Prabodhanm Weekly

Pages

Search

2014 ജനുവരി 03

വിപണിയുടെ തലോടലുകളില്ലാത്ത പുസ്തകങ്ങള്‍

കെ. അശ്‌റഫ്

ന്യൂ പ്രസ് എന്ന ബദല്‍ പ്രസിദ്ധീകരണശാലയുടെ സ്ഥാപകനായ ആന്ദ്രെ ഷെഫ്രിന്റെ  പ്രഭാഷണം കേള്‍ക്കാന്‍  അവസരം ലഭിക്കുകയുണ്ടായി. എങ്ങനെയാണ് യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും കുത്തക പ്രസാധനശാലകള്‍  പുസ്തകവിപണിയെ നിയന്ത്രിക്കുന്നതെന്നും, അതിലൂടെ സാമാന്യ ജനങ്ങളുടെ കാഴ്ചപ്പാടുകളെ മെരുക്കുന്നതെന്നും  അദ്ദേഹം തന്റെ പ്രസാധന അനുഭവങ്ങള്‍ മുന്‍നിര്‍ത്തി  വിശദീകരിക്കുകയുണ്ടായി. അമേരിക്കയിലെ വന്‍കിട പ്രസിദ്ധീകരണശാലകള്‍ മതപരവും വംശീയവും ലിംഗപരവുമായ കാരണങ്ങളാല്‍  അടിത്തട്ടിലേക്ക് ഒതുക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ ജീവിതത്തെ ബഹിഷ്‌കരിക്കുന്നുവെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. അതിനെ ചെറുക്കാനാണ് അദ്ദേഹം ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു ന്യൂ പ്രസ് എന്ന ബദല്‍ പ്രസാധന സംരംഭം തുടങ്ങിയത്.  ഷെഫ്രിന്‍ അഭിപ്രായപ്പെടുന്ന പോലെ  എന്താണ് വായിക്കേണ്ടത് എന്നത് മുന്‍കൂര്‍ തീരുമാനിക്കുന്ന തരത്തില്‍ വന്‍കിട കുത്തകകള്‍ ശക്തിയാര്‍ജിക്കുകയും അവക്ക് സാമ്രാജ്യത്വവാദികളുമായും വംശീയ രാഷ്ട്രീയവുമായുള്ള ബന്ധം വളരെ വ്യക്തമാവുകയും ചെയ്തിരിക്കുന്നു. ഫലസ്ത്വീനിയന്‍ എഴുത്തുകാരിയായ സൂസന്‍ അബുല്‍ ഹവ പറയുന്നത്, അവര്‍ എഴുതിയ മോണിംഗ് ഇന്‍ ജെനിന്‍ എന്ന നോവലിന്റെ ആദ്യ പതിപ്പുകള്‍  വലിയ പ്രസിദ്ധീകരണശാലകള്‍ കൈയൊഴിയുമ്പോള്‍ തന്നെ സയണിസ്റ്റ് അനുകൂല രാഷ്ട്രീയത്തിന്റെ ഭാഗമായി  ഫലസ്ത്വീനികളെയും അറബികളെയും ഭീകര മുദ്ര ചാര്‍ത്തുന്ന നിലവാരം കുറഞ്ഞ പുസ്തകങ്ങള്‍ മേല്‍കോയ്മ പ്രസിദ്ധീകരണശാലകള്‍ വളര സുലഭമായി വിപണിയില്‍ എത്തിച്ചുകൊണ്ടിരുന്നു എന്നാണ്. ഈയൊരു  സാഹചര്യത്തില്‍ എന്താണ് വായന എന്നത്  പോലെ തന്നെ, എന്താണ് വായനയെ സാധ്യമാക്കുന്ന പുസ്തക വിപണിയുടെ രാഷ്ട്രീയം എന്ന ചര്‍ച്ചയും പ്രസക്തമാണ്. ആഗോള തലത്തില്‍ തന്നെ പാര്‍ശ്വവത്കരണത്തിനും അധിനിവേശത്തിനും  വിധേയമാകുന്ന സമുദായം എന്ന നിലയില്‍ മുസ്‌ലിംകളെ കുറിച്ചുള്ള പുസ്തകങ്ങള്‍ എന്തിനു പുറത്തിറങ്ങുന്നു, ആരുടെ ആകാംക്ഷകളാണ് പ്രസ്തുത പുസ്തകങ്ങള്‍ പങ്കുവെക്കുന്നത്, ആരുടെ ജീവിത വിവരണമാണ് ആ പുസ്തകങ്ങള്‍ നല്‍കുന്നത്, ആരുടെ അനുഭവവും ആഖ്യാനവുമാണ് ഈ പുസ്തകങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്, ആര് ആര്‍ക്കു വേണ്ടിയാണ് മുസ്‌ലിംകളെ കുറിച്ച് എഴുതുന്നത്  തുടങ്ങിയ ചോദ്യങ്ങള്‍ പ്രധാനമാവുന്നു.
ഓറിയന്റലിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പറയുന്നത്, ഇസ്‌ലാമുമായി ബന്ധപ്പെട്ട സാമ്രാജ്യത്വ രാഷ്ട്രീയം പങ്കുവെക്കുന്ന പുസ്തകങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ടെന്നാണ്. സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ പുതിയ പതിപ്പായ  ഭീകരവേട്ട കാലത്ത്  ഇസ്‌ലാം വിഷയമാകുന്ന പുസ്തകങ്ങളുടെ  പുതിയ പ്രവണത എന്ന് പറയുന്നത്, ഇസ്‌ലാമിക സമൂഹങ്ങളിലെ സ്ത്രീയവസ്ഥകളെ കുറിച്ച് ഊതിപ്പെരുപ്പിച്ച ആകാംക്ഷകളുടെ  ഉല്‍പാദനമാണ്. ഈ പ്രതിലോമ  രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള  സാമ്രാജ്യത്വ അനുകൂല പുസ്തക വിപണിയുടെ വ്യാപ്തി നാം കരുതുന്നതിലേറെ വിപുലമാണ്. സാമ്രാജ്യത്വം പ്രചരിപ്പിക്കുന്ന നവ ഓറിയന്റലിസ്റ്റ് സാഹിത്യങ്ങള്‍ കേരളം പോലെ വളരെ ഉയര്‍ന്ന രാഷ്ട്രീയ ജാഗ്രത ഉണ്ടെന്നു അവകാശപ്പെടുന്ന സംസ്ഥാനത്തെ  മുഖ്യധാര പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല ബദല്‍ ഇടതുപക്ഷ സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങള്‍ വരെ യാതൊരു വിമര്‍ശനവുമില്ലാതെ പ്രസിദ്ധീകരിക്കുന്നു. ഇസ്‌ലാമിക സമൂഹങ്ങളിലെ സ്ത്രീകളെ കുറിച്ച് നടക്കുന്ന സാമ്രാജ്യത്വ രാഷ്ട്രീയത്തിന് പുറത്തുള്ള (ഇസ്‌ലാമിക് ഫെമിനിസം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീ രാഷ്ട്രീയം  വരെയുള്ള അനേകം വൈവിധ്യങ്ങളെ കുറിച്ചുള്ള) പുതിയ അന്വേഷണങ്ങളെ ഒന്നും കാണാതെ പോകുന്ന കേരളത്തിലെ ഇടതുവലതു പ്രസാധകര്‍ ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം പങ്കുവെക്കുന്ന  മേല്‍കോയ്മാ പുസ്തക വിപണിയുടെ കെണിയില്‍ ചെന്ന് ചാടുന്നത് കേവല യാദൃഛികത മാത്രമോ?
പാകിസ്താനിലെ മലാല യൂസുഫ് സായി മുതല്‍ സോമാലിയയില്‍ നിന്നുള്ള  അയാന്‍ ഹിര്‍സി അലി വരെയുള്ളവരുടേത്, കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനുള്ള ആധികാരിക വിവരണങ്ങള്‍ ആയി മാറുന്നുവെന്നത് കേവല അജ്ഞതയില്‍ ഒതുങ്ങുന്ന രാഷ്ട്രീയ പ്രശ്‌നമല്ല. മുസ്‌ലിംകളെ കുറിച്ചുള്ള  സെലക്ടീവ് അനുഭവങ്ങള്‍ നിര്‍മിക്കുന്ന പുസ്തക വിപണി ശരിക്കും ചെയ്യുന്നത്  മുസ്‌ലിം സമൂഹങ്ങളില്‍ സാമ്രാജ്യത്വ അനുകൂല രാഷ്ട്രീയത്തിന് മുന്‍കൂര്‍ അനുവാദം നല്‍കുകയാണെന്ന് വാദിക്കുകയാണ് ഗവേഷകയും എഴുത്തുകാരിയുമായ ലൈല അബു ലുഗദിന്റെ പുതിയ പുസ്തകം ഡു മുസ്‌ലിം വിമണ്‍ നീഡ് സേവിംഗ്? (ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി പ്രസ് 2013).  അബു ലുഗദ് വാദിക്കുന്നത്, മുസ്‌ലിം സ്ത്രീകളുടെ അനുഭവത്തെയും ആഖ്യാനങ്ങളെയും സമര്‍ഥമായി മറികടന്ന് അവരെ അധിനിവേശ വിജ്ഞാന രാഷ്ട്രീയം തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വര്‍ഗീകരിച്ചു പഠിക്കുന്നു എന്നാണ്. അങ്ങനെ കോളനിയാനന്തര സമൂഹങ്ങളിലെ  മുസ്‌ലിംസ്ത്രീകളുടെ പിന്നാക്കാവസ്ഥ എന്നത് അവരുടെ മതപരമായ ജീവിതവുമായി മാത്രം ബന്ധിപ്പിച്ചു കാണുന്ന രീതി വികസിക്കുന്നു. ഭരണകൂട നയങ്ങള്‍, വികസന രാഷ്ട്രീയം, സാമ്പത്തിക ഘടന, ന്യൂനപക്ഷാവസ്ഥ, രാഷ്ട്രീയ ചരിത്രം തുടങ്ങിയ അനേകം അധികാര ഘടനകളുടെ  പ്രശ്‌നങ്ങളൊന്നും പിന്നാക്കാവസ്ഥയുടെ ബഹുവിധ കാരണമായി സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള അന്വേഷണങ്ങളില്‍ കാണാനാവില്ല എന്ന് ലുഗദ് നിരീക്ഷിക്കുന്നു. എന്നാല്‍, വിമര്‍ശിക്കുന്ന സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിദ കിര്‍മാനിയുടെ പുസ്തകമായ ക്വസ്റ്റനിംഗ് ദ മുസ്‌ലിം വിമണ്‍: ഐഡന്റിറ്റി ആന്‍ഡ് ഇന്‍സെക്യൂരിറ്റി ഇന്‍ ആന്‍ അര്‍ബന്‍ ഇന്ത്യന്‍ ലൊക്കാലിറ്റി (റൗറ്റ്‌ലെജ് 2013) മുസ്‌ലിം സ്ത്രീയെ നിരവധി അധികാരങ്ങളാല്‍ രൂപീകൃതമാവുന്ന സ്വത്വമായി  മനസ്സിലാക്കുന്നു. മുസ്‌ലിം സ്ത്രീയെ മതം പോലെ തന്നെ വര്‍ഗം, വിദ്യാഭ്യാസ സാഹചര്യം, ഭാഷ വ്യത്യാസം, ന്യൂനപക്ഷ പദവി തുടങ്ങിയവയിലൂടെ തീര്‍ത്തെടുക്കപ്പെടുന്ന സ്വത്വമായി പുസ്തകം തിരിച്ചറിയുന്നു. ദല്‍ഹിയിലെ സാകിര്‍ നഗറിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ കിര്‍മാനി നടത്തിയ പഠനമാണ് ഈ പുസ്തകത്തിന് ആധാരം.
മുസ്‌ലിം സ്ത്രീകളെ കുറിച്ചുള്ള പ്രതിലോമ വിജ്ഞാന രാഷ്ട്രീയത്തിന് ഇസ്‌ലാമോഫോബിയയുടെ സമകാലിക രാഷ്ട്രീയവുമായി ഏറെ ബന്ധമുണ്ട്. ഇസ്‌ലാമോഫോബിയയെ കുറിച്ച് ദീപ കുമാര്‍ (2012) , നതാന്‍ ലീന്‍ (2012), സ്റ്റീഫന്‍ ശീഹി (2011), ആന്ദ്രെ ശ്രയോക് (2010) തുടങ്ങിയവര്‍ എഴുതിയ പുസ്തകങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി വായനക്കാരെ ആകര്‍ഷിച്ചിരുന്നു. മലയാളത്തിലെ വലിയ പ്രസിദ്ധീകരണങ്ങള്‍ ഈ മേഖലയിലെ പുതിയ സമീപനങ്ങളോട് കണ്ണടച്ച് നില്‍ക്കുമ്പോള്‍ തന്നെ പ്രബോധനം, ശബാബ്, രിസാല  തുടങ്ങിയ ഇസ്‌ലാമിക വാരികകള്‍ ഇവയൊക്കെ പരിചയപ്പെടുത്തിയിരുന്നു. ഈ നിരയില്‍ തന്നെ പുതിയ പുസ്തകമാണ് ഡേവിഡ് ടെയ്‌റര്‍ എഴുതിയ ദ പൊളിറ്റിക്‌സ് ഓഫ് ഇസ്‌ലാമോഫോബിയ: റേസ്, പവര്‍  ആന്റ് ഫാന്റസി (പ്ലുടോ പ്രസ് 2013).  സല്‍മാന്‍ സയ്യിദും രമോന്‍ ഗ്രൂസ്ഫുഗേലും ചേര്‍ന്ന് എഡിറ്റ് ചെയ്യുന്ന പോസ്റ്റ്‌കൊളോണിയലിസം/ഡികൊളോണിയലിസം പരമ്പരയില്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മുസ്‌ലിം അപരവത്കരണത്തിന്റെ വംശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ പുസ്തകം മുസ്‌ലിംകളുടെ ഇന്നത്തെ ജീവിതത്തെ ആഗോള അധികാരത്തോട് തിരിച്ചു സംസാരിക്കുന്ന രാഷ്ട്രീയ പ്രതിഭാസമായി കണ്ടെടുക്കുന്നു. മുസ്‌ലിംകളെ ഇസ്‌ലാമോഫോബിയയുടെ ഇരകള്‍ മാത്രമായി ചുരുക്കാതെ, ഇരകള്‍ ആക്കി മാറ്റുന്ന സാഹചര്യത്തെ മാറ്റിപണിയുന്ന രാഷ്ട്രീയ വിഷയങ്ങളായി (ുീഹശശേരമഹ  ൗെയഷലര)േ മുസ്‌ലിംകളെ തിരിച്ചറിയുന്നു.
നേരത്തെ സൂചിപ്പിച്ച പോലെ മുസ്‌ലിംകളെ എങ്ങനെ പഠിക്കണം എന്ന വിഷയത്തില്‍ പുതിയ സമീപനങ്ങള്‍ മുന്നോട്ട് വെക്കുന്ന ധാരാളം പുസ്തകങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുറത്തിറങ്ങുന്നു. ഇവിടെയാണ് സമകാലിക രാഷ്ട്രീയ ചിന്തയിലെ വലിയ ശബ്ദങ്ങളിലൊന്നായ ഫൈസല്‍ ദേവ്ജിയുടെ പുതിയ ചിന്തകള്‍ ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ സിദ്ധാന്തത്തിന്റെ തലത്തില്‍ രാഷ്ട്രം, ദേശീയത, മതം, ഹിംസ, വിമോചനം  തുടങ്ങിയ  വലിയ ചോദ്യങ്ങളാണ് ദേവ്ജി അന്വേഷിക്കുന്നത്. അതോടൊപ്പം ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ ദേവ്ജിയുടെ ഇപ്പോഴത്തെ പഠനങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹുതല സ്പര്‍ശിയായ പുസ്തകങ്ങള്‍ എഴുതി പുറത്തിറക്കുന്ന  ദേവ്ജിയുടെ പുതിയ പുസ്തകമാണ് മുസ്‌ലിം സിയോണ്‍: പാകിസ്താന്‍ ആസ് എ പൊളിറ്റിക്കല്‍ ഐഡിയ (ഹാര്‍വാഡ് സര്‍വകലാശാല പ്രസ് 2013). ഈ പുസ്തകത്തിന്റെ പശ്ചാത്തലം അല്‍പം വിശദമാക്കേണ്ടതുണ്ട്. പാകിസ്താനെ കുറിച്ച് പുസ്തകങ്ങളെഴുതിയ രണ്ടു പ്രധാന ഗവേഷകരാണ് അയേഷ ജലാലും ഫര്‍സാന ശൈഖും. ഇതില്‍ ജലാല്‍ പാകിസ്താനെ കുറെകൂടി മതേതര ആഭിമുഖ്യമുള്ള രാഷ്ട്രീയത്തിന്റെ ഭാഗമായി വായിക്കുന്നുവെങ്കില്‍, ഫര്‍സാന ശൈഖ് പാകിസ്താനെ ഇസ്‌ലാം മതത്തിന്റെ ആഭിമുഖ്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത് വായിക്കുന്നതിനു പ്രാധാന്യം കൊടുക്കുന്നു. ഈ രണ്ടു സമീപനങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മത-മതേതര വിഭജനത്തിന്റെ ഉറച്ച സമീപനങ്ങളെ ചോദ്യം ചെയ്യുന്ന പുസ്തകമായിരുന്നു നവീദ ഖാന്‍ എഴുതിയ മുസ്‌ലിം ബികമിംഗ്: സ്‌കെപ്റ്റിസിസം ആന്റ് ആസ്പിറേഷന്‍ ഇന്‍ പാകിസ്താന്‍ ( ഡ്യൂക്ക് സര്‍വകലാശാല പ്രസ്  2012). ഇങ്ങനെ പാകിസ്താനെക്കുറിച്ചും മുസ്‌ലിം രാഷ്ട്രത്തെ കുറിച്ചുമുള്ള പുതിയ ഗവേഷണ സമീപനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ തന്നെയാണ് ഫൈസല്‍ ദേവ്ജിയുടെ പുസ്തകത്തെ സ്ഥാനപ്പെടുത്തേണ്ടത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെ കുറിച്ചും ജിന്നയുടെ വ്യക്തിത്വത്തിലെ സന്ദേഹങ്ങളെകുറിച്ചും ഏറെ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന വായന ദേവ്ജി നല്‍കുന്നു. ബ്രിട്ടീഷ് കൊളോണിയലിസം, കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയം, വിഭജനത്തിന്റെ സാമൂഹിക രാഷ്ട്രീയം തുടങ്ങിയവയിലേക്കു മാത്രം പാകിസ്താനെ ചുരുക്കാതെ ആഗോള രാഷ്ട്രീയത്തിലെ ചരിത്ര സാഹചര്യങ്ങളോട്  ദേവ്ജി പാകിസ്താനെ കുറിച്ചും മുസ്‌ലിംലീഗിനെ കുറിച്ചുമുള്ള  ചര്‍ച്ചകളെ കണ്ണിചേര്‍ക്കുന്നു. അതിലേറെ, പാകിസ്താനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചുവരാറുള്ള  'പരാജയപ്പെട്ട രാഷ്ട്രം,' 'ആധുനിക വിരുദ്ധ രാഷ്ട്രം' തുടങ്ങിയ ഫ്രെയിമുകളോട് ഇടയുന്നതോടൊപ്പം ഇതില്‍ നിന്ന് വ്യത്യസ്തമായി പാകിസ്താനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയൊരു ദിശ നിര്‍ദേശിക്കാനും  ദേവ്ജി തയാറാവുന്നു. തീര്‍ച്ചയായും വിശദമായ വായനക്കും ചര്‍ച്ചക്കും വിധേയമാക്കേണ്ട ദേവ്ജിയുടെ പുസ്തകം ഈ വര്‍ഷത്തെ മികച്ച അക്കാദമിക് പുസ്തകങ്ങളിലൊന്നായി പരിഗണിക്കേണ്ടതുണ്ട്.
പുതിയ അന്വേഷണങ്ങളുടെ ഭാഗമായി മുസ്‌ലിം വിനോദ-ഉല്ലാസ-ആഘോഷ സംസ്‌കാരത്തെ കുറിച്ചുള്ള പഠനമാണ് ലാറ ദീബും മുന ഹര്‍ബും ചേര്‍ന്നെഴുതിയ ലെഷര്‍ലി ഇസ്‌ലാം: നെഗോഷിയേറ്റിംഗ് ജ്യോഗ്രഫി ആന്റ് മൊറാലിറ്റി ഇന്‍ ശീഈ സൗത്ത് ലബനോന്‍ ( പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി പ്രസ് 2013). തെക്കന്‍ ലബനാനിലെ ദാഹിയയെ കുറിച്ച് ദീബും ഹര്‍ബും തൊണ്ണൂറുകള്‍ മുതല്‍  നടത്തിയ ഗവേഷണ പഠനങ്ങളുടെ തുടര്‍ച്ചയാണ് ഈ പുസ്തകം. തൊണ്ണൂറുകള്‍ മുതല്‍ തന്നെ ഈ രണ്ടു ഗവേഷകരും ശീഇകളും വിശിഷ്യ ഹിസ്ബുല്ലയും ഏറെ ശക്തമായ, പ്രദേശത്തെ ശക്തമാകുന്ന മധ്യവര്‍ഗ മുസ്‌ലിം മതപരതയുടെ പ്രത്യേകതയാണ്  പഠിച്ചിരുന്നത്. പുതിയ മുസ്‌ലിം സ്ത്രീ പഠനങ്ങളെ ഏറെ സ്വാധീനിച്ച ലാറ ദീബിന്റെ 'പവിത്രവത്കരിക്കപ്പെട്ട ആധുനികത' (ലിരവമിലേറ ാീറലൃി) എന്ന രൂപകം ദാഹിയയിലെ ശീഈ സ്ത്രീകളുടെ ജീവിതത്തില്‍ ആധുനികതയും ഇസ്‌ലാമിക ഭക്തിയുടെ മൂല്യങ്ങളും പ്രവര്‍ത്തിക്കുന്നത് മനസ്സിലാക്കാന്‍  വികസിപ്പിച്ചതാണ്. ഇത് ഇസ്‌ലാം/പാശ്ചാത്യം, ഇസ്‌ലാം/ ആധുനികത, മതം/മതേതരത്വം തുടങ്ങിയ ദ്വന്ദ്വങ്ങളെ മറികടക്കുന്ന രൂപകമാണ്. ലാറ ദീബിന്റെയും മുന ഹര്‍ബിന്റെയും  ഗവേഷണ ഫലങ്ങളുടെ യോജിപ്പിനെ പുതിയ പുസ്തകം അടയാളപ്പെടുത്തുന്നു. ലബനാനിലെ തന്നെ സാംസ്‌കാരിക പ്രത്യേകതയാണ് തെരുവുകളിലെ കാപ്പിക്കടകള്‍. ഇവയുടെ ഭാഗമായി വികസിക്കുന്ന സവിശേഷ വിനോദങ്ങളും ഉല്ലാസങ്ങളും ഇവര്‍ പഠിക്കുന്നു. ദാഹിയയിലെ കഫെകളുടെ ഉത്ഭവവും വികാസവും, അവിടെ ശീഈ മധ്യവര്‍ഗം എങ്ങനെയാണ് വളര്‍ന്നുവന്നത്, അവിടെ പുതിയ ബിസിനസ്  സംരംഭകര്‍ എങ്ങനെയാണ് ഉയര്‍ന്നു വരുന്നത്, മതപണ്ഡിതര്‍ പുതിയ ജീവിത-ഉല്ലാസ-ആഘോഷ സംസ്‌കാരത്തെ എങ്ങനെയാണ് സമീപിക്കുന്നത്, അവിടത്തെ ഏറ്റവും സ്വാധീനമുള്ള സാമൂഹിക പ്രസ്ഥാനമായ  ഹിസ്ബുല്ല ഇതിനോട് പ്രതികരിക്കുന്നത് എങ്ങനെ, ഈ പുതിയ ആഘോഷ സംസ്‌കാരം ഇസ്‌ലാമിലെ ധാര്‍മികതയോട് എങ്ങനെയാണ് ഒത്തുപോകുന്നത്, അതിനു മതതല്‍പരര്‍ നല്‍കുന്ന ഉത്തരങ്ങള്‍ എന്തൊക്കെയാണ്? ഇവയൊക്കെ  പുസ്തകം ചര്‍ച്ച ചെയ്യുന്നു. ചെറിയ ജീവിത സന്ദര്‍ഭങ്ങള്‍ തുന്നി ചേര്‍ത്ത് ലളിതമായ ഭാഷയില്‍ എഴുതിയ പുസ്തകം അക്കാദമിക് വായനക്കാര്‍ക്കെന്ന പോലെ തന്നെ സാധാരണ വായനക്കാര്‍ക്കും ഏറെ താല്‍പര്യമുണര്‍ത്തുന്നതാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം ജീവിതത്തിന്റെ പ്രത്യേകതകളെ  പഠിക്കുന്ന മറ്റൊരു പുസ്തകമാണ് റാഫയേല്‍ സ്യൂസ്‌വിന്‍ഡ് എഴുതിയ ബിയിംഗ് മുസ്‌ലിം ആന്റ് വര്‍കിംഗ് ഫോര്‍ പീസ്:  ആംബിവലന്‍സ് ആന്റ് ആംബിഗ്വിറ്റി ഇന്‍ ഗുജറാത്ത് ( സൈജ് 2013). ഗുജറാത്ത് കലാപാനന്തരമുള്ള മുസ്‌ലിം ജീവിതത്തെ കുറിച്ചുള്ള വ്യത്യസ്തമായ പഠനമാണിത്. ഗുജറാത്ത് കലാപത്തിനുശേഷം മുസ്‌ലിംകളുടെ ഇരവത്കരണത്തെ മുന്‍നിര്‍ത്തി ധാരാളം പഠനം നടന്നിരുന്നു. ഈ പഠനങ്ങളുടെ വലിയൊരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെട്ടത് അത് മുസ്‌ലിംകളുടെ വ്യക്തിപരവും സാമൂഹികവുമായ ഏജന്‍സിയെ, കര്‍തൃത്വത്തെ നിരാകരിക്കുന്നുവെന്നതാണ്.  മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ, ഇരവത്കരണം ഇവയുടെ കാരണമായി ഇസ്‌ലാമിനെ കാണുന്ന പോലെ ഇതിനെതിരെയുള്ള പ്രതികരണത്തിനുള്ള പ്രചോദനമായി എന്തുകൊണ്ട് ഇസ്‌ലാമിനെ കാണുന്നില്ല എന്ന് പുസ്തകം ചോദിക്കുന്നു. സ്യൂസ്‌വിന്‍ഡ് ഗുജറാത്തിലെ മുസ്‌ലിംവിരുദ്ധ കലാപത്തോട് പ്രതികരിച്ച് ഇടപെടുന്ന, സമുദായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇരുപത്തൊന്നു മുസ്‌ലിം സമാധാന പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലുകളെ പഠിക്കുന്നു. അവരോട് ദീര്‍ഘമായി സംസാരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി പിന്തുടരുകയും ചെയ്യുന്നു. അങ്ങനെ നാല് വ്യത്യസ്ത മുസ്‌ലിം പ്രതികരണങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നു. ഈ നാല് പ്രതികരണവും മുസ്‌ലിം എന്ന അനുഭവത്തിന്റെ ഉള്ളില്‍ തന്നെ സാധ്യമാകുന്ന പല ലോകങ്ങളെ അടയാളപ്പെടുത്തുന്നു. അതിലൂടെ മുസ്‌ലിംകള്‍ ഇര എന്നതില്‍ നിന്ന് മാറി രാഷ്ട്രീയ വിഷയങ്ങളായിത്തീരുന്ന സാഹചര്യവും, മുസ്‌ലിം സാമുദായിക ജീവിതം തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ക്ക് ഇടമുള്ള സിവില്‍ സൊസൈറ്റി  അനുഭവം ആയി മാറുന്നതെങ്ങനെയെന്നും പുസ്തകം കാണിച്ചു തരുന്നു.
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തിനു മറയിടാനാണ് അമേരിക്കന്‍ ഭരണകൂടം മലാല യൂസുഫ് സായിയെ പോലുള്ള മാധ്യമ ബിംബങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ക്രിസ്റ്റീന ലാംബുമായി മലാല യുസുഫ് സായി ചേര്‍ന്നെഴുതിയ ഐ ആം മലാല: ദ ഗേള്‍ ഹു സ്റ്റുഡ് അപ് ഫോര്‍ എജുക്കേഷന്‍ ആന്റ് ഷോട്ട് ബൈ താലിബാന്‍ ഈ ഒക്‌ടോബറില്‍ വിപണിയില്‍ വന്നിരുന്നു. മലാല യൂസുഫ് സായിയുടെ വ്യക്തിമികവിനെ അംഗീകരിക്കുമ്പോള്‍ തന്നെ  ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ അക്ബര്‍ എസ് അഹ്മദ് എഴുതിയ ദി തിസില്‍ ആന്റ് ദ ഡ്രോണ്‍: ഹൗ അമേരിക്കാസ് വാര്‍ ഓണ്‍ ടെറര്‍ ബികൈം എ ഗ്ലോബല്‍ വാര്‍ ഓണ്‍ ട്രൈബല്‍ ഇസ്‌ലാം (ബ്രൂകിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസ്  2013) എന്ന പുസ്തകം അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ ജനജീവിതത്തെ മുച്ചൂടും തകര്‍ക്കുന്ന നവ കൊളോണിയല്‍ കടന്നാക്രമണമായി ഡ്രോണ്‍ ആക്രമണത്തെ വിശദീകരിക്കുന്നു. ഇന്നത്തെ പാക്-അഫ്ഗാന്‍ അതിര്‍ത്തിയായ വസീറിസ്താനില്‍ ഒരു കാലത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു അഹ്മദ്. തന്റെ ഭരണനിര്‍വഹണ അനുഭവം മുന്‍നിറുത്തി വസീറിസ്താനില്‍ അമേരിക്കന്‍ ഇടപെടല്‍ കാര്യങ്ങളെ വഷളാക്കി തീര്‍ക്കുകയേയുള്ളൂവെന്ന് അദ്ദേഹം വാദിക്കുന്നു. ആ പ്രദേശത്തെ ജനങ്ങളുടെ ജീവിത അനുഭവത്തെയും ചരിത്രത്തെയും പരിഗണിക്കാത്ത രാഷ്ട്രീയമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. മനുഷ്യാവകാശങ്ങള്‍, സ്ത്രീ അവകാശം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ നടപ്പാക്കേണ്ടത് സമവായത്തിലൂടെയും സംവാദത്തിലൂടെയുമാണെന്ന് അഹ്മദ്  ഓര്‍മിപ്പിക്കുന്നു. അണ്ടര്‍ ദ ഡ്രോണ്‍ : മോഡേണ്‍ ലൈവ്‌സ് ഇന്‍ അഫ്ഗാനിസ്താന്‍ പാകിസ്താന്‍ ബോര്‍ഡര്‍ ലാന്‍ഡ്‌സ് (ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രസ് 2012)  എന്ന ശഹസാദ് ബഷീറിന്റെയും റോബര്‍ട്ട് ഡി ക്രൂസിന്റെയും പുസ്തകം പാക് അഫ്ഗാന്‍ മേഖലയെ പഠിക്കുമ്പോള്‍ മുന്നോട്ടു വെക്കുന്ന സൂക്ഷ്മ സമീപനങ്ങളെ മുന്‍നിര്‍ത്തി വായിക്കുമ്പോള്‍ അഹ്മദിന്റെ വിശകലനത്തിനു ധാരാളം പരിമിതികളുണ്ട്. കൊളോണിയലിസം , ദേശീയ രാഷ്ട്രീയം, ഭാഷ രാഷ്ട്രീയം,  ഗോത്ര സംസ്‌കാരം, ഇസ്‌ലാമിക ധാരകള്‍ ഇവയുടെ ഉള്‍പ്പിരിവുകള്‍ അഹ്മദ് സൂക്ഷ്മമായി വായിക്കുന്നില്ല എന്ന് വളരെ വ്യക്തമാണ്. പലപ്പോഴും ഇങ്ങനെ ബഹുവിധ അധികാരങ്ങളെ പരിഗണിച്ചു സൗത്ത് ഏഷ്യയിലെ ഇസ്‌ലാമിക സമൂഹങ്ങളുടെ വികാസം പഠിക്കുന്ന രീതിക്ക്  വളരെ കുറച്ച് മാത്രം കിട്ടിയ അക്കാദമിക ശ്രദ്ധയും ഇതിനു കാരണമാണ്.
ദക്ഷിണേഷ്യയിലെ ഇസ്‌ലാമിനെ കുറിച്ച് വികസിക്കുന്ന ചില പുതിയ ഗവേഷണ  പ്രവണതകളുടെ ഭാഗമാവുന്ന പുസ്തകമാണ് കാരലിന്‍ ഒസേല്ലയും ഫിലിപ്പോ ഒസേല്ലയും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഇസ്‌ലാമിക് റിഫോം ഇന്‍ സൗത്ത് ഏഷ്യ (കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് 2013). അഞ്ഞൂറോളം പേജ് വരുന്ന ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ മുസ്‌ലിം മതപരിഷ്‌കരണത്തിന്റെ സവിശേഷതകള്‍ പഠിക്കുന്ന ഇസ്‌ലാമിസം, സോഷ്യല്‍ റിഫോമിസം ഇന്‍ കേരള എന്ന ഫിലിപ്പോ ഒസേല്ലയുടെയും കാരലിന്‍ ഒസേല്ലയുടെയും പഠനം മലയാളി ഗവേഷകര്‍ സൂക്ഷ്മ വായനക്ക് വിധേയമാക്കേണ്ടതാണ്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി, ഉത്തരേന്ത്യയിലെ മുസ്‌ലിം വനിതാ ആക്ടിവിസം, ഗള്‍ഫ് പ്രവാസികളുടെ മത ജീവിതം ഒക്കെ അന്വേഷണവിധേയമാക്കുന്ന ഈ ലേഖന സമാഹാരം  ഭാവി പഠനങ്ങളിലും അന്വേഷണങ്ങളിലും വലിയ സ്വാധീനം ഉളവാക്കുമെന്നു തോന്നുന്നു. ഇതുപോലെ തന്നെ മുസ്‌ലിംകളുടെ പ്രാദേശിക സവിശേഷതകളെ മുന്‍നിറുത്തി ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു  പുസ്തകമാണ് ഒമിദ് സാഫിയും ജൂലിയന്‍ ഹാമറും ചേര്‍ന്ന് എഡിറ്റ് ചെയ്ത ദ കേംബ്രിഡ്ജ് കമ്പാനിയന്‍ റ്റു അമേരിക്കന്‍ ഇസ്‌ലാം (കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് 2013). അമേരിക്കന്‍ ഇസ്‌ലാമിന്റെയും അമേരിക്കന്‍ മുസ്‌ലിംകളുടെയും ജീവിതത്തെ ചരിത്രപരം എന്നതിനെക്കാള്‍ അതിന്റെ സമകാലിക  സവിശേഷതകളെ  പഠിക്കുന്നതാണ് പുസ്തകം. മാധ്യമ രാഷ്ട്രീയം, മത പരിവര്‍ത്തനം, ഫെമിനിസ്റ്റ് സമീപനങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യുന്ന ശ്രദ്ധേയമായ ഇടപെടലാണ് ഈ പുസ്തകം. അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ എക്കാലത്തെയും ശ്രദ്ധാ കേന്ദ്രം മാല്‍കം എക്‌സ് ആണല്ലോ. മാല്‍കം എക്‌സിന്റെ ജീവിതവും സമരവും നിരന്തരം വായിക്കപ്പെടുകയും എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. മാല്‍കം എക്‌സിന്റെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങള്‍ പങ്കുവെക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഡയറികളിലായിരുന്നു. ഇപ്പോള്‍ ദ ഡയറി ഓഫ് മാല്‍കം എക്‌സ് (തേഡ് വേള്‍ഡ് പ്രസ് 2013 ) എന്ന ഡയറി കുറിപ്പിലൂടെ മാല്‍കം ജീവചരിത്രകാരന്മാരുടെയും ഇടനിലക്കാരുടെയും തടസ്സങ്ങളില്ലാതെ നമ്മോട് സംസാരിക്കുന്നു. ഇരുനൂറു പേജ് വരുന്ന ഡയറി മാല്‍കമിനെ കുറിച്ച് പുലര്‍ത്തുന്ന പല തെറ്റിധാരണകളും പരിഹരിക്കാനും അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതത്തിന്റെ രൂപീകരണത്തെ അറിയാനും സഹായിക്കുന്നു. എല്ലാറ്റിനുമുപരി മാല്‍കമിന്റെ സമാനതകളില്ലാത്ത ശബ്ദം അതിന്റെ മുഴുവന്‍ ഗാംഭീര്യത്തോടെയും ഈ  ഡയറിയില്‍ ഉടനീളം അലയടിക്കുന്നു.
മുസ്‌ലിം ജീവിതലോകം പ്രമേയമാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ ഏതാനും  പുസ്തകങ്ങളെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിച്ചത്. വ്യക്തിപരമായ അഭിരുചിയുടെയും  പരിചിത വായനാ കൂട്ടായ്മകളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഏതാനും  പുസ്തകങ്ങളെ മാത്രമേ ഇവിടെ ഹ്രസ്വമായി  പരിചപ്പെടുത്തിയിട്ടുള്ളൂ. ബദല്‍ പ്രസിദ്ധീകരണ ശാലകള്‍, സര്‍വകലാശാല പ്രസ്സുകള്‍ ഒക്കെ അച്ചടിച്ചവയാണ് ഈ പുസ്തകങ്ങളില്‍ അധികവും. അതുകൊണ്ട് തന്നെ വലിയ പരസ്യങ്ങളോ വിപണിയുടെ തലോടലുകളോ നിരൂപകരുടെ അമിത ലാളനയോ ഇവക്കില്ല. ആഗോളതലത്തില്‍  മുസ്‌ലിംവിരുദ്ധ പൊതുബോധത്തെ താങ്ങിനിര്‍ത്തുന്നതില്‍ മേല്‍കോയ്മാ പത്ര മാധ്യമങ്ങളെപോലെ തന്നെ മേല്‍ക്കോയ്മ പുസ്തക പ്രസിദ്ധീകരണശാലകളും മത്സരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അതില്‍നിന്ന് മാറിനടക്കാന്‍ വായന മാത്രമല്ല വായനയുടെ അധികാരത്തെ പറ്റിയുള്ള സൂക്ഷ്മ രാഷ്ട്രീയ അവബോധം കൂടി ആവശ്യമാണെന്ന് ഈ പുസ്തകങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

Comments