സര്‍ക്കാര്‍ വിലാസം മദ്യവര്‍ജനം
കേരളത്തെ മദ്യവര്‍ജനത്തിലേക്ക് നയിക്കുന്ന അബ്കാരി നയം രൂപപ്പെടുത്തുന്നതിനാവശ്യമായ ശിപാര്‍ശകള്‍ തേടിക്കൊണ്ട് 2013-ല്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മദ്യവര്‍ജന പ്രസ്ഥാനങ്ങളെ ഒട്ടും തൃപ്തിപ്പെടുത്തുന്നതല്ല. മദ്യവര്‍ജനം കേരളത്തില്‍ അപ്രായോഗികമാണെന്നാണ് കമീഷന്റെ നിലപാട്. മദ്യവര്‍ജനത്തിനുള്ള മാര്‍ഗങ്ങളല്ല; മദ്യവ്യവസായവും വിതരണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് അത് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൂടുന്നത് അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൊണ്ടാണെന്നും കമീഷന്‍ കണ്ടെത്തിയിരിക്കുന്നു. വ്യാജ മദ്യം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇതെഴുതുമ്പോള്‍ ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നിട്ടില്ല. കേരളത്തില്‍ മദ്യ ഉപഭോഗം കുറക്കണമെങ്കില്‍ സര്‍ക്കാര്‍ ബീവറേജ് ഔട്ട്‌ലറ്റുകളെ നിയന്ത്രിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഗവണ്‍മെന്റ് അതിനോട് ഉദാസീനമായ നയമാണ് സ്വീകരിച്ചത്. നിലവാരമില്ലാത്ത 418 ബാറുകള്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. അവയുടെ ലൈസന്‍സ് തല്‍ക്കാലം പുതുക്കേണ്ട എന്നാണ് തീരുമാനമെങ്കിലും ഉദ്ദിഷ്ട നിലവാരം പ്രാപിക്കാന്‍ അവധി നല്‍കിക്കൊണ്ട് അവയെ പ്രവര്‍ത്തിക്കാനനുവദിക്കാമെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്.
മദ്യമുക്തമായ കേരളമാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും അതിനുവേണ്ടി പല നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്നുമൊക്കെ സര്‍ക്കാര്‍ പറയുന്നത് പൊതുസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. മദ്യ വര്‍ജനത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥമായ താല്‍പര്യമില്ല എന്നതാണ് വാസ്തവം. ഇക്കുറി യു.ഡി.എഫ് അധികാരമേറ്റ ആദ്യ വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദ്യലഭ്യത പരമാവധി കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വര്‍ഷം തീരുന്നതിനുമുമ്പ് തന്നെയാണ് അതിര്‍ത്തി ഗ്രാമമായ മുതലമടയില്‍ 2 കോടി ലിറ്റര്‍ ഉല്‍പാദനശേഷിയുള്ള പുതിയ ഡിസ്റ്റലറി സ്ഥാപിക്കാന്‍ തീരുമാനമുണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ധനകാര്യ കമീഷന്‍ അംഗങ്ങള്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ സര്‍ക്കാര്‍ അവരെ മേത്തരം മദ്യം വിളമ്പി സല്‍ക്കരിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. സര്‍ക്കാറിന്റെ നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗം മദ്യത്തില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 6380 കോടിയാണത്. സര്‍ക്കാറുകളെ ഉണ്ടാക്കുന്ന രാഷ്ട്രീയ കക്ഷികളുടെ മുഖ്യ വരുമാന സ്രോതസ്സും അബ്കാരികളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളത്തിനു പുറമെ കിട്ടുന്ന 'കിമ്പള'വും അവരില്‍ നിന്നുതന്നെ. ഈ സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബ്യൂറോക്രസിയില്‍ നിന്നും ആത്മാര്‍ഥമായ മദ്യവിരോധം പ്രതീക്ഷിക്കുന്നത് ഭോഷ്‌കാണ്.
സംസ്ഥാന ബീവറേജ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ മദ്യ വില്‍പന 9000 കോടി കവിഞ്ഞിരിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആയിരത്തോളം കോടിയാണ് വര്‍ധനവ്. എക്‌സൈസ് തീരുവ 90 ശതമാനം കൂട്ടിയതുകൊണ്ടാണ് വിറ്റുവരവ് വര്‍ധിച്ചതെന്നും യഥാര്‍ഥത്തില്‍ സംസ്ഥാനത്ത് മദ്യ ഉപഭോഗം 10-17 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. കോര്‍പ്പറേഷനില്‍ നിന്ന് മദ്യം വാങ്ങുന്നവര്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ വില വര്‍ധിച്ചപ്പോള്‍ ഒരു വിഭാഗം മദ്യപര്‍ വില കുറഞ്ഞ വ്യാജനിലേക്ക് തിരിഞ്ഞു എന്നാണ് കരുതേണ്ടത്. അല്ലാതെ ജനങ്ങളില്‍ മദ്യാസക്തി കുറഞ്ഞതിന്റെ യാതൊരു ലക്ഷണവുമില്ല. മറിച്ച് കൂടി കൂടി വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗം ഏറ്റം കൂടിയ സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ഇവിടത്തെ ശരാശരി മദ്യ ഉപഭോഗം. കേരളീയ സമൂഹത്തില്‍ 19 ശതമാനം മദ്യപിക്കുന്നവരാണ്. പോലീസിന്റെ കണക്കില്‍ മദ്യപരില്‍ 5 ശതമാനം സ്ത്രീകളാണ്. അവരുടെ സംഖ്യ വളരെ വേഗം വര്‍ധിച്ചുവരുന്നു. പത്തു കൊല്ലം മുമ്പുണ്ടായിരുന്നതിന്റെ നാലിരട്ടിയാണ് ഇപ്പോള്‍ വനിതാ മദ്യപാനികളുടെ എണ്ണം. കോളേജ് കുമാരികള്‍ക്കിടയിലും മദ്യപാനം വ്യാപകമാണ്. മുസ്‌ലിം പുരഷന്മാരില്‍ പോലും മദ്യപാനം അപൂര്‍വമായ കാലമൊക്കെ കഴിഞ്ഞുപോയി. ഇന്ന് അവരുടെ അടുക്കളകളില്‍ വരെ മദ്യം ഒഴുകി തുടങ്ങിയിരിക്കുന്നു. വടക്കന്‍ കേരളത്തിലൊരിടത്ത് പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം കൂട്ടിയ 'കാക്കാത്തി'യെ ജനങ്ങള്‍ പിടിച്ചു പോലീസിലേല്‍പിച്ച വാര്‍ത്ത വന്നത് ഈയടുത്ത ദിവസമാണ്. സ്‌കൂള്‍ കുട്ടികളിലും മദ്യാസക്തി വര്‍ധിച്ചുവരുന്നുവെന്ന് അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളില്‍ വരെ മദ്യപാനം ശീലമാക്കിയവരുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പത്തു ശതമാനം മദ്യമോ മറ്റു ലഹരി പദാര്‍ഥങ്ങളോ ഉപയോഗിക്കുന്നവരാണ്. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് മദ്യപാനം പകര്‍ത്തുന്നവരാണ് മിക്ക കുട്ടികളും. ഇക്കഴിഞ്ഞ ജനുവരിയില്‍ കൊല്ലം ജില്ലയിലെ തലവൂരില്‍ അമിതമായി മദ്യം കഴിച്ചതുമൂലം ലിജിന്‍ എന്ന എട്ടുവയസ്സുകാരന്‍ മരണപ്പെടുകയുണ്ടായി. രക്ഷിതാക്കള്‍ ഫ്രിഡ്ജിനടിയില്‍ സൂക്ഷിച്ചിരുന്ന മദ്യം അവരറിയാതെ കുട്ടി എടുത്തു കഴിക്കുകയായിരുന്നു. തൃശൂരിനടുത്ത് ഒരു ആറു വയസ്സുകാരന്‍ മദ്യം കഴിച്ചതു മൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയതും ഈയിടെയാണ്. ആരോ കുടിച്ച് വലിച്ചെറിഞ്ഞ കുപ്പിയില്‍ അവശേഷിച്ച മദ്യമാണ് അവന്‍ കുടിച്ചത്. പുസ്തക സഞ്ചിയില്‍ മദ്യക്കുപ്പിയും കരുതി ക്ലാസ്സിലെത്തുന്ന വിദ്യാര്‍ഥികളെ അധ്യാപകര്‍ പിടികൂടുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
മദ്യ വില്‍പന സര്‍ക്കാര്‍ ഏറ്റെടുത്ത് നാടെങ്ങും വിതരണശാലകള്‍ തുറന്നതോടെയാണ് മദ്യം ജനകീയമായത്. പണ്ട് തലയില്‍ മുണ്ടിട്ട് മാത്രം മദ്യശാലകളില്‍ കയറിയിരുന്ന മലയാളി ഇന്ന് ബീവറേജ് ഔട്ട്‌ലറ്റുകള്‍ക്ക് മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നു. ഇപ്പോഴത് തെരുവിന്റെ പ്രശ്‌നമല്ല. വീടിന്റെയും വിദ്യാലയത്തിന്റെയും വാഹനത്തിന്റെയുമെല്ലാം പ്രശ്‌നമാണ്. മദ്യം വിറ്റും ലോട്ടറി നടത്തിയും ജനക്ഷേമം വിളയിക്കാന്‍ വ്യാമോഹിക്കുന്ന സര്‍ക്കാറില്‍ നിന്ന് യഥാര്‍ഥ മദ്യവര്‍ജനത്തിനുള്ള ഇഛാശക്തി പ്രതീക്ഷിക്കേണ്ടതില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം വിജയകരമായ മദ്യവര്‍ജനം സാധ്യമാകുമെന്ന് കരുതിക്കൂടാ. മദ്യവര്‍ജന പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാകേണ്ടിയിരിക്കുന്നു. മറ്റു മത-ധാര്‍മിക സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ അവരെ കലവറയില്ലാതെ പിന്തുണക്കുകയും വേണം. വര്‍ധമാനമായ ആരോഗ്യ പ്രശ്‌നങ്ങളുടെയും അധാര്‍മികതയുടെയും ക്രിമിനലിസത്തിന്റെയും കുടുംബശൈഥില്യത്തിന്റെയും വാഹനാപകടങ്ങളുടെയുമൊക്കെ രൂപത്തില്‍ കേരളം മദ്യവ്യാപനത്തിന് വില നല്‍കിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. ഇനിയും ഈ തിരിച്ചറിവുണ്ടാകുന്നില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് ഭാവിതലമുറ തന്നെയായിരിക്കും.
Comments