Prabodhanm Weekly

Pages

Search

2014 മെയ്‌ 02

മുസ്‌ലിം മത പ്രസിദ്ധീകരണങ്ങളിലെ രാഷ്ട്രീയ നിലപാടുകള്‍

ജിബ്രാന്‍ /റീഡിംഗ് റൂം

         കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ എന്തഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളില്‍ അവര്‍ അഭിപ്രായ സമന്വയത്തില്‍ എത്താറുണ്ട്. മോഡി ഒരു ദേശീയ ദുരന്തമായി മുമ്പിലവതരിച്ച പാര്‍ലമെന്റ് ഇലക്ഷനില്‍ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എന്ന പൊതു അജണ്ടയില്‍ എല്ലാ മതസംഘടനകളും പൊതു നിലപാടിലെത്തിച്ചേര്‍ന്നത് കാണാം. ഒരുമിച്ച് ഒരു മേശക്ക് ചുറ്റും ഇരിക്കാതെ തന്നെ ആ നിലപാട് സ്വീകരിക്കാനുള്ള വകതിരിവും രാഷ്ട്രീയ വിദ്യാഭ്യാസവും കേരള മുസ്‌ലിം സംഘടനകള്‍ക്കുണ്ടുതാനും. രാഷ്ട്രീയപരമായി വലതിനോടോ ഇടതിനോടോ ചേര്‍ന്നിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പോരായ്മകളെ വിമര്‍ശിക്കാനും അത് തുറന്നെഴുതാനും മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളെ മുസ്‌ലിം സമുദായം പിന്തുണച്ചു പോരുന്നത് ഗതികേടുകൊണ്ടാണെന്നും മാറ്റത്തിന്റെ പുതിയ ബദലുകള്‍ ശക്തിപ്പെട്ടുവന്നാല്‍ ആ നിലപാട് സമുദായം പുനഃപരിശോധിക്കുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ഇലക്ഷന് മുന്നോടിയായി ഇത്തരം നിലപാടുകള്‍ തുറന്നെഴുതിയ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകളെ പകര്‍ത്തിയെഴുതുകയാണ് ഈ ലക്കം റീഡിംഗ് റൂം.

ഫാഷിസത്തെയും മോഡിയുടെ കോര്‍പ്പറേറ്റ് പ്രചാരണങ്ങളെയും വിഷയമാക്കുന്ന രണ്ട് ലേഖനങ്ങളായിരുന്നു ഏപ്രില്‍ ആദ്യവാരത്തില്‍ സത്യധാര ദൈ്വവാരികയുടെ കവര്‍‌സ്റ്റോറി. 'തെരഞ്ഞെടുപ്പ് കാലത്തെ ന്യൂനപക്ഷ രാഷ്ട്രീയം' (മന്‍സൂര്‍ മാവൂര്‍), 'മുനിഞ്ഞു കത്തുന്ന മതേതരത്വത്തിന്റെ കരിന്തിരി' (അബ്ദുസമദ് ടി. കരുവാരക്കുണ്ട്) എന്നിവയാണ് ലേഖനങ്ങള്‍. എഴുത്തിന്റെ അകക്കാമ്പ് എഡിറ്റര്‍ മുഖവാചകത്തില്‍ പറയുന്ന വാക്കുകളില്‍ ചുരുക്കി വായിക്കാം. ''മതേതരത്വത്തെ മാനഭംഗപ്പെടുത്തി തീകുണ്ഡത്തിലേക്കെറിയാന്‍ ഫാഷിസത്തിന്റെ രാക്ഷസരൂപം ദല്‍ഹിയിലേക്കെത്തുമ്പോള്‍, അത് തടയേണ്ടത് ബഹുസ്വരത ആഗ്രഹിക്കുന്ന രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരുടെയും ബാധ്യതയാണ്... ഫാഷിസത്തിനെതിരെ സംഘടിക്കേണ്ടത് മുസ്‌ലിംകളുടെ മാത്രം ആവശ്യമായി കാണുന്നവരാണ് പലരും. അതുകൊണ്ടാണ് ഹിന്ദുത്വവര്‍ഗീയതയെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്കു പോലും അവര്‍ ജയിക്കാനിടയുള്ള സ്ഥലങ്ങളില്‍ ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനാവാത്തത്. സെക്യുലര്‍ പാര്‍ട്ടികള്‍ മറന്ന ഈ ദൗത്യം വോട്ടിംഗിനിടയിലെങ്കിലും പൗരസമൂഹം ഓര്‍ക്കുകയും പാര്‍ട്ടി മറന്ന ഫാഷിസത്തിനെതിരെ ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിയെ പിന്തുണക്കുകയും ചെയ്യേണ്ടതുണ്ട്'' (നമ്മുടെ സ്ഥാനാര്‍ഥി...? എഡിറ്റര്‍, സത്യധാര, ഏപ്രില്‍ 1-15).

ഫാഷിസ്റ്റുകള്‍ക്ക് വിജയസാധ്യതയുള്ളിടത്ത് അവരെ തോല്‍പിക്കുക എന്നത് മുഖ്യ അജണ്ടയാക്കാനും അവര്‍ മത്സരത്തിലില്ലാത്തിടത്ത് പുതിയ ബദല്‍ രാഷ്ട്രീയ വേദികളെ വിജയിപ്പിക്കാനും ആഹ്വാനം ചെയ്യുന്നതായിരുന്നു മാര്‍ച്ച് 28-ന് പ്രബോധനം വാരിക പ്രസിദ്ധീകരിച്ച ടി. ആരിഫലിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം. ''ഫാഷിസ്റ്റ് നീക്കത്തിനെതിരെ മതേതര കക്ഷികളെ സഹായിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. പക്ഷേ, മതേതര പാര്‍ട്ടികള്‍ അതിനുള്ള അര്‍ഹത ഓരോ സന്ദര്‍ഭത്തിലും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസും മറ്റു മതേതര പുരോഗമന കക്ഷികളും കോര്‍പറേറ്റ് നവലിബറല്‍ സാമ്പത്തിക മൂല്യങ്ങളാണ് പിന്‍പറ്റുന്നത്. ബി.ജെ.പി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന മുസ്‌ലിം, ദലിത് പിന്നാക്ക ജന വിഭാഗങ്ങളുമായി ഒരു തരത്തിലുള്ള സംവാദത്തിനും കോണ്‍ഗ്രസ് തയാറായിട്ടില്ല. ബി.ജെ.പി വിരുദ്ധ വികാരം മൂലം മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊള്ളുമെന്ന ഒരു ധാരണയിലാണ് ഇവര്‍ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംകളെ അഭിമുഖീകരിക്കുന്നത്. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമുദായമെന്ന നിലയില്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് പിന്നാക്ക ദലിത് ജനവിഭാഗങ്ങളും (39 ശതമാനം) മുസ്‌ലിംകളും (37.2 ശതമാനം) ആണ്. പക്ഷേ, ഈ വിഭാഗങ്ങളുമായി യാതൊരുവിധ ഇടപെടലുകളോ അവരുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ പരിഹാരമോ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ അവര്‍ സ്വീകരിച്ചത് മൃദുഹിന്ദുത്വമാണ്.

ഇടതുപക്ഷത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കേരളത്തില്‍ ഐ.എന്‍.എല്ലിനോടുള്ള അവരുടെ സമീപനം ഇതിന് ഉദാഹരണമാണ്. പല സമയങ്ങളില്‍ അവരെ പിന്തുണച്ച ജമാഅത്തെ ഇസ്‌ലാമിയെ അവര്‍ കടന്നാക്രമിക്കുകയാണ് ചെയ്തത്. ഇടതുപക്ഷത്തിന്റെ ഈ മുസ്‌ലിംവിരുദ്ധ സമീപനങ്ങളില്‍ അതൃപ്തിയുള്ള പശ്ചിമംബംഗാളിലെ അബ്ദുറസാഖ് മുല്ലയെ പോലുള്ള നേതാക്കള്‍ സി.പി.എമ്മില്‍ നിന്ന് രാജിവെച്ചുകൊണ്ടിരിക്കുന്നുണ്ട്. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയെ മറികടക്കാന്‍ അവലംബിക്കാവുന്ന പാര്‍ട്ടികളില്ലാതാവുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ പുതിയ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്'' (ടി. ആരിഫലി/ ശിഹാബ് പൂക്കോട്ടൂര്‍, 'ഇന്ത്യയില്‍ മുസ്‌ലിം പിന്നാക്ക ജനങ്ങളുടെ ഐക്യനിര ഉയര്‍ന്നുവരണം' പ്രബോധനം മാര്‍ച്ച് 28).

ഫാഷിസത്തിനെ തോല്‍പിക്കാന്‍ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ തന്നെ ദേശീയതലത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത കൂട്ടായ്മകളെ പിന്തുണച്ച് വോട്ട് പാഴാക്കരുതെന്ന് ഉണര്‍ത്തുന്നത് കൂടിയായിരുന്നു വിചിന്തനം വാരികയിലെ രാഷ്ട്രീയ ലേഖനങ്ങള്‍. ''ന്യൂനപക്ഷ വിരുദ്ധരും ഫാഷിസവും അധികാരത്തില്‍ വന്നപ്പോഴെല്ലാം പിന്നാക്ക വിഭാഗങ്ങള്‍ക്ക് കടുത്ത അവഗണനയും കനത്ത പ്രതിസന്ധിയുമാണ് ഉണ്ടായിട്ടുള്ളത്. വ്യാപകമായ കുപ്രചാരണങ്ങളിലൂടെയും നുണക്കഥകളിലൂടെയും നവ മാധ്യമങ്ങളിലൂടെ ഫാഷിസത്തിന് വികസനമുഖമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ, നിരായുധരും നിരാലംബരുമായ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒരേ ഒരു ആയുധം മാത്രമേയുള്ളൂ. അത് ബാലറ്റ് ആണ്. വിവേകത്തോടെ അത് ഉപയോഗിക്കുക. ബുദ്ധിപരമായി പ്രതിരോധിക്കുക'' ('വോട്ടിംഗ് വിവേകത്തോടെ'- ഡോ. സുല്‍ഫിക്കര്‍ അലി, വിചിന്തനം 2014 ഏപ്രില്‍ 11).

''പ്രാദേശിക പിണക്കങ്ങള്‍, പ്രാദേശികമായ താല്‍പര്യങ്ങള്‍ എന്നിവയേക്കാള്‍ ദേശീയ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും ചതിക്കുഴികളും തിരിച്ചറിയാന്‍ ചെറുപ്പത്തിന് സാധിക്കേണ്ടതുണ്ട്. മതേതരത്വത്തെ ശക്തിപ്പെടുത്താന്‍ കെല്‍പുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെയാണ് വിജയിപ്പിക്കേണ്ടത്. ജയിച്ച് ചെന്ന് ഒന്നും ചെയ്യാതെ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ചേരാന്‍ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ച് പാര്‍ലമെന്റ് അംഗങ്ങളാക്കണമോയെന്ന് നൂറു വട്ടം ആലോചിക്കണം. ദുര്‍ബല മുന്നണികള്‍ തട്ടിക്കൂട്ടി മതേതര വോട്ടുകള്‍ ഛിദ്രീകരിക്കുന്നവരെ മൂലയിലിരുത്താന്‍ വോട്ട് ഉപയോഗിക്കേണ്ട നിര്‍ണായക സാഹചര്യമാണിത്'' ('ചെറുപ്പം വിധി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്'- ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, വിചിന്തനം വാരിക മാര്‍ച്ച് 26).

ഏപ്രില്‍ 16-ന്റെ സുന്നി അഫ്കാറില്‍ 'ആര്‍.എസ്.എസ്സിന്റെ വിരുന്നുകാരനാണ് മോഡി' എന്ന പിണങ്ങോട് അബൂബക്കറിന്റെ കവര്‍‌സ്റ്റോറിയിലാണ് ദേശീയ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ചര്‍ച്ചയാവുന്നത്. ''നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ആര്‍.എസ്.എസ്സിന്റേതാണ്. അതാണെങ്കിലോ നാസി ജര്‍മനിയില്‍ നിന്ന് കടം കൊണ്ട പകയുടെയും ഉന്മൂലനത്തിന്റെയും താത്ത്വികാടിത്തറയില്‍ സ്ഥാപിതമായതുമാണ്. ഇന്ത്യയുടെ ഭരണസിരാ കേന്ദ്രം നിയന്ത്രിക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് അവസരം വന്നു ചേര്‍ന്നാല്‍ സംഭവിക്കുന്നത് ഗുജറാത്തില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനങ്ങളായിരിക്കും... നിര്‍ണായകമായ ഈ പൊതുതെരഞ്ഞെടുപ്പില്‍ പോലും ഇന്ത്യയിലെ അടിസ്ഥാന അപകടത്തെ സംബന്ധിച്ച സംവാദത്തില്‍ കക്ഷി ചേരാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് താല്‍പര്യമില്ല.  കമ്യൂണിസ്റ്റ് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പിന്തുണക്കാരും പൗരന്മാരുടെ ചിന്തകളെ വഴിതിരിച്ചുവിടുകയാണ്. ഇന്ത്യ നേരിടുന്ന അടിസ്ഥാന അപകടത്തെക്കുറിച്ചുള്ള സ്പഷ്ടീകരണങ്ങളോ നിലപാടുകളോ സ്വീകരിച്ചു കാണുന്നില്ല. അന്ധമായ വിരോധ രാഷ്ട്രീയവും അപകടകരമായ പാര്‍ലമെന്ററി വ്യാമോഹവും പല പാര്‍ട്ടികളെയും ബി.ജെ.പിയുടെ ബി.ടീം എന്ന പരുവത്തിലെത്തിച്ചിരിക്കുന്നു...''

ഇന്ത്യയിലെ മുഴുവന്‍ മതേതര കക്ഷികളും എങ്ങനെയാണ് മുസ്‌ലിം വോട്ടു ബാങ്കിനെ ഉപയോഗപ്പെടുത്തി അവര്‍ക്കര്‍ഹിച്ചത് പോലും തിരിച്ചു നല്‍കാതെ കാലങ്ങളായി വഞ്ചിക്കുന്നതെന്ന് കണക്കുകള്‍ സഹിതം വിശദീകരിക്കുന്നതായിരുന്നു മാര്‍ച്ച് 28-ലെ ശബാബ് വാരികയിലെ മുജീബുര്‍റഹഹ്മാന്‍ കിനാലൂരിന്റെ  'പരാജയപ്പെടുന്ന മുസ്‌ലിം വോട്ടുബാങ്ക്' എന്ന ലേഖനം. മുസ്‌ലിംകള്‍ ഒന്നിച്ചു നിന്നാല്‍ വിധിനിര്‍ണയത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന 110 ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നും  പക്ഷേ  വേട്ടുബാങ്കിനെ വില പേശല്‍ ശക്തിയായി ഉപയോഗപ്പെടുത്താന്‍ സമുദായത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ലേഖകന്‍ വ്യക്തമാക്കുന്നു. കാലങ്ങളായി സമുദായ വോട്ട് നേടുന്ന മതേതര കക്ഷികളാവട്ടെ ജനസംഖ്യാ പ്രാതിനിധ്യത്തിന് തുല്യമായ സ്ഥാനാര്‍ഥികളെ പോലും സമുദായത്തില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുമില്ല.

''ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള 24.7 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള കേരളത്തിലും 7.9 ശതമാനം മുസ്‌ലിംകളുള്ള ത്രിപുരയിലും 25.25 ശതമാനം മുസ്‌ലിം ജനസംഖ്യാ പ്രാതിനിധ്യമുള്ള പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന്റെ ടിക്കറ്റില്‍ ജയിച്ച എം.പിമാരുടെ എണ്ണം പരിശോധിച്ചാല്‍ 'മതേതരത്വ'ത്തിന്റെ പൊയ്മുഖം വെളിവാകും. എന്തിന്, ഇടതുപക്ഷത്തെ കുറ്റം പറയണം. മുസ്‌ലിം സംരക്ഷണത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്ര മുസ്‌ലിംകള്‍ക്ക് ടിക്കറ്റ് കൊടുത്തു? ഇത്തവണ എത്ര പേര്‍ക്ക് കൊടുക്കുന്നു? എത്ര പേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുണ്ടായിരുന്നു തുടങ്ങിയ കണക്കുകള്‍ പുറത്തെടുത്താല്‍ അവരുടെ മുസ്‌ലിം പ്രേമത്തിന്റെ കള്ളകളികള്‍ പുറത്തുചാടും'' (ശബാബ്  മാര്‍ച്ച് 28).

പുതിയ കാലത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ചലനങ്ങളുണ്ടാക്കാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കണമെന്നുണര്‍ത്തുന്നതായിരുന്നു തെളിച്ചം മാസികയിലെ 'മുസ്‌ലിം ഇനിയാരെയാണ് വിശ്വസിക്കേണ്ടത്'- എന്ന നവാസ് നിസാര്‍ വടകരയുടെ ലേഖനത്തിന്റെ ചുരുക്കം. ''ഇന്ത്യയിലെ മുസ്‌ലിംകളുടെ ചേതനയും ചോദനയും മനസ്സിലാക്കാത്തവരാണ് ഇന്ത്യയിലെ ഭൂരിപക്ഷ രാഷ്ട്രീയ സംഘടനകളും. ഈ പറഞ്ഞ സത്യം മനസ്സിലാക്കാത്തവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. ഒരു സല്‍മാന്‍ റുഷ്ദിയെയോ തസ്‌ലീമാ നസ്‌റിനെയോ നരേന്ദ്ര മോഡിയെയോ ജോര്‍ജ് ബുഷിനെയോ കാണിച്ച് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മുസ്‌ലിംകളെ നിലക്ക് നിര്‍ത്താം; വഴിനടത്താം എന്ന അവസ്ഥ ഇന്നും നിലനില്‍ക്കുന്നു. മുസ്‌ലിംകള്‍ വോട്ടു കച്ചവടക്കാര്‍ അല്ലെന്നും ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തിലെ പങ്കാളികള്‍ ആണെന്നും മനസ്സിലാക്കണം. മതനിരപേക്ഷത എന്ന മൂല്യം മുസ്‌ലിമിന്റെ മാത്രം ആവശ്യമല്ല എന്ന യാഥാര്‍ഥ്യവും ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം ഉള്‍ക്കൊള്ളണം. പഴയ രാഷ്ട്രീയ സമീപനങ്ങളെയും രീതികളെയും ചിന്തകളെയും സ്വാധീനിച്ച് പുതിയതാക്കി മാറ്റാന്‍ മറ്റു സാമൂഹിക വിഭാഗങ്ങള്‍ക്ക് എന്ന പോലെ മുസ്‌ലിംകള്‍ക്കും കഴിയണം'' (തെളിച്ചം 2014 ഏപ്രില്‍).

ബി.ജെ.പിയുടെ ഫാഷിസത്തെ തുറന്നെതിര്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധ അജണ്ടകള്‍ കാണാതെ പോകരുതെന്ന് ഉണര്‍ത്തുന്നു മാര്‍ച്ച് 25-ന്റെ ബുല്‍ബുല്‍ മാസിക. ''ഫാഷിസം ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ഇതുവരെ ഹിഡന്‍ അജണ്ടയായിരുന്നു ഫാഷിസം പ്രയോഗിച്ചിരുന്നത്. പുറമെ ഒരു മുഖംമൂടിയുണ്ടായിരുന്നു എന്നര്‍ഥം. എന്നാല്‍, ബി.ജെ.പിയുടെ തലമൂത്ത നേതാവിനെ പോലും അവഗണിച്ച് ഗുജറാത്ത് മുഖ്യമന്ത്രി മാസങ്ങള്‍ക്ക് മുമ്പെ വമ്പന്‍ പരസ്യങ്ങളുമായി പണമൊഴുക്കിത്തുടങ്ങിയിട്ടുണ്ട്...

ഇപ്പുറത്താവട്ടെ കോണ്‍ഗ്രസ്സും അത്ര നല്ല ഇമേജ് വരുത്തിയിട്ടില്ല. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍, നിരന്തരം ഉയരുന്ന ഇന്ധന വില, സാധന വിലയുടെ നിയന്ത്രണമില്ലായ്മ, സാധാരണക്കാരന്റെ സുരക്ഷിതത്വ പ്രശ്‌നം, അഴിമതിയുടെ വളര്‍ച്ച, സാധാരണക്കാരന്റെ മനസ്സില്‍ കോണ്‍ഗ്രസ് മുന്നണിയെക്കുറിച്ച് അത്ര നല്ല വിചാരങ്ങളല്ല ബാക്കി വെക്കുന്നത്. മൂന്നാം മുന്നണിയും മുന്നണിയില്ലാത്ത ഏകാങ്ക സംഘങ്ങളും അത്ര വലിയ പ്രതീക്ഷക്ക് വക തരുന്നില്ലെങ്കിലും അവര്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും വോട്ടിംഗ് അനുപാതത്തില്‍ ശക്തമായ തിരുത്ത് നടത്താന്‍ സാധിക്കും. അതാവട്ടെ നിര്‍ണായകവുമാകും'' ('ആരു ഭരിക്കും ഇന്ത്യ'- അഡ്വ. ഫാറൂഖ് ഇ. മുഹമ്മദ്, ബുല്‍ബുല്‍ മാര്‍ച്ച് 25).

സയ്യിദ് ശഹാബുദ്ദീന്‍, ഷാഹിദ് സിദ്ദീഖി, അലി അന്‍വര്‍ അന്‍സാരി, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ സെമിനാര്‍ മാസികയില്‍ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചയുടെ വിവര്‍ത്തനമാണ് ഏപ്രില്‍ 9-ന്റെ രിസാല വാരികയില്‍. അതിലെ സയ്യിദ് ശഹാബുദ്ദീന്റെ ഒരു അഭിപ്രായം പങ്കുവെച്ച് ഈ പകര്‍ത്തിയെഴുത്ത് അവസാനിപ്പിക്കുകയാണ്. ''സെക്യുലര്‍ സ്വഭാവമുള്ള ഒരു കോര്‍ പാര്‍ട്ടിയാണ് മുസ്‌ലിംകള്‍ക്ക് വേണ്ടത്. കേവലം മുസ്‌ലിം ഉത്കണ്ഠകളെപ്പറ്റി മാത്രം വേവലാതിപ്പെടുന്ന ഒരു പാര്‍ട്ടിയായി ഇത് പരിമിതപ്പെടരുത്. പ്രത്യുത അധികാര വികേന്ദ്രീകരണം, മറ്റു ദേശീയ പ്രശ്‌നങ്ങള്‍ തുടങ്ങി ഭിന്നമാര്‍ന്ന വിഷയങ്ങളെ പക്വമായ കാഴ്ചപ്പാടോടു കൂടി സമീപിക്കാന്‍ ഈ പാര്‍ട്ടിക്ക് കഴിയണം'' ('മുസ്‌ലിംകള്‍ സ്വന്തം രക്ഷിതാക്കള്‍ക്കും സെക്യുലര്‍ രക്ഷിതാക്കള്‍ക്കുമിടയില്‍', രിസാല ഏപ്രില്‍ 9). 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം