Prabodhanm Weekly

Pages

Search

2014 ജനുവരി 03

സ്ത്രീ വിമോചനം സന്തുലിത സമീപനം

സദ്‌റുദ്ദീന്‍ വാഴക്കാട്

ലയാളത്തിലെ ആദ്യകാല മുസ്‌ലിം സ്ത്രീ രചനകള്‍ മുന്നോട്ടുവെച്ച സ്ത്രീ വിമോചന സങ്കല്‍പ്പം പൊതുവെ സന്തുലിതവും യാഥാര്‍ഥ്യബോധത്തിലധിഷ്ഠിതവുമായിരുന്നു. ഇസ്‌ലാമിക തത്ത്വങ്ങളും ചരിത്ര വസ്തുതകളും മുന്‍നിറുത്തി ഇസ്‌ലാമിലെ സ്ത്രീയെ അടയാളപ്പെടുത്തുകയും അതിനെതിരില്‍ നിലനിന്നിരുന്ന സ്ത്രീവിരുദ്ധ നിലപാടുകളെയും യാഥാസ്ഥിതിക-പൗരോഹിത്യ സമീപനങ്ങളെയും ചോദ്യം ചെയ്യുകയുമായിരുന്നു ആ രചനകളുടെ പൊതുസ്വഭാവം. അക്കാലത്തെ മികച്ച ഭാഷയും ശൈലിയുമുള്ള രചനകളില്‍നിന്ന് എഴുത്തുകാരികളുടെ പ്രതിഭാവിലാസം വായിച്ചെടുക്കാം. അവയില്‍ പലതും ഇന്നും പ്രസക്തമാകുംവിധം ഈടുറ്റതാണ്. സ്ത്രീ സംബന്ധിയായ വിഷയങ്ങള്‍ മാത്രമല്ല 1930-65 കാലത്തെ വനിതാ എഴുത്തുകാരികള്‍ കൈകാര്യം ചെയ്തത്. ഇസ്‌ലാമിലെ രാഷ്ട്രീയ സംവിധാനം, ഇസ്‌ലാം ലോകത്ത് നിര്‍വഹിക്കുന്ന ദൗത്യം, മുസ്‌ലിം സമുദായത്തിന്റെ ഉത്തരവാദിത്തങ്ങള്‍, മുഹമ്മദ് നബിയുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ക്കുപുറമെ, ഇസ്‌ലാം വിമര്‍ശകര്‍ക്കുള്ള മറുപടിയും മുസ്‌ലിം സമുദായത്തിനകത്തെ ജാതിവിവേചനപരമായ സമീപനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളും അക്കാലത്തെ സ്ത്രീ രചനകളിലുണ്ട്. സ്ത്രീകളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ സൃഷ്ടികളും സ്ത്രീരചനകളല്ല, ചിലത് പിതാവോ ഭര്‍ത്താവോ സ്ത്രീകളുടെ പേരില്‍ എഴുതിയതാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
അക്കാലത്തെ സ്ത്രീരചനകളിലെ കാഴ്ചപ്പാടുകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. ഇസ്‌ലാമികദര്‍ശനം മുന്നോട്ടുവെക്കുകയും, ചരിത്രത്തില്‍ മാതൃക കാണിക്കുകയും ചെയ്ത 'മുസ്‌ലിം സ്ത്രീ'യെ തിരിച്ചുപിടിക്കാനാണ് പെണ്‍പ്രതിഭകള്‍ പ്രയത്‌നിച്ചത്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളാണ് അവര്‍ ചോദിച്ചു വാങ്ങിയത്. അത് നിഷേധിച്ചവരെ ശക്തമായി ചോദ്യം ചെയ്തു. രാജമ്മ യൂസുഫ് എഴുതുന്നു: ''സ്ത്രീക്ക് സ്വതന്ത്രമായ വ്യക്തിത്വം നല്‍കിക്കൊണ്ട് സ്വത്തു സമ്പാദിക്കുവാനും സ്വതന്ത്രമായി വിനിമയം ചെയ്യുവാനും നിയമപരമായി ജന്മാവകാശമുണ്ടെന്ന് ഇസ്‌ലാം പ്രഖ്യാപനം ചെയ്തു. അങ്ങനെ ചെയ്തുകൊണ്ട് സാമൂഹിക ജീവിതത്തിലെ ഒരു സുപ്രധാന ഘടകമായ കുടുംബജീവിതത്തെ ഉല്‍കൃഷ്ട ഘടകമാക്കിത്തീര്‍ത്തിരിക്കുന്നു. സ്ത്രീ പുരുഷനോടൊപ്പം പരിപൂര്‍ണമായി സ്വതന്ത്രയായിത്തീര്‍ന്നു. മേലില്‍ അവള്‍ പുരുഷന്റെ ജംഗമസ്വത്തല്ല, അവള്‍ അവന്റെ സഹധര്‍മിണിയും സമത്വത്തില്‍ വര്‍ത്തിക്കേണ്ട ജീവിതപങ്കാളിയുമായിത്തീര്‍ന്നു. അങ്ങനെ മനുഷ്യരാശിയെ നശിപ്പിച്ചുകൊണ്ടിരുന്ന ഒരു ചിന്താഗതിയെ നിശ്ശേഷം വിപാടനം ചെയ്ത് സുന്ദരമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ അടിത്തറ കെട്ടി ഉറപ്പിക്കുകയും ചെയ്തു. സമ്പാദിക്കുവാനും ഇഷ്ടമുള്ള ജോലി ചെയ്യുവാനും അവള്‍ക്കിപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ ഈ സാമൂഹിക വിപ്ലവം മനുഷ്യരാശിയുടെ ആകമാനമുള്ള പുരോഗതിയെ സാരമായി സ്പര്‍ശിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: പുരുഷന്മാര്‍ ആര്‍ജിച്ചിട്ടുള്ളതില്‍നിന്നുമുള്ള ഫലം അവര്‍ക്കുണ്ട്. സ്ത്രീകള്‍ ആര്‍ജിച്ചിട്ടുള്ളതില്‍ നിന്നുള്ള ഫലം അവര്‍ക്കുമുണ്ട്-4:32.'' തുടര്‍ന്ന് ആത്മീയ രംഗത്തും സാമൂഹിക മണ്ഡലത്തിലും കുടുംബജീവിതത്തിലും വസ്ത്രധാരണ-സദാചാര മേഖലകളിലും ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെയും ഉന്നത പദവിയെയും സംബന്ധിച്ച് ആഴത്തിലും ആര്‍ജവത്തോടെയും വിശകലനം ചെയ്തിട്ടുണ്ട്, രാജമ്മ യൂസുഫ്.1 ഹലീമാബീവി എഴുതുന്നു; ''സ്ത്രീകളുടെ അവകാശങ്ങള്‍ പരിപാവനമായിട്ടുള്ളതാണ്. സ്ത്രീകളെ അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അവകാശങ്ങള്‍ സുരക്ഷിതമാക്കികൊണ്ട് സംരക്ഷിക്കുക-ഇതെല്ലാം നബിവചനങ്ങളാണ്. സഹോദരികളെ! നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിവുണ്ട്? ശരീഅത്ത് പ്രകാരം സ്ത്രീക്ക് പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. സ്ത്രീക്ക് അവളുടെ സ്വത്തിനവകാശമുണ്ട്. ചില പരിതസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. ഈ പരാമര്‍ശങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ എത്രപേരുണ്ട്. ഇല്ലെങ്കില്‍ അവരെ ഇങ്ങനെ തരംതാഴ്ത്തി അടുക്കളപ്പാവകളായി, പ്രസവയന്ത്രങ്ങളായി മാറ്റി പുരുഷന്മാര്‍ക്ക് റസൂല്‍(സ) മാതൃകയാണോ?''2
2. സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കി എന്നതാണ് ആദ്യകാലത്തെ വനിതാ ഇടപെടലുകളുടെയും പെണ്‍രചനകളുടെയും ഏറ്റവും വലിയ പ്രത്യേകത. വിമോചനത്തിന്റെ ഒന്നാമത്തെ വഴി വിജ്ഞാനത്തിന്റെ വെളിച്ചമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മത-ലൗകിക വിദ്യാഭ്യാസ അവകാശത്തെ പ്രമാണപരവും ചരിത്രപരവുമായി സമര്‍ഥിച്ച അവര്‍, അത് നിഷേധിച്ച പൗരോഹിത്യത്തെ ചോദ്യം ചെയ്തു. അക്കാലത്ത് എഴുതപ്പെട്ട ഏതാണ്ടെല്ലാ ലേഖനങ്ങളിലും സ്ത്രീ വിദ്യാഭ്യാസം വിഷയമായിട്ടുണ്ട്. എം. ഹലീമാബീവിയുടെ ലേഖനത്തില്‍നിന്ന് ഒരുഭാഗം; ''വിദ്യാഭ്യാസം ഓരോ മുസ്‌ലിം പുരുഷനും ഓരോ മുസ്‌ലിം സ്ത്രീക്കും നിര്‍ബന്ധമായിട്ടുള്ളതാകുന്നു. ഈ ഹദീസിന്റെ പ്രയോഗിക വശത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? ഇന്ന് കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം കരസ്ഥമാക്കിയിട്ടുള്ള ഒരുകൂട്ടം പണ്ഡിതന്മാര്‍ മുകളില്‍ പറഞ്ഞ ഇല്‍മ് എന്ന പദത്തിന് വേദാന്തപരമായ അര്‍ഥത്തില്‍ മതപരമായ അറിവ് എന്ന് കുടുസ്സായ ഒരു അര്‍ഥം കൊടുത്തുകൊണ്ട് അതിന്റെ ആശയവ്യാപ്തിയെ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്... ഒരു യഥാര്‍ഥ മുസ്‌ലിമിന് ജീവിതം മുഴുവന്‍ മൊത്തത്തില്‍ മതപരമാകുന്നു. അതുപോലെ അവന്റെ വിജ്ഞാനങ്ങളെല്ലാം മൊത്തത്തില്‍ മതപരമായിട്ടുള്ളതാണ്... ഇല്‍മ് മതപരമായ അറിവ് മാത്രമാണെങ്കില്‍ കൂടിയും ആ അറിവില്‍ സാമാന്യജ്ഞാനം സിദ്ധിച്ച എത്ര മുസ്‌ലിം സ്ത്രീകള്‍ നമ്മുടെ കേരളത്തിലുണ്ട്? അതുപോകട്ടെ, നമ്മുടെ സ്ത്രീകള്‍ മതപരമായ പാണ്ഡിത്യം നേടണമെന്നുപദേശിക്കുകയോ അനുവദിക്കുകയോ ചെയ്യുന്ന പണ്ഡിതന്മാര്‍ എത്രപേരുണ്ട്?''3
3. സാമൂഹിക ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഇടപെടാനുള്ള മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്കാലത്തെ സ്ത്രീ രചനകള്‍ ആവര്‍ത്തിച്ച് ശബ്ദമുയര്‍ത്തുകയുണ്ടായി. മുസ്‌ലിം സ്ത്രീ വെറും അന്തപുരവാസികളല്ലെന്നും, അവരെ വീടകങ്ങളില്‍ മാത്രം തളച്ചിടുന്ന സമീപനം ഇസ്‌ലാമിക വിരുദ്ധമാണെന്നും ചരിത്രസംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മുസ്‌ലിം എഴുത്തുകാരികള്‍ സമര്‍ഥിച്ചു. എം. ഹലീമാബീവി എഴുതുന്നു: ''മുസ്‌ലിം സ്ത്രീകള്‍ക്ക് സാമൂഹിക രംഗത്ത് പ്രവേശിക്കാനും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനും അവകാശം ഉണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമാണ് ഞാന്‍ വിചാരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ ഒരു നിര്‍ദേശത്തെ നിരാകരിക്കുവാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിക്ക് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുവാന്‍ ഇസ്‌ലാം അനുവദിക്കുന്നു എന്നുള്ള കാര്യത്തില്‍ സത്യാന്വേഷികള്‍ക്ക് ഒരെതിരഭിപ്രായത്തിന് അവകാശമില്ലെന്നാണ് എനിക്ക് തോന്നുന്നത്.''4 വീടകങ്ങളില്‍ മാത്രം കഴിഞ്ഞുകൂടേണ്ടവരാണ് സ്ത്രീകള്‍ എന്ന തെറ്റിദ്ധാരണയെ തിരുത്തിക്കൊണ്ട് ഹലീമാബീവി പറയുന്നു: ''ഭാവി പൗരന്മാരുടെ ധിഷണാ വിലാസത്താല്‍ ഉത്തരോത്തരം പ്രശോഭനമായിത്തീരേണ്ടുന്ന ലോകം കേവലം ഭൂഭാരത്തിനു മാത്രം അവശേഷിക്കുന്ന യുവാക്കളെയും ശിശുക്കളെയും ആരാധിച്ചുകഴിയണമെന്ന് വന്നാല്‍ അത് പ്രകൃത്യാ നിഷ്പ്രഭമായിത്തീര്‍ന്നുപോകും.''5 ഇസ്‌ലാമിക സംസ്‌കാരം മുറുകെ പിടിച്ചുകൊണ്ട്, ''മേല്‍പറഞ്ഞ വസ്ത്രധാരണ രീതിയോടു കൂടി സ്ത്രീകള്‍ എവിടെപ്പോകുന്നതിനും, എവിടെയും പ്രത്യക്ഷപ്പെടുന്നതിനും പൂര്‍ണമായ സ്വാതന്ത്ര്യമാണുള്ളത്'' എന്ന് രാജമ്മ യൂസുഫ് സമര്‍ഥിക്കുന്നുണ്ട്.6
4. സന്തുലിതമായ സ്ത്രീ വിമോചന സങ്കല്‍പ്പമാണ് മലയാളത്തിലെ ആദ്യകാല സ്ത്രീ രചനകള്‍ മുമ്പോട്ടു വെച്ചത്. സ്ത്രീകളെ വീടകങ്ങളില്‍ തളച്ചിടുന്നതിനെ ചോദ്യം ചെയ്യുകയും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും അത് നേടിയെടുക്കുകയും ചെയ്തപ്പോള്‍ തന്നെ, വീടും കുടുംബവും പ്രഥമവും പ്രധാനവുമായ കര്‍മമണ്ഡലങ്ങളായി കാണാന്‍ ആദ്യകാല മുസ്‌ലിം എഴുത്തുകാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീടും വിവാഹവും കുടുംബവും ചൂഷണസംവിധാനങ്ങളാണെന്ന പില്‍ക്കാല ഫെമിനിസ്റ്റ് വാദങ്ങളെ ഈ പെണ്‍പ്രതിഭകള്‍ ഒരിക്കലും പ്രതിനിധീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ എം. ഹലീമാബീവിയുടെ നിലപാട് കാണുക; ''പുരുഷന്‍ ജീവിതഭാരത്താല്‍ വലയുന്നുണ്ടെങ്കില്‍ സ്ത്രീ കുടുംബഭാരത്തിന് ചുമതലപ്പെട്ടവളാണെന്ന് നിങ്ങള്‍ ഒരിക്കലും വിസ്മരിക്കരുത്. പുരുഷന്റെ സകല പ്രവൃത്തികളും ശുഭപൂര്‍ണമായിത്തീരുന്നതിന് സ്ത്രീയുടെ അനുകമ്പാപൂര്‍ണമായ ആശിസ് ആവശ്യമാണ്.''7 മിസിസ് രാജമ്മ യൂസുഫ് എഴുതുന്നു; ''കുടുംബാംഗങ്ങളുടെ സംരക്ഷണ കാര്യങ്ങള്‍ പുരുഷനിലും ഗൃഹഭരണ കാര്യങ്ങള്‍ സ്ത്രീയിലും ആണ് നിക്ഷിപ്തമായിരിക്കുന്നത്. ഗൃഹജീവിതത്തിന്റെ പാവനതക്ക് ഇസ്‌ലാം കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.''8
5. ഇസ്‌ലാമിക മൂല്യങ്ങളെ നിരാകരിക്കുന്ന സ്ത്രീസ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെയും ആദ്യകാല സ്ത്രീ രചനകള്‍ തള്ളിക്കളയുകയാണുണ്ടായത്. മതത്തെ ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്നും, എത്രത്തോളം മതരഹിതമാകുന്നുവോ, അത്രത്തോളം പുരോഗമനവാദിയും ആധുനിക വനിതയും ആകുന്നുവെന്നുമുള്ള വികല കാഴ്ചപ്പാട് ആ സ്ത്രീ പ്രതിഭകള്‍ക്കുണ്ടായിരുന്നില്ല. എന്നല്ല, ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് സ്ത്രീയുടെ പൊതുരംഗപ്രവേശത്തെ കുറിച്ച് അവര്‍ സംസാരിച്ചത്. മിസിസ് രാജമ്മ യൂസുഫ് എഴുതുന്നു; ''ധാര്‍മിക നില നന്നായിത്തീരുന്നതിനുപയുക്തമായ നിയമങ്ങളാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അത്, സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വകതിരിവില്ലാതെ കൂടിക്കലരുന്നതിനെയും അസാന്മാര്‍ഗിക ബന്ധങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളെയും കഴിയുന്നത്ര തടയുന്നതായി കാണാം.... ജോലി വിഭജനം നല്‍കിക്കൊണ്ട് പുരുഷനും സ്ത്രീയും ആവശ്യമില്ലാതെ കൂടിക്കലരുന്നതിനെ തടയാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇസ്‌ലാം ശ്രമിക്കുന്നതായി കാണാം. ഇങ്ങനെ നിര്‍ദേശിച്ചിരിക്കുന്നത് കൊണ്ട് സ്ത്രീകള്‍ ഗൃഹങ്ങളില്‍നിന്നും വെളിയിലിറങ്ങി മറ്റു കാര്യങ്ങളില്‍ പ്രവേശിച്ചുകൂടാ എന്നര്‍ഥമില്ല. അവളുടെ ആവശ്യങ്ങള്‍ നേടുന്നതിനായി വെളിയിലിറങ്ങി സഞ്ചരിക്കുന്നതിന് സ്ത്രീക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്.''9 സ്ത്രീകള്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട വസ്ത്രധാരണ രീതിയെക്കുറിച്ച് രാജമ്മ യൂസുഫ് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്; ''ചാരിത്ര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള മൂന്നാമത്തെ മാര്‍ഗമായി ഇസ്‌ലാം ഉപദേശിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണ സംബന്ധമായ നിയമ നിര്‍ദേശങ്ങളാണ്. സ്ത്രീകള്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ ഉത്തമമായ രീതിയില്‍ വസ്ത്രധാരണം ചെയ്തിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. മറ്റവസരങ്ങളിലും സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പരം ഇടപെടേണ്ടിവരുമ്പോഴും അങ്ങനെത്തന്നെ ചെയ്തിരിക്കേണ്ടതാണ്. മുഖവും കൈകളും ഒഴിച്ചുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഴുവന്‍ മറയ്ക്കുകയെന്നതാണ് സ്ത്രീകള്‍ക്കുള്ള ശരിയായ വേഷവിധാനം (ഖുര്‍ആന്‍ 24:30,31). വീടുകളില്‍നിന്നും വെളിയിലിറങ്ങി സഞ്ചരിക്കുമ്പോഴും പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമ്പോഴും സ്ത്രീകള്‍ അവരുടെ സൗന്ദര്യാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു (ഖുര്‍ആന്‍ 33:33). അതുപോലെ തന്നെ, ഇരുവര്‍ഗത്തിലും പെട്ടയാളുകള്‍ക്ക് വികാരാവേശങ്ങള്‍ ജനിപ്പിക്കത്തക്കവിധം ശരീരത്തിന്റെ ഭാഗങ്ങള്‍ പ്രത്യക്ഷമാക്കുന്നതിനെയും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു (ഖുര്‍ആന്‍ 24:31)....''10 കുറേക്കൂടെ ശക്തമായ ഭാഷയിലാണ് മിസിസ്. എ. സൈനബ സുല്ലമിയ്യ എഴുതിയിരിക്കുന്നത്: ''സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും പേരില്‍ നിങ്ങള്‍ ഇന്നു ചെയ്തുകൂട്ടുന്ന അസംബന്ധങ്ങള്‍ മൂലം സമുദായത്തിലെ നിങ്ങളുടെ സഹോദരികള്‍ അവരുടെ സാക്ഷാല്‍ സ്വാതന്ത്ര്യവും പുരോഗതിയും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. അല്‍പമൊരു ഭൗതിക വിദ്യാഭ്യാസം സിദ്ധിച്ചപ്പോഴേക്കും നിങ്ങള്‍ക്ക് നിങ്ങളുടെ മതവും വേണ്ട, സംസ്‌കാരവും വേണ്ട, സ്ത്രീത്വവും വേണ്ട, ചാരിത്ര്യവും വേണ്ട എന്ന മട്ടില്‍ താന്തോന്നികളായിത്തീര്‍ന്നിരിക്കുകയാണ് നിങ്ങള്‍. അത്തരം ചാപല്യങ്ങളെല്ലാം കൈവെടിഞ്ഞ് ഇസ്‌ലാമികമായ സംസ്‌കാരത്തിലേക്കും സമ്പ്രദായത്തിലേക്കും മടങ്ങി മതബോധവും ദൈവഭക്തിയും വളര്‍ത്തുകയും അഭിമാനത്തോടും അന്തസോടും കൂടി ജീവിതം നയിക്കുകയും ഇസ്‌ലാമിലെ പര്‍ദാസമ്പ്രദായം പുരോഗതിക്ക് തടസമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുക.''11 വിദ്യാഭ്യാസ വളര്‍ച്ചയും പൊതുരംഗപ്രവേശവും ജോലിയും ലഭ്യമാകുന്നതോടെ ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് 'വിമോചനം' പ്രഖ്യാപിക്കുന്ന സ്ത്രീകളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് ഹലീമാബീവി.
കേരളത്തിലെ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന് അടിത്തറയും പ്രചോദനവുമായി വര്‍ത്തിച്ചത് ഭൗതികവാദികളോ ഫെമിനിസ്റ്റുകളോ അല്ലെന്നും, ഇസ്‌ലാമും നവോത്ഥാന പ്രസ്ഥാനങ്ങളുമാണെന്നും ഈ ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൗതികവാദികളുടെയും ഫെമിനിസ്റ്റുകളുടെയും മറ്റും വിമര്‍ശനങ്ങള്‍ മതമണ്ഡലത്തില്‍ മാറ്റത്തിന്റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന സത്യം വിസ്മരിക്കാവതല്ല. പക്ഷേ, മുന്നേറുംതോറും മതമണ്ഡലത്തില്‍നിന്ന് പുറത്തുകടക്കാനല്ല, ആദര്‍ശാത്മകമായി മതത്തെ പുല്‍കുവാനാണ് മുസ്‌ലിം സ്ത്രീ സമൂഹം സന്നദ്ധരായിട്ടുള്ളതെന്നും, ഓരോ ഘട്ടത്തിലും അവരതില്‍ ജാഗ്രത കാണിച്ചിട്ടുണ്ടെന്നും സ്ത്രീ രചനകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, സന്തുലിത നിലപാടില്‍നിന്ന് മുസ്‌ലിം സ്ത്രീയുടെ വിമോചന ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നുണ്ടോ എന്ന വിശകലനം ഇന്ന് പ്രസക്തമാണ്.
(അവസാനിച്ചു)

1.    ഇസ്‌ലാമിലെ സാമൂഹിക വ്യവസ്ഥിതി, അന്‍സാരി മാസിക, 1954, നവംബര്‍-5.
2.    നവോത്ഥാന പഥത്തില്‍ വനിതകള്‍ പൊരുതണം-ഹലീമാബീവി.
3.    നവോത്ഥാന പഥത്തില്‍ വനിതകള്‍ പൊരുതണം; അല്‍മനാര്‍ 1961 മാര്‍ച്ച് 5, ഉദ്ധരണം - ശബാബ് വാരിക 2005 മാര്‍ച്ച്.
4.    മുസ്‌ലിം സ്ത്രീകള്‍ സാമൂഹിക രംഗത്ത്.
5.    സ്ത്രീത്വം നശിച്ച് അടിമകളാകേണ്ടവരല്ല നമ്മള്‍-മുസ്‌ലിം വനിത, 1113 മിഥുനം, പേജ്: 103-107.
6.    ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥിതി, അന്‍സാരി, 1954, നവംബര്‍ 5.
7.    മുസ്‌ലിം വനിത, 1113 മിഥുനം, 1938 ലെ തിരുവല്ല സമ്മേളനത്തിലെ സ്വാഗത പ്രസംഗം.
8.    ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥിതി, മിസിസ് രാജമ്മ യൂസുഫ്, അന്‍സാരി മാസിക.
9.    ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥിതി-അന്‍സാരി.
10.    അതേ പുസ്തകം.
11.    മുസ്‌ലിം സ്ത്രീകളും പര്‍ദയും, മിസിസ് എ. സൈനബ സുല്ലമിയ്യ, അന്‍സാരി മാസിക.

Comments