Prabodhanm Weekly

Pages

Search

2014 മെയ്‌ 02

പ്രവാസി ഒത്തൊരുമക്ക് മാതൃകയായി ഒമാന്‍

ഷിനോജ് ശംസുദ്ദീന്‍ /പ്രവാസം

(ഗള്‍ഫിലെ പ്രവാസി മലയാളികളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തുടര്‍ച്ച)

         എണ്ണ കണ്ടെത്തുന്നതിന് മുമ്പേ ഇന്ത്യന്‍ പ്രവാസികളുടെ സാന്നിധ്യമുള്ള രാജ്യമാണ് ഒമാന്‍. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂമിക്കടിയില്‍ ക്രൂഡോയില്‍ പാളികള്‍ കണ്ടെത്തിയപ്പോഴും ഒമാനിലെ എണ്ണഖനികള്‍ അജ്ഞാതമായിരുന്നു. എങ്കിലും ഇന്ത്യക്കാരുടെ സാന്നിധ്യം സുല്‍ത്താനേറ്റിലുണ്ടായിരുന്നു. ഇന്ത്യയുമായി നിലനിന്നിരുന്ന വാണിജ്യബന്ധം തന്നെയാണ് കാരണം. കേരളത്തിലെ കോഴിക്കോട്, ആന്ധ്രാപ്രദേശിലെ ഹൈദരാബാദ്, ഗുജറാത്തിലെ കച്ച് എന്നിവയുമായി വളരെ മുമ്പേ ഒമാനികള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒമാനിലെ സൂറിന് സമീപമുള്ള കല്‍ഹാത്തുമായി ഗുജറാത്തിലെ കച്ചിനുണ്ടായിരുന്ന ബന്ധം ഇപ്പോഴും ഗവേഷണത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. തെങ്ങും വാഴയും നിറഞ്ഞ സലാലയും കേരളവും തമ്മില്‍ കാലാവസ്ഥാപരമായും ഭൂമിശാസ്ത്രപരമായും നിലനില്‍ക്കുന്ന ബന്ധം കല്‍ഹാത്തും കച്ചും തമ്മിലുണ്ടത്രെ. പണ്ടെങ്ങോ വന്‍ ഭൂകമ്പത്തില്‍ തകര്‍ന്ന പ്രാചീനപട്ടണമാണ് കല്‍ഹാത്ത്. കച്ചും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഭൂകമ്പങ്ങളാലാണെന്ന് പുതുതലമുറക്ക് അറിയാതിരിക്കില്ല.

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒമാനെ വേറിട്ട് നിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഒരു ഹിന്ദു മതവിശ്വാസിക്ക് ശൈഖ് പദവി നല്‍കി ആദരിച്ച രാജ്യം കൂടിയാണിത്. കിംജി രാംദാസ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ മേധാവി കനക്‌സി കിംജിക്കാണ് ഒമാന്‍ അത്തരമൊരു ആദരവ് നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെ  കാലത്തിന് മുമ്പേ രാജകുടുംബവുമായി ഗാഢമായി ബന്ധുണ്ടായിരുന്നു കിംജി കുടുംബത്തിലെ പൂര്‍വ പിതാക്കള്‍ക്ക്. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന അന്നത്തെ ഒമാന്‍ ഭരണാധികാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു ഈ കുടുംബമെന്ന് ചരിത്രം പറയുന്നു. ഇതിന്റെ നന്ദി സൂചകമായാണ് കിംജി രാമദാസിന്റെ പിന്‍മുറക്കാരന് സുല്‍ത്താന്‍ ഖാബൂസ് ഒമാന്‍ പൗരത്വവും ശൈഖ് പദവിയും നല്‍കിയത്. കടുത്ത വിഷ്ണു ഭക്തരും ആചാരങ്ങള്‍ മുറുകെ പിടിക്കുന്നവരുമായ കിംജി കുടുംബാംഗങ്ങള്‍ കാഴ്ചയില്‍ മറ്റു മുസ്‌ലിം ഒമാനികളെ പോലെ ഡിഷ്ഡാഷയും തലപ്പാവും തൊപ്പിയും ധരിച്ചാണ് പൊതുവേദികളില്‍ എത്തുക. ഈ കുടുംബത്തിലെ റിഷി കിംജി എന്ന അംഗം ഭരണാധികാരികളുടെ കുടുംബമായ ബുസൈദി കുടുംബത്തിലെ മുസ്‌ലിം പെണ്‍കുട്ടി സയ്യിദ താനിയയെ വിവാഹം കഴിച്ചിട്ടുമുണ്ട്. പണ്ട് കോഴിക്കോട്ടു നിന്നും ഹൈദരാബാദില്‍ നിന്നും വിവാഹം കഴിക്കുന്ന പതിവും ഒമാനി വ്യാപാരികള്‍ക്കുണ്ടായിരുന്നു. ഉമ്മ മലയാളിയാണ് എന്നതിനാല്‍ ഭംഗിയായി മലയാളം പറയുന്ന അപൂര്‍വം ഒമാനികള്‍ ഇപ്പോഴുമുണ്ട്. ഇന്ത്യന്‍ സമൂഹവുമായി ഒമാനികള്‍ പുലര്‍ത്തുന്ന അടുത്ത ബന്ധത്തെ സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

പക്ഷേ, സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചേടത്തോളം ഈ രാജ്യവുമായുള്ള ബന്ധം മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പോലെ രണ്ടു വര്‍ഷം കാലാവധിയുള്ള തൊഴില്‍ വിസയില്‍ ഒതുങ്ങുന്നതാണ്. സ്‌പോണ്‍സറും കമ്പനിയും സമ്മതിച്ചാല്‍ അടുത്ത രണ്ടു വര്‍ഷം കൂടുമ്പോള്‍ വിസ പുതുക്കിക്കൊണ്ടിരിക്കാം. അങ്ങനെ ആയുസിന്റെ മുക്കാലും ഒമാനില്‍ ചെലവഴിച്ച മലയാളി പ്രവാസികള്‍ ആയിരക്കണക്കിനുണ്ടാകും. തൊഴില്‍ രംഗത്തെ മികവ് കൊണ്ടും ദീര്‍ഘകാലത്തെ സേവനം പരിഗണിച്ചും ഒമാന്‍ പൗരത്വം ലഭിച്ച അപൂര്‍വം മലയാളികളുമുണ്ട്.

ദേശീയ സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2014 മാര്‍ച്ചില്‍ 3.99 ദശലക്ഷമാണ് ഒമാനിലെ മൊത്തം ജനസംഖ്യ. ഇതില്‍ സ്വദേശികള്‍ 2.22 ദശലക്ഷം വരും. മൊത്തം ജനസംഖ്യയുടെ 55.8 ശതമാനമാണിത്. പ്രവാസികളുടെ എണ്ണം 1.76 ദശലക്ഷം. ഇവരില്‍ 1.53 ദശലക്ഷം പേരും നേരത്തേ പറഞ്ഞതുപോലെ രണ്ടു വര്‍ഷത്തെ തൊഴില്‍ കരാറുള്ള ജോലിക്കാരാണ്. 2,32,000 പേര്‍ ഇവരുടെ കുടുംബാംഗങ്ങളാണ്.

പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്, 5,97,334 പേര്‍. ഇവരില്‍ മലയാളികളുടെ വേര്‍തിരിച്ചുള്ള കണക്ക് ഔദ്യോഗികമായി ലഭ്യമല്ല. എങ്കിലും ഇന്ത്യന്‍ പ്രവാസികളില്‍ 60 ശതമാനം വരെ മലയാളികള്‍ തന്നെയാണ്. ബംഗ്ലാദേശികളാണ് രണ്ടാം സ്ഥാനത്തുള്ള പ്രവാസികള്‍. 5,08,774 പേര്‍. മറ്റു രാജ്യക്കാരുടെ കണക്കുകള്‍ ഇങ്ങനെയാണ്: പാകിസ്താനികള്‍ 2,23,219, എത്യോപ്യക്കാര്‍ 44,411, ഇന്തോനേഷ്യക്കാര്‍ 30,734, ഫിലിപ്പിനോകള്‍ 29,251, ഈജിപ്തുകാര്‍ 23,094, നേപ്പാളികള്‍ 12,806, ശ്രീലങ്കക്കാര്‍ 12,468.

നിര്‍മാണ മേഖലയിലേക്കാണ് കൂടുതല്‍ പ്രവാസികളും ജോലിക്കെത്തുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത്. 664,639. നോര്‍ത്ത് ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഗള്‍ഫില്‍ അറബികള്‍ ഇല്ലാത്തിടത്തും മലയാളികളുണ്ടാകും എന്ന തമാശ ശരിവെക്കുന്നതാണ് ഒമാനിലെ മലയാളി സാന്നിധ്യം. 11 ഗവര്‍ണറേറ്റുകളില്‍ എല്ലായിടത്തും മലയാളികളും അവരുടെ സ്ഥാപനങ്ങളുമുണ്ട്. ഒമാന്റെ പ്രധാന ഭൂപ്രദേശത്ത് നിന്ന് വേറിട്ട് നില്‍ക്കുന്ന ദ്വീപായ മസീറയില്‍ പോലും ഇന്ത്യന്‍ സ്‌കൂളുണ്ട് എന്ന് പറയുമ്പോള്‍ പ്രവാസിസാന്നിധ്യത്തിന്റെ തോത് വ്യക്തമാകും. എങ്കിലും മസ്‌കത്തില്‍ മാത്രമാണ് സ്വദേശികളേക്കാള്‍ കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്. മറ്റിടങ്ങളിലെല്ലാം സ്വദേശികള്‍ തന്നെയാണ് കൂടുതല്‍.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള രാജ്യമാണ് ഒമാന്‍. സ്വദേശികള്‍ക്കുപോലും സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ നിയന്ത്രണമുണ്ട്. ഒമാനി വിമന്‍സ് അസോസിയേഷന്‍, ഫിലിം സൊസൈറ്റി, ഒമാന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ തുടങ്ങി ഔദ്യോഗിക സ്വഭാവമുള്ള കൂട്ടായ്മകള്‍ മാത്രമേ സ്വദേശികളുടേതായി കാണാന്‍ കഴിയൂ. ഒരോ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് സംഘടിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിക്കാനും ട്രേഡ് യൂനിയനുകള്‍ നിലവിലുണ്ട്. അവയെ നമ്മുടെ നാട്ടിലെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനേ കഴിയില്ല. കാരണം, പലപ്പോഴും ട്രേഡ് യൂനിയന്റെ നടത്തിപ്പ് ചുമതല സ്ഥാപനത്തിലെ എച്ച്.ആര്‍ മാനേജര്‍ക്കായിരിക്കും.

എങ്കിലും മലയാളികള്‍ അവരുടേതായ കൂട്ടായ്മകള്‍ രൂപവത്കരിച്ച് ഒമാനില്‍ പ്രവര്‍ത്തിച്ചിരുന്നു. 1994-ല്‍ മുഴുവന്‍ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നു. ഒരു രാജ്യക്കാര്‍ക്ക് ഒരു സംഘടന എന്ന നിലയില്‍ പ്രവാസികളുടെ കൂട്ടായ്മകള്‍ക്ക് നിയന്ത്രണമുണ്ടായി. സാമൂഹികക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏക സംഘടന  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബാണ്. ഇതിനു കീഴില്‍ വിവിധ ഭാഷാ വിഭാഗങ്ങള്‍ ആകാം. നിലവില്‍ മലയാളികള്‍ക്കായി രണ്ട് വിംഗുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളാ വിംഗും മലയാളം വിംഗും. എങ്കിലും ഈ കൂട്ടായ്മകള്‍ക്ക് ഒമാനിലെ മൊത്തം മലയാളികളുടെ വികാരം ഉള്‍കൊള്ളുന്ന സംഘടനകളാകാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും രണ്ട് മലയാളി വിംഗുകള്‍ ചേര്‍ത്തുവെച്ചാലും ആയിരത്തില്‍ കൂടുതല്‍ അംഗങ്ങളില്ല. ഓണത്തിനും ക്രിസ്മസിനും ഈദിനും ആഘോഷം സംഘടിപ്പിക്കുക, കേരളോത്സവം എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ സംഘടിതമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. അതിനുള്ള സ്വാതന്ത്ര്യവും തങ്ങള്‍ക്കില്ലെന്ന് ഇതിന്റെ ഭാരവാഹികള്‍ സ്വകാര്യമായി സമ്മതിക്കുന്നു. മസ്‌കത്ത്, സലാല, സൊഹാര്‍ എന്നീ മൂന്ന് നഗരങ്ങള്‍ക്കപ്പുറത്തെ പ്രവാസികള്‍ക്ക് വേദിയൊരുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിനോ അതിന് മുന്‍കൈയെടുക്കേണ്ട ഇന്ത്യന്‍ എംബസിക്കോ കഴിഞ്ഞിട്ടില്ല.

അംഗീകാരവും സ്വാതന്ത്ര്യവും ഇല്ലെങ്കിലും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും എംബസിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ ആഭിമുഖ്യമോ മതസംഘടനാ ആഭിമുഖ്യമോ ഉള്ളവരാണ്. മുസ്‌ലിം ലീഗ് ആഭിമുഖ്യമുള്ള കെ.എം.സി.സി, ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യമുള്ള കെ.ഐ.എ (സലാലയില്‍ ഐ.എം.ഐ), എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സുന്നി സംഘടനകള്‍, വിവിധ ഇസ്‌ലാഹി സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്‌കൂളുകളുടെ ഭരണം നിയന്ത്രിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് പ്രവാസികള്‍ക്ക് ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നത്. അതിലും പ്രചാരണത്തിന് കടുത്ത നിയന്ത്രണമുണ്ട്. യാതൊരുവിധ പരസ്യപ്രചാരണവും പാടില്ല. ഇതിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ മലയാളികളുടെയും സമുദായത്തിന്റെയും സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ സംവിധാനമൊരുക്കുന്നതിന് മസ്‌കത്തിലെ മുസ്‌ലിം കൂട്ടായ്മകള്‍ക്ക് കഴിഞ്ഞു. ഐക്യത്തിന്റെ വലിയൊരു സന്ദേശമാണ് ഇതില്‍ പ്രകടമായത്. 

സി.പി.എം അനുഭാവികളുടെ കൈരളി ആര്‍ട്‌സ് ക്ലബ്, കെ.പി.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി, സി.പി.ഐക്കാരുടെ മൈത്രി, വി.എസ് പക്ഷ ഇടതു പ്രവര്‍ത്തകരുടേതെന്ന് പറയപ്പെടുന്ന ഇടം മസ്‌കത്ത് തുടങ്ങിയ കൂട്ടായ്മകള്‍ ഇവിടെ പ്രവാസികള്‍ക്കിടയിലുണ്ട്. ഇതിനെല്ലാം പുറമെ വിവിധ പ്രദേശവാസികളുടെ കൊച്ചു കൊച്ചു കൂട്ടായ്മകളും നിരവധി. ഒമാനില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും രോഗികളെ സഹായിക്കാനും കേസില്‍ കുടുങ്ങിയവര്‍ക്ക് സഹായമെത്തിക്കാനും ഈ സംഘടനകള്‍ രംഗത്തുണ്ട്. 

തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് നൂറുകണക്കിന് കിലോ മീറ്ററുകള്‍ക്ക് അകലെയായി ചിതറികിടക്കുന്ന പട്ടണങ്ങളാണ് ഒമാനിലേത്. അത്തരം പട്ടണങ്ങളിലും മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന കൊച്ചു കൂട്ടായ്മകളുണ്ട്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര, ജഅ്‌ലാന്‍ ബനി ബൂആലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഹെല്‍പ് ലൈന്‍ എന്ന കൂട്ടായ്മ ഇതിന് ഉദാഹരണമാണ്. മുദൈബിയിലെ നന്മ, അല്‍ഹൈലിലെ തണല്‍ എന്നിവയും സജീവം. ഉള്‍പ്രദേശങ്ങളില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇതിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍.

എന്നാല്‍, ഏതു വിധമുള്ള പണപ്പിരിവും ഒമാനില്‍ നിയമവിരുദ്ധമാണ്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിന് സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണമെന്നാണ് നിയമം. എങ്കിലും നിയമത്തിന്റെ കാര്‍ക്കശ്യം കുറയുമ്പോള്‍ ഈ കൂട്ടായ്കള്‍ നാട്ടിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പലതുള്ളി പെരുവെള്ളം എന്ന കണക്കിന് കൈകോര്‍ക്കുന്നു. മലയാളി എവിടെ ആയാലും അവന് നാടിന്റെ രാഷ്ട്രീയവും മതബോധവും സംഘടനാ ബോധവും കൂടെയുണ്ട്. അത് തുറന്ന് പ്രകടമാക്കാന്‍ അവന്‍ മടിക്കാറുമില്ല. ഇന്ത്യയിലെ മറ്റു ഭാഷക്കാര്‍ക്കില്ലാത്ത സംഘടിത ബോധം തന്നെയാണ് മലയാളിയെ പലയിടത്തും വ്യത്യസ്തനാക്കുന്നത്. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം