Prabodhanm Weekly

Pages

Search

2014 ജനുവരി 03

വേണം, ഇസ്‌ലാമിക പരിസ്ഥിതി സാക്ഷരത

അബ്ദുല്ലത്വീഫ് കൊടുവള്ളി

ഗാഡ്ഗില്‍/കസ്തൂരി രംഗന്‍ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, ജൈവ വൈവിധ്യങ്ങളെയും അവയുടെ സംരക്ഷണത്തെയും പറ്റി കേരളീയരെ ഉദ്ബുദ്ധരാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേര്‍വിരുദ്ധമായ ഫലമാണ് അതുകൊണ്ടുണ്ടായതെന്ന് നാം കണ്ടുകഴിഞ്ഞു. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരളീയരെ പണയം വെക്കുകയാണ്. മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ പരിസ്ഥിതി വിഷയകമായും മതപരവും മതേതരവുമായ പരിഹാരങ്ങളുണ്ട്. ഇവിടെ തദ്വിഷയകമായ ഇസ്‌ലാമിക താത്ത്വിക-പ്രായോഗിക വശങ്ങളാണ് പരിശോധിക്കുന്നത്.

ഖുര്‍ആനും പരിസ്ഥിതിയും
അല്ലാഹുവിന്റെ അസ്തിത്വം, ഏകത്വം, പരലോകജീവിതം എന്നിവ സ്ഥാപിക്കാന്‍ ഖുര്‍ആന്‍ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത് പരിസ്ഥിതി സാക്ഷ്യങ്ങളെയാണ്. ഖുര്‍ആനിലെ മൊത്തം സൂക്തങ്ങളില്‍ എഴുനൂറിലധികം സൂക്തങ്ങള്‍! പരിസ്ഥിതിയുടെ ഭൗതിക പ്രയോജനങ്ങള്‍, സൗന്ദര്യം എന്നിവ സംബന്ധിച്ചും അനേകം സൂക്തങ്ങളുണ്ട്. പശു, കന്നുകാലികള്‍, ആന, തേനീച്ച, എട്ടുകാലി, കുതിച്ചോടുന്ന കുതിരകള്‍, ഉറുമ്പ്, അത്തിമരം, ഇരുമ്പ്, ഇടിനാദം, കാറ്റുകള്‍, നക്ഷത്രം, പ്രഭാതം, രാത്രി, സൂര്യന്‍, ചന്ദ്രന്‍, ത്വൂര്‍ പര്‍വതം തുടങ്ങി പരിസ്ഥിതിയിലെ വ്യത്യസ്ത പ്രതിഭാസങ്ങളെ ഖുര്‍ആന്‍ അതിന്റെ അധ്യായനാമങ്ങളായും സ്വീകരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അനേകം ജീവജാലങ്ങളും അജൈവ പ്രതിഭാസങ്ങളും മനുഷ്യരുമെല്ലാം കെട്ടുപിണഞ്ഞുള്ള ഒരു ജൈവാന്തരീക്ഷമാണ് നമ്മുടെ മുമ്പാകെ തെളിയുന്നത്. ഖുര്‍ആനില്‍ ഫസാദ് (നശീകരണം) അരുതെന്ന് പറയുന്നേടങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിലുമുള്ള പരിസ്ഥിതി നശീകരണം ഉള്ളടങ്ങിയിട്ടുണ്ട്.

ആത്മീയ-ഭൗതിക മേളനം
സ്വര്‍ഗത്തില്‍ താമസിച്ച ഘട്ടത്തില്‍ അല്ലാഹു ആദമിനോട് പറഞ്ഞു: ''നിനക്ക് അവിടെ വിശക്കില്ല, നഗ്നനാവേണ്ടതില്ല, ദാഹിക്കില്ല, ഉഷ്ണമേല്‍ക്കേണ്ടതില്ല''. അവിടെ നിന്ന് ബഹിഷ്‌കൃതനായതോടെ എല്ലാം ഭൂമിയില്‍ നിന്ന് അധ്വാനിച്ച് നേടേണ്ടതായി വന്നു. അഥവാ, ഭൂമിയാണ് മനുഷ്യന്റെ ഭൗതികാവശ്യങ്ങളുടെ നിര്‍വഹണത്തിനുള്ള ഇടം. സ്വര്‍ഗം നേടാനുള്ള ആത്മീയാധാരവും ഇതേ ഭൂമി തന്നെയാണ്. ''സ്വര്‍ഗത്തില്‍ യഥേഷ്ടം പാര്‍ക്കാവുന്നവിധം (കര്‍മങ്ങള്‍ ചെയ്യാന്‍) ഭൂമിയെ നാം അനന്തരമായിത്തന്നു'' (സുമര്‍ 74) എന്ന സൂക്തവും 'ദുന്‍യാവ് പരലോകത്തേക്കുള്ള കൃഷിയിടമാണെ'ന്ന നബിവചനവും പരിസ്ഥിതിയുടെ ആത്മീയ-ഭൗതിക പ്രാധാന്യം എടുത്തുകാട്ടുന്നു.സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം പരിസ്ഥിതി ദ്വിമാന സ്വഭാവമുള്ളതാണ്. ഇഹലോക വിഭവങ്ങള്‍ പൊതുവെയും പരലോക വിഭവങ്ങള്‍ വിശേഷിച്ചും സത്യവിശ്വാസികള്‍ക്കുള്ളതാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട് (അഅ്‌റാഫ് 32).

പരിസ്ഥിതി സംരക്ഷണം
ശരീഅത്തിന്റെ ലക്ഷ്യം
ഇസ്‌ലാമിക ശരീഅത്തിന്റെ മൗലിക ലക്ഷ്യങ്ങളായി നിദാന ശാസ്ത്രകാരന്മാര്‍ നിര്‍ണയിച്ചിരിക്കുന്നത് ദീന്‍, ജീവന്‍, ബുദ്ധി, വംശം, സമ്പത്ത് എന്നിവയുടെ സംരക്ഷണമാണ്. ഇവ സംരക്ഷിക്കുന്ന ഏതു നടപടിയും നന്മയായും, ദോഷകരമായി ബാധിക്കുന്നവ തിന്മയായും പരിഗണിക്കപ്പെടും. ഈ അഞ്ചു കാര്യങ്ങളും സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ മനുഷ്യജീവിതം സന്തോഷകരമായി മുന്നോട്ടുപോവുകയുള്ളൂ. ഏതു പരിസ്ഥിതി കൈയേറ്റവും ശരീഅത്തിന്റെ ലക്ഷ്യങ്ങളെ തകിടം മറിക്കുമെന്ന് സാരം.
1. ദീനിന്റെ സംരക്ഷണം: പരിസ്ഥിതിയോടും ജീവജാലങ്ങളോടും ചെയ്യുന്ന തെറ്റ് ദീനിനോട് ചെയ്യുന്ന തെറ്റും അതുകൊണ്ടുതന്നെ പരലോകത്ത് ശിക്ഷാഹേതുകവുമാണ്. ''(സ്വാലിഹ് നബി പറഞ്ഞു) എന്റെ ജനമേ! ഇത് നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹുവിന്റെ ഒട്ടകമാണ്. ആയതിനാല്‍ നിങ്ങള്‍ അതിനെ അല്ലാഹുവിന്റെ ഭൂമിയില്‍ മേഞ്ഞു തിന്നാന്‍ വിട്ടേക്കുക. നിങ്ങള്‍ അതിന് ഒരു ദോഷവും വരുത്താതിരിക്കുക. അങ്ങനെ ചെയ്താല്‍ ആസന്നമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതായിരിക്കും'' (ഹൂദ് 64).
2. ജീവന്റെ സംരക്ഷണം: മനുഷ്യ ജീവന്റെ മൊത്തം പരിരക്ഷ ഉറപ്പ് വരുത്താന്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. ജലചൂഷണം, മലിനീകരണം, അസന്തുലിതത്വം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ മുതലായവയെല്ലാം ജീവന്ന് പലതരത്തില്‍ ഭീഷണിയാണ്. ഒരാളെ ജീവിക്കാന്‍ അനുവദിക്കുന്നത് മൊത്തം മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കുന്നത് പോലെയും, ഒരാളെ അന്യായമായി വധിക്കുന്നത് മൊത്തം മനുഷ്യരെ വധിക്കുന്നത് പോലെയുമാണെന്ന ഖുര്‍ആന്റെ പ്രയോഗം ശ്രദ്ധിക്കുക.
3. വംശസംരക്ഷണം: വംശം നിലനിര്‍ത്തുന്നത് സന്താനങ്ങളാണ്. പരിസ്ഥിതിയില്‍ നടക്കുന്ന എല്ലാ അന്യായമായ ഇടപെടലുകളും ഭാവി തലമുറകള്‍ക്ക് കൂടി ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ധൂര്‍ത്തടിക്കലാണ്. അത് തലമുറകളോട് ചെയ്യുന്ന പാതകമാണ്. വരാനിരിക്കുന്ന തലമുറകള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം പരിസ്ഥിതിയെ നശിപ്പിക്കലാണത്. പാരമ്പര്യ വിത്തുകള്‍ സംരക്ഷിക്കുക എന്നതും വരുംതലമുറകളോടുള്ള ബാധ്യതയാണ്.
4. സമ്പത്തിന്റെ സംരക്ഷണം: ഭൂമിയിലെ സകലതും സമ്പത്താണ്. പരിസ്ഥിതി സംരക്ഷണമെന്നാല്‍ എല്ലാ സ്വത്തുക്കളുടെയും സംരക്ഷണം കൂടിയാണ്.
5. ബുദ്ധിയുടെ സംരക്ഷണം: മദ്യവും മയക്കുമരുന്നും നിരോധിക്കുക  വഴി ഇസ്‌ലാം മനുഷ്യബുദ്ധിയെയും വിവേകത്തെയും സംരക്ഷിക്കുകയാണ് ചെയ്തത്. ഇന്നത്തെപരിസ്ഥിതി ചൂഷണം ബുദ്ധിശൂന്യമാണ്. ബുദ്ധിപൂര്‍വകമല്ലാത്ത നിലപാടുകള്‍ ആദ്യം പറഞ്ഞ നാലിനെയും നശിപ്പിച്ചുകളയും. ഭോഷന്മാരെയും പക്വതയില്ലാത്തവരെയും സമ്പത്ത് ഏല്‍പിക്കരുതെന്ന ഖുര്‍ആന്‍ സൂക്തം ഓര്‍മിക്കുക. ഈ അഞ്ച് ലക്ഷ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാനമാണ്.

പരിസ്ഥിതി എല്ലാ ജീവികളുടേതും
ഖുര്‍ആനിലും നബിവചനങ്ങളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന പാരിസ്ഥിതിക ജൈവബോധം, പ്രകൃതിയിലെ മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും തുല്യരായാണ് കാണുന്നത്. ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന് ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ പേരില്‍ ചില അവകാശങ്ങള്‍ അവന് വകവെച്ചു കൊടുത്തിട്ടുണ്ടെന്ന് മാത്രം. ''അല്ലാഹുവാണ് നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചതും അതിന്റെ പരിപാലനച്ചുമതല നിങ്ങളെ ഏല്‍പിച്ചതും. അതിനാല്‍, നിങ്ങള്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക'' (ഹൂദ് 61) എന്ന സൂക്തത്തില്‍ നാനാമുഖമായ ഭൂമിയുടെ പരിപാലനത്തെക്കുറിച്ചും അതില്‍ വീഴ്ചവരുത്തുന്ന പക്ഷം പശ്ചാതപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറയുന്നത്. സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ''ഭൂമിയിലെ ഏതൊരു ജന്തുവും, രണ്ടു ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള സമൂഹങ്ങള്‍ തന്നെയാകുന്നു...'' (അന്‍ആം 38). ''നായകള്‍ ഒരു സമുദായമല്ലായിരുന്നുവെങ്കില്‍ അവയെ കൊല്ലാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു'' (അബൂദാവൂദ്, തിര്‍മിദി, നസാഈ) എന്ന നബിവചനം ശ്രദ്ധിക്കുക. ''സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാണ് സര്‍വസ്തുതിയും'' (ഫാത്തിഹ 2) എന്ന സൂക്തവും, അല്‍ അന്‍ആമിലെ 38-ാം സൂക്തവും വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു കസീര്‍ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: വെട്ടുകിളികളുടെ എണ്ണം കുറഞ്ഞത് കണ്ട ഭരണാധികാരി ഉമര്‍(റ) അതേപ്പറ്റി പലരോടും ചോദിച്ചിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാല്‍ അസ്വസ്ഥനായി. അന്വേഷിച്ചറിയാനായി ദൂതന്മാരെ പല ദിക്കുകളിലേക്ക് വിട്ടു. യമനിലേക്ക് പോയ ദൂതന്‍ ഏതാനും വെട്ടുകിളികളെയുമായി വന്നത് കണ്ട് ഉമര്‍ മൂന്നു തവണ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ ശേഷം ഇങ്ങനെ വിശദീകരിച്ചു: ''അല്ലാഹു ആയിരം സമുദായങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അറുനൂറെണ്ണം കടലിലും നാനൂറെണ്ണം കരയിലും.'' പരിസ്ഥിതി പാലനവും സകല ജീവികളുടെയും സുരക്ഷയും ഇസ്‌ലാമിക നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് മേല്‍ സംഭവം വ്യക്തമാക്കുന്നു. പ്രകൃതിയില്‍ കാണുന്ന ഭക്ഷ്യ ശൃംഖലാ ബന്ധം തന്നെ പരിസ്ഥിതിയുടെ പരിപാലനം എത്ര കണ്ട് പ്രധാനമാണെന്ന് പഠിപ്പിക്കുന്നു.

മനുഷ്യരും വിഭവോപയോഗവും
മനുഷ്യനൊഴികെ ഒരു ജീവിയും ആവശ്യത്തില്‍ കവിഞ്ഞ് വിഭവങ്ങള്‍ ഉപയോഗിക്കുന്നില്ല. മനുഷ്യന്‍ മാത്രമാണ് പാരിസ്ഥിതിക സന്തുലനം തകിടം മറിക്കുന്നത്. പരിസ്ഥിതിയെ ഉപയോഗപ്പെടുത്തുമ്പോള്‍ അതിനോട് ആദരവാര്‍ന്ന ദയ വേണം. പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നും ഉപഭോഗത്തില്‍ മിതത്വം പാലിച്ചും വേണം ഈ ആദരവ് പ്രകടമാക്കാന്‍. പ്രകൃതി വിഭവങ്ങള്‍ വെറുതെ നശിപ്പിക്കുന്നതും വിഭവങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ കഴിയാത്തവിധം തീര്‍ന്നുപോവാന്‍ ഇടയാക്കുന്ന തരത്തില്‍ ചൂഷണം ചെയ്യുന്നതും ഇസ്‌ലാം വിലക്കി. ''ആരെങ്കിലും ഒരു കൊച്ചു കുരുവിയെ വെറുതെ കൊന്നാല്‍ അന്ത്യനാളില്‍ അത് അല്ലാഹുവോട് ഇങ്ങനെ പരാതിപ്പെടും: തീര്‍ച്ചയായും ഒരാള്‍ എന്നെ വെറുതെ കൊന്നുകളഞ്ഞു. എന്നെ ഉപകാരത്തിനായല്ല അയാള്‍ കൊന്നത്'' (അഹ്മദ്, നസാഈ). പൂച്ചയെ കെട്ടിയിട്ടുകൊന്നതിന്റെ പേരില്‍ നരകശിക്ഷ ലഭിച്ച സ്ത്രീയുടെയും, നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗസ്ഥയായ സ്ത്രീയുടെയും സംഭവം (ബുഖാരി) പ്രസിദ്ധമാണല്ലോ. യുദ്ധ സാഹചര്യത്തില്‍ പോലും വസ്തുവഹകള്‍ നശിപ്പിക്കരുതെന്ന് സേനാനായകനോട് നിര്‍ദേശിച്ച ഖലീഫ അബൂബക്‌റിന്റെ ഉത്തരവ് കാണുക: ''.... ഫലം കായ്ക്കുന്ന മരം മുറിച്ചു കളയരുത്, കെട്ടിടം തകര്‍ക്കരുത്, ഭക്ഷ്യാവശ്യത്തിനായല്ലാതെ ഒട്ടകത്തെയോ ആടിനെയോ അറുക്കരുത്, ഈന്തപ്പന അഗ്നിക്കിരയാക്കരുത്, വെള്ളത്തില്‍ മുക്കി നശിപ്പിക്കരുത്'' (മാലിക്).

മിതോപഭോഗം
പുനരുല്‍പാദനം സാധ്യമാവുന്നത്, സാധ്യമാവാത്തത് എന്നിങ്ങനെ വിഭവങ്ങളെ രണ്ടായി തരംതിരിക്കാം. വെള്ളം, വിവിധതരം ഗ്യാസുകള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ മുതലായവ പുനരുല്‍പാദനം സാധ്യമാണെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ അവ ഉപയോഗിക്കാവൂ. ശരീരം കൊണ്ട് നിര്‍വഹിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരത്തിന് വുദൂ എടുക്കുമ്പോള്‍ പോലും, അല്ലാഹു സൃഷ്ടിച്ച വെള്ളം എത്രയുണ്ടെങ്കിലും ആവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിച്ചുകൂടാ.
പുനരുല്‍പ്പാദനം സാധ്യമാവുന്ന വിഭവങ്ങള്‍ പോലും നിയന്ത്രിതമായേ ഉപയോഗിച്ചുകൂടൂ എന്നു വരുമ്പോള്‍, അല്ലാത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ. വിഭവങ്ങള്‍ ഏറ്റവും അന്യായമായും കൂടുതലായും ഉപയോഗിക്കുന്നത് നിര്‍മാണമേഖലയിലാണ്. 'കെട്ടിട നിര്‍മാണ മേഖലയിലൊഴികെ മനുഷ്യര്‍ നടത്തുന്ന എല്ലാ സമ്പദ്‌വിനിയോഗത്തിനും പ്രതിഫലം ലഭിക്കും' (തിര്‍മിദി), 'ഭര്‍ത്താവിന് ഒരു വിരിപ്പ്, ഭാര്യക്ക് ഒരു വിരിപ്പ്, അതിഥിക്ക് ഒരു വിരിപ്പ്, നാലാമത്തേത് പിശാചിന്' (മുസ്‌ലിം) എന്നീ നബിവചനങ്ങള്‍ നമുക്ക് പാഠമാവേണ്ടതില്ലേ? കെട്ടിട നിര്‍മാണ പദാര്‍ഥങ്ങള്‍ ദുര്‍ലഭവും പുനരുല്‍പാദനം സാധ്യമല്ലാത്തതുമായതാണ് ഇത് നിരോധിക്കാന്‍ മുഖ്യ കാരണം. പരിധിയില്‍ കവിഞ്ഞ കെട്ടിട നിര്‍മാണം നടത്തരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് ഉമര്‍(റ) ഉത്തരവിറക്കുകയുണ്ടായി. 'എത്രയാണ് പരിധി?' എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി 'നിങ്ങളെ ധൂര്‍ത്തിലേക്കടുപ്പിക്കാത്തത്, മിതത്വത്തില്‍ നിന്ന് പുറത്തു കടക്കാത്തത്' എന്നായിരുന്നു. കൊട്ടാര സമാനമായ വീടുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന കേരളത്തില്‍ മുപ്പതു മീറ്ററിനു പകരം നാല്‍പത്തഞ്ചു മീറ്റര്‍ വീതിയില്‍ പണിയുന്ന ദേശീയ പാതക്കെതിരില്‍ മാത്രം സമരം ചെയ്താല്‍ മതിയോ?

വംശനാശത്തില്‍ നിന്ന് സംരക്ഷണം
950 വര്‍ഷക്കാലത്തെ പ്രബോധനത്തിനു ശേഷവും ഇസ്‌ലാമിക സന്ദേശം സ്വീകരിക്കാതിരുന്ന സത്യനിഷേധികളെ പ്രളയത്തില്‍ മുക്കി കൊന്ന് പുതിയ തലമുറക്ക് ജന്മം നല്‍കാന്‍ തീരുമാനിച്ച അല്ലാഹു നൂഹ് നബിയോട് നിര്‍ദേശിച്ചു:  ''നാം പറഞ്ഞു, നീ ആ കപ്പലില്‍ എല്ലാറ്റില്‍നിന്നും രണ്ടുവീതം ഇണകളെ കയറ്റുക....'' (ഹൂദ് 40). ജീവികളെ വംശനാശത്തില്‍നിന്ന് രക്ഷിക്കണമെന്ന് പഠിപ്പിക്കുക കൂടിയായിരുന്നു ഇതിലൂടെ. എല്ലാ ജീവികള്‍ക്കും സമൂഹം (ഉമ്മത്ത്) എന്ന പരിഗണന നല്‍കണം. ഉറുമ്പിനെയും തേനീച്ചയെയും മരം കൊത്തിയെയും കൊല്ലുന്നത് നിരോധിച്ചതും (അബൂദാവൂദ്) ഇതിന്റെ ഭാഗമാണ്. 'കുതിരകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വരിയുടക്കുന്നത് നബി(സ) വിലക്കി' (അഹ്മദ്). 'കറവുള്ള ആടുകളെ അറുക്കരുതെന്ന്' പ്രത്യേകം നിര്‍ദേശിച്ചു (മുസ്‌ലിം). 'തണല്‍ നല്‍കുന്ന ഇലന്തമരം മുറിക്കുന്നവനെ അല്ലാഹു നരകത്തില്‍ തലകുത്തി വീഴ്ത്തും' (അബൂദാവൂദ്) എന്ന നബിവചനവും നമുക്ക് പാഠമാവേണ്ടതാണ്.

മലിനീകരണം
മലിനീകരണം തടയാനുള്ള ബാധ്യത വ്യക്തികള്‍ക്കാണ്. വ്യക്തികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണമാണെങ്കിലേ സാമൂഹിക പരിഹാരം ആവശ്യമുള്ളൂ. 'കുളിപ്പുരയില്‍ മൂത്രമൊഴിക്കരുത്' (അഹ്മദ്), 'കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്' (ബുഖാരി), 'ജലസ്രോതസ്സുകളിലും മരത്തണലിലും വഴിക്കവലകളിലും മലമൂത്രവിസര്‍ജനം അരുത്' (അബൂദാവൂദ്, ഇബ്‌നുമാജ) മുതലായ നബിവചനങ്ങള്‍ വ്യക്തിശുചിത്വ ബാധ്യതയെ സൂചിപ്പിക്കുന്നവയാണ്. ശരീരം, വസ്ത്രം, പാത്രങ്ങള്‍, വീട്, റോഡ്, പൊതു ഇടങ്ങള്‍ എല്ലാം ശുചിയായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു. മുത്രവിസര്‍ജനത്തിന് ഉചിതമായ സ്ഥലം ഉപയോഗിക്കാതിരിക്കുകയോ വിസര്‍ജന ശേഷം വൃത്തിയാക്കുകയോ ചെയ്യാതിരുന്നതിന്റെ പേരില്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടുന്നയാളെ കുറിച്ച് ഒരു നബിവചനമുണ്ട് (അബൂദാവൂദ്).

പരിസ്ഥിതിയിലെ പ്രകൃതിവിരുദ്ധത
അല്ലാഹു വസ്തുക്കളുടെ സ്രഷ്ടാവു മാത്രമല്ല, വസ്തുക്കള്‍ക്ക് അവയുടെ ധര്‍മം നിര്‍ണയിച്ചു നല്‍കിയവന്‍ കൂടിയാണ്. മനുഷ്യന്റെ കാര്യമെടുക്കാം. ആദര്‍ശം, വിശ്വാസം, സംസ്‌കാരം, ദാമ്പത്യം, പരസ്പര ബന്ധങ്ങള്‍, ഇടപാടുകള്‍ മുതലായവയിലെല്ലാം ദൈവികവും പ്രകൃതിയുക്തവുമായ രീതി നിഷ്ഠകള്‍ പാലിക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. ശിര്‍ക്കും സ്വവര്‍ഗരതിയും പ്രകൃതിവിരുദ്ധതക്ക് ഉദാഹരണമാണ്. ഖുര്‍ആനിലും ഹദീസിലും പ്രകൃതിയുക്തതയുടെയും പ്രകൃതി ഭംഗത്തിന്റെയും ധാരാളം ചരിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.
മനുഷ്യര്‍ക്കെന്ന പോലെ ഇതര സൃഷ്ടിജാലങ്ങള്‍ക്കും അല്ലാഹു ധര്‍മങ്ങള്‍ നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. അതില്‍ ഇടപെട്ട് മനുഷ്യര്‍ നാശം വരുത്തരുത്. ഓരോന്നിനെയും അവയുടെ ധര്‍മം നിര്‍വഹിക്കാന്‍ നാം അനുവദിക്കുകയും വേണം. ഭൂമിയെ കരയും വയലുമായി പടച്ചത് അല്ലാഹുവാണ്. നാം വയല്‍ മണ്ണിട്ട് നികത്തുമ്പോള്‍ പരിസ്ഥിതിയുടെ ജൈവഘടനയും ആവാസവ്യവസ്ഥയും തകിടം മറിക്കുകയാണ് ചെയ്യുന്നത്.
എല്ലാ മേഖലകളിലും പ്രകൃതിയുക്തവും പരിസ്ഥിതി സൗഹൃദപരവുമായ ഇടപെടലുകള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കുക എന്നതാണ് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് നിര്‍വഹിക്കാനുള്ളത്. 'ഇസ്‌ലാമല്ലാത്ത ദീന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടില്ല' എന്ന സൂക്തത്തിന്റെ വിവക്ഷ, ഇസ്‌ലാമേതര പരിഹാരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല എന്നു കൂടിയാണ്.
ജനങ്ങള്‍ കേടുവരുത്തിയതിനെ നന്നാക്കേണ്ടവരാണ് വിശ്വാസികള്‍ (അല്ലദീന യുസ്വ്‌ലിഹുന മാ അഫ്‌സദന്നാസ്). മത-രാഷ്ട്രീയ ഭേദമന്യെ പരിസ്ഥിതി വിരുദ്ധ കൂട്ടുകെട്ട് തിടം വെക്കുന്ന ഈ ഘട്ടത്തില്‍, ദൈവിക മാര്‍ഗ ദര്‍ശനത്തിനനുസൃതമായി സ്വയം മാറാനും ജനങ്ങളെ മാറ്റാനും തയാറാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അല്ലാഹുവിലുള്ള ശക്തമായ വിശ്വാസത്തിന്റെയും പ്രകതിവിഭവങ്ങളുടെ നേരെ സൗഹൃദപരമായ നിലപാടിന്റെയും വരുംതലമുറയോടുള്ള ഗുണകാംക്ഷയുടെയും സര്‍വോപരി പരലോക വിചാരണയെക്കുറിച്ച ഭയത്തിന്റെയും അടിസ്ഥാനത്തിലുള്ള മിതവും ലളിതവുമായ പരിസ്ഥിതി ഉപഭോഗം മാത്രമേ നമ്മെ രക്ഷിക്കുകയുള്ളൂ. ഒരു തിരിച്ചുപോക്കിന് കേരളീയരൊന്നായി തീരുമാനിച്ചാല്‍ പോലും പരിഹരിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ് നാം വരുത്തിവെച്ച പരുക്കുകള്‍ എന്നറിയുക. ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഴുവനായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുമ്പ്, അല്ലാഹുവിന്റെയും പ്രവാചകന്റെയും പരിസ്ഥിതി വിഷയകമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നാം മുന്നോട്ടുവരിക. സര്‍ക്കാറിന്റെ തെറ്റായ വികസനങ്ങളെ എതിര്‍ക്കുന്നതിന് മുമ്പ് നമ്മുടെ ജീവിതത്തിലെ തെറ്റായ വികസനങ്ങളെ നാം സ്വയം തിരുത്തുക.

Comments