Prabodhanm Weekly

Pages

Search

2014 മെയ്‌ 30

സംഗീതം, ഇനിയും വിശകലനങ്ങള്‍ വേണം

ഹസീം മുഹമ്മദ്, ഹൈദരാബാദ്

സംഗീതം, ഇനിയും വിശകലനങ്ങള്‍ വേണം

         'ഇസ്‌ലാമിനോളം സംഗീതമുണ്ടോ' എന്ന ജമീല്‍ അഹ്മദിന്റെ ലേഖനം പങ്കുവെക്കുന്ന സന്ദേഹത്തിന്റെ സ്വഭാവവും നിഗമനങ്ങളിലെ സമചിത്തതയും പ്രസക്തമാണ്. എന്നാല്‍ രണ്ടറ്റങ്ങളില്‍ നിന്നുള്ള നിഗമനങ്ങളെ അപനിര്‍മിക്കാനുള്ള ശ്രമങ്ങളില്‍ ഒരുപാട് ദുര്‍ഗ്രഹത വന്നുചേര്‍ന്നില്ലേ എന്നു സംശയിക്കാതെ വയ്യ. 

         ഇമ്പമുള്ള ശബ്ദങ്ങള്‍ കൊണ്ട് മാത്രം സംഗീതമാവില്ല. വ്യാഖ്യാനിച്ച് സംഗീതത്തിന്റെ മേഖലയില്‍ നിന്ന് പലതിനെയും പുറന്തള്ളുന്നതൊഴിച്ചാല്‍ വിശകലനവിധേയമാക്കപ്പെടുന്ന സംഗീതത്തിന്റെ സ്വഭാവം വ്യക്തമാക്കാന്‍ മുതിരുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ പല അഭിപ്രായങ്ങളും കാടടച്ചുള്ള വെടിവെപ്പ് തന്നെയായി തോന്നുന്നു. ഉദാഹരണത്തിന്, പാരമ്പര്യത്തെ പ്രശ്‌നവത്കരിച്ചുകൊണ്ടുള്ള ചോദ്യം ഇങ്ങനെയാണ് -'നമസ്‌കാരം ഇസ്‌ലാമിക പാരമ്പര്യമാണോ, നിര്‍ബന്ധ അനുഷ്ഠാനമാണോ?'ഉത്തരം ആര്‍ക്കും വ്യക്തം. പക്ഷേ, പ്രശ്‌നവത്കരണത്തിന്റെ സ്വഭാവമാണ് അവ്യക്തമാവുന്നത്. ഏതൊരു കലാരൂപവും ഒരു സംസ്‌കാരത്തില്‍ അതിന്റെ സവിശേഷ സ്വഭാവവും സൗന്ദര്യശാസ്ത്രവും പ്രകടമാക്കുന്നത് പ്രാദേശികമായി വികസിച്ചു വരുന്ന രൂപങ്ങളിലൂടെ തന്നെയാണ്. പ്രാദേശികത, പാരമ്പര്യം മുതലായവ അതിന്റെ ഇസ്‌ലാമിക സ്വഭാവത്തോട് ഇടയുന്നില്ല. 

         ചരിത്രപരമായി ഇസ്‌ലാമിക സംഗീതധാരയെ അല്ലെങ്കില്‍ കലയെ അതിന്റെ ഉത്ഭവം, പശ്ചാത്തലം, ആശയപ്രപഞ്ചം തുടങ്ങിയ സങ്കീര്‍ണതകളില്‍ നിര്‍ണയിക്കാതെ, ലളിതവത്കരിച്ച് ഇസ്‌ലാമികം എന്ന സംജ്ഞയുടെ ഉള്ളില്‍ സംശയിക്കപ്പെടുന്നതാക്കുക എന്ന നിലപാടിനോടാണ് വിയോജിപ്പ് രേഖപ്പെടുത്താനുള്ളത്. കാരണം, അതു തന്നെയാണ് ഇസ്‌ലാമും സംഗീതവും എന്ന ചോദ്യത്തെ നിരന്തരം പ്രശ്‌നവത്കരിക്കുന്നത്. 

         ലേഖകന്‍ ഒടുവില്‍ സൂചിപ്പിക്കുന്ന പോലെ ഇന്നോളം കൈകാര്യം ചെയ്യപ്പെട്ട വിധത്തിലല്ല ഈ വിഷയം ഇനി വിശകലനം ചെയ്യേണ്ടത്. അത് ഇത്തരം കര്‍മശാസ്ത്ര നിഗമനങ്ങളില്‍, സംഗീതത്തെ ചരിത്രപരവും സാംസ്‌കാരികവും കലാപരവും സൗന്ദര്യശാസ്ത്രപരവുമായ സമ്പൂര്‍ണ ദര്‍ശനപശ്ചാത്തലത്തില്‍ പഠിക്കാന്‍ കെല്‍പ്പുള്ള, അത് ആവശ്യമെന്ന് കരുതുന്ന പണ്ഡിതന്മാരുടെ അഭാവത്തില്‍ സാധ്യമാണോ എന്നതാണ് ചോദ്യം. ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്ന ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഹസീം മുഹമ്മദ്, ഹൈദരാബാദ്

ഇസ്‌ലാമിനോളം സംഗീതമുണ്ടോ

         ജമീല്‍ അഹ്മദിന്റെ 'ഇസ്‌ലാമിനോളം സംഗീതമുണ്ടോ' എന്ന ലേഖനം മികച്ച വായനാനുഭവമായിരുന്നു. ഇസ്‌ലാമില്‍ സംഗീതം ഹറാമോ ഹലാലോ എന്നത് ഒരു ചര്‍ച്ചാ വിഷയം ആക്കാതിരിക്കലാണ് നല്ലത്. ഇസ്‌ലാമിലെ ബാങ്ക് വിളി, ഖുര്‍ആന്‍ പാരായണം ഇതെല്ലാം ശാസ്ത്രീയ സംഗീതത്തേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ്. അതിന്റെ ചുവടു പിടിച്ചാണ് ബൈത്ത്, മാല, മൗലിദ് പാരായണങ്ങളിലെ ഇമ്പമാര്‍ന്ന ഇശലുകള്‍ ഉണ്ടായത്. അതുപോലെ മാപ്പിളപ്പാട്ടുകളും. മാപ്പിളപ്പാട്ടുകള്‍ മുഹ്‌യിദ്ദീന്‍ മാലയില്‍ നിന്ന് ആരംഭിച്ചു എന്നാണ് പറയപ്പെടുന്നത്. ഇസ്‌ലാമില്‍ ധാരാളം പണ്ഡിതന്മാരായ കവികള്‍ ഉണ്ടായിരുന്നു. മുസ്‌ലിം ഗായകരും, അവരില്‍ തന്നെ ഗസല്‍, ഖയാല്‍, സൂഫി സംഗീതം എന്നിവയില്‍ മികച്ചു നിന്നവരും നിരവധി.

എം.വി.എം അബ്ദുര്‍റഹ്മാന്‍

സര്‍ക്കാര്‍ വിലാസം മദ്യവര്‍ജനം

         ലക്കം 2849-ലെ 'സര്‍ക്കാര്‍ വിലാസം മദ്യവര്‍ജനം' എന്ന മുഖക്കുറിപ്പ് വായിച്ചു. സമൂഹത്തിന് സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മദ്യം അനിവാര്യമാണെന്ന് വരുമ്പോള്‍ ആ സമൂഹത്തിന് ചിന്താപരമായ കുഴപ്പമുണ്ടെന്നാണര്‍ഥം. അരിക്കടകളെക്കാള്‍ സ്വര്‍ണക്കടകളും ആരാധനാലയങ്ങളെക്കാള്‍ ബാങ്ക്‌കെട്ടിടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യത്ത് മദ്യഷാപ്പുകളുടെ എണ്ണം മാത്രം കുറയേണ്ടതില്ലല്ലോ. ആരാധനാലയങ്ങളില്‍ നിന്ന് നിശ്ചിത അകലത്തിലേ മദ്യഷാപ്പുകള്‍ തുറക്കാവൂ എന്ന നിയമം ആരാധനാലയങ്ങളോടുള്ള ആദരവുകൊണ്ടല്ല; മറിച്ച്, ആരാധനാലയത്തിലെ ചടങ്ങുകള്‍ മദ്യപന്മാര്‍ക്ക് ശല്യമാകരുത് എന്നുള്ളതുകൊണ്ടാണെന്നു വേണം മനസ്സിലാക്കാന്‍!

റഹീം കെ. പറവന്നൂര്‍

ഈജിപ്ത്: കിട്ടേണ്ടത് കിട്ടിയപ്പോള്‍ 
ഇടതുപക്ഷത്തിന് തോന്നേണ്ടത് തോന്നിത്തുടങ്ങിയോ?

         രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ മുഹമ്മദ് മുര്‍സിയുടെ ഭരണകൂടത്തെ അട്ടിമറിച്ച സൈനിക നടപടിയെ ആവേശഭരിതരായി പിന്തുണച്ചവരാണ് ഇവിടത്തെ ഇടതുപക്ഷം. 'ജനകീയ പ്രക്ഷോഭത്തെ മാനിക്കാത്ത മുര്‍സിയെ സൈന്യം ഇടപെട്ട് പുറത്താക്കി' എന്നായിരുന്നു അന്ന് ദേശാഭിമാനി (5.8.2013) അച്ചുനിരത്തിയത്.

         20 ശതമാനം മാത്രം പോളിംഗ് നടന്ന, തെരഞ്ഞെടുപ്പ് പ്രഹസനത്തെ പ്രശംസിച്ചുകൊണ്ട്, ഈജിപ്തില്‍ ഇടക്കാല സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭരണഘടന ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരിക്കുന്നുവെന്നും, പങ്കെടുത്ത 90 ശതമാനത്തോളം പേര്‍ പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം നല്‍കിയിരിക്കുന്നുവെന്നും തുടര്‍ന്നുള്ള ജനാധിപത്യ പ്രക്രിയ (?) സുഗമമായി നടക്കുമെന്ന പ്രതീക്ഷയിലാണ് ഭരണനേതൃത്വമെന്നും' ദേശാഭിമാനി (17-1-2014) എഴുതിവിട്ടു.

         ക്രൂരമായ ജനാധിപത്യ കശാപ്പിനെയും സൈനികാധിപത്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രഹസനത്തെയും പിന്തുണക്കാന്‍ ജനാധിപത്യം പ്രസംഗിക്കുന്ന ഇവിടത്തെ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ തോമസ് ഐസക് വളച്ചുകെട്ടില്ലാതെ വെട്ടിത്തുറന്നതിങ്ങനെ: ''സ്ഥാനഭ്രഷ്ടരാക്കപ്പെട്ട സ്വേഛാധിപതികള്‍ക്ക് പകരം, ഇസ്‌ലാമിക മൗലികവാദ ചിന്താഗതിക്കാര്‍ക്ക് മുന്‍തൂക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഈജിപ്തില്‍ അധികാരത്തില്‍ വന്നത്.''

         എന്നാല്‍, ഈജിപ്തില്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. 683 ബ്രദര്‍ഹുഡുകാരെയാണ് സൈനിക കോടതി, ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്! 'ഇസ്‌ലാമിക മൗലികവാദികള്‍'ക്കെതിരെ സൈനികാധിപത്യത്തോടൊപ്പം ഉറച്ചുനിന്ന തങ്ങള്‍ ഈജിപ്തില്‍ സുരക്ഷിതരായിരിക്കുമെന്ന ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ പിഴച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സൈനിക സര്‍ക്കാറിനെതിരെ തിരിയാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമാവുകയാണ്. ഇക്കാര്യം 26-4-2014-ലെ ദേശാഭിമാനി, ഈജിപ്തിലെ അല്‍ അഹ്‌റാം പത്രത്തെ ഉദ്ധരിച്ചുകൊണ്ട് എഴുതിയതിങ്ങനെ: ''ഇസ്‌ലാമികവാദികളെയും മതേതരവാദികളെയും ഒരുപോലെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റേത് ഒരു ഫാഷിസ്റ്റ് ദേശീയതയാണ്.'' സ്വേഛാധിപത്യത്തിനും രാഷ്ട്രഭീകരതക്കും കൂട്ടുനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥിതിയാണ് ഇപ്പോള്‍ ഈജിപ്തില്‍ നിലനില്‍ക്കുന്നതെന്ന് വെട്ടിത്തുറന്നു പറയുന്ന ദേശാഭിമാനി ലേഖനം തുടരുന്നു: ''ആയിരത്തില്‍ പരം ആളുകളെ കൂട്ടക്കൊല ചെയ്ത, സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ഇരുപതിനായിരത്തോളം പേരെ തടങ്കലിലാക്കി ക്രൂരമായി മര്‍ദിക്കുന്ന ഭരണകൂടമാണ് ഈജിപ്തിലേത്. ഹുസ്‌നി മുബാറക്കിന്റെ സ്വേഛാധിപത്യത്തേക്കാള്‍ ജനവിരുദ്ധമായ ഒരു ഭരണകൂടമാണ് ഇന്ന് അധികാരത്തിലുള്ളത്.''

         ഈജിപ്തില്‍ ഇടക്കാല സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭരണഘടന ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരിക്കുന്നുവെന്നും തുടര്‍ന്നുള്ള ജനാധിപത്യ പ്രക്രിയ(?) സുഗമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എഴുതിയ ദേശാഭിമാനി, പ്രസ്തുത തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ നീതിപൂര്‍വകതയുടെ ഉള്ളുകള്ളി ഇപ്പോള്‍ തൊലിയുരിക്കുന്നതിങ്ങനെ: ''പുതിയ ഭരണഘടനക്ക് ജനുവരിയില്‍ ജനഹിത പരിശോധന നടത്തി, റഫറണ്ടത്തില്‍ 98 ശതമാനത്തിലധികം പുതിയ ഭരണഘടനയെ അനുകൂലിച്ച് 'ഉവ്വ്' എന്ന് വോട്ട് ചെയ്തു. 'ഉവ്വ്' എന്നൊരു വരി മാത്രമേ ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നുള്ളൂ. അത്ര 'ജനാധിപത്യപരവും' 'നീതിപൂര്‍വകവും' 'സുതാര്യവു'മായിരുന്നു ജനഹിത പരിശോധന. സൈന്യത്തെ രാഷ്ട്രത്തിനുള്ളിലെ രാഷ്ട്രീയമാക്കുന്നതാണ് പുതിയ ഭരണഘടന.''

         കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്നു ഇടതുപക്ഷത്തിന്റെ ഈ സ്വരമാറ്റം. 'ഈജിപ്തിലെ പട്ടാള ഭരണത്തിന് ഒബാമയുടെ ആശീര്‍വാദം' എന്ന തലക്കെട്ടില്‍ വന്ന ദേശാഭിമാനി ലേഖനം, ഈജിപ്തിലെ പട്ടാള ഭരണത്തിന് സ്വേഛാധിപത്യത്തിനും സൈനികാധിപത്യത്തിനും എതിരെ ഗര്‍ജിക്കാറുള്ള ഇടതുപക്ഷത്തിന്റെ ആശീര്‍വാദവും ഉണ്ടായിരുന്നു, ഉണ്ട് എന്ന രസിക്കാത്ത സത്യവും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

റഹ്മാന്‍ മധുരക്കുഴി

         ഈയിടെ ഒരു ഉമ്മ വീട്ടില്‍ വന്നു. സമീപ പ്രദേശവാസിയാണ്. മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ചോദിച്ചാണ് വന്നത്. ഭര്‍ത്താവ് മരണപ്പെട്ടതിനാല്‍ മകളുടെ വിവാഹത്തിന് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാനുള്ള പണം സ്വരൂപിക്കാനുള്ള യാത്രയിലാണവര്‍. ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ട പിതാക്കളെയും പല പള്ളികളിലും നാം കാണാറുണ്ട്. ഇത്തരത്തില്‍ യാചിച്ചുണ്ടാക്കിയ പണമാണ് പലരും സ്ത്രീധനമായി നല്‍കുന്നത്. വാങ്ങുന്നവര്‍ ഇതൊക്കെ അല്‍പം ചിന്തിക്കുന്നത് നല്ലതാണ്. പലരും ഈ പണമുപയോഗിച്ചാണ് വരനും വരന്റെ കുടുംബത്തിനും വിവാഹത്തിന് വേണ്ടിയുള്ള വസ്ത്രം വാങ്ങുന്നതും വിവാഹ ദിവസത്തെ ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണ്ടെത്തുന്നതും. മഹ്ര്‍ നല്‍കാന്‍ പോലും ചിലര്‍ ഈ പണമാണ് ഉപയോഗിക്കുന്നത് എന്നറിയുമ്പോള്‍ അതിന്റെ ജീര്‍ണത എത്രത്തോളമാണെന്ന് ചിന്തിച്ചു നോക്കൂ.

എന്‍.കെ റസാഖ് ചെറൂപ്പ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍