Prabodhanm Weekly

Pages

Search

2014 മെയ്‌ 30

വിദ്യാഭ്യാസത്തിന്റെ ആദ്യകാലം

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ /തിരിഞ്ഞുനോക്കുമ്പോള്‍ -3

         പഠിച്ചുവളരാന്‍ നല്ല അവസരങ്ങള്‍ ലഭിച്ചുവെന്നത് കുട്ടിക്കാലത്തെക്കുറിച്ച് എനിക്കുള്ള മധുരസ്മരണയാണ്. വിദ്യാഭ്യാസത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കിയ കുടുംബത്തിലും ദേശത്തും ജനിച്ചത് ആ അര്‍ഥത്തില്‍ വലിയ അനുഗ്രഹമായി. സ്വന്തം നിലയില്‍ പഠിച്ചുവളര്‍ന്ന് അധ്യാപകനായിത്തീര്‍ന്ന വാപ്പ തന്നെയായിരുന്നു എന്റെ ആദ്യഗുരുനാഥന്‍ എന്നു പറയാം. ജ്യേഷ്ഠന്‍ മുഹമ്മദലിയും മറ്റും വലിയ പിന്തുണയും പ്രോത്സാഹനവും തന്നിട്ടുണ്ട്.

         നാലാം വയസ്സില്‍ സഹോദരങ്ങളോടൊപ്പം ഓത്തുപള്ളിയില്‍ പോയാണ് ഞാന്‍ പഠനം ആരംഭിച്ചത്. വീട്ടില്‍ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെ മാടവന യു ബസാറിലായിരുന്നു ഓത്തുപള്ളി. ഇറക്കത്ത് വീട്ടില്‍ ഹാഫിള് മുഹമ്മദ് മൗലവി തന്റെ വീടിന്റെ വരാന്തയിലാണ് ആ ഓത്തുപള്ളി നടത്തിയിരുന്നത്. അക്കാലത്തെ ഏകാധ്യാപക മതപഠന സംവിധാനമായിരുന്നു ഇത്തരം ഓത്തുപള്ളികള്‍. പ്രദേശത്ത് അന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഏക വ്യക്തിയായിരുന്നു അദ്ദേഹം. അറബി അക്ഷരമാല, ഖുര്‍ആന്‍ പാരായണം, ചെറിയ ദീനീ പാഠങ്ങള്‍, നമസ്‌കാരം തുടങ്ങിയവ ഓത്തുപള്ളിയില്‍ നിന്നാണ് പഠിച്ചത്. കുട്ടികളെ പ്രത്യേകം ക്ലാസ് തിരിച്ച് ഇരുത്തുന്ന രീതി ഏകാധ്യാപക വിദ്യാലയത്തില്‍ ഉണ്ടാകില്ലല്ലോ. കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഓരോവിദ്യാര്‍ഥിക്കും വെവ്വേറെ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുകയായിരുന്നു പതിവ്. പത്തുകിതാബായിരുന്നു പ്രധാന പാഠപുസ്തകം. കര്‍മശാസ്ത്ര വിഷയങ്ങള്‍ പ്രാഥമികമായി മനസ്സിലാക്കാന്‍ ഇത് സഹായകമായി. നിലത്തിരുന്ന് ഓത്തുപലകയില്‍ എഴുതിയാണ് അറബി അക്ഷരങ്ങളും വാക്കുകളും മറ്റും പഠിച്ചിരുന്നത്. എന്നാല്‍ മദ്‌റസാ പ്രസ്ഥാനം വന്നതോടെ ഓത്തുപള്ളികള്‍ക്ക് മാറ്റമുണ്ടായിത്തുടങ്ങി. ക്ലാസ് റൂം, ബെഞ്ച്, മേശ,ബോര്‍ഡ് മുതലായവയുണ്ടായി. മാടവന മഹല്ല് ജുമുഅത്ത് പള്ളിയോടനുബന്ധിച്ചാണ് ഇവിടെ ആദ്യത്തെ മദ്‌റസ സ്ഥാപിക്കപ്പെടുന്നത്. മഹല്ല് പ്രസിഡന്റായിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലായിരുന്നു മദ്‌റസക്ക് തുടക്കം കുറിച്ചത്. ആ അര്‍ഥത്തില്‍ മുസ്‌ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു അത്. പിന്നീട് ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ മദ്‌റസാ പ്രസ്ഥാനത്തിന് വ്യവസ്ഥാപിത രൂപം നല്‍കുകയായിരുന്നു.

         പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ സഹോദരന്‍ അബ്ദുല്ല മൗലവി ഞങ്ങളുടെ മദ്‌റസയില്‍ അധ്യാപകനായിരുന്നു. ഇള്ളി എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ശാന്തപുരത്തെ കെ.ടി അബ്ദുര്‍റഹ്മാന്‍ മൗലവി 1960-കളുടെ തുടക്കത്തില്‍ ഇവിടെ അധ്യാപകനായി വന്നു. മാഞ്ഞാലി സ്വദേശി അബ്ദുല്‍ഖാദര്‍ മൗലവി, മഹല്ല് ഖത്വീബ് കടമ്പോട്ട് ഹൈദ്രോസ് മൗലവി,ടി.എം കുഞ്ഞുമുഹമ്മദ് മൗലവി വടുതല തുടങ്ങിയവരാണ് ഓര്‍മ്മയിലുള്ള മറ്റു അധ്യാപകര്‍. അബ്ദുല്ല മൗലവി, അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവരുടെ ശിഷ്യത്വം ഇസ്‌ലാമിനെക്കുറിച്ച് പ്രത്യേകമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഇത് പില്‍ക്കാലത്ത് പ്രസ്ഥാനരംഗത്ത് മുന്നോട്ടുപോകാനുള്ള ബാല്യകാല പ്രചോദനമായി വര്‍ത്തിച്ചു.

         തിരൂരങ്ങാടി സി.എച്ച് പ്രിന്റിംഗ് പ്രസില്‍ നിന്ന് അച്ചടിച്ച പുസ്തകങ്ങളാണ് മദ്‌റസയില്‍ പഠിപ്പിച്ചിരുന്നത്. കുഞ്ഞുമുഹമ്മദ് മൊല്ലാക്ക എന്നൊരാളാണ് കിതാബുകള്‍ കൊണ്ടുവന്നിരുന്നത്. എടവിലങ്ങ് സ്വദേശിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഇത്തരം വ്യക്തികള്‍ പൊന്നാനിയിലും തിരൂരങ്ങാടിയിലും പോയി കിതാബുകള്‍ വാങ്ങിക്കൊണ്ടുവന്ന് വില്‍ക്കുമായിരുന്നു. കുഞ്ഞുമുഹമ്മദ് മൊല്ലാക്കയുടെ മകനാണ് പില്‍ക്കാലത്ത് ആലുവയില്‍ ഇസ്‌ലാമിക് ബുക്സ്റ്റാള്‍ നടത്തിയുന്ന എന്‍.എ.കെ ഹാജി. അറബിമലയാളത്തിലുള്ളതായിരുന്നു പൊതുവെ പാഠപുസ്തകങ്ങള്‍. അറബിഭാഷാപഠനത്തിന് പ്രത്യേകം പുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. സ്‌കൂളുകളിലെ അറബിക് ടെക്സ്റ്റുകള്‍ തന്നെയാണ് പഠിപ്പിച്ചിരുന്നത്. ഏഴാം ക്ലാസ് വരെയായിരുന്നു എന്റെ മദ്‌റസ വിദ്യാഭ്യാസം. അക്കാലത്ത് ഇവിടുത്തെ മദ്‌റസയില്‍ അത്രയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ അനൗദ്യോഗിക ആസ്ഥാനമായി പരിഗണിക്കാവുന്ന മാടവനപള്ളിയുടെ ഭാഗമായാണ് മദ്‌റസ ആരംഭിച്ചതെന്ന കാര്യം ചരിത്ര പ്രാധാന്യമുള്ളതാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്നു വന്ന മദ്‌റസയില്‍ ഏതാണ്ടെല്ലാ അധ്യാപകരും ജമാഅത്ത് പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. അവരെ മദ്‌റസയില്‍ നിയമിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമായിരുന്നു. ഐക്യസംഘത്തിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കുഞ്ഞഹമ്മദ് ഹാജി, പിന്നീട് രൂപപ്പെട്ട കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംഘടനാ ചട്ടക്കൂടിനകത്ത് ഉള്ള ആളായിരുന്നില്ല. അക്കാലത്ത് 'മുജാഹിദ്'സംഘടനാ പ്രവര്‍ത്തകര്‍ ഞങ്ങളുടെ പ്രദേശത്ത് അധികമൊന്നും ഉണ്ടായിരുന്നുമില്ല.

         എറിയാട് കേരളവര്‍മ ഹൈസ്‌കൂളായിരുന്നു എന്റെ വിദ്യാഭ്യാസത്തിന്റെ മറ്റൊരു തട്ടകം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്ഥാപിച്ചതാണ്. മുസ്‌ലിം ഐക്യ സംഘത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവന്ന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെയും ഭാഗമായിരുന്നു ഇത്. വിദ്യാഭ്യാസ രംഗത്ത് വലിയ താല്‍പര്യമുള്ള വ്യക്തിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. കേരളത്തിന്റെ പലഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പണവും സ്ഥലവും നല്‍കിയിട്ടുണ്ട് അദ്ദേഹം. അതിലൊന്നാണ് കേരള വര്‍മ ഹൈസ്‌കൂള്‍. സ്വന്തം സ്ഥലത്ത് സ്വയം പണം ചെലവഴിച്ച് സ്ഥാപിച്ച സ്‌കൂളിന് 'കേരള വര്‍മ ഹൈസ്‌കൂള്‍' എന്ന് പേരിടുകയായിരുന്നു അദ്ദേഹം.  കൊച്ചിരാജാവിന്റെ പേരാണ് കേരളവര്‍മ്മ. പ്രമാണിയായ മണപ്പാടന് കൊച്ചിരാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്വന്തമായി സ്ഥാപിച്ച സ്‌കൂളിന് ഒരു മുസ്‌ലിം പേരല്ല കുഞ്ഞഹമ്മദ് ഹാജി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. സ്‌കൂളിന് പൊതു സ്വഭാവം വരട്ടെ, എല്ലാവരുടെയും സ്‌കൂളാകട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് രാജാവിന്റെ പേര് നല്‍കിയത്. ഒരുപക്ഷേ സ്‌കൂളിന് അംഗീകാരം കിട്ടാനും ഇത് ആവശ്യമായിരുന്നിരിക്കാം.

         പഠനരംഗത്ത് ശരാശരി നിലവാരമേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, മോശമായിരുന്നില്ല. പത്താം ക്ലാസ് പരീക്ഷയുടെ സമയമായപ്പോള്‍ എനിക്ക് പനിബാധിച്ചു. ടൈഫോയ്ഡ് ആയിരുന്നു. രണ്ടു മാസത്തെ ചികിത്സകൊണ്ടാണ് രക്ഷപ്പെട്ടത്. അന്ന് ഉപയോഗിച്ച മരുന്നുകളുടെ അനന്തരഫലങ്ങള്‍ പിന്നീട് എനിക്ക് ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അസുഖബാധിതനായാണ് ഞാന്‍ പത്താംക്ലാസ് പരീക്ഷ എഴുതിയത്. അതുകാരണം എനിക്ക് പ്രത്യേകം ബെഞ്ചും ഡസ്‌കും അനുവദിച്ചിരുന്നു. എങ്കിലും പരീക്ഷ എഴുതിയ നാല്‍പത് പേരിലെ വിജയിച്ച അഞ്ചില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. കണക്കില്‍ നല്ല കഴിവുണ്ടായിരുന്ന ജ്യേഷ്ഠന്‍ കെ.എ സദഖത്തുല്ല എനിക്ക് പ്രത്യേക ട്യൂഷന്‍ തരികയുണ്ടായി. കൂടുതല്‍ മാര്‍ക്കൊന്നും കണക്കില്‍ കിട്ടിയില്ലെങ്കിലും പാസ്മാര്‍ക്ക് ലഭിക്കാന്‍ ഇത് കാരണമായി. മൂത്ത സഹോദരങ്ങള്‍ എനിക്ക് പഠനത്തില്‍ വലിയ പ്രോത്സാഹനമാണ് തന്നിരുന്നത്. എല്‍.പി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്ന മുഹമ്മദലി മാസ്റ്ററും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകനായിരുന്ന ബാഹുലേയന്‍ മാസ്റ്ററും എന്നെ ഏറെ സ്വാധീനിച്ചവരാണ്. നന്നായി ക്ലാസെടുക്കുന്ന, നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്ന, വിദ്യാര്‍ഥികളുമായി നല്ല വ്യക്തിബന്ധമുണ്ടായിരുന്ന ആളാണ് ബാഹുലേയന്‍ മാസ്റ്റര്‍. ഇത്തരം അധ്യാപകരാണ് പാഠ്യ-പാഠ്യേതര രംഗത്ത് മുന്നേറാന്‍ പ്രചോദനം നല്‍കുന്നത്. പുതുതലമുറയില്‍ ഇത്തരം ഗുണങ്ങളുള്ള അധ്യാപകര്‍ എത്രത്തോളമുണ്ടന്നത് ചിന്തിക്കേണ്ട കാര്യമാണ്. അധ്യാപനം ശമ്പളത്തിന് വേണ്ടിയുള്ള തൊഴിലിനപ്പുറം ഭാവിതലമുറയെ ഉത്തമരായി വാര്‍ത്തെടുക്കാനുള്ള പ്രതിജ്ഞാബദ്ധമായ സാമൂഹിക പ്രവര്‍ത്തനം കൂടിയാണ്.

         സ്‌പോര്‍ട്‌സില്‍ ഒട്ടും ആഭിമുഖ്യമില്ലാതിരുന്ന എനിക്ക് കലാസാഹിത്യരംഗത്തും പ്രത്യേക താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ പരിസരപ്രദേശങ്ങളിലെ കുട്ടികളെ കൂട്ടി ലൈബ്രറികളുണ്ടാക്കുമായിരുന്നു. പത്രങ്ങളും ആഴ്ചപ്പതിപ്പുകളും സംഘടിപ്പിച്ച് സ്‌കൂളിലും കുട്ടികള്‍ ഒത്തുചേരുന്ന മറ്റു സ്ഥലങ്ങളിലുമൊക്കെ വായനശാലകള്‍ പോലെ സജ്ജീകരിക്കും. കേരള കൗമുദിയായിരുന്നു അന്ന് പ്രചാരമുള്ള പത്രം. മാതൃഭൂമിയും ലഭിക്കുമായിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങള്‍ എടുത്ത് വായിച്ചിരുന്നു. വാപ്പക്കും തരക്കേടില്ലാത്ത ലൈബ്രറി ഉണ്ടായിരുന്നു. പ്രബോധനം വാരിക ഒന്നാം ലക്കം മുതല്‍ ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു വീട്ടില്‍. ഇതുകൊണ്ടെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ വായനയും വൈജ്ഞാനിക താല്‍പര്യങ്ങളും സജീവമായിരുന്നു. കുട്ടികളെ വായനാപ്രിയരും വിജ്ഞാന ദാഹികളുമാക്കി മാറ്റുന്നതില്‍ സ്‌കൂളുകള്‍ക്കു പുറമെ ഗൃഹാന്തരീക്ഷവും വീട്ടിലെ പുസ്തക ശേഖരവുമൊക്കെ വലിയ പങ്കുവഹിക്കുന്നുണ്ടല്ലോ.   

(ഓര്‍മക്കുറിപ്പ് ഇടവിട്ട ലക്കങ്ങളില്‍ തുടരും)

തയാറാക്കിയത്
സദ്‌റുദ്ദീന്‍ വാഴക്കാട്
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 89-94
എ.വൈ.ആര്‍