Prabodhanm Weekly

Pages

Search

2014 മെയ്‌ 02

മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ്

ഡോ. കെ.എം മുഹമ്മദ് /കത്തുകള്‍

മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ്

         പ്രബോധനം വാരിക ലക്കം 2837-ല്‍ ഖാദി മുഹമ്മദിനെയും മുഹ്‌യിദ്ദീന്‍ മാലയെയും കുറിച്ച് ഞാനെഴുതിയ ലേഖനത്തിന്, 2847 ലക്കത്തില്‍ അബ്ദുല്‍ വാഹിദ് മഞ്ഞളാംകുഴി എഴുതിയ വിയോജനക്കുറിപ്പ് വായിച്ചു. മുഹ്‌യിദ്ദീന്‍ മാലയെക്കുറിച്ച് ഞാനെഴുതിയതായി അദ്ദേഹം ഉദ്ധരിച്ച വാചകങ്ങള്‍ എന്റെ 'അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന' എന്ന പുസ്തകത്തില്‍ ഉള്ളത് തന്നെയാണ്. 2012 ഫെബ്രുവരിയിലാണ് ഈ  പുസ്തകം പ്രസിദ്ധീകരിച്ചത്. 2014 ഫെബ്രുവരിയില്‍ പ്രബോധനത്തിന്റെ 2837-ാം ലക്കത്തില്‍ വി.എം കുട്ടി ഈ വിഷയകമായി എഴുതിയ ലേഖനം, 2012-ല്‍ ഞാനെഴുതിയ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഖാദി മുഹമ്മദിന്റെ ലഭ്യമായ കൃതികള്‍ വീണ്ടും വീണ്ടും വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും പ്രതിപാദന ശൈലിയും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചു. തൗഹീദില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ വസ്തുനിഷ്ഠമായും സത്യസന്ധമായും ആശയങ്ങള്‍ പ്രകാശിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ രീതി. മുഹ്‌യിദ്ദീന്‍ മാലയിലെ 'ആഖിറം തന്ന... വല്ലനിലത്തിനും...' മുതലായ വാക്കുകളില്‍ തുടങ്ങുന്ന ഈരടികള്‍ ഖാദി മുഹമ്മദ് ഒരിക്കലും പറയില്ലെന്ന് അദ്ദേഹത്തിന്റെ ഇതര കൃതികള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. പ്രത്യേകിച്ച് 'ആഖിറം തന്ന....' 'വല്ല നിലത്തിനും....' എന്നീ ഈരടികള്‍ ഉള്‍ക്കൊള്ളുന്നത് ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവ സിദ്ധാന്തത്തിനും പരിശുദ്ധ ഖുര്‍ആന്റെ മൗലിക അധ്യാപനങ്ങള്‍ക്കും കടകവിരുദ്ധമായ ആശയമാണ്. ഖാദി മുഹമ്മദ് തന്റെ ഇതര കൃതികളില്‍ അവതരിപ്പിക്കുന്ന സ്പഷ്ടമായ ആശയങ്ങള്‍ക്ക് തന്നെ കടകവിരുദ്ധവുമാണത്. 

കേരളീയര്‍ പണ്ടേ പറഞ്ഞുവരുന്നതും വിശ്വസിച്ചുവരുന്നതുമായ കാര്യങ്ങളാണ് 'അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന' എന്ന പുസ്തകത്തില്‍ പറഞ്ഞത്. വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠന നിരീക്ഷണങ്ങള്‍ നടത്തിയതിന്റെ ഫലമായി ലഭിച്ച വിവരമാണ് പ്രബോധനം 2837-ാം ലക്കത്തില്‍ ഞാനെഴുതിയത്. സ്വാഭാവികമായും സ്വീകാര്യമായത് ഒടുവില്‍ പറഞ്ഞതാണല്ലോ. പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ ഇത് തിരുത്തുന്നതാണ്- ഇന്‍ശാ അല്ലാഹ്.

ഡോ. കെ.എം മുഹമ്മദ്

ആള്‍ദൈവങ്ങളുടെ സ്വന്തം നാട്

         'ക്ഷരവും അധികാരവും' -ശമീം പാപ്പിനിശ്ശേരിയുടെ ലേഖനമാ(ലക്കം 2847)ണ് ഈ കുറിപ്പിന്നാധാരം. അമൃതാനന്ദമയി എന്ന സുധാമണിയുടെ മഠത്തിനകത്ത് നടന്നുകൊണ്ടിരിക്കുന്ന അരുതായ്മകളെ (ലൈംഗിക പീഡനം, സാമ്പത്തിക ക്രമക്കേടുകള്‍...) കുറിച്ച് സുധാമണിയുടെ തന്നെ മുന്‍ വിനീത ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ പുസ്തകവും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച അഭിമുഖ പുസ്തകവും 'അമ്മ'യെന്ന ആള്‍ദൈവത്തിന്റെ തനിസ്വരൂപം മനസ്സിലാക്കാന്‍ സഹായകമാവും. സത്യത്തില്‍ ഗെയ്ല്‍ യഥാര്‍ഥ ആത്മീയാന്വേഷിയായിരുന്നു. ഗതികേടെന്നു പറയട്ടെ, ഈ വിദേശവനിത അപകടച്ചുഴിയിലാണ് വന്നുവീണത്. മഠത്തിലെത്തി (1988-ലാണ് മഠം രജിസ്റ്റര്‍ ചെയ്യുന്നത്) കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്കത് ബോധ്യമായി എന്ന് ഗെയ്ല്‍ തന്റെ 'വിശുദ്ധ നരക'ത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആശ്രമത്തില്‍ ഇപ്പോള്‍ അന്തേവാസികളായ മൂവായിരത്തിലധികം പേരും ഈയൊരു മാനസികാവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നതെന്നും ഗെയ്ല്‍ പറഞ്ഞുവെക്കുന്നുണ്ട്.

മഠത്തിനകത്തെ നെറികേടുകളെ വിശകലനം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ പുസ്തകത്തിന്റെ കാര്യത്തില്‍ എന്തൊക്കെ അക്രമങ്ങളാണ് നമ്മുടെ 'പ്രബുദ്ധ' കേരളത്തില്‍ അരങ്ങേറിക്കഴിഞ്ഞത്! തുഞ്ചന്‍ പറമ്പില്‍ ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്ന ആദരണീയനായ സ്വാമി സന്ദീപാനന്ദ ഗിരിയെ മര്‍ദിച്ചു. ഈ അക്രമിസംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി സ്വാമി തുഞ്ചന്‍ സ്മാരക ഓഫീസിലേക്ക് ഓടിക്കയറി കതകടക്കുകയാണുണ്ടായത്. എന്തൊരു ദുരന്തമാണിത്! ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണിത്. പക്ഷേ, ആള്‍ദൈവങ്ങളുടേതെന്നു മാത്രം; ഒപ്പം മതഭ്രാന്തന്മാരുടെയും. ആധുനിക മലയാളിയുടെ പൂജാമുറി ആള്‍ദൈവങ്ങളെക്കൊണ്ട് വീര്‍പ്പ് മുട്ടുകയാണെന്നും സ്വന്തം അമ്മയെ 'തള്ളേ'യെന്ന് വിളിക്കുന്നവര്‍ 'ആശ്രമങ്ങളില്‍ പോയി 'അമ്മേ'യെന്ന് വിളിച്ച് വരിനില്‍ക്കുന്നുവെന്നുമുള്ള നഗ്നമായ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് സത്യസന്ധനായ ഒരു സ്വാമിക്ക് ലഭിച്ച 'സമ്മാന'മാണിത്. പൗരന്മാരുടെ ജനായത്ത സ്വാതന്ത്ര്യത്തിന് പുല്ലുവില പോലും കല്‍പിക്കാത്ത ഈ മതഭ്രാന്തന്മാര്‍ ഏത് തരത്തിലുമുള്ള കലാപങ്ങളും തുറന്നുവിടും. തങ്ങളുടെ വിചാരഗതികള്‍ക്ക് മാത്രമേ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളൂവെന്ന് പ്രകടിപ്പിക്കുന്നത് തനി കാട്ടാളത്തമാണ്.

സാലിം ചോലയില്‍

അക്ഷരപ്പേടി കൂടിയ ആള്‍ദൈവങ്ങള്‍

         പ്രബോധനം ലക്കം 2847-ല്‍ മുഹമ്മദ് ശമീം എഴുതിയ കവര്‍ ലേഖനം 'അക്ഷരവും അധികാരവും'  ആനുകാലിക സംഭവവികാസങ്ങളെ ചരിത്രത്തിന്റെ കൂടി പിന്‍ബലത്തോടെ നോക്കി കാണുന്നതിലൂടെ ഏറെ പഠനാര്‍ഹവും ചിന്തോദ്ദീപകവുമായി. അഭിന്ദനങ്ങള്‍!  ദൈവത്തിന്റെ നാമത്തില്‍ വായിച്ചുതുടങ്ങാന്‍ പ്രചോദിപ്പിക്കുന്ന ഒരു ദര്‍ശനത്തിന് അക്ഷരങ്ങളെ ഭയപ്പെടുക അസാധ്യമാണ്. അക്ഷരങ്ങളില്‍ ചാട്ടുളിയുണ്ട്. അവ മനുഷ്യമനസ്സിനെ കീറിമുറിക്കുകയും വൈകാരികതയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഉന്മാദമനോനിലയില്‍ പ്രകമ്പനംകൊള്ളിച്ച് ഒരുവനെ ഭ്രാന്ത് പിടിപ്പിക്കുകയോ തകര്‍ക്കുകയോ രക്ഷിക്കുകയോ ചെയ്യുന്നു. അതിനാലാണ്  ഓരോ വേദാധ്യായ പാരായണത്തിന് മുമ്പും പൈശാചികതയില്‍ നിന്ന് കാവലിനെ തേടുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ തോന്ന്യാക്ഷരങ്ങള്‍ രചിക്കുമ്പോള്‍ സംസ്‌കൃത സമൂഹത്തിന്റെ മനോനിലയ്ക്ക് പരിക്കേല്‍ക്കുകയും സമൂഹത്തിന്റെ കെട്ടുറപ്പില്‍ വിള്ളലുണ്ടാവുകയും ചെയ്യുന്നു. അത്തരം ഘട്ടങ്ങളില്‍ പൗരക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ഭരണകൂടത്തിന് അക്ഷരങ്ങള്‍ നിരോധിക്കേണ്ടിവരില്ലേ? ഇന്ത്യപോലുള്ള രാഷ്ട്രങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നങ്ങളില്‍ കണ്ടുവരുന്ന ജാതിയും മതവും എതിര്‍ക്കപ്പെടേണ്ടതാണ്. ആള്‍ദൈവങ്ങളുടെ കാലുവന്ദിച്ച് മോക്ഷംതേടുന്ന രാഷ്ട്രീയക്കാരനും ന്യായാധിപനും ആള്‍ദൈവത്തിനെതിരെ ന്യായം വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നതല്ലേ മണ്ടത്തരം?

ശാഫി മൊയ്തു കണ്ണൂര്‍

മതവിരുദ്ധമല്ലാത്ത ആചാരങ്ങള്‍ അനാചാരങ്ങളല്ല

         ഒരു സമൂഹം വിശുദ്ധിയോടെ പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന അനുഷ്ഠാനങ്ങളും കര്‍മങ്ങളുമാണ് ആചാരങ്ങള്‍. മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ ആചാരങ്ങള്‍ വിപുലമാവുകയും നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാ സാംസ്‌കാരിക ആചാരങ്ങളും നിഷിദ്ധമോ അനാചാരമോ ആകണമെന്നില്ല. ഉദാഹരണത്തിന്, സ്വാതന്ത്ര്യദിനാചരണവും റിപ്പബ്ലിക് ദിനാചരണവും. ഇവ ഒരു രാഷ്ട്രത്തിന്റെ വ്യതിരിക്തതയും വ്യക്തിത്വവും പ്രഖ്യാപിക്കുന്നവയാണ്. ഒരു രാഷ്ട്രത്തിലെ ജനതയുടെ ഉദ്ഗ്രഥനവും കൂട്ടായ്മയും പ്രകടമാകുന്ന ഇത്തരം ആചാരങ്ങള്‍ക്ക് വിശ്വാസപരമായ വിലക്കുകള്‍ ഇല്ല.

ഏകദൈവവിശ്വാസത്തിലും പരലോകചിന്തയിലും അധിഷ്ഠിതമായതും സര്‍വകാലിക പ്രസക്തിയുള്ളതും ഒട്ടേറെ നന്മകള്‍ പേറുന്നതും വേദഗ്രന്ഥങ്ങളില്‍ വ്യക്തമായി പരാമര്‍ശമുള്ളതും പ്രവാചകചര്യകള്‍ കൊണ്ട് സ്ഥിരപ്പെട്ടവയുമാണ് ഇസ്‌ലാമിക ആചാരങ്ങള്‍. ഉദ്ദേശ്യശുദ്ധി കൂടി ചേരുമ്പോള്‍ മാത്രമാണ് അവ ഇസ്‌ലാമിക ആചാരം ആകുന്നത്. രാഷ്ട്രം, ഗോത്രം, ജാതി, മതം, വംശം പോലുള്ള വേര്‍തിരിവുകളെ മനുഷ്യസൃഷ്ടിപ്പില്‍ നിലീനമായ വൈവിധ്യങ്ങളായി ഖുര്‍ആന്‍ പരിഗണിക്കുന്നു: ''നിങ്ങളില്‍ ഓരോവിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു''(5:48). 49:13, 30:22 എന്നീ സൂക്തങ്ങളും കാണുക. ഭിന്ന വിഭാഗങ്ങള്‍ക്ക് അവരുടെ വ്യതിരിക്തതകള്‍ ദ്യോതിപ്പിക്കുന്ന ആചാരങ്ങള്‍ ഉണ്ടാവാം. അവ മുഴുക്കെ ഇസ്‌ലാം തിന്മയായി കാണുന്നില്ല. അവയെ അപ്പാടെ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നുമില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളുമായി സംഘട്ടനത്തിലല്ലാത്ത ആചാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ശങ്കിക്കേണ്ടതില്ല. ജാഹിലിയ്യാ കാലത്തെ സമ്പ്രദായങ്ങളെ അപ്പാടെ ഒഴിവാക്കുകയല്ല, മറിച്ച് അവയെ തൗഹീദിനനുസൃതമായി സ്ഫുടം ചെയ്‌തെടുക്കുകയാണ് നബി(സ) ചെയ്തത്. ഹജ്ജിലെ ആചാരങ്ങള്‍ പലതും പൂര്‍വീകകാലത്ത് നിലനിന്നിരുന്നവയാണ്. ഇസ്‌ലാം സ്വീകരിച്ച അനുയായികളുടെ പേരുകള്‍ മുഴുവന്‍ മാറ്റുക എന്നതായിരുന്നില്ല പ്രവാചകന്റെ രീതി. അതേസമയം 'അബ്ദുശ്ശംസ്' പോലുള്ള പേരുകള്‍-അവ ബഹുദൈവത്വത്തെ ധ്വനിപ്പിക്കുന്നവയായതിനാല്‍-പരിഷ്‌കരിക്കുകയും ചെയ്തു. സഭ്യതയുടെ പരിധികള്‍ ലംഘിക്കുന്ന രീതിയിലുള്ള നാമങ്ങളും ഈ അര്‍ഥത്തില്‍ മാറ്റപ്പെടേണ്ടതുണ്ട്.  ഓണം, വിഷു പോലുള്ള കാര്‍ഷിക വിളവെടുപ്പ് ഉത്സവങ്ങളെടുക്കുക. ഇവ കേരള സമൂഹം നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്നു. ഇവക്ക് മതപരമായ അര്‍ഥങ്ങള്‍ നല്‍കുന്ന വിധത്തില്‍ പില്‍ക്കാലത്ത് മിത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവയുടെ ഉത്ഭവം മതപരമായിരുന്നില്ലെങ്കില്‍ കൂടി മാവേലി, വാമനന്‍ പോലുള്ള ഹൈന്ദവ മിത്തുകള്‍ ഓണാഘോഷത്തിന്റെ പിന്നിലുണ്ട് എന്നതുകൊണ്ടുമാത്രം ഇവ ഹൈന്ദവമാകുന്നില്ല. നാട്ടാചാരം എന്ന നിലയില്‍ ഇതിനെ പരിഗണിക്കാവുന്നതാണ്. ഓണസദ്യയെ 'മാവേലിക്ക് സമര്‍പ്പിച്ചത്' എന്ന വിധത്തില്‍ വ്യാഖ്യാനിച്ച് ഓണമുണ്ണുന്നതിനെ 'ശിര്‍ക്കാ'യി പരിഗണിക്കുന്നത് മതത്തില്‍ അതിര്‍കവിയല്‍ മാത്രമല്ല ശിര്‍ക്കിന്റെ ഗൗരവം ഇടിച്ചുകളയാനും ഒരുപക്ഷേ കാരണമായേക്കും.

ജന്മദിനാഘോഷം, വിവാഹവാര്‍ഷികം എന്നിവയുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഇവ മതപരമായി നിഷിദ്ധമാക്കപ്പെട്ടവയല്ല. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇസ്‌ലാമികമായ വിലക്കുകളില്ല. നിഷിദ്ധമാക്കാത്തതൊക്കെ അനുവദനീയമാണ് എന്നതാണ് മതത്തിന്റെ അടിസ്ഥാന പ്രമാണം. ഇക്കാര്യത്തില്‍ ഒരു കുറ്റബോധം വിശ്വാസികളില്‍ നിലനില്‍ക്കേണ്ടതില്ല. നാടിന്റെ മണ്ണുമായും ഗന്ധവുമായും ബന്ധം പുലര്‍ത്താതെ സ്വന്തം സമുദായത്തില്‍ മാത്രം കണ്ണുംനട്ട് നടക്കേണ്ടവരല്ല വിശ്വാസികള്‍.

പി. ഷറഫുദ്ദീന്‍ കാക്കനാട്‌

         മെഹദ് മഖ്ബൂലിന്റെ ലൈക് പേജ് (ലക്കം 2846) ശ്രദ്ധേയമായി. രചനാ ശൈലി കൊണ്ടും ആശയഗാംഭീര്യം കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ ഒരു കുറിപ്പ്. ആധുനിക സമൂഹത്തെ മലീമസമാക്കി വ്യാജ സിദ്ധന്മാരും ആള്‍ദൈവങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്. എല്ലാ മതത്തിലുമുള്ള ആത്മീയവഞ്ചകരെ നാം എതിര്‍ക്കേണ്ടിയിരിക്കുന്നു. ദൈവത്തിനും ഭക്തര്‍ക്കുമിടയില്‍ അശനിപാതം പോലെ വന്നുപതിക്കുന്ന ആത്മീയ ചൂഷകരെ പിഴുതെറിയേണ്ടത് സാമൂഹിക സുരക്ഷക്ക് അനിവാര്യമാകുന്നു.

ടി.വി ഷാജു കായക്കൊടി

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം