Prabodhanm Weekly

Pages

Search

2014 മെയ്‌ 30

സിംഹാസനസ്ഥരായ ജനത അട്ടിമറിക്കപ്പെട്ടതെങ്ങനെ

സദ്‌റുദ്ദീന്‍ വാഴക്കാട് /കണ്ടെത്താത്ത ഇന്ത്യയിലൂടെ-4

''ണ്ടു നൂറ്റാണ്ടുകാലത്തെ ബംഗാളിലെ ബ്രിട്ടീഷ് ഭരണം കൊള്ളയുടെയും മര്‍ദനത്തിന്റെയും പീഡനത്തിന്റെയും ചരിത്രമാണ്. ബംഗാള്‍ തലസ്ഥാനത്തെ ജനങ്ങള്‍ ലണ്ടനിലുള്ളവരെക്കാള്‍ സമ്പന്നരാണെന്ന് പറഞ്ഞുവെച്ച റോബര്‍ട്ട് ക്ലൈവ് ആ പ്രദേശത്തെ ശരിക്കും പിഴിഞ്ഞു. ഫലമോ, ബംഗാള്‍ അതിവേഗം ദരിദ്രമായി. ബംഗാളിലെ തദ്ദേശീയ വ്യാപാരവും വ്യവസായവും പൊളിഞ്ഞു. 1770-ല്‍ ഉണ്ടായ പട്ടിണിയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ മരിച്ചു. ഇപ്പോഴത്തെ ബംഗ്ലാദേശ് അടക്കമുള്ള ബംഗാള്‍ ദുരിതത്തിലാകും തോറും ബ്രിട്ടന്‍ ധന്യമായിക്കൊണ്ടിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്ന ബംഗാള്‍ തന്നെയാണ് ഇന്നും ഏറ്റവും ദരിദ്രം.''(Suraiya Rahman,Optimism on Bangladesh 'The Economist, 16 may,1992, P.6, Global Parasites by Winin Perera and Jeremy Seabrook)

         കൊല്‍ക്കത്ത സിറ്റിയിലെ ധര്‍മതല ലെനിന്‍ സരണിയിലാണ് ടിപ്പുസുല്‍ത്താന്‍ ഷാഹി മസ്ജിദ് സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ശഹീദ് ടിപ്പുസുല്‍ത്താന്റെ ഇളയ മകന്‍ ഗുലാം മുഹമ്മദ് 1832-ല്‍ പണിത ചരിത്ര പ്രാധാന്യമുള്ള ഈ പള്ളി കണ്ടിറങ്ങുമ്പോള്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനകാലത്തെ അത് പല അര്‍ഥത്തിലും പ്രതീകവല്‍ക്കരിക്കുന്നതായി തോന്നി. പൊട്ടിപ്പൊളിഞ്ഞ തറയും ദ്രവിച്ച മേല്‍ക്കൂരയും ക്ലാവ് പിടിച്ച ചുവരും പഴകി ഉപയോഗ്യശൂന്യമായ ടാപ്പുകളുമൊക്കെയുള്ള ആ മസ്ജിദ് വൃത്തികുറഞ്ഞൊരു തെരുവിലാണ്. പുറത്തുനിന്ന് നോക്കുമ്പോള്‍ അനേകം മിനാരങ്ങളുള്ള പള്ളിയുടെ നിര്‍മ്മാണം ശില്‍പചാതുരിയോടെയാണെങ്കിലും അകത്തേക്കു കടന്നാല്‍ അതിന്റെ അവസ്ഥ ഇന്ന് ഏറെ പരിതാപകരമാണെന്ന് ബോധ്യമാകും.

         മസ്ജിദിന്റെ മാത്രമല്ല, അത് പണിത കൊല്‍ക്കത്തയിലെ ടിപ്പുവിന്റെ സന്താനപരമ്പരയുടെ അവസ്ഥയും അതിദയനീയം തന്നെ. ടിപ്പുവിന്റെ രക്തസാക്ഷ്യത്തിനു ശേഷം പ്രതികാരവും കലാപവും ഭയന്ന ബ്രിട്ടീഷുകാര്‍, സുല്‍ത്താന്റെ മക്കളുള്‍പ്പെടെയുള്ള ടിപ്പുകുടുംബത്തെ കൊല്‍ക്കത്തയിലേക്ക് നാടുകടത്തുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇന്ത്യയിലെ ആസ്ഥാനമായിരുന്നല്ലോ അന്ന് ബംഗാള്‍. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ടിപ്പുകുടുംബത്തിന് കൊല്‍ക്കത്തയില്‍ കുറച്ചു ഭൂമിയും താമസസൗകര്യവും മറ്റും നല്‍കി 'ഔദാര്യം' കാണിച്ചു. രാജകീയ പ്രൗഢിയില്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞുപോകാന്‍ അതവര്‍ക്ക് സഹായകമായിരുന്നു. പക്ഷെ, അവര്‍ക്കു ലഭിച്ച ഭൂസ്വത്ത് പല രീതിയില്‍ അന്യാധീനപ്പെട്ടു. കുറേ ഭൂമി സ്വകാര്യമുതലാളിമാരും കമ്പനികളും കൈയേറി. ബ്രിട്ടീഷ് ഭരണം അവസാനിച്ചപ്പോള്‍ കുറച്ചു ഭൂമി ഗവണ്‍മെന്റിലേക്ക് വരവുവെക്കപ്പെട്ടു. പഴയ രാജകുടുംബങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളൊന്നും ഇന്ത്യാഗവണ്‍മെന്റ് ടിപ്പുകുടുംബത്തിന് നല്‍കിയില്ല. ബ്രിട്ടീഷുകാരോട് അടര്‍ക്കളത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി രാജ്യത്തിനു വേണ്ടി ധീരരക്തസാക്ഷ്യം വരിച്ച ഭരണാധികാരിയായ ടിപ്പുസുല്‍ത്താന്റെ പിന്‍മുറക്കാരോട് നാം നീതി കാണിച്ചില്ല. ഭൂമി കൈവശപ്പെടുത്തിയ ടോളിഗഞ്ച് ക്ലബും, ഷാപാലസ് ഗ്രൂപ്പുമൊക്കെയായി ടിപ്പുകുടുംബത്തിലെ ചിലര്‍ നിയമയുദ്ധം നടത്തിയെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. ഫലമോ, ടിപ്പുകുടുംബത്തിലെ പിന്‍മുറക്കാര്‍ ഇന്ന് കൊല്‍ക്കത്തയിലെ ഇടുങ്ങിയ ഗലികളില്‍ ദൈന്യജീവിതം നയിക്കുന്നു. അന്‍വര്‍ഷായും തമന്നബേവയും ദിലാവര്‍ഷായും മറ്റും റിക്ഷവലിച്ചും പാനും സിഗരറ്റും വിറ്റും അഷ്ടിക്ക് വക കണ്ടെത്തുന്നു. ഇവരില്‍ ചിലരെ കൊല്‍ക്കത്തയിലെ തെരുവില്‍ ചിലപ്പോള്‍ നാം കണ്ടുമുട്ടിയേക്കും.

         യഥാര്‍ഥത്തില്‍, ഇതുതന്നെയല്ലേ ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനം! ജനസംഖ്യയുടെ 15 ശതമാനത്തിലേറെയുള്ള, 17 കോടിയോളം വരുന്ന, രാജ്യത്തിലെ പ്രബല ന്യൂനപക്ഷം ഏറ്റവും ദുര്‍ബല വിഭാഗമാണെന്ന സത്യം കണക്കുകള്‍ നിരത്തി ഇനിയും തെളിയിക്കേണ്ടതില്ല. ദരിദ്രരില്‍ പരമ ദരിദ്രരും പിന്നാക്കക്കാരില്‍ ഏറ്റവും പിന്നാക്കക്കാരുമാണ് ഇന്ത്യന്‍ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവുമെന്ന്, ഏതാണ്ട് രണ്ടു നൂറ്റാണ്ടുകാലത്തെ അവരുടെ ദൈന്യജീവിത ചിത്രങ്ങള്‍ നിരത്തി പലരും ചൂണ്ടിക്കാണിച്ചതാണ്. കഴിഞ്ഞ രണ്ട് അധ്യായങ്ങളില്‍ വിവരിച്ച കാഴ്ചകളും വസ്തുതകളും അതിന്റെ അനുഭവസത്യങ്ങളാണ്. ആ പിന്നാക്കാവസ്ഥയുടെ ആഴവും പരപ്പും ആധികാരികമായി അടയാളപ്പെടുത്തിയ മാഗ്നാകാര്‍ട്ടയാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. അതിന്റെ വിശദാംശങ്ങള്‍ ഇനിയും ചവച്ചുതുപ്പുന്നതിന് അര്‍ഥമില്ല. റിപ്പോര്‍ട്ടുകള്‍ ആഘോഷിക്കുന്നതിനപ്പുറം പരിഹാരമാര്‍ഗങ്ങളെയും പ്രായോഗിക നടപടികളെയും കുറിച്ചാണ് ഇന്ത്യയിലെ മുസ്‌ലിം നേതൃത്വവും ഗവണ്‍മെന്റുകളും ചിന്തിക്കേണ്ടത്. സച്ചാര്‍- മിശ്ര കമീഷന്‍ റിപ്പോര്‍ട്ടുകളെ കുറിച്ച് മല്‍സരിച്ച് സെമിനാറുകളും മറ്റും നടത്തിയതല്ലാതെ, അതിലെ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി സ്വന്തം സമുദായത്തിനുവേണ്ടി ദീര്‍ഘകാലാധിഷ്ഠിത പദ്ധതികള്‍ ആസൂത്രണം ചെയ്ത എത്ര മുസ്‌ലിം സംഘടനകളുണ്ട് ഇന്ത്യയില്‍? ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'വിഷന്‍ 2016' എന്ന സ്വപ്ന പദ്ധതി രൂപം കൊണ്ടത് ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു. ദൈന്യജീവിതത്തില്‍ നിന്ന് ഒരു ജനവിഭാഗത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നവര്‍ ആദ്യമറിയേണ്ടത്, എങ്ങനെ ആ ജനത ഇത്തരമൊരു ദുരവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു എന്നതാണ്. അത്തരമൊരു തിരിച്ചറിവ് 'വിഷന്‍ 2016'ന്റെ അണിയറ ശില്‍പികള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരുന്നു.

         എങ്ങനെയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നു കാണുന്ന ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടത്? ഇന്ത്യന്‍ മണ്ണിലെ, ചോര കിനിയുന്ന ഈ ദുരന്തചിത്രം ആരാണ് വരച്ചുവെച്ചത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇങ്ങനെ എണ്ണിപ്പറയാം. ഒന്ന്, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് അധിനിവേശങ്ങള്‍ക്കെതിരെ രാജ്യസ്‌നേഹത്തിന്റെയും ആദര്‍ശ ബോധത്തിന്റെയും ഭാഗമായി മുസ്‌ലിംസമൂഹം നടത്തിയ ചെറുത്തു നില്‍പ്പും, അതുകാരണം ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യന്‍ മുസ്‌ലിംകളോടുണ്ടായ പകയും അവര്‍ കൈക്കൊണ്ട പ്രതികാര നടപടികളും. രണ്ട്, വിഭജനം തീര്‍ത്ത മുറിവുകളും അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും. മൂന്ന്, നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍. നാല്, നിരക്ഷരതയും വിദ്യാഭ്യാസ രംഗത്തെ അതിദയനീയമായ പിന്നാക്കാവസ്ഥയും. അഞ്ച്, പുതിയ കാലത്തിന്റെയും ബാഹ്യലോകത്തിന്റെയും വെളിച്ചം കടക്കാത്ത, പരമ്പരാഗത മതവിദ്യാഭ്യാസ സമ്പ്രദായം. ആറ്, ഇസ്‌ലാമിനെകുറിച്ച യഥാര്‍ഥ ജ്ഞാനത്തിന്റെ അഭാവവും വിശ്വാസ ദൗര്‍ബല്യങ്ങളും സ്വാഭാവികമായുള്ള മതബോധത്തിന്റെ അപര്യാപ്തതയും. ഏഴ്, വിവേകവും ദീര്‍ഘ ദൃഷ്ടിയുമില്ലാത്ത, സാമൂഹിക ജീവിതത്തെ കുറിച്ച അവബോധമില്ലാത്ത മതനേതൃത്വത്തിന്റെ ആഴത്തിലുള്ളതും അറുപിന്തിരിപ്പനുമായ സ്വാധീനം. എട്ട്, രാഷ്ട്രീയമായ സംഘബോധത്തിന്റെയും കരുത്തുറ്റ രാഷ്ട്രീയ നേതൃത്വത്തിന്റെയും അഭാവം. ഒന്‍പത്, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അവര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റുകളുടെയും വഞ്ചാനാത്മക നയസമീപനങ്ങള്‍. പത്ത്, ഭരണ നിര്‍വഹണമേഖലയിലെ ഉദ്യോഗസ്ഥരുടെയും മറ്റും വംശവെറിയിലധിഷ്ഠിതമായ വിവേചനവും അവഗണനയും. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നെത്തിനില്‍ക്കുന്ന പിന്നാക്കാവസ്ഥയുടെ ചരിത്രപരവും സാമൂഹിക-സാമ്പത്തിക ശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ച സാമാന്യധാരണയെങ്കിലുമില്ലാതെ, ഉത്തരേന്ത്യയിലെ ന്യൂനപക്ഷ ജനതയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ, വിഷന്‍ 2016 എന്ന പുനര്‍നിര്‍മാണപദ്ധതിയുടെ അനിവാര്യത വേണ്ടവിധം ഉള്‍ക്കൊള്ളാനോ സാധിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് ഇവയോരോന്നും ഓരോ ലേഖനത്തിലായി വിശകലനം ചെയ്യേണ്ടതാണെങ്കിലും ദൈര്‍ഘ്യം ഭയന്ന് സംക്ഷിപ്തമായി പ്രതിപാദിക്കുക മാത്രമാണ് ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിന് നല്‍കിയ വില

         മുസ്‌ലിം സമൂഹത്തില്‍ ആദര്‍ശപരമായിത്തന്നെ കുടികൊള്ളുന്ന സ്വാതന്ത്ര്യബോധവും അധിനിവേശ-അടിമത്ത വിരോധവും പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് സാമ്രാജ്യത്വങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ശക്തമായ ചെറുത്തുനില്‍പ്പു നടത്താന്‍ അവര്‍ക്ക് പ്രചോദനമായി. വിശുദ്ധഖുര്‍ആനും ഇസ്‌ലാമികചരിത്രവും ആധാരമാക്കി സാമ്രാജ്യത്വശക്തികള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനം, ജിഹാദിന് വേണ്ടിയുള്ള 'ഫത്‌വ'കള്‍ മതനേതാക്കളില്‍ നിന്നുണ്ടായി. തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന വിഖ്യാത ഗ്രന്ഥം രചിച്ച സൈനുദ്ദീന്‍ മഖ്ദൂമും ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയും ശാഹ് ഇസ്മാഈലും മുതല്‍ മൗലാനാ മുഹമ്മദലിയും അബുല്‍ കലാം ആസാദും ഉള്‍പ്പെടെയുള്ളവര്‍ മുന്നില്‍ നിന്നു നയിച്ച സ്വാതന്ത്ര്യസമരങ്ങളില്‍, ഒരു മതസമുദായമെന്ന നിലക്ക് മുസ്‌ലിംകള്‍ ഒന്നാകെ പങ്കാളികളായി. പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് നടത്തിയ സമരത്തില്‍ മുസ്‌ലിംകളും വീറോടെ പൊരുതി. 1857-ലെ, സംഘടിത രൂപമുള്ള ഒന്നാം സ്വാതന്ത്ര്യ സമരം മുസ്‌ലിംകള്‍ നയിച്ചതായിരുന്നുവെങ്കില്‍, പിന്നീടുണ്ടായ ഖിലാഫത്ത് സമരം അതിനു മറ്റൊരു മുഖം നല്‍കി. ബ്രിട്ടീഷ് ആഗമനസമയത്ത് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നത് മുഗള്‍ ഭരണമായിരുന്നതിനാല്‍, അവര്‍ക്ക് നേരിടേണ്ടിവന്നത് മുസ്‌ലിംകളെയായിരുന്നു. മൈസൂര്‍ രാജ്യത്ത് ടിപ്പുസുല്‍ത്താനും ഉത്തരേന്ത്യയില്‍ മുഗളന്മാരും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. ഈ രണ്ട് തലങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുസ്‌ലിംകള്‍ ഏറ്റവും വലിയ 'ശത്രുക്കളാ'യി. തങ്ങളുടെ ചൂഷണങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഈ ശത്രുക്കള്‍ക്കെതിരെ, ബ്രിട്ടീഷുകാര്‍ സ്വീകരിച്ച പ്രതികാര നടപടികള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പതനത്തിന് തുടക്കം കുറിച്ചു. മുസ്‌ലിംകള്‍ നേതൃപരമായ പങ്കുവഹിച്ച 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരുദ്ധവേട്ടകള്‍ വ്യാപകവും ക്രൂരവുമായിത്തീര്‍ന്നു. സാമ്പത്തിക-സാമൂഹിക രംഗത്ത് മുസ്‌ലിംകളെ തകര്‍ക്കുന്ന പല നടപടികളും രാജ്യവ്യാപകമായി, വിശേഷിച്ചും മുസ്‌ലിംകള്‍ ഏറ്റവും സമ്പന്നമായിരുന്ന ബംഗാളില്‍ ബ്രിട്ടീഷുകാര്‍ കൈക്കൊണ്ടു. ''ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള രാജ്യദ്രോഹികളുടെ ഒരു സമൂഹമാണ് മുസ്‌ലിംകള്‍'' എന്ന് ബ്രിട്ടീഷ് രാജിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടിരുന്നു.1  ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത്, അല്ലെങ്കില്‍ ആസൂത്രണം ചെയ്തത് മുസ്‌ലിംകളാണെന്നതായിരുന്നു ഇതിന്റെ കാരണമെന്നും ഫീല്‍ഡ് മാര്‍ഷല്‍ ലോര്‍ഡ് ഫ്രെഡ് റെബര്‍ട്‌സ് അഭിപ്രായപ്പെടുകയുണ്ടായി.2 

         'ബ്രിട്ടീഷ് ഇന്ത്യയില്‍ സാമ്പത്തികമായി മാത്രമല്ല, വിദ്യാഭ്യാസപരമായും സാമൂഹികമായും മുസ്‌ലിംകള്‍ നശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരെ അടിച്ചമര്‍ത്തുകയായിരുന്നു' എന്ന് അശോക് മേത്ത തെളിവുകള്‍ ഉദ്ധരിച്ചു വിശദീകരിക്കുന്നുണ്ട്.3  ഭാവിയില്‍ മുസ്‌ലിംകള്‍ ഒരിക്കലും ഉയര്‍ന്നുവരരുത് എന്ന് തീരുമാനിച്ചായിരുന്നു അവരുടെ നടപടികള്‍. ബ്രിട്ടീഷ് ഭണത്തിനു കീഴില്‍ നശിപ്പിക്കപ്പെട്ട ജനവിഭാഗമാണ് മുസ്‌ലിംകളെന്ന് ഹണ്ടര്‍ (W.W  Hunter, 18401900) രേഖപ്പെടുത്തിയിട്ടുണ്ട്.4 ബംഗാളില്‍ മാത്രമായിരുന്നില്ല ഇന്ത്യയിലുടനീളം ഇതായിരുന്നു അവസ്ഥ. ഗവണ്‍മെന്റ് ഓഫീസുകളില്‍ ജീവനക്കാരായിരുന്ന മുസ്‌ലിംകളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറത്താക്കി. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് ഒരുമിച്ചായിരുന്നില്ല; പല സന്ദര്‍ഭങ്ങളിലായിരുന്നു. ''സൈനികസേവനം മൂലമുള്ള ബഹുമതിയും മാന്യമായ വേതനവും കാംക്ഷിക്കുകയും പരമ്പരാഗത തൊഴിലുകള്‍ നഷ്ടപ്പെട്ടെന്ന് വിലപിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍പോലും മുഹമ്മദീയനായി ജനിച്ച ആര്‍ക്കും തങ്ങളുടെ റജിമെന്റില്‍ പ്രവേശനമില്ലെ''ന്ന് ബംഗാളിനെ പരാമര്‍ശിച്ച് ഹണ്ടര്‍ പറയുകയുണ്ടായി.5 ബ്രിട്ടീഷ് ഗവണ്‍മെന്റില്‍, പ്രത്യേകിച്ചും സൈന്യത്തില്‍ ഉദ്യോഗം സ്വീകരിക്കുന്നതിനെതിരെ ചില മുസ്‌ലിം  പണ്ഡിതന്മാര്‍ എടുത്ത നിലപാടും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. ഇത് പില്‍ക്കാലത്ത് സംഭവിച്ചതാണ്. ധാക്കയിലെ നെയ്ത്തുകാരായ മുസ്‌ലിംകളെ തൊഴില്‍ രഹിതരാക്കിയത് ബ്രിട്ടീഷ് ഭരണമാണ്. ബ്രിട്ടീഷ് ഉല്‍പാദകര്‍ സ്വന്തമായി തൊഴില്‍ശാലകള്‍ തുറക്കുകയും മുസ്‌ലിം നെയ്ത്തുകാര്‍ തൊഴില്‍ നഷ്ടപ്പെട്ട് പാപ്പരായിത്തീരുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ഇന്നും നാം കാണുന്ന തൊഴിലില്ലായ്മയുടെ വേരുകള്‍ തിരയേണ്ടത് ഈ ചരിത്രാനുഭവങ്ങളിലാണ്. ഇങ്ങനെ, 1857-നു ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കേണ്ടി വന്നത് വലിയതോതിലുള്ള വേട്ടയാടലുകളായിരുന്നു. 1857ലെ സമരം പരാജയപ്പെട്ടതോടെ മുസ്‌ലിംകളുടെ ദുരിതകാലം ആരംഭിച്ചുവെന്ന് പറയാം. മുസ്‌ലിം നേതാക്കളെ ജയിലിലടക്കുകയും സാധാരണ ജനങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. നെയ്ത്തും കൃഷിയും ഓഫീസ് ജോലിയുമെല്ലാം ഇല്ലാതായി. ഗവണ്‍മെന്റ് സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ച് വില്യം ഹണ്ടര്‍ രേഖപ്പെടുത്തിയതിങ്ങനെ: ''അസി. ഗവണ്‍മെന്റ് എഞ്ചിനീയറുടെ മൂന്ന് ഗ്രേഡുകളില്‍ 14 ഹിന്ദു ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരു മുസ്‌ലിം പോലും ഇല്ലായിരുന്നു. അപ്രന്റീസുകളില്‍ 4 ഹിന്ദുക്കളും 2 ഇംഗ്ലീഷുകാരും ഉണ്ടായിരുന്നെങ്കിലും ഒരൊറ്റ മുസ്‌ലിമും ഇല്ല. അപ്പര്‍ സബോഡിനേറ്റര്‍മാരില്‍ 22 ഹിന്ദുക്കള്‍, മുസ്‌ലിംകള്‍ ഇല്ല. സബ് എഞ്ചിനീയര്‍മാരില്‍ 24 ഹിന്ദുക്കള്‍, ഒരേയൊരു മുസ്‌ലിം. ചെറുതും വലുതുമായ എല്ലാ ഉദ്യോഗ മണ്ഡലങ്ങളിലും മുസ്‌ലിംകളെ പിരിച്ചുവിടുകയും മറ്റു സമുദായക്കാരെ, വിശേഷിച്ചും ഹിന്ദുക്കളെ നിയമിക്കുകയും ചെയ്തിരുന്നു''.5 1871 ലെ ഒരു സര്‍വെ അനുസരിച്ച് 2141 ബംഗാള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരില്‍ 711 ഹിന്ദുക്കളും 1338 യൂറോപ്യരും ഉള്ളപ്പോള്‍ മുസ്‌ലിംകള്‍ 92 മാത്രം. അവിഭക്ത ബംഗാള്‍ സംസ്ഥാനത്തെ മൊത്തം അവസ്ഥയായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സേനയില്‍ 30-36 ശതമാനംവരെ മുസ്‌ലിംകളുണ്ടായിരുന്നു. ബ്യൂറോക്രസിയില്‍ 35 ശതമാനം വരെയായിരുന്നു അവിഭക്ത ഭാരതത്തില്‍ മുസ്‌ലിം പ്രാതിനിധ്യം. പശ്ചിമബംഗാളിലെയും ബംഗ്ലാദേശിലെയും മുസ്‌ലിംകള്‍ എന്തുകൊണ്ട് ഇത്ര ദരിദ്രരും പതിതരുമായി എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളിലൊന്ന് ബ്രിട്ടീഷുകാരുടെ പ്രതികാര നടപടികള്‍ എന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുസ്‌ലിംകള്‍ നല്‍കിയ വിലയായിരുന്നു ഇത്. ബ്രിട്ടീഷുകാര്‍ ബംഗാളിനെ എങ്ങനെ നശിപ്പിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ വിനിന്‍ പെരീരയും ജെറമിസീബ്രൂക്കും നല്‍കുന്നുണ്ട്.6  ബംഗാള്‍ മാത്രമല്ല, ബിഹാര്‍,അസം, ഉത്തര്‍ പ്രദേശ് തുടങ്ങി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം ബ്രിട്ടീഷ് കാപാലികതയുടെ ഇരയായി. അവിടങ്ങളിലാണ് മുസ്‌ലിംകള്‍ ഇന്നും ഏറ്റവും പിന്നാക്കമെന്ന് ഓര്‍ക്കണം. (തുടരും)

കുറിപ്പുകള്‍

1. w.w. Hunter, The Indian Musalmans,Are they Bound in Conscience to Rebel Against the Queen? London: Truliner, 1871

2. Letters Written during the Indian Mutiny: London. Mac Millan-1924,P.30

3. The Communal Triangle-Asoka Mehta

4. The Muslims of British India Cambridge Southasian Studies, Cambridge University press 1973

5. w.w Hunter, Ibid

6. Sir William Hunter-The Indian Musalmans-1871

7. Global Parasites-Chapter 1,2,3


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍