Prabodhanm Weekly

Pages

Search

2014 മെയ്‌ 02

കുവൈത്തില്‍ ജോലിക്ക് വരുന്ന മലയാളികളോട്

മുഹമ്മദ് ശരീഫ് പി.ടി /പ്രവാസം

         കുവൈത്ത് മലയാളികളില്‍ എഴുപത് ശതമാനം പേര്‍ കടബാധിതരാണ്. ഇതില്‍ 25 ശതമാനവും പലിശക്കെണിയില്‍ കുടുങ്ങിയവര്‍. അമ്പത് വയസ്സിന് മുകളിലുള്ളവരില്‍ 55 ശതമാനം പേരും പ്രവാസ ജീവിതം കൊണ്ട് ഒന്നും സമ്പാദിക്കാത്തവര്‍. ബിരുദധാരികള്‍ 23 ശതമാനം മാത്രം. 21 ശതമാനം പേരും നൂറ് ദീനാറില്‍ താഴെ ശമ്പളമുള്ളവരാണ്. ഇതില്‍ തന്നെ 40 ശതമാനം തുക ഇവിടത്തെ പ്രാഥമിക ജീവിത ചെലവുകള്‍ക്കായി നീക്കിവെക്കണം. കുടുംബത്തോടൊപ്പം ജീവിക്കാന്‍ വരുമാനമുള്ളവര്‍ 19 ശതമാനം. ഇരുനൂറ് ദീനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ 34 ശതമാനം. ഈയിടെ യൂത്ത് ഇന്ത്യ കുവൈത്ത് നടത്തിയ സര്‍വേയിലെ വെളിപ്പെടുത്തലുകളാണിവ.

നാട്ടിലാകട്ടെ യുവാക്കളില്‍ നല്ലൊരു വിഭാഗം ഗള്‍ഫ് സ്വപ്നം കണ്ട് നടക്കുന്നവരാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജീവിത പ്രാരാബ്ധങ്ങളുമാണ് അതിന്റെ മൂഖ്യ പ്രേരണ. പക്ഷേ എങ്ങനെയെങ്കിലും ഒരു വിസ സംഘടിപ്പിച്ച് കടല്‍ കടക്കുന്നവരില്‍ പലരും എത്തിപ്പെടുന്നത് തീരാദുരിതത്തിലാണ്. ഗള്‍ഫിനെ കുറിച്ച ശരിയായ അറിവോ ധാരണയോ ഇല്ലാത്തതാണ് അതിനൊരു കാരണം. ആവശ്യത്തിന് വിദ്യാഭ്യാസമോ തൊഴില്‍ പരിചയമോ ഇല്ലാത്തവരാണ് ഇതിലധികവും. വിസക്കച്ചവടക്കാരുടെ ചതിയില്‍ പെടുന്നവരും വിരളമല്ല. ഒട്ടുമിക്ക വിസാ ഏജന്റുമാരും തങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാത്തവരാണ്. ഒരു വിസ ലഭിച്ചാല്‍ അതിനെ പറ്റി പ്രാഥമിക കാര്യങ്ങള്‍ പോലും അന്വേഷിക്കാതെയാണ് ആളുകള്‍ നാടു വിടുന്നത്. ഏതു തരം വിസയാണ്, ജോലിയെന്ത്, ജോലി സമയമെത്ര, ശമ്പളമെത്ര എന്നീ പ്രാഥമിക കാര്യങ്ങള്‍ പോലും അന്വേഷിച്ച് ഉറപ്പ് വരുത്താറില്ല. പ്രത്യേകിച്ച് എല്ലാ ഗള്‍ഫ് നാടുകളിലും കേരളത്തിലെ ഒട്ടു മിക്ക പ്രദേശങ്ങളില്‍ നിന്നും ആളുകളുണ്ടായിരിക്കെ ഇത് ഏറെ എളുപ്പമാണ്. നേരിട്ട് കമ്പനികള്‍ നല്‍കുന്ന വിസയാണെങ്കില്‍ പോലും രേഖാമൂലമുള്ള കരാര്‍ എഴുതി ഒപ്പിടാതെ വരുന്നവരും ഇക്കൂട്ടരിലുണ്ട്.

കുവൈത്ത് പോലുള്ള സ്ഥലങ്ങളില്‍ രണ്ടുതരം വിസയാണുള്ളത്. തൊഴില്‍ വിസയും (ശുഊന്‍) വീട്ടു വിസയും (ഖാദിം). ഇതില്‍ വീട്ടു വിസക്കാര്‍ക്ക് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ നിയമപരമായി അനുവാദമില്ല. സ്വദേശികളൂടെ വീടുകളില്‍ ജോലി ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം വിസകള്‍ അനുവദിക്കുന്നത്. പക്ഷേ ഇതിനെ കുറിച്ചറിയാതെ നല്ല വിദ്യാഭ്യാസമുള്ള ആളുകള്‍ പോലും ഖാദിം വിസയില്‍ വന്ന് ചെറിയ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്നു. വീട്ടു വിസയില്‍ വരുന്നവരിലധികവും ഹോട്ടലുകളിലും ഗ്രോസറി ഷോപ്പുകളിലും, ഏത് സമയവും പിടിക്കപ്പെടാമെന്ന ഭീതിയിലാണ് ജോലി ചെയ്യുന്നത്. പിടിക്കപ്പെട്ടാല്‍ ഒരിക്കലും കുവൈത്തിലേക്ക് തിരിച്ചു വരാനാവാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ കയറ്റി അയക്കുന്നത്.

പലരും വിസക്ക് നല്‍കാനായി വന്‍ തുക കടം വാങ്ങിയാണ് ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത്. പതിറ്റാണ്ടുകള്‍ പ്രവാസിയായി ജീവിച്ചിട്ടും തന്റെ കടങ്ങള്‍ മുഴുവന്‍ വീട്ടിത്തീര്‍ക്കാന്‍ സാധിക്കാത്തവര്‍ നിരവധിയാണ്. ഗള്‍ഫിലെത്തിയാല്‍ നാട് കാണുക എന്നതായി മാറുന്നു ഒരു പ്രവാസിയുടെ ഏറ്റവും വലിയ സ്വപ്നം. കടം വാങ്ങിയാണ് പലരും നാട്ടിലേക്ക് ലീവില്‍ പോകുന്നത്. നാട്ടിലെ അവധിക്കാലത്തെ ചെലവുകള്‍ക്കായി നാട്ടില്‍ നിന്ന് വേറേ കടം വാങ്ങുന്നവരുമുണ്ട്. ഇങ്ങനെ കടം വാങ്ങലും കടം വീട്ടലുമായി തീരുന്നു പലരുടെയും പ്രവാസ ജീവിതം. 

നിരവധി മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചു കൊണ്ടാണ് മിക്ക പ്രവാസികളും ജീവിതം തള്ളി നീക്കുന്നത്. ഇവരിലധികവും തങ്ങളുടെ കുടുംബവുമായി അകന്നു കഴിയുന്നവരാണ്. വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലൊരിക്കലോ ഏതാനും മാസങ്ങളാണ് കുടുംബത്തോടൊപ്പം ജീവിക്കാനവസരം ലഭിക്കുക. ഭാര്യാ സന്താനങ്ങളോടൊപ്പം കഴിയുന്ന പ്രവാസികളുടെ മാതാപിതാക്കളും ഉറ്റവരും നാട്ടിലാണ്. അവരെ പരിചരിക്കാനോ അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കാനോ അവസരമില്ല. അവര്‍ക്കു വേണ്ടി പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകാന്‍ മാത്രമുള്ള സാമ്പത്തിക സുസ്ഥിതി അധിക പേര്‍ക്കുമില്ല. അങ്ങനെ പോയാല്‍ അവരുടെ സാന്നിധ്യമായിരിക്കും കുടുംബത്തിന് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുക. ഭര്‍ത്താവിനെയും പിതാവിനെയും ദീര്‍ഘകാലം പിരിഞ്ഞിരിക്കേണ്ടവരാണ് ഗള്‍ഫുകാരുടെ നാട്ടിലുള്ള ഭാര്യമാരും മക്കളുമെന്നതാണ് ഇതിന്റെ മറ്റൊരു വശം. അവര്‍ക്ക് കൃത്യമായ ദാമ്പത്യാവകാശങ്ങളും രക്ഷാകര്‍തൃത്വവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതുകൊണ്ടുണ്ടാവുന്ന സാമൂഹിക- ധാര്‍മിക പ്രശ്‌നങ്ങള്‍ ഇന്ന് നാട്ടില്‍ വര്‍ധിച്ചുവരികയാണ്.

സാമ്പത്തിക പ്രയാസങ്ങളും മാനസിക സംഘര്‍ഷങ്ങളും കാരണം 'ലഹരി'യില്‍ അഭയം പ്രാപിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്നവരുടെ ലേബര്‍ ക്യാമ്പുകളിലാണ് മദ്യം കൂടുതല്‍ ചെലവാകുന്നത്. ശമ്പളത്തിന്റെ നല്ലൊരു വിഹിതം ഇങ്ങനെ നശിപ്പിക്കുന്നതിലൂടെ തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മദ്യം ഉല്‍പാദിപ്പിക്കുന്നതും വില്‍പന നടത്തുന്നതും നിയമപരമായി നിരോധിക്കുകയും ഇത്തരക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുകയും ചെയ്യുന്ന കുവൈത്ത് പോലെയുള്ള രാജ്യങ്ങളിലാണിതൊക്കെ നടക്കുന്നത് എന്നതാണ് ഏറെ സങ്കടകരം.

മറ്റൊരു വിഭാഗം ജോലി കഴിഞ്ഞുള്ള സമയം ടെലിവിഷനും കമ്പ്യൂട്ടറിനും മുമ്പില്‍ ചെലവഴിച്ചു തീര്‍ക്കുകയാണ്. ഇപ്പോള്‍ അതു സ്മാര്‍ട്ട് ഫോണുകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. പലരും ഒഴിവ് ദിനങ്ങള്‍ ഉറങ്ങിത്തീര്‍ക്കുന്നു. സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ നിരവധിയുണ്ടെങ്കിലും അലസന്‍മാരായി കഴിയുന്നവരാണ് ഇവരില്‍ നല്ലൊരു വിഭാഗം.

ഈ ജീവിത പ്രയാസങ്ങളുടെ തീക്ഷ്ണതയില്‍ നിന്നാണ് നാട്ടിലെ പല അടുപ്പുകളില്‍ നിന്നും പുകയുയരുന്നത്. പല കുടുംബങ്ങളുടെയും ഏക ആശ്രയമായിരിക്കും പ്രവാസി. ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും പല അഭ്യര്‍ഥനകളും വന്നുകൊണ്ടിരിക്കും. കൂടാതെ നാട്ടിലെ എല്ലാ സംരംഭങ്ങള്‍ക്കും അവന്റെ വിയര്‍പ്പിന്റെ ഓഹരി വേണം. എന്നാലും എല്ലാവരെയും തൃപ്തിപ്പെടുത്താനുമാവില്ല. പരാതിയും പരിഭവങ്ങളും ബാക്കിയായിരിക്കും.

കേരളത്തിന്റെ സാമ്പത്തിക സുസ്ഥിതിയുടെ നട്ടെല്ല് വിദേശ മലയാളികളാണ്. പക്ഷേ അവരനുഭവിക്കുന്ന സാമൂഹിക- സാമ്പത്തിക പ്രതിസന്ധികള്‍ ആര്‍ക്കും വിഷയമാവാറില്ല. രാഷ്ട്രീയ-മത സംഘടനകള്‍ക്കും പ്രവാസിയുടെ കാശ് വേണം. എന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്കാര്‍ക്കും അശേഷം താല്‍പര്യമില്ല. ഒരു പൗരന്റെ പ്രാഥമിക അവകാശമായ വോട്ടവകാശം പോലും പ്രവാസിക്കിന്നും വിദൂര സ്വപ്നമായി അവശേഷിക്കുന്നു.

കുവൈത്ത് ഉള്‍പ്പെടെയുള്ള പല ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശികളിലെ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നുണ്ട്. എങ്കിലും വളരെ സമീപ ഭാവിയിലൊന്നും വിദേശികളെ സാരമായി ബാധിക്കുന്ന നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനുള്ള സാധ്യതയില്ല. വിദ്യാഭ്യാസവും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് നല്ല അവസരങ്ങള്‍ ഇപ്പോഴുമുണ്ട്. തനിക്ക് ചെയ്യാന്‍ കഴിയുന്ന ജോലിയെ കുറിച്ച അറിവും ബോധവും ഇവിടങ്ങളിലേക്ക് വരുന്നവര്‍ക്കുണ്ടാവേണ്ടതുണ്ട്. അതിനാവശ്യമായ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നേടിയെടുക്കണം. കൃത്യമായ ആസൂത്രണവും ആവശ്യമായ മുന്നൊരുക്കങ്ങളും ഇല്ലാതെ വിമാനം കയറിയാല്‍ പ്രയാസങ്ങളുടെ മറ്റൊരു ലോകത്തേക്ക് ജീവിതം എടുത്തെറിയപ്പെടുകയായിരിക്കും ഫലം!  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം