Prabodhanm Weekly

Pages

Search

2014 ജനുവരി 03

2013 കരുതിവെപ്പിന്റെ വര്‍ഷം

സി. ദാവൂദ്

ലി ലാറൈദ് എന്ന അലി അല്‍ അറയ്യിദിനെ പരിചയപ്പെടാം. തുനീഷ്യന്‍ നഗരമായ മദനൈനില്‍ 1955 ജൂലൈ 19-ന് ജനനം. മാരിടൈം എഞ്ചിനീയറിംഗില്‍ ബിരുദ ധാരി. 1981 മുതല്‍ 1990 വരെ തുനീഷ്യന്‍ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദയുടെ ഔദ്യോഗിക വക്താവ്. അതിനിടയില്‍ പല തവണ അറസ്റ്റ് ചെയ്യപ്പെടുകയും വിട്ടയക്കപ്പെടുകയും ചെയ്തു. സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് 1990-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അറയ്യിദ് 2004 വരെ തടവറക്കുള്ളിലായിരുന്നു. ഇതില്‍ 10 വര്‍ഷക്കാലം ഏകാന്ത തടവില്‍. അതിക്രൂരമായ പീഡാമുറകളിലൂടെ ഈ കാലയളവില്‍ അറയ്യിദ് കടന്നു പോയി. അദ്ദേഹത്തിന്റെ ശരീരത്തില്‍ എച്ച്.ഐ.വി വൈറസുകള്‍ കുത്തിവെക്കാനുള്ള ശ്രമം പോലുമുണ്ടായി. അകത്തുള്ള അറയ്യിദിനെ മാത്രമല്ല പുറത്തുള്ള ഭാര്യയെയും കുടുംബത്തെയും ഭരണകൂടം പീഡിപ്പിച്ചു. ഭാര്യ വിദാദിനെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ വിടാതെ പിന്തുടര്‍ന്ന് പീഡിപ്പിച്ചു. ഒരിക്കല്‍ അവരെ നഗ്നയാക്കി നിര്‍ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഈ രംഗങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പല തവണ വീട്ടുകാരെ അറിയിച്ചു. കൊടുംപീഡനത്തിന്റെ കറുത്ത നാളുകളിലെപ്പോഴോ മെഡിക്കല്‍ ടെക്‌നീഷ്യനായ വിദാദ് വിഷാദ രോഗത്തിനടിപ്പെട്ടു.
2011 ഡിസംബര്‍ 20. അന്നാണ് അലി അല്‍ അറയ്യിദ് തുനീഷ്യന്‍ ആഭ്യന്തരകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അറബ് വസന്ത വിപ്ലവത്തെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച അന്നഹ്ദയുടെ പ്രതിനിധിയായാണ് പ്രധാനമന്ത്രി ഹമാദി ജബാലിയുടെ കീഴിലുള്ള മന്ത്രിസഭയില്‍ അദ്ദേഹം അംഗമാവുന്നത്.  ഞരമ്പുകള്‍ കോച്ചിപ്പോവുന്ന പീഡനമുറകളിലൂടെ താന്‍ കടന്നു പോയ 'അവ്‌രീല്‍ 09' എന്ന ജയിലിന്റെ നിയന്ത്രണം ഇപ്പോള്‍ അറയ്യിദിന്റെ വകുപ്പിന് കീഴിലാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ നീല്‍ മാക്ഫര്‍ക്വാറിന് നല്‍കിയ അഭിമുഖത്തില്‍ (ജനുവരി 25, 2013) അദ്ദേഹം ആ കാലത്തെ ഓര്‍ത്തെടുക്കുന്നുണ്ട്. 'രോഗം കൊണ്ടും വിശപ്പു കൊണ്ടും കുഴഞ്ഞുപോയ പല രാത്രികള്‍. തടവറയുടെ ഇരുമ്പ് വാതിലില്‍ ആഞ്ഞുമുട്ടുകയല്ലാതെ നിവൃത്തിയില്ല. രാത്രി മുഴുവന്‍ മുട്ടിയാലും ആരും തിരിഞ്ഞു നോക്കില്ല. അവരൊന്നും തരില്ല. ഇനി, വല്ലപ്പോഴും വല്ലതും തരുന്നുണ്ടെങ്കില്‍ അത് എലിയോ കൂറയോ ആയിരിക്കും...'
ആഭ്യന്തര മന്ത്രിയായ അല്‍ അറയ്യിദ് 2013 മാര്‍ച്ച് 14 മുതല്‍ ആ രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ്. അല്‍ അറയ്യിദ് വലിയൊരു പ്രതീകമാണ്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കടന്നുപോയ കരാളമായ നാളുകളുടെ പ്രതീകം. ചരിത്രത്തെ ശരിക്കും പിരിയന്‍ ഗോവണിയാക്കിക്കൊണ്ടുള്ള അവയുടെ തിരിച്ചുവരവിന്റെ പ്രതീകം. 2012 രാഷ്ട്രീയ ഇസ്‌ലാമിന്റെ വര്‍ഷമാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടതിന് കാരണമുണ്ടായിരുന്നു. അറബ് വസന്തത്തെത്തുടര്‍ന്ന് അറബ് നാടുകളിലെങ്ങും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. തുനീഷ്യയില്‍ അന്നഹ്ദയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നു. 2011 നവംബര്‍ 29-ന് അയല്‍പക്കത്തുള്ള മൊറോക്കോയില്‍ ഇസ്‌ലാമിസ്റ്റ് കക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് തൊട്ടുടനെയാണ് ഇത് സംഭവിക്കുന്നത്. ഈജിപ്തിലാകട്ടെ, മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി രാജ്യത്തിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്യുന്നു (2012 ജൂണ്‍ 30). ഭ്രാന്തന്‍ സ്വേഛാധിപതിയായ മുഅമ്മര്‍ ഖദ്ദാഫിയെ മറിച്ചിട്ട ജനകീയ വിപ്ലവത്തിന് ശേഷം ലിബിയയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ കക്ഷിയായ ജസ്റ്റിസ് ആന്റ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവുമില്ലാതിരുന്ന പാര്‍ട്ടി ലിബിയന്‍ ഭരണകൂടത്തിലെ തന്നെ അനിഷേധ്യ ശക്തിയായി വളര്‍ന്നു. ഈജിപ്തിലെ അനുകൂല സാഹചര്യങ്ങള്‍ ഫലസ്ത്വീനിലെ ഹമാസിനെയും കൂടുതല്‍ കരുത്തുറ്റതാക്കി. തുര്‍ക്കിയിലാകട്ടെ, ഇസ്‌ലാമിസ്റ്റ് അനുകൂല എ.കെ.പി ഭരണകൂടം കൂടുതല്‍ ജനകീയമാവുകയും സാര്‍വദേശീയ രാഷ്ട്രീയത്തിലെ പുത്തന്‍ ശക്തിയായി വളര്‍ന്നു വരികയും ചെയ്തു കൊണ്ടിരുന്നു. 2012 ഇസ്‌ലാമിസ്റ്റുകളുടെ വര്‍ഷമാണെന്ന വിശകലനം നടത്തുന്നവര്‍ക്ക് ആവശ്യത്തിന് ന്യായങ്ങളുണ്ടായിരുന്നു എന്നര്‍ഥം.
എന്നാല്‍, രാഷ്ട്രീയ ഇസ്‌ലാമിന്റെ 2012-ലെ ഈ കുതിപ്പിന് ഗതിവേഗം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, തിരിച്ചടികള്‍ കൂടി നല്‍കുന്നതായിരുന്നു 2013. മുസ്‌ലിം ലോകത്തിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കയ്‌റോവില്‍ നിന്നായിരുന്നു വാര്‍ത്തകള്‍ ഏറ്റവുമധികം വന്നു കൊണ്ടിരുന്നത്. നൈലിന്റെ തീരങ്ങളില്‍ അശാന്തി പടര്‍ന്നു. തഹ്‌രീര്‍ സ്‌ക്വയര്‍ മുര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായി മാറി. ഇടതുപക്ഷവും മുബാറക് അനുകൂലികളും സെക്യുലറിസ്റ്റുകളും സൈനിക ജനറല്‍മാരും സലഫികളുമെല്ലാം ചേര്‍ന്നുള്ള ഒരു അധോമുന്നണി എന്തെല്ലാമോ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ 2013 ജൂലൈ 3-ന് മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ടുള്ള സൈനിക പ്രഖ്യാപനം വന്നു. അന്നു തൊട്ട് മുര്‍സി സൈന്യത്തിന്റെ അജ്ഞാതമായ ഏതോ തടവറയില്‍ കഴിയുകയാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍നിര നേതാക്കള്‍ മുഴുക്കെ വിവിധ തടവറകളില്‍ കഴിയുന്നു. ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സൈന്യത്തിന്റെ വെടിയുണ്ടയേറ്റ് രക്തസാക്ഷികളായി. പതിനായിരങ്ങള്‍ തടവറകളിലായി. മുര്‍സി പുറത്താക്കപ്പെട്ടതോടെ, ഫലസ്ത്വീനിലെ ഗസ്സയാണ് അതിന്റെ വേദന ഏറ്റവും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഗസ്സക്ക് മേലുള്ള ഉപരോധം കര്‍ക്കശമാക്കുന്നതില്‍ ഇസ്രയേലിനെക്കാള്‍ വാശിയോടെ ഈജിപ്തിലെ സൈനിക ഭരണകൂടം പെരുമാറി. ആ നാട്ടിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് തുരങ്കങ്ങള്‍ തകര്‍ക്കപ്പെട്ടു. വെള്ളവും വെളിച്ചവും മരുന്നും യാത്രാ സൗകര്യങ്ങളുമൊന്നുമില്ലാതെ ഗസ്സ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒറ്റപ്പെടലിലൂടെ കടന്നുപോവുകയാണ് ഇതെഴുതുമ്പോള്‍. തുനീഷ്യയിലാവട്ടെ, ഈജിപ്ത് മോഡല്‍ പ്രതിപക്ഷ മുന്നണി അന്നഹ്ദ ഭരണകൂടത്തെ നിരന്തരം സമ്മര്‍ദത്തിലാക്കിക്കൊണ്ടിരുന്നു. നിരന്തരമായ പണിമുടക്കുകളും സമരങ്ങളും കൊണ്ട് രാജ്യത്ത് അശാന്തി പടര്‍ത്തി. ഒടുവില്‍ ഇതെഴുതുമ്പോള്‍ അലി അല്‍ അറയ്യിദ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ച് അലി ജുമുഅ എന്ന സ്വതന്ത്രനെ പ്രധാനമന്ത്രിയാക്കാം എന്ന കരാറില്‍ ഭരണകൂടവും പ്രതിപക്ഷ സഖ്യവും ധാരണയിലെത്തിയിരിക്കുകയാണ്. പുതിയ ഭരണഘടന രൂപപ്പെടുന്ന മുറക്ക് താല്‍ക്കാലിക സര്‍ക്കാറിന് അധികാരം കൈമാറും. തുര്‍ക്കിയിലും ഇസ്തംബൂള്‍ നഗരം കേന്ദ്രീകരിച്ച്, മറ്റൊരു തഹ്‌രീര്‍ സ്‌ക്വയര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു. അറബ് വസന്ത വിപ്ലവങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് രൂപപ്പെട്ട സിറിയന്‍ പ്രക്ഷോഭമാവട്ടെ, ഗതിവേഗം കുറഞ്ഞ്, പലപ്പോഴും ദിശ നഷ്ടപ്പെട്ട് വഴിയില്‍ ഉലയുന്നു. ലക്ഷങ്ങള്‍ കൊല്ലപ്പെടുകയോ അഭയാര്‍ഥികളാവുകയോ ചെയ്തുവെന്നല്ലാതെ, എടുത്തു പറയത്തക്ക മുന്നേറ്റമുണ്ടാക്കാന്‍ സിറിയന്‍ പ്രക്ഷോഭത്തിന് സാധിച്ചില്ല. ചുരുക്കത്തില്‍, 2012 ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചിരുന്നതെങ്കില്‍ 2013 തിരിച്ചടികളുടെ വര്‍ഷമായിരുന്നു.
'രാഷ്ട്രീയ ഇസ്‌ലാം പരാജയപ്പെട്ടുവെന്ന വാദത്തിന്റെ യാഥാര്‍ഥ്യങ്ങള്‍' എന്ന തലക്കെട്ടില്‍ റാശിദുല്‍ ഗനൂശിയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെയും ഭരണകൂട ഭീകരതയുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ലേഖനം പുറത്തുവരുന്നത്. അറുപത് വര്‍ഷത്തെ ബ്രദര്‍ഹുഡിന്റെ ചരിത്രത്തില്‍ മൊത്തം കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ജൂലൈ മൂന്നിന്റെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രദര്‍ഹുഡിന്റെ ചരിത്രത്തില്‍ മൊത്തം തടങ്കലിലാക്കപ്പെട്ടതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ സീസി അധികാരത്തിലേറിയതിന് ശേഷം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതിസന്ധിയിലൂടെയാണ് ഈജിപ്തിലെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം കടന്നുപോവുന്നത് എന്ന സത്യം ഗനൂശി അംഗീകരിക്കുന്നു. അതേ സമയം, മുമ്പ് ബ്രദര്‍ഹുഡിനെ വേട്ടയാടിയ ജമാല്‍ അബ്ദുന്നാസറിനും ഇപ്പോഴത്തെ പട്ടാള തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കും ഇടയില്‍ ചില വ്യത്യാസങ്ങളുണ്ട്. ഫലസ്ത്വീന്‍ വിമോചനം, അറബ് ഏകീകരണം, സോഷ്യലിസം, ദേശസാത്കരണം, ചേരിചേരാ നയം തുടങ്ങിയ പുരോഗമനപരവും ജനകീയവുമായ ഒട്ടനവധി പദ്ധതികള്‍ക്കിടയിലാണ് അബ്ദുന്നാസര്‍ ഭരണകൂടം ഇഖ്‌വാനെ വേട്ടയാടിയത്. എന്നാല്‍, സീസിയാവട്ടെ ഇഖ്‌വാന്‍ വേട്ട എന്ന ഏക അജണ്ടയിലാണ് ഊന്നുന്നത്. അറബ് സമൂഹങ്ങളുടെ ഏറ്റവും വൈകാരിക വിഷയമായ ഫലസ്ത്വീന്‍ വിമോചനത്തിന്റെ കാര്യത്തില്‍ പോലും ജനകീയമായ നിലപാടെടുക്കാന്‍ സീസിക്ക് കഴിയുന്നില്ല. ഹമാസുമായി ഗുഢാലോചന നടത്തിയെന്ന കേസ് മുര്‍സിക്കെതിരെ ചുമത്തിയതും ഗസ്സയിലേക്കുള്ള വഴികളും തുരങ്കങ്ങളും തകര്‍ത്തതും ഇതിന്റെ ഭാഗമാണ്. ആ അര്‍ഥത്തില്‍ ഒരു 'കൂട്ട ആത്മഹത്യ'യിലക്കാണ് സീസിയും ഇടത്, മതേതര സഖ്യ കക്ഷികളും പോകുന്നതെന്ന് ഗനൂശി നിരീക്ഷിക്കുന്നു. മറുവശത്ത്, ജനാധിപത്യം, ബാലറ്റ് ബോക്‌സ്, മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ പുരോഗമന മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും അതിന് വേണ്ടി രക്തസാക്ഷികളാവാനും സാധിക്കുന്നുവെന്നത് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ധാര്‍മികവും നൈതികവുമായ മേല്‍ക്കൈ നല്‍കുന്നു. ഏറ്റവും കടുത്ത പ്രതിസന്ധികളുടെ ഘട്ടത്തിലും രാഷ്ട്രീയമായും ധാര്‍മികമായും ശരിയുടെ പക്ഷത്ത് ശക്തിയോടെ നിലനില്‍ക്കാന്‍ കഴിയുന്നുവെന്നതാണ് ഇസ്‌ലാമിസ്റ്റുകളുടെ വിജയം. ഈ അജണ്ടയില്‍ സാര്‍വദേശീയമായ പുതിയൊരു ഐക്യദാര്‍ഢ്യ നിര രൂപപ്പെടുത്താന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍, ധാര്‍മികമായും രാഷ്ട്രീയമായും ശരിയെ കണ്ടെത്തുകയും അതിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച് നിലനില്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് പരാജയം സംഭവിക്കുക സാധ്യമല്ലെന്നാണ് ഗനൂശിയുടെ നിഗമനം.
തങ്ങളുടെ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അവസരമൊരുക്കിയ വര്‍ഷം കൂടിയായിരുന്നു 2013.  പുരോഗമനവാദികളെന്നും ലിബറലുകളെന്നും അവകാശപ്പെടുന്നവര്‍ എത്രത്തോളം അതല്ല എന്ന് അവര്‍ക്ക് കൃത്യമായും തിരിച്ചറിയാന്‍ അവസരമൊരുക്കിയ വര്‍ഷം. തങ്ങള്‍ക്ക് അനുകൂലമാവുമ്പോള്‍ മാത്രം നിലനില്‍ക്കാനുള്ളതാണ് ജനാധിപത്യവും തെരഞ്ഞെടുപ്പുമെന്ന് ഇടതുപക്ഷവും ലിബറലുകളും തെളിയിച്ച വര്‍ഷമായിരുന്നു അത്. അതിനാല്‍ പുതിയ അനുഭവങ്ങളും പാഠങ്ങളും കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സമ്പന്നമായ വര്‍ഷം കൂടിയാണ് 2013.
പശ്ചിമേഷ്യയില്‍ അല്‍സീസിയും സംഘവും നടത്തുന്ന അതേ ഇസ്‌ലാമിസ്റ്റ്‌വിരുദ്ധ കുരിശു യുദ്ധം നമ്മുടെ അയല്‍പക്കത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ബംഗ്ലാദേശിലെ ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് ഭരണകൂടം. അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട അവര്‍, ജമാഅത്തെ ഇസ്‌ലാമിയെ കരുവാക്കിക്കൊണ്ട് രാജ്യത്തെ നെടുകെ പിളര്‍ത്തിയിരിക്കുകയാണ്. ദക്ഷിണേഷ്യയിലെ ജമാഅത്തെ ഇസ്‌ലാമി ഘടകങ്ങളില്‍ ഏറ്റവും ജനകീയമായ ഘടകമാണ് ബംഗ്ലാദേശിലേത്. തൃണമൂല തലത്തില്‍ അതിനുള്ള സ്വാധീനവും നെറ്റ്‌വര്‍ക്കും രാജ്യത്തെ ലിബറല്‍ മതേതരവാദികളെ അസ്വസ്ഥമാക്കിയിരുന്നു. അതിനാലാണ് 1971-ലെ ദുരൂഹമായ കേസുകള്‍ പൊടിതട്ടിയെടുത്ത് രാജ്യത്ത് പുതിയ മുറിവുകളുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. 1971-ലെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ജമാഅത്തിനെ വിചാരണ ചെയ്യാനും അതിന്റെ നേതാക്കളെ തൂക്കിലേറ്റാനും അവാമി ലീഗിനൊപ്പം തോള്‍ ചേര്‍ന്നിരിക്കുന്നത് ഇടതുപക്ഷ കക്ഷികളാണ്. 1971-ലെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ജമാഅത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഇടതുനിലപാട് എല്ലാ കാര്യത്തിലും സ്വീകരിക്കുകയാണെങ്കില്‍ 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് വിട്ടു നിന്നതിന്റെ പേരില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പേരിലും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടിവരുമെന്നതാണ് സത്യം.
അറബ് നാടുകളിലെ ജനാധിപത്യത്തിന്റെ വളര്‍ച്ച മിലിറ്റന്റ് ഇസ്‌ലാമിന്റെ തകര്‍ച്ചയുടെ കൂടി നാന്ദിയാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. അതായത്, ജനാധിപത്യവും പൗരാവകാശവും അഭിപ്രായ/വിശ്വാസ സ്വാതന്ത്ര്യവും പുലരുന്ന ഒരു ലോകത്ത് അല്‍ഖാഇദ മോഡല്‍ ഇസ്‌ലാമിന് പ്രസക്തിയുണ്ടാവില്ല എന്നതായിരുന്നു ആ നിരീക്ഷണത്തിന്റെ അടിസ്ഥാനം. എന്നാല്‍, ജനാധിപത്യാവകാശങ്ങള്‍ അനുഭവിക്കാന്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവകാശമില്ലെന്ന പരമ്പരാഗത ഇടതു/പുരോഗമന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്ന സംഭവങ്ങളാണ് മുസ്‌ലിം ലോകത്ത് കൂടുതലും ഉണ്ടായത്. അതിനാല്‍ തന്നെ, അല്‍ഖാഇദയുടെയും തീവ്രസലഫി ഗ്രൂപ്പുകളുടെയും നിലപാടുകള്‍ നിരാശരായ മുസ്‌ലിം ചെറുപ്പക്കാരില്‍ സ്വാധീനം നേടാനുള്ള സാധ്യത കൂടുതലാണ്. ഇതാകട്ടെ, മുഖ്യധാര ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
അധികാരത്തിന്റെയും രാഷ്ട്രീയ അംഗീകാരത്തിന്റെയും ഘട്ടത്തിലും ത്യജിക്കാനും സമര്‍പ്പിക്കാനും സമരം ചെയ്യാനുമുള്ള ശേഷി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിച്ചുവെന്നതാണ് 2013-ന്റെ പ്രസക്തി. പ്രക്ഷോഭ രംഗത്ത് സ്വന്തം മകളെ രക്തസാക്ഷിയായി നല്‍കിയ മുഹമ്മദ് ബെല്‍താജിയുടെയും, വെടിയേറ്റുവീണ സ്വന്തം മകന്റെ മയ്യിത്ത് കാണാന്‍ പോലും കഴിയാതെ ജയിലറയിലേക്ക് പോയ ഇഖ്‌വാന്‍ അധ്യക്ഷന്‍ മുഹമ്മദ് ബദീഇന്റെയും ത്യാഗ മാതൃകകള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് നല്‍കുന്ന ധാര്‍മികോര്‍ജം ചില്ലറയല്ല. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കൊലക്കയറിലേക്ക് നടന്നു കയറിയ ബംഗ്ലാദേശിലെ അബ്ദുല്‍ ഖാദിര്‍ മുല്ലയും ഭാവി ഇസ്‌ലാമിസ്റ്റ് മുന്നേറ്റത്തിന് വന്‍ ഊര്‍ജമാണ് സമ്മാനിക്കുന്നത്. സമരങ്ങളും ത്യാഗങ്ങളും കുറ്റിയറ്റ് പോയിട്ടില്ല എന്നതിനെക്കാള്‍ പ്രസാദാത്മകമായ മറ്റെന്ത് സന്ദേശമാണുള്ളത്? ഈ ധാര്‍മികോര്‍ജത്തെ ഭാവിയിലേക്കുള്ള കരുതിവെപ്പാക്കാന്‍ സാധിച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരിക തന്നെ ചെയ്യും.

Comments