യു.ഡി.എഫ് മെച്ചമായതുകൊണ്ടല്ല എല്‍.ഡി.എഫിന് അത് പറയാനാവാത്തത് കൊണ്ടാണ്
പ്രതീക്ഷിച്ചതുപോലെ തന്നെ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍കൈ ഉണ്ടായ തെരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിലുണ്ടായത്. 79 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ജനങ്ങള്‍ അത്രമാത്രം സുഖസുഭിക്ഷരായതു കൊണ്ടുണ്ടായ ജനവിധിയാണിതെന്ന് ഉമ്മന്‍ ചാണ്ടി പോലും വിശ്വസിക്കുന്നുണ്ടാവില്ല. രാജ്യവ്യാപകമായി കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിച്ചിട്ടും കേരളത്തില്‍ എന്തുകൊണ്ട് എല്‍.ഡി.എഫിന് അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല? സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവരില്‍ പലരും മത്സര രംഗത്തുണ്ടായിട്ടും അതൊന്നും ഇടതുമുന്നണിക്ക് ഉപകാരപ്പെട്ടില്ല. ആധാര്‍ കൊണ്ട് വലഞ്ഞിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് പ്രയാസം സൃഷ്ടിച്ചിട്ടും ജനം കോണ്‍ഗ്രസിനെ തന്നെ തുണച്ചതെന്തുകൊണ്ട്?
ബഹുജനാഭിപ്രായ രൂപീകരണത്തില്‍ രാഷ്ട്രീയ പ്രചാരണം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഈ പ്രചാരണം പാര്‍ട്ടികള്‍ നടത്തുന്നത് മാത്രമായിക്കൊള്ളണമെന്നില്ല. മാധ്യമങ്ങള്‍ നടത്തുന്നതും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും എല്ലാം ഈ പ്രചാരണത്തിന്റെ ഭാഗമാണ്. സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ആദ്യം തോറ്റത് ഈ പ്രചാരണയുദ്ധത്തിലാണ്. യു.ഡി.എഫ്, യു.പി.എ സര്‍ക്കാറുകള്‍ക്കെതിരെ നിരവധി വിഷയങ്ങള്‍ സമരത്തിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാന്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. പ്രതിപക്ഷം പലപ്പോഴും ഒരു ഭരണ കക്ഷിയെപ്പോലെ കൈയും കെട്ടിനിന്നു മറുപടി പറയേണ്ട അവസ്ഥയാണ് കേരളം കണ്ടത്. ഭരണത്തിനെതിരായ ഒരു സമരവും മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാത്ത നിസ്സഹായത ഒരു ബാധപോലെ സി.പി.എമ്മിനെ പിടികൂടുകയായിരുന്നു. അറബ് വസന്തത്തിന്റെ കേരളീയ ആവര്‍ത്തനം എന്ന് സമരം തുടങ്ങും മുമ്പ് തോമസ് ഐസക് വിശേഷിപ്പിച്ച, ഭരണകൂടത്തെ താഴെയിറക്കാന്‍ വരെ ശേഷിയുണ്ടായിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉമ്മന്‍ചാണ്ടി ഏത് മാരണം ചെയ്തിട്ടാണ് പൊളിച്ചു കൈയില്‍ കൊടുത്തത് എന്ന് എല്ലാവര്‍ക്കുമറിയാം. ടി.പി വധക്കേസില്‍ ഉന്നതര്‍ പ്രതികളായില്ല എന്നതും ലാവ്‌ലിന്‍ കേസ് ആവിയായി പോയി എന്നതുമൊക്കെ ഈ കളിയില്‍ സി.പി.എമ്മിന് ലഭിച്ച ലാഭങ്ങളാണ്. ഇതെല്ലാം ഭരണത്തിനെതിരായ തങ്ങളുടെ പ്രചാരണായുധങ്ങള്‍ വിറ്റു കിട്ടിയ ലാഭങ്ങളാണെന്നു മാത്രം. ടി.പി വധം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ബാധിച്ചില്ല എന്ന പ്രചാരണം നടത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ ഇവര്‍ അപഹസിക്കാന്‍ ശ്രമിക്കുന്നത് വടകരയിലെയും കേരളത്തിലെയും ജനങ്ങളുടെ ധാര്‍മ്മിക മനസ്സാക്ഷിയെയാണ്. ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍കൈയുള്ള വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എങ്ങനെ ഇത്ര വോട്ടുകള്‍ പിടിച്ചു എന്ന ചോദ്യത്തിന് സംഘടനാ അച്ചടക്ക ലംഘനം എന്നത് പാര്‍ട്ടിക്കകത്ത് ഒരു ഇമ്മിണി ബല്യ മറുപടിയാണെങ്കിലും, അതിന്റെ പേരില്‍ നാളെ പാര്‍ട്ടിയില്‍ പല തലകളും ഉരുളാമെങ്കിലും അത് പൊതുജനത്തിന്റെ മുമ്പില്‍ ഒരു മറുപടിയേ അല്ലെന്ന് സഖാക്കള്‍ മനസ്സിലാക്കണം.
മറുഭാഗത്ത് ടി.പി വധത്തെ മാധ്യമങ്ങളുടെ സഹായത്തോടെ യു.ഡി.എഫ് സി.പി.എമ്മിനെതിരെ ഒരു മികച്ച പ്രചാരണ സാമഗ്രിയായി ഉപയോഗിച്ചു. പി. മോഹനന്‍ മാസ്റ്റര്‍ വരെയുള്ളവര്‍ക്കെതിരായ കേസ് ഗവണ്‍മെന്റ് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോവുകയും കേസിന്റെ ബാക്കി ഭാഗം സി.പി.എമ്മിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് 'വിജയം വരെ സമരം' എന്ന പതിവു രീതിയില്‍ നിന്ന് വിജയന്‍ പറയുന്നതുവരെ സമരം എന്ന പുതിയ രീതിയിലേക്ക് സി.പി.എം സമരങ്ങള്‍ മാറിയത്. യു.ഡി.എഫിനെതിരെ പ്രചാരണത്തിന് നിരവധി കാര്യങ്ങള്‍ നിലനില്‍ക്കെ തന്നെ സി.പി.എം ഒരു ചീത്ത പാര്‍ട്ടിയാണെന്ന് സ്ഥാപിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞു എന്നതാണ് അവരുടെ വിജയത്തിന്റെ കാരണം. കുലംകുത്തി, പരനാറി തുടങ്ങിയ പിണറായി വിജയന്റെ ഭാഷാക്രമണങ്ങള്‍ യു.ഡി.എഫിന്റെ ഈ അനുകൂലാവസ്ഥക്ക് മാറ്റ് കൂട്ടുകയും ചെയ്തു. ആയുധം നഷ്ടപ്പെട്ടവന്റെ ആയുധമാണ് തെറി. പിണറായി വിജയന് സംതൃപ്തിക്ക് വകയുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റാലെന്താ, നാലു തെറിപറഞ്ഞില്ലേ! തെറിയില്‍ ജയിക്കാം. പക്ഷേ, തെറികൊണ്ട് ജയിക്കാനാവില്ല എന്ന് പിണറായി വിജയന്‍ ഇനിയെങ്കിലും പഠിക്കേണ്ടതാണ്. ഫ്യൂഡല്‍ കമ്യൂണിസത്തില്‍ നിന്ന് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആരെങ്കിലും രംഗത്ത് വന്നില്ലെങ്കില്‍ അതിന്റെ നഷ്ടം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമായിരിക്കില്ല. കേരളത്തിലെ സി.പി.എം പോപ്പുലേഷന് ബി.ജെ.പിയായി പരിവര്‍ത്തനം ചെയ്യാന്‍ വളരെ എളുപ്പം സാധിക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവും അതിന് മുമ്പ് നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇത് വ്യക്തമാക്കുന്നുണ്ട്.
സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ അളവ് കുറച്ച് ഏറ്റുപിടിച്ച് ഇതിനെ മറികടക്കാം എന്നാണ് പാര്‍ട്ടി കരുതുന്നത്. ലോകസാഹചര്യത്തെ കുറിച്ചും സാമ്രാജ്യത്വം സൃഷ്ടിക്കുന്ന 'ഇസ്‌ലാംഭീതി'യെക്കുറിച്ചും ശരിയായ വിദ്യാഭ്യാസം അണികള്‍ക്കും ബഹുജനങ്ങള്‍ക്കും നല്‍കുന്നതിനു പകരം സാമ്രാജ്യത്വ സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ പാര്‍ട്ടി ഏറ്റുപിടിച്ചാല്‍ ഒടുവിലത്തെ ചിരി സാമ്രാജ്യത്വത്തിന്റെയും സംഘ്പരിവാറിന്റെയും ചുണ്ടിലായിരിക്കുമെന്ന് പാര്‍ട്ടി തിരിച്ചറിയുന്നത് നല്ലതാണ്. മുസ്‌ലിംകളുടെ കാര്യത്തിലെ സാമ്രാജ്യത്വ സംഘ്പരിവാര്‍ പ്രചാരണങ്ങളാണ് ശരിയെങ്കില്‍ അതിനെ നേരിടാന്‍ സി.പിഎമ്മിനേക്കാള്‍ നല്ലത് ബി.ജെ.പിയാണെന്ന് ജനങ്ങള്‍ ചിന്തിക്കുക സ്വാഭാവികമാണ്. കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വമാണ് കോണ്‍ഗ്രസ്സിനെ തകര്‍ത്ത് കേന്ദ്രത്തില്‍ ബി.ജെ.പിയെ വാഴിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ കേന്ദ്രത്തിലെ മൃഗീയ ഭൂരിപക്ഷ ഭരണത്തിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ വളരാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ഇടതുപക്ഷം കൂലങ്കഷമായി ആലോചിക്കേണ്ടിവരും.
ഇസ്‌ലാമിക പ്രസ്ഥാനത്തെ തെറിവിളിച്ചതുകൊണ്ടൊന്നും പാര്‍ട്ടിക്ക് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. മതത്തെ രാഷ്ട്രീയവുമായി ഇടകലര്‍ത്തുന്നു എന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് പാര്‍ട്ടി ഉന്നയിക്കാറുള്ള സ്ഥിരം വിമര്‍ശനം. മുമ്പ് നികൃഷ്ട ജീവി എന്നു വിളിച്ചാക്ഷേപിച്ച സഭാ പിതാവിനെ വരെ പരസ്യമായി ചെന്നുകണ്ട് അവരുടെ അങ്ങേയറ്റം പ്രതിലോമകരമായ രാഷ്ട്രീയ ഇടപെടലിനെ കൂട്ടുപിടിച്ചത് ചില നേട്ടങ്ങള്‍ ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ നല്‍കിയിട്ടുണ്ട്. കുടിയേറ്റ പ്രദേശങ്ങള്‍ പൊതുവെ ചുവന്ന തെരഞ്ഞെടുപ്പാണിത്. അപ്പോള്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലല്ല പാര്‍ട്ടിക്ക് പ്രശ്‌നമുള്ളത്. മറിച്ച്, മതം തങ്ങളുടെ മാഫിയാ താല്‍പര്യത്തിനെതിരെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലാണ്. അതുകൊണ്ടാണ് പാര്‍ട്ടിക്ക് ഗാഡ്ഗില്‍ കാലത്ത് സഭ മിത്രവും ഇസ്‌ലാമിക പ്രസ്ഥാനം ശത്രുവുമാവുന്നത്.
മുസ്‌ലിം ലീഗിന്റെ വോട്ടുബാങ്കില്‍ അല്‍പ്പാല്‍പ്പമായാണെങ്കിലും വിള്ളല്‍ വീണുകൊണ്ടിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു ഫലം. മലപ്പുറം മണ്ഡലത്തില്‍ ഭൂരിപക്ഷം കൂടി എന്നു പറയുന്നത് ഒരു സാങ്കേതിക പ്രസ്താവന മാത്രമാണ്. ഇ. അഹ്മദിനെതിരെ ഇടതുപക്ഷത്തിന് കിട്ടാവുന്നതില്‍ ഏറ്റവും ദുര്‍ബല സ്ഥാനാര്‍ഥിയെ ഗവേഷണം ചെയ്ത് കണ്ടെത്തിയതിന്റെ ഫലം മാത്രമാണ് ഈ വമ്പിച്ച ഭൂരിപക്ഷം. മണ്ഡലത്തില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ദ്ധിച്ചിട്ടും പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ പുതുതായി ലീഗിന് ലഭിച്ചുള്ളൂ. സാമാന്യം കരുത്തനായ സ്ഥാനാര്‍ഥിയെ ഇടതുപക്ഷം നിര്‍ത്തിയ പൊന്നാനിയില്‍ ലീഗ് നന്നായി വെള്ളം കുടിക്കുകയും ചെയ്തു. ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തെ അതിനേക്കാള്‍ സാന്ദ്രതയിലും ശക്തിയിലും അവതരിപ്പിച്ചുകൊണ്ട് എസ്.ഡി.പി.ഐ നേടിയ വോട്ടുകള്‍ ശ്രദ്ധേയമാണ്. ലീഗില്‍ ഒരു വിഭാഗത്തിന്റെ തന്നെ പരോക്ഷ പിന്തുണയോടുകൂടിയാണ് ഈ ലീഗ് വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുന്നത്. മലപ്പുറം മണ്ഡലത്തില്‍ ലീഗില്‍ പ്രബല വിഭാഗം നടത്തിയ പ്രചാരണം ലീഗിനു വോട്ടു ചെയ്യുന്നില്ലെങ്കില്‍ എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യണമെന്നായിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി, ആര്‍.എം.പി തുടങ്ങിയ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവഗണിക്കാനാവാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതില്‍ കന്നിയങ്കം നടത്തിയ പാര്‍ട്ടികള്‍ക്ക് വോട്ടുകള്‍ നിലനിര്‍ത്താനും വളര്‍ത്താനും കഴിഞ്ഞാല്‍ ഇരുമുന്നണികള്‍ക്കുമെതിരെ അവ ശക്തമായ ബദലായി ഉയര്‍ന്നുവരിക തന്നെ ചെയ്യും. രാഷ്ട്രീയ വിശ്വാസം ഒരു ഗോത്രബോധം പോലെ വളര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥലമാണ് കേരളം. ഓരോരുത്തരും അവരെ സംരക്ഷിക്കാന്‍ അവരവരുടെ ഗോത്രങ്ങളെ പിന്തുണക്കുന്നു. പഴയ സമുദായ ഗോത്രങ്ങളുടെ ഘടകങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗപ്പെടുത്തിയാണ് ഈ രാഷ്ട്രീയ ഗോത്രങ്ങള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. തന്റെ പാര്‍ട്ടി എത്ര ജീര്‍ണിച്ചാലും ഒരാളെ സംബന്ധിച്ചിടത്തോളം അതില്‍ നിന്നുള്ള മാറ്റം വളരെ എളുപ്പമോ വേദനാരഹിതമോ അല്ല. പക്ഷെ, ജനകീയ സമര പ്രസ്ഥാനങ്ങളും കക്ഷിരാഷ്ട്രീയത്തിനു പുറത്ത് മനുഷ്യാവകാശ സമരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുമൊക്കെ മനസ്സിലാക്കേണ്ട കാര്യം രാഷ്ട്രീയ സംഘാടനത്തിലൂടെ മാത്രമേ രാഷ്ട്രീയ ശക്തി വളര്‍ത്തിയെടുക്കാന്‍ കഴിയൂ എന്നതാണ്. ആത്മീയ, സേവന, സമര, മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെയൊന്നും രാഷ്ട്രീയ ശക്തി വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. അവയെല്ലാം രാഷ്ട്രീയ മുന്നേറ്റത്തില്‍ ചില സഹായങ്ങള്‍ ചെയ്യും എന്നുമാത്രം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ സമരങ്ങളുടെ രാഷ്ട്രീയ ഏകീകരണത്തെക്കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്ത തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി അതിനെ മുന്നോട്ട് കൊണ്ടുപോവേണ്ട സന്ദര്‍ഭമാണിത്.
Comments