Prabodhanm Weekly

Pages

Search

2014 മെയ്‌ 30

പതിനാറാം ലോക്‌സഭ

         മനുഷ്യന്‍ ആവിഷ്‌കരിച്ച സാമൂഹിക സംവിധാനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടതാണ് ജനാധിപത്യം. ജനം അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമനുസരിച്ച് സ്വയം ഭരിക്കുക. പ്രയോഗതലത്തില്‍ ഇത് അസാധ്യമാണ്. ആവശ്യങ്ങളും അഭിപ്രായങ്ങളും പ്രതിജനഭിന്നമാണല്ലോ. ഭൂരിപക്ഷഹിതത്തിന് എല്ലാവരും വഴങ്ങുകയേ വഴിയുള്ളൂ. അപ്പോള്‍ 49-ന്റെ മേല്‍ 51-ന്റെ ആധിപത്യമാണ് ജനാധിപത്യം. ഒരുപക്ഷത്ത് രണ്ടാള്‍ കൂടുതലുള്ളത് ആ പക്ഷത്തിന്റെ നിലപാടുകളെ സത്യപ്പെടുത്തുകയോ നീതീകരിക്കുകയോ ചെയ്യുകയില്ല. സോക്രട്ടീസിനെ വിഷം കൊടുത്ത് കൊല്ലണമെന്നത് ജനങ്ങളുടെ തീരുമാനമായിരുന്നു. കൊള്ളക്കാരന്‍ ബാറബാസിനെ വിട്ടയച്ച് ഈസാ മസീഹിനെ കൊല്ലണമെന്നാവശ്യപ്പെട്ടതും ജനം തന്നെ. ജനാധിപത്യം അതിന്റെ അന്തകശക്തിയെ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ജനഹിതം മാനിക്കാത്ത സ്വേഛാധിപതികളെ വാഴിക്കാനും ജനങ്ങള്‍ക്കു കഴിയും. അറിഞ്ഞും അറിയാതെയും പലപ്പോഴും അത് സംഭവിക്കുന്നുണ്ട്. ചിലപ്പോള്‍ സ്ഥാനാര്‍ഥികളുടെയും കക്ഷികളുടെയും പ്രചാരണ മിടുക്കില്‍ ജനങ്ങള്‍ വഞ്ചിതരാകുന്നു. ഭൂരിപക്ഷ ഹിതമറിയാനുള്ള സംവിധാനമാണ് വോട്ടെടുപ്പുകള്‍. മിക്ക രാജ്യങ്ങളിലും 50 മുതല്‍ 80 വരെ ശതമാനം വോട്ടുകളേ പോള്‍ ചെയ്യപ്പെടാറുള്ളൂ. ബഹുകക്ഷി മത്സരങ്ങളില്‍ പോള്‍ ചെയ്യപ്പെടുന്ന വോട്ടുകളില്‍ പോലും ഭൂരിപക്ഷം ഒരു കക്ഷിക്കും ലഭിക്കാറില്ല. കൂട്ടത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി കരുതുന്നു. ജനാധിപത്യത്തിന്റെ നന്മകളെ ആദരിക്കുമ്പോള്‍ തന്നെ പ്രയോഗതലത്തില്‍ അതു മുഴുവന്‍ ജനതയുടെയോ ഭൂരിപക്ഷ ജനതയുടെയോ ഹിതത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടതുണ്ട്. 

         16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ച ബി.ജെ.പി സഖ്യം ലോക്‌സഭയില്‍ 332 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയത് രാജ്യത്തെ മതേതര ശക്തികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും വല്ലാതെ അസ്വസ്ഥരാക്കിയിരിക്കുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുമ്പും കേന്ദ്രം ഭരിച്ചിട്ടുണ്ട്. അന്നു പക്ഷേ സഖ്യകക്ഷികളുടെ സമ്മതമില്ലാതെ സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു. ഇപ്പോള്‍ ഒറ്റക്ക് ഇന്ത്യ ഭരിക്കാനുള്ള അംഗബലം പാര്‍ലമെന്റില്‍ അവര്‍ക്കുണ്ട്. ന്യൂനപക്ഷ വിരോധവും ഹിന്ദുത്വ ഗര്‍വുമാണ് ബി.ജെ.പിയുടെ അടിത്തറ. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വന്‍വിജയം ഇന്ത്യന്‍ മതേതരത്വം അസ്തമിക്കുന്നതിന്റെ സൂചനയാണോ എന്ന ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. പ്രകടനപത്രികയില്‍ പറഞ്ഞ ഏകസിവില്‍കോഡ്, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ചില നേതാക്കള്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ഉയര്‍ത്തിയ ഭീഷണികളും താക്കീതുകളുമെല്ലാം മുസ്‌ലിം സമുദായത്തെ സവിശേഷം ഉത്കണ്ഠാകുലരാക്കിയിരിക്കുന്നു. അഴിമതി നിര്‍മാര്‍ജനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ജനക്ഷേമം, രാജ്യരക്ഷ, സാമ്പത്തിക വികസനം തുടങ്ങി സൃഷ്ടിപരമായ ഒട്ടേറെ വാഗ്ദാനങ്ങളും ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്. പുതിയ സര്‍ക്കാര്‍ സംഘര്‍ഷാത്മകമായ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് സൃഷ്ടിപരമായ പരിപാടികള്‍ ഏറ്റെടുക്കുകയാണെങ്കില്‍ അത് നാടിനും നാട്ടുകാര്‍ക്കും ഏറെ ഗുണകരമായിരിക്കും. ആഭ്യന്തര സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യാം.

         അഴിമതി നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി ഗവണ്‍മെന്റുകളുടെ ഇതുവരെയുള്ള റിക്കാര്‍ഡ് ഒട്ടും തൃപ്തികരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ബി.ജെ.പി തന്നെ ഒരിക്കല്‍ അഴിമതിയുടെ പേരില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ യദിയൂരപ്പയെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ പുതിയ ഗവണ്‍മെന്റ് നടത്താന്‍ പോകുന്ന അഴിമതി നിര്‍മാര്‍ജനം കൗതുകകരം തന്നെയായിരിക്കും. മോദിയുടെ വികസനം കോര്‍പ്പറേറ്റ് മുതലാളിമാരുടെ വികസനമാണെന്ന് ഗുജറാത്ത് മാതൃകയില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുതുടങ്ങിയപ്പോള്‍ തന്നെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. നിഫ്റ്റി 7000  പോയിന്റും ബോംബെ സെന്‍സക്‌സ് 3550 പോയിന്റും കടന്നു. ഈ മുന്നേറ്റം വിദര്‍ഭയിലും തെലുങ്കാനയിലും പഞ്ചാബിലും ആത്മഹത്യക്ക് നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്കോ നഗരങ്ങളിലെ ചേരിനിവാസികള്‍ക്കോ ഗ്രാമങ്ങളിലെ ദരിദ്ര നാരായണന്മാര്‍ക്കോ ഒരു ഗുണവും ചെയ്യാന്‍ പോകുന്നില്ല. പുതിയ സര്‍ക്കാര്‍ ഈ യാഥാര്‍ഥ്യം സഗൗരവം പരിഗണിച്ചേ പറ്റൂ. ഇല്ലെങ്കില്‍ സാമ്പത്തിക വികസനം രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു പിടി കുത്തക മുതലാളിമാരില്‍ പരിമിതമാവുകയും താഴെയുള്ളവര്‍ കൂടുതല്‍ താഴോട്ട് പോവുകയും ചെയ്യും.

         പുതിയ പാര്‍ലമെന്റില്‍ പാവപ്പെട്ടവരുടെ പ്രാതിനിധ്യം തുലോം പരിമിതമാണ്. ബി.ജെ.പി എം.പിമാരില്‍ 237 പേര്‍ (84 ശതമാനം) കോടിശ്വരന്മാരാണ്. പട്ടിണിപ്പരിഷകളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവരുടെ മുഖ്യ പരിഗണനാവിഷയമാകാനിടയില്ല. തങ്ങളെ വിജയിപ്പിച്ച കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണവര്‍. ഇതിനെക്കാള്‍ കഷ്ടമാണ് ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ അവസ്ഥ. ചരിത്രത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ഏറ്റം കുറഞ്ഞ പാര്‍ലമെന്റാണ് നിലവില്‍ വന്നിരിക്കുന്നത്. ജനസംഖ്യയില്‍ 12 ശതമാനത്തോളം വരുന്ന സമുദായത്തിന് 22 മെമ്പര്‍മാര്‍ (4.2 ശതമാനം) മാത്രം. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ 85 മണ്ഡലങ്ങളില്‍ 45-ഉം ബി.ജെ.പിയാണ് നേടിയത്. മുസ്‌ലിം വോട്ടുകള്‍ ഗണ്യമായ തോതില്‍ ബി.ജെ.പിക്ക് ലഭിച്ചതായി കണക്കുകള്‍ പറയുന്നു. ദേശീയതലത്തില്‍ സമുദായത്തിന് ഏകീകൃത നേതൃത്വവും ഐകമത്യവുമില്ലാത്തതാണ് ഈ ദുരവസ്ഥയുടെ കാരണങ്ങളില്‍ ഒന്ന്. മതേതരമെന്നവകാശപ്പെടുന്ന കക്ഷികള്‍ക്ക് ഹിന്ദുത്വ ഭീഷണി ചൂണ്ടിക്കാട്ടി മുസ്‌ലിം വോട്ടുകള്‍ സ്വന്തം കീശയിലാക്കുന്നതിലല്ലാതെ മതേതരത്വം സംരക്ഷിക്കുന്നതില്‍ താല്‍പര്യമുണ്ടായില്ല എന്നതാണ് മറ്റൊരു കാരണം. വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ ദേശീയ-പ്രാദേശിക കക്ഷികളുടേതുള്‍പ്പെടെ 40-ല്‍ പരം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് അതാണ് തെളിയിക്കുന്നത്. സമുദായത്തിന്റെ വോട്ടുകള്‍ മതേതര കക്ഷികള്‍ക്കനുകൂലമായി ഏകീകരിക്കാന്‍ അവസാന നിമിഷത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ ശ്രമിച്ചുനോക്കിയെങ്കിലും അത് കാര്യമായ ഫലം ചെയ്തതായി കാണുന്നില്ല. 

         ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇതൊരു പരീക്ഷണമാണ്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും മുസ്‌ലിം സമൂഹം കടുത്ത പരീക്ഷണങ്ങള്‍ നേരിടാറുണ്ട്. ചില രാജ്യങ്ങളില്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നു. നിരാശപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യേണ്ടതില്ല. ഇന്നലെയുടെ തെറ്റുകള്‍ തിരുത്തി കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ യുക്തിപൂര്‍വം നാളെയെ സ്വീകരിക്കാന്‍ തയാറാവുകയാണ് വേണ്ടത്. ഏതു രാത്രിക്കു ശേഷവും പ്രഭാതമുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍