Prabodhanm Weekly

Pages

Search

2014 മെയ്‌ 30

മതേതര ഇന്ത്യയില്‍ മോദി വന്ന വിധം

എ.ആര്‍ /കവര്‍‌സ്റ്റോറി

         മതേതര ജനാധിപത്യ ഇന്ത്യയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒറ്റക്ക് ഭൂരിപക്ഷം നേടിയതില്‍ പിന്നെ ഇതാദ്യമായി ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം ഉറപ്പാക്കിയെന്നത് മാത്രമല്ല ദിശാ മാറ്റത്തിന്റെ സൂചന. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ചരിത്രത്തിലാദ്യമായി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഹിന്ദുരാജിനെക്കുറിച്ച ആര്‍.എസ്.എസ്സിന്റെ ചിരകാല സ്വപ്നം പൂവണിയുകയാണ്. ഇതേവരെ തിരശ്ശീലക്ക് പിന്നില്‍ നിന്ന് കളിക്കാനാണ് 1925-ല്‍ നാഗ്പൂരില്‍ കേശവ് ബലിറാം ഹെഡ്‌ഗെവാര്‍ രൂപം നല്‍കിയ രണോത്സുക ഹിന്ദുത്വ പ്രസ്ഥാനം ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ നേരിട്ടിറങ്ങി ഭരണത്തിന്റെ കടിഞ്ഞാണ്‍ തങ്ങളുടെ നോമിനിയുടെ കരങ്ങളില്‍ തന്നെ ഏല്‍പിക്കാന്‍ നടത്തിയ ആസൂത്രിത നീക്കം സഫലമായിരിക്കയാണ്.

         1947 ആഗസ്റ്റ് 15-ന് രാജ്യം സ്വതന്ത്രമാവുമ്പോള്‍ ഒരു ഭാഗം മുസ്‌ലിംകള്‍ കൊണ്ടുപോയെങ്കില്‍ ബാക്കി ഭാഗം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതും അവിടെ ഹിന്ദുരാജ് നടപ്പാക്കേണ്ടതുമാണെന്ന വാദം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് നിരാകരിച്ചെങ്കിലും ഹിന്ദുരാജ്യ ലക്ഷ്യത്തില്‍ നിന്ന് ആര്‍.എസ്.എസ് ഒരിക്കലും പിന്മാറുകയുണ്ടായില്ല. ഡോ. ഭീംറാവു അംബേദ്കറും കൂട്ടുകാരും രൂപം നല്‍കിയ ഭരണഘടന മതനിരപേക്ഷ ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നത് ശരി. രാഷ്ട്രത്തിന്റെ ബഹുസ്വരതയും മത-ജാതി വൈവിധ്യങ്ങളും അനിഷേധ്യ യാഥാര്‍ഥ്യമായിരിക്കെ ഇന്ത്യയുടെ ഏകതയും അഖണ്ഡതയും പുരോഗതിയും ഉറപ്പാക്കാന്‍ ഒരു പ്രത്യേക മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ആധിപത്യം അടിച്ചേല്‍പിക്കുന്നത് വിപരീത ഫലമേ ഉളവാക്കൂ എന്ന തിരിച്ചറിവാണ് ഒരു മതേതര ജനാധിപത്യത്തെത്തന്നെ വേണമെന്ന് തീരുമാനിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മതേതരത്വത്തോട് ആത്മാര്‍ഥ പ്രതിബദ്ധത പുലര്‍ത്തിയ നെഹ്‌റു പ്രധാനന്ത്രിയായി തുടരുവോളം രാജ്യം മതേതരമായിത്തന്നെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നും സാമാന്യമായി പറയാം. രൂക്ഷമായ വര്‍ഗീയ കലാപങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തും ഉണ്ടായിരുന്നെങ്കിലും അത് സര്‍ക്കാറിന്റെ അറിവോടും പ്രോത്സാഹനത്തോടും കൂടിയായിരുന്നെന്ന് ഗൗരവമായ പരാതി ഉയര്‍ന്നിരുന്നില്ല. നെഹ്‌റുവിന്റെ കാലശേഷം പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളില്‍ ബലഹീനതയും വ്യതിയാനവും പ്രകടമായി. ഏകശിലാ മുഖമായ ഹിന്ദുത്വത്തിന് ശക്തിയും കൈവന്നുതുടങ്ങി. 1967-ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ മതേതര പാര്‍ട്ടികള്‍ ഭാരതീയ ജനസംഘവുമായി കൈകോര്‍ത്തതോടു കൂടിയാണ് ഹിന്ദുത്വത്തിന് കരുത്തും സ്വീകാര്യതയും വര്‍ധിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ നെഹ്‌റുവിന്റെ പുത്രി ഇന്ദിരാ ഗാന്ധി നടത്തിയ തന്ത്രപരമായ നീക്കങ്ങളുടെ ഫലമായിരുന്നു 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യയുടെ പങ്കും പാകിസ്താനെ പരാജയപ്പെടുത്തിയതിന്റെ പേരില്‍ ഇന്ദിരയുടെ പ്രതിഛായ വാനോളം ഉയര്‍ന്നതും.  

         തുടര്‍ന്നങ്ങോട്ട് ഹൈന്ദവ വികാരങ്ങള്‍ കൊണ്ട് നാഷ്‌നല്‍ കോണ്‍ഗ്രസ് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫലത്തില്‍ നേട്ടമുണ്ടാക്കിയത് ഹിന്ദുത്വശക്തികളാണെന്ന് സൂക്ഷ്മ വിശകലനം വ്യക്തമാക്കും. 1984-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവലം രണ്ട് സീറ്റുകളിലൊതുങ്ങിയതാണ് ഇന്നും പലരും ചൂണ്ടിക്കാട്ടുന്ന അപവാദം. പക്ഷേ, ഇന്ദിരാഗാന്ധി സിക്കുകാരായ അംഗരക്ഷകരുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ താല്‍ക്കാലിക വൈകാരിക വേലിയേറ്റം രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും തുണച്ചതാണ് കാരണമെന്ന സത്യം അവര്‍ കാണാതെ പോവുന്നു. 1989-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് ബലം വെറും 197-ലേക്ക് കൂപ്പ് കുത്തിയത് തന്നെ തെളിവ്. മറുവശത്ത് സാവകാശം പിടിമുറുക്കിക്കൊണ്ടിരുന്ന ഹിന്ദുത്വശക്തികള്‍ക്ക് വജ്രായുധമായി പരിണമിച്ചത്, ഫൈസാബാദിലെ ബാബരി മസ്ജിദിന്റെ ഉടമാവകാശം സംബന്ധിച്ച കേസ് അലഹാബാദ് ഹൈക്കോടതിയില്‍ ഉറങ്ങിക്കിടക്കെ 1986-ല്‍ അത് ഏകപക്ഷീയമായി രാമക്ഷേത്രവാദികള്‍ക്ക് തുറന്നുകൊടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത സംഭവമാണ്. പിന്നീട് എല്‍.കെ അദ്വാനി തെളിച്ച രാമരഥം രാജ്യമാകെ ഉരുണ്ടതും നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നിമിത്തമായതും ഓരോ കലാപവും വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെച്ചതുമെല്ലാം മറക്കാന്‍ സമയമായിട്ടില്ലാത്ത ചരിത്രമാണ്. മതേതരത്വ പ്രതിബദ്ധതയില്‍ വെള്ളം ചേര്‍ത്ത് മൃദു ഹിന്ദുത്വം നയമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുമ്പെട്ടത് മുതല്‍ നേട്ടമുണ്ടാക്കിയത് തീവ്ര ഹിന്ദുത്വമാണ്. 1975-ല്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് അവരുടെ രാജിക്കായി ഉയര്‍ന്ന പ്രതിപക്ഷ പ്രക്ഷോഭത്തെ നേരിടാന്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്‍ ആര്‍.എസ്.എസ്സിനെ നിരോധിച്ചത് പോലും കാവിപ്പടയെ ശക്തിപ്പെടുത്താനാണുതകിയത്. 1977-ലെ തെരഞ്ഞെടുപ്പില്‍ ജനസംഘം കൂടി പങ്കാളിയായ ജനതാ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ അദ്വാനിയും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനമുറപ്പിച്ചത് സംഘ്പരിവാറിന് അനുഗ്രഹമായും ഭവിച്ചു. '79-ല്‍ ജനത സര്‍ക്കാറിനെ തകര്‍ത്തത് ദ്വയാംഗത്വ പ്രശ്‌നവും സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാനുള്ള ഹിന്ദുത്വവാദികളുടെ നീക്കവുമാണ്. തുടര്‍ന്ന് രൂപപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇടവേളകളില്‍ പ്രത്യക്ഷ തിരിച്ചടികള്‍ ഉണ്ടായെങ്കിലും 1999-ല്‍ 182 സീറ്റുകളോടെ എന്‍.ഡി.എയുടെ മുഖ്യ ഘടകമാവാനും അഞ്ചു വര്‍ഷം വാജ്‌പേയിക്ക് പ്രധാനമന്ത്രിയായി വാഴാനും കഴിഞ്ഞു. ആ ഭരണവേളയിലാണ് ബ്യൂറോക്രസിയിലും സുരക്ഷാ സേനയിലും കാവിപ്പട നിര്‍ണായക നുഴഞ്ഞുകയറ്റം നടത്തുന്നത്. പിന്നീട് ഭരണം നഷ്ടപ്പെട്ട പത്തു വര്‍ഷക്കാലത്തും ഇന്ത്യന്‍ ഭരണയന്ത്രമോ സുരക്ഷാസേനയോ കാവി സ്വാധീനത്തില്‍ നിന്ന് മുക്തമായില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് നിയന്ത്രിത സര്‍ക്കാറിന്റെ കരിനിയമങ്ങളുടെ തണലില്‍ അത് കരുത്താര്‍ജിക്കുകയാണ് ചെയ്തത്. ന്യൂനപക്ഷങ്ങളില്‍ വ്യാപകമായ അരക്ഷിതാബോധം വളര്‍ത്തിയ തീവ്രവാദിവേട്ട അവരെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റിയപ്പോള്‍ മറുവശത്തെ വര്‍ഗീയ ധ്രുവീകരണം ഹിന്ദുത്വശക്തികള്‍ക്ക് മുന്നില്‍ മാര്‍ഗം സുഗമമാക്കി. ഹിന്ദുത്വവാദികള്‍ തന്നെ ആസൂത്രിതമായി നടത്തിയ ഭീകരസ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം പോലും മുസ്‌ലിം യുവാക്കളുടെ മേല്‍ കെട്ടിയേല്‍പിക്കാന്‍ മതേതര സര്‍ക്കാറുകളും അന്വേഷണ ഏജന്‍സികളും പോലീസും വ്യഗ്രത കാട്ടിയപ്പോള്‍ സൃഷ്ടിക്കപ്പെട്ട അരക്ഷിതബോധം എക്കാലത്തും കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ അടിത്തറയായിരുന്ന ന്യൂനപക്ഷത്തെ അവരില്‍ നിന്ന് അകറ്റി. എപ്പോഴൊക്കെ ന്യൂനപക്ഷം കോണ്‍ഗ്രസ്സില്‍ നിന്നകന്നുവോ അപ്പോഴൊക്കെ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടതാണ് 1967-ലും 1989-ലും 1999-ലും കണ്ടത്. അവരുടെ വിശ്വാസം ഭാഗികമായെങ്കിലും വീണ്ടെടുത്തപ്പോള്‍ 2004-ലും 2009-ലും അധികാരം തിരിച്ചുപിടിക്കാനും പറ്റി.

         ഇത്തവണ പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും പിഴക്കുകയായിരുന്നു. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും ശക്തനായ വക്താവും പ്രയോക്താവുമായ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പതിറ്റാണ്ട് കാലം ഭരിച്ച യു.പി.എ സര്‍ക്കാര്‍ രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തികാസമത്വവും അഭൂതപൂര്‍വമായ വിലക്കയറ്റവും രൂപയുടെ വിലയിടിവും കള്ളപ്പണത്തിന്റെ കുത്തൊഴുക്കും കട്ടപിടിച്ച അഴിമതിയും സാമ്പത്തിക മാന്ദ്യവുമെല്ലാം ചേര്‍ന്നു സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. തീവ്രവാദവും ഭീകരതയും നേരിടാനെന്ന പേരില്‍ നിരപരാധികളായ ന്യൂനപക്ഷ സമുദായക്കാരെ കുറ്റപത്രമോ വിചാരണയോ കൂടാതെ പീഡിപ്പിക്കുകയും ജയിലിലിടുകയും ചെയ്യുന്ന പതിവിന് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഘു മാറ്റം പോലും ഉണ്ടായില്ല. നിരോധം കര്‍ശനമാക്കുകയും ശിക്ഷ ഇരട്ടിപ്പിക്കുകയുമൊക്കെ ചെയ്തിട്ടും സ്ത്രീ പീഡനങ്ങളുടെയും ശിശുപീഡനങ്ങളുടെയും ഗ്രാഫ് ഉയര്‍ന്നുകൊണ്ടേ പോയി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഇസ്രയേലിന്റെയും പ്രഖ്യാപിത അജണ്ട നടപ്പാക്കുകയെന്നതായി വിദേശനയത്തിന്റെ കാതല്‍. അതിനിടെ കൊണ്ടുവന്ന വിവരാവകാശ, വിദ്യാഭ്യാസാവകാശ, ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ തീര്‍ച്ചയായും ക്രിയാത്മക കാല്‍വെപ്പുകളായിരുന്നെങ്കിലും നേട്ടങ്ങളെ കടത്തിവെട്ടുന്നതായി കോട്ടങ്ങള്‍. 

         പൊടുന്നനെ മുളച്ചുപൊന്തിയ ആം ആദ്മി പാര്‍ട്ടി ഒരു വിഭാഗം ബുദ്ധിജീവികളിലും ബഹുജനത്തിലും പ്രതീക്ഷകള്‍ ഉയര്‍ത്തിയെങ്കിലും കോര്‍പ്പറേറ്റ് പിടിയിലുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ നരേന്ദ്രമോദിയെ വികസന പുരുഷനായും രക്ഷകനായും അവതരിപ്പിച്ചപ്പോള്‍ മറ്റെല്ലാം നിഷ്പ്രഭമായി. പുതുതലമുറയില്‍ ദ്രുതഗതിയില്‍ പടരുന്ന സോഷ്യല്‍ മീഡിയയെ സമര്‍ഥമായി ഉപയോഗിക്കാനും മോഡി പക്ഷത്തിനായി. ദ ഹിന്ദുവിനെപ്പോലെ നിഷ്പക്ഷവും മതേതരമെന്നും അവകാശപ്പെട്ടിരുന്ന ദേശീയ പത്രം പോലും മോഡിജിഹ്വയായി മാറിയപ്പോള്‍ മണികള്‍ മുഴങ്ങുന്നത് ഹിന്ദുത്വ പടക്കുതിരക്ക് വേണ്ടിയാണെന്ന് വ്യക്തമായിരുന്നു. 120 സീറ്റുകളുള്ള യു.പിയും ബിഹാറും പിടിച്ചാല്‍ യുദ്ധം ജയിക്കാമെന്ന് ശരിയായി കണക്കു കൂട്ടിയ മോദി തന്റെ വലം കൈയും വര്‍ഗീയ കാര്‍ഡ് കളിയില്‍ അതിനിപുണനുമായ അമിത്ഷായെ നേരത്തെത്തന്നെ പശുബെല്‍റ്റ് പിടിച്ചടക്കാനുള്ള ദൗത്യം ഏല്‍പിച്ചിരുന്നു. ആറ് ലക്ഷം ആര്‍.എസ്.എസ്സുകാരെ ഒരു ലക്ഷം യൂനിറ്റുകളാക്കി തിരിച്ചു, വിവര സാങ്കേതികവിദ്യയുടെ സമസ്ത സാധ്യതകളും ഉപയോഗപ്പെടുത്തി അമിത് ഷാ രംഗത്തിറക്കുക കൂടി ചെയ്തതോടെ പ്രതിയോഗികള്‍ പതറി. ആസൂത്രിതമായി കലാപങ്ങള്‍ ഇളക്കിവിട്ട് വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുക എന്ന അമിത് ഷായുടെ തന്ത്രത്തിന്റെ പരകോടിയാണ് മുസഫര്‍ നഗറില്‍ കണ്ടത്. പിന്നാക്ക ജാതി രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിലയുറപ്പിച്ച മായാവതിയുടെ ബി.എസ്.പിയെയും മുലായം സിംഗിന്റെ എസ്.പിയെയും തീര്‍ത്തും നിരായുധരാക്കി ഹിന്ദു ഏകീകരണം സാധിച്ചതാണ് മോദി ബ്രിഗേഡിന്റെ ഏറ്റവും ശ്രദ്ധേയമായ വിജയം. എന്നാലും യു.പി അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ മോദിപ്പടക്ക് കഴിയുമായിരുന്നില്ല, 19 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകളുടെ ഏകീകരണം സാധ്യമായിരുന്നെങ്കില്‍. ആ വോട്ടുകള്‍ പക്ഷേ, മായാവതിക്കും മുലായമിനും കോണ്‍ഗ്രസ്സിനുമിടയില്‍ വിഭജിക്കപ്പെട്ടു. ആപത്ത് ദീര്‍ഘദര്‍ശനം ചെയ്ത് അവസരോചിതമായ തന്ത്രം പയറ്റുന്നതില്‍ മുസ്‌ലിം മത, രാഷ്ട്രീയ ഗ്രൂപ്പുകള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. പ്രതിരോധം സാധ്യമല്ലെന്ന് കാലേക്കൂട്ടി തീരുമാനിച്ച കോണ്‍ഗ്രസ്സാവട്ടെ സോണിയയെയും പുത്രന്‍ രാഹുലിനെയും മാത്രം ഗോദയിലിറക്കി തുടക്കത്തിലേ കീഴടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ അമ്മയെയും സഹോദരനെയും രക്ഷിക്കാന്‍ മാത്രം കളത്തിലിറങ്ങിയ പ്രിയങ്കക്ക് ഒട്ടൊക്കെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എന്നാലും നൂറിന്റെ പരിസരത്തെവിടെയെങ്കിലും നിലയുറപ്പിക്കാമെന്നാശ്വസിച്ച, 128 വയസ് പ്രായമുള്ള ദേശീയ പ്രസ്ഥാനത്തെ ആ കണക്കുകൂട്ടല്‍ പോലും രക്ഷിച്ചില്ലെന്ന ദൈന്യതയാണ് ഫലപ്രഖ്യാപനം പുറത്തുകൊണ്ടുവന്നത്. അംഗീകൃത പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാതെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയപ്പെടുന്ന സഹതാപാര്‍ഹമായ സാഹചര്യമാണ് ഇന്ന് പാര്‍ട്ടി നേരിടുന്നത്. നരസിംഹറാവു, സീതാറാം കേസരി എന്നീ പടുവൃദ്ധര്‍ വടികുത്തി നയിക്കേണ്ട പതനത്തില്‍ ഒരിക്കല്‍ കോണ്‍ഗ്രസ് എത്തിയപ്പോള്‍ സോണിയാ ഗാന്ധിയാണ് രക്ഷകയായി അവതരിച്ചതെങ്കില്‍ ഇന്ന് അമ്മയെയും മകനെയും ഒരു കൈ സഹായിക്കാന്‍ പോലും ചിത്രത്തിലാരെയും കാണാനില്ല. അവര്‍ക്കൊരു വേള ഇറ്റലിയിലേക്ക് മടങ്ങിപ്പോവാം. അവശേഷിക്കുന്ന പാര്‍ട്ടിക്കോ? മുമ്പ് സംഭവിച്ച പോലെ കാവി പാളയത്തിലേക്കുള്ള പ്രവാഹം പോലും തള്ളിക്കളയാവുന്ന സാധ്യതയല്ല.

         ഇതൊക്കെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിനെ പരിഹസിക്കുന്ന മറ്റു മതേതര പാര്‍ട്ടികളുടെ സ്ഥിതിയോ? ഹിന്ദുത്വ സൂനാമി വീശിയടിക്കാന്‍ തുടങ്ങിയപ്പോള്‍ പോലും പരസ്പരം നാശത്തിന്റെ പടുകുഴിയില്‍ വീഴ്ത്താന്‍ മത്സരിച്ച മതേതര കക്ഷികളെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്. മൂന്നര പതിറ്റാണ്ട് ഇടതടവില്ലാതെ ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പോടെ രണ്ടേ രണ്ട് സീറ്റില്‍ ഒതുങ്ങിയതോടെ വംശനാശ ഭീഷണിയെ നേരിടുകയാണ്. ദല്‍ഹിയില്‍ കൈകോര്‍ത്തു നിന്ന മൂന്നാം മുന്നണിയിലെ മറ്റു ഘടകങ്ങള്‍ മുമ്പേ ഛിന്നഭിന്നമായി കഴിഞ്ഞിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും ബി.ജെ.പിയുടെ വോട്ട് വിഹിതം 31 ഉം എന്‍.ഡി.എയുടേത് 38 ഉം ശതമാനമാണ്. അവശേഷിക്കുന്ന 62 ശതമാനത്തെ ഏകീകരിക്കാനും നയിക്കാനും തന്ത്രജ്ഞരായ നേതാക്കളുണ്ടെങ്കില്‍ ഇനിയുമൊരങ്കത്തിന് സാധ്യത ബാക്കിയാണ്. ആ ദിശയിലുള്ള ബോധോദയമാണ് ബിഹാറില്‍ ജനതാ ദള്‍(യു)വിനും ആര്‍.ജെ.ഡിക്കും ഉണ്ടായിവരുന്നതായി തോന്നുന്നത്. മറുവശത്ത് ഹിന്ദുത്വമെന്നാല്‍ വെറും മതന്യൂനപക്ഷവിരോധമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവും വികസനപരവുമായ കാഴ്ചപ്പാടുകളുള്ള പ്രത്യയശാസ്ത്രമാണെന്നും തെളിയിക്കേണ്ട ബാധ്യത മോദി സര്‍ക്കാറിന്റെ മേല്‍ വന്നുകൂടിയിരിക്കുന്നു. അവകാശപ്പെട്ടപോലെ ഇന്ത്യന്‍ പൗരന്മാരെ മുഴുവന്‍ ഒന്നായി കാണാനുള്ള വിശാലത പുതിയ സാഹചര്യത്തില്‍ നരേന്ദ്രമോദിക്കുണ്ടാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍