Prabodhanm Weekly

Pages

Search

2014 മെയ്‌ 02

കുവൈത്തിന്റെ പ്രകാശം അണഞ്ഞു

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ /സ്മരണ

ദീപം പൊലിഞ്ഞു, പ്രകാശം അണഞ്ഞു. കുവൈത്തിനെ ശോഭനമാക്കിയ പ്രകാശം. ലോകത്തിന്റെ ഓണം കോറാമൂലകളില്‍ നിന്ന് പോലും കുവൈത്തിലേക്ക് പ്രവഹിക്കുന്ന, മനുഷ്യസ്‌നേഹികളെയും ആതുര ശുശ്രൂഷാ പ്രവര്‍ത്തകരെയും ആശ്ലേഷിച്ച പ്രകാശം. ഇനി കുവൈത്തിന് അത്തരമൊരു പ്രകാശമില്ല.

         നാദിര്‍ നൂരി-നാദിര്‍ (അപൂര്‍വം, അതുല്യം), നൂരി (ശോഭിതം). ആ പേര് അന്വര്‍ഥമാക്കിയ ജീവിതമായിരുന്നു കുവൈത്തിന്റെ അഭിമാനഭാജനമായ, കുവൈത്തിന്റെ ലോക അംബാസഡറായ ശൈഖ് അബ്ദുല്‍ അസീസ് നൂരിയുടേത്. ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ ചെന്ന് ഇസ്‌ലാമിക സ്ഥാപനങ്ങള്‍-യതീംഖാനകള്‍, ഇസ്‌ലാമിക് സെന്ററുകള്‍, ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍- സന്ദര്‍ശിച്ചു നോക്കൂ. അവിടങ്ങളിലെ സന്ദര്‍ശന ബുക്കുകളില്‍ ആ പ്രകാശത്തിന്റെ പ്രസരം കാണാം. അദ്ദേഹത്തിന്റെ കൈപ്പട, അദ്ദേഹത്തിന്റെ ഒപ്പ്. പിതൃസഹോദരന്‍ അബ്ദുല്ല നൂരി- അദ്ദേഹത്തിന്റെ കാല്‍പാടുകളും ലോകത്ത് പലേടങ്ങളിലും കാണാം-യുടെ ചുവടൊപ്പിച്ച്, അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന്, അദ്ദേഹത്തെ മാര്‍ഗദര്‍ശിയാക്കിയ കഥാപുരുഷന്‍ സന്ദര്‍ശിക്കാത്ത നാടുകളോ ഇസ്‌ലാമിക സ്ഥാപനങ്ങളോ, കാണാത്ത പ്രാസ്ഥാനിക വ്യക്തിത്വങ്ങളോ നവോത്ഥാന നായകരോ തുലോം കുറവായിരിക്കും.

ഈ ലേഖകന് കഥാപുരുഷനോട് പ്രത്യേക ബന്ധമായിരുന്നു- മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ബന്ധം. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മിക്ക നേതാക്കളെയും- മുഹമ്മദ് യൂസുഫ് സാഹിബ്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ജമാഅത്ത് ആന്ധ്ര അമീറായിരുന്ന അബ്ദുല്‍ അസീസ് സാഹിബ് തുടങ്ങിയവരെ-കൊണ്ടുപോയി അദ്ദേഹത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അവരെയൊക്കെ അദ്ദേഹം അങ്ങേയറ്റം ബഹുമാനാദരങ്ങളോടെയാണ് സ്വീകരിക്കുക. അദ്ദേഹത്തിന് ജമാഅത്തെ ഇസ്‌ലാമി നേതാക്കളോടുള്ള അടുപ്പത്തിലും സ്‌നേഹബന്ധത്തിലും അത്ഭുതമില്ല. പക്ഷേ, അദ്ദേഹം പക്ഷപാതിയോ സങ്കുചിത മനസ്‌കനോ ആയിരുന്നില്ല. സകല മുസ്‌ലിം സംഘടനകളെയും സമുദായത്തിന്റെ പൊതു നന്മക്ക് പ്രേരിപ്പിക്കുകയും അതിനായി അവരില്‍ ഐക്യം സ്ഥാപിക്കുകയും ചെയ്യാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. എണ്‍പതുകളില്‍ കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ഒപ്പിട്ട വിശ്രുതമായ കുവൈത്ത് ഐക്യകരാര്‍ ഒരു ഉദാഹരണം മാത്രം. കേരളത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധവും താല്‍പര്യവും സ്‌നേഹവും കേരളീയര്‍ക്കറിയാം. അതേ പോലുള്ള സ്‌നേഹബന്ധങ്ങള്‍ അദ്ദേഹം നിലനിര്‍ത്തിയ എത്ര നാടുകളുണ്ട്! ഒട്ടേറെ. ആ അര്‍ഥത്തില്‍ അദ്ദേഹം ഒരു ലോക വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു; ലോക പൗരനായിരുന്നു. ജീവിച്ചിരിപ്പുള്ള എത്ര പേരുണ്ട് അങ്ങനെ? സമുദായത്തിന്റെ അഭിമാനഭാജനങ്ങള്‍, മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകങ്ങള്‍. സ്വാലിഹീങ്ങള്‍ കൊഴിഞ്ഞു തീരുകയാണോ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊറണ്ടോ ഇസ്‌ലാമിക് സെന്ററിന്റെ ആവശ്യങ്ങള്‍ക്ക് കുവൈത്തിലെത്തുമ്പോള്‍ ശൈഖ് നാദിര്‍ നൂരിയായിരുന്നു എന്റെ ലക്ഷ്യം; എന്റെ പ്രതീക്ഷ (അല്ലാഹുവിനും അബൂബദ്‌റിനും ശേഷം) യും കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ ഓഫീസില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം. ഒരാവശ്യം ഉന്നയിക്കുകയേ വേണ്ടൂ, അപ്പോഴേക്കും അദ്ദേഹത്തിന്റെ കൈ ഫോണില്‍ - ഉദ്ദിഷ്ട പാര്‍ട്ടിയുമായി ബന്ധപ്പെടാന്‍. അത്രയും വിനീതവും സഹകരണാത്മകവും സഹോദര മസൃണവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

ബഹുവിധ വിജ്ഞാനകേദാരമായിരുന്നു ശൈഖ് നാദിര്‍ നൂരി. അദ്ദേഹത്തിന്റെ ബൃഹത്തായ ലൈബ്രറി അതിന്റെ സാക്ഷ്യമാണ്. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് വിശദ വിവരങ്ങള്‍ അദ്ദേഹം പങ്കുവെക്കും. ഒരിക്കല്‍ ജമാഅത്ത് മുന്‍ അമീര്‍ അബ്ദുല്‍ ഹഖ് അന്‍സാരിയുടെ കൂടെ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അത്തരം വൈവിധ്യമാര്‍ന്ന വിഷയങ്ങളിലേക്ക് സംഭാഷണം പടര്‍ന്നു. ഒരിക്കലദ്ദേഹം റുമ്മാന്‍ പഴത്തിന്റെ ഔഷധ ഗുണങ്ങള്‍ വിവരിക്കുകയുണ്ടായി; വിശിഷ്യ ഹൃദയരോഗങ്ങള്‍ക്ക്.

ശൈഖ് യൂസുഫുല്‍ ഖറദാവി അദ്ദേഹത്തിന്റെ അനുശോചനത്തില്‍ പറഞ്ഞു: ''ധര്‍മ-ദാന-സുകൃതങ്ങളാല്‍ നിബിഡമായ ഒരു ജീവിതമാണ് ശൈഖ് നാദിര്‍ നൂരി നയിച്ചത്. അദ്ദേഹത്തിന്റെ ഉദാരത ലോക വന്‍കരകളെ ആശ്ലേഷിച്ചു. കുവൈത്തിലും പുറത്തും വിവിധ ധര്‍മസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം- അതിന്റെ എക്‌സിക്യൂട്ടീവ് അംഗവും. എവിടെ മുസ്‌ലിംകള്‍ക്ക് ഒരാവശ്യമുണ്ടോ അവിടെയൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അനുഗൃഹീത മഴ പോലെയായിരുന്നു അദ്ദേഹം. എവിടെ പെയ്താലും ഫലം കാണിക്കുന്ന മഴ.''

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 74-77
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം