Prabodhanm Weekly

Pages

Search

2014 മെയ്‌ 30

നഈം സ്വിദ്ദീഖി: സര്‍ഗസിദ്ധിയും ധിഷണയും മേളിക്കുന്നു

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ /വ്യക്തിചിത്രം

         ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ ഘട്ടത്തില്‍ തന്നെ പ്രസ്ഥാനവുമായി ബന്ധം സ്ഥാപിച്ച് മരണം വരെ ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വേണ്ടി നിരവധി സംഭാവനകളര്‍പ്പിച്ച വ്യക്തിത്വമാണ് നഈം സ്വിദ്ദീഖി. മികവുറ്റ ശൈലിയില്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. സാഹിത്യകാരന്‍, കവി, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥരചയിതാവ് ഈ എല്ലാ വിശേഷണങ്ങളും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പൂര്‍ണനാമം ഫദ്‌ലുര്‍റഹ്മാന്‍ നഈം സ്വിദ്ദീഖി. 1916 ജൂണ്‍ 4-ന് പാകിസ്താനിലെ ഝലം ജില്ലയിലെ ഖാന്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ചു. പിതാവ് ഖാദി സിറാജുദ്ദീനില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. പ്രദേശത്തെ കലാലയത്തില്‍നിന്ന് മുന്‍ഷി ബിരുദവും പേര്‍ഷ്യന്‍ ഭാഷയില്‍ ഫദീലത് സനദും കരസ്ഥമാക്കി. അല്‍പകാലം അധ്യാപക വൃത്തിയിലേര്‍പ്പെട്ടു.  ലാഹോറിലെ സാഹിത്യവൃത്തങ്ങളിലും പത്രപ്രവര്‍ത്തന മേഖലയിലും സജീവമായി. അന്നത്തെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ മാലിക് നസ്വ്‌റുല്ല ഖാനില്‍നിന്നാണ് പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം ആര്‍ജിച്ചത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മുസല്‍മാന്‍ പത്രത്തില്‍ ജോലിയും നേടി. അക്കാലത്ത് സയ്യിദ് മൗദൂദിയുടെ ലേഖനങ്ങളില്‍ ആകൃഷ്ടനായി ലാഹോര്‍ വിട്ട് പത്താന്‍കോട്ടിലെത്തി മൗദൂദിയോടൊപ്പം പ്രവര്‍ത്തനമാരംഭിച്ചു. ഇരുവരും പരസ്പരം അവരവരുടെ യോഗ്യതകളെയും കഴിവുകളെയും അറിഞ്ഞംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. 1942 മുതല്‍ തര്‍ജുമാനുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച സ്വിദ്ദീഖി 1948-1950 കാലത്ത് സയ്യിദ് മൗദൂദി ജയിലിലായതിനാല്‍, പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ പത്രാധിപസ്ഥാനം വഹിച്ചു. കൂടാതെ ചിറാഗെ റാഹിന്റെയും അമരക്കാരനായി. 1950-ല്‍ ശിഹാബ് വാരികക്ക് തുടക്കമിട്ടു. 1962-ല്‍ സയ്യാറ സാഹിത്യമാസിക ആരംഭിച്ചു. 1977 ഡിസംബറില്‍ തര്‍ജുമാനുല്‍ ഖുര്‍ആന്റെ മാനേജര്‍ അബ്ദുല്‍ ഹമീദ് സ്വിദ്ദീഖി മരണപ്പെട്ടതോടെ 15 വര്‍ഷം പ്രസ്തുത ചുമതല വഹിച്ചതും നഈം സ്വിദ്ദീഖി തന്നെയാണ്.

         ഇസ്‌ലാമിക പ്രസ്ഥാനമെന്ന വികാരം സിരകളില്‍ അലിഞ്ഞുചേര്‍ന്ന സ്വിദ്ദീഖി സത്യസന്ധതയുടെ നിറകുടമായിരുന്നു. അദ്ദേഹം ജീവിച്ചതും മരിച്ചതും പ്രസ്ഥാനത്തിനു വേണ്ടിമാത്രം. ജീവിതത്തിലെ സാമ്പത്തിക പ്രാരാബ്ധങ്ങളും പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ഭാഷയിലും രചനയിലും പ്രതിഫലിച്ചിട്ടുണ്ട്. ഒരു സത്യസന്ധനായ കലാകാരന്‍ വാക്കിലും പ്രവൃത്തിയിലും എങ്ങനെ ആവണമെന്നും അയാള്‍ക്ക് എന്ത് പ്രവര്‍ത്തിച്ച് കാണിക്കാന്‍ സാധിക്കുമെന്നും സ്വിദ്ദീഖി തെളിയിച്ചു. ഗദ്യസാഹിത്യത്തിനും പദ്യസാഹിത്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ തലമുറകളിലൂടെ ഓര്‍മിക്കപ്പെടും.

         ഇസ്‌ലാമിക ചിന്തയുടെ ഉയര്‍ച്ചക്കും പ്രചാരണത്തിനും വേണ്ടി സാഹിത്യത്തെ ഇങ്ങനെ ഉപയോഗപ്പെടുത്തിയവര്‍ വളരെ അപൂര്‍വമാണ്. കവിത, കഥ, പത്രപ്രവര്‍ത്തനം, നിരൂപണം, ഗവേഷണം-ഉര്‍ദു ഭാഷയില്‍ ഈ രംഗങ്ങളിലെല്ലാം അദ്ദേഹം വെന്നിക്കൊടി പാറിച്ചു. കവിതയില്‍ പുതിയതും പഴയതുമായ ശൈലികള്‍ അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. അദ്ദേഹത്തിന്റെ ശഅ്‌ല ഖയാല്‍, ബാറൂദ് ഔര്‍ ഈമാന്‍, ഖൂന്‍ ആ ഫിങ്ക്, പിര്‍ ഏക് കാര്‍വാന്‍ ലടാ, നഗ്മയെ ഇഹസാസ്, മജ്മൂഅ നഅ്ത്ത്, നൂര്‍കി നദിയാം എന്നീ അരഡസന്‍ കാവ്യസമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചില ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് രചിച്ചവയാണ് ഇതിലെ ഓരോ കവിതയും.

         സ്വിദ്ദീഖിയുടെ ഗ്രന്ഥരചനയിലും ഇതേ രീതി കാണാം. ഇസ്‌ലാമിക പ്രസ്ഥാനത്തിന് വമ്പിച്ച മുതല്‍ക്കൂട്ടാണ് സ്വിദ്ദീഖിയുടെ ഗ്രന്ഥങ്ങള്‍. മുഹ്‌സിനെ ഇന്‍സാനിയ്യത്, ഔറത് മഅ്‌റളെ കശ്മകശ് മേം, തഹ്‌രീകി ശുഊര്‍, മഅ്‌രിക ദീന്‍ വ സിയാസത്, ഇഖ്ബാല്‍ ക ശഅലാനവാ, മഅ്‌റൂഫ് വ മുന്‍കര്‍, ദിഹ്‌നി സില്‍സിലെ, ഹഖ്ഖ് വ ബാത്വില്‍, ബുന്‍യാദ് പറസ്തി, തഹ്‌രീകെ ഇസ്‌ലാമി കാ ഇബ്തിദാഇ ദൗര്‍, സയ്യിദെ ഇന്‍സാനിയ്യത്ത് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗദ്യ രചനകളാണ്. മൗദൂദി ഗ്രന്ഥങ്ങളില്‍നിന്ന് പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ശേഖരിച്ച് സീറതെ സര്‍വറെ ആലം എന്ന കൃതി രണ്ട് വാള്യമായി പ്രസിദ്ധീകരിച്ചതും നഈം സ്വിദ്ദീഖിയാണ്. മൗദൂദിയുടെ യഹൂദിയത്ത് വ നസ്വ്‌റാനിയ്യത്ത് എന്ന ഗ്രന്ഥക്രോഡീകരണത്തിന്റെയും മുഖ്യശില്‍പി സ്വിദ്ദീഖി തന്നെ.

         നിരവധി വര്‍ഷങ്ങളെടുത്ത്, ഏറെ പ്രതികൂലാവസ്ഥകള്‍ മറികടന്ന് പ്രവാചക ബൃഹത് ചരിത്രം മുഹ്‌സിനെ ഇന്‍സാനിയ്യത്ത് എന്ന പേരില്‍ തയാറാക്കിയതാണ് ഗദ്യസാഹിത്യത്തിലെ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. വര്‍ണ ശബളിമ, താളനിബദ്ധം, പ്രകാശമാനം, സാരള്യം, ഹൃദയാവര്‍ജകം എന്നീ വിശേഷണങ്ങളാണ് പ്രസ്തുത ഗ്രന്ഥത്തിന് മാഹിറുല്‍ ഖാദിരി നല്‍കുന്നത്. പക്വതയാര്‍ന്ന തൂലിക, തെളിഞ്ഞ ചിന്ത, മതപ്രതിബദ്ധത, യുക്തിഭദ്രമായ അവതരണം എന്നിവ ആ കൃതിയെ വേറിട്ട വായനാനുഭവമാക്കുന്നു. അതിലെ ഓരോ വരിയിലും പ്രവാചകസ്‌നേഹത്തിന്റെ സൗരഭ്യം തുളുമ്പുകയും ഓരോ പേജിലും ആദര്‍ശത്തിന്റെ ജ്വാല വെട്ടിത്തിളങ്ങുകയും ചെയ്യുന്നു. ചരിത്രപരമായ ഉള്‍ക്കാഴ്ച, മതാഭിനിവേശം, സാഹിതീയത എന്നിവയും ഇതള്‍ വിരിയുന്നുണ്ട്. അടുത്ത കാലത്ത് ഇതിന്റെ മലയാള പരിഭാഷ പ്രസിദ്ധീകൃതമായിട്ടുണ്ട്. ജമാഅത്ത് രൂപീകരണത്തിന്റെ പ്രഥമ സംരംഭമെന്നോണം സയ്യിദ് മൗദൂദി ആരംഭിച്ച പത്താന്‍കോട്ട് ദാറുല്‍ ഇസ്‌ലാമിനെപറ്റി ഹൃദയസ്പൃക്കായ ഒരു ലേഖനം നഈം സ്വിദ്ദീഖി എഴുതിയിട്ടുണ്ട്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമി 50-ാം വാര്‍ഷിക പതിപ്പില്‍ ഈ ലേഖനത്തിന്റെ വിവര്‍ത്തനം ചേര്‍ത്തിട്ടുണ്ട്. പ്രായംകൊണ്ട് ചെറുപ്പക്കാരനെങ്കിലും വിജ്ഞാനം കൊണ്ട് കാരണവര്‍ എന്നാണ് അന്നവിടെ ഉണ്ടായിരുന്ന മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിക്ക് ഈ ലേഖനത്തിലുള്ള വിശേഷണം. മിയാന്‍ ത്വുഫൈല്‍ മുഹമ്മദ് വീട്ടടുപ്പില്‍ കത്തിക്കുവാന്‍ വേണ്ടി മരമില്ലില്‍ പോയി ഈര്‍ച്ചപ്പൊടി തലചുമടായി കൊണ്ടുവരുന്ന രംഗം നര്‍മത്തില്‍ പൊതിഞ്ഞ് ആ ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 2002 സെപ്റ്റംബര്‍ 25-നാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍