ചങ്ങാതിമാര്‍ക്കായ് ഒരുങ്ങുന്ന സ്‌നേഹവീടുകള്‍
മലര്‍വാടി ബാലസംഘത്തിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു സംരംഭമാണ് 'ചങ്ങാതിക്കൊരു വീട്.' തല ചായ്ച്ചുറങ്ങാന്‍ കൂരയില്ലാത്ത കുടുംബങ്ങളില്‍നിന്നുള്ള തങ്ങളുടെ കളിക്കൂട്ടുകാര്‍ക്കുവേണ്ടി മലര്‍വാടി ബാലസംഘം പ്രവര്‍ത്തകള്‍ വീടുതോറും കയറിയിറങ്ങി പിരിച്ചെടുത്ത പണം കൊണ്ട് വീടു വെച്ചുകൊടുക്കുകയെന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ എല്ലാ മുക്കുമൂലകളിലും മലര്‍വാടിയുടെ കൂട്ടുകാര്‍ ജനസേവന സന്ദേശവുമായി എത്തിച്ചേര്‍ന്നു. നന്മയില്‍ സഹകരിക്കുന്ന മലയാളിമനസ്സ് അവരെ കൈവിട്ടില്ല. ഇരുപത്തിമൂന്നു ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്തഞ്ച് രൂപ മലര്‍വാടിയുടെ കുരുന്നുമക്കള്‍ ശേഖരിച്ചു.
മുതിര്‍ന്നവര്‍ ഏറ്റെടുത്ത് നടത്തേണ്ട ഒരു മഹത്തായ പ്രവര്‍ത്തനത്തിന് കുട്ടികള്‍ മുന്‍കൈയെടുത്തതിലൂടെ ഹൃദ്യമായ അനുഭവങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. മുതിര്‍ന്നവരുടെ അകമഴിഞ്ഞ പിന്തുണ അവര്‍ നേടിയെടുത്തു. അഭിനന്ദനങ്ങളും ആശീര്‍വാദങ്ങളും അവര്‍ക്ക് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ചേലാട് മലര്‍വാടി യൂനിറ്റാണ് ഏറ്റവും കൂടുതല്‍ സംഖ്യ ശേഖരിച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ചേലാട്ടിലെ മലര്‍വാടിക്കൂട്ടുകാര്‍ ഈ പദ്ധതിക്കായി ശേഖരിച്ചത്. ഇതേ യൂനിറ്റിലെ ഒരു കുഞ്ഞു പ്രവര്‍ത്തകന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സംഖ്യ പിരിച്ചതും. മുപ്പതിനായിരം രൂപ.
തുടര്‍ന്ന് നാലരലക്ഷം രൂപ ചെലവു കണക്കാക്കുന്ന അഞ്ചു വീടുകള്‍ നിര്‍മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും മലര്‍വാടി സംസ്ഥാന സമിതി തയാറാക്കി. സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍നിന്ന് വന്നെത്തിയ അപേക്ഷകളില്‍നിന്ന് അര്‍ഹരായ അഞ്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. എറണാകുളം, പാലക്കാട്, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി അഞ്ചു വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാരംഭിച്ചു.
കൊച്ചി പള്ളുരുത്തിയിലെ റഷീദിന്റെ മകള്‍ ഫരീദ എന്ന കൂട്ടുകാരിക്കാണ് എറണാകുളം ജില്ലയില്‍ വീട് നിര്‍മിച്ചുനല്‍കുന്നത്.
എടത്തറ അഞ്ചാം മൈലില്‍ കെ.എം സലീമിന്റെ മകള്‍ അമീറ എന്ന കൂട്ടുകാരിക്കുവേണ്ടി പാലക്കാട് ജില്ലയിലും വീടൊരുങ്ങുകയാണ്. ചടയമംഗലം ഏരിയയിലെ പെരുപുറത്ത് അല്‍ ബക്കറിന്റെ മകള്‍ ഫാത്വിമ എന്ന കൂട്ടുകാരിക്കായി കൊല്ലം ജില്ലയിലും പെരിങ്ങോമിലെ ജോസഫ് ജോണിന്റെ മകള്‍ സ്‌നേഹക്കുവേണ്ടി കണ്ണൂരിലും ഹരിപ്പാട് അബ്ദുല്‍ ഹകീമിന്റെ മകള്‍ സൈന എന്ന നാലാം ക്ലാസുകാരിക്കായി ആലപ്പുഴ ജില്ലയിലും വീടു നിര്‍മിച്ചുകഴിഞ്ഞു.
ലളിതവും എന്നാല്‍ സൗകര്യപ്രദവുമായ വീടുകളായിരിക്കണം ചങ്ങാതിമാര്‍ക്കായി ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ മലര്‍വാടി പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. സ്ഥലസൗകര്യങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ പരിഗണിച്ച് പ്ലാനിംഗില്‍ വൈവിധ്യം പുലര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും എളുപ്പം ലഭ്യമായ നിര്‍മാണവസ്തുക്കളാണ് വീടു നിര്‍മാണത്തിനുപയോഗിച്ചത്.
വീടു നിര്‍മാണങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ തങ്ങളാലാവുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് ബാലസംഘം പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. കുട്ടികള്‍ നാളത്തെ പൗരന്മാരല്ല, ഇന്നുതന്നെ അവര്‍ക്ക് ആ നിലയിലേക്കുയരാവുന്നതേയുള്ളൂ. കേരളത്തിലെ ബാലസംഘാടന രംഗത്ത് മലര്‍വാടി മുന്നോട്ടു വെക്കുന്ന ഈ കാഴ്ചപ്പാടിന്റെ ഏറ്റവും നല്ല സാക്ഷ്യപ്പെടുത്തലായി 'ചങ്ങാതിക്കൊരു വീട്' എന്ന സംരംഭത്തിലെ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. മുതിര്‍ന്നവര്‍ക്ക് ഒരുപാട് നന്മകളെ ഓര്‍മിപ്പിച്ചുകൊടുത്ത ഈ കുരുന്നുമക്കളെ നിറഞ്ഞ കണ്ണുകളോടെ കരളലിയുന്ന പ്രാര്‍ഥനകളോടെ ഓര്‍ക്കുകയാണ് കേരളത്തിലെ അഞ്ചു കുടുംബങ്ങള്‍. ഒരു വീട് അടുത്തകാലത്തൊന്നും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്ലാതിരുന്ന അവര്‍ക്ക് പൊടുന്നനെ ദൈവാനുഗ്രഹം പെയ്തിറങ്ങിയതുപോലെയാണ് അനുഭവപ്പെട്ടത്. ഏപ്രില്‍ 30-ന് ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് പാലക്കാട് സിതാര മഹലില്‍ വെച്ച് എം.ബി രാജേഷ് എം.പി അഞ്ചു വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. ഈ ചടങ്ങില്‍ മലര്‍വാടി ബാലസംഘം മുഖ്യരക്ഷാധികാരി ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ എ. അബൂബക്കര്‍ ആശംസ നേരും. മലര്‍വാടി സംസ്ഥാന രക്ഷാധികാരി ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിക്കും.
Comments