Prabodhanm Weekly

Pages

Search

2014 ജനുവരി 03

ഒരു വന്‍കരയുടെ ദുര്യോഗം

അബൂസ്വാലിഹ

നാല് കാലിലും മാരകമായി മുറിവേറ്റ ഒരു മൃഗമാണ് എന്റെ രാഷ്ട്രം-ദക്ഷിണ സുഡാന്റെ മുന്‍ സാംസ്‌കാരിക സഹമന്ത്രിയുടേതാണ് ഉപമ. പുതുതായി ജന്മം കൊണ്ട ദക്ഷിണ സുഡാന്‍ എന്ന രാഷ്ട്രത്തെക്കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞത്. അച്ചടക്കമുള്ള സൈന്യം, സിവില്‍ സമൂഹം, അവശ്യ സര്‍വീസുകളുടെ നിര്‍വഹണം, രാഷ്ട്രീയ ഐക്യം ഇവ നാലുമാണ് ഒരു രാഷ്ട്രത്തെ താങ്ങിനിര്‍ത്തുന്ന കാലുകള്‍. ദക്ഷിണ സുഡാന്‍ 2011-ല്‍ ജന്മം കൊള്ളുമ്പോള്‍ തന്നെ ഈ കാലുകള്‍ക്കൊക്കെയും മുറിവേറ്റിരുന്നു. ദക്ഷിണ സുഡാന്റെ പ്രസിഡന്റ് സല്‍വ കീറും പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്റ് റിക് മച്ചറും തമ്മിലുള്ള അധികാര വടംവലി കടുത്ത സായുധ പോരാട്ടത്തിലേക്ക് നീങ്ങിയതോടെ രാഷ്ട്രത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലായിരിക്കുകയാണ്. എണ്ണ സമ്പന്നമായ യൂനിറ്റി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബന്റിയു, റിക് മച്ചറിന്റെ വിമതപ്പോരാളികള്‍ പിടിച്ചതായാണ് ഒടുവിലത്തെ വാര്‍ത്ത. തലസ്ഥാനമായ ജുബക്ക് വേണ്ടിയുള്ള പോരാട്ടം മുറുകുന്നു. കീറിന്റെ ഗോത്രമായ സിങ്കയും (ഇവരുടെ കുത്തകാധിപത്യമാണ് സര്‍വ മേഖലയിലും) മച്ചറിന്റെ ഗോത്രമായ നുയറും തമ്മിലുള്ള വംശീയപ്പോരായും ഇത് രൂപം മാറിയിക്കുന്നു.
ഇനി 'കാര്‍' (ഇഅഞ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്ക് വരാം. പത്ര ഭാഷയില്‍ അവിടെ 'ക്രിസ്ത്യന്‍-മുസ്‌ലിം' സംഘര്‍ഷം സ്‌ഫോടനാത്മകമായ നിലയിലേക്ക് നീങ്ങുന്നു. ഈ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തൊട്ടടുത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ. തെക്ക് ഭാഗത്ത് കോംഗോ. കഴിഞ്ഞ മുപ്പത് കൊല്ലത്തിനുള്ളില്‍ മുപ്പത് ലക്ഷം പേരാണ് അവിടെ വംശീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. വടക്ക് കിഴക്ക് ഭാഗത്തുള്ള രാഷ്ട്രമാണ് സുഡാന്‍. അവിടെയും ദശലക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. തെക്ക് കിഴക്ക് ഭാഗത്ത് ഉഗാണ്ട, തൊട്ടപ്പുറത്ത് റുവാണ്ട. ഇവിടെയൊക്കെ എത്ര ലക്ഷങ്ങള്‍ കൊല്ലപ്പെട്ടുവെന്നതിന് കൃത്യമായ കണക്കുകള്‍ പോലുമില്ല.
ഇതിനൊക്കെയും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും അവരുടെ രാഷ്ട്രീയ വിശകലന വിദഗ്ധര്‍ക്കും രണ്ടേ രണ്ട് കാരണങ്ങളാണ് പറയാനുള്ളത്. ഒന്നുകില്‍ വംശീയ സംഘര്‍ഷം. അല്ലെങ്കില്‍ മതകീയ പോര്. അവിഭക്ത സുഡാനില്‍ മതപ്പോരായിരുന്നു, പുതിയ രാഷ്ട്രമുണ്ടായതിനു ശേഷം നടക്കുന്നത് വംശീയപ്പോരും. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലും ആദ്യ വംശപ്പോരും, ഇപ്പോള്‍ ക്രിസ്ത്യന്‍-മുസ്‌ലിം തമ്മിലടിയും. ആന്റി ബലക എന്ന ക്രിസ്ത്യന്‍ മിലീഷ്യ മുസ്‌ലിംകളെയും, സെലക കൂട്ടായ്മയിലെ മുസ്‌ലിം റിബലുകള്‍ ക്രിസ്ത്യാനികളെയും കൊല്ലുന്നു.
ഈ വിശകലനങ്ങളത്രയും അസംബന്ധമാണെന്ന് സ്ഥാപിക്കുന്നു മിനസോട്ട സര്‍വകലാശാലയിലെ സാമൂഹിക ശാസ്ത്ര അധ്യാപകനായ അബദി ഇസ്മാഈല്‍ സമതാര്‍. ആഫ്രിക്കന്‍ പഠനങ്ങളില്‍ വൈദഗ്ധ്യമുള്ള ഈ ആഫ്രിക്കന്‍ വംശജന്‍ പറയുന്നത്, ഈ വംശീയ-മതകീയ സംഘര്‍ഷങ്ങളൊക്കെയും കൊളോണിയല്‍ ശക്തികള്‍-കൃത്യമായി പറഞ്ഞാല്‍ ഫ്രാന്‍സ്- അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയെടുത്തതാണ് എന്നാണ്. ഭിന്നിപ്പിച്ച് ഭരിക്കലിന്റെ ഈ ഫ്രഞ്ച് രീതികള്‍ ആന്തരികവത്കരിച്ച ഭരണകര്‍ത്താക്കളാണ് കൊളോണിയലാനന്തര ആഫ്രിക്കയിലും ഭരണത്തില്‍ വന്നത്. ഫ്രഞ്ചുകാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തന്നെ ഇവരും പയറ്റി. അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ഫ്രഞ്ച് ഭരണകൂടവും. അതേ ഫ്രാന്‍സ് തന്നെ മത-വംശീയ വൈരം തീര്‍ക്കാന്‍ പടക്കോപ്പുകളുമായി ആഫ്രിക്കന്‍ നാടുകളിലേക്ക് നീങ്ങുന്നത് അസംബന്ധമാണെന്നും അതിനുള്ള ധാര്‍മികമായ അര്‍ഹത ആ രാഷ്ട്രത്തിനില്ലെന്നും അബ്ദി ഇസ്മാഈല്‍ പറയുന്നു (ലേഖനം അല്‍ജസീറ നെറ്റില്‍).

പണമൊഴുക്കിയത് കൊണ്ട്  അട്ടിമറിക്കാര്‍
പിടിച്ചുനില്‍ക്കുമോ?

''ഈജിപ്തിലെ പട്ടാള അട്ടിമറിയെ അതിന്റെ ഉള്ളില്‍ നിന്നുതന്നെ തുരങ്കം വെക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പക്ഷേ, പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് ഈജിപ്തിന്റെ മാത്രം ആഭ്യന്തര പ്രശ്‌നം അല്ലാത്തതുകൊണ്ടും, മേഖലാപരവും അന്തര്‍ദേശീയവുമായ മാനങ്ങള്‍ അതിനു ഉള്ളതുകൊണ്ടും പോരാട്ടം ദീര്‍ഘിച്ചതാവുമെന്ന് തന്നെ കരുതണം.'' ഈജിപ്തിലെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി)യുടെ ഒരു സമുന്നത നേതാവ് പറഞ്ഞതാണിത്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങള്‍, ഇസ്രയേല്‍, റഷ്യ ഇവരെല്ലാം ഒളിഞ്ഞോ തെളിഞ്ഞോ ഈ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ പട്ടാള ഭരണത്തെ നീക്കുക പ്രത്യക്ഷത്തില്‍ ഒട്ടും എളുപ്പമല്ല.
എന്നാല്‍, ജനരോഷം അനുദിനം ശക്തിപ്പെടുന്നതായാണ് വാര്‍ത്തകള്‍. ഇസ്‌ലാമിസ്റ്റുകള്‍ മാത്രമല്ല, സാധാരണക്കാരായ ഒട്ടനവധി തൊഴിലാളികളും ഇപ്പോള്‍ സമര രംഗത്താണ്. ഫാക്ടറി തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം നല്‍കിയിട്ടില്ല. സുരക്ഷാ ഭടന്മാര്‍ ബലം പ്രയോഗിച്ച് അവരെ തൊഴില്‍ശാലകളിലേക്ക് അയക്കുകയാണ്. അതേസമയം മിലിട്ടറി -പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ധിപ്പിച്ച ശമ്പള നിരക്കുകള്‍ കൃത്യമായി കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പട്ടാള അട്ടിമറി ഈജിപ്തിന്റെ കായിക രംഗത്തെയും ബാധിച്ചുതുടങ്ങി. ചില പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് വരെ പട്ടാള ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ലോക കുങ്ഫൂ സ്വര്‍ണ ജേതാവ് മുഹമ്മദ് യൂസുഫിന് റാബിഅ ചിഹ്നം പതിച്ച ടീഷര്‍ട്ട് ധരിച്ചതിന് രണ്ട് കൊല്ലത്തേക്കാണ് വിലക്ക്. ഗോളടിച്ചപ്പോള്‍ നാല് വിരലുകള്‍ ഉയര്‍ത്തി റാബിഅ ചിഹ്നം കാണിച്ച് കഴിഞ്ഞ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വിജയാഹ്‌ളാദം പ്രകടിപ്പിച്ച അഹ്‌ലി ടീമംഗം അഹ്മദ് അബ്ദുല്‍ സഹീറിനെയും വിലക്കിയിട്ടുണ്ട്. റാബിഅ ചിഹ്നം പട്ടാള സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരില്‍ ഭൂരിഭാഗവും വ്യവസായ സംരംഭകരോ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരോ ടെക്‌നോക്രാറ്റുകളോ വൈദ്യ മേഖലയിലെ പ്രഗത്ഭരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആണ്. ഇപ്പോള്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരും പ്രഫഷണല്‍ മേഖലയിലുള്ള പ്രമുഖര്‍ തന്നെ. സിനിമാ നടന്മാര്‍, പാട്ടുകാര്‍, നര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങളാണ് പട്ടാളത്തോടൊപ്പം നില്‍ക്കുന്നത്. വിദേശങ്ങളില്‍ നിന്ന് എത്രയധികം പണമൊഴുകിയാലും ഇത്തരമൊരു ചേരിതിരിവ് രാഷ്ട്രത്തെ എല്ലാ രംഗങ്ങളിലും ബഹുദൂരം പിന്നോട്ട് തള്ളുമെന്ന് ഉറപ്പ്.


ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷകള്‍

ഇംഗ്ലീഷില്‍ ഖുര്‍ആന്റെ സമ്പൂര്‍ണ പരിഭാഷകള്‍ 78. അതില്‍ എട്ടെണ്ണം പാശ്ചാത്യ ഓറിയന്റലിസ്റ്റുകളുടെയും ഏഴെണ്ണം ഖാദിയാനികളുടെയും വക. ബാക്കിയുള്ള 63 ഇംഗ്ലീഷ് പരിഭാഷകള്‍ മുസ്‌ലിംകള്‍ തന്നെയാണ് നിര്‍വഹിച്ചത്; അവരില്‍ നാല് പേര്‍ പുതു മുസ്‌ലിംകളായിരുന്നു. ഇംഗ്ലീഷിലെ ഖുര്‍ആന്‍ പരിഭാഷക്ക് 400 വര്‍ഷത്തെ പ്രായമേയുള്ളൂ. ഓറിയന്റലിസ്റ്റുകള്‍ ചെയ്ത അബദ്ധങ്ങള്‍ നിറഞ്ഞ ഖുര്‍ആന്‍ പരിഭാഷകളോടുള്ള പ്രതികരണമെന്ന നിലയിലാണ് മുസ്‌ലിം പണ്ഡിതന്മാര്‍ ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി തുടങ്ങിയത്. അടുത്ത കാലങ്ങളിലായി ഈ പരിഭാഷാ താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തിനകം വിശുദ്ധ ഖുര്‍ആന്ന് 25 ഇംഗ്ലീഷ് പരിഭാഷകളാണ് ഉണ്ടായിരിക്കുന്നത്.
ഈ വിവരങ്ങള്‍ നല്‍കിയത് അലീഗഢ് യൂനിവേഴ്‌സിറ്റിയിലെ പ്രഫ. അബ്ദുര്‍റഹീം ഖിദ്വായി. ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷകളെക്കുറിച്ച് പഠനം നടത്തുന്നുമുണ്ട് അദ്ദേഹം. ജാമിഅ മില്ലിയ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് കോളേജ് കാമ്പസില്‍ പ്രഫ. എം. മുജീബ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.




Comments