ലോക്പാലും പാര്‍ട്ടികളും
രാജ്യത്തിന്റെ സകല മുക്കുമൂലകളിലും വേരുപടര്‍ത്തി തഴച്ചുവളരുന്ന അഴിമതിയുടെ വിഷവൃക്ഷം വേരോടെ പിഴുതെറിയാനാഗ്രഹിക്കുന്നവരാണ് സാമാന്യ ജനം. അഴിമതി ഒറ്റപ്പെട്ട ഒരു തിന്മയല്ല. നിരവധി തിന്മകള്‍ക്ക് വളവും വെള്ളവുമായിത്തീരുന്ന വന്‍ തിന്മയാണ്. അഴിമതി നിര്‍മാര്‍ജനത്തിലൂടെയല്ലാതെ അതിന്റെ തണലില്‍ വളരുന്ന ഇതര തിന്മകളും തടയാനാവില്ല. ജനവികാരം അഴിമതിക്കെതിരായതിനാല്‍ രാഷ്ട്രീയക്കാരും അഴിമതി വിരോധം പ്രസംഗിക്കുന്നു. പ്രസംഗിക്കുക മാത്രമല്ല, പലപ്പോഴും ജനത്തിന്റെ അഴിമതിവിരുദ്ധ വികാരം കരുവാക്കി അധികാര മത്സരങ്ങളില്‍ എതിര്‍കക്ഷികളെ തോല്‍പിക്കാറുമുണ്ട്. പക്ഷേ, പൊതുജീവിതത്തെ അഴിമതിമുക്തമാക്കാന്‍ ഒരു കക്ഷിയും ആഗ്രഹിക്കുന്നില്ല, അതിനു ശ്രമിക്കാറുമില്ല എന്നതാണ് വാസ്തവം. അടുത്ത കാലത്താണ് അഴിമതിക്കെതിരെ ജന്‍ലോക്പാല്‍ നിയമം പാസാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് മഹാരാഷ്ട്രക്കാരന്‍ അണ്ണാ ഹസാരെ പ്രക്ഷോഭത്തിനിറങ്ങിയത്. അദ്ദേഹത്തിന് ലഭിച്ച അഭൂതപൂര്‍വമായ പിന്തുണ ഇക്കാര്യത്തില്‍ ജനവികാരം ശരിക്കും പ്രതിഫലിപ്പിക്കുന്നതായിരുന്നു. എന്നിട്ടും അത്തരമൊരു നിയമത്തോട് അനുകൂല ഭാവം നടിച്ചുകൊണ്ട് തന്നെ അത് പാസ്സാക്കപ്പെടാതിരിക്കാനുള്ള അടവുകള്‍ തേടുകയായിരുന്നു രാഷ്ട്രീയ കക്ഷികള്‍. ലോക്പാല്‍ സംവിധാനത്തിന്റെ സ്വഭാവമെന്ത്, അധികാരങ്ങളെന്തെല്ലാം, ആരൊക്കെയാണതിന്റെ പരിധിയില്‍ വരേണ്ടത് എന്ന് തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീണ്ടുപോയി. ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണമെങ്കില്‍ ഒരു ലോക്പാല്‍ ആവാം. പക്ഷേ, അതൊരിക്കലും തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളെ ബാധിക്കുന്നതായിക്കൂടാ. ഇതായിരുന്നു എല്ലാവരുടെയും യഥാര്‍ഥ നിലപാട്.
ജനഹിതം മാനിക്കാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിതരാക്കുന്ന ഒരായുധമുണ്ട് ജനങ്ങളുടെ കൈയില്‍. അവരുടെ സമ്മതിദാനാവകാശം. അത്തരമൊരായുധമാണ് വോട്ടവകാശമെന്ന് ജനങ്ങള്‍ വേണ്ടവണ്ണം മനസ്സിലാക്കിയിരുന്നില്ല. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍ സമരം ദല്‍ഹിയിലെ നല്ലൊരു വിഭാഗം വോട്ടര്‍മാരെ അത് പഠിപ്പിച്ചിരിക്കുന്നു. അതിന്റെ ഫലമാണ് ഹസാരെയുടെ വലം കൈയായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ രൂപീകരിച്ച എ.എ.പിക്ക് ഇക്കഴിഞ്ഞ ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ വിജയം. അഴിമതിക്കെതിരായ ജനവികാരം ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ ജനം തങ്ങളെ ചൂലുകൊണ്ട് തൂത്തുവാരിക്കളയുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ തിരിച്ചറിവാണ് ദല്‍ഹിയില്‍ എ.എ.പി ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും പ്രേരിപ്പിച്ചത്. എ.എ.പിയില്‍ നിന്ന് തങ്ങള്‍ക്ക് ചിലത് പഠിക്കാനുണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്പാല്‍ ബില്‍ ഉടനെ പാസ്സാക്കണമെന്ന് യു.പി.എ ഗവണ്‍മെന്റിനോടാവശ്യപ്പെടുകയും ചെയ്തു. അതുവരെ ലോക്പാലിന് ഉടക്കുകള്‍ വെച്ചിരുന്ന ഇതര പാര്‍ട്ടികളും പിന്തുണക്കാന്‍ തയാറായി. മുലായം സിംഗിന്റെ എസ്.പിയെപോലുള്ള ചില കക്ഷികളേ എതിര്‍ത്തിട്ടുള്ളൂ. അങ്ങനെ, കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒരു നിയമസംവിധാനം 2013 ഡിസംബര്‍ 18-ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരിക്കുകയാണ്. 1953-ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണ് പൊതുരംഗം അഴിമതിമുക്തമാക്കുന്നതിന് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യം സംസാരിച്ചത്. 1966-ല്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അധ്യക്ഷനായ ഭരണപരിഷ്‌കാര കമീഷന്‍ (എ.ആര്‍.പി) അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ പരിശോധിക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രണ്ട് അതോറിറ്റികള്‍ -ലോക്പാലും ലോകായുക്തയും- സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. 1968-2001 കാലയളവില്‍ എട്ടുതവണ ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് ചര്‍ച്ചക്കെടുത്തെങ്കിലും പാസ്സാക്കാനായില്ല. 2002-ല്‍ വെങ്കിട്ട ചെല്ലയ്യ അധ്യക്ഷനായ ഭരണഘടന പുനഃപരിശോധനാ കമീഷനും, ലോക്പാല്‍ -ലോകായുക്ത സംവിധാനം സ്ഥാപിക്കണമെന്ന് ശിപാര്‍ശ ചെയ്തു. 2005-ല്‍ ലോക്പാല്‍ എത്രയും വേഗം രൂപീകരിക്കണമെന്ന് വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭരണപരിഷ്‌കാര കമീഷനും നിര്‍ദേശിച്ചു. 2011-ല്‍ ലോക്പാല്‍ ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രണാബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ മന്ത്രിതല സമിതി രൂപീകൃതമായി. വേണമെങ്കില്‍ 1966-ല്‍ പാസ്സാക്കപ്പെടാമായിരുന്ന ഒരു നിയമമാണ് 47 കൊല്ലം വെച്ചു താമസിപ്പിച്ച് ഇപ്പോള്‍ പാസാക്കപ്പെട്ടതെന്ന് ഈ ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് ഇന്നത്തെക്കാള്‍ പ്രബലമായ പ്രാതിനിധ്യമുണ്ടായിരുന്ന അക്കാലത്തൊന്നും അവരതിനു മുതിരാതിരുന്നതെന്തേ? ഇപ്പോള്‍ ലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സുമായി സമവായത്തിലെത്തിയ കക്ഷികളൊന്നും ഇതുവരെ അതിന് തയാറാവാതിരുന്നതെന്തേ? ഉത്തരം വ്യക്തമാണ്. അന്നൊന്നും ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്ന് ഭരണപക്ഷമോ പ്രതിപക്ഷമോ ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടില്ല. ആത്മാര്‍ഥമായിട്ടായാലും അല്ലെങ്കിലും ഇപ്പോഴത് പാസ്സാക്കിയില്ലെങ്കില്‍ ആം ആദ്മി -സാമാന്യജനങ്ങള്‍- തങ്ങളെ തൂത്തെറിയുമെന്ന് ഇന്നവര്‍ക്ക് ബോധ്യമായിരിക്കുന്നു.
ഇപ്പോള്‍ പാസ്സാക്കപ്പെട്ട ലോക്പാല്‍ നിയമം രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കാന്‍ പര്യാപ്തമാണോ? അല്ലെന്നാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പക്ഷം. എന്നാല്‍ അണ്ണാ ഹസാരെ സംതൃപ്തനാണ്. ഏതു പുതിയ നിയമത്തിന്റെയും പ്രയോജനം തെളിയിക്കേണ്ടത് കാലമാണ്. ലോക്പാല്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും ലക്ഷ്യത്തിലെത്തുന്നില്ലെന്ന് കണ്ടാല്‍ ഇനിയും നിരാഹാര സമരത്തിലേര്‍പ്പെടുമെന്നും അണ്ണാ ഹസാരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നിയമസംവിധാനങ്ങളുടെ കുറവുകൊണ്ടു മാത്രമല്ല ഇന്ത്യയില്‍ അഴിമതി പെരുകുന്നത്. അഴിമതി നിരോധന നിയമങ്ങളും അഴിമതിക്കാരെ പിടികൂടാനുള്ള വിജിലന്‍സ് സംവിധാനവുമൊക്കെ നേരത്തെ തന്നെ മുറക്ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മൂല്യനിരപേക്ഷമായ ജീര്‍ണ മനസ്സുകളിലാണ് അഴിമതി മുളച്ചുപൊങ്ങുന്നത്. അതിന് സുഗമമായി പ്രവര്‍ത്തിക്കാവുന്ന സാഹചര്യമാണ് അയഞ്ഞതും അപര്യാപ്തവുമായ നിയമസംവിധാനം. നിയമസംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം ബന്ധപ്പെട്ടവരുടെ മനോഭാവവും മാറേണ്ടതുണ്ട്. ഇല്ലെങ്കില്‍ എത്ര ഭദ്രമായ നിയമത്തിലും അഴിമതി അതിനാവശ്യമായ പഴുതുകള്‍ കണ്ടെത്തും. ഉത്തരവാദിത്വബോധമാണ് ഏറ്റവും പ്രധാനം. ഉത്തരവാദിത്വ ബോധമെന്നാല്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടെന്ന ബോധമാണ്. ഉത്തരം ബോധിപ്പിക്കേണ്ടത് ജനങ്ങളോടു മാത്രമാണെങ്കില്‍ അവരെ തൃപ്തിപ്പെടുത്താനുള്ള വിരുത് മതി. പരസ്യവും രഹസ്യവുമറിയുന്ന, കൗശലങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും അതീതമായ, കൈക്കൂലിക്കും കാഴ്ചകള്‍ക്കും വഴങ്ങാത്ത, ശിപാര്‍ശ സ്വീകരിക്കാത്ത ഒരു ശക്തിയുടെ മുന്നിലാണ് ഉത്തരം ബോധിപ്പിക്കേണ്ടിവരുന്നതെങ്കിലേ പേടിക്കേണ്ടതുള്ളൂ. അത്തരം ഒരു ശക്തി മാത്രമേയുള്ളൂ- ദൈവം. അവനിലുള്ള വിശ്വാസത്തിനും അവന്റെ ശാസനകളോടുള്ള വിധേയത്വത്തിനും മാത്രമേ അഴിമതിയില്‍ നിന്നും ഇതര ദുരാചാരങ്ങളില്‍ നിന്നും ആത്യന്തികമായി മനുഷ്യനെ തടയാന്‍ കഴിയൂ.
Comments