Prabodhanm Weekly

Pages

Search

2014 ജനുവരി 03

മുഹമ്മദ് നബി(സ) ഖുര്‍ആനില്‍

ഇ.എന്‍ ഇബ്‌റാഹീം മൗലവി

മുഹമ്മദ്, അര്‍ഥം പോലെതന്നെ പ്രശംസനീയമാണ് ആ നാമം. കൂടുതല്‍ സ്തുതിയോതുന്നവന്‍ എന്ന അര്‍ഥത്തില്‍ അഹ്മദ് എന്നത് ആ മഹാനുഭാവന്റെ തന്നെ മറ്റൊരു നാമമാണ്. തനിക്കു ശേഷം അഹ്മദ് എന്ന പേരില്‍ വരാനിരിക്കുന്നു എന്ന് ഈസാ നബി സുവിശേഷമറിയിച്ച പ്രവാചകന്‍ (ഖുര്‍ആന്‍ 61:6). പൂര്‍വ വേദങ്ങളില്‍ തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടു കാണുന്നുവെന്ന് ഖുര്‍ആന്‍ (7:157) വിശേഷിപ്പിച്ച പ്രവാചകന്‍. ഒരു സമൂഹം മുഴുവന്‍ ജീവനോളം, അല്ല ജീവനേക്കാളധികം സ്‌നേഹിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യുന്ന അദ്വിതീയനായ നായകന്‍. ഉത്തമ സംസ്‌കാരത്തിനുടമയെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച (68:4) മാതൃകാ പുരുഷന്‍. ലോകത്തിനാകമാനം കാരുണ്യമായി നിയുക്തനായവന്‍ (21:107).
ആര്‍ദ്രത, ദയ, സ്‌നേഹം, പരോപകാര തല്‍പരത, ദീനാനുകമ്പ മുതലായ ഉത്തമ സാമൂഹിക ഗുണങ്ങള്‍ ലോകത്തെ പഠിപ്പിക്കുക മാത്രമല്ല, അവക്ക് സ്വന്തം ജീവിതം വഴി മാതൃക കാട്ടുക കൂടി ചെയ്ത മനുഷ്യസ്‌നേഹി. തന്റെ ദൂത് നിരാകരിച്ചും അങ്ങാടിപ്പിേള്ളരെക്കൊണ്ട് കല്ലെറിയിച്ചും കൂക്കി വിളിപ്പിച്ചും തന്നെ ആട്ടിയോടിച്ച ഒരു നാട്ടുകൂട്ടത്തിന് വേണ്ടി, 'നാഥാ ഇവരോട് പൊറുക്കേണമേ, ഇവര്‍ വിവരമില്ലാതെ ചെയ്തുപോയതാണ്' എന്ന് കേണപേക്ഷിച്ച കാരുണ്യമൂര്‍ത്തി.
ഉറുമ്പിന്‍ കൂട്ടത്തെ ചുട്ടുകൊല്ലാനുദ്യമിച്ച സ്വന്തം അനുയായികളുടെ കൈക്ക് പിടിച്ച് 'അരുത്, തീ കൊണ്ട് ശിക്ഷിക്കാന്‍ അധികാരമുള്ളവന്‍ അല്ലാഹു മാത്രം' എന്ന് ശാസിച്ച് അവരെ വിലക്കിയ ദയാലു. കുഞ്ഞുങ്ങളെ കാണാതായ തള്ളപക്ഷിയുടെ നില്‍ക്കാത്ത കരച്ചില്‍ കേട്ട്, അതിന്റെ കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയവരോട് അവയെ അവിടെ തന്നെ കൊണ്ടുപോയി വെക്കാനാജ്ഞാപിച്ച ജീവകാരുണികന്‍.
നദിക്കരയിലിരുന്നായാലും അംഗശുദ്ധി വരുത്തുന്നതിലും മിതത്വം പാലിക്കാന്‍ പഠിപ്പിക്കുക വഴി വെള്ളത്തിന്റെ വില പഠിപ്പിച്ച, അനാവശ്യമായി ഒരു ചെടിച്ചില്ല ഒടിക്കുക പോലുമരുതെന്ന് ഉത്തരവിട്ട പരിസ്ഥിതി പരിരക്ഷകന്‍. അതെ, ലോകത്തിന് മൊത്തം കാരുണ്യമായി നിയുക്തനായവന്‍.
മുഹമ്മദ്. ഈ നാമത്തിനുടമയെ പരിചയപ്പെടണമോ, അദ്ദേഹത്തിന്റെ മഹത്വവൈശിഷ്ട്യങ്ങളറിയണമോ, അതിനുള്ള പ്രഥമാവലംബം ഖുര്‍ആന്‍ തന്നെയാണ്.
ഖുര്‍ആന്‍ പ്രസ്തുത പേര് നാലിടത്ത് പ്രയോഗിച്ചു കാണാം. രണ്ടിടത്ത് അദ്ദേഹത്തിന്റെ സ്ഥാനമാഹാത്മ്യമാണ് എടുത്തു പറയുന്നത്. മുഹമ്മദ് ഒരു ദൂതനാണ്, അല്ലാഹുവിന്റെ ദൂതന്‍ (3:144, 48:29).
പ്രപഞ്ചത്തിന്റെ സര്‍വം സ്രഷ്ടാവ് അല്ലാഹു. അവന്റെ ദൂതന്‍ എന്ന ആ സ്ഥാനത്തിന് എന്തൊരൗന്നത്യം! ഒരു മനുഷ്യന് ലഭിക്കാവുന്നതിലും വെച്ച് അത്യുന്നത സ്ഥാനം. സ്തുത്യര്‍ഹം, അസൂയാര്‍ഹം അല്ലാഹുവിന്റെ ഈ തെരഞ്ഞെടുപ്പ്. അറിഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ്. ദൗത്യം ആരെ ഏല്‍പിക്കണം എന്ന് കൂടുതല്‍ അറിയുന്നവന്‍ അല്ലാഹു തന്നെയാണ് (6:124).
അനാഥനായി പിറന്നവന്‍. ഏത് കുലീന കുടുംബത്തില്‍ പിറന്നവനായാലും അനാഥത്വം അനാഥത്വമാണ്. ഉമ്മ വെക്കാന്‍, താലോലിക്കാന്‍, തലോടാന്‍, വാത്സല്യം പകര്‍ന്നു തരാന്‍ പിതാവില്ലാത്ത അവസ്ഥ. തികഞ്ഞ അരക്ഷിതത്വം തന്നെ. മുഹമ്മദും അതനുഭവിച്ചതാണ്. അവിടെ അല്ലാഹുവിന്റെ പരിരക്ഷ ആ ബാലന് തുണയായി. നിര്‍ധനത, നിര്‍ധനതയുടെ പാട്, അതിന്റെ ചൂടും വേവും. അതനുഭവിച്ചവര്‍ക്കല്ലേ അതറിയൂ. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീഴുന്നവരുണ്ട്. അവര്‍ ഏറിയ കൂറും നിര്‍ധനതയുടെ ചൂടറിയാത്തവരാവും. അതിനാല്‍ തന്നെ അവര്‍ക്ക് പാവങ്ങളോട് ആര്‍ദ്രത കമ്മിയായിരിക്കും.
നിര്‍ധനനായി പിറന്നു വീണ മുഹമ്മദ്. അദ്ദേഹത്തിന്റെ ഒരു പ്രാര്‍ഥന ഇപ്രകാരം ഉദ്ധരിച്ചുവന്നിട്ടുണ്ട്: ''അല്ലാഹുവേ, എന്നെ നിര്‍ധനനായി ജീവിപ്പിക്കേണമേ, നിര്‍ധനനായി മരിപ്പിക്കേണമേ, പുനരജ്ജീവനാനന്തരവും നിര്‍ധനനരുടെ കൂടെ യാത്രയാക്കേണമേ.''
നിര്‍ധനാവസ്ഥയിലും അല്ലാഹുവിന്റെ പരിരക്ഷ. പ്രവാചകത്വ ലബ്ധിക്കു മുമ്പും പിമ്പും തന്റെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നിരുന്നു. പ്രവാചകത്വലബ്ധിക്ക് മുമ്പ് സഹധര്‍മണിയും വര്‍ത്തക പ്രമുഖയുമായ ഖദീജയുടെ വര്‍ധിച്ച സമ്പത്ത് കൈയാളാന്‍ അവസരമുണ്ടായി. ഖദീജ കഴുത്തും കത്തിയും പ്രിയതമന്റെ കൈയില്‍ അറിഞ്ഞുതന്നെയാണ് ഏല്‍പിച്ചത്. അദ്ദേഹത്തിന്റെ പരോപകാര തല്‍പരത, ദീനാനുകമ്പ, ദരിദ്ര ജനസ്‌നേഹം എല്ലാം അറിഞ്ഞും, പയ്യെ പയ്യെ പണം കൈയില്‍ ബാക്കിയാവാതെ വരുമെന്നുള്ള ഉത്തമ ബോധ്യത്തോടെയും. ഖദീജ ഒരിക്കല്‍ പോലും കണക്ക് ചോദിച്ചില്ല. മുഖം കറുപ്പിച്ചില്ല. മുറുമുറുത്തില്ല. പ്രിയതമന്റെ ഇഷ്ടം തന്റെയും ഇഷ്ടം. പ്രവാചകത്വ ലബ്ധിക്ക് ശേഷമാണ് സമ്പത്ത് പറ്റെ തീര്‍ന്നുപോയത്. എല്ലാം പുതിയ പ്രസ്ഥാനത്തിനു വേണ്ടി നീക്കിവെക്കുകയായിരുന്നു ആ മഹതി. അതും തന്റെ സര്‍വസ്വമായ പ്രിയതമന്റെ കൈയാല്‍ തന്നെ. മുഹമ്മദും ഖദീജയും കേവലം ഭാര്യാഭര്‍ത്താക്കളായാണോ ജീവിച്ചത്? ആരാണ് ഭര്‍ത്താവ്? ഭരിക്കുന്നവന്‍, യജമാനന്‍! ഭാര്യയോ? ഭരിക്കപ്പെടുന്നവള്‍, ഭൃത്യ! അവര്‍ ഇരുവരും ഭാര്യയും ഭര്‍ത്താവുമായിരുന്നില്ല. ഇണകളായിരുന്നു. പരസ്പരം തുണയായി ജീവിച്ചവര്‍. മരണശേഷവും വേര്‍പിരിയാത്തവര്‍. അതുകൊണ്ടാണല്ലോ പ്രവാചക പ്തനി ആഇശ(റ) ഒരിക്കല്‍ പറഞ്ഞത്: ''പ്രവാചകന്‍ ഖദീജയെ വല്ലാതെ അനുസ്മരിക്കുമായിരുന്നു. അതുകാരണം, പ്രവാചകന്റെ മറ്റു പത്‌നിമാരോടില്ലാത്ത ഒരു ഈര്‍ഷ്യത ഖദീജയോട് എനിക്ക് പ്രത്യേകം അനുഭവപ്പെട്ടിരുന്നു.''
നിരക്ഷരന്‍. അനാഥനും നിര്‍ധനനുമായ ഒരു ബാലന്‍ എങ്ങനെ അക്ഷരവിദ്യ നേടും, സമൂഹം തന്നെ മൊത്തം നിരക്ഷരരായിരിക്കെ വിശേഷിച്ചും? മക്കയില്‍ അക്ഷരമറിയുന്നവര്‍ വിരലിലെണ്ണാന്‍ മാത്രം. പള്ളിക്കൂടമില്ല. കുട്ടികളെ എഴുത്തിനിരുത്തുന്ന ശീലമില്ല. സമൂഹത്തെ അത് സംബന്ധിച്ച് ബോധവത്കരിക്കാന്‍ പോന്ന പൊതുസംവിധാനമില്ല. ഭരണകൂടമില്ല. ഒരു ഗോത്രമൂപ്പന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ഗോത്രക്കൂട്ടം. അവര്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള പ്രധാന വിഷയം യുദ്ധവും യുദ്ധാനന്തര സംഗതികളും. തങ്ങളുടെ താല്‍പര്യത്തിനൊത്ത് മാസങ്ങളുടെ ഗണിതം വരെ അവര്‍ മാറ്റിമറിച്ചുകളയും. അത്തരം തമസ്സാര്‍ന്ന ഒരു സാമൂഹികാന്തരീക്ഷത്തില്‍ അനാഥനും നിര്‍ധനനുമായ ബാലന് ചെയ്യാവുന്ന വേല എന്താവും? ഇടയ ജോലി! നാട്ടിലെ വല്ല സമ്പന്നരുടെയും ആടുകളെ മേയ്ക്കുക. അത്രതന്നെ.
അങ്ങനെയാണ് മുഹമ്മദ് എന്ന അനാഥ നിര്‍ധന ബാലന്‍ ഖുറൈശീ ആഢ്യന്മാരില്‍ ആരുടെയോ ആടുകളെ മേയ്ക്കുന്ന അജപാലനായിത്തീര്‍ന്നത്.
അജപാലനം - അതൊരു പരിശീലന കളരിയാണ്. പ്രവാചകന്മാര്‍ ഏറെക്കുറെ ആടുമേയ്ക്കല്‍ തൊഴിലായി സ്വീകരിച്ചിരുന്നു. പ്രവാചക പൂര്‍വഘട്ടത്തിലായിരിക്കും പലപ്പോഴുമത്. അബ്രഹാം (ഇബ്‌റാഹീം) പ്രവാചകന്റെ കാലി സമ്പത്ത് സംബന്ധിച്ച് ബൈബിളില്‍ പറയുന്നുണ്ട്. അദ്ദേഹം കന്നുകുട്ടിയെ അറുത്ത് ചുട്ട് അതിഥികള്‍ക്ക് കാഴ്ചവെച്ചത് ഖുര്‍ആനും (11:69, 51:26) പറയുന്നു. യേശുവിനെപ്പറ്റിയുള്ള ബൈബിള്‍ പരാമര്‍ശത്തിലും ഇത് കാണാം.  ഇസ്രയേലിലെ കാണാതെ പോയ കുഞ്ഞാടുകളെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. ഖുറൈശി പ്രമുഖരിലാരുടെയോ ആട് മേച്ചിരുന്നു താനെന്ന് മുഹമ്മദ് നബി തന്നെ അനുസ്മരിക്കുന്നുണ്ട്. ഈ അജപാലനം അദ്ദേഹത്തിന് പണം സ്വരൂപിക്കാനുള്ള വേല എന്നതിലേറെ ഭാവി ജീവിതത്തിലെ ജനപാലന പരിശീലനം കൂടിയായിരുന്നു.
ഒരര്‍ഥത്തില്‍ ആടു പ്രകൃതിയാണ് മനുഷ്യന്. രണ്ടാടുകള്‍ കൂടിയാല്‍ രണ്ടു വഴിക്കാവും തിരിയുക. രണ്ടിനെയും കൂട്ടിയടുപ്പിച്ച് ഒരേ വഴിയെ തെളിക്കുക ദുഷ്‌കരമാണ്. എന്തിന്റെയും തല കടിക്കാന്‍ മിടുക്കരും. മനുഷ്യന്റെ കഥയും മറിച്ചല്ല. ആട് വായ ഉപയോഗിക്കുമ്പോള്‍ മനുഷ്യന്‍ തല ഉപയോഗിക്കുന്നു എന്നു മാത്രം.
മൂന്നാമതൊരിടത്ത് മുഹമ്മദ് എന്ന പേര് പറഞ്ഞിരിക്കുന്നത് 33-ാം അധ്യായത്തിലെ 40-ാം സൂക്തത്തിലാണ്. ''മുഹമ്മദ് ഒരു പുരുഷന്റെയും പിതാവായിരുന്നില്ല.'' ഖുര്‍ആന്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത് എന്തിനാവും? ആചാരങ്ങള്‍, വ്യക്തിതലത്തിലുള്ളതായാലും സാമൂഹികമായുള്ളതായാലും, ചിലത് തകര്‍ത്തെറിഞ്ഞേ പറ്റൂ. മനുഷ്യന്റെ വ്യക്തിത്വവും കുടുംബ വിശുദ്ധിയും ഏതു കാലത്തും ഏതു വ്യക്തിയെ സംബന്ധിച്ചേടത്തോളവും പ്രശ്‌നം തന്നെയാണ്. തനിമയെ തള്ളിപ്പറയാന്‍ മാന്യതയുള്ളവരാരും തയാറാവുകയില്ല. അതിനാല്‍ തന്നെ, കടത്തിക്കൊണ്ടുവരാനും യഥാര്‍ഥത്തില്‍ ഉള്ളത് പുറംതള്ളാനും മാന്യതയുള്ളവര്‍ സമ്മതിക്കുകയില്ല.
മാന്യതക്കും വേണ്ടതുണ്ട് ചില അതിര്‍ വരമ്പുകള്‍. മാന്യത യാഥാര്‍ഥ്യ നിഷ്ഠമായിരിക്കണം. അല്ലാഞ്ഞാല്‍ അതും ചില വികടങ്ങള്‍ വരുത്തിവെക്കാം, വ്യക്തിക്കും സമൂഹത്തിനും. അതുവഴി ചിലര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടാം. അന്യായം അവകാശമായും വരും. അതു രണ്ടും ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഖുര്‍ആന്‍ മുഹമ്മദിന്റെ പേര് പറഞ്ഞുകൊണ്ടുതന്നെ അതിന് തടയിട്ടു. കാരണം ആ മനുഷ്യസ്‌നേഹി വളര്‍ത്തിക്കൊണ്ടുവന്ന ഒരു ചെറുപ്പക്കാരനെ-സൈദിനെ- മുഹമ്മദിന്റെ മകന്‍ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ദത്തു പുത്രന്‍ എന്നാണല്ലോ നമ്മള്‍ മലയാളികള്‍ പോലും അത്തരം ആളുകളെ വിളിക്കാറുള്ളത്.
വിശുദ്ധ ഖുര്‍ആനില്‍ നാലാമതായി ആ പേര് വരുന്നത് 'മുഹമ്മദില്‍ വിശ്വസിച്ചവര്‍' എന്ന പ്രയോഗത്തിലാണ് (47:2). അതില്‍ മുസ്‌ലിം സമൂഹത്തിന്റെ എല്ലാം അടങ്ങിയിട്ടുണ്ട്. മുഹമ്മദിനെ വിശ്വസിച്ചവരും നിഷേധിച്ചവരും അങ്ങനെ രണ്ടു തരക്കാരാണ് മനുഷ്യര്‍. ഓരോ വിഭാഗവും എവിടെ നില്‍ക്കുന്നു എന്നാണ് ആ പരാമര്‍ശം വഴി ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.
1. ദൂതന്‍: പറഞ്ഞയച്ച കാര്യം പറയേണ്ടവരോട് ചെന്ന് പറയുന്നവനാണ് ദൂതന്‍. മുഹമ്മദ് മനുഷ്യകുലത്തിലേക്ക് മൊത്തമായി നിയുക്തനായ, ദൈവത്തിന്റെ ദൂതനാണ്. ''പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമായി നിയുക്തനായ അല്ലാഹുവിന്റെ ദൂതന്‍'' (7:158). ഖുര്‍ആന്‍ രണ്ടിടത്ത് അദ്ദേഹത്തെ റസൂല്‍ (ദൂതന്‍) എന്ന് സംബോധന ചെയ്യുന്നുണ്ട് (5:41,67). നിഷേധികളുടെ കുടിലതകളോര്‍ത്ത് ആകുല ചിത്തനാവേണ്ടതില്ലെന്ന സമാശ്വാസമാണ് ഒരിടത്തെങ്കില്‍, ദൗത്യനിര്‍വഹണം സധീരം ആര്‍ജവത്തോടെ തുടര്‍ന്നുകൊള്ളാനുള്ള പ്രചോദനമാണ് രണ്ടാമത്തേതില്‍.
2. പ്രവാചകന്‍: വിസ്തരിച്ച് പറയുന്നവന്‍, വാഗ്മി, ദീര്‍ഘദര്‍ശി എന്നൊക്കെയാണ് പ്രവാചകന്‍ എന്ന മലയാള പദത്തിനര്‍ഥം. പ്രവാചകം എന്നതിന് ദിവ്യദൃഷ്ടിയാല്‍ കണ്ടുപറയുന്ന കാര്യം എന്നും അര്‍ഥമാണ്. പ്രവാചകന്‍ എന്നതിന് നബിയ്യ് എന്നും പ്രവാചകത്വം എന്നതിന് നുബുവ്വത്ത് എന്നുമാണ് പ്രയോഗം.
എന്നാല്‍, നബിയ്യ് എന്നതിന്റെ അടിസ്ഥാന പദത്തെച്ചൊല്ലി ഭാഷാ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. അത് നബഅ് എന്നാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ നബ്‌വത് എന്നാണെന്നത്രെ മറ്റൊരു മതം. നബ്‌വത് എന്നതിന് ഉയര്‍ന്നു നില്‍ക്കുക എന്ന ഒരര്‍ഥം കൂടിയുണ്ട്. നബഅ് എന്നാവുമ്പോള്‍ വിവരം ലഭിക്കുക എന്നോ, പറയുക എന്നോ ഒക്കെയാണ് അര്‍ഥം. നബീഅ് എന്നാവുമ്പോള്‍ ആള്‍ സത്യവാദിയാവണമെന്നില്ലെന്നും പണ്ഡിതന്മാര്‍ക്കഭിപ്രായമുണ്ട്. നബീഅ് എന്ന സംബോധനയെ മുഹമ്മദ്(സ) തള്ളിയതായും ഉദ്ധരിച്ചുവന്നിട്ടുണ്ട്. ''ഞാന്‍ നബീഉല്ലാഹിയല്ല, നബിയ്യുല്ലാഹിയാണ്'' എന്നാണ് ആ വാചകം. 13 സ്ഥലത്താണ് ഖുര്‍ആന്‍ പ്രവാചകനെ നബി എന്ന് സംബോധന ചെയ്തിട്ടുള്ളത് (8:64,65,70, 9:73, 33:1,28,45,50,59, 60:12, 65:1,66:1,9).
ദിവ്യസന്ദേശത്തിന് വഹ്‌യ് എന്നാണ് സാങ്കേതികമായി പറയുന്നത്.വഹ്‌യ് എന്ന പദത്തിന് ധ്രുതഗതിയിലുള്ള അറിയിപ്പ് അല്ലെങ്കില്‍ സൂചന എന്നൊക്കെ അര്‍ഥം പറയാം. അത് ആംഗ്യഭാഷയിലാവാം, വാച്യമാവാം,ഉള്‍വിളി അഥവാ തോന്നലാവാം, സ്വപ്നമാവാം, അശരീരിയാവാം, എഴുത്തുമൂലമാവാം. ഇപ്പറഞ്ഞ എല്ലാ അര്‍ഥങ്ങളിലും ഖുര്‍ആന്‍ വഹ്‌യ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. പ്രവാചകന് മാലാഖ വഴി ദൈവത്തില്‍ നിന്ന് ലഭിക്കുന്ന സന്ദേശമാണ് പ്രഥമ പ്രയോഗത്തില്‍ വഹ്‌യ് എന്ന് പറയുമ്പോള്‍ വിവക്ഷ. ഖുര്‍ആന്‍ ആ ഇനത്തിലാണുള്‍പ്പെടുന്നത്.
3. സുവിശേഷകന്‍. ബശീര്‍ എന്നാണ് ഖുര്‍ആന്‍ മുഹമ്മദി(സ)നെക്കുറിച്ച് മൂന്നിടത്ത് പ്രയോഗിച്ചിരിക്കുന്നത് (2:119, 34:28, 35:24). നാലിടത്ത് മുബശ്ശിര്‍ എന്നും പ്രയോഗിച്ചിട്ടുണ്ട് (17:105, 25:56, 33:45,48:8).
4. താക്കീതുകാരന്‍. നദീര്‍ എന്നാണ് താക്കീതുകാരന്‍ എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്ന ഒരു പദം. മുന്‍ദിര്‍ എന്നും പ്രയോഗിച്ചിട്ടുണ്ട്. ഏഴിടത്ത് നദീര്‍ (2:119, 17:105,25:56, 33:45, 34:28,35:24,48:8) എന്നും നാലിടത്ത് മുന്‍ദിര്‍ (13:7,38:4, 65,50:2,79:45) എന്നും പ്രയോഗിച്ചത് കാണാം. മറ്റു പ്രവാചകന്മാരെക്കൂടി ഉള്‍ക്കൊള്ളുംവിധം മുന്‍ദിറൂന്‍ എന്ന ബഹുവചനപദം എട്ടിടങ്ങളിലും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
നിശ്ചിത വഴിയേ ജീവിത നൗക തുഴഞ്ഞില്ലെങ്കില്‍ ഇഹപരജീവിതങ്ങളില്‍ രണ്ടിടത്തും വന്നുഭവിക്കാവുന്ന നേട്ടകോട്ടങ്ങള്‍ മേല്‍ പറഞ്ഞ സുവിശേഷ-താക്കീതുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പരമപ്രധാനം പരലോകത്തിനാണ് കല്‍പിച്ചരുളുന്നത്. അതിന് കാരണം ഇഹം താല്‍ക്കാലികവും നശ്വരവുമാണ്; പരം പ്രധാനവും സ്ഥായിയുമാണ് എന്നതാണ്.
5. ദിവ്യപ്രോക്ത വചനങ്ങള്‍ പാരായണം ചെയ്തു കേള്‍ക്കുന്നയാള്‍. വചന പാരായണം മുഹമ്മദി(സ)ന്റെ ബാധ്യതയായി ഏഴിടത്ത് ഖുര്‍ആന്‍ പറയുന്നുണ്ട് (2:129,151, 3:164, 28:59, 62:2, 65:11, 98:2). തനിക്ക് ലഭിച്ച സന്ദേശം ഓതിക്കേള്‍പ്പിക്കാന്‍ ആറിടത്ത് (5:27, 7:175, 10:71, 18:27, 26:69, 29:45) അദ്ദേഹത്തോട് ആജ്ഞാപിക്കുന്നുണ്ട്.
(തുടരും)

Comments