്ത് മടിയാ മഹലിലുമടക്കം കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പിക്കെതിരെ രണ്ടാം സ്ഥാനത്തെത്തിയത് ആം ആദ്മി പാര്‍ട്ടിയായിരുന്നു. റസയുടെ നാട്ടില്‍ 19 എം.പിമാരുണ്ടായിരുന്ന ബി.എസ്.പി ഇക്കുറി സംപൂജ്യരായി! ദല്‍ഹിയില്‍ രണ്ട് സീറ്റുകളിലെങ്കിലും ജയിക്കാമായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുസ്‌ലിംകള്‍ ആം ആദ്മിക്ക് വോട്ടു ചെയ്തതു കൊണ്ടു മാത്രമായിരുന്നു. ഇമാമിന്റെ ആഹ്വാനത്തിന് അങ്ങോരുടെ പള്ളിവളപ്പില്‍ പോലും വിലയില്ലാതായി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തുടങ്ങിയ ഈ 'ഫത്‌വാ' നാടകത്തിന്റെ പേരില്‍ ഏറ്റവുമധികം ബി.ജെ.പിയുടെ പഴികേട്ടവരാണ് മുസ്‌ലിംകള്‍. ഇത്തവണ ആരാണ് ഫത്‌വ കൊണ്ട് നേട്ടമുണ്ടാക്കിയത്? ഇമാം ഇങ്ങനെയൊരു ആഹ്വാനം ചെയ്തതു കൊണ്ട് രണ്ടോ മൂന്നോ സീറ്റുകള്‍ ബി.ജെ.പിക്ക് അധികം കിട്ടുകയല്ലേ ഫലത്തില്‍ ഉണ്ടായത്? സോണിയാ ഗാന്ധി ഇനിയെങ്കിലും ഈ കപട നാടകത്തിന് തുനിയില്ലെന്ന് പ്രത്യാശിക്കുക.
തെരഞ്ഞെടുപ്പു ഫലങ്ങളെ കുറെക്കൂടി സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അതിനേക്കാള്‍ അമ്പരപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ദല്‍ഹിയിലെ ബല്ലി മാറന്‍, ചാന്ദ്‌നി ചൗക്ക് മുതലായ അസംബ്ലി സീറ്റുകളില്‍ മുസ്‌ലിം വോട്ടുകളാണ് ഭൂരിപക്ഷം. ഇവിടെ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും കിട്ടിയ വോട്ടുകള്‍ ഇഴ പിരിച്ചാല്‍ ബി.ജെ.പിയുടെ ഡോ: ഹര്‍ഷ് വര്‍ധന് നല്ലൊരു ശതമാനം മുസ്‌ലിം വോട്ടുകള്‍ കിട്ടിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് സമ്മതിക്കേണ്ടി വരും. രണ്ടിടത്തും ഹര്‍ഷ് വര്‍ധനാണ് 10,000 മുതല്‍ 17,000ത്തിലേറെ വോട്ടുകള്‍ അധികം നേടിയത്. ഒന്നുകില്‍ മണ്ഡലത്തിലെ ഒറ്റ ഹിന്ദുവോട്ട് പോലും അശുതോഷിനോ കപില്‍ സിബലിനോ കിട്ടിയില്ലെന്നാണ് അര്‍ഥം, അല്ലെങ്കില്‍ ഹിന്ദുക്കളുടേതല്ലാത്ത വോട്ടുകള്‍ ഹര്‍ഷ് വര്‍ധന് കിട്ടിയെന്നും. മോദിയെ കുറിച്ച പ്രചാരണ പെരുമഴയില്‍ മുസ്‌ലിംകള്‍ പോലും ആകൃഷ്ടരായി എന്ന് സമ്മതിക്കലാണ് വസ്തുത. പ്രത്യേകിച്ചും അവരിലെ പുതുതലമുറ. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയും സിനിമാ താരവുമായ മനോജ് തിവാരിക്കും ഇതേ മട്ടില്‍ മുസ്‌ലിം പിന്തുണ ലഭിച്ചതായി കാണാം. നജഫ്ഗഢിലെ ബി.ജെ.പി സ്ഥാനാര്‍ഥി പര്‍വേഷ് സിംഗ് വര്‍മക്ക് ആം ആദ്മിയിലെ എതിരാളി ജര്‍ണയില്‍ സിംഗിനേക്കാളും കൂടുതല്‍ വോട്ടു ലഭിച്ച മണ്ഡലങ്ങളില്‍ മുസ്‌ലിംകളുടേതും ഉള്ളതായി കാണാം. ബി.ജെ.പിയും നരേന്ദ്ര മോദിയും എന്താണെന്ന് പൊതുജനം വിശ്വസിക്കുന്ന അതേ കാര്യങ്ങള്‍ തന്നെ മുസ്‌ലിംകളും വിശ്വസിച്ചു എന്നല്ലേ അര്‍ഥം? എങ്കില്‍ പിന്നെ ദല്‍ഹി ഇമാമിന്റെ ആഹ്വാനത്തിന്റെ വിലയെന്തായിരുന്നു? ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം എന്താണെന്ന് അറിയാത്ത എത്രയോ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ട് എന്നു കൂടിയാണ് ഇപ്പറയുന്നതിന്റെ പൊരുള്‍. എന്‍.ഡി.ടി.വിയും ആജ്തകും എ.ബി.പി ന്യൂസും ഇന്ത്യാ ടി.വിയും നല്‍കുന്ന വാര്‍ത്തകള്‍ തന്നെയാണ് ഇന്ത്യന്‍ മുസ്‌ലിംകളും കാണുന്നത്.
മതേതരത്വ വോട്ടുബാങ്കാണ് പരിഹാസ്യമായ മറ്റൊരു സമസ്യ. ഇത് സംരക്ഷിച്ചു നിര്‍ത്തുക എന്നത് ഇന്ത്യാ മഹാരാജ്യത്തെ മുസ്‌ലിംകളുടെ മാത്രം ബാധ്യതയായി മാറിയിട്ട് കാലം കുറച്ചായി. മുസ്‌ലിംകള്‍ മുസ്‌ലിംകളായി വോട്ടു ചെയ്യുന്നതും സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടികളുണ്ടാക്കി സംഘടിക്കുന്നതും കോണ്‍ഗ്രസ് മുതല്‍ സി.പി.എം വരെയുള്ളവരുടെ കണ്ണില്‍ മഹാപാതകമാണ്. ബി.ജെ.പിക്കു മാത്രമാണ് ഇക്കാര്യത്തില്‍ ഏനക്കേട് ഇല്ലാതിരുന്നത്. മുഴുവന്‍ മുസ്‌ലിംകളും സംഘടിച്ചാലും ഹിന്ദുക്കള്‍ സംഘടിക്കാതിരിക്കുന്നതിലേ അവര്‍ക്ക് പ്രയാസം തോന്നിയിരുന്നുള്ളൂ. മാത്രമല്ല മോദിക്കെതിരെ എത്ര കണ്ട് മുസ്‌ലിംകള്‍ ചേരി തിരിയുന്നുവോ അത്ര കണ്ട് ഹിന്ദുക്കളെ ബി.ജെ.പിക്കു കിട്ടുമെന്ന ഒരു സിദ്ധാന്തം തന്നെ അമിത് ഷാ ഈ തെരഞ്ഞെടുപ്പു കാലത്ത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു. മുസ്‌ലിംകള്‍ പറഞ്ഞുകൊണ്ടിരുന്നത് മതേതരത്വത്തെ കുറിച്ചാണെങ്കിലും അവര്‍ക്കല്ലാത്ത ആര്‍ക്കും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ശുദ്ധ കാപട്യമായിരുന്നു കോണ്‍ഗ്രസിന്റേത്. മുസ്‌ലിംകള്‍ മതേതരമായി വോട്ടു ചെയ്യുകയും അല്ലാത്തവരെ വര്‍ഗീയമായി സംഘടിപ്പിക്കുകയും ചെയ്യുന്ന രീതിയായിരുന്നു മതേതര പാര്‍ട്ടികളുടേത്. ഇവരുടെയൊന്നും പാര്‍ട്ടി ഘടനയില്‍ ഈ ആശയം നിലനിന്നിരുന്നില്ല. ബംഗാളിലെ സി.പി.എം ആണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ഇത്തവണ സംസ്ഥാനത്ത് പാര്‍ട്ടി പരമാവധി മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കി എന്നത് വസ്തുതയാണ്. റായിഗഞ്ച്, മുര്‍ശിദാബാദ് എന്നീ മുസ്‌ലിം മണ്ഡലങ്ങളില്‍ മാത്രമാണ് സി.പി.എമ്മിന് ജയിക്കാനുമായത്. സാധ്യതകള്‍ മറിച്ചുള്ള ഒരിടത്തും മുസ്‌ലിംകള്‍ സി.പി.എമ്മിനെ പിന്തുണച്ചില്ല. പാര്‍ട്ടിയുടെ ഇന്നോളമുള്ള നിലപാടുകളായിരുന്നു ഈ നിരാസത്തിന്റെ കാരണം. 70 ശതമാനത്തോളം മുസ്‌ലിം വോട്ടുബാങ്കുള്ള മുര്‍ശിദാബാദില്‍ പോലും മുസ്‌ലിമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ സി.പി.എമ്മിനു കഴിയാറില്ല, അതിന് ഭട്ടാചാര്‍ജിമാര്‍ വേണമെന്ന് പാര്‍ട്ടി വിട്ട റസാഖ് മൊല്ല ചൂണ്ടിക്കാട്ടിയതോര്‍ക്കുക. എന്നിട്ടും സി.പി.എം ചൂണ്ടിക്കാട്ടുന്നിടത്ത് കണ്ണടച്ചു കുത്തേണ്ട ബാധ്യതയാണ് മുസ്‌ലിംകളുടേത്. ബി.ജെ.പിക്ക് ആ അര്‍ഥത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് പറയാനാവില്ല. കാരണം ഇന്ത്യന്‍ മതേതരത്വം കപടമാണെന്ന് കഴിഞ്ഞ എത്രയോ കാലമായി കുറ്റപ്പെടുത്തുന്ന പാര്‍ട്ടിയാണത്. ഒറ്റ മുസ്‌ലിമിനു പോലും ടിക്കറ്റ് കൊടുക്കാതെ മോദിക്ക് ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ജയിക്കാനും കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ മുസ്‌ലിം മുഖങ്ങള്‍ ഉണ്ടാവണമെന്നു പോലുമില്ല. കാരണം അങ്ങനെയൊരു മതേതരത്വം ആവശ്യമുണ്ടെന്ന് ബി.ജെ.പി പറഞ്ഞിട്ടേയില്ലല്ലോ. പക്ഷേ മതേതരത്വം പ്രസംഗിച്ചു നടന്നവരാരും അതായിരുന്നില്ല പ്രയോഗത്തില്‍ കൊണ്ടുവന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ 'മതേതരത്വം' എന്ന വാക്കുച്ചരിക്കുന്നതിന് ഇന്ത്യന്‍ മുസ്‌ലിംകള്‍ വോട്ടിന്റെ രൂപത്തില്‍ ജിസ്‌യ കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ് ശാഹിദ് ആസ്മി ഈയിടെ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസിന്റേതാണ് ഇക്കൂട്ടത്തിലെ ഏറ്റവും മോശപ്പെട്ട ജിസ്‌യ. ഇന്ത്യന്‍ മതേതരത്വത്തിന്റെ ക്ലാസിക്കല്‍ ഇരട്ടത്താപ്പായി ചൂണ്ടിക്കാട്ടാവുന്ന മണ്ഡലമായ സഹാരണ്‍പൂര്‍ ഉദാഹരണമായി എടുക്കുക. 62 ശതമാനം മുസ്‌ലികളുള്ള സഹാരന്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇംറാന്‍ മസൂദ് 60,000 വോട്ടിന്റെ വ്യത്യാസത്തിനാണ് ബി.ജെ.പിയുടെ രാം ലഖന്‍ യാദവിനോട് പരാജയപ്പെട്ടത്. ഗുജറാത്ത് ആവര്‍ത്തിക്കാന്‍ വന്നാല്‍ മോദിയെ വെട്ടി നുറുക്കുമെന്ന ഏതോ പഴയ പ്രസംഗത്തെ ചൊല്ലി ജയിലില്‍ പോയ ഇംറാനെ തോല്‍പ്പിച്ചത് മുസ്‌ലിംകളുടെ 'മതേതരത്വവും' മതേതര പാര്‍ട്ടികളുടെ 'ഹിന്ദുത്വ'വും ഒരുമിച്ചു നിന്നാണ്. 2009-ല്‍ 3.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.എസ്.പി ജയിച്ച മണ്ഡലമാണിത്. ഇത്തവണ ബി.എസ്.പി 2.35 ലക്ഷം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്കു പോയി. സമാജ്‌വാദിയുടെ ശഹ്ദാന്‍ മസൂദിന് കിട്ടിയത് 52,765 വോട്ടുകള്‍ (സ്വാഭാവികമായും ഇതത്രയും കോണ്‍ഗ്രസ് എം.പിയായിരുന്ന പിതാവ് റശീദ് മസൂദിന്റെ പരമ്പരാഗത മുസ്‌ലിം വോട്ടുകളാണ്). എന്നിട്ടുമെങ്ങനെ രാംലഖന്‍ യാദവ് ഈ മണ്ഡലത്തില്‍ ജയിച്ചു? ബി.എസ്.പിയുടെ ദലിതന്‍ മുതല്‍ കോണ്‍ഗ്രസിന്റെ സവര്‍ണന്‍ വരെ മതേതരത്വം കൈവെടിഞ്ഞ് 'നമോ നമോ' ജപിച്ചതു കൊണ്ടാണെന്ന് വ്യക്തം. മുസഫര്‍ നഗര്‍ കലാപം നടന്ന മേഖലയുടെ മൊത്തം ചിത്രവും ഇതായിരുന്നു. ഉദാഹരണത്തിന് ബറേലി. ഈ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 2.7 ലക്ഷം വോട്ട് ലഭിച്ചുവെങ്കിലും യാദവര്‍ ബി.ജെ.പിയുടെ സന്തോഷ് ഗാംഗ്വാറിനൊപ്പം പോയെന്ന് പാര്‍ട്ടി സ്ഥാനാര്‍ഥി ആഇശ ഇസ്‌ലാം കുറ്റപ്പെടുത്തിയിരുന്നു. മറ്റുള്ളിടത്ത് അല്‍പ്പമൊക്കെ സ്വന്തം വോട്ടുബാങ്കിനെ പിടിച്ചു നിര്‍ത്തിയ മായാവാതി മുസഫര്‍ നഗര്‍ മേഖലയില്‍ അമ്പേ പരാജയപ്പെട്ടു. കലാപത്തെ മതേതരമായി നോക്കിക്കണ്ട് അതിനെതിരെ രാഷ്ട്രീയ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാതിരുന്നത് പാര്‍ട്ടിയുടെ വോട്ടുബാങ്കിലും പ്രതിഫലിച്ചു. സോണിയയും രാഹുലും മുസ്‌ലിംകളുടെ അഭയാര്‍ഥി ക്യാമ്പുകളില്‍ മാത്രം പോയി എന്ന കുറ്റമാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. ജാട്ടുകള്‍ക്ക് വേണ്ടി ഇത്തരം അഭയാര്‍ഥി ക്യാമ്പുകള്‍ ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ഥ്യം 'മുദു ഹിന്ദുത്വ വികാരം' പരിഗണിച്ച് കോണ്‍ഗ്രസ് മിണ്ടിയില്ല. ക്യാമ്പുകളില്‍ പുതപ്പു കൊടുക്കലല്ല മതേതരത്വമെന്നും കലാപകാരികള്‍ക്കെതിരെ ധീരമായ നിലപാടെടുക്കലാണെന്നും സോണിയയെയും രാഹുലിനെയും ആരും ഓര്‍മിപ്പിച്ചതുമില്ല. 3 വര്‍ഷത്തിനിടെ 125-ലേറെ ചെറുതും വലുതുമായ കലാപങ്ങള്‍ കഴിഞ്ഞ യു.പിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കല്‍ പോലും ഇടപെട്ടില്ല. സൗകര്യപ്രദമായ ഇത്തരം മറവികളും ഉപേക്ഷകളുമാണ് കഴിഞ്ഞ തവണ 22 സീറ്റ് നേടിയ ഒരു സംസ്ഥാനത്ത് അമ്മയെയും മകനെയും മാത്രം ചടങ്ങു പോലെ ജയിപ്പിച്ചുവിടാന്‍ ജനത്തെ പ്രേരിപ്പിച്ചത്.
ഫറൂഖാബാദ് ഈ മതേതര കാപട്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കോണ്‍ഗ്രസുകാര്‍ മതേതരമായി വോട്ടു ചെയ്ത സമീപകാലത്തെ ഏക സംഭവമായിരുന്നു 2009-ല്‍ ഇവിടെ നിന്നും സല്‍മാന്‍ ഖുര്‍ശിദ് ജയിച്ചു കയറിയത്. 2004-ല്‍ ആന്ധ്രയിലെ ഹിന്ദുപൂരിലും സമാനമായ വിജയം കോണ്‍ഗ്രസ് നേടിയിരുന്നു. എം.ഐ ഷാനവാസിനെയും എം.എം ഹസനെയും മാറ്റിവെക്കുക, അത് കേരളത്തിലെ തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ ബോധമാണ്. കോണ്‍ഗ്രസിലെ മിക്ക മുസ്‌ലിം എം.പിമാരും 30 മുതല്‍ 40 വരെ ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ നിന്നും മാത്രം ജയിച്ചു കയറുന്നവരോ അല്ലെങ്കില്‍ രാജ്യമില്ലാത്ത രാജാക്കന്മാരോ ആണ്. ഗുലാം നബി ആസാദും മുഹ്‌സിനാ കിദ്വായിയും രാജ്യസഭയിലൂടെയാണ് പാര്‍ലമെന്റില്‍ എത്തുന്നത്. സൈഫുദ്ദീന്‍ സോസ് ജയിക്കുന്നത് കശ്മീരില്‍ നിന്നാണ്. റഹ്മാന്‍ ഖാനും ജാഫര്‍ ശരീഫുമൊക്കെ ജയിച്ചു കയറിയതും ബാംഗ്ലൂരിലെ ന്യൂനപക്ഷ അഡ്ഡകളില്‍ നിന്നായിരുന്നു. മറ്റു മതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് ഇന്ത്യയില്‍ കഴിയാറില്ല. 2009-ല്‍ ഫറൂഖാബാദില്‍ ഈ പരീക്ഷണം വിജയിച്ചെങ്കിലും 'മതേതര' വോട്ട് ഉറപ്പു വരുത്താനായി സല്‍മാന്‍ ഖുര്‍ശിദിന് മുട്ടോളം ഇഴയേണ്ടി വന്നിരുന്നു. തൊട്ടു മുമ്പത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഭാര്യ ലൂയിസിന്റെ വിജയത്തിനു വേണ്ടി ഒരു യാഗം സല്‍മാന്‍ സംഘടിപ്പിക്കുകയും അങ്ങനെയാണ് സവര്‍ണരുടെ പിന്തുണ ഉറപ്പാക്കിയെടുക്കുകയും ചെയ്തതെന്നുള്ള ഒരു കഥ ഫോട്ടോ സഹിതം അക്കാലത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോര്‍ക്കുക. അതേ സല്‍മാന്‍ ഖുര്‍ശിദ് ഇക്കുറി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ 1.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിക്ക് ഇക്കുറി കിട്ടിയത് 95,543 വോട്ടുകള്‍ മാത്രം! മോദി തരംഗം വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ 'മതേതര' വോട്ടുകള്‍ കുത്തിയൊലിച്ചു ബി.ജെ.പിയിലെത്തിയതിന്റെ ഊക്ക് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഇന്ന് സല്‍മാന് കിട്ടിയതിനേക്കാള്‍ വെറും 15,000 വോട്ട് മാത്രമായിരുന്നു ബി.ജെ.പിയുടെ നിഖിലേഷ് കുമാരിക്ക് 2009-ല്‍ അധികം കിട്ടിയത്. അതാണ് ഇത്തവണ വിജയിച്ച ബി.ജെ.പിയുടെ മുകേഷ് രാജ്പുത്തിന് ലഭിച്ച 4,06,195 വോട്ടിന്റെ ഭൂരിപക്ഷമായി മാറിയത്. ഫറൂഖാബാദിലെ 3 ലക്ഷത്തോളം 'മതേതര' വോട്ടുകളെ 'നമോ മന്ത്രം' ജപിച്ച് മറുപുറം ചാടിക്കാന്‍ അമിത് ഷാക്ക് കഴിഞ്ഞെന്ന് ചുരുക്കം.
ഇന്ത്യയിലുടനീളമുള്ള 87 മുസ്‌ലിം ശക്തി കേന്ദ്രങ്ങളില്‍ (25-ല്‍ അധികം ശതമാനം മുസ്‌ലിംകളുള്ള) 45 എണ്ണത്തിലും ജയിച്ചത് ബി.ജെ.പിയാണ്. അഞ്ചിലൊരാള്‍ വീതം മുസ്‌ലിംകളായ ഇന്ത്യയിലെ 102 മണ്ഡലങ്ങളില്‍ 47 എണ്ണത്തിലാണ് ബി.ജെ.പി ജയിച്ചത്. യു.പിയിലെ സഹാരണ്‍പൂര്‍, മുസഫര്‍ നഗര്‍, റാംപൂര്‍, ശ്രാവസ്തി, അംറോഹ, ബിജ്‌നൂര്‍, മൊറാദാബാദ്, ഫിലിബിത്ത് മുതലായ 40-ലേറെ ശതമാനം മുസ്‌ലിംകളുള്ള മണ്ഡലങ്ങളും മീറത്ത്, ബദായൂണ്‍, ബറേലി, അലീഗഢ്, ഖൈരാന, ഭാഗ്പത്, നഗീന മുതലായ 30 ശതമാനം വരെ മുസ്‌ലിം വോട്ടുബാങ്കുള്ള മണ്ഡലങ്ങളും ബി.ജെ.പി പിടിച്ചടക്കി. ഈ മണ്ഡലങ്ങളിലെ എസ്.പി-ബി.എസ്.പി വോട്ടുകള്‍ ഒന്നിച്ചെടുത്താല്‍ അത് ബി.ജെ.പിയുടേതിനേക്കാള്‍ കൂടുതലായിരുന്നു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പിടിച്ച വോട്ടുകള്‍ കൂടി ഒന്നിച്ചെടുത്താല്‍ മുസ്‌ലിംകള്‍ക്കു മുമ്പിലുള്ള മതേതര സാധ്യതകളുടെ ആധിക്യമാണ് മതേതരത്വം എന്ന ആശയത്തെ യു.പിയിലും ബിഹാറിലും പരാജയപ്പെടുത്തിയതെന്നു കാണാം. 4 ലക്ഷം മുസ്‌ലിം വോട്ടര്‍മാരുള്ള ലഖ്‌നൗവില്‍ ബി.ജെ.പി അധ്യക്ഷന്‍ രാജ് നാഥ് സിംഗാണ് ജയിച്ചത്. ആസാമില്‍ മുസ്‌ലിംകള്‍ നിര്‍ണായക വോട്ടുബാങ്കായ ഗുവാഹതി, മംഗല്‍ദോയി, കാലിയാബോര്‍ മണ്ഡലങ്ങളും ബി.ജെ.പിയാണ് ജയിച്ചത്. ആസാമില്‍ പക്ഷേ കോണ്‍ഗ്രസിന് ലഭിച്ച തിരിച്ചടി എ.യു.ഡി.എഫിന് നേട്ടമായെന്നും കാണാനാവും. മൂന്ന് സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ബാര്‍പേട്ടയില്‍ മുന്‍ എ.ജി.പി അധ്യക്ഷനും ഇത്തവണ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന ചന്ദ്രമോഹന്‍ പട്‌വാരിയെ എ.യു.ഡി.എഫ് തോല്‍പ്പിച്ചതാണ് ഈ അര്‍ഥത്തില്‍ ബി.ജെ.പിക്ക് ഇന്ത്യയിലുണ്ടായ ഏക പരാജയം. എ.യു.ഡി.എഫ് പരീക്ഷിക്കുന്ന രാഷ്ട്രീയ സമവാക്യം ദലിത് ന്യൂനപക്ഷ ഐക്യമായതു കൊണ്ടും കരീംഗഞ്ചില്‍ ദലിത് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് നിലപാടുതറ ഭദ്രമാക്കാന്‍ എ.യു.ഡി.എഫിനായതു കൊണ്ടും മാത്രമാണ് ഈ വിജയത്തിന് മറ്റൊരു നിറം വരാതിരുന്നത്. ബംഗാളില്‍ പക്ഷേ 19 മുസ്‌ലിം ഭൂരിപക്ഷ സീറ്റുകളില്‍ ഒന്നു പോലും ജയിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. തൃണമൂലും സി.പി.എമ്മും കോണ്‍ഗ്രസുമാണ് ഈ സീറ്റുകളില്‍ ജയിച്ചത്. കേരളത്തിലെയും ആന്ധ്രയിലെയും ഇത്തരം 10 സീറ്റുകളും ബി.ജെ.പിക്ക് അന്യമായി നിലകൊണ്ടു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കരുത്തുള്ള മതേതര കക്ഷികള്‍ക്ക് വോട്ടുചെയ്യണമെന്ന ആഹ്വാനം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനായി ഇത്തവണ കുറെക്കൂടി ആസൂത്രിതമായ നീക്കങ്ങള്‍ നടന്നിരുന്നു. ജയിക്കുന്ന സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പൊതുധാരണയിലെത്താന്‍ യു.പിയിലെയും ബിഹാറിലെയും മുസ്‌ലിം സംഘടനകള്‍ ശ്രമിച്ചു. അവസാന ദിവസം വരെ അവര്‍ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ദുഃസ്വാധീനം മറികടക്കാന്‍ ഇവര്‍ക്കായില്ല. മുസ്‌ലിം മണ്ഡലങ്ങളില്‍ മാത്രം മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന മതേതര സംഘടനകളുടെ പതിവ് മറുപക്ഷത്ത് ബി.ജെ.പി മാത്രമാണ് പലപ്പോഴും ഹിന്ദു സ്ഥാനാര്‍ഥിയുമായി രംഗത്തെത്തിയത്. 'ഉലമാക്കളുടെ' ആഹ്വാനം വമ്പിച്ച മാധ്യമ ശ്രദ്ധ നേടിയതോടെ ഫ്‌ളോട്ടിംഗ് വോട്ടുകള്‍ എന്ന് പൊതുവെ വിശേഷിപ്പിക്കാറുള്ള നിഷ്പക്ഷ വോട്ടുകളെ മോദിയും കൂട്ടരും എളുപ്പത്തില്‍ കൈയടക്കി. സാധാരണഗതിയില്‍ മതേതര സങ്കല്‍പ്പങ്ങളോടൊപ്പം നിലകൊള്ളാറുള്ള ഈ ജനവിഭാഗങ്ങളെ ഉത്തരേന്ത്യയിലെ മുസ്‌ലിം മതാധ്യക്ഷന്മാര്‍ ഒരിക്കല്‍ പോലും ആകര്‍ഷിച്ചിട്ടില്ലായിരുന്നു. കേരളത്തിലെ പോലെ പൊതുസമൂഹത്തിലെ വിഷയങ്ങളില്‍ ഇവര്‍ ആത്മാര്‍ഥമായി ഇടപെട്ട ചരിത്രം ഇന്നോളം ഉണ്ടായിട്ടില്ല. അത്തരം മൗലാനമാര്‍ തെരഞ്ഞെടുപ്പു കാലത്തു മാത്രം പുറപ്പെടുവിക്കുന്ന 'മതേതരത്വ വിളംബരം' വിപരീതഫലം ചെയ്യുന്ന അവസ്ഥയിലേക്കാണ് എത്തിപ്പെടുന്നത്. കുടിവെള്ളത്തെ കുറിച്ചും റോഡിനെ കുറിച്ചും അഴുക്കു ചാലിനെ കുറിച്ചും കറന്റ് കട്ടിനെ കുറിച്ചും വായ തുറക്കാത്തവര്‍ അമിത് ഷായെ കുറിച്ചും മോദിയെ കുറിച്ചും മുസഫര്‍ നഗര്‍ കലാപത്തെ കുറിച്ചും മാത്രമായി അട്ടഹസിച്ചാല്‍ എന്തു സംഭവിക്കുമോ ആ ദുരന്തം അരങ്ങേറി.
ബി.ജെ.പിയെ മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ നേതാക്കള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് കുറെക്കൂടി പ്രതിലോമപരം ആവുകയേ ഉള്ളൂ. നരേന്ദ്ര മോദിയുടെ 'കച്ചവട സ്വരാജ്' ഇന്ത്യയുടെ മണ്ണിലും വിണ്ണിലും തീര്‍ക്കുന്ന ദുരന്തങ്ങളെ കുറിച്ചും രാജ്യത്തെ വരിഞ്ഞു മുറുക്കുന്ന കോര്‍പറേറ്റ് മാഫിയക്കെതിരെയും മറ്റെല്ലാവരെയും പോലെ ആശങ്കപ്പെടാനാണ് സമുദായം ആദ്യം ശീലിക്കേണ്ടത്. രാമക്ഷേത്രം മുതല്‍ 370-ാം വകുപ്പ് വരെ സമുദായത്തിനു താല്‍പര്യമുള്ള നൂറിരട്ടി വിഷയങ്ങള്‍ ഇട്ടുകൊടുത്ത് കെണിയൊരുക്കുന്ന മോദിയെ മനസ്സിലാക്കുന്നതില്‍ ഇനിയും തെറ്റുപറ്റിക്കൂടാ. മോദി കടപ്പെട്ടിരിക്കുന്നത് ആര്‍.എസ്.എസിനേക്കാളേറെ, ഹിന്ദുത്വവാദികളേക്കാളേറെ കോര്‍പറേറ്റുകളോടാണ്. 'മോദി ഭരണം' എന്ന ബിസിനസില്‍ കോര്‍പറേറ്റ് നിക്ഷേപം 12,000 കോടിയെങ്കിലുമാണെന്ന് നിജപ്പെടുത്തിയവരുണ്ട്. ഇത്രയും പണം നിക്ഷേപിച്ചവര്‍ക്ക് മാര്‍ക്കറ്റ് നിരക്കില്‍ മോദി കൊടുക്കേണ്ട ലാഭം അതിന്റെ 15 ഇരട്ടിയെങ്കിലും വരില്ലേ? അത് ഇന്ത്യയുടെ പൊതുഖജനാവില്‍ നിന്ന് എങ്ങനെ നല്‍കും എന്ന ചോദ്യമാണ് നമ്മെ ഭയപ്പെടുത്തേണ്ടത്. അഴിമതിയുടെയും പൊതുമുതല്‍ കൊള്ളയടിക്കുന്നതിന്റെയും ആസുരകാലമാണ് വരാനിരിക്കുന്നതെന്നര്‍ഥം. പക്ഷേ മോദിയെ ചുമക്കാന്‍ വിധിക്കപ്പെട്ട ദേശീയ മാധ്യമങ്ങള്‍ അതേക്കുറിച്ച് ഇനിയൊരക്ഷരം പറഞ്ഞു കൊള്ളണമെന്നില്ല. അവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ ഷെയറുകള്‍ അദാനിയും അംബാനിയും വാങ്ങിക്കൂട്ടിയ കാലത്ത് 'തൊമ്മി'കളായ ഈ ഇന്ത്യന്‍ എഡിറ്റര്‍മാര്‍ എന്തു ചെയ്യാന്‍?
വംശഹത്യ മുതല്‍ ഇന്തോ-പാക് യുദ്ധം വരെ സൃഷ്ടിച്ച് മോദി വര്‍ഗീയ ഉന്മാദം സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നവര്‍ അദ്ദേഹത്തെ തെറ്റായി വായിക്കുകയാണ്. അധികാരമാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ദുര. അത് ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഏതു വഴിയും, വംശഹത്യയും യുദ്ധവുമടക്കം മോദിക്ക് സ്വീകാര്യവുമാണ്. ഇതിലപ്പുറം ഹിന്ദുത്വമോ കലാപവാസനയോ യുദ്ധക്കൊതിയോ ഒന്നുമാവില്ല ഇപ്പോഴത്തെ മോദിയെ നയിക്കുക. അതേസമയം പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മൃഗീയ ഭൂരിപക്ഷത്തെ ഭയപ്പെടുക തന്നെ വേണം. ബി.ജെ.പിയുടെ ഭരണകാലത്ത് ഇപ്പോഴത്തെ മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വാതന്ത്ര്യവും അതേമട്ടില്‍ നിലനിന്നു കൊള്ളണമെന്നില്ല. ഈ മാറ്റങ്ങളെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ചെറുത്തു നില്‍ക്കാനോ മറികടക്കാനോ രാഹുല്‍ ഗാന്ധി നയിക്കുന്ന 'മതേതര' കോണ്‍ഗ്രസിലൂടെ കഴിയുകയുമില്ല.
അധികാരത്തിന്റെ ചോരപ്പണം കോര്‍പറേറ്റുകള്‍ക്ക് തിരിച്ചടക്കാനുള്ള മോദിയുടെ ബാധ്യതയാണ് പിന്‍വാതിലിലൂടെ സ്വന്തം അജണ്ട നടപ്പാക്കാന്‍ ആര്‍.എസ്.എസിന് വഴിയൊരുക്കുക. മോദി എന്ന വ്യാജ വിഗ്രഹത്തെ മീഡിയ മുതല്‍ സാമൂഹിക സംഘടനകള്‍ വരെയുള്ള ഏതെങ്കിലുമൊരു കൂട്ടര്‍ തകര്‍ക്കാന്‍ ഒരുമ്പെട്ടാല്‍ പൊതുജന ശ്രദ്ധ തിരിക്കേണ്ട വിഷയങ്ങള്‍ മോദി അപ്പപ്പോള്‍ നല്‍കാതിരിക്കില്ല. അയോധ്യയും 370-ാം വകുപ്പും ഏകസിവില്‍ കോഡും പാകിസ്താന്‍ യുദ്ധവുമൊക്കെ അപ്പോള്‍ പൊന്തിവരിക തന്നെ ചെയ്യും. പക്ഷേ അതുയര്‍ത്തുന്ന ബഹളത്തിനിടയില്‍ രാജ്യത്തെ സംബന്ധിച്ചേടത്തോളം കൂടുതല്‍ മാരകമായ 'ഇടപാടുകള്‍' നടക്കുന്നുമുണ്ടാവും. ഇത്തരം സന്ദര്‍ഭങ്ങളോട് രാജിയാവാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
ഇന്ത്യാപാക് വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ലമെന്റിലെ ഏറ്റവും കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യമാണ് ഇത്തവണത്തേത്. വെറും 22 പേര്‍ മാത്രം. ഇവരില്‍ എട്ട് പേര്‍ ബംഗാളില്‍ നിന്നും നാലു പേര്‍ ബീഹാറില്‍ നിന്നും മൂന്ന് പേര്‍ വീതം കേരളത്തില്‍ നിന്നും കശ്മീരില്‍ നിന്നുമാണ്. ആറ് പേരാണ് ശേഷിച്ച മുഴുവന്‍ ഇന്ത്യയെയും ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ആശങ്കയുളവാക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിലാണ് ഈ വിലയിരുത്തലിന്റെ പ്രസക്തി ഏറുന്നത്. മുസ്‌ലിംകളുടെ വിഷയങ്ങളില്‍ സംസാരിക്കാനറിയുന്ന എത്ര പേര്‍ ഇതിലുണ്ട്? മുസ്‌ലിം സമുദായത്തിന്റെ വൈകാരിക വിഷയങ്ങളും രാഷ്ട്ര താല്‍പര്യങ്ങളും വേറിട്ടുകാണാന്‍ കഴിയുന്ന വിവേകമതികള്‍ ഇതില്‍ എത്ര പേരുണ്ട്?
Comments