Prabodhanm Weekly

Pages

Search

2014 മെയ്‌ 02

കറാമത്തും യാദൃഛികതകളും-2

ടി.കെ അബ്ദുല്ല /സദ്‌റുദ്ദീന്‍ വാഴക്കാട് /നടന്നു തീരാത്ത വഴികളില്‍ 40

         തിരൂര്‍ വെട്ടത്തുകാരനായ മുന്‍ഷി ഏനുക്കുട്ടി സാഹിബ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. അസ്സല്‍ പേര് സൈനുദ്ദീന്‍ കുട്ടി എന്നായിരിക്കണം. പ്രസ്ഥാനത്തിന്റെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിലെ കുഞ്ഞാലി സാഹിബിന്റെ ജ്യേഷ്ഠ സഹോദരനാണ്. 45-ാം വയസ്സില്‍ മഞ്ഞപ്പിത്തം ബാധിച്ചാണ് മരണം. കഴിവ് തെളിയിച്ച യുവപണ്ഡിതനും ബഹുഭാഷാപരിജ്ഞാനിയും ആയിരുന്നു. ഞാനുമായി നേരില്‍ പരിചയമില്ലെങ്കിലും ഏനുകുട്ടിസാഹിബുമായി ബന്ധപ്പെട്ട് ഒരു സംഭവം കുറ്റിയാടിയില്‍ ഉണ്ടായി.

മതനിഷ്ഠയുള്ള ശുദ്ധ പ്രകൃതനായ ഏനുകുട്ടിക്ക് ഇടക്കാലത്ത് അല്‍പം മാനസിക പ്രശ്‌നം ഉണ്ടായെന്ന് തോന്നുന്നു. ഫക്കീറിന്റെ വേഷത്തില്‍ ഊരുചുറ്റുന്ന ശീലം ഉണ്ടായിരുന്നു. തൊള്ളായിരത്തി അമ്പതുകളില്‍ ഞാന്‍ ഇസ്‌ലാമിയ കോളേജില്‍ അധ്യാപകനായിരിക്കെ, അദ്ദേഹം കുറ്റിയാടിയില്‍ വരാനിടയായി. അക്കാലത്ത് മലയോരത്തെ കുപ്പപ്പണിയും തടിമരക്കച്ചവടവുമായി കുറ്റിയാടി അങ്ങാടി രാത്രി വൈകിയേ അടക്കുമായിരുന്നുള്ളൂ. അങ്ങനെയൊരു രാത്രി, നേരം വൈകിയ നേരത്ത്, ഒരു അപരിചിതന്‍ ഫഖീര്‍വേഷധാരി ഹോട്ടലില്‍ വന്നു കയറി. കുടിവെള്ളം ചോദിച്ചുവന്ന പരദേശിയുടെ മട്ടും മാതിരിയും ഹോട്ടലുടമയ്ക്ക് അത്രപിടിച്ചില്ല. കടയടക്കാന്‍ നേരത്ത് വലിഞ്ഞുകയറിയ ഇവന്റെ ഉദ്ദേശ്യമെന്ത്? സംശയം തോന്നിയ ഹോട്ടലുടമയും സംഘവും കുടിവെള്ളം കൊടുത്തില്ലെന്ന് മാത്രമല്ല ആഗതനെ കമ്പിക്കാലില്‍ പിടിച്ചുകെട്ടുകയും ചെയ്തു. തീര്‍ത്തും നിരപരാധിയായ ആ പരദേശി പറഞ്ഞു: 'വെള്ളം തന്നില്ലെങ്കില്‍ വേണ്ട. ദയവായി അല്‍പ നേരത്തേക്ക് ഒന്നഴിച്ചുവിട്ടുതരണം. പള്ളിയില്‍ പോയി ഇശാ നിസ്‌കരിച്ചു വന്നിട്ട് ഈ കമ്പിക്കാലില്‍ തന്നെ വന്നുനിന്നുതരാം'. കേട്ടവരാരും കൂട്ടാക്കിയില്ല. ഗത്യന്തരമില്ലാതെ, ആ ബന്ധനത്തില്‍ തന്നെ എങ്ങനെയൊക്കെയോ നമസ്‌കാരം നിര്‍വഹിച്ചു. വളരെ ഞെരുങ്ങിയാണ് പേരിനെങ്കിലും റുകൂഉം സുജൂദുമൊക്കെ ചെയ്തത്. അതേ സമയം, മറ്റൊരു അത്യാഹിതത്തിനു കുറ്റിയാടി ടൗണ്‍ സാക്ഷ്യം വഹിച്ചു. ഏനുകുട്ടി സാഹിബിനെ പീഡിപ്പിച്ച ഹോട്ടല്‍ പാതിരാവില്‍ തീ പിടിച്ചതാണ് സംഭവം! തടിച്ചു കൂടിയ ജനം കെട്ടിയിട്ട ആളെ അഴിച്ചുവിടുകയും ചെയ്തു. സംഭവം നാട്ടില്‍ വാര്‍ത്തയായി. അബദ്ധം പറ്റിയെന്ന പേടി ഹോട്ടലുടമക്കും ഉണ്ടായി. പിന്നീട്, ഏനുകുട്ടി സാഹിബിനെ കണ്ട് ഖേദവും പശ്ചാത്താപവും അറിയിക്കുവാന്‍ കുറ്റിയാടിയില്‍ നിന്ന് ഒരു സംഘം വീട്ടില്‍ ചെന്നതായി അനുജന്‍ കുഞ്ഞാലി സാഹിബ് ഓര്‍ക്കുന്നു.

മതചിട്ടകളില്‍ വിട്ടുവീഴ്ചയില്ലാത്ത ഏനുകുട്ടിസാഹിബ് അരുതാത്തത് കണ്ടാല്‍ ഉടന്‍ പ്രതികരിക്കുന്ന പ്രകൃതക്കാരനായിരുന്നു. ലൗകികതയില്‍ നിസ്സംഗനായ അദ്ദേഹം ഔലിയാ പട്ടം ആഘോഷിച്ചു നടന്നില്ല. ജമാഅത്തുകാരനും മത ഭക്തനുമായ ഏനുകുട്ടി 'ഔലിയ' ആണോ? പീടിക കത്തിയത് കറാമത്താണോ? മതസ്ഥാപനത്തിലെ മാവ് പൂത്തത് മാത്രമാണോ കറാമത്ത്? 

കറാമത്തോ യാദൃഛികതയോ? 

എനിക്ക് ആലപ്പുഴയില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അതിനുവേണ്ടി തലേദിവസം രാത്രി എത്തണം. എ. അബ്ദുല്‍ ഹമീദ് സാഹിബിന്റെ കൊപ്ര പാണ്ടികശാലയില്‍ എത്തിയാല്‍, അദ്ദേഹത്തോടൊപ്പം വീട്ടില്‍ പോകാം. ആലപ്പുഴയില്‍ പരിപാടി ഉണ്ടാകുമ്പോള്‍ ഇതാണ് പതിവ് രീതി. എന്റെ യാത്ര ബസിലാണ്. രാത്രി ആലപ്പുഴയില്‍ ബസ് എത്താന്‍ വൈകി. പത്തുമണിയോടടുത്ത് ഹമീദ് സാഹിബിന്റെ പാണ്ടികശാലയില്‍ ചെന്നപ്പോള്‍ കട അടച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വീട് ടൗണില്‍നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെ ഉള്‍ഭാഗത്താണ്. എനിക്ക് വഴി പരിചയമില്ല. റോഡുകളും കനാലുകളും ഇഴ ചേര്‍ന്ന് സങ്കീര്‍ണമായ ആലപ്പുഴ ടൗണില്‍ പരദേശികള്‍ക്ക് സ്ഥലപരിചയം ദുഷ്‌കരമാണ്. ചാറല്‍ മഴയുണ്ട്. മങ്ങിയ സ്ട്രീറ്റ് ലൈറ്റുകള്‍. എവിടെ പോകണം, എങ്ങോട്ട് പോകണം എന്ന് ഒരു നിശ്ചയവുമില്ല. ആളൊഴിഞ്ഞ വഴികളില്‍ ഒന്നോ, രണ്ടോ പേരെ ഇടക്ക് കണ്ടുമുട്ടുന്നു. കറുത്തിരുണ്ട മുഖങ്ങള്‍. മത്സ്യത്തൊഴിലാളികളോ മറ്റോ ആയിരിക്കാം. ആരോടും വഴി ചോദിക്കാന്‍ ധൈര്യം വരുന്നില്ല. ചോദിച്ചാല്‍ അവരോടൊപ്പമോ, അവര്‍ കാണിച്ചു തരുന്ന വഴിയിലൂടെയോ പോകേണ്ടിവരും. 'പോക്കിരിമുക്ക്', 'ചട്ടമ്പിക്കവല' തുടങ്ങിയ പ്രയോഗങ്ങളെല്ലാം ആളൊഴിഞ്ഞ ഈ ടൗണില്‍ എനിക്ക് ഓര്‍മ വന്നു. എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലെങ്കിലും ഒരിടത്ത് തന്നെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ നടന്നുകൊണ്ടിരുന്നു. മുന്നോട്ട് പോകുന്തോറും ആള്‍ പെരുമാറ്റം കുറഞ്ഞ, സ്ട്രീറ്റ് ലൈറ്റ് കത്താത്ത വഴികളാണ് മുന്നില്‍. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ ഊഹിക്കുകയായിരിക്കും നല്ലത്. എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞില്ല. പ്രാര്‍ഥനാ മഗ്‌നമായ മനസ്സോടെ മുന്നോട്ടു നീങ്ങുന്നതിനിടെ ഒരു മണിനാദം കാതില്‍ വന്നലച്ചു. ഏതോ ക്രിസ്ത്യന്‍ പള്ളിയില്‍ മണിയടിച്ച ശബ്ദമാണ്. അപ്പോള്‍ ഒരു പ്രതീക്ഷ വന്നു. മണിയടി കേട്ട പള്ളിയുടെ ഭാഗത്തേക്ക് നടക്കാം. പള്ളിയിലച്ചനോട് ചോദിച്ചാല്‍ എന്തെങ്കിലും വഴി കണ്ടേക്കും. ഈ പ്രത്യാശയില്‍ മുന്നോട്ട് നീങ്ങുന്നതിനിടെ പെട്ടെന്ന് ഒരു കാര്‍ എന്റെ മുന്നില്‍ വന്നു നിന്നു. അപ്രതീക്ഷിതമെന്നു പറയട്ടെ, ഡോര്‍ തുറന്ന് കാറില്‍ നിന്ന് ഇറങ്ങിയത് സാക്ഷാല്‍ അബ്ദുല്‍ ഹമീദ് സാഹിബായിരുന്നു! തികച്ചും യാദൃഛികമായ ഒരു അനുഭവം. എനിക്ക് എന്റെ കണ്ണുകളെ അവിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ഹമീദ് സാഹിബ് സലാം ചൊല്ലി എന്നെ ആലിംഗനം ചെയ്തു. ഞങ്ങള്‍ കാറില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്രയായി. ഏതോ യാത്ര കഴിഞ്ഞ് തിരിച്ചുവരുന്ന വഴി അദ്ദേഹം, തികച്ചും യാദൃഛികമായി എന്നെ കണ്ട് വണ്ടി നിര്‍ത്തിയതായിരുന്നു. ഞാന്‍ വരുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും സംഭവം മനസ്സില്‍ പച്ച പിടിച്ചുനില്‍ക്കുന്നു. അന്ന് മനസില്‍ അതേല്‍പ്പിച്ച ആഘാതം അത്രയും ശക്തമായിരുന്നു.

ഒരു ഭൗതികവാദിയുടെ കാഴ്ചപ്പാടില്‍ ഇത് യാദൃഛിക സംഭവം മാത്രമാകാം. എന്നാല്‍ ഒരു വിശ്വാസിക്ക് ഇതില്‍ ദൈവ സഹായം കാണാതിരിക്കാന്‍ കഴിയില്ല.

* 1950 കളില്‍, ഞാന്‍ എടയൂരില്‍ പ്രബോധനം ഓഫീസില്‍ ജോലി ചെയ്യുന്ന കാലം. ജമാഅത്ത് വാരാന്ത യോഗം വളാഞ്ചേരിയിലാണ് ചേരുക. അമീര്‍ ഹാജി സാഹിബടക്കം അങ്ങോട്ട് പോവുകയാണ് പതിവ്. യോഗം കഴിഞ്ഞ് മടക്കയാത്രക്ക് ബസുണ്ടാകില്ല. നാല് കിലോമീറ്ററോളം കാല്‍നടയാത്ര വേണം. അക്കാലത്ത് വളാഞ്ചേരിയിലെ ജമാഅത്ത് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ബീഡി തെറുപ്പുകാരോ, കിണ്ണക്കച്ചവടക്കാരോ ആണ്. കിണ്ണക്കച്ചവടം നടത്തുന്ന ഒരു സുഹൃത്ത് പലപ്പോഴും എന്നെ യോഗം കഴിഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. വരാമെന്ന് സമ്മതിച്ചതല്ലാതെ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പ്രാവശ്യം നിര്‍ബന്ധത്തിന് വഴങ്ങി ക്ഷണം സ്വീകരിക്കേണ്ടിവന്നു. എന്റെ കൂടെ സുഹൃത്ത് പി.കെ അബ്ദുല്ല മൗലവിയും (ശാന്തപുരം) ഉണ്ടായിരുന്നു. നേരിയ മലപ്പുറം പത്തിരിയും നാടന്‍ കോഴിക്കറിയും ചേര്‍ന്ന് നല്ല ഒരു ചായ സല്‍ക്കാരം. അന്ന് എന്റെ സന്ദര്‍ശനം അദ്ദേഹം നേരത്തെ ഉറപ്പിച്ചതായി സദ്യ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. ചായയെല്ലാം കഴിഞ്ഞ് കുശലം പറയുന്നതിനിടെ വീട്ടുടമ അകത്തുപോയി വെള്ളം നിറച്ച ഒരു ഓട്ടു കിണ്ടിയുമായി തിരിച്ചുവന്നു. കിണ്ടി മേശപ്പുറത്ത് വെച്ച് അദ്ദേഹം എന്നോട് പറഞ്ഞു; ''ഇവിടെ രണ്ടുനാളായി ഒരു ആട് പ്രസവിച്ചിരിക്കുന്നു. കുട്ടികളെ മുല കുടിക്കാന്‍ അടുപ്പിക്കുന്നില്ല. മുല കുടിക്കാന്‍ കുട്ടികള്‍ കൊതിയോടെ ചെല്ലുമ്പോള്‍ ചവിട്ടിയും കുത്തിയും അകറ്റി മാറ്റുന്നു. ഇതൊന്ന് മന്ത്രിച്ചു തരണം. പടച്ചവന്‍ സഹായിച്ച് ഫലമുണ്ടാകും. ടി.കെ മുടക്കം പറയരുത്''. തികച്ചും അപ്രതീക്ഷിതമായ ഈ അനുഭവത്തില്‍ ഞാനും പി.കെയും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു. പി.കെ ഏതായാലും സമ്മതിക്കുകയില്ല എന്ന് എനിക്കറിയാം. അദ്ദേഹം കടുത്ത 'വഹാബി'യാണ്. കടവത്തൂരിലെ കൊടിയ മുജാഹിദ് വൃത്തത്തില്‍ നിന്നാണ് വിദ്യാര്‍ഥിയായിരിക്കെ പി.കെ ജമാഅത്തില്‍ വന്നത്. ഞാന്‍ സംശയിച്ചു നില്‍ക്കാതെ കിണ്ടി കൈയിലെടുത്തു. വിശുദ്ധ ഖുര്‍ആനിലെ ഏതാനും പ്രത്യേക സൂക്തങ്ങളും രോഗശമനം സംബന്ധിച്ച് നബിവചനങ്ങളില്‍ വന്ന പ്രാര്‍ഥനകളും മന്ത്രിച്ച് വെള്ളത്തില്‍ ഊതി. ആടിന്റെ അകിടിലും തലയിലും ശരീരത്തിലും മന്ത്രിച്ച വെള്ളം കുടയാന്‍ ഉപദേശിച്ചു. ഞങ്ങള്‍ യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു. പിറ്റന്നാള്‍ കാലത്ത് പത്തു മണിയോടടുത്ത് കിണ്ണക്കച്ചവടക്കാരന്‍ സുഹൃത്ത് എടയൂരിലെ ഓഫീസില്‍ വന്ന് കയറുമ്പോള്‍ തന്നെ എനിക്ക് സംഗതി മനസ്സിലായി. അതിശയോക്തി കലര്‍ന്ന അദ്ദേഹത്തിന്റെ വിവരണത്തിന്റെ സാരം:  വെള്ളം ആടിന്റെ അകിടിലും ശരീരത്തിലുമൊക്കെ പാര്‍ന്ന ശേഷം ആട്ടിന്‍ കുട്ടികളെ തള്ളയുടെ അടുത്തേക്ക് വിട്ടു. കുട്ടികള്‍ ആര്‍ത്തിയോടെ മുലകുടിച്ച രംഗം, ആത്മനിര്‍വൃതിയോടെയാണ് സുഹൃത്ത് വിവരിച്ചത്. ഖുര്‍ആന്‍ ആയത്തുകളും പ്രാര്‍ഥനകളും ഓതി മന്ത്രിക്കുന്നത് തെറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല. എങ്കിലും പതിവില്ല. അത്തരം പ്രാര്‍ഥനകളും മന്ത്രങ്ങളും അല്ലാഹു സ്വീകരിച്ചെന്നു വരാം. അതിനൊരുദാഹരണമാണ് മേല്‍ വിവരിച്ച അനുഭവം. ഇതൊക്കെ കറാമത്ത് ലിസ്റ്റില്‍ പെടുത്തണമോ എന്നത് വേറെ കാര്യം (ദുരര്‍ഥവും ദുരൂഹതയും ഉള്ള മന്ത്രങ്ങള്‍ പാടില്ലാത്തതാണ്).

 (തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം