Prabodhanm Weekly

Pages

Search

2014 ജനുവരി 03

മനുഷ്യര്‍ മൂന്ന് തരക്കാര്‍

പി.പി അബ്ദുര്‍റസാഖ്

വിശുദ്ധ ഖുര്‍ആനിന്റെ ഏതു ഭാഗത്തുകൂടെ കടന്നു പോകുമ്പോഴും, മനുഷ്യന്റെ ജീവിത പരിസ്ഥിതിയുടെ ഒരു ചീന്ത് വചന രൂപത്തില്‍ വരച്ചിട്ട അനുഭൂതിയാണ് അത് അനുവാചകനില്‍ ഉണ്ടാക്കുന്നത്. താന്‍ ജീവിക്കുന്ന പ്രകൃതിയുടെ പരിഛേദം ആണ് അവന്‍ അവിടെ  കാണുന്നത്. പ്രകൃതിയില്‍ മരങ്ങളും, മലകളും മൊട്ടക്കുന്നുകളും വെള്ളവും വെളിച്ചവും വെഞ്ചാമരവും കാടും കടലും കായലുകളും കല്ലും പുല്ലും പൂക്കളും അനേക കോടി ജീവജാലങ്ങളും ഒക്കെ കൂടി വാരിവലിച്ചിട്ട പോലെ, അതിന്നിടയില്‍  അത്ഭുതം കൂറുവാനും ആഴത്തില്‍ ചിന്തിക്കാനുമായി വേറിട്ട സ്വത്വമായി മനുഷ്യനെയും ചേര്‍ത്തുവെച്ച് പ്രത്യക്ഷത്തില്‍ അവ്യവസ്ഥാപിതമെന്നു അത് തോന്നിപ്പിക്കുന്നു. പ്രകൃതിയുടെ പരിഛേദം  എന്ന പോലെ ഖുര്‍ആനും അങ്ങനെ തന്നെയാണ്. മനുഷ്യനെ അവന്റെ ജീവിത പരിസരത്തിന്റെ സാകല്യത്തില്‍നിന്നാണ് അത് നോക്കിക്കാണുന്നത്.  അവിടെ നാം മനുഷ്യ െന കാണുന്നത് മണ്ണിന്നും വിണ്ണിന്നും ഇടയില്‍, അവന്റെ തന്നെ ഭൂത വര്‍ത്തമാന ഭാവി അവസ്ഥകള്‍ക്ക് നടുവില്‍, മഞ്ഞിലും മഴയിലും വെയിലിലും ഇഴുകിച്ചേര്‍ന്ന്  ഭൂമിയുടെ ഉര്‍വരവും ഊഷരവുമായ ഭിന്ന അവസ്ഥാന്തരങ്ങളോട് പൊരുത്തപ്പെട്ടു മരങ്ങളുടെയും മലകളുടെയും  പക്ഷികളുടെയും പറവകളുടെയും, കടലിലും കരയിലും ജീവിക്കുന്ന അനേക കോടി ജീവജാലങ്ങളുടെയും ഇടയില്‍ ജീവസന്ധാരണം നടത്തുന്ന ഒരു വ്യതിരിക്ത  സ്വത്വത്തിന്റെ ഉടമയെയാണ്. ഖുര്‍ആന്‍ നമ്മുടെ കൈകുമ്പിളിലെ സാന്മാര്‍ഗിക വചന പ്രപഞ്ചമാകുന്നതു ഇവിടെയാണ്.  പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ഖുര്‍ആനിക സൂക്തങ്ങളെയും ഖുര്‍ആന്‍ 'ആയത്ത്' എന്ന ഒരേ പദാവലികൊണ്ട് നിരന്തരം വിശേഷിപ്പിച്ചതും ഇതേ വസ്തുതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
ചിരപരിചിതമായതുകൊണ്ടും നിത്യജീവിതത്തിന്റെ ഭാഗമായതുകൊണ്ടും അവയൊന്നും ശ്രദ്ധിക്കാതെ മനുഷ്യരിലേറെ പേരും അതിന്റെ ഉപരിതലത്തിലൂടെ നടന്നുപോകുന്നു.  ആഴത്തിലിറങ്ങി ചിന്തിക്കുന്നവര്‍ക്ക് ഒരായിരം ഇതളുകളുള്ള അത്ഭുതങ്ങളുടെ പെരുമഴയായി ഓരോ പ്രകൃതി പ്രതിഭാസവും ഖുര്‍ആനിക സൂക്തവും    മനസ്സുകളില്‍ വര്‍ഷിച്ചു  അവരുടെ മനസ്സുകളെ പ്രഫുല്ലവസന്തമാക്കുന്നു. പ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ച വിഭവങ്ങളെ (ആയത്തുകള്‍) അല്ലാഹു തന്നെ നല്‍കിയ ബുദ്ധി കൊണ്ട് പ്രയോജനപ്പെടുത്തുന്ന മനുഷ്യനോട്, ഇതേ സമീപനം എന്തുകൊണ്ട് സാന്മാര്‍ഗിക രംഗത്തും പുലര്‍ത്തുന്നില്ല എന്ന വളരെ പ്രസക്തമായ ചോദ്യമാണ് വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തുന്നത്. ''ഈ ജനത്തിന്നൊരു ദൃഷ്ടാന്തമത്രെ (ആയത്) നിര്‍ജീവമായ ഭൂമി.  നാം അതിനെ സജീവമാക്കുകയും അതില്‍നിന്ന് ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു.  ഇവര്‍ അതാഹരിക്കുന്നു.  അതില്‍ നാം ഈന്തപ്പനയുടെയും മുന്തിരിയുടെയും ധാരാളം തോപ്പുകളുണ്ടാക്കുകയും അതിലെത്രയോ ഉറവകള്‍ പ്രവഹിപ്പിക്കുകയും ചെയ്തു.  ഇവര്‍ അതിന്റെ ഫലം ഭുജിക്കാന്‍. ഇതൊന്നും അവര്‍ സ്വകരങ്ങളാല്‍ സൃഷ്ടിച്ചിട്ടുള്ളതല്ലല്ലോ?  എന്നിരിക്കെ ഇവര്‍ നന്ദി കാണിക്കാത്തതെന്ത്?  ഭൂമിയില്‍ മുളക്കുന്ന സസ്യങ്ങളിലാവട്ടെ ഇവരുടെ വര്‍ഗത്തിലാവട്ടെ ഇവര്‍ക്കറിഞ്ഞുകൂടാത്ത  മറ്റനേകം വസ്തുക്കളിലാകട്ടെ, എല്ലായിനങ്ങളിലും ഇണകളെ സൃഷ്ടിച്ചവനായ അസ്തിത്വം എത്രയും പരിശുദ്ധനാകുന്നു'' (36:33-36).
വീണ്ടും പറയുന്നത് കാണുക: ''അവര്‍ കാണുന്നില്ലയോ, നമ്മുടെ മാത്രം ശക്തിയാല്‍ നാം അവര്‍ക്ക് കാലികളെ സൃഷ്ടിച്ചു കൊടുത്തത്? ഇപ്പോഴവര്‍ അവക്കുടമസ്ഥരാണല്ലോ?  നാമവയെ ഈ വിധം ഇവര്‍ക്ക് മെരുക്കി  കൊടുത്തു.  അവയില്‍  അവരുടെ വാഹനമാകുന്നു.  ചിലതിനെ അവര്‍ ഭക്ഷിക്കുന്നു. അവര്‍ക്കവയില്‍ വിവിധ പ്രയോജനങ്ങളും പാനീയങ്ങളുമുണ്ട്.  എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലെന്നോ? ഇതെല്ലാമുണ്ടായിട്ടും അവര്‍ അല്ലാഹുവിനെ കൂടാതെയുള്ള ശക്തികളെ (അവരുടെ സാന്മാര്‍ഗിക രംഗത്ത്) അനുസരിക്കപ്പെടേണ്ടവരായും ആരാധിക്കപ്പെടേണ്ടവരായും  സ്വീകരിച്ചു കളഞ്ഞു.  തങ്ങള്‍ തുണക്കപ്പെടുമെന്നാണിവരുടെ പ്രതീക്ഷ.  മറിച്ച് ഈ ജനമോ അവര്‍ക്ക് വേണ്ടിയുള്ള ഭടന്മാരായി ഒരുങ്ങി നില്‍ക്കുകയാണ്.  ഇവരുടെ വര്‍ത്തമാനങ്ങളൊന്നും താങ്കളെ കുണ്ഠിതപ്പെടുത്തേണ്ട. ഇവരുടെ രഹസ്യവും പരസ്യവുമായ വര്‍ത്തമാനങ്ങളൊക്കെ നാം അറിയുന്നുണ്ട്''( 36:71-76).
ഖുര്‍ആന്‍ ഇവിടെ പേരെടുത്തു പറഞ്ഞ വിഭവങ്ങള്‍ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തും ഇപ്പോഴും മനുഷ്യര്‍ അവരുടെ ജീവസന്ധാരണത്തിന്നു ഉപയോഗിക്കുന്നവയായിരുന്നു.  ആധുനിക മനുഷ്യനാവട്ടെ, ഭൂമിയിലും പ്രകൃതിയിലും അല്ലാഹു നിക്ഷേപിച്ച മറ്റുപല വിഭവങ്ങളും കൂടി ഉപയോഗപ്പെടുത്തിയാണ് അവന്റെ നാഗരികമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നത്.  ആലോചിച്ചു നോക്കുക.  ചെമ്പും ഇരുമ്പും നിക്കലും ക്രോമിയവുമൊന്നും ഏതെങ്കിലും മനുഷ്യരോ മനുഷ്യക്കൂട്ടായ്മയോ ഉണ്ടാക്കിയതല്ല.  ഭൂമിയില്‍ ഏറ്റവും വിരളമായി മാത്രം കാണാവുന്ന ആല്‍കലയ്ന്‍ ലോഹങ്ങള്‍  വരെ കണ്ടെത്തിയും കുഴിച്ചെടുത്തും മനുഷ്യന്‍ അവന്റെ എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നത്! അന്തരീക്ഷത്തിലെ വായുവില്‍നിന്നു യഥേഷ്ടം നൈട്രജനെയും ഓക്‌സിജനെയും വേര്‍പ്പെടുത്തി അതിനെ  വാതക രൂപത്തിലും ദ്രാവക രൂപത്തിലും സംഭരിച്ച് വ്യാവസായികവും മറ്റുമായ ആവശ്യങ്ങള്‍ക്ക് മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നു. അറിഞ്ഞേടത്തോളം 118 മൂലകങ്ങളാല്‍ നിര്‍മിതമായ ഈ പ്രപഞ്ചത്തിലെ എല്ലാ മൂലകങ്ങളും ഒറ്റക്കായും സംയോജിപ്പിച്ചും മനുഷ്യന്‍ അവന്റെ ഉപജീവനത്തിനു ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.   വെറുതെയല്ല ഭൂമിയിലുള്ള സകലതും മനുഷ്യന്റെ പ്രയോജനത്തിനുവേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് (2:29).
യുക്തിയോടും പ്രത്യേക ലക്ഷ്യത്തോടും കൂടി അല്ലാഹു സൃഷ്ടിച്ച ഈ ലോകത്ത് പാഴ് വസ്തുക്കള്‍ ഉണ്ടാവുക അസംഭവ്യമാണ്. എന്തിനേറെ പറയുന്നു,  ശല്ലാക്ക് (മലയാളത്തില്‍ കോലരക്ക് എന്ന് ഇതിനു  പറയുന്നു) എന്ന രാസവസ്തുവായി കെറിയാ ലാക്ക എന്ന ഷഡ്പദത്തിന്റെ വിസര്‍ജ്യത്തെ  പോലും മനുഷ്യന്‍ പോളിഷും  വാര്‍ണീഷുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.  ഉപയുക്തത കണ്ടെത്തുന്നതിന് നാം പരാജയപ്പെടുമ്പോള്‍ സൃഷ്ടിലോകത്ത് നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത വസ്തുക്കളെ നാം പാഴ്‌വസ്തു എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ്, എണ്ണയുണ്ടായിരുന്ന ഭൂപ്രദേശങ്ങള്‍ 16,17 നൂറ്റാണ്ടുകളിലും അതിനുമുമ്പും പാഴ്ഭൂമിയായി ഗണിക്കപ്പെട്ടത്.   ഇങ്ങനെയെല്ലാം അല്ലാഹു സംവിധാനിച്ച പ്രകൃതിയെ തന്റെ നാഗരികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന മനുഷ്യനു അതേ സമീപനം തന്നെ തനിക്കു നല്‍കപ്പെട്ട സ്വാതന്ത്ര്യവും ബുദ്ധിയും ഉപയോഗിച്ച് സാന്മാര്‍ഗികമേഖലയിലും നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളത്?  പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നിടത്തെ ഇതേ സമീപനം സാന്മാര്‍ഗിക മേഖലകളിലാവുമ്പോള്‍  മാത്രം പിന്തിരിപ്പനാകുന്നതെങ്ങനെയാണ്? ഖുര്‍ആന്‍ ഉയര്‍ത്തുന്ന ഈ ചോദ്യത്തിനു യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ ദൈവികേതര മാര്‍ഗങ്ങളെ  ആശ്രയിക്കുന്ന മനുഷ്യനു സാധ്യമല്ലെന്നതാണ് വസ്തുത. ഇതൊക്കെ മനുഷ്യന്, അവന്‍ വെറുതെ ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും,  ഉള്ളാലെ അവന്റെ ആത്മാവില്‍ തന്നെ ബോധ്യമുള്ള സംഗതികളാണെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് ( 75: 14,15). കാരണം, അവന്‍ അധര്‍മത്തിന്റെ മാര്‍ഗത്തിലൂടെ മുന്നോട്ടു ഗമിക്കാന്‍ ഉദ്ദേശിക്കുന്നു (ഖുര്‍ആന്‍ 75:5).  അതുകൊണ്ട് കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍  അതിന്റെ പ്രാരംഭ അധ്യായത്തില്‍ (അല്‍ഫാതിഹ) തന്നെ മനുഷ്യചരിത്രത്തെ ആറ്റിക്കുറുക്കി മൂന്നായി വിഭജിച്ചത്. ആ വിഭജനത്തില്‍ ഖുര്‍ആന്‍ പുലര്‍ത്തിയ ക്രമമാകട്ടെ, സ്വീകാര്യവും അസ്വീകാര്യവുമായ വ്യത്യസ്ത ജീവിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും വികസിപ്പിച്ചെടുക്കുന്നതിലും ഉണ്ടായ ചരിത്രപരമായ ക്രമാനുഗതികത്ത്വത്തെ കുറിക്കുന്നു.   

ഇവരാണ് ആ മൂന്ന് മാര്‍ഗങ്ങള്‍ പിന്തുടരുന്നവര്‍:
1. ദൈവിക സാന്മാര്‍ഗിക ദര്‍ശനം കൊണ്ട് അനുഗൃഹീതരായവര്‍. ഇവര്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവിക സാന്മാര്‍ഗിക ദര്‍ശനത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് അറിവും ബോധവും ഉള്ളവരും, അങ്ങനെ ലഭിച്ച സാന്മാര്‍ഗിക ദര്‍ശനത്തില്‍ വിശ്വസിച്ച് തദനുസാരം തങ്ങളുടെ ജീവിതത്തെ അതിന്റെ സാകല്യത്തിലും വിശദാംശങ്ങളിലും ചിട്ടപ്പെടുത്തുന്നവരുമാണ്. മനുഷ്യചരിത്രത്തിന്റെ സമാരംഭം മുതലേ മനുഷ്യനു ലഭ്യമായിരുന്ന ഏക സാന്മാര്‍ഗിക ദര്‍ശനം ഇതായിരുന്നു.  മനുഷ്യ ചരിത്രത്തിന്റെ മുഴുവന്‍ ദശാ സന്ധിയിലും അവന്‍ സ്വീകരിച്ചാലും തിരസ്‌കരിച്ചാലും അവനോടൊപ്പം ഉണ്ടായിരുന്ന ഏക സാന്മാര്‍ഗിക ദര്‍ശനവും ഇതു തന്നെയായിരുന്നു. ഒരു ജനതതിയും ഈ സാന്മാര്‍ഗിക ദര്‍ശനം ലഭിക്കാത്തവരായി ഉണ്ടായിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.  വിശ്വാസത്തിനും  കര്‍മത്തിനുമിടയില്‍ ഒരുതരത്തിലുള്ള  വിടവും സൃഷ്ടിക്കാത്ത ദര്‍ശനമാണിത്. വിശ്വാസം ഇതില്‍ വിത്തും കര്‍മം, നിഴല്‍ വിരിക്കുന്നതും നിത്യ മധുര ഫലദായകവുമായ വടവൃക്ഷവുമാണ്.  ആഗ്രഹാഭിലാഷങ്ങള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വിശ്വാസത്തെയും കര്‍മത്തെയും രൂപപ്പെടുത്തുന്നവരല്ല ഇവര്‍.    മറിച്ച്, തങ്ങളുടെ വിശ്വാസത്തിനനുസരിച്ചു ആഗ്രഹാഭിലാഷങ്ങളെയും കര്‍മത്തെയും രൂപപ്പെടുത്തുന്നവരാണ്. ദൈവം തൃപ്തിപ്പെട്ടവരും ദൈവത്തെ തൃപ്തിപ്പെട്ടവരുമായവരുടെ  സംഘമാണിത് (98:8). നിരവധി പ്രവാചകന്മാരെ അനുസ്മരിച്ച ശേഷം വിശുദ്ധ ഖുര്‍ആന്‍ ഉപസംഹരിക്കുന്നതിങ്ങനെയാണ്: ''ആദം സന്തതികളില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായ പ്രവാചകന്മാരാകുന്നു അവര്‍'' (19: 58).
ഇങ്ങനെയൊരു വിഭാഗം, പലപ്പോഴും അവര്‍ക്ക് തദനുസാരമുള്ള ഒരു സാമൂഹിക രാഷ്ട്രീയ ഘടനക്ക് രൂപം നല്‍കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ പോലും, എന്നും എപ്പോഴും മനുഷ്യ ചരിത്രത്തോടൊപ്പം ഉണ്ടായിരുന്നു.
2. ദൈവകോപത്തിനു പാത്രീഭൂതരാവുന്ന വഴി മുടക്കികള്‍. ദൈവിക സാന്മാര്‍ഗിക ദര്‍ശനത്തില്‍നിന്ന് ബോധപൂര്‍വമോ അല്ലാതെയോ ഉള്ള വ്യതിചലനത്തിലൂടെയാണ് ഇത് ആദ്യം രൂപംകൊള്ളുന്നത്. ഭൗതികമായ നിക്ഷിപ്ത താല്‍പര്യങ്ങളും ആര്‍ത്തിയുമാണ് ഇതിന്റെ പിന്നിലെ പ്രേരകങ്ങള്‍. അതില്‍ കാപട്യവും കൂടി ചേരുമ്പോള്‍ ഈ വിഭാഗത്തിന്റെ ചിത്രം പൂര്‍ത്തിയാവുന്നു. നേരത്തെ ഉദ്ധരിച്ച ദൈവിക സാന്മാര്‍ഗിക ദര്‍ശനം കൊണ്ട് അനുഗൃഹീതരായ സത്യസുകൃത സംഘത്തെ കുറിച്ച് പറഞ്ഞ  സൂക്തത്തിനു തൊട്ടുടനെ വിശുദ്ധ ഖുര്‍ആന്‍  പറയുന്നത് കാണുക: ''ആ സച്ചരിതരായ പ്രവാചകര്‍ക്കു ശേഷം പിഴച്ച പിന്‍ഗാമികളുണ്ടായി. അവര്‍ നമസ്‌കാരം പാഴാക്കി,  ദേഹേഛകളെ പിന്‍പറ്റി'' (16:59).  ഇത് മനുഷ്യരുടെ സ്വഭാവ രീതികള്‍ വെച്ചുനോക്കുമ്പോള്‍ അസ്വാഭാവികമല്ലെന്നു നമുക്ക് എളുപ്പത്തില്‍ മനസ്സിലാവും. ദൃശ്യ-ശ്രാവ്യ രൂപങ്ങളിലും അച്ചടിയിലൂടെയുമൊക്കെയായി സംരക്ഷിച്ച് വെക്കാനുള്ള എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇന്നത്തെ ലോകത്തെ വാര്‍ത്തകള്‍ പോലും എന്ത്മാത്രം വക്രീകരിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്! ആധുനിക ഭൗതിക പ്രസ്ഥാനങ്ങളുടെ അനുയായികള്‍ പോലും അവരുടെ ആചാര്യന്മാരുടെ അധ്യാപനങ്ങളില്‍ നിന്ന് എത്ര പെട്ടെന്നാണ് വ്യതിചലിച്ചുപോകുന്നത്! എങ്കില്‍ ഇങ്ങനെയൊന്നും ഒരു സൗകര്യവുമില്ലാത്ത കാലത്ത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ എന്തുമാത്രം കൈക്രിയകള്‍ക്കു പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ വിധേയമായിട്ടുണ്ടാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു കൂടിയാണ് ലോക ജനതക്കാസകലമായി   അന്തിമമായി സൂക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന  ഒരു ഗ്രന്ഥത്തിന്റെ അവതരണം സംഭവിക്കുന്നതുവരെ ദൈവം നിരന്തരമായി പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നത്. ദൈവിക വചനങ്ങളും  പ്രവാചകന്മാരുടെ അധ്യാപനങ്ങളും  തങ്ങളുടെ സ്വേഛക്കും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാവുമ്പോള്‍, വേദത്തില്‍ തസ്‌കരവൃത്തിയും തമസ്‌കരണ  പ്രവൃത്തിയും ശീലമാക്കിയ ഇവര്‍ ആ വിശുദ്ധ പ്രമാണങ്ങളെ വക്രീകരിച്ചും വളച്ചൊടിച്ചും, യഥാര്‍ഥ പശ്ചാത്തലത്തില്‍നിന്ന്  അടര്‍ത്തിയും ഇല്ലാത്ത പശ്ചാത്തലങ്ങള്‍ ചേര്‍ത്തുവെച്ചും വാക്കുകളെയും വാക്യങ്ങളെയും തിരുകിക്കയറ്റിയും മുറിച്ചു മാറ്റിയും പൊതുജനങ്ങളെ പറ്റിച്ചു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ''ഈ ജനം നിങ്ങളുടെ ദീനില്‍ വിശ്വസിക്കണമെന്ന് നിങ്ങള്‍ കൊതിക്കുന്നുവോ?  ദൈവിക വചനങ്ങള്‍ കേള്‍ക്കുകയും ശരിയായി ഗ്രഹിക്കുകയും ചെയ്ത ശേഷം മനഃപൂര്‍വം അതിനെ മാറ്റിമറിക്കുക അവരിലൊരു വിഭാഗം ശീലമാക്കിയിരിക്കെ'' (2:75). ''തുഛമായ ഭൗതിക ലാഭങ്ങള്‍ക്കുവേണ്ടി സ്വകരങ്ങളാല്‍ വേദം ചമക്കുകയും എന്നിട്ട് ഇത് ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് ഘോഷിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം.  അവരുടെ കരങ്ങള്‍ എഴുതിയത് അവര്‍ക്ക് നാശനിമിത്തമാകുന്നു'' (2:79).
ആര്‍ത്തികൊണ്ട് വേലികെട്ടിയ, ജീര്‍ണമായ സ്വാര്‍ഥ താല്‍പര്യങ്ങളുടെ ഇത്തിരി വട്ടത്തില്‍ ആണ്ടുപൂണ്ടിറങ്ങിയ ഇവരുടെ അടഞ്ഞ മനസ്സുകളില്‍നിന്ന് ജീര്‍ണതയുടെ നാറ്റം പുറത്തുകടക്കുകയില്ല. പുതിയ അറിവിന്റെയോ ജ്ഞാനത്തിന്റെയോ ധര്‍മത്തിന്റെയോ ശുദ്ധവായു ഒട്ടും പ്രവേശിക്കുകയുമില്ല. ലോകത്ത് സത്യത്തിന്റെയും ധര്‍മത്തിന്റെയും ദൈവിക സാന്മാര്‍ഗികതയുടെയും പേരില്‍ നടത്തപ്പെട്ടതും നടന്നുകൊണ്ടിരിക്കുന്നതുമായ  സകലമാന ചൂഷണങ്ങളുടെയും അക്രമങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും യഥാര്‍ഥ പേറ്റന്റ് ഇവര്‍ക്കാണ്. ''ഇവര്‍ കള്ളം കേള്‍ക്കുന്നവരും പാപവും നിഷിദ്ധ മുതലുകളും ഭുജിക്കുന്നവരുമാണ്'' (5:42). ''സത്യവിശ്വാസികളേ,  വേദ വാഹകരിലെ അധിക പണ്ഡിതരും പുരോഹിതരും ജനത്തിന്റെ മുതലുകള്‍ നിഷിദ്ധവും അവിഹിതവുമായ മാര്‍ഗങ്ങളിലൂടെ ഭുജിച്ചുകൊണ്ടിരിക്കുകയും ജനങ്ങളെ ദൈവിക സരണിയില്‍നിന്നും തടയുകയും ചെയ്യുന്നവരാകുന്നു'' (9:34).   ലോകത്തെ പൗരോഹിത്യത്തിലധിഷ്ഠിതവും അല്ലാത്തതുമായ സകല വ്യാജ മതങ്ങളും ഉത്ഭവിച്ചതും ഇതിലൂടെയാണ്. നന്മയുടെയും സത്യത്തിന്റെയും സാന്മാര്‍ഗികതയുടെയും മുഖാവരണം അണിഞ്ഞ അഞ്ചാംപത്തികളാണിവര്‍.  സത്യത്തിന്റെ മുന്നേറ്റം തടയാനും അതിനെ തകര്‍ക്കാനും ശത്രുക്കള്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്, രക്തം ഊറ്റിക്കുടിക്കുന്ന ഈ അട്ടകളെയും സത്യത്തെ ഉള്ളില്‍നിന്ന് ദുര്‍ബലപ്പെടുത്തുന്ന ഈ ചിതലുകളെയും ഇത്തിക്കണ്ണികളെയും ഉപയോഗിച്ചാണ്. ഖുര്‍ആന്‍ അതുകൊണ്ടുതന്നെയാണ് ഇവരെ പ്രത്യേകം സൂക്ഷിക്കാന്‍  ആവശ്യപ്പെട്ടതും (5:49, 63:4).
ഇവര്‍ക്ക് മതവും മതചിഹ്നങ്ങളും മാത്രമല്ല അവര്‍ തന്നെ മതകീയവത്കരിച്ച മത ബാഹ്യചിഹ്നങ്ങള്‍ പോലും കേവലം തട്ടിപ്പിനു വേണ്ടിയുള്ള തലക്കെട്ടുകള്‍ മാത്രമാണ്. സത്യത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള ഇവരുടെ പേക്കൂത്തുകളും കോപ്രായങ്ങളും കണ്ടിട്ടാണ് സാധാരണക്കാരും ധിഷണാശാലികളായ മനുഷ്യര്‍ ദൈവത്തെയും യഥാര്‍ഥ ദൈവിക സാന്മാര്‍ഗിക ദര്‍ശനത്തെയും വെറുത്തു കേവല ഭൗതിക ദര്‍ശനങ്ങള്‍ അന്വേഷിക്കാനിടയായത്. അതുകൊണ്ടുതന്നെ, സത്യത്തിന്റെയും ധര്‍മത്തിന്റെയും ദൈവിക സാന്മാര്‍ഗികതയുടെയും മുഖാവരണമണിഞ്ഞു വിശുദ്ധ പുരോഹിതന്മാരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പിശാചുക്കളായ ഇവര്‍ സത്യത്തിന്റെയും ദൈവിക സാന്മാര്‍ഗികതയുടെയും മുമ്പിലെ ഏറ്റവും വലിയ വഴിമുടക്കികളും     അതുകൊണ്ടുതന്നെ ദൈവത്തിന്റെ ശാപകോപത്തിനു വിധേയമായവരുമാണ്.
3. വഴിപിഴച്ചവര്‍.  മുകളില്‍ പറഞ്ഞ രണ്ടു വിഭാഗത്തിലും പെടാതെ വേറിട്ട് സഞ്ചരിച്ച് ജീവിതയാത്രയില്‍ വഴിപിഴച്ചു ലക്ഷ്യം നഷ്ടപ്പെട്ടവരാണ് ഇവര്‍. സാമാന്യ അര്‍ഥത്തില്‍ മുകളില്‍ പറഞ്ഞ രണ്ടാം വിഭാഗവും വഴിപിഴച്ചവരാണെങ്കിലും സാങ്കേതികമായി ഖുര്‍ആനിലെ ആദ്യ അധ്യായത്തില്‍ പരാമര്‍ശവിധേയമായ 'വഴിപിഴച്ചവര്‍' (ദാല്ലീന്‍) എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്   ദൈവത്തെയും  പ്രവാചകത്വത്തെയും മലക്കുകളെയും വേദത്തെയും പരലോകത്തെയും നിഷേധിക്കുന്ന ഈ വിഭാഗമാണ്.  വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും ദൂതനു അവതരിപ്പിച്ചിട്ടുള്ള വേദത്തിലും അദ്ദേഹത്തിനു മുമ്പ് അവതരിപ്പിച്ചു കഴിഞ്ഞ വേദങ്ങളിലും വിശ്വസിക്കുവിന്‍. അല്ലാഹുവിനെയും അവന്റെ മലക്കുകളെയും വേദങ്ങളെയും ദൂതനെയും അന്ത്യനാളിനെയും നിഷേധിക്കുന്നവനോ, അവര്‍ പിഴച്ച വഴിയില്‍  വളരെ ദൂരം അകന്നുപോയിരിക്കുന്നു''(4:136). ചരിത്രത്തില്‍ ദൈവിക സാന്മാര്‍ഗിക ദര്‍ശനത്തിനു സമാന്തരമായി മനുഷ്യര്‍ രൂപപ്പെടുത്തിയ സകലമാന ഭൗതിക പ്രത്യയശാസ്ത്രങ്ങളും ഈ ഗണത്തിലുള്‍പെടുന്നു. ദൈവിക സാന്മാര്‍ഗികതയുടെയും മതത്തിന്റെയും പേരില്‍ നടന്നതും  നടന്നുകൊണ്ടിരിക്കുന്നതുമായ സകലമാന ചൂഷണങ്ങളുടെയും അക്രമങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാരണമായി മതത്തോടും മതവുമായി ബന്ധപ്പെട്ട സകലതിനോടും മടുപ്പും പുഛവും തോന്നി  വേറിട്ട മതേതര മാര്‍ഗങ്ങള്‍  തേടിയവര്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. എന്ത് പേരില്‍ അറിയപ്പെട്ടാലും ഏതു സ്വഭാവത്തില്‍ രൂപപ്പെടുത്തപ്പെട്ടതായാലും അടിസ്ഥാനപരമായി ദൈവിക സാന്മാര്‍ഗിക ദര്‍ശനത്തില്‍ അധിഷ്ഠിതമല്ലാത്ത ഈ എല്ലാ പ്രത്യയശാസ്ത്രങ്ങളും ചിന്താപദ്ധതികളും കേവലമായ മനുഷ്യേഛയുടെ പ്രതിഫലനങ്ങള്‍ മാത്രമാണ്. അത് വൈയക്തികമാകാം, അല്ലെങ്കില്‍ മനുഷ്യര്‍ കൂട്ടു ചിന്തയിലൂടെ രൂപപ്പെടുത്തിയതാവാം. ''നിങ്ങള്‍ക്ക് മുമ്പ് സ്വയം പിഴച്ചു പോവുകയും അനേകം ആളുകളെ പിഴപ്പിക്കുകയും, നേര്‍ മാര്‍ഗത്തില്‍നിന്നും തെറ്റുകയും ചെയ്ത ജനതയുടെ ഇഛകളെ പിന്‍പറ്റാന്‍ പാടില്ലാത്തതാകുന്നു'' (5:77). ഈ ചിന്താ പദ്ധതികളുടെയും പ്രത്യയ ശാസ്ത്രങ്ങളുടെയും പ്രത്യേകത അവ പദാര്‍ഥ ലോകത്തിനപ്പുറത്തു മനുഷ്യനെ സംബന്ധിക്കുന്നതോ അല്ലാത്തതോ ആയ എന്തെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്നതാണ്.   അതുകൊണ്ട് തന്നെ ദൈവത്തെയും പരലോകത്തെയും മലക്കുകളെയും പ്രവാചകത്വത്തെയും വേദങ്ങളെയും മാത്രമല്ല മനുഷ്യനിലെ തന്നെ ആത്മാവിന്റെ സാന്നിധ്യത്തെ പോലും ഇവര്‍ നിഷേധിക്കുന്നു. പക്ഷേ ഒരു കാര്യം  പ്രത്യേകം  ഓര്‍ക്കേണ്ടതുണ്ട്. ഇതില്‍ പില്‍ക്കാല ചരിത്രകാരന്മാര്‍ വരവ് വെച്ച എല്ലാ ചിന്തകളും ചിന്തകരും ഭൗതികര്‍ തന്നെ ആവണമെന്നില്ല. ബുദ്ധനെ ചില പില്‍ക്കാല  ചരിത്രകാരന്മാര്‍ നാസ്തികനായിരുന്നുവെന്ന് വിശേഷിപ്പിച്ചത് ഇതിന് ഒരു ഉദാഹരണമാണ്.
(തുടരും)

Comments