Prabodhanm Weekly

Pages

Search

2014 മെയ്‌ 02

ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കുടുംബം

ശൈഖ് മുഹമ്മദ് കാരകുന്ന് /കുടുംബം

         അടുത്തകാലം വരെയും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെ കുടുംബിനികളെ മറ്റു സ്ത്രീകള്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്. പുരുഷന്മാര്‍ അവര്‍ക്ക് നല്ല സ്വാതന്ത്ര്യംനല്‍കുന്നു. അവരോട് മാന്യമായി പെരുമാറുന്നു. സദാ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും ഇടപഴകുന്നു. കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ഇല്ല. പോരായ്മകള്‍ പോലും തിരുത്തിയിരുന്നത് തികഞ്ഞ ഗുണകാംക്ഷയോടെയാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകരുടെ കുടുംബിനികള്‍ എപ്പോഴും സംതൃപ്തരായിരിക്കും. ജീവിതപങ്കാളികളെപ്പറ്റി അവര്‍ക്കൊരു പരാതിയും പറയാനുണ്ടായിരുന്നില്ല. അഥവാ, വല്ലതുമുണ്ടെങ്കില്‍ അത് അവര്‍ക്ക് തങ്ങളോടൊപ്പം ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ലെന്നത് മാത്രമായിരുന്നു.

എന്നാലിപ്പോള്‍ ചില അപവാദങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടിലെയും വിദേശത്തെയും ചില സഹോദരിമാര്‍ തങ്ങളുടെ ഇണകളെ സംബന്ധിച്ച് പരാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ജീവിത പങ്കാളികള്‍ നല്ല ഇസ്‌ലാമിക പ്രവര്‍ത്തകരാണ്. മത കാര്യങ്ങളില്‍ നല്ല നിഷ്ഠയുമുണ്ട്. ചിലരെങ്കിലും ക്ലാസ്സുകളെടുക്കുന്നവരും പ്രസംഗകരും അറിയപ്പെടുന്നവരുമൊക്കെയാണ്. പക്ഷേ, ജീവിതത്തിലൊട്ടും സൈ്വരം തരുന്നില്ല. പുറത്ത് നല്ല മാന്യന്മാരാണ്. വീട്ടിലെത്തിയാല്‍ സഹിക്കാനാവുന്നില്ല. വലിയ ദേഷ്യമാണ്. പാതിരാവിലാണ് വരിക. വീട്ടിലെത്തുന്നതോടെ എന്തെങ്കിലും പറഞ്ഞ് കുറ്റപ്പെടുത്തും. ആക്ഷേപിക്കും. ഒന്നിനെ പറ്റിയും ഒരു നല്ല വാക്കുപോലും പറയില്ല. എപ്പോഴും കോപം തന്നെ. അപൂര്‍വം ചില സഹോദരിമാരെങ്കിലും ഇക്കാരണത്താല്‍ പ്രസ്ഥാനത്തെ തന്നെ വെറുക്കാന്‍ തുടങ്ങിയതായി പറയാറുണ്ട്. അവരുടെ വികാരം ക്രമേണ മക്കളിലേക്ക് പകരുകയും പടരുകയും ചെയ്യുന്നതോടെ കുടുംബം പൂര്‍ണമായും പ്രസ്ഥാനവിരുദ്ധമായി മാറുന്നു. അപൂര്‍വം ചിലപ്പോഴെങ്കിലും ഇസ്‌ലാംവിരുദ്ധവും.

പലരും ജീവിത പങ്കാളിയെ കുറിച്ച് ഏറ്റവും കൂടുതല്‍ പരാതി പറയാറുള്ളത് കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ കോപിക്കുന്നതിനെ കുറിച്ചാണ്. കലിയിളകുന്നതോടെ സ്വയം മറക്കും. താനൊരു ഇസ്‌ലാമിക പ്രവര്‍ത്തകനാണെന്ന കാര്യം പോലും ഓര്‍ക്കുകയില്ല. ദേഷ്യം മസ്തിഷ്‌കത്തെ മരവിപ്പിക്കും. വിശേഷബുദ്ധിയെ നിഷ്‌ക്രിയമാക്കും. വിവേചന ബോധത്തെ നശിപ്പിക്കും. അതോടെ പലതും വിളിച്ചുപറയും. വിവേകരഹിതമായി പെരുമാറും. ന്യായാന്യായങ്ങള്‍ പരിശോധിക്കാതെ എന്തെങ്കിലും പ്രവര്‍ത്തിക്കും. ഇതാണ് പലപ്പോഴും ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാക്കാറുള്ളത്. പുരുഷന്മാരെക്കുറിച്ച് പെണ്ണുങ്ങള്‍ക്കുള്ള ഏറ്റവും വലിയ ആക്ഷേപവും ഇതുതന്നെ. അതിനാലാണ് അല്ലാഹു കോപമടക്കാന്‍ കല്‍പിച്ചത്. സജ്ജനങ്ങളായ ഭക്തന്മാരെക്കുറിച്ച് അവന്‍ അറിയിക്കുന്നു: ''ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍. ജനത്തോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സുകര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (ഖുര്‍ആന്‍ 3:134).

''വന്‍ പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും'' (42:37). 'ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച് കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നവനാണ്' എന്ന് പ്രവാചകനും പറഞ്ഞിരിക്കുന്നു.

കോപത്തിനടിപ്പെടുന്നവരുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തസമ്മര്‍ദം കൂടുകയും നാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മനസ്സിന്റെ സമനില തെറ്റുകയും ചെയ്‌തേക്കാം. കോപാകുലനായ ഒരു വ്യക്തിക്ക് തന്റെ കോപത്തിനിരയാകുന്നവരെ അല്‍പനേരത്തേക്ക് അടക്കിനിര്‍ത്താനും നിശ്ശബ്ദരാക്കാനും ഭയപ്പെടുത്താനും കഴിഞ്ഞേക്കും. അതിലപ്പുറം ആരെയെങ്കിലും സ്വാധീനിക്കാനോ വശപ്പെടുത്താനോ കോപം കൊണ്ട് കഴിയുകയില്ല. അതുകൊണ്ടുതന്നെ അല്‍പമെങ്കിലും പക്വതയും ഇഛാശക്തിയുമുള്ള ആരും കോപത്തിന് കീഴ്‌പ്പെട്ട് കാര്യബോധമില്ലാതെ പെരുമാറുകയില്ല. പെരുമാറാവതല്ല.

ജീവിതപങ്കാളി കോപം നിയന്ത്രിക്കാന്‍ കഴിയാത്തവനാണെന്ന് അനുഭവത്തിലൂടെ ബോധ്യമായാല്‍ ഇണ ഇബ്‌നുല്‍ ജൗസിയുടെ ഉപദേശം സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്. അദ്ദേഹം എഴുതുന്നു: ''എന്റെ ഇണ കോപിക്കുകയും അരുതാത്തത് പറയുകയും ചെയ്താല്‍ നീയത് ഗൗരവത്തിലെടുക്കരുത്. അപ്പോള്‍ അയാള്‍, സംഭവിക്കുന്നതെന്തെന്നറിയാത്ത ലഹരി ബാധിതനെപ്പോലെയാണ്. അതിനാല്‍ അല്‍പസമയം സംയമനം പാലിക്കുക. അയാളുടെ വാക്കുകള്‍ക്ക് അതേ രീതിയില്‍ കടുത്ത വാക്കുകളില്‍ പ്രതികരിച്ചാല്‍ നീ ഭ്രാന്തനോട് പ്രതികാരം ചെയ്യുന്നവനെപ്പോലെയാകും. അല്ലെങ്കില്‍ ബോധമില്ലാത്തവനോട് പകരം വീട്ടുന്ന ബോധമില്ലാത്തവനെപ്പോലെയും. നീ കാരുണ്യത്തോടെ അവനെ കടാക്ഷിക്കുക. അവന്റെ ചെയ്തികളില്‍ സഹതാപം  പ്രകടിപ്പിക്കുക.''

സച്ചിദാനന്ദന്റെ വിഖ്യാതമായ ഒരു കവിതയുണ്ട്. ''ചിലര്‍ ശ്വസിക്കുന്നതുതന്നെ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധമുണ്ടോ എന്നറിയാനാണ്.'' 

ചിലര്‍ അങ്ങനെയാണ്. കണ്ണ് തുറക്കുന്നത് മറ്റുള്ളവരുടെ കുറ്റവും കുറവും കാണാനാണ്. കാത് ഉപയോഗിക്കുന്നത് അരുതാത്തത് മാത്രം കേള്‍ക്കാനും. നന്മ കാണുന്നതിനു പകരം തിന്മയാണ് എപ്പോഴും കാണുക. രചനാത്മകമായി ചിന്തിക്കുന്നതിനു പകരം നിഷേധാത്മകമായാണ് കാര്യങ്ങളെ സമീപിക്കുക. ഓരോരുത്തരും എന്താണോ അന്വേഷിക്കുക അതാണല്ലോ കണ്ടെത്തുക. എന്തിനെക്കുറിച്ചാണോ ചിന്തിക്കുക അതിലാണ് എത്തിച്ചേരുക.  ജീവിതപങ്കാളിയുടെ നന്മ പരതുന്നവര്‍ കണ്ടെത്തുക മനസ്സിനെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന അവരിലെ നല്ല കാര്യങ്ങളും സദ്‌വൃത്തികളുമായിരിക്കും. മറിച്ച് തിന്മയാണ് അന്വേഷിക്കുന്നതെങ്കില്‍ മനസ്സിനെ മടുപ്പിക്കുകയും വെറുപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളായിരിക്കും.

രാത്രി വീട്ടിലെത്തുന്ന പുരുഷന് അന്ന് തന്റെ പെണ്ണ് ചെയ്തിട്ടില്ലാത്ത ജോലികളെന്തെന്നന്വേഷിച്ച് അവയുടെ പേരില്‍ കുറ്റപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്യാം. അത് പകലന്തിയോളം പണിയെടുത്ത് ക്ഷീണിതയായ ജീവിതപങ്കാളിയെ എത്രത്തോളം പ്രയാസപ്പെടുത്തുമെന്നും അസ്വസ്ഥയും ദുഃഖിതയുമാക്കുമെന്നും പറയേണ്ടതില്ലല്ലോ. അതേസമയം അന്ന് ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഓരോന്നിന്റെയും പേരില്‍ സന്തോഷം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്താല്‍ അത് തന്റെ ഇണയിലുണ്ടാക്കുന്ന ആനന്ദവും സംതൃപ്തിയും എത്ര വലുതായിരിക്കും. അതവര്‍ക്ക് വമ്പിച്ച പ്രചോദനവും കര്‍മപ്രേരകവുമായിത്തീരും. രചനാത്മക സമീപനമാണ് പ്രവര്‍ത്തനോര്‍ജം ഉല്‍പാദിപ്പിക്കുക; നിഷേധാത്മക സമീപനമല്ല. അതിനാല്‍ ജീവിത പങ്കാളികള്‍ തന്റെ ഇണ ഓരോ ദിവസവും ചെയ്തുതീര്‍ക്കുന്ന ജോലികളെക്കുറിച്ചും ഉത്തമ വൃത്തികളെക്കുറിച്ചുമാണ് ആലോചിക്കേണ്ടത്. ചെയ്യാതെ വിട്ടുപോയവയെപ്പറ്റിയും ചീത്ത കാര്യങ്ങളെക്കുറിച്ചുമല്ല.

അതികാലത്ത് എഴുന്നേറ്റ് പ്രിയതമനും കുട്ടികള്‍ക്കും ഭക്ഷണം പാകം ചെയ്യാനുള്ള തിടുക്കത്തോടെ ആരംഭിക്കുന്ന പെണ്ണിന്റെ ഒരു ദിവസം രാത്രി അവസാനത്തെ ആളും ആഹാരം കഴിച്ച പാത്രം കഴുകി വൃത്തിയാക്കുന്നതുവരെ നീണ്ടുനില്‍ക്കുന്നു. അതിനിടയില്‍ എന്തെല്ലാം ചെയ്തുതീര്‍ക്കുന്നുവെന്ന് പുരുഷന്‍ ആലോചിക്കുന്നതും മനസ്സിലാക്കുന്നതും നല്ലതാണ്. അപ്രകാരം തന്നെ പ്രഭാതം മുതല്‍ രാത്രി വരെ തന്റെ ജീവിത പങ്കാളി എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് പെണ്ണും അന്വേഷിച്ചറിയുന്നത് ഫലപ്രദമായിരിക്കും. കുറ്റപ്പെടുത്തലുകള്‍ പ്രശംസകളായി മാറാന്‍ അത് ഏറെ ഉപകരിക്കാതിരിക്കില്ല.

ഇസ്‌ലാമിക പ്രവര്‍ത്തകരുടേത് തിരക്കു പിടിച്ച ജീവിതമായിരിക്കും. വളരെ കുറച്ച് സമയമേ കുടുംബത്തോടൊപ്പം കഴിച്ചുകൂട്ടാന്‍ കിട്ടുകയുള്ളൂ. അതെങ്കിലും എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും നല്‍കുന്നതാക്കാന്‍, സുന്ദരവും മധുരിക്കുന്നതുമാക്കാന്‍ പരമാവധി ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇസ്‌ലാം ആവശ്യപ്പെടുന്നതിനും പ്രവര്‍ത്തകര്‍ പറയുന്നതിനും വിരുദ്ധമായ അനുഭവമാണ് വീട്ടുകാര്‍ക്കുണ്ടാകുന്നതെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. കുടുംബം പ്രസ്ഥാനത്തിന്റെ ശത്രുക്കളായി മാറും. അത് ഭൂമിയില്‍ സൈ്വരം കെടുത്തും.  ജീവിതം നരകതുല്യമാക്കും. പ്രവര്‍ത്തനങ്ങളൊക്കെ പാഴാവുകയും അങ്ങനെയത് ഇരുലോക നഷ്ടത്തിനിട വരുത്തുകയും ചെയ്യും. സാധാരണ മുസ്‌ലിമിനെക്കാള്‍ ഏറെ ഉത്തരവാദിത്തമുള്ളവനാണ് ഇസ്‌ലാമിക പ്രവര്‍ത്തകനെന്ന കാര്യം മറക്കാതിരിക്കുക. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം