Prabodhanm Weekly

Pages

Search

2014 ജനുവരി 03

മുസ്‌ലിം സംഘടനകളും കേരളീയ സമൂഹവും

മുഹമ്മദ് സാക്കിര്‍

പ്രബോധനം പ്രസിദ്ധീകരിച്ച 'എന്താകണം  മുസ്‌ലിം സംഘടനകളുടെ വരുംകാലങ്ങളിലേക്കുള്ള മാനിഫെസ്റ്റോ' എന്ന കവര്‍‌സ്റ്റോറി വായനക്കാര്‍ക്കിടയില്‍ സജീവ ചര്‍ച്ചക്ക് (ലക്കം 2828) വിധേയമാകേണ്ടതാണ്. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ സംഘടനകള്‍ ഉള്‍ക്കൊള്ളണമെന്നാണ് പ്രസ്തുത ലേഖനങ്ങള്‍ സൂചിപ്പിക്കുന്നത്.
സംഘടനാ പ്രവര്‍ത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തെ നിരീക്ഷിച്ചാല്‍ മതി. കുറ്റകൃത്യങ്ങള്‍ മുന്‍കാലത്തില്ലാത്തവിധമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പിക്കാനുള്ള ശ്രമം എവിടെ നിന്നുമുണ്ടാകുന്നില്ല. പരിഹാരം പോയിട്ട് വ്യക്തമായ നിര്‍ദേശങ്ങള്‍പോലും ആര്‍ക്കും സമൂഹത്തിന് മുന്നില്‍ വെക്കാനാകുന്നില്ല. കുറ്റ കൃത്യങ്ങള്‍ ധാര്‍മിക നിയമങ്ങളുടെ കടയക്ക് കത്തിവച്ച് വന്‍മരങ്ങളെപ്പോലും വീഴ്ത്തുമ്പോള്‍ നിസ്സഹായരായി പോകുന്നു നാം. ഏലീാലൃേശരമഹ ജൃീഴൃലശൈീി െല്‍ ആണ് തിന്മയുടെ വര്‍ധനവ്.  ഓരോ വര്‍ഷവും 1, 2, 3, 4 എന്നീ ക്രമത്തിലല്ല മറിച്ച് 1, 2, 4, 8 ഈ രീതിയിലാണ് തിന്മകള്‍ പെരുകുന്നത്. ഈ കുതിച്ചു ചാട്ടത്തെ പ്രതിരോധിക്കാന്‍ വ്യക്തമായ ഇടപെടലുകള്‍ ആവശ്യമാണ്. സര്‍ക്കാറിനും പോലീസിനും കോടതിക്കും പ്രതികളെ ശിക്ഷിക്കാന്‍ മാത്രമാണ് കഴിയുക. സംസ്‌കരിക്കുക എന്നത് അവരുടെ നിഘണ്ടുവിലില്ല. പൊതുസമൂഹത്തിനും ആ ഉത്തരവാദിത്വമില്ല. കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് 28 ശതമാനം മുസ്‌ലിംകളാണ്. ആരും കൊതിച്ചുപോകുന്ന ചെറുപ്പക്കാരാല്‍ സമ്പന്നമായ ഈ മനുഷ്യ വിഭവശേഷിയെ ഇപ്പോള്‍ സാമൂഹിക ജീര്‍ണതകള്‍ കാര്‍ന്നു തിന്നുക്കൊണ്ടിരിക്കുന്നത് വേദനയോടെ നാം കാണുന്നു. സംഘടനകള്‍ അവരുടെ അംഗങ്ങളെ ഈ ജീര്‍ണതയില്‍നിന്നും രക്ഷിച്ചിട്ടുണ്ടാകാം. എന്നാല്‍ സമുദായത്തെയോ സമൂഹത്തെയോ ഇത് കടന്നാക്രമിക്കുമ്പോള്‍ സംഘടനകള്‍ നിസ്സഹായമായിത്തീരുന്നു. സംഘടനകള്‍ തങ്ങള്‍ക്കു ചുറ്റും വൃത്തങ്ങള്‍ വരച്ച് അവക്കുള്ളിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രശസ്ത ചിന്തകന്‍ സ്റ്റീവന്‍ കോവേ പറയുന്നു: ''പ്രശ്‌നത്തിന്റെ പരിഹാരം നില്‍ക്കുന്നത് പ്രശ്‌നത്തിന്റെ വൃത്തത്തിന് വെളിയിലാണ്.'' ഇത് വളരെ അര്‍ഥവത്താണ് സംഘടനയുടെ കാര്യത്തില്‍. സംഘടനകളുടെ ഉത്തരവാദിത്തം അവയുടെ പ്രവര്‍ത്തകര്‍ക്കിടയിലോ സമുദായത്തിന്റെ ഏതെങ്കിലും ഓരത്തോ ആയി പരിമിതപ്പെട്ടുകൂടാ. നമ്മുടെ ബാധ്യത സമുദായത്തോട് എന്നതിലുപരി സമൂഹത്തോടായി മാറണം. സമൂഹം ദുഷിക്കുമ്പോള്‍ സമുദായത്തെ അതില്‍നിന്ന് പൂര്‍ണമായി ഒഴിച്ചു നിറുത്തുക അസാധ്യമാണ്. അതിനാല്‍ സമൂഹത്തെ സംസ്‌കരിക്കേണ്ട ബാധ്യത കൂടി നാം ഏറ്റെടുക്കേണ്ടതുണ്ട്. സാമൂഹിക നന്മക്കുവേണ്ടി ഗുണകാംക്ഷയോടെയും നിഷ്‌ക്കാമമായും പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഇവിടെ നമ്മുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള എന്‍.ജി.ഒകളുമായി ചേര്‍ന്നുനിന്ന് സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണം.
മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് പ്രഗത്ഭരായ അധ്യാപകരും എഴുത്തുകാരും ശാസ്ത്രജ്ഞരും സാങ്കേതിക പരിജ്ഞാനികളും വളരെ കുറഞ്ഞ തോതിലേ സമൂഹത്തിന്റെ പൊതുമണ്ഡലത്തിലേക്ക് ഉയര്‍ന്ന് വരുന്നുള്ളൂ. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പൊതുവിഷയങ്ങളുടെ ചര്‍ച്ചാവേദികളില്‍ മേല്‍പറഞ്ഞവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയണം. ഇതിനുപകരം ഇസ്‌ലാമിനെ വികലമായി അവതരിപ്പിക്കുന്നു എന്നതിന്റെ പേരില്‍ രണ്ട് അധ്യാപകര്‍ക്കാണ് ഈ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഘടനകള്‍ക്കുള്ളില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ ഒരുഘട്ടം കഴിഞ്ഞാല്‍ അതില്‍നിന്ന് അടര്‍ത്തിയെടുത്ത് 'എൃലല ഘമിരലൃ െആയി പൊതുരംഗത്ത് നില്‍ക്കാന്‍ അനുവദിച്ചാല്‍ പൊതുവേദികളില്‍ നിരന്തരം അവരെ കാണാന്‍ സാധിക്കും. ബഹുഭാഷാ പണ്ഡിതരും പരന്ന വിജ്ഞാനത്തിന്റെ ഉടമകളും പ്രഗത്ഭ പ്രഭാഷകരുമായിട്ടുപോലും സമദാനിയെയും ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെയും പോലുള്ളവര്‍, തങ്ങളെ സ്വയം പരിമിതപ്പെടുത്തിയതുകൊണ്ടാണ് പൊതുവേദികളില്‍ സജീവമായി കാണപ്പെടാത്തത്.
ഓരോ സംഘടനയിലും വിദ്യാഭ്യാസം, സംസ്‌കാരികം, വ്യാവസായികം, കാര്‍ഷികം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ നിപുണരായവരുടെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെടണം. സമൂഹത്തിന് മൊത്തം ഗുണകരമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് കാഴ്ചവെക്കാന്‍ സാധിക്കും.
നമ്മുടെ സ്ത്രീകളുടെ കാര്യം നോക്കൂ. പര്‍ദ വഴി അവര്‍ സുരക്ഷിതത്വവും മതപരിവേഷവും നേടിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അവരുടെ വസ്ത്രം മതചിഹ്‌നമായി മാത്രം ചുരുങ്ങിയിരിക്കുകയാണ്. സാമൂഹിക സേവനത്തില്‍ അവര്‍ തിളങ്ങുന്ന അധ്യായങ്ങള്‍ രചിച്ചിരുന്നുവെങ്കില്‍ ആ വസ്ത്രം മതചിഹ്‌നം മാത്രമല്ല, സേവനത്തിന്റെയും മുദ്രയായി മാറിയേനേ. മദര്‍ തെരേസയുടെ  വസ്ത്രം പോലെ. ഇതര സ്ത്രീകളെ അപേക്ഷിച്ച് ഇസ്‌ലാമിക വേഷത്തിലൂടെ ലഭിച്ച സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി പൊതുമണ്ഡലത്തിലേക്ക് കടന്നുവരികയാണ് വേണ്ടത്. ഖുര്‍ആന്‍ ക്ലാസുകളില്‍ ധാരാളമായി കാണപ്പെടുന്ന സ്ത്രീകള്‍ അവിടെനിന്ന് ലഭിക്കുന്ന അറിവ് സമൂഹത്തിലേക്ക് വിനിമയം ചെയ്യുന്നതില്‍ വൈമുഖ്യം കാണിക്കുകയാണ്. ജനസംഖ്യയില്‍ പകുതിയിലധികമുള്ള ഈ വിഭാഗം അവര്‍ക്കൊഴിവുള്ള സമയങ്ങളില്‍ സാമൂഹിക രംഗത്തേക്ക് വന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എത്രയോ ശോഭനമായേനേ. അവരെ അതിനു സജ്ജമാക്കുന്നതില്‍ സംഘടനകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയും.
സംഘടനകള്‍ തമ്മില്‍ സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാടേ പരാജയപ്പെട്ടിരിക്കുകയാണ്. മുസ്‌ലിം സൗഹൃദവേദിയില്‍ ഗള്‍ഫാര്‍ മുഹമ്മദലിക്കൊപ്പം ജോയിന്റ് കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നു ഈയുള്ളവനും. സമുദായത്തിന്റെ ഐക്യശ്രമങ്ങളെ സംബന്ധിച്ച് ഉന്നത തലങ്ങളില്‍ തീരുമാനമെടുക്കുന്നത് പ്രയാസമായിരുന്നില്ല. പക്ഷേ, ആ തീരുമാനങ്ങള്‍ അണികളിലേക്കെത്തിക്കുന്നതില്‍ ഭൂരിപക്ഷം സംഘടനകളും വൈമുഖ്യം കാണിച്ചു. യോഗങ്ങള്‍ക്കായി ചെലവഴിച്ച വിലപ്പെട്ട സമയവും ഊര്‍ജവും പാഴാകുവിധം സംഘടനകള്‍ തമ്മില്‍ ചെളി വാരി എറിയല്‍ നിരന്തരം തുടര്‍ന്നു. ഏതാനും പെരുന്നാള്‍ ദിനങ്ങള്‍ ഏകീകരിക്കാന്‍ കഴിഞ്ഞതിനപ്പുറം കാര്യമായി ഒരു മേഖലയിലും സഹകരണം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍നിന്ന് ഒരു കാര്യം മനസ്സിലായി. യോജിപ്പിക്കാനുള്ള ശ്രമം തുടങ്ങേണ്ടത് സംഘടനകള്‍ക്കകത്തല്ല. മറിച്ച്, സംഘടനകളിലെ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലാണ് സൗഹൃദം വളര്‍ത്തിയെടുക്കേണ്ടത്. വ്യക്തിബന്ധങ്ങളിലൂടെ മാത്രമേ വെറുപ്പും വിദ്വേഷവും മാറ്റിയെടുക്കുവാന്‍ കഴിയൂ. വ്യക്തിബന്ധങ്ങള്‍ വലിയ തടസ്സം കൂടാതെ വളര്‍ത്തുവാന്‍ എളുപ്പമാണ്. ചെറിയ ചെറിയ ഇടപെടലുകളിലൂടെ അത് വളര്‍ത്തിയെടുക്കാന്‍ സാധ്യമായത് ചെയ്യുക എന്നതാണ് സംഘടനകളുടെ ഉത്തരവാദിത്തം.
ക്രമേണ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സമുദായത്തിന്റെ ശക്തിയും സമ്പത്തും പുരോഗമനാത്മകമായ മേഖലകളില്‍ വിനിമയം ചെയ്യുകയും അതുവഴി മുഖ്യധാരയില്‍ നിലകൊള്ളുകയുമാണ് ചെയ്യേണ്ടത്. ഐക്യം ലക്ഷ്യമല്ല. സഹകരണത്തിലൂടെ ഉടലെടുക്കുന്ന നൈസര്‍ഗികതയാണ് ഐക്യം.
കേരളീയ മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയില്‍ മത-സംഘടനകള്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരുപരിധി വരെ എല്ലാ വിഭാഗങ്ങളില്‍നിന്നും ദൂരീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. നിശിതമായ വിമര്‍ശനവും, പരിഹാസവുമില്ലായിരുന്നെങ്കില്‍ ഈ മാറ്റം എളുപ്പത്തില്‍ പൂര്‍ണതയിലേക്ക് വരുമായിരുന്നു. അതുകൊണ്ട് തന്നെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നതില്‍ സംശയമില്ല. അവസാനമായി എടുത്തുപറയാനുള്ളത് ഇതാണ്:
1. സമുദായം എന്നതിനപ്പുറം സമൂഹത്തെക്കൂടി ബാധ്യതയായി ഏറ്റെടുക്കുക.
2. എന്‍.ജി.ഒ കളുമായി ചേര്‍ന്നുനിന്നുകൊണ്ട് സാമൂഹിക തിന്മകള്‍ക്കെതിരെ പോരാട്ടവും ബോധവല്‍ക്കരണവും നടത്തുക.
3. പൊതു ഇടം സൃഷ്ടിച്ചുകൊണ്ട് മുസ്‌ലിം പ്രതിഭകളെ മുന്നോട്ടേക്ക് കൊണ്ടുവരിക.
4. സ്ത്രീകളെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ സജ്ജമാക്കുക.
5. വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിംകളുടെ ആവറേജ്  ഉയര്‍ത്താന്‍ കൂട്ടായ ശ്രമം നടത്തുക.
6. മഹല്ലുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തി സാമൂഹിക വിരുദ്ധരെ സംസ്‌കരിക്കാന്‍ നിരന്തരശ്രമം നടത്തുക.

Comments