ജീവിതപാഠങ്ങള്‍-6
അല്ലാഹുവിന്റെ അടിമകളേ, സത്യസന്ധരാവുക. ഏകദൈവ വിശ്വാസത്തില്‍ സത്യസന്ധരായവര്‍ ഒരിക്കലും വഴിപിഴക്കില്ല. നഫ്‌സിന്റെയോ വികാരങ്ങളുടെയോ പിശാചിന്റെയോ പ്രലോഭനത്തിനു വഴങ്ങി നിലവിട്ടു പോവില്ല. അവരൊരിക്കലും ആക്ഷേപങ്ങള്‍ക്കു ചെവി കൊടുക്കുകയുമില്ല. അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും സത്യവിശ്വാസികളെയും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ കപടരുടെ വാക്കുകേട്ടു സത്യപാതയില്‍നിന്നും പിന്മാറില്ല. സത്യസന്ധര്‍ക്കു സത്യസന്ധരെയും അസത്യവാദികള്‍ക്ക് അസത്യവാദികളെയുമല്ലാതെ പരിചയമുണ്ടാവില്ല. സത്യവിശ്വാസികളുടെ അഭിലാഷങ്ങളെല്ലാം ഉപരിലോകത്തെ ഉന്നത വിതാനത്തിലാകുന്നു. ആരുടെ നാവുകള്‍ക്കും അവരെ അപായപ്പെടുത്താനാവില്ല. കാര്യങ്ങളുടെയെല്ലാം പരമാധികാരം അല്ലാഹുവിലാകുന്നു. അല്ലാഹു നിങ്ങളെ ഒരു ഉദ്യമത്തിനായി തെരഞ്ഞെടുത്താല്‍ അവന്‍ തന്നെ നിങ്ങളെയതിന് സജ്ജമാക്കുകയും ചെയ്യുന്നു.
സൃഷ്ടികളെ ആകമാനം സന്ധിക്കയാണെങ്കിലും തന്റെ 'പ്രണയഭാജനത്തെ'യല്ലാതെ മറ്റാരെയും കണ്‍പാര്‍ക്കാന്‍ സത്യവിശ്വാസികള്‍ മോഹിക്കില്ല. അവരുടെ ബാഹ്യനേത്രങ്ങള്‍ ഇഹലോകത്തെ വിലമതിക്കുമെങ്കിലും, ഹൃദയനേത്രങ്ങള്‍ പരലോകത്തെയല്ലാതെ ഗൗനിക്കില്ല. അന്തരാത്മാവിന്റെ അകക്കണ്ണുകളാവട്ടെ, അല്ലാഹുവല്ലാത്ത മറ്റൊന്നിനെയും പരിഗണിക്കുക പോലുമില്ല. കപടവിശ്വാസികളുടെ വാക്കുകള്‍ തലയില്‍നിന്നും നാവില്‍നിന്നും ഉയിരെടുക്കുന്നുവെങ്കില്‍, സത്യവിശ്വാസികളുടെ മൊഴികള്‍ ഹൃദയത്തില്‍നിന്നും അന്തരാത്മാവില്‍നിന്നും നാമ്പെടുക്കുന്നു. അവരുടെ ഹൃദയമെപ്പഴും 'യജമാനന്റെ' വാതില്‍പ്പടിയിലാകുന്നു. അന്തരാത്മാവാകട്ടെ അവന്റെ തിരുസന്നിധിയിലുമാകുന്നു. വീടകത്തേക്കു പ്രവേശനം ലഭിക്കുവോളം അതു വാതില്‍പ്പടിയില്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു.
അല്ലയോ അസത്യവാദികളേ, സത്യസന്ധര്‍ ഒരിക്കലും പിന്തിരിയില്ല. അവരുടെ പ്രവൃത്തിയും അവകാശവാദങ്ങളും സാക്ഷ്യവുമെല്ലാം സത്യമാകുന്നു. 'പ്രണയഭാജനത്തില്‍നിന്ന്' വരുന്ന അസ്ത്രങ്ങള്‍ കണ്ട് അവര്‍ പുറം തിരിക്കില്ല. മറിച്ച്, അവ സ്വന്തം നെഞ്ചിലേറ്റുവാങ്ങുന്നു.
ഏതൊന്നിനോടുള്ള പ്രണയവും നമ്മെ അന്ധരും ബധിരരുമാക്കുന്നു. തേടുന്നതെന്തിനെ എന്നു തിരിച്ചറിയുന്നതോടെ അതിനുവേണ്ടി എന്തുതന്നെ ചെലവഴിച്ചാലും പോരെന്ന് നമുക്കു തോന്നും. പ്രണയത്തില്‍ നിഷ്‌കളങ്കരായവര്‍, 'പ്രണേതാവിനോടുള്ള' മോഹത്താല്‍ അന്ധരായവര്‍, അപായങ്ങളിലേക്കെടുത്തു ചാടുന്നു. മറ്റുള്ളവര്‍ സമീപിക്കുവാന്‍ പോലും ഭയപ്പെടുന്നതിലേക്ക് അവര്‍ ഓടിയണയുന്നു. പ്രണയതീവ്രതയും വിശ്വാസത്തിലെ സത്യസന്ധതയും പ്രണേതാവില്‍നിന്ന് അകലുന്നതിലുള്ള അക്ഷമയുമാകുന്നു അവര്‍ക്കു പ്രചോദനമേകുന്നത്. സത്യസന്ധരെ കപടരില്‍നിന്ന് വേര്‍തിരിക്കുന്നത് ക്ലേശങ്ങളും പരീക്ഷണങ്ങളുമാകുന്നു. സത്യവിശ്വാസിയായൊരു കവി പാടി:
''സന്തോഷ വേളയിലല്ലസന്താപവേളയിലാകുന്നു
കപടരില്‍നിന്ന്
പ്രണേതാക്കളെ തിരിച്ചറിയുന്നത്.''
വിവ: വി. ബഷീര്‍
Comments