Prabodhanm Weekly

Pages

Search

2014 മെയ്‌ 02

ഇസ്രയേല്‍-ഫലസ്ത്വീന്‍ സമാധാന ചര്‍ച്ചകള്‍: വേഷപ്പകര്‍ച്ചകളുടെ തനിയാവര്‍ത്തനങ്ങള്‍

ഡോ. നസീര്‍ അയിരൂര്‍ /അന്താരാഷ്ട്രീയം

         ഇക്കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര മാധ്യമ ലോകത്തും മധ്യപൗരസ്ത്യ മേഖലയിലെ രാഷ്ട്രീയ മണ്ഡലങ്ങളിലും സജീവ ചര്‍ച്ചയായിരുന്നു ഇസ്രയേല്‍ - ഫലസ്ത്വീന്‍ സമാധാന ചര്‍ച്ചകളെ കുറിച്ച ഏറ്റവും പുതിയ വാര്‍ത്തകള്‍. സമാധാനത്തിന്റെ ഒലിവുചില്ലകളെ തകര്‍ക്കുന്ന ഏകപക്ഷീയമായ ഇസ്രയേല്‍ നയങ്ങളും ഇത്തരം നയങ്ങള്‍ക്ക് തിരശ്ശീലക്ക് പിന്നില്‍ നിന്ന് പിന്തുണ നല്‍കുന്ന അമേരിക്കന്‍ നയങ്ങളുമാണ് മേഖലയില്‍ പൊതുവിലും അധിനിവിഷ്ട ഫലസ്ത്വീന്‍ മേഖലകളില്‍ പ്രത്യേകിച്ചും പ്രശ്‌നങ്ങളുടെ പ്രഭവ കേന്ദ്രമായി വര്‍ത്തിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

ഈയിടെ ഐക്യരാഷ്ട്ര സഭയുടെ പതിനഞ്ചോളം വിവിധ അന്താരാഷ്ട്ര ഏജന്‍സികളില്‍ അംഗത്വമെടുക്കാന്‍ ഫലസ്ത്വീന്‍ അതോറിറ്റി നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഫലസ്ത്വീനെതിരെ കടുത്ത നടപടികളും പുതിയ ഭീഷണികളുമായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തിയത്. ഫലസ്ത്വീന്‍ നടപടികള്‍ തീര്‍ത്തും ഏകപക്ഷീയമാണെന്നും അത് മേഖലയിലെ സമാധാന ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നുമുള്ള വിതണ്ഡവാദമുയര്‍ത്തിയാണ് അന്താരാഷ്ട്ര സമൂഹത്തെയും സമാധാന കാംക്ഷികളെയും നോക്കുകുത്തിയാക്കി ഇസ്രയേല്‍ മേഖലയിലെ സമാധാന ശ്രമങ്ങളെ തകിടം മറിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ 26 ഫലസ്ത്വീന്‍ തടവുകാരെ വിട്ടയക്കാമെന്ന ഇസ്രയേല്‍ - ഫലസ്ത്വീന്‍ ഉഭയകക്ഷി ധാരണകള്‍ ഫലസ്ത്വീന്റെ പുതിയ കാല്‍വെപ്പിന്റെ പശ്ചാത്തലത്തില്‍ യാതൊരു മാനദണ്ഡവുമില്ലാതെ ലംഘിക്കപ്പെടുകയുണ്ടായി. യു.എന്‍ ഏജന്‍സികളില്‍ ഫലസ്ത്വീന്‍ സമര്‍പ്പിച്ച 15 അപേക്ഷകളില്‍ പത്തെണ്ണത്തിന് യു.എന്‍ അംഗീകാരം നല്‍കിയതായും വരുന്ന യു.എന്‍ കണ്‍വെന്‍ഷനുകളില്‍ ഫലസ്ത്വീന് പങ്കാളിത്തം ലഭിക്കുമെന്നും യു.എന്‍ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. തുടക്കം മുതല്‍ തന്നെ ഇസ്രയേലിന്റെയും അമേരിക്കയുടെയും പരസ്യമായ എതിര്‍പ്പ് നേരിടേണ്ടിവന്ന ഈ കാല്‍വെപ്പിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം നീതിനിഷേധത്തിനെതിരെയുള്ള വിജയവും ഒപ്പം ഇസ്രയേലിന്റെ പിടിച്ചടക്കല്‍ നയങ്ങള്‍ക്കേറ്റ കനത്ത പ്രഹരവുമാണ്.

ഇസ്രയേല്‍ - ഫലസ്ത്വീന്‍ സമാധാന ചര്‍ച്ചകളുടെയും ഉടമ്പടികളുടെയും നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഏകപക്ഷീയമായ ഇസ്രയേല്‍ നയങ്ങളാണ് സമാധാന പ്രക്രിയകളില്‍ വില്ലന്‍ വേഷമണിയുന്നത് എന്ന് വ്യക്തം. ഇത്തരം സമാധാന പ്രക്രിയകളില്‍ എന്നും മധ്യസ്ഥന്റെ റോളിലെത്തുന്ന അമേരിക്കയുടെ നയങ്ങള്‍ ഒരുകാലത്തും ആത്മാര്‍ഥമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കഴിഞ്ഞ സമാധാന ചര്‍ച്ചകളിലും സ്ഥിരം മാധ്യസ്ഥ പ്രക്രിയ സാധാരണപോലെ  നടത്തി വാഷിംഗ്ടണ്‍ വാര്‍ത്തകളിലിടം പിടിച്ചു. പക്ഷേ സംഭവങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അമേരിക്കയുടെ കാപട്യം പകല്‍വെളിച്ചംപോലെ പുറത്ത് വരും.

മധ്യപൗരസ്ത്യ ദേശത്തെ സമാധാന ശ്രമങ്ങള്‍ അവസാനിക്കാത്ത ഒരു നയതന്ത്ര പരാജയ (Diplomatic Failure)മായി പരിണമിക്കുന്നതിന് മുഖ്യ കാരണം അമേരിക്കന്‍ ഇരട്ടത്താപ്പാണ്. 25 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ ഇപ്പോഴും അവസാനമില്ലാതെ തുടരേണ്ടിവരുന്നത് മറ്റൊരു തലത്തില്‍ വാഷിംഗ്ടണിന്റെ നയചാതുരിയെയും ക്രാന്തദര്‍ശിത്വത്തെയും ചോദ്യം ചെയ്യുന്നുണ്ട്.

ഫലസ്ത്വീന്‍ അതോറിറ്റിയുടെ  അന്താരാഷ്ട്ര മേഖലകളിലേക്കുള്ള പുതിയ ചുവട്‌വെപ്പുകള്‍ മുളയിലേ നുള്ളിക്കളയാന്‍ യു.എസ് ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിയിരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. യു.എന്നിലെ അമേരിക്കന്‍ അംബാസഡറായി പ്രവര്‍ത്തിച്ചുവരുന്ന സാമന്ത പവര്‍ അഭിപ്രായപ്പെട്ടത്, ഇത്തരം വിഷയങ്ങളില്‍ ഇസ്രയേലിനോടൊപ്പം നിലകൊള്ളേണ്ടതുണ്ട് എന്നാണ്. അന്താരാഷ്ട്ര മേഖലയിലും വിവിധ മനുഷ്യാവകാശ ഏജന്‍സികളിലേക്കും ഫലസ്ത്വീന്‍ ജനത കടന്നുവരുന്നത് നിരുത്സാഹപ്പെടുത്താനും തടയിടാനും ഒളിഞ്ഞും തെളിഞ്ഞും വാഷിംഗ്ടണ്‍ മുന്നിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഈയിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നടത്തിയ അഭിപ്രായപ്രകടനങ്ങളും ശക്തമായ വിമര്‍ശനങ്ങളും ഇസ്രയേലിനെ ചൊടിപ്പിക്കുന്നതായിരുന്നു. ഇസ്രയേലിന്റെ ഏകപക്ഷീയമായ നയങ്ങളാണ് ഫലസ്ത്വീന്‍ മേഖലയിലും മധ്യപൗരസ്ത്യ ദേശത്തും സമാധാന പ്രക്രിയക്ക് വിഘാതമായി നില്‍ക്കുന്നതെന്ന് തുറന്നടിക്കാന്‍ ധൈര്യം കാണിച്ച കെറി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസ നേടി. ഇറാന്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം ഇസ്രയേലിനെ വീണ്ടും ചൊടിപ്പിച്ചു. ഇതേ കാരണം മൂലം ഇസ്രയേല്‍ പരസ്യ പ്രസ്താവനകളുമായി കെറിക്കെതിരെ രംഗത്ത് വരികകൂടി ചെയ്തിരിക്കുന്നു. ജോണ്‍ കെറിയുടെ അഭിപ്രായങ്ങള്‍ എന്തായിരുന്നാലും ശരി അന്തിമ വിശകലനത്തില്‍ വിജയിക്കുന്നതും നടപ്പില്‍ വരുന്നതും അമേരിക്കന്‍ - ഇസ്രയേലി നയങ്ങള്‍ മാത്രമായിരിക്കുമെന്നുറപ്പ്. പരസ്യപ്രസ്താവനകള്‍ക്കും പരസ്യനിലപാടുകള്‍ക്കും അപ്പുറത്ത് നടക്കുന്ന അരമന ഗൂഢാലോചനകള്‍ എല്ലാവര്‍ക്കും നന്നായി അറിയാവുന്നതാണ്. സത്യത്തില്‍ ജോണ്‍ കെറിയുടെയും കൂട്ടരുടെയും ഇപ്പോഴുള്ള 'ആത്മാര്‍ഥ' ശ്രമങ്ങള്‍ നേരത്തേതില്‍ നിന്നും ഭിന്നമല്ല. ഫലസ്ത്വീന്‍ ജനതയുടെ സമാധാനം വെറും വട്ടമേശകളിലും ചര്‍ച്ചകളിലുമായി ഒതുക്കുകയാണിപ്പോഴും എന്ന് സാരം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ ഫലസ്ത്വീന്‍ ജനതക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇസ്രയേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ഡോര്‍ ലീ ബെര്‍മെന്‍ സമാധാന പ്രക്രിയയില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് ഫലസ്ത്വീന്‍ ജനതയാണെന്ന് ആരോപിക്കുകയുണ്ടായി. ഇസ്രയേല്‍ വെസ്റ്റ് ബാങ്കിലും ഗസ്സമുനമ്പിലും പുതുതായി നടത്തിയ അനധികൃത ഭൂമികൈയേറ്റവും അധിനിവേശവുമാണ് സമാധാന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്ന് ഇസ്രയേല്‍ പത്രമായ ഹാരറ്റ്‌സ് വ്യക്തമാക്കി. പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജനറല്‍ സെക്രട്ടറി യാസര്‍ ആബിദ് റാബോ അഭിപ്രായപ്പെടുന്നത് ഇസ്രയേലുമായി നടത്തുന്ന സമാധാന ചര്‍ച്ചകളുടെ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നാണ്. ഒപ്പുവെക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ നിബന്ധനകളും ചട്ടങ്ങളും മനുഷ്യാവകാശങ്ങളും നിഷ്‌കരുണം ലംഘിക്കുകയെന്നത് ഇസ്രയേലിന്റെ സ്ഥിരം പരിപാടികളാണ്. ഇത് സമാധാന ചര്‍ച്ചകളെ സാരമായി ബാധിക്കുന്നു. 

സമാധാനത്തെ വെല്ലുവിളിച്ച് ഫലസ്ത്വീന്‍ തുടങ്ങിവെച്ച അന്താരാഷ്ട്ര കാമ്പയിനാണ് സമാധാന ശ്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത് എന്നാണ് ഇസ്രയേലി നിയമ മന്ത്രി സിപ്പിലിവ്‌നിയുടെ മുടന്തന്‍ ന്യായം. ഫലസ്ത്വീന്‍ സമാധാന ചര്‍ച്ചകളെ പാരവെക്കുന്നതും തുരങ്കം വെക്കുന്നതും നെതന്യാഹു സര്‍ക്കാറില്‍ തന്നെയുള്ളവരാണ് എന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടത് ഇസ്രയേലിന്റെ വാദങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു. അധികരിച്ചുവരുന്ന ജൂതകുടിയേറ്റത്തിന് ഒത്താശചെയ്യുന്നതും സര്‍ക്കാറിലെത്തന്നെ തീവ്രചിന്താഗതിക്കാരാണ്. നിലനില്‍ക്കുന്ന ധാരണകളും കരാറുകളും ലംഘിച്ച് ഫലസ്ത്വീന്‍ മേഖലകളെ പിടിച്ചടക്കലും വീടുകള്‍ കൈയേറലും ജൂത കുടിയേറ്റവും അഭംഗുരം ഇസ്രയേല്‍ നടത്തിവരുന്നു. ഇത്തരം നടപടികള്‍ തടയാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കുകയില്ല. അതുകൊണ്ടാണ് സമാധാന ചര്‍ച്ചകള്‍ അധരവ്യായാമമായി പരിണമിക്കുന്നത്. യു.എസ് മധ്യസ്ഥര്‍ക്കും ഭരണകൂടത്തിനും ഈ സത്യം അറിയാഞ്ഞിട്ടല്ല. അവര്‍ക്കും ഈ പ്രശ്‌നം ഒരു 'അവസാനിക്കാത്ത ദൗത്യമായി'(Mission Impossible) നീട്ടിക്കൊണ്ടുപാകാനാണ് താല്‍പര്യം. സമാധാന ദൂതന്‍ ചമഞ്ഞ് ഒപ്പം ലോകത്തിന്റെയും ഇസ്രയേലിന്റെയും കൈയടി നേടിയെടുക്കാമെന്ന ലളിതമായ ലോജിക്കാണ് ഇതിന് പിന്നില്‍.

ഇസ്രയേല്‍ പ്രതിഷേധം എന്തുകൊണ്ട്?

അന്താരാഷ്ട്ര മേഖലകളിലേക്ക് ഫലസ്ത്വീന്‍ അതോറിറ്റിയുടെ ഈ പുതിയ കാല്‍വെയ്പുകളെ ഇസ്രയേല്‍ അതിശക്തമായി എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ചില യാഥാര്‍ഥ്യങ്ങള്‍ തെളിഞ്ഞുവരുന്നു.

(എ) ഫലസ്ത്വീന്‍ സ്റ്റേറ്റിന്റെ അംഗീകാരം: യു.എന്നിന്റെ വിവിധ ഏജന്‍സികളില്‍ പങ്കാളികളാക്കപ്പെടുന്നതോടെ അന്താരാഷ്ട്ര വേദികളില്‍ ഫലസ്ത്വീന്‍ സ്റ്റേറ്റിന് ലഭിക്കുന്ന ആഗോള സാധൂകരണത്തെയും അംഗീകാരത്തെയും ഇസ്രയേലിനോടൊപ്പം അമേരിക്കയും ഭയപ്പെടുന്നു. ഇതുവഴി രൂപപ്പെട്ട് വരുന്ന മുസ്‌ലിം ഐക്യവും വിജയവും തങ്ങളുടെ അന്തിമ പരാജയത്തില്‍ കലാശിക്കും എന്ന് ഈ അച്ചുതണ്ട് കരുതുന്നു.

(ബി) പുതുമാനവും പ്രതലവും കൈവരുന്നു: വാഷിംഗ്ടണിന്റെ കാര്‍മികത്വത്തില്‍ അമേരിക്കന്‍ ഫ്രെയിം വര്‍ക്കുകള്‍ക്കുള്ളില്‍ മാത്രം നടന്നുവന്നിരുന്ന സമാധാന ശ്രമങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ നിരവധി മനുഷ്യാവകാശ വേദികളിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പുതുമാനവും നവപ്രതലവും കൈവരുന്നു. ഈ മാറ്റം ഫലത്തില്‍ നേരത്തെയുള്ള താല്‍പര്യങ്ങള്‍ക്ക് എതിരാകാന്‍ സാധ്യതകള്‍ ഏറെ കൂടുതലാണ്. ഇത്തരം ഫോറിന്‍ ബോഡി ഇടപെടലുകളെ ഇസ്രയേല്‍ ഭയപ്പെടുന്നുണ്ട്.

(സി) അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)യുടെ ഇടപെടല്‍: ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇതുവഴി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിപോലുള്ളവയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയം ഇസ്രയേലിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഈ അനിഷ്ടങ്ങള്‍ പിടിച്ചടക്കലിന്റെ രൂപത്തില്‍ വെസ്റ്റ് ബാങ്കിലും ഗസ്സമുനമ്പിലും റാമല്ലയിലും പ്രതിഫലിക്കുന്നു.

(ഡി) സങ്കുചിത പദ്ധതികളുടെ പരാജയം: വര്‍ഷങ്ങളായി ഇസ്രയേല്‍ തുടര്‍ന്നുവരുന്ന സങ്കുചിത നയങ്ങള്‍ക്കുള്ള പ്രത്യക്ഷ പ്രഹരമാണ് അന്താരാഷ്ട്ര വേദികളിലേക്കുള്ള ഫലസ്ത്വീന്റെ കടന്നുവരവ്. പ്രശ്‌നം അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ച ചെയ്യാന്‍ ലഭിക്കുന്ന അവസരങ്ങള്‍ തകര്‍ക്കുന്നത് ഇസ്രയേലിന്റെ ഇമേജിനെയായിരിക്കും. ഇത് ഇസ്രയേലിന് നന്നായി ബോധ്യമുള്ളതിനാലാണ് പരസ്യമായ ഭീഷണികളിലൂടെ ഫലസ്ത്വീന്‍ അതോറിറ്റിയെ വിരട്ടാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

അടിസ്ഥാന നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതിനെതിരെ ഏത് അന്താരാഷ്ട്ര വേദിയിലും ശബ്ദമുയര്‍ത്താനും അവയില്‍ അംഗത്വമെടുക്കാനും മറ്റുള്ളവരെപ്പോലെ ഫലസ്ത്വീന്‍ ജനതക്കും അധികാരവും അവകാശവും ഉണ്ട്. ഇത്തരം അടിസ്ഥാന അവകാശങ്ങളെ ചോദ്യം ചെയ്യുകയും ഇതിനെതിരെ സാമ്പത്തിക ഉപരോധം പോലുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന നെതന്യാഹുവിന്റെയും കൂട്ടരുടെയും ചെയ്തികളെ നിഷ്പക്ഷരായ ഇസ്രയേല്‍ പൗരന്മാര്‍പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ലോക ശ്രദ്ധ തിരിച്ച് സ്ഥിരം സമാധാന ചര്‍ച്ചകളില്‍ ഈ പ്രശ്‌നത്തെ തളച്ചിടുക എന്നതാണ് അമേരിക്കന്‍ തന്ത്രം. ഇത്തരം ചര്‍ച്ചകള്‍ പതിവ് അജണ്ടകളില്‍ നിന്ന് മാറി യഥാര്‍ഥ ഫലസ്ത്വീന്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ക്രിയാത്മകമായ പുരോഗതി മേഖലയില്‍ ഉണ്ടാകുമായിരുന്നു. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം