മുസ്‌ലിം ചെറുപ്പക്കാര്‍ മാധ്യമ-ഉദ്യോഗസ്ഥ ഭീകരതയുടെ ബലിയാടുകള്‍
യു.എ.പി.എ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്), എം.സി.ഒ.സി.എ (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) തുടങ്ങിയ കരിനിയമങ്ങളുടെ മറവില്‍ രാജ്യത്ത് നടക്കുന്ന പൗരാവകാശ ലംഘനങ്ങള്‍, പിന്നാക്ക ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ഭരണകൂട ഭീകരത, അന്വേഷണ ഏജന്‍സികളും മുഖ്യധാരാ മാധ്യമങ്ങളും ചേര്‍ന്ന് പടച്ചുവിടുന്ന ഭീകരവാദ കേസുകള്‍, ഏറ്റുമുട്ടല്‍ നാടകങ്ങള്‍ എന്നിവയെ കുറിച്ച് പൗരാവകാശ സംരക്ഷണ പ്രവര്‍ത്തകനും എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) ദേശീയ കോ-ഓര്‍ഡിനേറ്ററുമായ അഖ്‌ലാഖ് അഹ്മദുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനുമെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടയുക എന്ന പേരില്‍ 1967-ല്‍ പാസ്സാക്കപ്പെട്ട നിയമമാണ് യു.എ.പി.എ. ഈ നിയമം ദേശസുരക്ഷയുടെ പേരില്‍, ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക് വകവെച്ചു നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, ഒരുമിച്ചു കൂടാനുള്ള സ്വാതന്ത്ര്യം പോലുള്ള മൗലികാവകാശങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരികള്‍ക്ക് അനുവാദം നല്‍കുന്നു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ നിയമത്തില്‍ ഭേദഗതികളുണ്ടായി. അനിയന്ത്രിതമായ ദുരുപയോഗം കാരണം ഇന്ത്യന്‍ പാര്‍ലമെന്റ് പിന്‍വലിച്ച 'പോട്ട' (പ്രിവന്‍ഷന്‍ ഓഫ് ടെററിസ്റ്റ് ആക്ടിവിറ്റീസ് ആക്ട്) എന്ന കരിനിയമത്തിലെ പല വ്യവസ്ഥകളും 2004-ല്‍ യു.എ.പി.എ ഭേദഗതി ചെയ്തപ്പോള്‍ അതില്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008-ല്‍ വരുത്തിയ ഭേദഗതി യു.എ.പി.എയെ ഒന്നുകൂടി ശക്തമാക്കി. 2012-ല്‍ വരുത്തിയ ഭേദഗതിയില്‍ സാമ്പത്തിക ക്രയവിക്രയത്തെ കൂടി ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നു.
ഈ നിയമം പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് എങ്ങനെയാണ്?
ഏത് കേസിലും കുറ്റാരോപിതര്‍ക്ക് വലിയ പ്രയാസമില്ലാതെ ജാമ്യവും പരോളും ലഭിക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, യു.എ.പി.എ പ്രകാരമുള്ള കേസുകളില്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളിലല്ലാതെ കുറ്റാരോപിതര്‍ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. എത്ര വര്‍ഷവും യാതൊരുവിധ തെളിവുമില്ലാതെ കുറ്റാരോപിതരെ ജയിലില്‍ അടച്ചിടാനുള്ള വ്യവസ്ഥ ഈ നിയമത്തിലുണ്ട്. അതികഠിനമായ ശിക്ഷകള്‍, ജീവപര്യന്തം തടവ് എന്നിവ കുറ്റാരോപിതര്‍ക്ക് ലഭിച്ചേക്കാം. എന്തിനേറെ, കുറ്റാരോപിതര്‍ക്ക് സഹായികളായി വര്‍ത്തിക്കുന്നവരെ (അഭിഭാഷകരെ) പോലും പിടിച്ച് അകത്തിടാനുള്ള വ്യവസ്ഥ ഈ നിയമ പ്രകാരമുണ്ട്. 2012-ല്‍ ഈ നിയമത്തില്‍ നടന്ന ഭേദഗതി പ്രകാരം ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്തു എന്ന് ആരോപണമുയര്‍ന്നാല്‍ മതി, അവരെ പിടിച്ച് ജയിലിലിടാനും അവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും അധികാരികള്‍ക്ക് കഴിയും.
ഈ കരിനിയമം ചുമത്തപ്പെട്ട് ഇപ്പോള്‍ ജയിലുകളിലും പോലീസ് സേനയുടെ മുഴുസമയ നിരീക്ഷണത്തിലും കഴിയുന്ന വ്യക്തികളുണ്ടാവുമല്ലോ. ആരൊക്കെയാണ് അവരില്‍ പ്രമുഖര്‍?
2012-ല്‍ ദല്‍ഹിയില്‍ നടന്ന ഇസ്രയേല്‍ നയതന്ത്ര പ്രതിനിധിയുടെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കുറ്റാരോപിതനായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് കാസ്മിയാണ് ഒരാള്‍. സാങ്കേതിക ഘടനയില്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇതുവരെയും അദ്ദേഹത്തിനെതിരെയുള്ള കുറ്റം എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2011-ല്‍ ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ അബ്ദുന്നാസിര്‍ മഅദനി, 2010-ല്‍ ജര്‍മന്‍ ബേക്കറി സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ മിര്‍സ ഹിമായത്ത് ബേഗ്, 2008-ല്‍ അഹ്മദാബാദ്, സൂറത്ത്, ദല്‍ഹി, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടെ പേരില്‍ കുറ്റാരോപിതരായവര്‍, നരേന്ദ്ര മോഡിയെയും ഉമാ ഭാരതിയെയും അദ്വാനിയെയും ആര്‍.എസ്.എസ് നേതാക്കളെയും ആര്‍.എസ്.എസ് പത്രപ്രവര്‍ത്തകരെയും കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിക്കപ്പെട്ട് തടവറയില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നിരവധി പേര്‍.
യു.എ.പി.എയേക്കാള്‍ വില്ലനാണ് 'മക്കോക്ക' (എം.സി.ഒ.സി.എ) എന്നാണ് അറിഞ്ഞത്. എന്താണ് മക്കോക്ക?
1991-ല്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് ഭീകരവാദത്തെയും സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളെയും തടയാന്‍ വേണ്ടി പാസ്സാക്കിയ പ്രത്യേക നിയമമാണ് മക്കോക്ക. ഇന്ത്യന്‍ എവിഡന്‍സ് ആക്ട് സെക്ഷന്‍ 25 പ്രകാരം കുറ്റാരോപിതനായ ഒരാള്‍ ഏത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ നടത്തുന്ന കുറ്റസമ്മത മൊഴിയാണെങ്കിലും അതിന് കോടതിയില്‍ യാതൊരു വിധ ആധികാരികതയുമില്ല. സെക്ഷന്‍ 27 പ്രകാരമുള്ള ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിന് പിന്‍ബലമുള്ളൂ. എന്നാല്‍, മക്കോക്ക പ്രകാരം കുറ്റാരോപിതരുടെ കുറ്റസമ്മത മൊഴി കോടതിയുടെ മുമ്പാകെ അംഗീകരിക്കപ്പെടും എന്ന് മാത്രമല്ല, അതേ കേസില്‍ കുറ്റാരോപിതനായ മറ്റൊരാള്‍ നല്‍കുന്ന കുറ്റസമ്മത മൊഴി പോലും ഏറെ സ്വീകാര്യമായിരിക്കും കോടതിക്ക്. ഇത് വലിയ തോതിലുള്ള ദുരുപയോഗത്തിന് കാരണമാകും എന്നതില്‍ സംശയമില്ല. ഈ നിയമ പ്രകാരം കുറ്റാരോപിതര്‍ക്ക് ആറു മാസത്തേക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള വ്യവസ്ഥ പോലും ഇല്ല.
ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടനകള്‍ ഏതൊക്കെയാണ്?
എന്‍.സി.എച്ച്.ആര്‍.ഒ, പി.യു.സി.എല്‍, പി.യു.ഡി.ആര്‍, പീപ്പിള്‍സ് വാച്ച്, ഞാന്‍ പ്രതിനിധീകരിക്കുന്ന എ.പി.സി.ആര്‍ തുടങ്ങിയ നിരവധി സംഘടനകള്‍ യു.എ.പി.എ, അഫ്‌സ്പ്, മക്കോക്ക, പബ്ലിക് സേഫ്റ്റി ആക്ട് തുടങ്ങിയ കരിനിയമങ്ങള്‍ക്കെതിരെ അതിശക്തമായി പോരാടുന്നുണ്ട്.
താങ്കള്‍ പ്രതിനിധീകരിക്കുന്ന എ.പി.സി.ആറിനെക്കുറിച്ച് പറയാമോ? യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്കെതിരെയുള്ള എ.പി.സി.ആറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
പൗരാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരുപറ്റം അഭിഭാഷകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അസോസിയേഷനാണ് എ.പി.സി.ആര്‍. 2006-ലാണ് ഇത് രൂപീകരിക്കപ്പെട്ടത്. 2002-ല്‍ ഗുജറാത്തില്‍ നിരപരാധികളായ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കുരുതി, പൗരാവകാശ സംരക്ഷണത്തിനായി ഒരു സംഘടന രൂപീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു. അന്യായമായി തടങ്കലിലിടല്‍, കസ്റ്റഡി മരണം, വ്യാജ ഏറ്റുമുട്ടലുകള്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന വ്യാജ കേസ് ചുമത്തലുകള്‍, സമാധാനപരമായി സമര പ്രതിഷേധ പോരാട്ടങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങള്‍ തുടങ്ങിയ പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ എ.പി.സി.ആര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ എ.പി.സി.ആറിന് ഇപ്പോള്‍ ഘടകങ്ങളുണ്ട്. രാജ്യത്ത് നീതിയും സമത്വവും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളുമായും ഞങ്ങള്‍ സഹകരിക്കുന്നു.
യു.എ.പി.എ പോലുള്ള കരിനിയമങ്ങളെക്കുറിച്ച് പൗരന്മാര്‍ക്ക് അവബോധം നല്‍കാന്‍ ഉതകുന്ന കാമ്പയിനുകളും വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും ഞങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. പൗരന്മാര്‍ക്ക് നിയമപരിജ്ഞാനം നല്‍കാനുള്ള പ്രത്യേക ട്രെയ്‌നിംഗ് പരിപാടികളും നടത്തിവരുന്നുണ്ട്. ഇത്തരം കരിനിയമങ്ങളുടെ ഇരകളായി ജയിലുകളില്‍ അടക്കപ്പെടുന്ന നിരപരാധികളുടെ മോചനത്തിനായുള്ള നിയമപോരാട്ടത്തില്‍ എ.പി.സി.ആര്‍ വളരെ സജീവമാണ്.
കരിനിയമങ്ങള്‍ ചുമത്തപ്പെട്ട നിരപരാധികള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകര്‍ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും അവര്‍ക്കെതിരെ വധഭീഷണി ഉണ്ടാകുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ഏറ്റവും അവസാനം, കഴിഞ്ഞ മാസം അഡ്വ. മഹ്മൂദ് പറച്ചക്ക് നേരെയുണ്ടായ വധഭീഷണി... ആര്‍ക്കൊക്കെയാണ് ഇത്തരം അനുഭവങ്ങളുണ്ടായത്?
നിരവധി ഭീകരവാദ കേസുകള്‍ വാദിച്ചിരുന്ന അഡ്വ. അക്ബര്‍ പട്ടേല്‍ 2004-ല്‍ ഔറംഗബാദിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ കൊല്ലപ്പെട്ടു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണ കേസ് പോലെയുള്ള നിരവധി കേസുകള്‍ വാദിച്ചിരുന്ന അഡ്വ. ഷാഹിദ് ആസ്മി അദ്ദേഹത്തിന്റെ മുംബൈയിലുള്ള ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. 2010-ലെ ജര്‍മന്‍ ബേക്കറി ബോംബ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായി തടവിലാക്കപ്പെട്ട മിര്‍സ ഹിമായത്ത് ബേഗിന്റെ കേസ് വാദിച്ചിരുന്ന പൂനെയിലെ അഡ്വ. എ. റഹ്മാന്‍ കോടതി പരിസരത്ത് വെച്ച് മറ്റു അഭിഭാഷകരാല്‍ കൈയേറ്റത്തിനിരയായി.
2007-ലെ ഉത്തര്‍പ്രദേശ് ഹൈക്കോടതി സ്‌ഫോടന കേസ് വാദിച്ചിരുന്ന അഡ്വ. എ.എം ഫരീദി, അഡ്വ. ഷുഹൈബ് എന്നിവര്‍ ലഖ്‌നൗവിലെ കോടതി പരിസരത്ത് വെച്ച് രണ്ട് തവണ കാവി ഗുണ്ടകളാലും, സഹ അഭിഭാഷകരാലും കൈയേറ്റം ചെയ്യപ്പെട്ടു. എന്നാല്‍ മജിസ്‌ട്രേറ്റ്, കുറ്റവാളികള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല എന്നു മാത്രമല്ല ഇനി മുതല്‍ ഭീകരവാദ കുറ്റാരോപിതരുടെ കേസുകള്‍ വാദിക്കാന്‍ പാടില്ല എന്ന താക്കീതാണ് ബാര്‍ കൗണ്‍സില്‍ രണ്ട് പേര്‍ക്കും നല്‍കിയത്.
ഭീകരവാദ കേസുകളില്‍ ആരോപിതരായ സിമി പ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിച്ച അഡ്വ. നൂര്‍ മുഹമ്മദ് 2008-ല്‍ ധാര്‍ ജില്ലാ കോടതി പരിസരത്ത് വെച്ച് രണ്ട് തവണ ആക്രമിക്കപ്പെട്ടു. ആദ്യ തവണ ജഡ്ജിയുടെ മുന്നില്‍ വെച്ച് ചില അഭിഭാഷകരായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. രണ്ടാം തവണ ബി.ജെ.പി-വി.എച്ച്.പി-ബജ്‌റംഗ്ദള്‍ ഗുണ്ടകളാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്.
സിമിയുടെ നിരോധം തുടരുന്നതിനെതിരെ ഗീത മിറ്റല്‍ നേതൃത്വം നല്‍കിയ ട്രൈബ്യൂണലില്‍ അതിശക്തമായി വാദിച്ച അഡ്വ. ടി. ഷാനവാസിനെ കേരള സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരത്തുള്ള ഓഫീസ് റെയ്ഡ് ചെയ്ത് ഫയലുകള്‍ കണ്ടുകെട്ടുകയും ചെയ്തു. 2007-ല്‍ യു.പിയില്‍ നടന്ന തുടര്‍ച്ചയായ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് 2013-ല്‍ കസ്റ്റഡിയില്‍ വെച്ച് മരണപ്പെടുകയും ചെയ്ത ഖാലിദ് മുജാഹിദിന്റെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് സലീമിനെ കാവി അഭിഭാഷകര്‍ അതിക്രൂരമായി മര്‍ദിച്ചു.
2010-ലെ ജര്‍മന്‍ ബേക്കറി ബോംബ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ മിര്‍സ ഹിമായത്ത് ബേഗ് കേസ്, 2012-ലെ ഖത്തീല്‍ സിദ്ദീഖി കൊലപാതക കേസ്, പൂനെ ജെ.എം റോഡ് സ്‌ഫോടന കേസ്, ദല്‍ഹി ഹൈക്കോടതി സ്‌ഫോടന കേസ്, ദല്‍ഹി ജുമാ മസ്ജിദ് സ്‌ഫോടന കേസ്, ദല്‍ഹിയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധിയുടെ കാര്‍ബോംബ് സ്‌ഫോടന കേസ്, ബാംഗ്ലൂര്‍ ചിന്ന സ്വാമി ബോംബ് സ്‌ഫോടന കേസ് തുടങ്ങിയ എഴുപതോളം ഭീകര പ്രവര്‍ത്തനം ആരോപിക്കപ്പെട്ടവരുടെ കേസുകള്‍ വാദിക്കുന്ന അഡ്വ. മഹ്മൂദ് പറച്ചക്കെതിരെ അധോലോക നായകന്‍ രവി പൂജാരി മുഴക്കിയ വധഭീഷണിയാണ് ഏറ്റവും അവസാനത്തേത്.
ഇന്ത്യയിലെ ഓരോ പൗരനും കേസുകള്‍ വാദിക്കാന്‍ വേണ്ടി അവന്റെ അല്ലെങ്കില്‍ അവളുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള അഭിഭാഷകരെ നിയമിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന അഭിഭാഷകര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്യുകയാണെങ്കില്‍ പൗരന്മാരുടെ അവകാശം എങ്ങനെയാണ് സംരക്ഷിക്കപ്പെടുക?
യു.എ.പി.എ പോലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ കള്ളക്കേസുകള്‍ പടച്ചുവിടുന്ന ശക്തികളുടെ പ്രചോദനം എന്താണ്?
ഇന്റലിജന്‍സ് ബ്യൂറോയിലെയും ഭീകരവിരുദ്ധ സ്‌ക്വാഡിലെയും ചില ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഇത്തരം കേസുകള്‍ മെനഞ്ഞെടുക്കുന്നതില്‍ മിടുക്കരാണ്. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്‌ഫോടനം ഉണ്ടാകേണ്ട താമസം മുസ്‌ലിം ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്ന് പ്രഖ്യാപിക്കുകയും നിരപരാധികളായ നൂറ് കണക്കിനാളുകളെ ഇന്റലിജന്‍സ് ബ്യൂറോയും എ.ടി.എസ്സുമൊക്കെ പിടിച്ചുകൊണ്ടുപോവുകയും ചിലപ്പോള്‍ കസ്റ്റഡിയില്‍ വെച്ച് കൊല്ലുകയും ചെയ്യുന്നു.
വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി നിരപരാധികളെ കൊന്ന് തള്ളിയതിനു ശേഷം ഉദ്യോഗക്കയറ്റത്തിനും, പ്രസിഡന്റിന്റെ അവാര്‍ഡിനും ഈ നിയമപാലകര്‍ അര്‍ഹരാവുന്നു! മഹ്മൂദ് പറച്ചക്ക് നേരെയുണ്ടായ വധഭീഷണിയില്‍ നിന്ന് മനസ്സിലാവുന്നത് നമ്മുടെ രാജ്യത്തെ ഇന്റലിജന്‍സ് വിഭാഗവും അധോലോക നായകരും തമ്മില്‍ ശക്തമായ ബന്ധം നിലനില്‍ക്കുന്നു എന്നാണ്. ഇതേക്കുറിച്ചും അന്വേഷണം വേണം.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്ഷീണ പ്രവര്‍ത്തനം കാരണം ഇത്തരം ചില കാക്കി ഭീകരരെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നുള്ളത് ആശ്വാസകരമാണ്. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി മാധ്യമ സെലിബ്രിറ്റികളായി മാറിയ രണ്ട് ഡസനോളം പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ജയിലിനകത്താണ്.
ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്തു എന്നാരോപിച്ച് നിരവധി മുസ്‌ലിം ചെറുപ്പക്കാരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ജയിലുകളിലടക്കുകയും ചെയ്യുന്ന പ്രവണത അധികരിച്ചുവരികയാണല്ലോ. ഈ അടുത്തകാലത്ത് അജ്മീര്‍, ജയ്പൂര്‍, ദല്‍ഹി ജാമിഅ നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മുസ്‌ലിം വിദ്യാര്‍ഥികളെ, നരേന്ദ്രമോഡിയെ കൊല്ലാന്‍ വേണ്ടി ഗൂഢാലോചന നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ശക്തമായ ജനകീയ പ്രക്ഷോഭം കാരണം അവരില്‍ ചിലരെ വിട്ടയക്കുകയും ചെയ്തിരുന്നു. പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഇത്തരം ചെയ്തികളോട് എങ്ങനെ പ്രതികരിക്കുന്നു?
ഇത്തരം അന്യായ കസ്റ്റഡികളും തടങ്കലിലിടലും ധാരാളമായി നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്തു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ മനസ്സില്‍ ഒരുതരം ഭീതി ജനിപ്പിക്കുകയാണ് ഈ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. ജയ്പൂരില്‍ നിന്ന് പിടിക്കപ്പെട്ടവര്‍ ജയ്പൂര്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്ന് പിന്നീട് നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ട ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ നമ്മുടെ രാജ്യത്തുണ്ട്. ചില ഉദാഹരണങ്ങള്‍ എനിക്ക് പറയാന്‍ കഴിയും. ജമ്മു കശ്മീരിലെ ജാവേദ് അഹ്മദ്, ആശിഖ് അലി എന്നീ ചെറുപ്പക്കാര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇവര്‍ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ആരോപിച്ച് 2009 ആഗസ്റ്റ് 6-ന് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തു. നാലു വര്‍ഷത്തെ തടവിനു ശേഷം 2013 സെപ്റ്റംബര്‍ 30-ന് നിരപരാധികളാണെന്ന് കണ്ട് കോടതി അവരെ വിട്ടയച്ചു. പ്രൊമോഷന്‍ ലഭിക്കാന്‍ വേണ്ടി സ്‌പെഷ്യല്‍ സെല്ലിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ ഹീനമായ നടപടിയായിട്ടാണ് ഈ അന്യായ കസ്റ്റഡിയെ ജഡ്ജ് നിരീക്ഷിച്ചത്. കുറ്റവാളികളായ ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും റിപ്പോര്‍ട്ട് ഒരു മാസത്തിനകം കോടതിയില്‍ ഹാജരാക്കാനും ജഡ്ജ് ദല്‍ഹി പോലീസ് കമീഷണര്‍ക്ക് ഉത്തരവ് നല്‍കി. മറ്റൊരു ഉദാഹരണം: ഇര്‍ഷാദ് അലി, മഅ്‌റൂഫ് ഖമര്‍ എന്നീ ചെറുപ്പക്കാരെ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സഹിതം പിടികൂടിയെന്നും ഇവര്‍ തീവ്രവാദി സംഘടനയായ 'അല്‍ ബദ്‌റി'ന്റെ പ്രവര്‍ത്തകരാണെന്നും ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടുവെന്നും ആരോപിച്ച് 2005 ഡിസംബറില്‍ ഇതേ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. കുറ്റാരോപിതരുടെ കുടുംബക്കാര്‍ ദല്‍ഹി ഹൈക്കോടതിയെയും വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും സമീപിക്കുകയും ദല്‍ഹി പോലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്യുകയും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2007 ജൂലൈ 7-ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും 2008 നവംബര്‍ 11-ന് ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സി.ബി.ഐ, ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനയ് ത്യാഗി, സുഭാഷ് വാട്‌സ്, രവീന്ദര്‍ ത്യാഗി എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവ് ഉണ്ടാക്കിയതിന് നിയമനടപടി സ്വീകരിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടു. 2005 ഡിസംബര്‍ മുതല്‍ 2006 ഫെബ്രുവരി വരെ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട ഈ ചെറുപ്പക്കാരോട് ഭീകരവാദ കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്നും ഇവരില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി എന്ന സ്‌പെഷ്യല്‍ സെല്ലിന്റെ വാദം പച്ചക്കള്ളമാണെന്നും സി.ബി.ഐ നിരീക്ഷിച്ചു. തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, സ്‌പെഷ്യല്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനയ് ത്യാഗിയില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും തന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ആവശ്യപ്പെട്ട് അഡീഷണല്‍ സെഷന്‍ ജഡ്ജിന്റെ കോടതിയില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനയ് ത്യാഗി, സുഭാഷ് വാട്‌സ് എന്നിവര്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെ പങ്ക്?
മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ധര്‍മം ജനങ്ങളെ നേര് അറിയിക്കുക എന്നതാണ്. എന്നാല്‍, ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഇപ്പോള്‍ ഇന്റലിജന്‍സിലെയും ഭീകരവിരുദ്ധ സ്‌ക്വാഡിലെയും പോലീസ് ഉദ്യോഗസ്ഥരുടെ കേട്ടെഴുത്തുകാരായി മാറിയിരിക്കുകയാണ്. അവര്‍ പറഞ്ഞു കൊടുക്കുന്നത് അപ്പടി പകര്‍ത്തി എഴുതി ദൃശ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും എരിവും പുളിയും ചേര്‍ത്ത് വിളമ്പി, ജനങ്ങള്‍ക്ക് വസ്തുനിഷ്ഠമല്ലാത്ത വിവരങ്ങള്‍ കൈമാറുന്നു. അവരുടെ ജോലിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ എത്തിക്‌സിന് എതിരാണ് ഇത്. പല കേസുകളിലെയും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഈ നിലപാട് കാരണമാകുന്നു. ജനങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി വിഭജിച്ച് പരസ്പരം ശത്രുതയും വൈരാഗ്യവും വളര്‍ത്തുന്നതില്‍ ഈ മാധ്യമ പ്രവര്‍ത്തനം നല്ലൊരളവോളം വിജയിക്കുന്നുണ്ട്. മാധ്യമങ്ങളുടെ തെറ്റായ പ്രചാരണത്താലും അന്വേഷണ ഏജന്‍സികളുടെ നിറം പിടിപ്പിച്ച കഥകളാലും പൊതുവെ ജനങ്ങള്‍ യു.എ.പി.എ പോലുള്ള കരിനിയമങ്ങളുടെ പേരില്‍ കുറ്റാരോപിതരാവുന്ന ആളുകളെ കൊടും കുറ്റവാളികളായാണ് കാണുക. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്.
ഇത്തരം കരിനിയമങ്ങളെയും അതിന്റെ പിന്‍ബലത്തില്‍ അനീതി ചെയ്യുന്ന അധികാരി വര്‍ഗത്തെയും പൊതുജനങ്ങള്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്?
അതിശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ ഇത്തരം കരിനിയമങ്ങളെയും അവയെ ചൂഷണം ചെയ്യുന്ന അധികാരി വര്‍ഗത്തെയും നമുക്ക് പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. നിയമപരമായി ഇതിനെ മറികടക്കാനുള്ള അസൂത്രിത ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്. ജനങ്ങള്‍ക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ചും അവയുടെ പ്രശ്‌ന സങ്കീര്‍ണതകളെക്കുറിച്ചും നല്ല അവബോധം നല്‍കണം. നമ്മുടെ ഇന്റലിജന്‍സ് മറ്റു രാജ്യങ്ങളിലേത് പോലെ പാര്‍ലമെന്റിന് മുമ്പില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാവേണ്ടതുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും അന്യായമായ അറസ്റ്റും നടത്തി ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും പ്രസിഡന്റ് അവാര്‍ഡുമൊക്കെ തരപ്പെടുത്തുന്ന ഉദ്യോഗസ്ഥ ഭീകരരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ വേണ്ടി നാം ശബ്ദമുയര്‍ത്തണം.
ഭീകരവാദ കേസുകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന നിയമപോരാട്ടങ്ങളെക്കുറിച്ച് വിവരിക്കാമോ?
രാജ്യത്തെ വിവിധ പൗരാവകാശ സംഘടനകള്‍ ഭീകരവാദ കേസുകളില്‍ ആരോപിതരായവര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. എ.പി.സി.ആര്‍, സുപ്രീം കോടതി അഭിഭാഷകനായ മഹ്മൂദ് പറച്ചയുടെ സഹായത്തോടെ ഇത്തരം നിയമപോരാട്ടങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട്. 2006-ലും 2008-ലും നടന്ന മാലേഗാവ് ബോംബ് സ്‌ഫോടന കേസ്, അഹ്മദാബാദ് -സൂറത്ത് ബോംബ് സ്‌ഫോടന കേസ്, മക്കാ മസ്ജിദ്, അജ്മീര്‍ ശരീഫ് ബോംബ് സ്‌ഫോടന കേസ്, ജയ്പൂര്‍ ബോംബ് സ്‌ഫോടന കേസ്, 2006-ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസ്, ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസ്, ജര്‍മന്‍ ബേക്കറി ബോംബ് സ്‌ഫോടന കേസ് തുടങ്ങി 2002 മുതലുള്ള എല്ലാ ഭീകരവാദ കേസുകളും സുപ്രീം കോടതി ജഡ്ജും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റി പുനരന്വേഷണം നടത്തണമെന്നും യാതൊരുവിധ തെളിവുകളുമില്ലാതെ ജയിലിലടക്കപ്പെട്ട നിരപരാധികളായ നൂറുക്കണക്കിന് ചെറുപ്പക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ മഹാരാഷ്ട്ര ഘടകം മുന്‍ മഹാരാഷ്ട്ര ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എസ്.എം മുശ്‌രിഫിന്റെ സഹായത്തോടു കൂടി സുപ്രീംകോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചു. പക്ഷേ, സുപ്രീംകോടതി ഇത് തള്ളിക്കളയുകയാണുണ്ടായത്. അറിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകനും ബിഹാറിലെ മേധാ പുരയില്‍ മൂന്ന് തവണ എം.എല്‍.എയുമായിരുന്ന രാധകാദ് യാദവ്, 26/11 മുംബൈ ഭീകരാക്രമണത്തോടനുബന്ധിച്ച് മഹാരാഷ്ട്ര മുന്‍ എ.ടി.എസ് ചീഫ് ഹേമന്ത് കര്‍ക്കരെയും മറ്റു രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവ വികാസങ്ങളും ഇപ്പോള്‍ സര്‍വീസിലുള്ളതോ അല്ലെങ്കില്‍ വിരമിച്ചതോ ആയ ഒരു സുപ്രീംകോടതി ജഡ്ജിന്റെ നേതൃത്വത്തില്‍ നിക്ഷ്പക്ഷമായ വസ്തുതാന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ജസ്റ്റിസ് ബി. സുദര്‍ഷ റെഡ്ഡി, ജസ്റ്റിസ് സുഹീന്ദര്‍ സിംഗ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഈ കാര്യത്തില്‍ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് നിര്‍ദേശിച്ച് ഹരജി തള്ളി. തുടര്‍ന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ ഒരു പെറ്റീഷന്‍ സമര്‍പ്പിക്കുകയും ബോംബെ ഹൈക്കോടതി സെന്‍ട്രല്‍ ഗവണ്‍മെന്റിനും മഹാരാഷ്ട്ര ഗവണ്‍മെന്റിനും പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് അയക്കുകയും ചെയ്തു.
എസ്.എം മുശ്‌രിഫിന്റെ 'ആരാണ് കര്‍ക്കരെയെ കൊന്നത്?', '26/11 അന്വേഷണം: എന്തുകൊണ്ടാണ് നീതിപീഠവും പരാജയപ്പെടുന്നത്?' എന്നീ പുസ്തകങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഈ രണ്ട് പുസ്തകങ്ങളും രാജ്യത്തെ തീവ്രവാദത്തിന്റെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് തുറന്ന് കാണിക്കുന്ന കനപ്പെട്ട വസ്തുതാന്വേഷണ രചനകളാണ്. ഇന്റലിജന്‍സ് ബ്യൂറോയും എ.ടി.എസ് പോലെയുള്ള മറ്റു അന്വേഷണ ഏജന്‍സികളും രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ഥ ശക്തികളെ സംരക്ഷിക്കുന്നുവെന്നും, ആയിരക്കണക്കിന് നിരപരാധികളെ കള്ളകേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഈ പുസ്തകങ്ങള്‍ തുറന്നു കാണിക്കുന്നു. ഭീകരവാദ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും പങ്കുള്ളതായി അദ്ദേഹം തെളിവ് സഹിതം സമര്‍ഥിക്കുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജുഡീഷ്യറി പോലും പരാജയപ്പെടുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വസ്തുനിഷ്ഠമായി വിവരിക്കുന്നു.
Comments