നാദിര്‍നൂരി എന്ന 'അപൂര്‍വ' പ്രതിഭാസം
ഇസ്‌ലാമിക പ്രബോധനരംഗത്തും സാമൂഹിക, സാംസ്‌കാരിക മേഖലയിലും ആതുര സേവന പ്രവര്‍ത്തന മണ്ഡലങ്ങളിലും കഴിഞ്ഞ നാല് ദശാബ്ദം കുവൈത്തില്‍ നിറഞ്ഞുനിന്ന മഹദ് വ്യക്തിത്വത്തിന്റെ തിരോധാനമാണ് ശൈഖ് നാദിര്‍ നൂരിയുടെ വിയോഗത്തോടെ സംഭവിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അര്‍ബുദ രോഗത്തോട് മല്ലടിച്ചുകൊണ്ടിരുന്ന നാദിര്‍ നൂരിയുടെ അന്ത്യം ഏപ്രില്‍ 16 ബുധനാഴ്ച രാത്രി 11.30-നായിരുന്നു. ആയുഷ്‌കാലം മുഴുവന്‍ ഇസ്‌ലാമിന് സമര്‍പ്പിച്ച ആ മഹിത ജീവിതത്തെ സ്രഷ്ടാവിന്റെ സവിധത്തിലേക്ക് യാത്രയയക്കാന്‍ സുലൈബിഖാത്ത് മഖ്ബറയില്‍ ഒരുമിച്ചുകൂടിയത് വന്‍ ജനാവലിയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ആ ധന്യാത്മാവിനെ ഹൃദയത്തിലേറ്റി സ്‌നേഹിച്ചാദരിച്ചവരുടെ സംഖ്യാ ബാഹുല്യം വിളംബരം ചെയ്തത് യുഗപ്രഭാവനനായ ശൈഖ് നാദിറിന്ന് ജനമനസ്സിലുള്ള ഇടവും സ്വാധീനവും അംഗീകാരവുമാണ്. കുവൈത്തില്‍ പിറന്ന് വളര്‍ന്ന് ലോകത്തിന്റെ നാനാ ഭാഗത്തേക്കും വേരുകള്‍ പടര്‍ത്തിയ വന്‍ വൃക്ഷമായിരുന്നു ശൈഖ് നാദിര്‍. ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ആ വന്‍മരം തണലേകി. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വെള്ളവും വളവും വെളിച്ചവും നല്‍കിയ ആ കര്‍മയോഗി ചരിത്രത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. യൂനിവേഴ്‌സിറ്റികള്‍, കോളേജുകള്‍, പള്ളികള്‍, മദ്‌റസകള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍, പാര്‍പ്പിടങ്ങള്‍, ജലസേചന പദ്ധതികള്‍ തുടങ്ങി ചെറുതും വലുതുമായ ആയിരക്കണക്കിന് സംരംഭങ്ങളാണ് നാദിറിന്റെ തണലില്‍ തഴച്ചുവളര്‍ന്നത്. ഈ സ്ഥാപനങ്ങളെല്ലാം നാദിറില്‍ തങ്ങളുടെ രക്ഷാകര്‍ത്താവിനെ കണ്ടെത്തി.
1954-ല്‍ കുവൈത്തിലെ കൈഫാന്‍ പ്രദേശത്ത് ജനിച്ച നാദിര്‍ ചെറുപ്പം മുതല്‍ക്കേ പ്രഗത്ഭ വ്യക്തിത്വങ്ങളായ പിതൃസഹോദരന്മാര്‍ ശൈഖ് അബ്ദുല്ലാ നൂരിയുടെയും മുഹമ്മദ് നൂരിയുടെയും ശിക്ഷണത്തിലാണ് വളര്‍ന്നത്. കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ നാദിര്‍ ഹദീസ് വിജ്ഞാനീയങ്ങളിലും അറബി ഭാഷയിലും മാസ്റ്റര്‍ ബിരുദമെടുത്തു. ഇബ്‌നുല്‍ ഖയ്യിമുല്‍ ജൗസിയയുടെ വൈജ്ഞാനിക സംഭാവനകളെക്കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം കുവൈത്തിലെ സര്‍വസമ്മതനായ പണ്ഡിതനായിരുന്നു. കുവൈത്തിലെ ചാരിറ്റി സൊസൈറ്റി സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയ പിതൃസഹോദരന്‍ ശൈഖ് അബ്ദുല്ലാ നൂരിയായിരുന്നു നാദിറിന്റെ മാര്‍ഗദര്‍ശിയും മാതൃകയും. മതത്തിന്റെ മധ്യമ വീക്ഷണത്തിലേക്കും, തീവ്രതയിലേക്കും ജീര്‍ണതയിലേക്കും വഴിതെറ്റാത്ത ദൈവികാധ്യാപനങ്ങളുടെ ഋജു സരണിയിലേക്കും സഹോദര പുത്രനെ നയിച്ച അബ്ദുല്ലാ നൂരി പണ്ഡിത പ്രമുഖരായ മഹദ് വ്യക്തിത്വങ്ങളുടെ വിദ്വല്‍ സദസ്സുകളില്‍ നാദിറിനെ നിത്യ സന്ദര്‍ശകനാക്കിയിരുന്നു.
പിതൃസഹോദരന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ സേവന മനസ്സ് സ്വപ്രയത്‌നത്തിലൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. ലോകത്തെങ്ങുമുള്ള അനേകം സര്‍ക്കാരേതര ജീവകാരുണ്യ-സന്നദ്ധ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച നാദിറിന്റെ കൈയൊപ്പ് പതിയാത്ത ഒരു സംരംഭവും കുവൈത്തിന്റെ മണ്ണില്‍ കാണുക സാധ്യമല്ല. ഉന്നത കുടുംബാംഗങ്ങളായ തന്റെ ഉറ്റവരും ഉടയവരും സഹോദരന്മാരും ബന്ധുക്കളുമെല്ലാം മന്ത്രിപദത്തിലും ഔദ്യോഗിക പദവികളിലും വിരാജിച്ച് സേവനം നടത്തുമ്പോള്‍ എളിമയും താഴ്മയും വിനയവും കൈവിടാതെ സാധാരണക്കാരോടൊത്തുള്ള സഹവാസവും പ്രവര്‍ത്തനവുമാണ് നാദിര്‍ അഭികാമ്യമായി കരുതിയത്. കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും തനിക്കുള്ള ഉറ്റ ബന്ധവും സൗഹൃദവും ഉപയോഗപ്പെടുത്തി നിര്‍ധനരായ പലരെയും സഹായിക്കാന്‍ സന്മനസ്സ് കാണിച്ച നാദിര്‍ അതേ ബന്ധങ്ങള്‍ ഫലസ്ത്വീനിലെയും സിറിയയിലെയും ബോസ്‌നിയയിലെയും ആഫ്രിക്കയിലെയും മര്‍ദിതരുടെ മോചനത്തിനും അവരുടെ കണ്ണീര് തുടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തി.
ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകാംഗമായ നാദിര്‍ ദീര്‍ഘകാലം അതിന്റെ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു. ഫലസ്ത്വീന്‍ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ്, ഇസ്‌ലാം പ്രസന്റേഷന്‍ കമ്മിറ്റി (ഐ.പി.സി)യുടെ സ്ഥാപകനും ചെയര്‍മാനും, ജംഇയ്യത്തുല്‍ ഇസ്‌ലാഹില്‍ ഇജ്തിമാഇയുടെ സ്ഥാപകാംഗം, ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമിയില്‍ അംഗം, ജംഇയ്യത്തുന്നജാത്തില്‍ ഖൈരിയ്യയുടെ സ്ഥാപകാംഗം, കുവൈത്ത് ജേര്‍ണലിസ്റ്റ് യൂനിയന്‍ സ്ഥാപകാംഗം, ഫ്രാന്‍സിലെ യൂറോപ്യന്‍ ഇസ്‌ലാമിക് അക്കാദമി സ്ഥാപകാംഗം, ഇന്റര്‍കോണ്‍ടിനെന്റല്‍ ചാരിറ്റി സൊസൈറ്റി (ബ്രിട്ടന്‍) സ്ഥാപകാംഗം, ചിറ്റഗോംഗിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം എന്നിങ്ങനെ നൂറോളം ദേശീയ-അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
* * * *
ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് മൂന്ന് ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ഗ്രന്ഥകാരനും പണ്ഡിതനും ലോക ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളുടെ ജീവചരിത്ര രചയിതാവുമായ അബ്ദുല്ലാ അഖീല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലം. കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ പ്രസിഡന്റായ കെ.എം അബ്ദുര്‍റഹീമും ജനറല്‍ സെക്രട്ടറിയായ ഈയുള്ളവനും ഔഖാഫില്‍ അബ്ദുല്ലാ അഖീലിനെ കാണാന്‍ ചെന്ന ദിവസം. അബ്ദുല്ലാ അഖീല്‍ ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്. അഖീല്‍ (അബൂ മുസ്ത്വഫ) ഞങ്ങളോട്: ''ഈ കസേരയില്‍ ഇനി ഇരിക്കാന്‍ പോകുന്ന വ്യക്തിയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരാം.'' അദ്ദേഹം ഇസ്‌ലാമിക പഠന ഗവേഷണ ഡിപ്പാര്‍ട്ട്‌മെന്റില്‍ റിസര്‍ച്ച് ടീം മേധാവിയായി പ്രവര്‍ത്തിക്കുന്ന നാദിര്‍ നൂരിയെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അബൂ മുസ്ത്വഫയുടെ അരികത്ത് ബഹുമാനത്തോടെയും ഭവ്യതയോടെയും വന്നിരുന്ന നാദിറിന് ഞങ്ങളെ പരിചയപ്പെടുത്തി. ആ വാചകങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ''ഇവര്‍ രണ്ടു പേരും ജമാഅത്തെ ഇസ്‌ലാമിയുടെ ഇവിടെയുള്ള പ്രതിനിധികളാണ്. ഇവര്‍ ഇവിടെ വന്ന് നിങ്ങളെ നിരന്തരം 'ശല്യം' ചെയ്തുകൊണ്ടിരിക്കും. ഇവര്‍ കേരളത്തില്‍ നിന്നാണ്. കേരളം എന്നാല്‍ 'ഖൈറുല്ലാ' (ദൈവത്തിന്റെ സ്വന്തം നാട്). ഇവരുടെ ഭാഷ മലയാളം. നാം അറബിയില്‍ പറയുമ്പോള്‍ 'മാലായഅ്‌ലം' (ആര്‍ക്കും അറിഞ്ഞുകൂടാത്തത്). മിനിറ്റുകള്‍ നീണ്ട ആ ആദ്യ സംഗമവേളക്ക് ശേഷം നാദിര്‍ സലാം ചൊല്ലി തന്റെ ഓഫീസിലേക്ക് പോയി. വീണ്ടും അഖീല്‍ ഞങ്ങളോട്: ''ആരാണ് ഈ യുവാവെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. നിങ്ങള്‍ കേട്ടിട്ടുണ്ടോ ശൈഖ് അബ്ദുല്ലാ നൂരിയെ? കുവൈത്തിലെ പഠനശേഷം ലണ്ടനില്‍ താമസിച്ച് പഠിച്ച് ഉയര്‍ന്ന ബിരുദങ്ങള്‍ കരസ്ഥമാക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവ് നേടുകയും ചെയ്ത വ്യക്തിയാണ് അബ്ദുല്ലാ നൂരി. കുവൈത്ത് ടി.വിയില്‍ ഇസ്‌ലാമിക ചോദ്യോത്തര പരിപാടികള്‍ നടത്തുന്ന ആള്‍ തന്നെ. ഇവ സമാഹരിച്ച അദ്ദേഹത്തിന്റെ ഒരു ബൃഹദ് ഗ്രന്ഥമുണ്ട്. കുവൈത്തിലെ ധനികന്മാരും വ്യാപാരികളും തങ്ങളുടെ സകാത്ത്-സ്വദഖകള്‍ ഈ വ്യക്തിയെയാണ് വിശ്വസിച്ചേല്‍പിക്കുക. അദ്ദേഹം അത് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് വരുന്ന ആളുകള്‍ക്ക് ആവശ്യത്തിന്റെ തോതനുസരിച്ച് വിതരണം ചെയ്യും. അദ്ദേഹത്തിന്റെ ഒപ്പുള്ള കൊച്ചു കുറിപ്പടിയുമായി നാഷ്‌നല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ ചെന്നാല്‍ മതി. അദ്ദേഹത്തെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്. അദ്ദേഹത്തിന്റെ വലംകൈ ആണ് അദ്ദേഹത്തിന്റെ സഹോദര പുത്രനായ നാദിര്‍ എന്ന, നിങ്ങള്‍ ഇപ്പോള്‍ പരിചയപ്പെട്ട വ്യക്തി. പിതൃസഹോദരന്റെ എല്ലാ ഗുണങ്ങളും ഒന്നായി നന്നായി മേളിച്ച ഒരു അപൂര്‍വ വ്യക്തിത്വമാണ്. നാദിര്‍ എന്നാല്‍ 'അപൂര്‍വം', 'അസാധാരണം' എന്നാണ് അര്‍ഥമെന്നറിയാമല്ലോ. ആ യുവാവുമായി ഇടപഴകുമ്പോള്‍ കാലാന്തരത്തില്‍ നിങ്ങള്‍ക്കത് ബോധ്യപ്പെടും.''
കാലാന്തരത്തില്‍ ഞങ്ങള്‍ക്കത് ബോധ്യപ്പെട്ടു. അബൂ മുസ്ത്വഫ പോയി. നാദിര്‍ നൂരി ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടറായി ചുമതലയേറ്റു. ഇരുപത്തഞ്ചു വര്‍ഷം അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. എത്രയെത്ര സംഗമങ്ങള്‍, കൂടിക്കാഴ്ചകള്‍! നാദിര്‍ പങ്കെടുത്ത അസംഖ്യം പരിപാടികള്‍! നാദിറിന്റെ എത്രയെത്ര പ്രഭാഷണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു, പരിഭാഷകനായി! അവസാന നിമിഷം വരെ കെ.ഐ.ജിയുടെ രക്ഷാ കര്‍ത്താവായിരുന്നു നാദിര്‍. കേരളത്തെ നാദിര്‍ അറിഞ്ഞ് തുടങ്ങിയത് കെ.ഐ.ജിയിലൂടെയാണ്. ആ ബന്ധം കേരളത്തിലേക്ക് വളര്‍ന്നു. തുടര്‍ന്ന് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. ഇസ്‌ലാമിക പ്രബോധന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിതമായ ആ മഹദ് ജീവിതത്തിലെ ഓരോ നിമിഷവും സ്പന്ദിച്ചത് അല്ലാഹുവിന്റെ ദീനിന് വേണ്ടിയായിരുന്നു. കെ.ഐ.ജിയുടെ നേതൃത്വത്തില്‍ ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തുമായി സഹകരിച്ച് യൂസുഫ് ഇസ്‌ലാമിന് (കേറ്റ് സ്റ്റീവന്‍സ്) സ്വീകരണ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ രക്ഷാധികാരിയായി നിന്നത് നാദിറാണ്, അഹ്മദ് ദീദാത്ത് കുവൈത്ത് സന്ദര്‍ശിച്ച വേളയില്‍ ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി ഓഡിറ്റോറിയത്തില്‍ കെ.ഐ.ജി നടത്തിയ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തത്. അന്ന് അധ്യക്ഷത വഹിച്ച കെ.എം അബ്ദുര്‍റഹീം സാഹിബ് തന്റെ മനോഹര ശബ്ദത്തില്‍ ഇംഗ്ലീഷില്‍ ചെയ്ത പ്രൗഢോജ്വല പ്രസംഗം നാദിര്‍ പലപ്പോഴും വാഴ്ത്തി പറഞ്ഞു. അബ്ദുര്‍റഹീം സാഹിബിന് നാദിറിന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടമുണ്ടായിരുന്നു. നജ്മുദ്ദീന്‍ അര്‍ബകാന്‍ കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ തന്റെ വീട്ടില്‍ ഒരുക്കിയ വിരുന്നില്‍ നാദിര്‍ ഞങ്ങളിരുവരെയും ക്ഷണിച്ചതും ഞങ്ങളെയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തതും നിറകണ്ണുകളോടെ ഓര്‍ക്കുന്നു. മാധ്യമം ദിനപത്രത്തെ നജ്മുദ്ദീന്‍ അര്‍ബകാന്നും സംഘത്തിനും പരിചയപ്പെടുത്തി നാദിര്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഓര്‍മയിലുണ്ട്: 'ഇത്, ഈ പത്രം ഇരുപതാം നൂറ്റാണ്ടില്‍ ലോക പ്രസ്ഥാന രംഗത്ത് നടന്ന ഒരു വലിയ സംഭവമാണ്. മഹാ പണ്ഡിതനായ ജമാഅത്ത് അമീര്‍ അബ്ദുല്ലാ ബാവയും കര്‍മയോഗിയായ സിദ്ദീഖ് ഹസനുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഈ ഇരിക്കുന്ന അബ്ദുര്‍റഹീമിന്റെ ശിഷ്യരായ ഹംസയും (വി.കെ ഹംസ അബ്ബാസ്) അബ്ദുര്‍റഹ്മാന്‍ മുഈനുമാണ് ഇതിന്റെ എഡിറ്റര്‍മാര്‍. ഒരു ബഹുസ്വര സമൂഹത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കടന്നുചെല്ലേണ്ട മേഖലയാണ് മാധ്യമം ദിനപത്രം ചൂണ്ടിക്കാണിച്ചുതന്നത്. നിങ്ങള്‍ക്ക് തുര്‍ക്കിയില്‍ ഇത് പരീക്ഷിക്കാം. (ചിരിച്ചുകൊണ്ട്) ഈ പറഞ്ഞവരെയൊന്നും നിങ്ങള്‍ തുര്‍ക്കിയിലേക്ക് കൊണ്ടുപോകരുത്.'' അര്‍ബകാന്‍ പുഞ്ചിരിച്ചു. 1985-ല്‍ മാധ്യമത്തിന്റെ പ്രചാരണാര്‍ഥം കുവൈത്ത് സന്ദര്‍ശിച്ച കേരള അമീര്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയെയും അസി. അമീര്‍ വി.കെ ഹംസ സാഹിബിനെയും കൂട്ടി ഞങ്ങള്‍ നാദിറിന്റെ കൈഫാനിലുള്ള വസതിയില്‍ ചെന്ന സന്ദര്‍ഭം. മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത നേരത്തെ മനസ്സിലാക്കിയ നാദിറിന് കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടായിരുന്നില്ല. ശൈഖ് അബ്ദുല്ല അലി അല്‍ മുത്വവ്വ എന്ന അബൂബദ്‌റിന് ഫോണ്‍ ചെയ്തു. അബൂ ബദ്‌റിന്റെ ശുവൈഖിലുള്ള വസതിയില്‍ കെ.സിക്കും സംഘത്തിനും സ്വീകരണം. ഹൈഅല്‍ ഖൈരിയ്യ (ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍)യുടെ ജനറല്‍ ബോഡി നടക്കുന്ന സന്ദര്‍ഭമായിരുന്നു അത്. സമ്മേളന പ്രതിനിധികളെ കെ.സിയുടെ ബഹുമാനാര്‍ഥം അബൂബദ്ര്‍ തന്റെ വസതിയില്‍ ഒരുക്കിയ വിരുന്നിലേക്ക് ക്ഷണിച്ചു. ഡോ. യൂസുഫുല്‍ ഖറദാവി ഉള്‍പ്പെടെ ലോക ഇസ്‌ലാമിക പ്രസ്ഥാനത്തിലെ പണ്ഡിതന്മാരും നേതാക്കളും സമ്മേളിച്ച മഹാ സദസ്സ്. അമീര്‍ കെ.സി അബ്ദുല്ല മൗലവിയെയും ജമാഅത്തിനെയും മാധ്യമം എന്ന തുടങ്ങാന്‍ പോകുന്ന സംരംഭത്തെയും പരിചയപ്പെടുത്തി സംസാരിച്ചത് ശൈഖ് നാദിര്‍ നൂരിയാണ്. ഫിന്‍ത്വാസിലുള്ള തന്റെ കൃഷി ഫാമില്‍ നാദിര്‍ കെ.സിക്കും സംഘത്തിനും പ്രത്യേക വിരുന്നൊരുക്കി ആദരിച്ചു. ഇന്ത്യയില്‍ നിന്ന്, വിശിഷ്യ കേരളത്തില്‍ നിന്ന് വിവിധ പ്രോജക്ടുകളും സംരംഭങ്ങളുമായി തന്നെ സമീപിക്കുന്ന ഒരു സംഘടനയെയും വ്യക്തിയെയും നാദിര്‍ കൈവിട്ടില്ല. എല്ലാവരെയും ഹൃദയപൂര്‍വം സ്‌നേഹിച്ചു, സ്വീകരിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള നാദിറിന് സലഫി ആഭിമുഖ്യമുള്ള സംഘടനകളോടും മതിപ്പും ആദരവുമായിരുന്നു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോടും ശൈഖ് നാദിര്‍ ആ അടുപ്പവും ബന്ധവും കാത്തുസൂക്ഷിച്ചു. എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു ആ മനസ്സ്.
1989. എം.വി മുഹമ്മദ് സലീം മൗലവി, അബ്ദുര്‍റഹ്മാന്‍ തറുവായി, ഒ.പി അബ്ദുസ്സലാം മൗലവി, ശൈഖ് അബ്ദുസ്സമദ് കാതിബ്, എന്‍.പി അബ്ദുല്‍ ഖാദിര്‍ മൗലവി, പി.എന്‍. അബ്ദുല്ലത്വീഫ് മദനി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ആര്‍.വി അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയ വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്ന പണ്ഡിതന്മാരും നേതാക്കളും കുവൈത്തില്‍ എത്തിയ സന്ദര്‍ഭം. ഞാനും സലീം മൗലവിയും ഈ സന്ദര്‍ഭം സമുദായ ഐക്യത്തിന് പ്രയോജനപ്പെടുന്ന വിധം ഉപയോഗപ്പെടുത്തുന്നത് നന്നാവുമെന്ന ആശയം പങ്കുവെച്ചു. ആഗ്രഹം നാദിറിനെ ഫോണില്‍ അറിയിച്ചു. 'ഇതുതന്നെ ഞാനും ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമുക്കത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം' എന്ന് മറുപടി തന്നതോടെ കാര്യം എളുപ്പമായി. കുവൈത്തില്‍ വന്നിട്ടുള്ള ഈ വ്യത്യസ്ത സംഘടനാ പ്രതിനിധികളെയെല്ലാം ഒന്നിച്ചിരുത്തി ഒരു ഐക്യധാരണയില്‍ കൊണ്ടുവരണം. എങ്കില്‍ അതിന്റെ സന്ദേശം കേരളത്തിലുമെത്തി സദ്ഫലങ്ങള്‍ ഉളവാക്കുമല്ലോ. അത് കോ-ഓര്‍ഡിനേറ്റ് ചെയ്യേണ്ട ചുമതല എന്നെ ഏല്‍പിച്ചു. എല്ലാവരെയും നാദിര്‍ തന്നെ ബന്ധപ്പെട്ടു വിളിച്ചു. വ്യാഴാഴ്ച തന്റെ ഓഫീസില്‍ സംബന്ധിച്ച് ഉള്ളു തുറന്ന ചര്‍ച്ചകള്‍ നടത്തി ഒരു ഐക്യകരാറില്‍ ഒപ്പിടണം. അതായിരുന്നു നാദിറിന്റെ ഉദ്ദേശ്യം. എല്ലാ ഭിന്നതകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും അതീതമായി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വികാരങ്ങള്‍ക്കാവണം സ്ഥാനവും പരിഗണനയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കരാറിന്റെ പൂര്‍ണ രൂപം നാദിര്‍ തന്റെ സ്വന്തം കൈപ്പടയില്‍ തയാറാക്കി സമര്‍പ്പിച്ചു. സമുദായ ഐക്യത്തിന് ഏതറ്റം വരെയും പോവാന്‍ തയാറായിരുന്നു നാദിര്‍ എന്ന വസ്തുതയുടെ വിളംബരമാണ് ആ വ്യാഴ്യാഴ്ച പ്രഭാതത്തില്‍ തന്റെ സാന്നിധ്യത്തിലും നേതൃത്വത്തിലും കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ഒപ്പിട്ട വിശ്രുതമായ 'കുവൈത്ത് ഐക്യകരാര്‍.' കരാര്‍ വിശദീകരിച്ച് കുവൈത്ത് സിറ്റിയിലെ മസ്ജിദുശ്ശംലാനില്‍ നാദിര്‍ നൂരി നടത്തിയ പ്രഭാഷണം ശ്രവിക്കാന്‍ വന്‍ പുരുഷാരമാണ് സമ്മേളിച്ചത്.
ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് രാജ്യം വിട്ടുപോവാതെ നിലയുറപ്പിച്ച ചരിത്രമാണ് നാദിറിന്റേത്. അന്ന് ജിദ്ദയില്‍ പ്രവര്‍ത്തിച്ച 'വിപ്രവാസ ഭരണകൂട'ത്തിന്റെ ചുമതലകള്‍ ഏല്‍പിക്കപ്പെട്ട വ്യക്തിത്വങ്ങളാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാന നേതൃനിരയിലുള്ള ജാസിം മുഹല്‍ഹല്‍ യാസീനും ശൈഖ് നാദിര്‍ നൂരിയും. കുവൈത്തില്‍ അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഭവ വിതരണം, നിയമ-ക്രമസമാധാന പാലനം എന്നിവയായിരുന്നു അവര്‍ക്ക് ഏല്‍പിക്കപ്പെട്ട ചുമതലകള്‍. കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റിയതിന്, തന്നെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സഅദുല്‍ അബ്ദുല്ല തന്റെ വസതിയിലേക്ക് വിളിപ്പിച്ച് പ്രത്യേകം അഭിനന്ദിച്ചത് നാദിര്‍ അനുസ്മരിച്ചിട്ടുണ്ട്.
നാദിറിന്റെ സ്‌നേഹ സൗഹൃദങ്ങള്‍ സ്വദേശികളിലേക്കെന്ന പോലെ വിദേശികളിലേക്കും പരന്നൊഴുകി. വിവിധ രാജ്യക്കാരായ ആയിരക്കണക്കിനാളുകള്‍ നാദിറിനെ ഹൃദയത്തിലേറ്റി സ്‌നേഹിച്ചു. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ഇത്രയേറെ ഹൃദയ ബന്ധം സ്ഥാപിച്ച ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ പ്രയാസം. അവരുടെയെല്ലാം വഴികാട്ടിയും ഉപദേശകനുമായിരുന്നു നാദിര്‍. അതേ, നാദിര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ അദ്ദേഹം ഒരു 'അപൂര്‍വ പ്രതിഭാസം' തന്നെയായിരുന്നു.
കണ്ണിലേക്ക് നോക്കി കരംഗ്രഹിച്ച് ഹൃദയത്തില്‍ തൊടുന്നതായിരുന്നു നാദിറിന്റെ അഭിവാദ്യ രീതി. വിശ്വാസത്തിന്റെ ചൈതന്യം ഓളംവെട്ടുന്ന ആ സുന്ദരമുഖം പ്രസരിപ്പിക്കുന്ന സ്‌നേഹോഷ്മള സ്ഫുലിംഗം നമ്മുടെ ഹൃദയത്തില്‍ സന്തോഷപ്പെരുമഴയായി പെയ്തിറങ്ങും. പിന്നീടങ്ങോട്ട് മനസ്സുകളുടെ സമാഗമം എന്ന് വിശേഷിപ്പിക്കാവുന്ന സംസാരവും സംഭാഷണവുമാണ്. കേരളത്തിലെ ഓരോ വ്യക്തിയെയും പേരും നാടും സ്വഭാവവും ഓര്‍മിച്ചുവെച്ച് അനുസ്മരിക്കുന്ന സവിശേഷ രീതി നാദിറിന് സ്വന്തമാണ്. കേരളത്തില്‍ നടത്തിയ നിരവധി സന്ദര്‍ശനവേളകളില്‍ പരിചയപ്പെട്ട വ്യക്തികളെയെല്ലാം ഓര്‍മിച്ചുവെക്കുന്ന ആ അസാധാരണ കഴിവിനെ ഞങ്ങള്‍ പലപ്പോഴും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. പത്തു മാസം മുമ്പാണ് മീഡിയ വണ്‍ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദുമൊന്നിച്ച് നാദിറിനെ ഓഫീസില്‍ സന്ദര്‍ശിച്ചത്. ഏത് സന്ദര്‍ശക ബാഹുല്യങ്ങള്‍ക്ക് നടുവിലും കേരളത്തില്‍ നിന്നുള്ള പ്രസ്ഥാന പ്രതിനിധി സംഘത്തിന് പ്രത്യേക പരിഗണനയാണ്. മാധ്യമത്തിന്റെയും മീഡിയാ വണ്ണിന്റെയും പ്രബോധനത്തിന്റെയും ശാന്തപുരം അല്‍ ജാമിഅയുടെയുമെല്ലാം പുരോഗതി അന്വേഷിച്ചറിഞ്ഞ നാദിറിന്റെ മുഖം സന്തോഷത്താല്‍ വെട്ടിത്തിളങ്ങിയതോര്‍ക്കുന്നു. ഇഖ്‌വാന്‍ തര്‍ബിയത്ത് സിലബസിലെ പ്രധാന ഗ്രന്ഥമായ സാദുല്‍ അഖ്‌യാര്‍ പരിഭാഷപ്പെടുത്താന്‍ എനിക്കൊരു നിര്‍ദേശവും തന്നു. വിജ്ഞാനത്തിന്റെ ഉള്‍ക്കരുത്തുള്ള തലമുറ പ്രസ്ഥാന നേതൃത്വത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകത ജമാഅത്ത് നേതാക്കളുമായുള്ള സംഭാഷണങ്ങളിലെല്ലാം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. പ്രസ്ഥാന നേതൃത്വത്തെക്കുറിച്ച് നാദിറിന് വലിയ മതിപ്പും പ്രതീക്ഷയുമായിരുന്നു. പ്രബോധന-മാധ്യമ രംഗങ്ങളില്‍ ജമാഅത്ത് കൈവരിച്ച നേട്ടങ്ങള്‍ വിദേശത്ത് നിന്ന് വരുന്ന പ്രതിനിധി സംഘങ്ങള്‍ക്ക് വിവരിച്ചു കൊടുക്കുന്നതിന് നിരവധി തവണ ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഇഖ്‌വാന്‍ നേതാക്കള്‍ സംബന്ധിച്ച ക്യാമ്പില്‍ മാധ്യമം ദിനപത്രം എന്ന ആശയത്തെയും അത് കൈവരിച്ച നേട്ടത്തെയും കുറിച്ച് വിശദീകരിച്ചപ്പോള്‍ നാദിറിന് ആയിരം നാവായിരുന്നു. പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതൃത്വവുമായി അദ്ദേഹത്തിന്റെ ബന്ധം എടുത്തു പറയേണ്ടതാണ്. പ്രസ്ഥാനത്തിന് വൈജ്ഞാനിക അടിത്തറ വേണമെന്ന നിര്‍ബന്ധബുദ്ധിയാണ് പണ്ഡിതവര്യനായ ഡോ. സയ്യിദ് നൂഹിനെയും കൂട്ടി കേരളമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം നടത്തിയ ക്ലാസ്സുകളും ട്രെയിനിംഗ് കോഴ്‌സുകളും.
അവസാനത്തെ നാലു മാസം നാദിര്‍ നൂരിയെ ചികിത്സിക്കാനും പരിചരിക്കാനും ഭാഗ്യമുണ്ടായത് മിലിട്ടറി ഹോസ്പിറ്റലിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ. ടി.പി അബ്ദുര്‍റഊഫിനാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍: ''ഇത്രയേറെ ഇഛാശക്തിയും മനോദാര്‍ഢ്യവുമുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ഒടുവില്‍ ഒടുവിലായപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ ആവുമായിരുന്നില്ല. കേള്‍വി ശക്തിയും നഷ്ടപ്പെട്ടിരുന്നു. പത്‌നി മുനാ ജാറുല്ല(മുന്‍ ആരോഗ്യ മന്ത്രി ഡോ. മുഹമ്മദുല്‍ ജാറുല്ലയുടെ സഹോദരി)യും മകന്‍ അബ്ദുല്ലയും എപ്പോഴും അരികത്തുണ്ടാവും. കട്ടിലിന് സമീപമുള്ള കടലാസില്‍ എഴുതിയാണ് ഞങ്ങളുടെ ആശയവിനിമയം.''
ആയിരക്കണക്കായ ഹൃദയങ്ങള്‍ക്കാവേശവും സമൂഹത്തിലെ നിറസാന്നിധ്യവുമായി ജീവിച്ച നാദിര്‍ അറുപതാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞത് ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും വ്യക്തികളെയും കണ്ണീരിലാഴ്ത്തിയാണ്, സ്‌നേഹിക്കുന്ന മനസ്സുകളില്‍ തൂമന്ദഹാസത്തിന്റെ തിരുശേഷിപ്പുകള്‍ വിട്ടേച്ചാണ്.
Comments